തീയേ, നീ തണുപ്പാവുക!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 നവംബർ 25 , 1445 ജു.ഊലാ 11

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 41)

വഹ്‌യ് ഒന്ന്, പുലർച്ച പലത്!

മേൽപറഞ്ഞ സംഭവം 1880 ലാണ് നടന്നത്. എന്നാൽ ഇരുപത്തഞ്ച് വർഷം പിന്നിട്ടപ്പോൾ 1905 മെയ് ആറിന് വീണ്ടും ഇതേ ‘വഹ്‌യ്’ അവതരിച്ചു! ഇത്തവണ രോഗിയും രോഗവും മാറി എന്നേയുള്ളൂ. തന്റെ ഏറ്റവും പ്രിയപ്പെട്ട അനുയായിയും പിൽക്കാലത്ത് ഒന്നാം ഖലീഫയുമായ ഹകീം നൂറുദ്ദീന്റെ രോഗം കലശലായതറിഞ്ഞ് മിർസാ ഖാദിയാനി നിരന്തരമായ പ്രാർഥനയിൽ മുഴുകി. അപ്പോഴാണ് ഇതേ സൂക്തം വള്ളിപുള്ളി വ്യത്യാസമില്ലാതെ വീണ്ടും അവതരിച്ചത്. ‘വ ഇൻ കുൻതും ഫീ റയ്ബിൻ...’ (പേജ് 440)

അടുത്തവർഷം 1906 മെയ് 22ന് ഇതേ വഹ്‌യിന്റെയും ഒപ്പം ചില സൂക്തങ്ങളുടെയും അവതരണ പശ്ചാത്തലം (സബബുന്നുസൂൽ) വിവരിക്കുന്നുണ്ട്: “മൂന്നാല് മാസങ്ങളായി എന്നെ ബാധിച്ച അസുഖം കാരണം ഞാനേറെ ദുർബലനായി മാറിയിരുന്നു. രണ്ടുനേരം പോലും പള്ളിയിൽ പോകാൻ സാധിച്ചില്ല. ഇരുന്നായിരുന്നു നമസ്‌കാരം നിർവഹിച്ചിരുന്നത്. ഒരു വരി എഴുതാൻ തുടങ്ങിയാൽ തലകറക്കം വരും. ശരീരത്തോടൊപ്പം മനസ്സും തളർന്നു. മരണം അടുത്തെത്തിയതുപോലെ തോന്നി.’’

“ഒപ്പം ഭാര്യക്കും രോഗം ബാധിച്ചു. കരളിനും ഗർഭാശയത്തിനും ബാധിച്ച രോഗം ഗുരുതരമായി. അവർ നിത്യരോഗിയായി എന്നുതന്നെ പറയട്ടെ. എനിക്ക് യുവത്വത്തിന്റെ ശക്തി തിരിച്ചുതരണേ എന്ന് ഞാൻ പ്രാർഥിച്ചു. ഭാര്യയുടെ രോഗശാന്തിക്കായും പ്രാർഥിച്ചു കൊണ്ടിരുന്നു. ഒരു ഇൽഹാം അവതരിച്ചു: ‘യൗവനകാലത്തെ പ്രകാശം നിനക്ക് തിരികെ തരും. യൗവനം തിരിച്ചു കൊണ്ടുവരും. നമ്മുടെ ദാസന് നാം ഇറക്കികൊടുത്തതിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഇതുപോലുള്ള ഒരു ചികിത്സ നിങ്ങൾ കൊണ്ടുവരിക. അവൾക്കും ആരോഗ്യവും പ്രസരിപ്പും നാം തിരിച്ചുനൽകും’’(പേജ് 529).

മിർസാ ഖാദിയാനിയുടെ ‘വഹ്‌യുകൾ’ ക്രോഡീകരിക്കും മുമ്പ് മുഖപത്രങ്ങളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരിക്കുകയായിരുന്നു പതിവ്. 25 വർഷങ്ങൾക്ക് മുമ്പ് തന്റെ രോഗശമനവുമായി ബന്ധപ്പെട്ട് ഇതേ വഹ്‌യ് പ്രസിദ്ധീകരിച്ച കാര്യം അയാൾ മറന്നു പോവുകയും പുതിയ സാഹചര്യത്തിലേക്ക് പറ്റിയത് എന്ന് കരുതി എഴുതുകയും ചെയ്തു എന്നതാണു നേര്. അദ്ദേഹംതന്നെ പറയാറുള്ള ഒരു പഴമൊഴിയുണ്ട്; ‘കളവു പറയുന്നവന് ഓർമശക്തി ഉണ്ടാവില്ല.’

തീയേ, നീ തണുപ്പാവുക!

1881ലെ ഒരു ‘മുഅ്ജിസത്ത്’ ഇങ്ങനെ: “വിളർച്ചരോഗം ബാധിച്ച ഒരു ഹിന്ദു ആര്യൻ രോഗം കലശലായി തീർത്തും നിരാശനായി എന്റെ അടുത്തുവന്ന് കരയാൻ തുടങ്ങി. അയാളുടെ ദയനീയാവസ്ഥ കണ്ട് എന്റെ കരളുരുകി. ഞാൻ ഏക ഇലാഹായ അല്ലാഹുവിനോട് കേണു പറഞ്ഞു. ഉടനെ ഇൽഹാം അവതരിച്ചു: ‘നാം അഗ്‌നിയോട് കല്പിച്ചു, നീ തണുപ്പും രക്ഷയും ആവുക!’ അയാളോടും ഖാദിയാനിലെ ഒരുപാട് ഹിന്ദുക്കളോടും ഞാൻ ഇൽഹാമിന്റെ കാര്യം പറഞ്ഞു. അൽഹംദുലില്ലാഹ്! ആ ഹിന്ദു കഠിനമായ രോഗത്തിൽനിന്ന് മുക്തനായി’’ (പേജ് 32).

ഇത്ര ‘മഹത്തായ’ ഒരു അമാനുഷികത വെളിപ്പെട്ടിട്ടും അയാളുടെ പേരുപോലും ഓർക്കുകയോ എവിടെയെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഖാദിയാനി പ്രവാചകൻ! ഈ വഹ്‌യ് ഹിന്ദുക്കൾക്ക് വേണ്ടി സ്‌പെഷ്യൽ ആണെന്ന് തോന്നുന്നു. നോക്കൂ, പിന്നീടൊരിക്കൽ മലാവാമിൽ എന്ന ഹിന്ദു ആര്യന് ഇതേ രോഗം ബാധിച്ചു. കലശലായ അവസ്ഥയിൽ മിർസയെ സമീപിച്ചപ്പോഴും തനിയാവർത്തനമായി ഇതേ വഹ്‌യ് തന്നെ അവതരിച്ചു! തുടർന്ന് എഴുതി: “ഞാൻ സ്വപ്‌നത്തിൽ അവനെ ക്വബ്‌റിൽനിന്ന് പുറത്തെടുത്തതായി കണ്ടിരുന്നു’’ (പേജ് 40).

ആര്യഹിന്ദുക്കളെ ക്വബ്‌റടക്കുകയാണോ ചെയ്യാറുള്ളത്? സുഖപ്പെട്ടു എന്ന് നമ്മൾ വിശ്വസിച്ചാൽ പോരേ? ഇത്തരം അമാനുഷിക കഥകളിലെ കഥാപാത്രങ്ങളും സാക്ഷികളും ഒക്കെയായിട്ടും ഒറ്റ ഹിന്ദു ആര്യന്മാരും ഈ രുദ്രഗോപാലകൃഷ്ണൻ ഖാദിയാനിയെ വിശ്വസിച്ചില്ല എന്നത് ഒരു ‘ദുഃഖസത്യ’മായി അവശേഷിക്കുന്നു.

വർഷങ്ങൾക്കു ശേഷം ഇതേ വഹ്‌യ് മൂന്നാമതും ഇൽഹാമിയോപ്പതിയായി അവതരിച്ചുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത്തവണ സ്വന്തം കുഴിനഖത്തിന്റെ കലശലായ വേദന മാറുന്നതിന്റെ സന്തോഷവാർത്തയായിരുന്നു അത് എന്ന് ഖാദിയാനി പ്രവാചകൻ രേഖപ്പെടുത്തുന്നു. (പേജ് 326)

ഇങ്ങനെ ആവശ്യാനുസരണം ഉപയോഗിക്കാൻ വേണ്ടിയാവാം, വിശുദ്ധ ക്വുർആനിൽ, അഗ്‌നിയോട് ഇബ്‌റാഹീമിന്റെ മേൽ തണുപ്പും രക്ഷയും ആകാൻ പറഞ്ഞ അതേ വഹ്‌യുകൾ ഇപ്പോൾ മിർസയ്ക്ക് അവതരിച്ചപ്പോൾ ആളുടെ പേര് പറയാതിരുന്നത്. അല്ലെങ്കിൽ ‘ഖുൽ യാ നാറു കൂനീ ബർദൻ വസലാമൻ അലാ മല്ലാവാമിൽ’ എന്ന് ഖാദിയാനികൾ ഓതേണ്ടി വരുമായിരുന്നു.

മലക്കിന്റെ ചികിത്സ ഫലിച്ചില്ല

പിന്നീട് കുറെക്കാലം രോഗശമന വഹ്‌യുകൾ അവതരിച്ചിരുന്നില്ല. 1895ൽ ഒരു വഹ്‌യ് വന്നു: “ഏറെക്കാലമായി എന്നെ അലട്ടിക്കൊണ്ടിരുന്ന പ്രമേഹരോഗം മൂലം കണ്ണിന്റെ കാഴ്ച കുറഞ്ഞുവന്നു. എപ്പോഴും കണ്ണിൽ വെള്ളമൊഴുകുകയും ചെയ്തുകൊണ്ടിരുന്നു. പൂർണമായി കാഴ്ച നഷ്ടപ്പെടുമോ എന്ന് അത്യധികം ആശങ്കയുണ്ടായപ്പോഴാണ് വഹ്‌യ് അവതരിച്ചത്: ‘നിന്റെ മൂന്ന് അവയവങ്ങളിൽ ഞാൻ കാരുണ്യം ചൊരിയും; കണ്ണിലും മറ്റു രണ്ട് അവയവങ്ങളിലും.’’

“കണ്ണിന്റെ കാര്യം എടുത്തു പറഞ്ഞെങ്കിലും മറ്റു രണ്ടെണ്ണം ഏതാണെന്ന് വ്യക്തമാക്കിയില്ല. മൂന്ന് അവയവങ്ങളാണ് ജീവിതത്തിന്റെ ആസ്വാദനം എന്ന് ആളുകൾ പറയാറുണ്ട്. കണ്ണും മൂക്കും കാതും. ഏതാണ്ട് പതിനെട്ടു വർഷമായി എന്നെ ഈ രോഗം ബുദ്ധിമുട്ടിക്കുന്നു. അത് കണ്ണിനെ എങ്ങനെ ബാധിക്കും എന്നത് ഡോക്ടർമാർക്കും ഹകീമുമാർക്കുമൊക്കെയാണ് അറിയുക’’ (പേജ് 227).

നേരത്തെ ഷേർ അലി എന്ന മലക്ക് കണ്ണിന്റെ എല്ലാ കാഴ്ചദോഷങ്ങളും അസുഖങ്ങളും ശസ്ത്രക്രിയ ചെയ്തു മാറ്റിയിരുന്നുവല്ലോ. ഇപ്പോൾ പറയുന്നത് കേട്ടില്ലേ, കാഴ്ച കുറഞ്ഞു എന്നും വെള്ളം ഒഴുകുന്നു എന്നുമൊക്കെ. അല്ലാഹു മലക്കിനെ അയച്ച് നൂതനമായ ചികിത്സ നടത്തിയിട്ടും ഫലിച്ചില്ലെന്നോ? ഇൽഹാമിയോപ്പതിയുടെ പോരിശ പറയുമ്പോൾ താൻ നേരത്തെ പറഞ്ഞ കാര്യം അദ്ദേഹം മറന്നു പോയി. നമുക്ക് അതൊന്നും പെട്ടെന്ന് മറക്കാൻ പറ്റില്ലല്ലോ. പ്രവാചകത്വവാദിയുടെ ‘വഹ്‌യുകൾ’ ആണല്ലോ നാം പഠനവിധേയമാക്കുന്നത്.

കണ്ണുരോഗം സുഖപ്പെട്ടു

“ഒരിക്കൽ നമ്മുടെ മകൻ ബഷീർ അഹ്‌മദിന് കണ്ണുരോഗം പിടിപെട്ടു. കൺപീലികൾ വീണുപോയി. നിർത്താതെ വെള്ളം ഒഴുകുന്നു. ഞാൻ പ്രാർഥിച്ചപ്പോൾ ഇൽഹാം വന്നു, ‘എന്റെ മകൻ ബഷീറിന്റെ കണ്ണുകൾ നന്നായി’ എന്ന്. ഒരാഴ്ച കഴിഞ്ഞതോടെ അവന്റെ കണ്ണുരോഗം പൂർണമായും സുഖമായി, ആരോഗ്യം തിരിച്ചുകിട്ടി. നേരത്തെ കൊല്ലങ്ങളോളം ഇംഗ്ലീഷ്, യൂനാനി ചികിത്സകൾ ചെയ്തിരുന്നു. പക്ഷേ, ഫലമുണ്ടായില്ല. എന്നുമാത്രമല്ല സ്ഥിതി വഷളാവുകയായിരുന്നു’’ (പേജ് 273).

വെറുതെ കാശുകളഞ്ഞു, ബുദ്ധിമുട്ട് സഹിക്കുകയും ചെയ്തു! ഇൽഹാമിയോപ്പതി കൈയിലുണ്ടായിരിക്കെ എന്തിനാ അലോപ്പതിയും യൂനാനിയുമൊക്കെ പരീക്ഷിച്ചത്?

‘മുഖം കറുത്തുപോയി’

“1900 ജൂൺ 18: മിനിയാന്ന് ഹുസൂറിന് കടുത്ത തലവേദന. അപ്പോഴാണ് കശ്ഫിലൂടെ ഒരു പരസ്യം കാണിച്ചത്. അതിൽ ഗസ്‌നവികളെപ്പറ്റിയാണ് പറഞ്ഞിരുന്നത്. അവസാനത്തെ വരിയിൽ ‘മുഖം കറുത്തു’ എന്ന് എഴുതിയിരുന്നു. ഉടനെ അറബിയിൽ ഇൽഹാം വന്നു: ‘മുഖങ്ങൾ കറുത്തുപോയി.’ ഏതോ ശത്രുക്കളെക്കുറിച്ചാണ് ഈ പരാമർശം’’ (പേജ് 664). എങ്ങനെയുണ്ട് ഖാദിയാനി പ്രവാചകന്റെ കശ്ഫും ഇൽഹാമും?!

തലവേദന മാറിയോ എന്ന് പറഞ്ഞില്ല

1900 നവംബറിലാണ് അടുത്ത ‘വഹ്‌യ്.’ മൗലവി അബ്ദുൽ കരീം പറയുന്നു: “കുറെ ദിവസങ്ങളായി ഞാൻ രോഗശയ്യയിലായിരുന്നു. ശരീരം നന്നേ ക്ഷീണിച്ചുപോയി. മൂന്നു ദിവസമായി ബശീർ മഹ്‌മൂദിനും അതികഠിനമായി പനിക്കുന്നു. മസീഹ് പറഞ്ഞു: ‘ഞാൻ പ്രാർഥിക്കാൻ വിചാരിക്കുകയായിരുന്നു. അപ്പോഴാണ് താങ്കൾ രോഗിയാണ് എന്നറിഞ്ഞത്. മൗലവി നൂറുദ്ദീനും കിടപ്പിലാണ്. ഞാൻ മൂന്നു പേർക്കും വേണ്ടി ദുആ ചെയ്തു. അപ്പോഴാണ് വഹ്‌യ് അവതരിച്ചത്, ‘നിന്റെ മക്കൾക്കും നിന്നെ പിൻപറ്റുന്നവർക്കും വേണ്ടിയുള്ള നിന്റെ പ്രാർഥന കേട്ടിരിക്കുന്നു’ എന്ന്’’(പേജ് 664).

തന്റെ മകനും രണ്ടുചിറകുകൾ എന്ന് വിശേഷിപ്പിച്ച മൗലവി അബ്ദുൽ കരീമും ഹകീം നൂറുദ്ദീനും ഒരേസമയം രോഗികളായപ്പോൾ അവരുടെ പ്രവാചകൻ പ്രാർഥിക്കുകയും രോഗം മാറുകയും ചെയ്തു എന്നതാണ് ഈ ‘വിശുദ്ധ ഗ്രന്ഥ’ത്തിലെ പ്രതിപാദ്യം. ഇതൊക്കെ വായിച്ച്, അതിമഹത്തായ കാര്യങ്ങളെന്നു വിശ്വസിച്ച് ഈ മതത്തിൽ ചേരണമെന്നാണ് ഇവരുടെ താൽപര്യം. വ്യാജ പ്രവാചകന് ഇങ്ങനെയൊക്കെയല്ലേ അണികളെ പിടിച്ചുനിർത്താൻ കഴിയുകയുള്ളൂ.

(തുടരും)