ശവ്വാലും ആറുനോമ്പും

സിയാദ് അൽഹികമി

2023 ഏപ്രിൽ 22, 1444 ശവ്വാൽ 02

അല്ലാഹുവിന്റെ കൽപനപ്രകാരം സത്യവിശ്വാസികൾ ഒരു മാസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിക്കഴിഞ്ഞു. അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കലാണ് നോറ്റുകഴിഞ്ഞ നോമ്പുകൾകൊണ്ടും മറ്റു ആരാധനാകർമങ്ങൾകൊണ്ടും നമ്മുടെ ലക്ഷ്യം.

റമദാനിലെ നോമ്പിനെ തുടർന്ന് ശവ്വാൽ മാസത്തിൽ 6 നോമ്പ് അനുഷ്ഠിക്കൽ പ്രവാചക ചര്യയിൽ പെട്ടതാണ്. അതിന് മഹത്തായ പ്രതിഫലം ലഭിക്കുമെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്.

അബൂഅയ്യൂബിൽ അൻസ്വാരി(റ) നിവേദനം, നബി ﷺ പറഞ്ഞു: “ആരെങ്കിലും റമദാൻ മാസത്തിൽ നോമ്പ് നോൽക്കുകയും തുടർന്ന് ശവ്വാലിൽനിന്ന് ആറ് നോമ്പു നോൽക്കുകയും ചെയ്തുവോ, അവൻ വർഷം മുഴുവൻ നോമ്പ് നോറ്റതുപോലെയാണ്’’ (സ്വഹീഹ് മുസ്‌ലിം). മറ്റാരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: “അല്ലാഹു ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. ഒരു മാസം പത്ത് മാസത്തിന് തുല്യമാണ്. ആറ് നോമ്പ് രണ്ട് മാസത്തിന് തുല്യമാണ്. അങ്ങനെ ഒരു വർഷം (നോമ്പ് നോറ്റതുപോലെ) ആയിത്തീരുന്നു’’ (നസാഈ, ഇബ്‌നുമാജ).

‘റമദാൻ മാസത്തിലെ നോമ്പും തുടർന്ന് ആറ് നോമ്പും’ എന്നിങ്ങനെ രണ്ടും ഒരുമിച്ച് പറഞ്ഞതിനാൽ ഒരു വർഷം നോമ്പ് നോറ്റ പ്രതിഫലം എന്നത് ഫർദായ നോമ്പ് നോറ്റതിന്റെ അതേ പ്രതിഫലമാണ് എന്നതാണ് പണ്ഡിതമാരുടെ പ്രബലമായ അഭിപ്രായം.

സുന്നത്തായ ആറു നോമ്പ് നോൽക്കുന്നതിലൂടെ നമ്മുടെ നിർബന്ധ നോമ്പുകളിൽ വല്ല വീഴ്ചയും കുറവും വന്നിട്ടുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടുക കൂടി ചെയ്യുന്നു.

അബൂദാവൂദ് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: “നിശ്ചയം, അല്ലാഹു അന്ത്യനാളിൽ ആദ്യമായി അടിമകളുടെ കർമങ്ങളിൽനിന്നും പരിശോധിക്കുന്നത് നമസ്‌കാരമാണ്. അപ്പോൾ അല്ലാഹു മലക്കുകളോട് പറയും: ‘എന്റെ അടിമയുടെ നമസ്‌കാരത്തിലേക്ക് നോക്കുക; അത് പരിപൂർണമാണോ അതോ വല്ല കുറവുകളും ഉണ്ടോ?’ നമസ്‌കാരം പരിപൂർണമായി അടിമ നിർവഹിച്ചിട്ടുണ്ട് എങ്കിൽ പരിപൂർണമാണ് എന്ന് രേഖപ്പെടുത്തപ്പെടും. ഇനി വല്ല കുറവുകളും ഉണ്ടെങ്കിൽ അല്ലാഹു പറയും: ‘എന്റെ അടിമക്ക് വല്ല ഐഛികമായ സൽകർമങ്ങളും ഉണ്ടോ? ഉണ്ടെങ്കിൽ ഫർദിൽനിന്നുള്ള കുറവുകൾ അതുമൂലം പരിഹരിച്ചു കൊടുക്കുക.’’ അല്ലാഹുവിന്റെ കാരുണ്യം എത്രമാത്രം വിശാലമാണെന്ന് മനസ്സിലാക്കുക.

ആറു നോമ്പുമായി ബന്ധപ്പെട്ടു ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ:

1. പെരുന്നാൾദിനം അവസാനിച്ചത് മുതൽ തുടർച്ചയായി ആറുദിവസം നോമ്പ് നോൽക്കേണ്ടതില്ലെങ്കിലും ശവ്വാൽ മാസത്തിൽതന്നെ ആറ് നോമ്പും നോറ്റുവീട്ടണം.

2. റമദാനിലെ നോമ്പ് ബാക്കിയുണ്ടെങ്കിലും സുന്നത്തായ ആറ് നോമ്പുകൾ, റമദാനിലെ നോമ്പ് നോറ്റുവീട്ടി കഴിയുന്നതിനുമുമ്പും നോൽക്കാവുന്നതാണ്. കാരണം, ആഇശ(റ) പറയുന്നത് കാണാം: “എനിക്ക് റമദാനിലെ നോമ്പുകൾ ക്വദാഅ് ഉണ്ടാകുമായിരുന്നു. എന്നാൽ ശഅ്ബാൻ മാസം ആകുമ്പോഴേക്കുമായിരുന്നു എനിക്കത് നോറ്റുവീട്ടാൻ കഴിഞ്ഞിരുന്നത്’’ (ബുഖാരി, മുസ്‌ലിം).

ആഇശ(റ) റമദാനിലെ നോമ്പ് നോറ്റുവീട്ടാനുണ്ടായിരുന്നിട്ടും അത് നോറ്റുവീട്ടുന്നതിന് മുമ്പായി ശവ്വാലിലെ ആറു നോമ്പ് നോറ്റിരുന്നു എന്ന് ഈ ഹദീസിൽനിന്നും മനസ്സിലാക്കാം. കാരണം അടുത്ത റമദാനിന് മുമ്പായിട്ടുള്ള ശഅ്ബാനിൽ മാത്രമായിരുന്നു പ്രവാചക പത്‌നിക്ക് നോമ്പ് നോറ്റുവീട്ടുവാൻ സാധിച്ചിരുന്നത്. ഇതിൽനിന്നും നബി(സ്വ)യുടെ സമ്മതം കൂടി ഇതിനുണ്ടായിരുന്നതായി മനസ്സിലാക്കാം എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഹദീസിൽ ‘ശവ്വാൽ മാസത്തിൽ നിന്നും ആറ് നോമ്പ്’ എന്ന് പറഞ്ഞതിനാൽ ശവ്വാൽ മാസത്തിൽതന്നെ നോറ്റുവീട്ടുകയാണ് വേണ്ടത്.