‘വഹ്‌യി’നെ തള്ളിപ്പറയുന്ന ‘പ്രവാചകൻ!’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 നവംബർ 04 , 1445 റ.ആഖിർ 20

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 39)

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തകർച്ച

ബ്രിട്ടിഷ് രാജ്ഞി വിക്ടോറിയയുടെ കാലത്ത്, 1892ൽ മിർസാ ഗുലാം അഹ്‌മദ് ഖാദിയാനിക്ക് ഒരു പേർഷ്യൻ കവിത വഹ്‌യായി അവതരിച്ചുവത്രെ. തദ്കിറയിൽ നിന്ന്:

“ബ്രിട്ടീഷ് സാമ്രാജ്യത്വം ഇനി എട്ടു വർഷം മാത്രം. അതിനുശേഷം ദൗർബല്യത്തിന്റെയും കലാപത്തിന്റെയും അസന്തുലിത്വത്തിന്റെയും ദിവസങ്ങളായിരിക്കും.’ എട്ടു വർഷങ്ങൾക്കുശേഷം വിക്ടോറിയ രാജ്ഞിയുടെ മരണത്തോടെ ഇത് പുലർന്നിരിക്കുന്നു.’’

കലാപത്തിന്റെ എന്ന പദം ഒഴിവാക്കിയാണ് ഹാഫിസ് ഹാമിദ് അലിയുടെ നിവേദനമായി സീറത്തുൽ മഹ്ദിയിൽനിന്ന് ഈ വരികൾ ഉദ്ധരിച്ചിട്ടുള്ളത്.

അബ്ദുല്ല സന്നൂരിയുടെ ഓർമയിൽ വചനം ഇപ്രകാരമാണത്രെ: “ബ്രിട്ടീഷ് സാമ്രാജ്യത്വം ഇനി ഏഴ് വർഷം മാത്രം. അതിനുശേഷം ക്രമക്കേടുകളും അസന്തുലിതത്വവും നടമാടും.’’

പീർ സിറാജുൽ ഹഖ് നുഹ്‌മാനി പറയുന്നു: “ഹുസൂറിൽനിന്ന് ഇങ്ങനെ ഒരു ഇൽഹാം ഞാൻ കേട്ടിട്ടുണ്ട്: ‘ബ്രിട്ടന്റെ കരുത്ത് ഇനി എട്ടു വർഷം മാത്രം. അതിനുശേഷം ദൗർബല്യത്തിന്റെയും അസന്തുലിത്വത്തിന്റെയും ദിവസങ്ങളായിരിക്കും’’ (പേജ് 650-651).

മിർസാ ഖാദിയാനിക്ക് ഒരുവരി കവിതയായി ലഭിച്ച ‘വഹ്‌യ്’ അർഥ വ്യത്യാസമുള്ള വിവിധ പദങ്ങളുമായി നാലു വരികളാണ് തദ്കിറയിൽ കാണാനാവുക! വഹ്‌യ് ഇങ്ങനെയൊക്കെ മാറ്റിമറിക്കാമോ എന്നൊന്നും ചോദിക്കരുത്; തന്റെ മനസ്സിൽ തോന്നിയതെന്തോ അതാണല്ലോ മിർസക്ക് വഹ്‌യ്.

ഈ ‘പ്രവചനം’ 1900ന് ശേഷം പുലരേണ്ടതാണ്. എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പതനം സംഭവിച്ചിട്ടുണ്ടോ എന്ന് തെളിവുകൾ നിരത്തേണ്ട ഒരു കാര്യവുമില്ല. ചരിത്രം സാക്ഷിയായി നമ്മുടെ മുമ്പിലുണ്ടല്ലോ.

വഹ്‌യിനെ തള്ളിപ്പറയുന്നു

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള ഈ പ്രവചനം അവരെ ചൊടിപ്പിക്കുമെന്നു ഭയന്ന് തള്ളിപ്പറയുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത്. അതിനുവേണ്ടി അദ്ദേഹം ഒരു ഗ്രന്ഥംതന്നെ രചിച്ചു. ‘കശ്ഫുൽ ഗിത്വാ’യിൽ താനും കുടുംബവും ബ്രിട്ടീഷുകാർക്ക് അനുകൂലമായി ചെയ്ത പ്രവർത്തനങ്ങൾ വിശദമായി എഴുതുകയും 1857ലെ സ്വാതന്ത്ര്യ സമരത്തിനെതിരെ ബ്രിട്ടീഷുകാരെ സഹായിക്കുന്നതിന് പിതാവ് 50 അശ്വഭടന്മാരെ അയച്ചുകൊടുത്തതും അതിന് പ്രത്യുപകാരമായി 200 രൂപ റിവാർഡും ഗവർണറുടെ ദർബാറിൽ കസേരയും ലഭിച്ചതും ബ്രിട്ടീഷ് അധികാരികളിൽനിന്നുള്ള കത്തുകൾ സഹിതം എഴുതിയിട്ടുണ്ട്. തുടർന്ന് സഹോദരൻ ഗുലാം ഖാദിർതിമ്മു യുദ്ധത്തിൽ സൗജന്യസേവനം നടത്തിയതടക്കം ഒരുപാട് കാര്യങ്ങൾ വിശദമായി ഉപന്യസിച്ചതിനു ശേഷം മിർസ എഴുതി:

“എട്ടുവർഷത്തിനുശേഷം ഈ സാമ്രാജ്യം തകരുമെന്ന് എന്റെ ഇൽഹാം പ്രസിദ്ധീകരിച്ചതായി മുഹമ്മദ് ഹുസൈൻ ബട്ടാലവി തന്റെ പത്രത്തിൽ എഴുതിയിരിക്കുന്നു. അല്ലാഹു കള്ളം പറയുന്നവനെ നശിപ്പിക്കട്ടെ എന്നല്ലാതെ ഈ ആരോപണത്തിന് ഞാനെന്തു മറുപടി പറയാൻ? എന്റെ എല്ലാ ഗ്രന്ഥങ്ങളും ഗവൺമെന്റിനു മുമ്പിലുണ്ട്. ഞാൻ ഏതു പുസ്തകത്തിൽ, അല്ലെങ്കിൽ ഏതു കത്തിലോ പരസ്യത്തിലോ ആണ് ഇങ്ങനെ ഒരു ഇൽഹാം പ്രസിദ്ധീകരിച്ചത് എന്ന് ആ വ്യക്തിയെ വിളിച്ച് അന്വേഷിക്കട്ട. എന്റെ സംഘത്തോടുള്ള മതപരമായ ശത്രുത കാരണമാണ് ഇത്തരം കള്ളപ്രസ്താവങ്ങൾ ഗവൺമെന്റെിന് മുമ്പിൽ സമർപ്പിക്കുന്നത്. എന്റെ ചിന്തകളും ഇൽഹാമുകളും മനസ്സിലാക്കാൻ പുസ്തകങ്ങളും പരസ്യങ്ങളും ജമാഅത്തിലെ മാന്യന്മാരുടെ സാക്ഷ്യങ്ങളും മതിയാവും’’ (പേജ് 28).

ഉദ്ധൃത വാക്യങ്ങൾ ഖലീഫമാരുടെ അറിവോടും സമ്മതത്തോടും കൂടിത്തന്നെയാണ് തദ്കിറയിൽ കൊടുത്തിട്ടുള്ളത്; അല്ലാതെ മുഹമ്മദ് ഹുസൈൻ ബട്ടാലവി സ്വന്തമായി എഴുതിച്ചേർത്തതല്ല. അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. താൻ സമർപ്പിക്കുന്ന വഹ്‌യുകൾ അല്ലാഹുവിൽനിന്നുള്ളതല്ലെന്നും അതിലെ പ്രവചനങ്ങൾ സാക്ഷാത്കരിക്കപ്പെടില്ലെന്നും സ്വയം ബോധ്യമുള്ള സ്ഥിതിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വം തകരുമെന്ന് ഭയപ്പെടേണ്ടതില്ല. പറഞ്ഞത് അബദ്ധമാണെങ്കിലും അത് വെള്ളക്കാരെ ചൊടിപ്പിക്കുമോ എന്നാണ് ടിയാന്റെ ആശങ്ക!

ഒളിപ്പിച്ചു വെച്ച വഹ്‌യ്

“1907 നവംബർ 6/7: ഞാൻ നിനക്ക് യഹ്‌യ എന്ന് പേരുള്ള ശുദ്ധനും വിശുദ്ധനുമായ ഒരു കുട്ടിയുടെ ജനനത്തെക്കുറിച്ച് സന്തോഷവാർത്ത നൽകുന്നു... ഒരു വ്യക്തിയുടെ മരണം അടുത്തിരിക്കുന്നു. അല്ലാഹു എല്ലാ ഭാരവും സ്വയം വഹിക്കും. (ഇതിന്റെ അർഥം ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, ഭാവിയിൽ ഇതിന്റെ വിശദീകരണം നൽകാൻ അല്ലാഹു കഴിവുള്ളവനാണല്ലോ). നിന്നെ സേവിക്കുന്നവൻ ലോകത്തെ മുഴുവൻ സേവിച്ചവനെ പോലെയാണ്; നിന്നെ ദുഃഖിപ്പിച്ചവൻ ലോകത്തെ മുഴുവൻ ദുഃഖിപ്പിച്ചവനെപ്പോലെയും.’’

“ഇതിനുശേഷം മറ്റൊരു ഇൽഹാം വന്നു. പക്ഷേ, അത് വെളിപ്പെടുത്താൻ അനുവാദം ലഭിച്ചിട്ടില്ല. ഒരുപക്ഷേ, പിന്നീട് ലഭിച്ചേക്കും. അതിന്റെ ആദ്യവാക്യം ഇങ്ങനെയാണ്: ‘നോക്കൂ, നിഗൂഢമായി ഒളിപ്പിച്ചുവെച്ച ഒരു കാര്യം ഞാൻ സമർപ്പിക്കുന്നു’’ (പേജ് 626-627).

പിന്നീട് നവാബ് മുഹമ്മദലി ഖാന് അയച്ച കത്തിൽ മസീഹ് ഇങ്ങനെ എഴുതി: “എല്ലായ്‌പ്പോഴും ഹൃദയത്തെ ദുഃഖത്തിലാഴ്ത്തുന്ന വളരെയേറെ ഭീതിജനകമായ ഒരു പ്രവചനം പലതവണ അല്ലാഹു എന്നെ അറിയിച്ചിട്ടുണ്ട്. എന്റെ വീട്ടുകാരിയോടല്ലാതെ മറ്റാരോടും ഞാൻ ഇതുവരെ അത് പറഞ്ഞിട്ടില്ല. ഈ പ്രവചനത്തിന് ഒരു സംഭവം ഞാനും താങ്കളും ഒരുമിച്ചാണ് അനുഭവിക്കേണ്ടിവരിക. അത് തട്ടിമാറ്റാൻവേണ്ടി ഞാൻ അല്ലാഹുവിനോട് ഒരുപാട് ദുആ ചെയ്യുന്നുണ്ട്. രണ്ടാമത്തെ സംഭവം ഞാനും എന്റെ വീട്ടിലെ ഏതോ ഒരാളുമായി ബന്ധപ്പെട്ടതാകുന്നു’’(പേജ് 627-628).

അതീവ ഭയാനകമായ കാര്യം എന്ന് പറഞ്ഞുവെങ്കിലും ഒളിപ്പിച്ചുവെച്ചിരിക്കുകയാണ് അല്ലാഹു അറിയിച്ച രണ്ടു ഭാഗങ്ങളും. പ്രവാചകനാകട്ടെ ബന്ധപ്പെട്ടവരോട് പറയാതെ സ്വന്തം ഭാര്യയോട് മാത്രമാണ് ഇത് പറഞ്ഞിട്ടുള്ളത്. എന്താണ് പ്രവചനം എന്നറിയാതെ അതിന്റെ സാക്ഷാൽക്കാരത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അർഥമില്ലല്ലോ. ഈ നവാബിനെ ഭയപ്പെടുത്തുക പ്രവാചകന്റെ ഒരു ഹോബിയായിരുന്നു എന്ന് വേണം കരുതാൻ. അതിനുമുമ്പ് നവാബിന്റെ ഭാര്യയെപ്പറ്റി നടത്തിയ പ്രവചനം തുടർന്നു വായിക്കുക.

നവാബിന്റെ ഭാര്യ

“1906 ഫെബ്രുവരി 25: വഹ്‌യ് അവതരിച്ചു: a) ‘വേദനാജനകമായ ദുഃഖം, വേദനാജനകമായ സംഭവം!’’ (പേജ് 511).

മാർച്ച് രണ്ടിലെ ബദർ വാരികയിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ആരെപ്പറ്റിയാണെന്ന് അവിടെ വ്യക്തമാക്കിയിട്ടില്ല. തുടർന്ന് 1907 മെയിൽ പ്രസിദ്ധീകരിച്ച ‘തതിമ്മയെ ഹഖീഖതുൽ വഹ്‌യി’ൽനിന്ന്:

b) “മാലിയർകോട്ടിലെ നവാബ് മുഹമ്മദ് അലി ഖാൻ സാഹിബിനെ സംബന്ധിച്ച് അല്ലാഹു എനിക്ക് വെളിപ്പെടുത്തിത്തന്ന വഹ്‌യ് ഇങ്ങനെ: ‘നവാബിന്റെ ഭാര്യ അടുത്തുതന്നെ മരിക്കും. ആ മരണ വിവരം നൽകിക്കൊണ്ട് പറഞ്ഞതാണ് ഈ വചനങ്ങൾ. നവാബിന്റെ ഭാര്യ നല്ല ആരോഗ്യത്തോടെ സുരക്ഷിതയായി ജീവിച്ചിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വഹ്‌യ് ലഭിക്കുന്നത്. പിന്നെ ഏതാണ്ട് ആറുമാസം കഴിഞ്ഞ് 1324 റമദാനിൽ അദ്ദേഹത്തിന്റെ ഭാര്യ ക്ഷയരോഗം ബാധിച്ച് ഈ നശ്വരലോകത്തോട് വിടപറഞ്ഞു. ഈ വിവരം മരണസമയത്തിന് മുമ്പേതന്നെ നവാബ് സാഹിബിനെ അറിയിച്ചിരുന്നു’’ (പേജ് 511).

“അതിനുശേഷം സ്വപ്‌നത്തിൽ, ബന്ധത്തിലുള്ള ഒരു വീട്ടിലെ ഭൃത്യ വന്ന് എന്നോട് പറഞ്ഞു: ‘എന്റെ ഭാര്യ പെട്ടെന്ന് മരണപ്പെട്ടു.’ ഇതുകേട്ട്, പ്രവചനം പുലർന്ന വിവരം വീട്ടിൽ അറിയിക്കുന്നതിനായി ഞാൻ എഴുന്നേറ്റു. തലപ്പാവും ഊന്നുവടിയും എടുത്ത് നടക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ഉണർന്നു.’’

മറ്റൊരിക്കൽ അവരെപ്പറ്റി വഹ്‌യ് വന്നു: “അല്ലാഹു സുരക്ഷ വാഗ്ദാനം ചെയ്തിരിക്കുന്നു. അവന്റെ വചനം തീർച്ചയായും സത്യമാണ്. പക്ഷേ, ഇതുകൊണ്ട് ഉദ്ദേശിച്ചത് ശരീരത്തിന്റെ സംരക്ഷണമാണോ ആത്മാവിന്റെ സുരക്ഷയാണോ എന്ന് മനസ്സിലായിട്ടില്ല’’ (പേജ് 511-512).

1324 റമദാനിൽ 1906 ഒക്ടോബർ/ നവംബറിലാണ് അവർ മരിച്ചത്. പക്ഷേ, തുടർന്ന് പറയുന്ന കാര്യങ്ങൾ ആദ്യമായി പ്രസിദ്ധീകരിച്ചത് ആറുമാസങ്ങൾക്ക് ശേഷം 1907ൽ ‘തതിമ്മയെ ഹഖീഖതുൽ വഹ്‌യ്’ എന്ന പുസ്തകത്തിലാണ്. 1906 ഫെബ്രുവരി 23ന് ലഭിച്ചതെന്നു പറയുന്ന ഇൽഹാമിൽ വേദനാജനക സംഭവം എന്താണെന്ന് വിശദീകരിച്ചിട്ടില്ല. അത് നവാബിന്റെ ഭാര്യയുടെ മരണമാണെന്ന് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല. ഇതിനുശേഷം ലഭിച്ച സുരക്ഷാ വാഗ്ദാനമാകട്ടെ, ശരീരത്തിനോ ആത്മാവിനോ എന്ന് മിർസക്ക് വ്യക്തമല്ല. സംഭവിക്കുന്നതിന് മുമ്പേ വ്യക്തമായി, കൃത്യതയോടെ പറയുന്നതിനാണ് പ്രവചനം എന്ന് വിളിക്കുക.

പെണ്ണുങ്ങളുടെ കുതന്ത്രം

“1892 സെപ്തംബർ 27: എന്റെ ഭാര്യയുടെ നേരാങ്ങള, അന്ന് പത്തു വയസ്സുള്ള സയ്യിദ് മുഹമ്മദ് ഇസ്മായിൽ പട്യാലയിൽനിന്ന് എനിക്കൊരു കത്തെഴുതി: ‘എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അനുജൻ ഇസ്ഹാഖിനെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.’

ഏറ്റവും അവസാനമായി ഇങ്ങനെ കുറിച്ചുവച്ചിരിക്കുന്നു: “ഇസ്ഹാഖും മരിച്ചു. അതുകൊണ്ട് കത്ത് കിട്ടിയാൽ എത്രയും വേഗം വരണം.’’

“ഇത് വായിച്ചതോടെ ഞാൻ വല്ലാതെ പരിഭ്രമിച്ചു. കാരണം വീട്ടുകാരും കടുത്ത പനി ബാധിച്ചു കിടപ്പിലായിരുന്നു അന്ന്. തികച്ചും ആകസ്മികമായി ഉമ്മയുടെയും അനിയന്റെയും മരണവാർത്ത അറിയുമ്പോൾ അവരുടെ ജീവനെപ്പറ്റിയായിരുന്നു എന്റെ ആശങ്ക. വിവരം മറച്ചുവെക്കാനും പറ്റില്ലല്ലോ. രാത്രി എനിക്ക് ഉറക്കം വന്നില്ല. ഈ അസ്വസ്ഥതയിൽ ഞാനൊന്നു മയങ്ങിയപ്പോൾ വഹ്‌യവതരിച്ചു: ‘പെണ്ണുങ്ങളേ, നിങ്ങളുടെ കുതന്ത്രം തീർച്ചയായും അതിഭയങ്കരം തന്നെ!’’

“കത്തിൽ എഴുതിയത് കളവാണെന്നും തന്ത്രമാണെന്നും അപ്പോൾതന്നെ എനിക്ക് മനസ്സിലായി. എന്നിട്ടും എന്റെ ഭൃത്യൻ ഹാമിദലിയെ ഞാൻ പട്യാലയിലേക്ക് അയച്ചു. അയാൾ തിരിച്ചുവന്നു, അവന്റെ അനുജനും ഉമ്മയും ജീവിച്ചിരിക്കുന്നു എന്ന് പറഞ്ഞു’’ (പേജ് 163-164).

ഒരേ കത്തിൽതന്നെ ഉമ്മ മരിച്ചതിനാൽ അനിയനെ നോക്കാൻ ആളില്ലെന്നും തുടർന്ന് അവൻ മരിച്ചെന്നും എഴുതിയത് വായിച്ചാൽ സാമാന്യബുദ്ധിയുള്ള ആരും അത് പത്തുവയസ്സുകാരന്റെ കുസൃതിയാണെന്നേ മനസ്സിലാക്കൂ. എന്നിരിക്കെ നിജസ്ഥിതി അറിയാൻ ഹാമിദലിയെ പട്യാലയിലേക്ക് അയച്ചത് തനിക്ക് ലഭിച്ച ‘വഹ്‌യിൽ’ വിശ്വാസമില്ലാഞ്ഞിട്ടായിരിക്കാം!

വഹ്‌യ് പെണ്ണുങ്ങളെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഇവിടെ ഭാര്യയും അവരുടെ ഉമ്മയും മാത്രമാണ് സ്ത്രീ കഥാപാത്രങ്ങൾ. അവർ രണ്ടുപേരും ഒരു തന്ത്രവും പ്രയോഗിച്ചിട്ടില്ല. ആരാണ് തന്ത്രം പ്രയോഗിച്ചതെന്ന് ‘യലാശു’വിന് മനസ്സിലായിട്ടുമില്ല.

ഖാദിയാനി പ്രവാചകന്റെ ‘നുസൂലുൽ മസീഹ്’ എന്ന ഗ്രന്ഥത്തിലെ 114ാമത്തെ പ്രവചനമാണിത്. ഇതിൽ എന്താണ് പ്രവചനം എന്നും അതിന് സാക്ഷാത്കാരം എങ്ങനെയാണെന്നും വായനക്കാർക്ക് പിടികിട്ടിയോ?