ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ശിയാ സിൽബന്തികളുടെ ദുരാരോപണങ്ങളും

മൂസ സ്വലാഹി കാര

2023 മാർച്ച് 04, 1444 ശഅ്ബാൻ 11

മത, ഭൗതിക നവോത്ഥാന പ്രവർത്തനങ്ങളിലും വിശ്വാസ സംസ്‌കരണത്തിന് പാതയൊരുക്കുന്നതിലും മുന്നിൽ നിന്ന പ്രമുഖ പണ്ഡിതന്മാരിൽ പ്രധാനിയാണ് ശൈഖുൽ ഇസ്‌ലാം അഹ്‌മദ് ഇബ്‌നു അബ്ദുൽ ഹലീം ഇബ്‌നു തൈമിയ്യ(റഹി). ഹിജ്‌റ 661ൽ ജനിക്കുകയും ഹിജ്‌റ 728ൽ മരണപ്പെടുകയും ചെയ്ത അദ്ദേഹം സമൂഹത്തിൽ പടർന്നുപിടിച്ച അന്ധ വിശ്വാസങ്ങൾക്കെതിരെ പടപൊരുതിയും പിഴച്ച കക്ഷികളെ പ്രാമാണികമായി നേരിട്ടും അഹ്‌ലുസ്സുന്നഃ വൽജമാഅഃയുടെ പടവാളായി മാറി. നേർമാർഗത്തിൽനിന്നും വ്യതിചലിച്ച ഖവാരിജുകൾ, ക്വദ്‌രിയ്യാക്കൾ, ശിയാക്കൾ, സ്വൂഫികൾ, മുഅ്തസിലികൾ, അശ്അരികൾ, മാതുരീദികൾ, ജഹ്‌മികൾ, മുർജിഅകൾ പോലുള്ള കക്ഷികൾക്ക് നൽകിയ മറുപടികൾ അദ്ദേഹത്തിന്റെ അറിവിന്റെ ആഴവും പരപ്പും മനസ്സിലാക്കിത്തരുന്നതാണ്.

വിശ്വാസം, കർമശാസ്ത്രം, ഹദീസ്, തഫ്‌സീർ, മതവിരോധികൾക്കുള്ള മറുപടി തുടങ്ങിയ മേഖലകളിൽ ഇമാം നടത്തിയ പഠനങ്ങളും രചനകളും ലോകത്തെല്ലായിടത്തും വ്യാപിച്ചതിനാൽ അദ്ദേഹത്തിന് ശേഷം വന്ന പണ്ഡിതന്മാരും പഠിതാക്കളും സത്യസന്ധരായ പ്രബോധന സംഘങ്ങളും ഈ സമയം വരെയും ആ വൈജ്ഞാനിക സംഭാവനകളെ ഏറ്റവും കൂടുതലായി ആശ്രയിച്ച് വരുന്നു. പണ്ഡിതലോകം ശൈഖിന് നൽകിയ ആദരവും സ്ഥാനവും ബോധ്യമാകുന്ന ചില വാക്കുകൾ ശ്രദ്ധിക്കുക:

ഇബ്‌നു റജബ് അൽഹമ്പലി(റഹി) പറയുന്നു: “പണ്ഡിതന്മാരും സജ്ജനങ്ങളും പടയാളികളും രാജകുമാരന്മാരും വ്യാപാരികളും പൊതുജനങ്ങളും ഇബ്‌നു തൈമിയ്യയെ സ്‌നേഹിച്ചു. കാരണം, തന്റെ നാവും അറിവുംകൊണ്ട് അവർക്ക് രാവും പകലും ഉപകാരപ്പെടാനാണ് അദ്ദേഹം നിലകൊണ്ടത്.’’

ഇബ്‌നു ഹജറുൽ അസ്‌ക്വലാനി(റഹി) പറയുന്നു: “ശൈഖ് തക്വിയുദ്ദീന്റെ ഇമാമത്തിന്റെ പ്രശസ്തി സൂര്യനെക്കാൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ ശൈഖ് എന്ന് വിളിച്ചത് ഇന്നും അതിന്റെ തനിമയിൽ നിലനിൽക്കുന്നു. ഇന്നലത്തെപ്പോലെ നാളെയും അത് തുടരും. അതിന്റെ മൂല്യത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ, വർണനകൾ ഒഴിവാക്കിയോ അല്ലാതെ ഇത് നിഷേധിക്കാനാവില്ല.’’

ജലാലുദ്ദീൻ സുയൂത്വി(റഹി) പറയുന്നു: “ഇബ്‌നു തൈമിയ്യ; ശൈഖ്, ഇമാം, പണ്ഡിതൻ, ഹാഫിദ്വ്, നിരൂപകൻ, അഗാധജ്ഞാനി, മുജ്തഹിദ്, ഉജ്വല വ്യാഖ്യാതാവ്, ഇസ്‌ലാമിന്റെ ശൈഖ്, വിരക്തിയുടെ അടയാളം, കാലഘട്ടത്തിന്റെ അപൂർവത എന്നീ വിശേഷണങ്ങളെല്ലാം ഉള്ളവരാണ്.’’

ശൈഖ് മതത്തിന് ചെയ്ത സേവനങ്ങളെയും ചെറുപ്പത്തിൽ തന്നെ ഓരോ വിഷയങ്ങളിലും അദ്ദേഹം അവഗാഹം നേടിയതിനെ കുറിച്ചും വിശദമായിപ്പറഞ്ഞ ഗ്രന്ഥങ്ങൾ ധാരാളമുണ്ട്.

അഹ്‌ലുസ്സുന്നഃ വൽജമാഅഃയിൽനിന്ന് അകന്ന് ശിയാ-സ്വൂഫീ ധാരകളിൽ ആകൃഷ്ടരായവർ ഇമാമിന്റെ ആദർശ മുന്നേറ്റത്തിനും പ്രമാണളോടു ചേർന്നുനിൽക്കുന്ന നിലപാടുകൾക്കും സംസ്‌കരണ പ്രവർത്തനങ്ങൾക്കും നേരെ വിമർശനത്തിന്റെ കൂരമ്പുകൾ പ്രയോഗിച്ചിട്ടുണ്ട്. അദ്ദേഹം കാഫിറാണെന്നു വരെ മുദ്രകുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് ഭരണാധികാരികൾ തണൽവിരിച്ചതിനാൽ അന്യായമായി അദ്ദേഹം ജയിലിലടക്കപ്പെട്ടു. അക്കാലത്തെ പണ്ഡിതന്മാരെ മൗനികളാക്കാൻ കാരണക്കാരായ താർത്താരികൾക്കെതിരെ പോരാട്ടം നയിച്ചും വൈജ്ഞാനിക മുന്നേറ്റം നടത്തിയും ഇമാം തന്റെ ലക്ഷ്യം കണ്ടു. യഅ്ക്വൂബ് അൽബക്‌രി, തക്വ്‌യുദ്ദീൻ സുബുകി, താജുദ്ദീൻ സുബുകി, അഹ്‌മദ് സൈനീ ദഹ്‌ലാൻ, ഇബ്‌നു ഹജർ ഹൈതമി, കുല്ലാബി, നബ്ഹാനി എന്നിവർ ശൈഖിനെ എതിർത്തവരിൽ ചിലരാണ്. അദ്ദേഹത്തിന്റെ കാലഘട്ടക്കാരും പിന്നീട് വന്ന പണ്ഡിതന്മാരും ഇമാം തന്നെയും ഇവരുടെ ആക്ഷേപങ്ങൾക്ക് കനത്ത ഭാഷയിൽ മറുപടി നൽകിയിട്ടുണ്ട്.

ശിയായിസത്തെ താലോലിക്കുന്ന, അജ്ഞത മുഖമുദ്രയായി കൊണ്ടുനടക്കുന്ന സമസ്ത പുരോഹിതന്മാർ പഴയ, ജീർണിച്ച ആരോപണങ്ങളെ ചികഞ്ഞ് പുറത്തെടുക്കുന്ന തിരക്കിലാണിപ്പോൾ. 2023 ജനുവരി ലക്കം സുന്നിവോയ്‌സിൽ ഒരു മുസ്‌ലിയാർ എഴുതിവിട്ട ആരോപണങ്ങളെ നമുക്കൊന്ന് പരിശോധിക്കാം:

മുസ്‌ലിയാർ എഴുതുന്നു: “ഹിജ്‌റ 728ൽ അന്തരിച്ച അഹ്‌മദ് ഇബ്‌നു തൈമിയ്യയാണ് യഥാർഥ തൗഹീദിനെ കളങ്കപ്പെടുത്തുന്ന ഒട്ടേറെ നൂതന ആശയങ്ങളുമായി പിന്നീടു കടന്നുവന്ന വ്യക്തി’’ (പേജ് 9).

ഇബ്‌നു തൈമിയ്യ(റഹി) തൗഹീദിനെ കേടുവരുത്തി, പുതിയ ആശയങ്ങൾ പ്രചരിപ്പിച്ചു എന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ജീവിതത്തെ സത്യസന്ധമായി വായിച്ചവർക്ക് ഇത് ഉൾക്കൊള്ളാനാവില്ല. ശിർക്കിന്റെ വ്യത്യസ്ത മുഖങ്ങളെ തകർക്കാൻ ഇമാം നടത്തിയ പ്രയത്‌നങ്ങളെ തൗഹീദിനെ നശിപ്പിക്കലായി മനസ്സിലാക്കാൻ ശിർക്കിന്റെ വക്താക്കൾക്കേ സാധിക്കുകയുള്ളൂ. ഇമാം എഴുതിയ ഗ്രന്ഥങ്ങളിലധികവും തൗഹീദിന് പ്രഥമ പരിഗണന നൽകുന്നവയാണ്. ‘അൽ ഉബൂദിയ്യ,’ ‘മജ്മൂഉൽ ഫതാവാ,’ ‘അൽഫർക്വു ബൈന ഔലിയാഇല്ലാഹി വ ഔലിയാഇശ്ശൈത്വാൻ,’ ‘അന്നുബൂവ്വാത്ത്’ എന്നിവ അവയിൽ പ്രധാനമാണ്. ‘മിൻഹാജു സ്സുന്നതുന്നബവിയ്യ’ എന്ന ഗ്രന്ഥത്തിൽ തൗഹീദിനെ സംബന്ധിച്ച് ഇമാം എഴൂതിയ ഏതാനും വരികൾ മാത്രം കാണുക: “തൗഹീദിന്റെ യാഥാർഥ്യമെന്നത് നാം അല്ലാഹുവിനെ ഏകനാക്കി ആരാധിക്കലും പ്രാർഥന, ഭയം, സൂക്ഷ്മത, ഭരമേൽപിക്കൽ, കീഴ്‌പെടൽ ഇതെല്ലാം അല്ലാഹുവിനല്ലാതെ സൃഷ്ടികളിൽ ഒരാൾക്കും നൽകാതിരിക്കലും മലക്കുകളെയും പ്രവാചകന്മാരെയും നാം രക്ഷാധികാരികളായി സ്വീകരിക്കാതിരിക്കലുമാണ്. പിന്നെ എങ്ങനെയാണ് നേതാക്കളെയും പണ്ഡിതന്മാരെയും അധികാരികളെയും മറ്റുള്ളവരേയും നാം സംരക്ഷകരായി കാണുക?’’

എത്ര കൃത്യമായാണ് ഇതിൽ തൗഹീദിന്റെ പ്രാധാന്യം എടുത്തുപറയുന്നത്! ഇതിലെവിടെയാണ് തൗഹീദിനെ കളങ്കപ്പെടുത്തുന്ന പരാമർശമുള്ളത്? ഇതെല്ലാം നൂതനാശയമാണെങ്കിൽ പ്രമാണങ്ങൾക്കും പ്രമാണങ്ങളെ വിശദീകരിച്ച നബി(സ)ക്കും ഉത്തമ തലമുറയിൽപെട്ടവർക്കും എന്ത് വിശേഷണമാണ് ഈ മുസ്‌ലിയാക്കന്മാർ നൽകുക? ആരാധനയാകുന്ന, പ്രാർഥനയടക്കമുള്ള കാര്യങ്ങൾ ജാറങ്ങൾക്കും മക്വ‌്ബറകൾക്കും മുമ്പിൽ അർപ്പിക്കുന്നവർക്കെന്ത് തൗഹീദ്!

മുസ്‌ലിയാർ വീണ്ടും എഴുതുന്നു: “പുതിയ പ്രസ്ഥാനങ്ങൾക്കെല്ലാം ആദ്യ നൂറ്റാണ്ടുകളിലെ പിഴച്ച കക്ഷികളുമായി ആശയസാമ്യത കാണുമെങ്കിലും ഇന്നുള്ള വികലാശയങ്ങളെ ഈ രൂപത്തിൽ പടച്ചുണ്ടാക്കിയതിനു പ്രധാന പ്രചോദനം ഇബ്‌നു തൈമിയ്യയായിരുന്നു’’ (പേജ് 9).

അഹ്‌ലുസ്സുന്നഃ വൽജമാഅഃയിൽനിന്ന് വ്യതിചലിച്ചവരുടെ മുഖം നോക്കാതെ, അവരുടെ വികലമായ ആശയങ്ങളുടെ അടിവേരറുത്ത ഇമാമിനെയാണിവർ പഴിക്കുന്നത്. നീതിബോധത്തോടെയും അവകാശ ധ്വംസനം നടത്താതെയും തെളിവുകൾ ചൂണ്ടിക്കാട്ടിയുമാണ് ഇമാം വഴിവിട്ട ചിന്താധാരകളെ നേരിട്ടത്. പിഴച്ച വിശ്വാസങ്ങൾക്ക് അനുകൂലമാകുന്ന ഒരു വാക്കുപോലും ഇമാം പറഞ്ഞിട്ടില്ല. ‘ഇക്വ‌്തിദാഉസ്സ്വിറാത്തിൽ മുസ്ത്വക്വീം,’ ‘മസാഇലുൽ ജാഹിലിയ്യ’ എന്നിവയും ക്വദ്‌രിയ്യാക്കൾ, ശിയാക്കൾ, മുഅ്തസിലിയാക്കൾ എന്നിവർക്ക് മറുപടിയായി എഴുതിയ ‘മിൻഹാജുസ്സുന്നതുന്നബവിയ്യ,’ ‘ദർഉ തആറുളിൽ അക്വ്‌ലി വന്നക്വ‌്ലി’ എന്നിവയും ഇവർ വായിച്ചിരുന്നെങ്കിൽ ഈ മണ്ടത്തരം എഴുതിവിടില്ലായിരുന്നു. ഇവരുടെ പ്രധാന നേതാക്കളായ ഹല്ലാജും ഇബ്‌നു അറബിയും കൊണ്ടുവന്ന പിഴച്ച സ്വൂഫീചിന്തകളെ തന്റെ മജ്മൂഉൽ ഫതാവയിലൂടെ ഇമാം പ്രത്യേകം എതിർത്തത് ഇക്കൂട്ടരെ വല്ലാതെ ചൊടിപ്പിക്കുന്നതിന്റെ ഫലമാണിതെല്ലാം.

മുസ്‌ലിയാർ എഴുതുന്നു: “ക്വുർആനിന്റെയും സുന്നത്തിന്റെയും വ്യാഖ്യാനം ശരിയായ രൂപത്തിൽ പാരമ്പര്യമായി ലഭിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തിരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കാനും തന്റെ പരിഷ്‌കാരങ്ങളും നവീനാശയങ്ങളും ജനങ്ങൾക്കു പകർന്നു കൊടുക്കാനുമായി ഇബ്‌നു തൈമിയ്യ പ്രമാണങ്ങളിൽ എമ്പാടും ദുർവ്യാഖ്യാനങ്ങൾ നടത്തി’’ (പേജ് 9).

നാളിതുവരെ ശിയാക്കളെ പിൻപറ്റി സമസ്ത പുരോഹിതന്മാർ ചെയ്തുവരുന്ന പ്രമാണ ദുർവ്യാഖ്യാനവും വ്യക്തികളെ കാഫിറാക്കലും ഒരു മഹാപണ്ഡിതന്റെ മേൽ മുസ്‌ലിയാർ വെച്ച് കെട്ടുകയാണിണിവിടെ. പ്രമാണങ്ങളിലുള്ള കാര്യങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുകയും അടിസ്ഥാന പ്രമാണങ്ങളെ തെറ്റായി വ്യാഖ്യാനിച്ചവരെ പരസ്യമായി വിചാരണ നടത്തുകയും ചെയ്ത ശൈഖിനെ ഈ രീതിയിൽ അവതരിപ്പിക്കാൻ മതത്തോട് പ്രതിബദ്ധതയുള്ളവർക്ക് ഒരിക്കലും കഴിയില്ല.

എത്രയെത്ര വികല വാദങ്ങളെയാണ് ഇക്കൂട്ടർ ആയത്തുകൾ ദുർവ്യാഖ്യാനിച്ച് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളത്! ഒരു നിലയ്ക്കും തെളിവാക്കാൻ പറ്റാത്ത ദുർബല റിപ്പോർട്ടുകളെയും നിർമിത കഥകളെയും സ്വീകരിച്ച് ഇവർ സമൂഹത്തിൽ പരത്തിയ പിഴവുകൾ എത്രയാണ്!

‘സുന്നി സാഹിത്യതറവാട്ടിലെ കാവലാൾ’ എന്ന് ഒരിക്കൽ സമസ്ത വിശേഷിപ്പിച്ച കെവിഎം പന്താവൂരിനെപ്പറ്റി അവർതന്നെ എഴുതിയത് കാണുക: “ക്വുർആൻ പരിഭാഷ തികച്ചും അബദ്ധ ജഡിലവും തോന്നിവാസവുമാണെന്നും അതെഴുതിയുണ്ടാക്കിയ വകയിൽ കൂറ്റനാട് മുസ്‌ലിയാർ മുർത്തദ്ദും കാഫിറുമായിട്ടുണ്ടെന്നും അന്ന് സമസത സെക്രട്ടറി ഫത്‌വ പുറപ്പെടുവിച്ചത് ജനങ്ങൾ മറന്നിട്ടില്ല’’ (സിറാജ് /1988 നവംബർ 21/ചൊവ്വ).

ഇതര മുസ്‌ലിം സംഘടനകളിൽപെട്ടവരെ കാഫിറുകളായി വിധിപറയാനും ഇവർക്ക് മടിയില്ല. 1994 മാർച്ച് മാസത്തെ സുന്നിവേദിയിൽ എഴുതിയത് നോക്കൂ: “വഹാബികളും മൗദൂദികളും അസ്‌ലിയ്യായ കാഫിറുകളെക്കാൾ കടുത്ത കാഫിറുകളല്ലേയെന്ന് മുസ്‌ലിമീങ്ങൾ ചിന്തിച്ച് നോക്കുക.’’

വ്യക്തികളെ എടുത്തുപറഞ്ഞ് കാഫിറാക്കുക എന്നത് ഇബ്‌നു തൈമിയ്യ(റ)യുടെ സ്വഭാവമോ രീതിയോ ആയിരുന്നില്ല. അദ്ദേഹം പറയുന്നു: “കാഫിറാക്കുക എന്നത് മതവിധിയാണ്. അറിവിന്റെയും നബിചര്യയുടെയും ആളുകൾക്ക് എതിരായുള്ളവർ അവരെ കാഫിറാക്കിയാലും അതുപോലുള്ളതുകൊണ്ട് ഒരാളെ ശിക്ഷിക്കാൻ പാടില്ലെന്നതിനാൽ അവർ ആരെയും കാഫിറാക്കുകയില്ല. ഒരാൾ നിന്നെ കളവാക്കി, അല്ലെങ്കിൽ നിന്റെ ഭാര്യയെ വ്യഭിചരിച്ചു; അല്ലാഹു ഇത് നിഷിദ്ധമാക്കിയതിനാൽ നീ തിരിച്ച് അങ്ങനെ ചെയ്യാൻ പാടില്ല. കാഫിറാക്കുക എന്നത് അല്ലാഹുവിന്റെ അവകാശത്തിൽപെട്ടതാണ്. അല്ലാഹുവിനെയും നബി ﷺ യെയും നിഷേധിച്ചവനാരോ അവനാണ് അതിൽപെടുക’’ (അർറദ്ദു അലൽ ബക്‌രി).

അജ്ഞരായ ധാരാളം പേർ തെളിവും ന്യായവുമില്ലാതെ വ്യക്തികളെ കാഫിറാക്കുന്നതിന്റെ അപകടം ഇമാം തന്റെ മജ്മൂഉൽ ഫതാവയിൽ വിശദീകരിച്ചത് കാണാവുന്നതാണ്. സമൂഹത്തിന്റെ മതപരവും സാമൂഹികവുമായമായ ഉന്നമനത്തിനായി അറിവിനെ ആയുധമാക്കി ജീവിച്ച പണ്ഡിതന്മാരെ ഈ രൂപത്തിൽ വേട്ടയാടുന്ന പരലോക ചിന്തയില്ലാത്തവർ ക്വുർആൻ നൽകിയ താക്കീതിനെ ഭയക്കട്ടെ. അല്ലാഹു പറയുന്നു:

“നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങൾ ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും. (നബിയേ,) അവർക്ക് വല്ല നേട്ടവും വന്നുകിട്ടിയാൽ അവർ പറയും; ഇത് അല്ലാഹുവിങ്കൽനിന്ന് ലഭിച്ചതാണ് എന്ന്. അവർക്ക് വല്ല ദോഷവും ബാധിച്ചാൽ അവർ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്. പറയുക: എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നുള്ളതാണ്. അപ്പോൾ ഈ ആളുകൾക്ക് എന്തുപറ്റി? അവർ ഒരു വിഷയവും മനസ്സിലാക്കാൻ ഭാവമില്ല’’ (ക്വുർആൻ 4:78).

(തുടരും)