തെളിവുകളിൽനിന്നും ബോധ്യത്തിലേക്ക്

ഷാഹുൽ പാലക്കാട്‌

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

(ഇസ്‌ലാമിന്റെ തെളിവുകൾ: ഫിലോസഫി എന്ത് പറയുന്നു? 12)

E71. ഇരുമ്പ്

“...ഇരുമ്പും നാം ഇറക്കിക്കൊടുത്തു. അതിൽ കഠിനമായ ആയോധനശക്തിയും ജനങ്ങൾക്ക് ഉപകാരങ്ങളുമുണ്ട്’’(ക്വുർആൻ 57: 25).

പ്രപഞ്ചത്തിൽ ഇരുമ്പ് രൂപംകൊളളുന്നത് മില്യൺ കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന നക്ഷത്രങ്ങളുടെ പരിണാമ പ്രക്രിയകളുടെ അനന്തരഫലമായിട്ടാണെന്ന് ശാസ്ത്രം പറയുന്നു. നക്ഷത്രങ്ങളിൽ ഇരുമ്പ് കാണപ്പെടുന്നില്ല. എന്നാൽ അനേക വർഷം കത്തിജ്ജ്വലിച്ചതിന് ശേഷം അവ ചുവപ്പ് ഭീകരന്മാരും (Red Giants) അതി ഭീകരന്മാരുമായി (Super Giants) പരിണമിക്കുകയും പിന്നീട് ഒരു വിസ്‌ഫോടനത്തിന് ശേഷം അവ നോവയും (Nova) സൂപ്പർ നോവയുമായി (Super Nova) മാറുകയും ചെയ്യും. ഇങ്ങനെ ചുവപ്പു ഭീകരന്മാർ സൂപ്പർ നോവകളായി ജ്വലിച്ചണയുമ്പോൾ അവയുടെ അകക്കാമ്പിലെ രാസഘടന ആത്യന്തികമായി ഇരുമ്പായി രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്. സൂപ്പർ നോവ വിസ്‌ഫോടനത്തിന് ശേഷം പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്ന ഇരുമ്പിനെ ഭൂമിപോലുളള ആകർഷണശക്തിയുളള ഗ്രഹങ്ങൾ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഭൂമിയുടെ ആകർഷണശക്തി തന്നെയാണ് ആകാശത്തുനിന്ന് ഇറങ്ങിവന്ന ഇരുമ്പിനെ വീണ്ടും ഭൂമിയുടെ അന്തർഭാഗത്തേക്ക് ആവാഹിക്കുന്നത്. നക്ഷത്രങ്ങൾ സൂപ്പർ നോവകളായി പൊട്ടിത്തെറിക്കുമ്പോൾ താരതമ്യേന ശക്തിയുളള മൂലകമായ ഇരുമ്പ് ആകാശത്ത് ചിതറുകയും ഭൂമിപോലുളള ഗ്രഹങ്ങളിലേക്ക് അവ എത്തിപ്പെടുകയും ചെയ്യുന്നു. ഉൽക്കാവർഷത്തിലൂടെ ഓരോ വർഷവും ടൺകണക്കിന് ഇരുമ്പ് ഭൂമിയിൽ പതിക്കുന്നുണ്ട്.

ഇരുമ്പ് ആകാശത്തുനിന്നും ഇറക്കിയെന്നുതന്നെ ക്വുർആൻ പറയുന്നുണ്ട്. ദൈവത്തിങ്കൽനിന്നുള്ള അനുഗ്രഹം എന്ന നിലയ്ക്ക് മെറ്റഫറിക്കലായി ഇതിനെ വായിക്കാം എന്നതായിരുന്നു ആദ്യകാല മുഫസ്സിറുകളുടെ നിലപാട്. എന്നാൽ ഇരുമ്പിനെ സംബന്ധിച്ച ശാസ്ത്രീയ അറിവും ഈ ക്വുർആൻ വചനത്തിന്റെ അക്ഷരവായനയെപോലും അനുകൂലിക്കുന്നു. ആധുനിക ശാസ്ത്രം പറയുന്നതു പ്രകാരവും ഇരുമ്പ് ആകാശത്തുനിന്നും ഇറക്കപ്പെട്ടതാണ്. അഥവാ ക്വുർആൻ ഇരുമ്പിനെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച ഈ ഒരു പ്രയോഗം ശാസ്ത്രീയമായും മെറ്റഫറിക്കലായും കൃത്യത പാലിക്കുന്നു. കേവല യാദൃച്ഛികതകൊണ്ട് ഇത് വിശദീകരിക്കാനാവില്ല.

E72. ത്രിയേകത്വ സിദ്ധാന്ത വചനം

ബൈബിളിൽ ത്രിയേകത്വ ദൈവസിദ്ധാന്തം നേർക്കുനേരെ കൃത്യമായി പറയുന്നത് ഒരു ഭാഗത്ത് മാത്രമാണ്. John 5:78ൽ ആ വചനം ഇങ്ങനെ വായിക്കാം: "There are three that bear witness in heaven: the Father, the Word, and the Spirit, and these three are one; and there are three that bear witness on earth, the Spirit, the water, and the blood, and these three are one.’ (സ്വർഗത്തിൽ സാക്ഷ്യം പറയുന്നവർ മൂവരാകുന്നു; പിതാവ്, വചനം, ആത്മാവ്. ഈ മൂവരും ഒന്നാകുന്നു. ഭൂമിയിൽ സാക്ഷ്യം നിൽക്കുന്നത് മൂന്നാകുന്നു; ആത്മാവ്, ജലം, രക്തം. ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നെ.)

ഈ വചനത്തിന്റെ ചരിത്രപരതയെ സംബന്ധിച്ച് ബൈബിൾ പണ്ഡിതനായ ബാർട്ട് ഏർമൻ തന്റെ ‘യേശുവിനെ തെറ്റായി ഉദ്ധരിക്കുന്നു: ആരാണ് ബൈബിൾ മാറ്റിയത്, എന്തുകൊണ്ട് എന്നതിന്റെ പിന്നിലെ കഥ’ (Misquoting Jesus: The Story Behind Who Changed the Bible and Why) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. പൂർണമായും ഗ്രീക്ക് മാനുസ്‌ക്രിപ്റ്റുകളെ ആശ്രയിച്ച് ബൈബിളിനെ നിർമിക്കാൻ ശ്രമിച്ച ഇറാസ്മസിന്റെ കണ്ടെത്തലും അനുഭവവും അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു:

“എന്നാൽ ഇറാസ്മസിന് ത്രിയേകത്വ വചനത്തെ ഗ്രീക്ക് കയ്യെഴുത്ത് പ്രതികളിൽ കാണാനായില്ല. പകരം ആത്മാവും രക്തവും വെള്ളവും സാക്ഷികൾ ആകുമെന്നും അവ ഒന്നാണ് എന്നും മാത്രമാണ് ഇറാസ്മസ് പരിശോധിച്ച ഗ്രീക്ക് പ്രതികളിലെല്ലാമുള്ളത്.’’ (അവയെയും പൂർണമായും ആധികാരികമെന്ന് വിളിക്കാനാവില്ലെന്നും ബാർട്ട് ഏർമൻ പറയുന്നുണ്ട്).

എന്നാൽ ‘പിതാവും വചനവും ആത്മാവും ഒന്നാണ്’ എന്നു തുടങ്ങിയ ഭാഗങ്ങൾ എവിടെ പോയി? പ്രധാന കയ്യെഴുത്ത് പ്രതികളിൽ അവയില്ല. ഇറാസ്മസിന്റെ അന്വേഷണത്തിലും അവ ലഭിച്ചില്ല. അതിനാൽ തന്നെ തന്റെ ഗ്രീക്ക് കയ്യെഴുത്ത് പ്രതികളെ ആശ്രയിച്ചുള്ള ബൈബിളിന്റെ ആദ്യ പ്രസിദ്ധീകരണത്തിൽ ഈ ത്രിയേക വചനങ്ങളെ ഇറാസ്മസ് ഉൾപ്പെടുത്തിയില്ല.

എന്നാൻ അദ്ദേഹത്തിന്റെ കാലത്തെ ക്രൈസ്തവ പുരോഹിതരെ ഇത് ചൊടിപ്പിച്ചു. യേശുവിന്റെ ദൈവികതയെ തള്ളാനും ത്രിയേക സങ്കൽപത്തെ നിഷേധിക്കാനുമുള്ള ഇറാസ്മസിന്റെ ശ്രമത്തിന്റെ ഭാഗമാണത് എന്നവർ ആരോപിച്ചു. ചില പ്രമുഖർ ഇറാസ്മസിനെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പരസ്യമായി രംഗത്തെത്തി. ഭാവി പതിപ്പുകളിൽ ഈ വാക്യം ചേർക്കണമെന്ന് നിർബന്ധിച്ചു. ആ നിർബന്ധ ത്തിന് ഇറാസ്മസിന് വഴങ്ങേണ്ടി വന്നു.

ത്രിയേക സങ്കൽപത്തെ വ്യക്തമായി പറയുന്ന ഏക ബൈബിൾ ഭാഗത്തിന്റെ ആധികാരികതയാണ് ഈ പറഞ്ഞത്.

“അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് പറഞ്ഞവർ തീർച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ...’’ (ക്വുർആൻ 5:73).

അഥവാ ത്രിയേക ദൈവസങ്കൽപം ബൈബിളിൽ മനുഷ്യർ എഴുതിച്ചേർത്തതാണ് എന്നതാണ് ഇസ്‌ലാമിക നിലപാട്. അപ്പോൾ ത്രിയേക സങ്കൽപം പറയുന്ന ഒരു ബൈബിൾ വാക്യമുണ്ടെങ്കിൽ അതിനു പിറകിൽ മനുഷ്യരുടെ കരങ്ങൾ ഉണ്ടാകേണ്ടത് ഇസ്‌ലാം ശരിയാണെങ്കിൽ പ്രതീക്ഷിക്കേണ്ട വിവരമാണ്. ഇസ്‌ലാം അനുസരിച്ച് പ്രതീക്ഷിക്കേണ്ട ഒരു വിവരം ലഭിക്കുന്നുവെന്നാൽ ഇസ്‌ലാം ശരിയാണ് എന്ന് അത് തെളിയിക്കുന്നു.

E73. ചാന്ദ്ര പിളർപ്പ്

“ആ (അന്ത്യ)സമയം അടുത്തു. ചന്ദ്രൻ പിളരുകയും ചെയ്തു. ഏതൊരു ദൃഷ്ടാന്തം അവർ കാണുകയാണെങ്കിലും അവർ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നുവരുന്ന ജാലവിദ്യയാകുന്നു എന്ന് അവർ പറയുകയും ചെയ്യും. അവർ നിഷേധിച്ചുതള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു’’ (54:13).

അന്തിമ പ്രവാചകന്റെ ദൈവിക ദൃഷ്ടാന്തമെന്ന നിലയിൽ ചന്ദ്രൻ പിളർന്നുവെന്നും പക്ഷേ, എത്ര വലിയ അത്ഭുതങ്ങൾ കണ്ടാലും മാരണമോ ജാലവിദ്യയോ ആയി തള്ളുകയാണ് മക്കയിലെ പല സത്യനിഷേധികളുടെയും രീതിയെന്നും അത്തരക്കാർ ഈ മഹാത്ഭുതത്തെയും ആ ഗണത്തിൽ പെടുത്തി തള്ളിയെന്നുമുള്ള വിവരങ്ങൾ ചന്ദ്രൻ പിളർന്നതിനെക്കുറിച്ചുള്ള ഈ ക്വുർആൻ വചനം നൽകുന്നുണ്ട്. ക്വുർആൻ വചനങ്ങളെല്ലാം പ്രവാചകകാലഘട്ടത്തിലേതാണെന്ന കാര്യം ചരിത്രപരമായി അവിതർക്കിതമാംവിധം സ്ഥാപിക്കപ്പെട്ടതാണ്. ആകാശത്ത് ചന്ദ്രൻ പിളർന്നത് ദൃശ്യമാവുകയും അതിനെ ദൈവിക ദൃഷ്ടാന്തമായി പരിഗണിക്കാൻ വിസമ്മതിച്ച ചില മക്കക്കാർ പ്രസ്തുത ദൃശ്യത്തിന് മറ്റു വ്യാഖ്യാനങ്ങൾ നൽകാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രഖ്യാപിക്കുന്ന ക്വുർആൻ വചനം നബിﷺയിൽനിന്നും നേരിട്ട് മക്കക്കാർ കേട്ടതാണ്; അദ്ദേഹത്തിന്റെ അനുചരന്മാർ അത് പാരായണം ചെയ്തുവന്നതുമാണ്. എന്നിട്ടും മക്കയിലെ ഒരു ബഹുദൈവാരാധകനും ഈ ക്വുർആൻ വചനത്തെ ഒരിക്കൽ പോലും ചോദ്യം ചെയ്തു രംഗത്തുവന്നില്ല. അതിനർഥം ചന്ദ്രൻ പിളർന്നതിന് ബഹുദൈവാരാധകരടക്കമുള്ള പല മക്കക്കാരും സാക്ഷിയായിയെന്നും അതിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കുതർക്കങ്ങളുന്നയിക്കുക മാത്രമാണവർ ചെയ്തതെന്നുമുള്ളതിനുള്ള അനിഷേധ്യമായ ചരിത്രരേഖയായി പരാമൃഷ്ട ക്വുർആൻ വചനം മാറുന്നുവെന്ന് തന്നെയാണ്.

ചന്ദ്രൻ പിളർന്നത് ദൃശ്യമായതിനുള്ള ചരിത്രരേഖ ക്വുർആൻ മാത്രമല്ല; പ്രത്യുത മക്കയിൽ പ്രവാചകന്റെ സമകാലീനരായവരിൽനിന്നുള്ള വിശ്വസ്തമായ ധാരാളം നിവേദനങ്ങൾ കൂടിയാണ്. മുഹമ്മദ് നബിﷺയുടെ കാലത്ത് ചന്ദ്രൻ രണ്ടുഭാഗങ്ങളായി പിളർന്നുമാറിയെന്നു പറയുന്ന ഒട്ടനവധി ഹദീസുകളാണ് ആധികാരികതയിൽ ആർക്കും സംശയമില്ലാത്ത അനേകം പരമ്പരകൾ വഴി ഏറ്റവും പ്രാമാണികമായ ഹദീസ് സമാഹാരങ്ങളിൽതന്നെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രവാചകകാലം മുതൽക്കുള്ള ഓരോ തലമുറയിലും അനേകമാളുകൾ ഒരുമിച്ച് കൈമാറിവന്നുവെന്ന് (മുതവാതിർ) പറയാനാകുംവിധം വിഖ്യാതവും അനിഷേധ്യവുമാണ് ഈ ഹദീസുകളിലെ സംഭവവിവരണങ്ങൾ. സ്വഹീഹുൽ ബുഖാരിയിലെ കിതാബുത്തഫ്‌സീറിലും കിതാബുൽ മനാക്വിബിൽ അൻസ്വാറിലും സ്വഹീഹു മുസ്‌ലിമിലെ ക്വിതാബു സ്വിഫാത്തിൽ ക്വിയാമതി വൽജന്നതി വന്നാറിലും ചന്ദ്രൻ രണ്ടായി പിളർന്നുനീങ്ങിയെന്ന് ഖണ്ഡിതമായി പ്രസ്താവിക്കുന്ന ഹദീസുകളുണ്ട്. മക്കക്കാർ പ്രവാചകനോട് ദൃഷ്ടാന്തങ്ങൾക്കുവേണ്ടി ചോദിച്ചപ്പോഴാണ് നബി ﷺ ചന്ദ്രൻ പിളരുന്നത് കാണിച്ചുകൊടുത്തതെന്ന് സൂചിപ്പിക്കുന്ന ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലെ കിതാബുൽ മനാക്വിബിൽ അൻസ്വാറിലും കിതാബു ഫദാഇലി അസ്വ‌്ഹാബിന്നബിയ്യിലും കാണാൻ കഴിയും. സംഭവം നടക്കുമ്പോൾ നബിﷺ മക്കാനഗരത്തിന് തൊട്ടപ്പുറത്തുള്ള മിനായിലായിരുന്നുവെന്ന് സ്വഹീഹുൽ ബുഖാരിയിൽ കാണാം.

ചന്ദ്രൻ പിളർന്നുണ്ടായ രണ്ട് കഷ്ണങ്ങളിൽ ഒന്ന് ഒരു പർവതത്തിന്റെ ഒരു വശത്തും മറ്റേത് മറുവശത്തുമായി നിന്നുവെന്നും അപാരമായ വ്യക്തതയുണ്ടായിരുന്ന ആ പിളർന്നുമാറൽ ദൃശ്യത്തെ ചൂണ്ടി പ്രവാചകൻﷺ കൂടെയുണ്ടായിരുന്നവരോട് ‘സാക്ഷിയായിക്കൊള്ളുക’ എന്നു പറഞ്ഞുവെന്നും സ്വഹീഹുൽ ബുഖാരിയിലെ ഹദീസുകളിലുണ്ട്. വിസ്മയകരമായ ഈ സംഭവത്തിന് സാക്ഷിയായി പ്രവാചക സന്നിധിയിലുണ്ടായിരുന്നവരിൽ താനുമുൾപ്പെട്ടിരുന്നതായി അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) സാക്ഷ്യപ്പെടുത്തിയത് മുസ്‌ലിമിലെ ക്വിതാബു സ്വിഫാത്തിൽ ക്വിയാമതി വൽജന്നതി വന്നാറിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

തെളിവുകളിൽ നിന്നും ബോധ്യത്തിലേക്ക് (From evidences to certainty)

a). ഇതുവരെ സൂചിപ്പിച്ച തെളിവുകൾ ഇസ്‌ലാമിനെ ബുദ്ധിപരമായി തെളിയിക്കുന്നു (rationally justifying) എന്ന കാര്യത്തിൽ സംശയമില്ല. ഈ തെളിവുകളുടെ കൂട്ടത്തിൽനിന്നും ഇങ്ങനെ തീർപ്പിലെത്താം:

1). ഇത്രയധികം കൃത്യമായ തെളിവുകൾ നൽകാൻ കഴിയുന്ന ഒരു തിയറി സത്യമായിരിക്കും.

2). പ്രധാനപ്പെട്ട പല ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് പോലും പത്തിൽ താഴെ തെളിവുകളേയുള്ളൂ.

3). ആയതിനാൽ ഏതൊരു ശാസ്ത്ര സിദ്ധാന്തത്തിനും അവകാശപ്പെടാൻ കഴിയുന്നതിന്റെ പല മടങ്ങ് തെളിവുകളും യുക്തിഭദ്രതയും ഇസ്‌ലാമിനുണ്ട്.

പ്രവചനാത്മകത (Predictability)

ശാസ്ത്രീയമായി ഒരു തിയറി ശരിയാകാൻ ആ തിയറി predict ചെയ്യുന്ന ഒരൊറ്റ പ്രതിഭാസം ദൃശ്യമായാൽ മതിയാകും. ഉദാ: ഐൻസ്റ്റീന്റെ ജനറൽ റിലേറ്റിവിറ്റി അനുസരിച്ച് പ്രതീക്ഷിക്കേണ്ട ഒരു സംഭവം അദ്ദേഹം പ്രവചിച്ചു. പിണ്ഡമുള്ള വസ്തു സ്ഥലമാനത്തിൽ വക്രത ഉണ്ടാക്കുന്നതുകൊണ്ട് ആ ഭാഗത്തൂടെ കടന്നുപോകുന്ന പ്രകാശ രശ്മികളിൽ ആ വക്രത പ്രകടമാകും എന്നും നമ്മുടെ കാഴ്ചയിൽ ഇത് മാറ്റം സൃഷ്ടിക്കും എന്നതുമായിരുന്നു ഐൻസ്റ്റീൻ നടത്തിയ പ്രവചനം. ഇതനുസരിച്ച് ആർതർ എഡിംഗ്ടണും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും 1919 മെയ് 29ലെ സമ്പൂർണ സൂര്യഗ്രഹണ സമയത്ത് അടുത്തുള്ള നക്ഷത്രങ്ങളുടെ സ്ഥാനത്ത് ദൃശ്യമാകുന്ന മാറ്റം രേഖപ്പെടുത്തുകയും ഐൻസ്റ്റീന്റെ സിദ്ധാന്തം ശരിയാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. ഐൻസ്റ്റീന്റെ തിയറി പ്രവചിച്ച ഒരു കാര്യം നിരീക്ഷിക്കാൻ കഴിഞ്ഞു എന്നതിൽനിന്നും ആ തിയറിയെ ശാസ്ത്രീയമായി അംഗീകരിച്ചു എന്നതാണ് നാം കണ്ടത്. എങ്കിൽ ഇതിൽനിന്നും ഇങ്ങനെ വിലയിരുത്താം:

1). ഒരു തിയറിയനുസരിച്ച് പ്രതീക്ഷിതമായ ഒരു വിവരം ലഭിച്ചു എന്നതുതന്നെ ആ തിയറിയെ ശാസ്ത്രീയമായി തെളിയിക്കുന്നു.

2) ഇസ്‌ലാം predict ചെയ്ത ഒട്ടനവധി കാര്യങ്ങളെ നാം പിന്നീട് നിരീക്ഷിക്കുന്നു.

3) ആയതിനാൽ ഒരു ശാസ്ത്രീയ സിദ്ധാന്തത്തിനും അവകാശപ്പെടാൻ കഴിയാത്തത്രയും യുക്തിഭദ്രത ഇസ്‌ലാമിനുണ്ട്.

അധിക സാധ്യത (prior probability)

നിങ്ങൾക്ക് മുന്നിൽ രണ്ട് ജാറുകളുണ്ട്. ഒന്നിൽ മുഴുവൻ നീല ബോളുകളും രണ്ടാമത്തേതിൽ വളരെ കുറച്ച് നീല ബോളുകലും ബാക്കി ചുവന്ന ബോളുകളുമുണ്ട്. നിങ്ങൾക്ക് യാദൃച്ഛികമായി അവിടെ നിലത്തുനിന്ന് ഒരു നീലനിറമുള്ള പന്ത് കിട്ടി. അത് താഴെയെത്തിയത് ആദ്യത്തെ ജാറിൽനിന്നാകാനാണോ രണ്ടാമത്തെ ജാറിൽനിന്നാകാനാണോ അധിക സാധ്യത?

ആദ്യത്തെ ജാറിൽനിന്ന് എന്ന തീരുമാനം ശരിയാകാനാണ് കൂടിയസാധ്യത. കാരണം നീല ബോളുകൾ അധികമുള്ളത് ആദ്യജാറിലാണ്. രണ്ടാമത്തേതിൽ ചുവന്ന ബോളുകളാണ് കൂടുതൽ എന്നതുകൊണ്ട് അതിൽനിന്ന് നീല ബോൾ ലഭിക്കാൻ കുറഞ്ഞ സാധ്യതയാണ് ഉള്ളത്. അതിനാൽ ലഭിച്ച നീലബോൾ ആദ്യജാറിൽനിന്നെന്ന തീരുമാനം ശരിയാകാനാണു കൂടിയ സാധ്യത. അത് തിരഞ്ഞെടുക്കുന്നതാണ് യുക്തിഭദ്രം.

ഇനി പ്രപഞ്ചത്തിൽ നാം കാണുന്ന വിവരങ്ങൾക്ക് ദൈവം ഉണ്ടെങ്കിലാണോ ഇല്ലെങ്കിലാണോ അധിക സാധ്യത എന്ന് വിലയിരുത്താം. ഈ ലേഖന പരമ്പരയിൽ കൊടുത്ത തെളിവുകളെല്ലാം ദൈവമുണ്ട് എന്നും, അതിനാൽ ഇസ്‌ലാം ശരിയാണ് എന്നും സ്ഥാപിക്കുന്നു. അഥവാ പ്രയർ പ്രോബബിലിറ്റിയുടെ ഫിലോസഫിക്കൽ യുക്തിയനുസരിച്ച് ഇസ്‌ലാം സത്യമാകൽ അനിവാര്യമാണ്.

സാമ്യതാ തത്ത്വം (Likely hood principle)

‘x’ ന്റെ മൂല്യമെന്ത് എന്നതാണ് ചോദ്യം. ഇതിന് ഉത്തരം നൽകാൻ ശ്രമിക്കുന്ന രണ്ട് തിയറികൾ ഉണ്ട്. ഒന്നാമത്തെ തിയറി(H1) അനുസരിച്ചുള്ള അനുമാനം പറയുന്നത് ‘x’ന്റെ മൂല്യം ഒറ്റ സംഖ്യയായിരിക്കും എന്നാണ്. രണ്ടാമത്തെ തിയറി (H2) അനുസരിച്ച് ‘x’ ന്റെ മൂല്യം ഇരട്ട സംഖ്യയും ആയിരിക്കും!

ഇതിൽ ഏത് തിയറി പറയുന്നതാകും ശരി? നമുക്ക് ലഭിക്കുന്ന മറ്റു ഡാറ്റകൾ വെച്ചാണ് ഇനി ഏത് തിയറിയാകും ശരി എന്ന തീർപിൽ എത്താനാവുക. ഉദാഹരണത്തിന് ‘x’ന്റെ മൂല്യം നാലിൽ താഴെയാണ് (x<4) എന്നൊരു backround knowledge ലഭിച്ചുവെന്ന് കരുതുക. ഇത് തിയറി ഒന്നിന് (H1) തെളിവാണ്. എന്തുകൊണ്ടെന്നാൽ നാലിന് താഴെ ആകെയുള്ളത് മൂന്ന് സംഖ്യകളാണ്. 1,2,3 എന്നിവയാണവ. ഇതിൽ ഒരെണ്ണം മാത്രമാണ് ഇരട്ടസംഖ്യ. രണ്ടെണ്ണം ഒറ്റ സംഖ്യയാണ്. അഥവാ ഒറ്റസംഖ്യയാകാനുള്ള സാധ്യതയാണ് കൂടുതൽ അല്ലെങ്കിൽ ഇരട്ടി. അപ്പോൾ തിയറി ഒന്ന് (H1) ശരിയാകാൻ ഇരട്ടി സാധ്യതയുണ്ട്. അപ്പോൾ സംഖ്യ നാലിൽ താഴെയാണ് എന്ന വിവരം തിയറി ഒന്ന് ശരിയാകാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നതിന്റെ അർഥം ഈ വിവരം തിയറി ഒന്ന് ശരിയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന evidence ആണെന്നാണ്. ഇങ്ങനെ ഒരു തിയറി ശരിയാകുന്നതിന്റെ സാമ്യത (likely to be true) വർധിപ്പിക്കുന്ന വിവരം ആ തിയറിക്കുള്ള evidence ആണ്. ഇങ്ങനെ ഒരുകൂട്ടം ശക്തമായ evidence ഉള്ള തിയറി അതനുസരിച്ച് ശക്തമാകുന്നു. അപ്പോൾ മുകളിൽ സ്ഥാപിച്ച തെളിവുകൾ അനുസരിച്ച് ഇസ്‌ലാം ബുദ്ധിപരമായും തത്ത്വശാസ്ത്രപരമായും സ്ഥാപിതമാവുന്നു.

ഏകീകരണ സിദ്ധാന്തം (Principle of simple unification)

‘ഒരു കൂട്ടം കാര്യങ്ങളെ വിശദീകരിക്കാൻ കഴിയുന്ന ഒരു അടിസ്ഥാന കാരണം ശരിയാകാനാണ് സംഭവ്യത കൂടുതൽ.’ ഉദാ: ഒരു ബാങ്ക് കൊള്ളയടിക്കപ്പെട്ടു എന്ന് കരുതുക. കൊള്ളയടിക്കപ്പെട്ട അത്രയും തന്നെ തുക ജോണിന്റെ വീട്ടിൽനിന്നും ലഭിക്കുന്നു. ജോണിന്റെ വാഹനത്തിന് സമാനമായ വാഹനം തന്നെയാണ് കൊള്ളക്ക് ഉപയോഗിച്ചത് എന്നറിയുന്നു. കൊള്ളക്ക് വന്ന വ്യക്തി ഉപയോഗിച്ച തരത്തിലുള്ള മാസ്‌ക് ജോണിന്റെ കൈവശവും കാണുന്നു. ജോൺ കൊള്ളനടക്കുന്ന സമയത്ത് ബാങ്കിന്റെ പരിസരത്ത് ഉണ്ടായിരുന്നതായി ടെലിഫോൺ സിഗ്‌നൽ പരിശോധിച്ചപ്പോൾ മനസ്സിലായി, കൊള്ള നടത്തിയ ആൾക്കും ജോണിന്റെ അതേ ഉയരവും തടിയും ഉണ്ടെന്ന് ദൃശ്യങ്ങളിൽനിന്നും വ്യക്തമായി.

ഈ വിവരങ്ങളെ ഓരോന്നായി എടുത്താൽ അവയൊന്നും ജോൺ തന്നെയാണ് കൊള്ള നടത്തിയത് എന്ന് തെളിയിക്കുന്നില്ല. കൊള്ളയടിക്കപ്പെട്ടത് ഇരുപത് ലക്ഷമാണ് എന്നതുകൊണ്ട് അത്രയും തുക തന്നെ കൈയിൽ വെച്ചതിനു ജോൺ കുറ്റവാളിയാകുന്നില്ല. തന്റെ കൈയിലുള്ള മാസ്‌കിന് സമാനമായ ഒന്ന് ഉപയോഗിച്ച് ആരോ കൊള്ളനടത്തിയതിന് താൻ എങ്ങനെ പ്രതിയാകും എന്നും ജോണിന് ചോദിക്കാം. തന്റെ വാഹനം പോലെയുള്ള വാഹനമുള്ള വേറെ ആരെങ്കിലുമായിക്കൂടേ കുറ്റവാളി എന്നും ചോദിക്കാം. എന്നാൽ ജോൺ തന്നെയാണ് കുറ്റവാളി എന്ന് ഇത്തരം സന്ദർഭത്തിൽ നാം ഉറപ്പിക്കും. അതിന് ഉപയോഗിക്കുന്നത് unification എന്ന തത്ത്വമാണ്.

ജോൺ കുറ്റവാളിയാണെങ്കിൽ കാണേണ്ട ഇത്രയധികം വിവരങ്ങൾ യാദൃച്ഛികമായി കാണപ്പെടുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണ്. എന്നാൽ ജോൺ തന്നെയാണ് കുറ്റവാളിയെ

ങ്കിൽ ഈ വിവരങ്ങളെല്ലാം സ്വാഭാവികമായും കാണേണ്ടവയാണ്. ഇവിടെ ഒരുകൂട്ടം കാര്യങ്ങളെ നേർക്കുനേരെ യോജിപ്പിക്കുന്ന, ഏകീകരിക്കുന്ന ഒരു വിശദീകരണമാണ് എടുക്കുക. ജോൺ ആണ് കൊള്ളനടത്തിയത് എന്ന വിശദീകരണം ഈ ഒരുകൂട്ടം വിവരങ്ങളെ എക്‌സ്‌പ്ലൈൻ ചെയ്യുന്നുണ്ട്. അതുകൊണ്ട് ആ ഒരു ഏകീകരണതത്ത്വത്തെ നാം എടുക്കണം.

സമാന സ്വഭാവത്തിൽ എല്ലാ വിഷയത്തിലും ഒരുകൂട്ടം കാര്യങ്ങളെ വിശദീകരിക്കാൻ കഴിയുന്ന ഒരു അടിസ്ഥാന കാരണമുണ്ടായിരിക്കും. അതായിരിക്കും ശരി. ഈ ഏകീകരണ സിദ്ധാന്തത്തെ ഉപയോഗിച്ചാൽ ഇങ്ങനെ ഉപസംഹരിക്കാം:

1) ഒരു കൂട്ടം കാര്യങ്ങളെ വിശദീകരിക്കുന്ന ഏക കാരണമായിരിക്കും എപ്പോഴും ശരി.

2) ഈ ലേഖന പരമ്പരയിൽ നൽകിയ തെളിവുകളെ വിശദീകരിക്കുന്ന ഒരേ കാരണം ഇസ്‌ലാം ശരിയാവുക മാത്രമാണ്.

3) ആയതിനാൽ unification method അനുസരിച്ച് ഇസ്‌ലാം ശരിയായിരിക്കൽ യുക്തിപരമായി നിർബന്ധമാണ്.

(അവസാനിച്ചു)