‘വാഗ്ദത്ത പുത്രൻ’

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 34)

ആകാശ വിവാഹത്തിലെ ഭാര്യയിൽ ജനിക്കേണ്ടവനാണ് വാഗ്ദത്ത പുത്രൻ. എങ്കിൽ പിന്നെ ആ പ്രവചനം പുലർന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എങ്കിലും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് ‘വഹ്‌യു’കളും ‘ദർശന’ങ്ങളും തദ്കിറയിൽ കാണാം.

1886 ഫെബ്രുവരി 20: “മാന്യനും കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനും ഉന്നതനും മഹാനുമായ അല്ലാഹു തന്റെ ഇൽഹാമിലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: ‘നീ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാൻ നിനക്ക് കാരുണ്യത്തിന്റെ ഒരു അടയാളം നൽകുകയാണ്. ഞാൻ നിന്റെ അപേക്ഷകൾ കേൾക്കുകയും പ്രാർഥനകൾ കാരുണ്യപൂർവം സ്വീകരിക്കുകയും ഹോഷിയാർപൂരിൽനിന്ന് ലുധിയാനയിലേക്കുള്ള യാത്ര അനുഗൃഹീതമാക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ നിനക്ക് കരുത്തിന്റെയും സാമീപ്യത്തിന്റെയും കാരുണ്യത്തിന്റെയും അടയാളം നൽകുന്നു. നന്മയും ഔദാര്യവും വർഷിക്കുന്ന വിജയ സൗഭാഗ്യങ്ങളുടെ താക്കോൽ നിന്നെ ഏൽപിക്കുന്നു.’’

“മുസഫർ, നിങ്ങൾക്ക് സലാം! ജീവിതം കൊതിക്കുന്നവർ മരണത്തിന്റെ പിടിയിൽനിന്ന് മോചിതരാവാനും ക്വബ്‌റുകളിൽ അടക്കപ്പെട്ടവർ പുറത്തുവരാനും ഇസ്‌ലാം മതത്തിന്റെ മഹത്ത്വവും ദൈവവചനത്തിന്റെ പദവിയും വെളിപ്പെടാനും വേണ്ടിയാണ് ദൈവം ഇപ്രകാരം പറഞ്ഞത്. ജനങ്ങൾക്ക്, എല്ലാ അനുഗ്രഹങ്ങളോടും കൂടി സത്യം വെളിപ്പെടട്ടെ. വരൂ, അസത്യം അതിന്റെ എല്ലാ ദൂഷ്യങ്ങളോടും കൂടി ഓടിപ്പോകും. അങ്ങനെ ഞാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ എനിക്ക് കഴിയുമെന്ന് ആളുകൾ മനസ്സിലാക്കും. ഞാൻ നിങ്ങളോടൊപ്പമുണ്ടെന്ന് അവർ വിശ്വസിക്കും. ദൈവത്തിന്റെ അസ്തിത്വത്തിലും അവന്റെ മതത്തിലും വിശ്വസിക്കാത്തവർ, അദ്ദേഹത്തിന്റെ വിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫയുടെ പുസ്തകത്തെ നിഷേധത്തിന്റെയും കളവാക്കുന്നതിന്റെയും കണ്ണുകളോടെയാണ് വീക്ഷിക്കുന്നത്.’’

“അതിനാൽ നീതിമാനും വിശുദ്ധനുമായ ഒരു ആൺകുട്ടിയെ നിനക്ക് ലഭിക്കും എന്നത് നിങ്ങൾക്ക് ഒരു സന്തോഷവാർത്തയാകട്ടെ. അവൻ നിന്റെ കുടുംബത്തിലും വംശത്തിലുംനിന്നുള്ള സന്തതിയാകും. വിശുദ്ധനും സുന്ദരനുമായ ഈ ആൺകുട്ടി നിങ്ങളുടെ അതിഥിയാണ്. അവന് ഇമ്മാനുവേൽ എന്നും ബശീർ എന്നും പേരു വിളിക്കുക. അവന് പരിശുദ്ധാത്മാവ് നൽകപ്പെട്ടിരിക്കുന്നു. അവൻ മ്ലേഛതയിൽനിന്ന് ശുദ്ധനാണ്; അല്ലാഹുവിന്റെ പ്രകാശമാണ്; ആകാശത്തുനിന്നുള്ള അനുഗ്രഹങ്ങൾക്കുടയവനുമാണ്.’’

“അവനോടൊപ്പം വരുന്ന ഔദാര്യമുണ്ട്. അവൻ അന്തസ്സും ആഭിജാത്യവും സമ്പത്തും ഉള്ളവനാണ്.ലോകത്ത് വന്നശേഷം മസീഹി മന്ത്രത്തിലൂടെയും സത്യാത്മാവിലൂടെയും ആളുകളെ രോഗങ്ങളിൽ നിന്ന് സുഖപ്പെടുത്തും. അവൻ അല്ലാഹുവിന്റെ വചനമാണ്. അല്ലാഹു തന്റെ കാരുണ്യവും ശ്രദ്ധയുംമൂലം ബുദ്ധിശക്തിയും വിവേകവും ബാഹ്യാന്തര ജ്ഞാനവും നിറഞ്ഞ ഹൃദയവുമായാണ് അവനെ മഹദ് വചനമായി അയച്ചത്. അവൻ മൂന്നിനെ നാലാക്കുന്നവനായിരിക്കും. (ഇതിന്റെ ആശയം മനസ്സിലായിട്ടില്ല).’’

“അല്ലാഹുവിന്റെ അനുഗ്രഹവും ഗാംഭീര്യവും പ്രത്യക്ഷപ്പെട്ടുകൊണ്ടായിരിക്കും അവന്റെ അവരോഹണം. അല്ലാഹുവിന്റെ തൃപ്തിയുടെ അത്തർകൊണ്ട് സുരഭിലമായ പ്രകാശമാണ് ഇറങ്ങിവരിക. അവന്റെ ശിരസ്സിന് മേലെ അല്ലാഹുവിന്റെ തണൽ വിരിച്ചിരിക്കും. അവൻ അതിവേഗം വളരും. അവൻ ബന്ധനസ്ഥരുടെ വിമോചനത്തിന്  നിമിത്തമാകും. ഭൂമിയുടെ അതിരുകളോളം അവൻ പ്രശസ്തനാവും. സമുദായങ്ങൾ അവനിൽനിന്ന് അനുഗ്രഹം തേടും. സ്വാർത്ഥ മോഹങ്ങൾ ആകാശത്തേക്ക് ഉയർത്തപ്പെടും’’ (പേജ് 109-111).

സദ്ഗുണ സമ്പന്നൻ

വീണ്ടും: “നിന്റെ വീട് അനുഗ്രഹങ്ങൾകൊണ്ട് നിറയും. നിന്നിൽ എന്റെ അനുഗ്രഹങ്ങൾ പൂർത്തീകരിക്കും. ഇപ്പോഴും ഇതിനു ശേഷവും നിന്റെ ഭാര്യാപദത്തിൽ വരുന്ന വിശുദ്ധരായ സ്ത്രീരത്‌നങ്ങളിലൂടെ നിന്റെ സന്താനപരമ്പര വർദ്ധിക്കും. അവരിൽ ചിലർ ചെറുപ്രായത്തിൽതന്നെ മരിക്കുമെങ്കിലും നിന്റെ കുടുംബം പല രാജ്യങ്ങളിലും വ്യാപിക്കും. എന്നാൽ ചില പിതാമഹ-സഹോദര കുടുംബങ്ങൾ, അവർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ അല്ലാഹു ഇറക്കുന്ന ആപത്തുകൾ കാരണം സന്താനരഹിതരായി അവസാനിക്കും. അവരുടെ ചുമരുകളിൽ ദൈവകോപം ഇറങ്ങും. നിനക്ക് ചൊരിയുന്ന അനുഗ്രഹങ്ങളാൽ ജനശൂന്യമായ വീടുകൾ ജനനിബിഡമാകും. ഭയപ്പെടുത്തുന്ന വീടകങ്ങൾ അനുഗ്രഹങ്ങൾകൊണ്ട് നിറയും. നിന്റെ സന്താനപരമ്പര അവസാനകാലംവരെ പച്ചപിടിച്ചു നിൽക്കും. നിന്റെ സന്ദേശം ലോകത്തിന്റെ അതിരുകളോളം വ്യാപിക്കും...

നിന്റെ ശരീരത്തിലും സ്വത്തിലും അനുഗ്രഹങ്ങൾ വർഷിക്കുകയും അവ അധികരിപ്പിക്കുകയും ചെയ്യും. അസൂയാലുക്കളും ശത്രുക്കളുമായ മുസ്‌ലിംകളുടെ മറ്റു ഗ്രൂപ്പുകളിൽനിന്ന് അന്ത്യദിനംവരെ താങ്കൾക്ക് വിജയം നൽകും. അല്ലാഹു അവരെ വിസ്മരിക്കുകയില്ല. ഈ ഭൂമുഖത്തുവച്ച് തന്നെ അവർക്ക് അവൻ പ്രതിഫലം നൽകും. നീ എനിക്കു ഇസ്രായേൽ സന്തതികളിലെ പ്രവാചകന്മാരെപ്പോലെ, അവരുടെ ഛായാസാമ്യത ഉള്ളതുപോലെയാണ്. നീ എന്നിൽനിന്നാണ്; ഞാൻ നിന്നിൽനിന്നും. രാജാക്കന്മാരുടെയും പ്രഭുക്കളുടെയും ഹൃദയങ്ങളിൽ നിന്നോടുള്ള സ്‌നേഹം ഞാൻ നിക്ഷേപിക്കും. നിന്റെ വസ്ത്രാഞ്ചലത്തിൽനിന്നും അവർ അനുഗ്രഹം തേടും...’’(പേജ് 111-112).

വിശദീകരണം ആവശ്യമില്ലാത്ത വിധം, സർവഗുണസമ്പന്നനായ ‘വാഗ്ദത്ത പുത്രന്റെ’ ദിവ്യജനനത്തെ സംബന്ധിച്ച വ്യക്തമായ പ്രവചനമാണിത്. 1856 ജൂൺ എട്ടിന് ഖലീഫ നൂറുദ്ദീന് എഴുതിയ ഒരു കത്ത് വായിക്കാം.

‘ബാഹ്യാന്തര പൂർണനൂം അതിശക്തനുമായ ഒരു മകൻ ജനിക്കാൻ പോകുന്നു എന്ന് നാലു മാസത്തോളമായി എന്നെ അല്ലാഹു അറിയിച്ചുകൊണ്ടിരിക്കുകയാണ്. അവന് ബശീർ എന്ന് പേരുവിളിക്കും. ഈ ഭാര്യയിൽ തന്നെയാവും അവന്റെ ജന്മമെന്ന് ഞാൻ വിചാരിച്ചു, എങ്കിലും കൂടുതലായി വരുന്ന ഇൽഹാം മറ്റൊരു വിവാഹം കഴിക്കേണ്ടിവരും എന്ന് സൂചന നൽകുന്നു. സൽസ്വഭാവിയും വിശുദ്ധയുമായ ഒരു സ്ത്രീയെ വിവാഹം കഴിക്കുമെന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അവൾ ഏറെ സന്താനങ്ങളെ നൽകും.’

‘ഇതോടൊപ്പം ഒരു ജാഗ്രദ് ദർശനത്തിൽ നാലു പഴങ്ങൾ എനിക്ക് നൽകി. മൂന്നു മാങ്ങയും ഒരു പച്ചനിറത്തിലുള്ള പഴവും. ലോകത്തുള്ള ഒരു പഴത്തോടും സാമ്യതയില്ലാത്ത ആ പഴമാണ് അനുഗൃഹീത വാഗ്ദത്ത പുത്രനോട് സമീകരിച്ചിട്ടുള്ളത് എന്ന് എന്റെ ഹൃദയത്തിലേക്ക് ഇട്ടുതന്നു’’(പേജ് 112-113).

അതിശയൻ!  

1886 മാർച്ച് 22ന് അദ്ദേഹം ഒരു പരസ്യം പ്രസിദ്ധീകരിച്ചു: “ഖാദിയാനിലെ രണ്ടു പേർ, ഹാഫിസ് സുൽത്താൻ കശ്മീരിയും സാബിർ അലിയും, എന്റെ വീട്ടിൽ ഒന്നരമാസം മുമ്പുതന്നെ ഒരാൺകുട്ടി ജനിച്ചിട്ടുണ്ടെന്ന് പറഞ്ഞുനടക്കുന്നുണ്ട്. ഈ കൊടിയ വ്യാജപ്രചരണത്തിലൂടെ അവർ എന്നെ മാത്രമല്ല മുസ്‌ലിംകളെയാകമാനം നിന്ദിക്കുകയാണ് ചെയ്യുന്നത്. എന്റെ വീട്ടിൽ ഇന്നുവരെ (1886 മാർച്ച് 22) ഇരുപതും ഇരുപത്തിരണ്ടും വയസ്സായ രണ്ട് പുത്രന്മാരൊഴികെ ഒരുകുട്ടിയും ജനിച്ചിട്ടില്ല. എന്നാൽ ദിവ്യവാഗ്ദാനത്തിലുള്ള പരിശുദ്ധപുത്രൻ ഒമ്പതുവർഷങ്ങൾക്കകം ജനിക്കുകതന്നെ ചെയ്യും. ചിലപ്പോൾ നേരത്തെയാവാം. ഏതായാലും ഈ കാലയളവിനുള്ളിൽ ഇതു സംഭവിക്കുകതന്നെ ചെയ്യും. എന്റെ ഭാര്യ അമ്പാല ഛാഉനിയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുകയാണിപ്പോൾ. ഈ കുപ്രചാരണത്തിന്റെ യാഥാർഥ്യമറിയാനായി അവിടെ പോയിവരാനുള്ള യാത്രാചെലവ് ആർക്കും നൽകാൻ ഞാൻ തയ്യാറാണ്...’

‘എന്റെത് വെറുമൊരു പ്രവചനമല്ല; മഹത്തായ ദിവ്യാടയാളമാണ്, മുഹമ്മദ് ﷺ യുടെ സത്യവും മഹത്ത്വവും വെളിപ്പെടുത്തുകയാണ് ഉദാരമതിയായ അല്ലാഹുവിന്റെ ഉദ്ദേശ്യം. ഇതാകട്ടെ മരിച്ചവരെ ജീവിപ്പിക്കുന്നതിനെക്കാൾ പതിന്മടങ്ങ് ശ്രേഷ്ഠവും മഹത്തരവും സമ്പൂർണവുമാണ്. മസീഹും ചില പ്രവാചകരും അങ്ങനെ ചെയ്തതായി ബൈബിളിൽ പരാമർശിക്കുന്നുണ്ട്. അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ട് ദേഹംവിട്ട ദേഹിയെ തിരിച്ചുകൊണ്ടുവരികയാണ് അവിടെ സംഭവിക്കുന്നത്. അതാകട്ടെ അൽപ സമയത്തേക്കു മാത്രമെ സംഭവിക്കുകയുള്ളൂ എന്നാക്ഷേപിക്കപ്പെടാനും സാധ്യതയുണ്ട്. അപ്രകാരം അയാൾ വളരെക്കാലം ജീവിച്ചിരുന്നാൽത്തന്നെ സാധാരണ ആത്മാവും പേറി അവനിവിടെ മാനുഷ്യകത്തിനുവേണ്ടി ഏത് ചെയ്യാൻ കഴിയും? അവർ ജീവിക്കുന്നതും മരിക്കുന്നതും സമമാണ്. പക്ഷേ, ഇവിടെ ‘ഖാതമുൽ അമ്പിയാഅ്’ ആയ തിരുനബി ﷺ യുടെ ബറകത്തുകൊണ്ട് ഉദാരനായ അല്ലാഹുവിനോട് പ്രാർഥിച്ചതിന്റെ ഫലമായി, അത്യുന്നതവും അതിമഹത്തരവുമായ ഒരു ദിവ്യാത്മാവിനെ അയക്കാമെന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. അവന്റെ ആന്തരി

കവും ബാഹ്യവുമായ അനുഗ്രഹങ്ങൾ ലോകമെങ്ങും ചൊരിയപ്പെടും’ (മജ്മൂഏ ഇശ്തിഹാറാത,് പേജ് 114, 15).

ഈസാ നബി(അ)യുടെ അമാനുഷികതയെ ഇകഴ്ത്തിക്കാണിക്കാനുള്ള ശ്രമമാണ് ഖാദിയാനീ മസീഹിന്റെത്. അത് വളരെ നിസ്സാരവും ഉപയോഗരഹിതവുമാണെന്നും പ്രത്യുത, തന്റെ പുത്രൻ അദ്ദേഹത്തെക്കാൾ ഉന്നതനും ഉപകാരിയുമാണെന്നും സമർഥിക്കുകയാണയാൾ.

അഴകൊഴമ്പൻ!

ഏപ്രിൽ 8ന് മിർസാ ഖാദിയാനി വീണ്ടും പരസ്യം ചെയ്തു: “1886 മാർച്ച് 22ലെ പരസ്യത്തിൽ ഒമ്പത് വർഷത്തിനുള്ളിൽ പുത്രൻ ജനിക്കുമെന്ന് പറഞ്ഞതിനെപ്പറ്റി, അത് സ്വാഭാവികം മാത്രമാണെന്ന് ഇന്ദ്രമൻ മുറാദാബാദിയെപ്പോലെയുള്ള ചിലർ ആക്ഷേപിക്കുകയുണ്ടായി. എന്നാൽ ഒമ്പത് വർഷത്തിനുശേഷവും അതിൽ പറയപ്പെട്ട മഹത്ത്വവും ഗുണങ്ങളും വ്യത്യാസപ്പെടാതെ നിലനിൽക്കുകയെന്നത് മഹത്തായ കാര്യം തന്നെയാണ്...’’

“ഇതിനെ സംബന്ധിച്ച് കൂടുതൽ വിശദീകരണത്തിനായി അല്ലാഹുവിനോടപേക്ഷിച്ചപ്പോൾ ഇന്ന് (8.4.1886) അല്ലാഹു അറിയിച്ചിരിക്കുന്നു: ‘ഉടനെത്തന്നെ ഒരാൺകുട്ടി ജനിക്കും. ഒരു ഗർഭകാലയളവി

ൽ അധികരിക്കയില്ല.’ ഒരാൺകുട്ടി ഉടനെ ജനിക്കുമെന്നുതന്നെയാണ് സൂചന. അല്ലെങ്കിൽ അടുത്ത ഗർഭത്തിൽ തീർച്ചയായും ആൺകുട്ടി ജനിക്കും. എന്നാൽ ഉടനെ ജനിക്കുന്ന കുട്ടി വാഗ്ദത്തപുത്രൻതന്നെയാവുമോ എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. ചിലപ്പോൾ ഒമ്പത് വർഷങ്ങൾക്കകം എപ്പോഴുമാവാം. പിന്നീടുണ്ടായ ഒരു ‘ഇൽഹാമിൽ,’ ‘വരാനിരിക്കുന്നവൻ ഇവൻ തന്നെ, അല്ലെങ്കിൽ വീണ്ടും പ്രതീക്ഷിക്കുക’ എന്ന് കാണുന്നു. ഉഗ്രപ്രതാപിയായ ദൈവത്തിന്റെ നിസ്സാരനായ അടിമ മാത്രമാണ് ഈ വിനീതൻ. അല്ലാഹു അറിയിക്കുന്നതെല്ലാം പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം. അപ്പപ്പോഴുണ്ടാവുന്ന ഇൽഹാമുകൾ തുടർന്നും പ്രസിദ്ധീക്കുന്നതാണ്’’ (അതേ പുസ്തകം; വാല്യം 1, പേജ് 116,117).

ഈ പരസ്യം വായിക്കുന്നവർക്ക് എന്താണ് മനസ്സിലാവുക? 20. 02.1886ന് ആദ്യമായി പ്രവചനം നടത്തുമ്പോൾതന്നെ ഖാദിയാനിയുടെ ഭാര്യ ഗർഭിണിയായിരുന്നു. മെയ് മാസത്തിൽ ഇസ്മത്ത് എന്ന പെൺകുട്ടി ജനിച്ചു. ഒരു ഗർഭകാലം എന്നു പറഞ്ഞത് ഒക്കുന്നെങ്കിൽ ഒക്കട്ടെ എന്നു കരുതിയാണ്! എന്തു സംഭവിച്ചു എന്ന് അറിയാൻ 1886 സെപ്റ്റംബർ 1 ലെ പരസ്യം കാണുക:

“മതഭ്രാന്തുകൊണ്ട് ഹൃദയം തുരുമ്പിച്ച, ദൈവഭയം തീണ്ടിയിട്ടില്ലാത്ത ചില എതിരാളികൾ ഏപ്രിൽ 8ലെ പരസ്യത്തെ ജൂതന്മാരെപ്പോലെ വ്യാഖ്യാനിച്ചുകൊണ്ട് നിഷ്‌കളങ്കരായ ആളുകളെ വഴികേടിലാക്കാൻ ശ്രമിക്കുകയാണ്. വാഗ്ദത്ത പുത്രൻ ജനിക്കുമെന്ന പ്രവചനം പുലർന്നില്ലെന്ന ആക്ഷേപത്തിന് ‘കള്ളം പറയുന്നവർക്ക് ശാപം’ എന്നല്ലാതെ എന്തു മറുപടി പറയാനാണ്!’’

“13.6.1886ന് ലാഹോറിലെ ഒരു റെയിൽവേ എക്‌സാമിനറായ നബി ബക്ഷ് എനിക്കെഴുതി: “താങ്കളുടെ പ്രവചനം അസത്യമായി പുലർന്നു. ഒരു പെൺകുട്ടിയാണ് താങ്കൾക്ക് ജനിച്ചത്. താങ്കൾ കള്ളപ്രവാചകനും വഞ്ചകനുമാണ്. ഈ കുരുടന്മാർക്ക് കാഴ്ചയും മണ്ടന്മാർക്ക് സദ്ബുദ്ധിയും ലഭിക്കാനായി പ്രാർഥിക്കുക മാത്രമെ നമുക്ക് ചെയ്യാനുള്ളൂ...’’

“ഇതേ ഗർഭത്തിൽത്തന്നെ ആൺകുട്ടി ജനിക്കുമെന്ന് എന്റെ പ്രവചനത്തിൽ എവിടെയാണ് പറഞ്ഞിട്ടുള്ളത്? 1886 ഏപ്രിൽ 8ലെ പരസ്യത്തിൽ ‘ഗർഭകാലയളവിൽ’ എന്നേ പറഞ്ഞിട്ടുള്ളൂ. നിലവിലുള്ള ഗർഭത്തിൽ എന്ന് പറയുന്നില്ല. പ്രസ്തുത വാക്യത്തിൽ ‘ഈ’ എന്നുണ്ടായിരുന്നാൽ പോലും ആക്ഷേപിക്കേണ്ട കാര്യമില്ല. ഇൽഹാമിലാകട്ടെ അങ്ങനെ പറയുന്നുമില്ല. വിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അഭാവംകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങളുന്നയിക്കുന്നത്. ബുദ്ധിയും വിവേകവുമുള്ളവർ കാര്യകാരണബന്ധങ്ങളുള്ള സോപാധികവാക്യങ്ങളെ വേണ്ടവിധം മനസ്സിലാക്കും’’ (അതേ പുസ്തകം; വാല്യം 1, പേജ് 125,126,131).

പെൺകുട്ടി ജനിച്ചതിനെപ്പറ്റി ‘സുറുമയെ ചശ്മയെ ആര്യ’യിൽ മിർസാ ഖാദിയാനിയുടെ വിശദീകരണം കാണുക: “അല്ലാഹു ഇപ്പോൾ ഒരു ആൺകുട്ടിയെ തരാതിരുന്നതിൽ തന്ത്രവും ഗുണവും അടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഒരു ആൺകുട്ടിയാണ് ജനിച്ചിരുന്നതെങ്കിൽ ഗർഭസ്ഥശിശു ആണോ പെണ്ണോ എന്ന് മുൻകൂട്ടി നിർണയിക്കാൻ കഴിയുമെന്ന് പറയുന്നവരിൽ യാതൊരു പ്രതികരണവും ഉണ്ടാകുമായിരുന്നില്ല. ലേഖ്‌റാമും മറ്റുചിലരും പറയുന്നപോലെ എനിക്ക് വൈദ്യശാസ്ത്രത്തിലുള്ള പ്രാവീണ്യത്താൽ മുൻകൂട്ടി അറിയുന്നതുകൊണ്ടാണ് ആൺകുട്ടി ജനിക്കുമെന്ന് പ്രവചിച്ചതെന്ന ആക്ഷേപം നിലനിൽക്കും.’’

“അതേപോലെ മുഹമ്മദ് റമദാൻ എന്നൊരാൾ 1886 മാർച്ച് 20ന് പഞ്ചാബി അഖ്ബാറിൽ എഴുതി: ‘പുത്രനുണ്ടാകുമെന്ന പ്രവചനം ദൈവദത്തമാകണമെന്നില്ല. അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥങ്ങൾ വായിച്ചവർക്ക് ഗർഭസ്ഥശിശു ആണോ പെണ്ണോ എന്ന് നിശ്ചയിക്കാൻ കഴിയും.’’

“എന്റെ മുസ്‌ലിം എതിരാളികളുടെ അഭിപ്രായത്തിൽ പ്രവചനത്തിന്റെ രണ്ടര മാസംമുമ്പേ ആൺകുട്ടി ജനിച്ചുവെന്നും അത് രഹസ്യമാക്കി വച്ചുവെന്നുമാണ്. അതുകൊണ്ട് അല്ലാഹു വാഗ്ദത്തപുത്രന്റെ ജനനം മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചത് ഏതായാലും നന്നായി. ഇപ്പോൾതന്നെ ജനിച്ചിരുന്നുവെങ്കിൽ ഈ പറഞ്ഞ ആക്ഷേപങ്ങൾക്ക് എങ്ങനെ മറുപടി പറയും?’’    

“ഇപ്പോൾ വാഗ്ദത്തപുത്രന്റെ ജനനം ദൈവിക സുവിശേഷമാണെന്നുതന്നെ തെളിഞ്ഞു. ഗർഭസ്ഥശിശുവിനെക്കുറിച്ച് അറിയാനുള്ള അരിസ്റ്റോട്ടിലിന്റെയും ജാലിനോസിന്റെയും നിയമങ്ങൾ സമർപ്പിക്കേണ്ടതില്ല. കുഞ്ഞിനെ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന ആക്ഷേപത്തിനും പഴുതില്ല. ഒമ്പതുകൊല്ലം താൻ  ജീവിച്ചിരിക്കുമെന്നുതന്നെ നിശ്ചയമില്ലാതിരിക്കെ, ഒരു പുത്രൻ ജനിക്കുമെന്ന് എങ്ങനെ ഉറപ്പിച്ചുപറയാനാവും?’’ (പേജ് 317).

(തുടരും)