ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ - 7

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 നവംബർ 25 , 1445 ജു.ഊലാ 11

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 40)

മനഃസാക്ഷി-മതസ്വാതന്ത്ര്യവും 25ാം അനുച്ഛേദവും

ശിരോവസ്ത്ര സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന പെൺകുട്ടികളുടെ അഭിഭാഷകർ ഉയർത്തിപ്പിടിച്ചിരുന്ന മൂന്നാമത്തെ വിഷയം ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന് നൽകിയിട്ടുള്ള മനഃസാക്ഷിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്വാതന്ത്ര്യമായിരുന്നു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഇനി പരിശോധിക്കുന്നത് ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിൽ ശിരോവസ്ത്രം അനുവദിക്കാമോ എന്നാണ്. ശിരോവസ്ത്രം അനുവദിക്കരുതെന്ന സർക്കാർ തിട്ടൂരത്തിന് അനുകൂലമായ വിധി നൽകുന്ന അദ്ദേഹത്തെ സംബന്ധിച്ച് ഈ അനുച്ഛേദത്തെ എങ്ങനെ സർക്കാറിന് അനുകൂലമാക്കി മാറ്റാൻ സാധിക്കുമെന്ന ചിന്ത മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അതിനനുസൃതമായ വ്യാഖ്യാനങ്ങൾ മാത്രമാണ് അദ്ദേഹം വിധിന്യായത്തിൽ നൽകിയിട്ടുള്ളത്.

എന്താണ് അനുച്ഛേദം 25?

Freedom of conscience and free profession, and propagation of religion എന്നാണ് ഈ അനുച്ഛേദത്തിന്റെ തലക്കെട്ട്. അഥവാ ‘മനഃസാക്ഷിക്കും സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചാരണത്തിനും മത പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം.’

ഈ തലക്കെട്ടിനു താഴെ എന്താണ് ഭരണഘടനയിൽ എഴുതിവെച്ചിട്ടുള്ളത് എന്ന് പരിശോധിക്കാം:

1) പൊതുസമാധാനത്തിനും സാന്മാർഗികതക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി എല്ലാ ആളുകളും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതം വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശത്തിനും ഒരുപോലെ അവകാശമുള്ളവരാകുന്നു.

2) ഈ അനുച്ഛേദത്തിലെ യാതൊന്നും (a) മതാചാരണത്തോട് ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവർത്തനത്തെയോ മതപരമായ മറ്റേതെങ്കിലും പ്രവർത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ, (b) സാമൂഹ്യക്ഷേമത്തിനും സാമൂഹ്യപരിഷ്‌കരണത്തിനും അല്ലെങ്കിൽ പൊതുസ്വഭാവമുള്ള ഹിന്ദുമത സ്ഥാപനങ്ങൾ എല്ലാ ഇനത്തിലും വിഭാഗത്തിലും പെട്ട ഹിന്ദുക്കൾക്ക് തുറന്നുകൊടുക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതോ ആയ, നിലവിലുള്ള നിയമത്തിന്റെ ഏതെങ്കിലും പ്രവർത്തനത്തെ ബാധിക്കുകയോ അങ്ങനെയുള്ള ഏതെങ്കിലും നിയമം നിർമിക്കുന്നതിൽനിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.

വിശദീകരണം 1) കൃപാണുകൾ ധരിക്കുന്നതും കൊണ്ടുനടക്കുന്നതും സിക്കുമത വിശ്വാസത്തിൽ ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാണ്.

വിശദീകരണം 2) 2ാം ഖണ്ഡത്തിലെ (b) ഉപഖണ്ഡത്തിൽ ഹിന്ദുക്കളെ പറ്റിയുള്ള പരാമർശത്തിൽ സിഖ് മതത്തിലോ ജൈനമതത്തിലോ ബുദ്ധമതത്തിലോ വിശ്വസിക്കുന്ന ആളുകളും ഉൾപ്പെടും.

25ാം അനുച്ഛേദം ഒരു അപഗ്രഥനം

ഒരു വ്യക്തിയുടെ അഭിപ്രായം രൂപപ്പെടുന്നത് രണ്ടു വിധേനയാവാം. ഒന്ന് സ്വന്തം ചിന്തയുടെ അടിസ്ഥാനത്തിൽ. അതിനെ മനഃസാക്ഷി (Conscience) എന്ന് വിളിക്കുന്നു. മറ്റൊന്ന് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ. അതിനെ മതം (Religion) എന്നും വിളിക്കുന്നു. ഏതു വിധേനയായിരുന്നാലും വിശ്വാസത്തിന് മാത്രമല്ല, ആചാരണത്തിനും പ്രസ്തുത വിശ്വാസവും ആചാരണവും പ്രചരിപ്പിക്കുന്നതിനും ഒരു പൗരന് അവകാശമുണ്ട് എന്നാണ് ഈ അനുച്ഛേദത്തിന്റെ ആകെത്തുക. എന്നാൽ ഇവ പൊതുസമാധാനത്തിനും സാന്മാർഗികതക്കും ആരോഗ്യത്തിനും കോട്ടംതട്ടുന്ന വിധത്തിലാവാൻ പാടില്ല. സിഖുകാർക്ക് കൃപാൺ ഉപയോഗിക്കാൻ പ്രത്യേക അനുമതിയാണ് ഭരണഘടന നൽകിയിട്ടുള്ളത്. കാരണം അത് പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ കോട്ടംതട്ടാൻ സാധ്യതയുള്ള വസ്തുവാണ്. അതുകൊണ്ട് അതിന് പ്രത്യേക അനുമതി വേണം. അതുകൊണ്ടാണ് അക്കാര്യം ഭരണഘടനയിൽ പ്രത്യേകമായി എഴുതിവെച്ചിട്ടുള്ളത്. ശിരോവസ്ത്രം ഉപയോഗിക്കുന്ന വ്യക്തിക്കോ മറ്റുള്ളവർക്കോ അവരുടെ സമാധാനത്തിനോ ആരോഗ്യത്തിനോ അവരുൾക്കൊള്ളുന്ന സാന്മാർഗികതക്കോ യാതൊരു പോറലും ഏൽപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ശിരോവസ്ത്രം പൊതുയിടങ്ങളിൽ ധരിക്കുന്നത് ഭരണഘടനയനുസരിച്ച് കുറ്റകരമല്ല എന്ന് മാത്രമല്ല, അതവരുടെ അവകാശംകൂടിയായി മാറുന്നു.

വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ ആചരിക്കുന്നതും പ്രചരിപ്പിക്കുന്നതും നിയന്ത്രിക്കുവാൻ ഒരു സർക്കാറിന് നിയമങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന സാഹചര്യങ്ങളാണ് 25(2) വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ബാധിക്കുന്ന വിധത്തിലുള്ള സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് അത്തരം കാര്യങ്ങളിൽ സർക്കാറിനോ പൊലീസിനോ ഇടപെടാൻ അനുമതിയുള്ളത്. പിന്നീടു പറഞ്ഞ കാര്യങ്ങൾ അഥവാ 25 2(b)യിലെ കാര്യങ്ങൾ ഹൈന്ദവ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളെ മാത്രം ബാധിക്കുന്നവയാണ്.

ശിരോവസ്ത്രം മതനിയമായിരുന്നാലും അല്ലെങ്കിലും ഒരാൾ അത് ധരിക്കുന്നത് അയാളുടെ വ്യക്തിപരമായ വസ്ത്ര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. മുകളിൽ പറഞ്ഞ ക്രമസമാധാനം, സാന്മാർഗികത, ആരോഗ്യം, സാമ്പത്തികം, ധനപരം, രാഷ്ട്രീയം തുടങ്ങിയ യാതൊരു ഘടകവും അതിനെ സ്വാധീനിക്കുന്നില്ല. തികച്ചും നിരുപദ്രവകരമായ ഒരു വേഷം എന്ന നിലയ്ക്ക് മനഃസാക്ഷിക്ക് അനുസരിച്ചും മതം അനുസരിച്ചും അത് പൗരന്റെ മൗലികാവകാശമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിൽ ഭരണകൂടത്തിന് ഇടപെടേണ്ട യാതൊരു സാഹചര്യവും നിലനിൽക്കുന്നില്ല.

എന്താണ് ഹേമന്ദ് ഗുപ്ത പറയുന്നത്?

മതം, മനഃസാക്ഷി തുടങ്ങിയ വിഷയങ്ങളിൽ പൗരന്റെ മൗലികാവകാശമാണ് പ്രധാനമെന്നും ഭരണകൂടങ്ങൾക്ക് അത് നിയന്ത്രിക്കുവാൻ അവകാശമില്ലെന്നുമുള്ള വാദങ്ങൾ അഭിഭാഷകർ നിരത്തിയത് കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ അംഗങ്ങളുടെ പ്രഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എന്നാൽ അസംബ്ലിയിലെ പ്രഭാഷണങ്ങൾ തെളിവല്ലെന്നും അസംബ്ലി ഏകോപിച്ച് എടുത്ത തീരുമാനങ്ങൾ മാത്രമാണ് പരിഗണിക്കാൻ സാധിക്കുക എന്നുമെല്ലാമാണ് ജസ്റ്റിസ് ഗുപ്തയുടെ ന്യായവാദങ്ങൾ. അദ്ദേഹം ഈ പറഞ്ഞതിനോട് ആർക്കും വിയോജിപ്പുണ്ടാവേണ്ട കാര്യമില്ല. എന്നാൽ ഓരോ അനുച്ഛേദവും ഭരണഘടനയിൽ ഉൾക്കൊള്ളിക്കുമ്പോൾ ഭരണഘടനാ ശിൽപിയായ ഡോ.ബി.ആർ.അംബേദ്കറെ പോലുള്ളവർ പറയുന്ന കാര്യങ്ങൾക്ക് പ്രസക്തിയും പ്രാമുഖ്യവുമുണ്ട് എന്ന കാര്യം വിസ്മരിക്കാവതല്ല. അതുമാത്രമാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. അഭിഭാഷകർ ചൂണ്ടിക്കാട്ടിയ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ ചില പ്രസക്തമായ ഭാഗങ്ങൾ താഴെ ചേർക്കുന്നു:

ഡോ.ബി.ആർ.അംബേദ്കർ അസംബ്ലിയിൽ പറഞ്ഞത്

സമത്വം എന്ന ആശയം സുന്ദരമാണെങ്കിലും സ്വാതന്ത്ര്യമില്ലാത്ത സമത്വം എന്ന ആശയം പൊള്ളയാണ് എന്നാണ് അംബേദ്കർ പറഞ്ഞതായി അഭിഭാഷകർ ഉയർത്തിക്കാട്ടിയ ഒരു പോയിന്റ്. അതായത് എല്ലാവരെയും സമത്വവത്കരിക്കുക എന്നതിലൂടെ ഒരു പ്രദേശത്തിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഒരുപക്ഷേ, സാധിച്ചേക്കാമെങ്കിലും അടിച്ചേൽപിക്കലിലൂടെ അത് നടപ്പാക്കുമ്പോൾ അതൊരു വൈകൃതമായി മാത്രമെ അനുഭവപ്പെടുകയുള്ളൂ എന്ന് സാരം. നമ്മുടെ ജനാധിപത്യം കേവലം രാഷ്ട്രീയ ജനാധിപത്യമല്ല, മറിച്ച് അതൊരു സാമൂഹിക ജനാധിപത്യമാണ് (Social Democracy)) എന്നായിരുന്നു അംബേദ്കറുടെ വാദം. അദ്ദേഹം ഒന്നുകൂടി വ്യക്തമാക്കുന്നത് ഇങ്ങനെ: ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് ഘടകങ്ങളെയും അംഗീകരിക്കുക എന്നതാണ് സാമൂഹിക ജനാധിപത്യത്തിന്റെ അടിസ്ഥാനം. ഇതിലെ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തുരങ്കം വെക്കലായിരിക്കും അത്. സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം വ്യക്തികളുടെ അവകാശങ്ങളെ ഇല്ലാതാക്കും’ (25.11.1949,- Constituent Assembly Debates, Volume XI, Page 979).

സർദാർ വല്ലഭായ് പട്ടേലിന്റെ അഭിപ്രായം

“ന്യൂനപക്ഷങ്ങളെ തിടുക്കത്തിൽ ഒരു പ്രത്യേക സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കാൻ ഞങ്ങൾക്ക് ഉദ്ദേശ്യമില്ല. രാജ്യം പുതിയ ഒരു അവസ്ഥയിലേക്ക് മാറുമ്പോൾ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മതേതര രാഷ്ട്രമാവുകയാണ് വേണ്ടത്. ഇങ്ങനെയുള്ള സാഹചര്യത്തിലേ, ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തിനുമേൽ വിശ്വാസം അർപ്പിക്കാൻ സാധിക്കൂ. അതുപോലെതന്നെ ഭൂരിപക്ഷവിഭാഗം ചിന്തിക്കേണ്ടത് ഇപ്പോഴത്തെ ന്യൂനപക്ഷത്തിന്റെ അവസ്ഥയിൽ അവർ എത്തിപ്പെട്ടാൽ എന്തായിരിക്കും അവരുടെ അവസ്ഥ എന്നാണ്’’ (25.5.1949 - Advisory Committee on Minorities by the Constituent Assembly).

പണ്ഡിറ്റ് ലക്ഷ്മികാന്ത മൈത്ര വ്യക്തമാക്കിയത്

മതേതരരാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, മതത്തിന്റെയോ സമുദായത്തിന്റെയോ അടിസ്ഥാനത്തിൽ, ഒരാൾ പ്രത്യേക വിശ്വാസം സ്വീകരിക്കുന്നുവെങ്കിൽ അയാൾക്കെതിരെ ഭരണകൂടം യാതൊരു വിവേചനവും കാണിക്കാൻ പാടില്ല എന്നാണ്. രാജ്യത്തെ ഒരു മതത്തിനും പ്രത്യേകമായ ഒരു മേൽകോയ്മയും ലഭിക്കില്ല എന്നാണ് ഇതിനർഥം. രാജ്യം ഒരു പ്രത്യേക മതം സ്ഥാപിക്കുകയോ സംരക്ഷിക്കുകയോ മറ്റുള്ളവരെ ഒഴിവാക്കുകയോ മുൻഗണന നൽകുകയോ ചെയ്യില്ല എന്ന് സാരം. ഭരണകൂട കാര്യങ്ങളിൽ ഒരു പ്രത്യേക മതത്തിന്റെയും അവകാശവാദങ്ങൾ പരിഗണിക്കപ്പെടുകയില്ല’’ (6.12.1948, അനുച്ഛേദം 25ന്റെ ചർച്ചാവേളയിൽ).

തജമ്മുൽ ഹുസൈന്റെ ഭേദഗതി

ബീഹാറിൽനിന്നുള്ള ഒരു നിയമജ്ഞനായിരുന്നു തജമ്മുൽ ഹുസൈൻ. കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ ഒരു അംഗമായിരുന്നു. ഒരു പുരോഗമനവാദിയായിരുന്ന അദ്ദേഹം മതപരമായ ചിട്ടകൾ പുലർത്തിയിരുന്നില്ല. അദ്ദേഹം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കവെ ഒരു ഭേദഗതി കൊണ്ടുവന്നിരുന്നു. മതപരമായ ആചാരങ്ങൾക്കോ വേഷങ്ങൾക്കോ ഒരു പരിഗണനയും നൽകരുത് എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. മതം വ്യക്തമാവുന്ന ഒരു വേഷവും ഒരാളും ധരിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതി. എന്നാൽ ഈ ഭേദഗതി അസംബ്ലി തള്ളിക്കളഞ്ഞു. തജമ്മുൽ ഹുസൈന്റെ ഭേദഗതി തള്ളപ്പെട്ടതിൽനിന്നും പൊതുയിടങ്ങളിൽ മതവേഷം ധരിച്ച് പ്രത്യക്ഷപ്പെടുന്നതിനെ തടയാനാവില്ല എന്നാണ് മനസ്സിലാക്കേണ്ടത് എന്ന് അഡ്വ.ദേവദത്ത് കാമത്ത് അടക്കമുള്ള അഭിഭാഷകർ വാദിച്ചിരുന്നു.

കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ അഭിപ്രായങ്ങൾ പരിഗണിക്കുകയാണെങ്കിൽ തജമ്മുലിന്റെയും അഭിപ്രായം പരിഗണിക്കേണ്ടതില്ലേ എന്നാണ് ഹേമന്ദ് ഗുപ്ത ചോദിക്കുന്നത്. മാത്രവുമല്ല, എ.കെ.ഗോപാലൻ-സ്റ്റേറ്റ് ഓഫ് മദ്രാസ് കേസിലും സ്റ്റേറ്റ് ഓഫ് ട്രാവൻകൂർ കൊച്ചിൻ-ബോംബേ കമ്പനി ആലപ്പി കേസിലും ഇന്ദ്രാ സാഹ്നി-യൂണിയൻ ഓഫ് ഇന്ത്യ കേസിലും കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ വാദങ്ങൾ തെളിവായി ഉദ്ധരിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരിക്കുന്നുവെന്നും ഹേമന്ദ് ഗുപ്ത പറയുന്നു.

എന്നാൽ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ മഹത്തുക്കളുടെ അഭിപ്രായങ്ങൾ അഭിഭാഷകർ ഉന്നയിച്ചത് അനുച്ഛേദം 25ൽ പറയുന്ന മതസ്വാതന്ത്ര്യംകൊണ്ട് രാഷ്ട്രശിൽപികൾ എന്താണ് ഉദ്ദേശിച്ചത് എന്ന് സമർഥിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ പ്രസംഗങ്ങൾ തെളിവായി ഉദ്ധരിക്കുകയായിരുന്നില്ല. എന്നാൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത രാഷ്ട്രശിൽപികൾ പറഞ്ഞ കാര്യങ്ങളെ കുറിച്ച് യാതൊന്നും പറയാതെ അതൊന്നും ഇക്കാര്യത്തിൽ തെളിവല്ല എന്ന് മാത്രം പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്.

അടുത്ത ലക്കത്തിൽ: മതസ്വാതന്ത്ര്യവും വിവിധ കേസുകളും