മിർസാഗുലാമിന്റെ കൂടോത്ര ഭയം!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 42)

ഖാദിയാനി പ്രവാചകൻ എഴുതുന്നു: “ഒരിക്കൽ ശരീരത്തിന്റെ താഴ്ഭാഗം ചലനമറ്റു. ഒരടി നടക്കാൻ പറ്റാതായി. ശരീരമാസകലം നല്ല വേദന. തിരിഞ്ഞു കിടക്കാൻ പോലും പറ്റുന്നില്ല. മനസ്സിലാകട്ടെ വല്ലാത്ത വിഷമവും ആധിയും. ശത്രുക്കളുടെ കൂടോത്രം വല്ലതും ആകുമോ? മറ്റൊന്നിനുമല്ല, മതപരമായ ശത്രുത കാരണം. ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കെ മയക്കത്തിലേക്ക് വീണു. അപ്പോൾ വഹ്‌യ് അവതരിച്ചു: ‘നിശ്ചയമായും എല്ലാറ്റിനും കഴിവുള്ളവനാണ് അല്ലാഹു. അവൻ വിശ്വാസികളെ അപമാനിക്കുകയില്ല.’ എന്റെ ജീവൻ ആരുടെ കൈയിലാണോ, ഞാൻ സത്യമാണോ കള്ളമാണോ പറയുന്നത് എന്ന് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നവനാണെ സത്യം, അരമണിക്കൂറോളം ഞാൻ ഉറങ്ങിയുണർന്നപ്പോൾ അസുഖത്തിന്റെ ഒരടയാളവും ബാക്കിയില്ല. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ പരീക്ഷിക്കാൻ വേണ്ടി എഴുന്നേറ്റുനടന്നു. എനിക്കുറപ്പായി, ഞാൻ പൂർണ രോഗമുക്തി നേടിയിരിക്കുന്നു എന്ന്’’(പേജ് 564).

വല്ലാത്ത നബിതന്നെ! എന്തെങ്കിലും അസുഖം വരുമ്പോഴേക്ക് ജൽപിക്കുകയാണ്, ആരോ എന്തോ കൂടോത്രം ചെയ്തുകാണുമെന്ന്. അല്ലാഹുവിൽ ഭരമേൽപിച്ചു ജീവിക്കുന്ന ദൃഢവിശ്വാസികളായിരുന്നു മുൻകഴിഞ്ഞ പ്രവാചകന്മാരൊക്കെയും. അവരാരും വല്ല അസുഖവും ബാധിക്കുമ്പോഴേക്കും കൂടോത്രമാണോ എന്നു ഭയപ്പെടുന്നവരായിരുന്നില്ല.

പുനർജന്മം നൽകും മരുന്നോ?

“21.10.1901. ഖാസി യൂസുഫ് അലി നുഅ്മാനി കഠിനമായ രോഗം ബാധിച്ചു സൻഗൂറിൽനിന്ന് വളരെ കഷ്ടപ്പെട്ട് യാത്ര ചെയ്തു ദാറുൽ അമാനിൽ (മിർസായുടെ വീട്ടിൽ) വന്നു. ദ്വുഹ്‌റിന്റെ സമയത്ത് രോഗം മൂർച്ഛിക്കുകയും ഉറുമ്പിനെ പോലെ ദുർബലനാവുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ സിറാജുൽ ഹഖ് ബേജാറായി മസീഹിന്റെ അടുത്തു ചെന്ന് വിവരം പറഞ്ഞു. അദ്ദേഹം മൂന്നു മരുന്നുകൾ തയ്യാറാക്കി നൽകുകയും പ്രാർഥിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞപ്പോൾ വഹ്‌യ് അവതരിച്ചു: ‘സമയത്തിന് പറ്റിയ ചികിത്സയും വിഷഹാരിയും ആണിത്.’ രാവിലെ ഹുസൂർ വിഷത്തിനുള്ള മരുന്ന് കൊടുത്തു. നിമിഷങ്ങൾക്കകം ഖാസി സാഹിബിലേക്ക് ആത്മാവ് പ്രവേശിച്ചു. നോക്കിനിൽക്കെ തന്നെ അദ്ദേഹം രോഗമുക്തി നേടി എഴുന്നേറ്റിരുന്നു’’ (പേജ് 336-337).

ആത്മാവ് പ്രവേശിച്ചു എന്നു പറയണമെങ്കിൽ മരണം സംഭവിക്കണമല്ലോ. ഇങ്ങനെയൊരു മരുന്നുണ്ടായിരുന്നു മിർസയുടെ പക്കലെങ്കിൽ അക്കാലത്ത് ഒരു ഖാദിയാനിയും മരിക്കില്ലായിരുന്നു. മരിച്ചാൽതന്നെ ‘പുനർജന്മം നൽകാനുള്ള മരുന്ന്’ ഖാദിയാനി പ്രവാചകന്റെ പക്കൽ ഉണ്ടായിരുന്നല്ലോ. ഇയാളുടെ കാലശേഷം ഇതൊക്കെ വായിച്ച് ഇയാൾക്ക് വഹ്‌യ് ലഭിച്ചിരുന്നു എന്ന് വിശ്വസിക്കുന്നവരെ സമ്മതിക്കണം!

‘മഹത്തായ ദൈവിക രോഗശാന്തി!’

“1905 മെയ് 30. ഹുസൂറിന്റെ വീട്ടുകാരി രോഗം ബാധിച്ച് ഏറെ പ്രയാസമനുഭവിക്കുകയായിരുന്നു. ഒരുപാട് മരുന്നുകൾ നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിൽ ഹുസൂർ പ്രാർഥനയിൽ മുഴുകി. അപ്പോൾ വഹ്‌യ് വന്നു: ‘നിശ്ചയമായും എന്റെ നാഥൻ എന്നോടൊപ്പമുണ്ട്. അവൻ വഴികാണിക്കും.’ അങ്ങനെ രണ്ടുമിനുട്ട് കഴിഞ്ഞപ്പോഴേക്കും അല്ലാഹു രോഗത്തിന്റെ യാഥാർഥ്യം വെളിപ്പെടുത്തി. തീക്ഷ്ണമായ പനിയായിരുന്നു. അതോടൊപ്പം അതികഠിനമായ അനുബന്ധ രോഗങ്ങളും ഉണ്ടായിരുന്നു. ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ഇട്ടുതന്നു: ‘യഥാർഥത്തിൽ ഈ രോഗം കരളിലെ ചൂടുകൊണ്ടാണ് ഉണ്ടാകുന്നത്. അതിന് സമ്പൂർണ രോഗശാന്തി കുറിപ്പടി പ്രയോജനപ്പെടും.’ അങ്ങനെ രണ്ടുമൂന്നു ഡോസ് കഴിച്ചു. ഒരുദിവസം രാവിലെ അബ്ദുറഹ്‌മാൻ എന്ന് പേരുള്ള ഒരാൾ എന്റെ വീട്ടിൽ വന്നതായി ഞാൻ സ്വപ്‌നം കണ്ടു. പനിയൊക്കെ മാറി എന്ന് അവൻ പറഞ്ഞു. അത്ഭുതകരം എന്നു പറയട്ടെ, ഉടനെത്തന്നെ ഞാൻ നാഡി പരിശോധിച്ചപ്പോൾ പനി വിട്ടകന്നിരുന്നു. തുടർന്ന് ഇൽഹാം അവതരിച്ചു: ‘നീ വീണ്ടും വീണ്ടും നമ്മുടെ സന്നിധിയിലേക്ക് വരുന്നതിനാൽ, അല്ലാഹു കാരുണ്യത്തിന്റെ മഴയായി വർഷിച്ചുകൊണ്ടിരിക്കും’’ (പേജ് 466, 467).

“1905 ജൂൺ 7. ഒരാഴ്ച കഴിഞ്ഞില്ല, മഹ്‌മൂദിന്റെ ഉമ്മക്ക് കഠിനവും ഗുരുതവുമായ പനി പിടിച്ചു. രാത്രി മുഴുവൻ ഞാൻ പ്രാർഥിച്ചുകൊണ്ടിരുന്നു. രാവിലെ ഒരാൾ സ്വപ്‌നത്തിൽ വന്ന് പറയുകയാണ്, ‘പനി മാറിയിരിക്കുന്നു’ എന്ന്. പിറ്റേദിവസം-ജൂൺ എട്ടിന്-വീണ്ടും വഹ്‌യ് വന്നു: ‘ആരോഗ്യത്തിന് ഹാനികരം’’ (പേജ് 467).

ജൂൺ 9ന് അവതരിച്ചതുകൂടി കാണുക: “ഞാൻ നിന്നോടൊപ്പമുണ്ട്; നിന്റെ ഭാര്യയോടൊപ്പവും; പിന്നെ നിന്നെ സ്‌നേഹിക്കുന്നവരുടെ കൂടെയും!’’ (പേജ് 467).

ചുരുക്കത്തിൽ, മിർസയുടെ ഭാര്യക്ക് മെയ് 30ന് മുമ്പെന്നോ പനി ബാധിച്ചു. ശേഷം ‘കാരുണ്യത്തിന്റെ പേമാരി’ വർഷിക്കുന്നു. വീണ്ടും ഗുരുതരമായി പനിക്കുന്നു, ശമനത്തിന്റെ വഹ്‌യുകൾ ആവർത്തിക്കുന്നു. ‘യലാശു’ (അല്ലാഹുവിന്റെ ഒരു പേരാണത്രെ ഇത്) അപ്പോഴും അവരോടൊപ്പം തന്നെയാണ്! പക്ഷേ, രണ്ടാഴ്ച കഴിഞ്ഞിട്ടും പനിപിടിച്ചു വിറക്കുകയാണവർ!

ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

“1904 ഫെബ്രുവരി 8. സഹിക്കാനാവാത്ത ചുമ. ചിലപ്പോൾ ശ്വാസം നിലച്ചു മരിച്ചുപോകുമോ എന്ന് ഭയപ്പെട്ടു. ഒരു പ്രതീക്ഷയും ബാക്കിയില്ലാത്ത ഗുരുതരാവസ്ഥയിൽ അല്ലാഹു വഹ്‌യ് തന്നു: ‘ഇദാ ജാഅ നസ്‌റുല്ലാഹി...’ അതിനു ലഭിച്ച വിശദീകരണം ഇപ്രകാരമാണ്: ‘മരണത്തെക്കുറിച്ചുള്ള നിന്റെ ഈ ചിന്ത തെറ്റാകുന്നു. അത് സംഭവിക്കുക അല്ലാഹുവിന്റെ സഹായവും വിജയവും വന്നശേഷം മാത്രമായിരിക്കും. അന്ന് ജനങ്ങൾ കൂട്ടംകൂട്ടമായി നിന്റെ ജമാഅത്തിൽ ചേരുകയും ചെയ്യും’’ (പേജ് 422).

ഇതേ സൂക്തങ്ങൾ മുഹമ്മദ് നബിﷺക്ക് അവതീർണമായ പശ്ചാത്തലം നമുക്കറിയാം. അദ്ദേഹത്തിന്റെ ജീവിതദൗത്യം അവസാനിക്കുകയും ഹജ്ജത്തുൽ വിദാഇൽവെച്ച് തങ്ങൾ അതിന് സാക്ഷ്യംവഹിച്ചു എന്ന് സ്വഹാബികൾ പറയുകയും ചെയ്ത ശേഷം, മരണം അടുത്തിരിക്കുന്നു എന്ന അറിയിപ്പായിരുന്നു ഈ സൂക്തങ്ങൾ. നബിﷺ മരിക്കുന്നതിനു മൂന്നു മാസം മുമ്പ് അവതരിച്ച ഈ സൂക്തങ്ങൾ മിർസാ ഖാദിയാനി തന്റെതാക്കുമ്പോൾ അതിന്റെ സന്ദർഭം നാം കണ്ടു. ചുമയും ജലദോഷവും മാറുമെന്നും മരണചിന്ത വേണ്ടെന്നും അറിയിക്കാനാണത്രെ ഈ സൂക്തങ്ങൾ മിർസക്ക് അവതരിച്ചത്! യാഥാർഥ്യവും വ്യാജവും തിരിച്ചറിയാനുള്ള ഉരകല്ലായി നമുക്ക് ‘തദ്കിറ’യിലെ ഇത്തരം വ്യാജ വഹ്‌യുകളെ കാണാവുന്നതാണ്.

മരിക്കും മുമ്പ് ജനങ്ങൾ കൂട്ടം കൂട്ടമായി ജമാഅത്തിൽ ചേരുമെന്നാണ് സന്തോഷവാർത്ത! ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ ‘വഹ്‌യ്’ വായിക്കുന്നവർക്ക് മനസ്സിലാകും അത് തികച്ചും വ്യാജമാണെന്ന്. മിർസ മരിക്കും മുമ്പ് കൂട്ടം കൂട്ടമായി ജനങ്ങൾ ഖാദിയാനി ജമാഅത്തിൽ ചേരുമെന്നാണ് പറയുന്നത്. എന്നാണ്, എവിടെയാണ് ജനങ്ങൾ കൂട്ടം കൂട്ടമായി ചേർന്നത്? അതല്ല മിർസ മരിക്കാതെ എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ?

\(അവസാനിച്ചില്ല)