തൗഹീദിലേക്ക് ക്ഷണിക്കപ്പെടുന്നു

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 നവംബർ 11 , 1445 റ.ആഖിർ 27

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 04)

സത്യവിശ്വാസികൾ സ്വീകരിച്ചുകഴിഞ്ഞതും എന്നാൽ യഹൂദസമൂഹത്തിന് നിഷേധിക്കാൻ സാധിക്കാത്തതുമായ ഒരു ആദർശത്തിലൂടെ വിശ്വാസികളുമായി യോജിക്കുവാൻ ക്വുർആൻ യഹൂദർ ഉൾപ്പെടെയുള്ള വേദക്കാരോട് ആവശ്യപ്പെട്ടിരുന്നു. അതേ ആദർശമാണ് നിങ്ങളുടെ പ്രവാചകന്മാരിൽനിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നതെന്നും നിങ്ങളുടെ വിശുദ്ധ വേദഗ്രന്ഥങ്ങളിൽ അതിനെക്കുറിച്ചുള്ള ശിക്ഷണമാണ് നൽകപ്പെട്ടിരിക്കുന്നതെന്നും സോദാഹരണം ക്വുർആൻ അവരുമായി ബൗദ്ധികസംവാദം നടത്തി.വിനയത്തോടും തുറന്ന ഹൃദയത്തോടുമുള്ള സൗഹൃദ സംഭാഷണം, ദൃഷ്ടാന്തങ്ങൾ നിരത്തിക്കൊണ്ടുള്ള ആശയസംവാദം ഇതാണ് ക്വുർആനിന്റെ ശൈലി.

ഖേദകരമെന്നു പറയട്ടെ, വിശ്വാസിസമൂഹത്തെപ്പറ്റി മുൻധാരണ പുലർത്തിയിരുന്ന യഹൂദർ ഈ പ്രബോധന പ്രവർത്തനങ്ങൾക്കനുകൂലമായി ചിന്തിക്കുവാൻ തയ്യാറായില്ല. ആരോപണങ്ങളും അപവാദങ്ങളും ശബ്ദകോലാഹലങ്ങളും പ്രമാണങ്ങളെ അട്ടിമറിക്കലും മാത്രമായിരുന്നു അവരുടെ മറുപടി. ക്വുർആൻ പറയുന്നു:

“(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്ത്വത്തിലേക്ക്). എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്നപക്ഷം നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്‌പെട്ടവരാണ് എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചുകൊള്ളുക’’ (ആലുഇംറാൻ: 64).

വേദക്കാരെന്നു ക്വുർആൻ വിശേഷിപ്പിച്ച യഹൂദസമൂഹത്തെ സംബന്ധിച്ച് ജ്യൂയിഷ് എൻസൈക്ലോപീഡിയ (യഹൂദ സർവ വിജ്ഞാനകോശം) രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: “ഇസ്രയേൽ പ്രവാചകന്മാരുടെ വിഗ്രഹാരാധനാവിരോധവും അതൃപ്തിയും വ്യക്തമാക്കുന്നത് ഇസ്രയേല്യരിൽ പൗരാണിക കാലംമുതൽ തന്നെ വിഗ്രഹാരാധന ഉണ്ടായിരുന്നുവെന്നാണ്. ബാബിലോണിയയിൽ പ്രവാസജീവിതം കഴിഞ്ഞ് സ്വന്തം നാട്ടിൽ മടങ്ങിയെത്തിയപ്പോൾ പോലും അവർക്കിടയിൽ അതിന്റെ സ്വാധീനം പൂർണമായും നിലച്ചിരുന്നില്ല. ബഹുദൈവത്വപരമായ ധാരാളം വിശ്വാസങ്ങളും യാതൊരടിസ്ഥാനവുമില്ലാത്ത ആചാരങ്ങളും അവർ സ്വീകരിക്കുകയും ചെയ്തു...’’

പ്രവാചകൻ തിരുമേനിﷺയുടെ വ്യക്തിത്വം, അദ്ദേഹത്തിന്റെ സ്വകാര്യജീവിതം, അനുയായികളുടെ വ്യക്തിത്വത്തിൽ ആഴത്തിൽ സ്വാധീനിച്ച സംഭവങ്ങൾ, ആ ശിക്ഷണ സംസ്‌കരണത്തിലൂടെ ഉടലെടുത്ത വിസ്മയാവഹമായ പ്രതിഫലനങ്ങൾ, ക്വുർആനിന്റെതന്നെ പ്രൗഢോജ്വലങ്ങളായ വിഷയങ്ങൾ... ഇവയെല്ലാം തന്നെ സ്രഷ്ടാവിന്റെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളായിരുന്നുവെങ്കിലും ആ ദൃഷ്ടാന്തങ്ങൾ കണ്ടിട്ടും നബിﷺയുടെ പ്രവാചകത്വത്തിൽ സംശയിക്കുകയെന്നത് പ്രവാചകന്മാരുടെ ശൈലിയും വേദഗ്രന്ഥങ്ങളുടെ സ്വഭാവവും മനസ്സിലാക്കിയ ഒരുസമൂഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരുന്നു. ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് മുൻ പ്രവാചകന്മാർ വാഗ്ദാനം ചെയ്തിരുന്നത് മുഹമ്മദ് നബിﷺയെപ്പറ്റിയായിരുന്നെന്ന് വേദക്കാരിൽ എത്രയോ പേർ, വിശിഷ്യാ അവരിലെ പണ്ഡിതന്മാർ തീർത്തും മനസ്സിലാക്കിയിരുന്നു. നബിﷺ സത്യവാനാണെന്നും അദ്ദേഹം ഉന്നയിക്കുന്ന ശിക്ഷണ നിർദേശങ്ങൾ ദൈവികമാണെന്നും പലപ്പോഴും അവർ അറിയാതെതന്നെ സമ്മതിച്ചിരുന്നു.

ഇക്കാരണങ്ങൾ കൊണ്ട്, നിങ്ങൾ നഗ്‌നദൃഷ്ടികൾകൊണ്ട് നോക്കിക്കാണുകയും സത്യമെന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന, അല്ലാഹുവിന്റെ ദൃക്ഷ്ടാന്തങ്ങളെ മനഃപൂർവം കളവാക്കുകയാണെന്ന് ക്വുർആൻ യഹൂദർക്കെതിരിൽ കുറ്റാരോപണം നടത്തുന്നതായി കാണാം: “വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്റെ തെളിവുകളിൽ അവിശ്വസിക്കുന്നത്? നിങ്ങൾതന്നെ (അവയ്ക്ക്) സാക്ഷ്യം വഹിക്കുന്നവരാണല്ലോ. വേദക്കാരേ, നിങ്ങളെന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടികലർത്തുകയും അറിഞ്ഞുകൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യുന്നത്?’’ (ആലുഇംറാൻ:70-71).

എത്ര കടുത്തകുറ്റം ചെയ്താലും തങ്ങൾക്ക് രക്ഷയുണ്ട്, അന്ത്യദിനത്തിൽ ദൈവികസാമീപ്യം സിദ്ധിക്കുന്നവർ തങ്ങളായിരിക്കും, തങ്ങളെ മാത്രമെ ദൈവം കടാക്ഷിക്കൂ, വല്ല പാപവും പ്രവർത്തിച്ചാൽ തന്നെ മഹാത്മാക്കളുടെ പുണ്യം(ബറകത്ത്)കൊണ്ട് അവയെല്ലാം ദൈവം കഴുകിക്കളയും എന്നൊക്കെയുള്ള ചില മിഥ്യാധാരണകൾ യഹൂദർ വെച്ചുപുലർത്തിയിരുന്നു.

യഹൂദ സംഹിതകളുടെ അടിസ്ഥാനം

യഹൂദപുരോഹിതർ വ്യക്തമാക്കിയതനുസരിച്ച്, ലിഖിതമായ നിലയിൽ ഒരു നിയമസംഹിത യഹൂദർക്ക് ലഭിച്ചിട്ടില്ലായിരുന്നു. പ്രവാചകന്മാരിലൂടെ വാക്കാലും പ്രവൃത്തിയാലും ലഭിച്ച ചില നിർദേശങ്ങൾ ശിഷ്യന്മാരിലൂടെ, പുരോഹിതന്മാരിലൂടെ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. ഇവരുടെ അടിസ്ഥാന ഗ്രന്ഥമായി പരിഗണിച്ചുവരുന്ന തൗറാത്ത് തന്നെ രണ്ടുവിധമാണ്; ഫലസ്തീനിയനും ബാബിലോണിയനും. ഫലസ്തീനിയൻ തൗറാത്ത് ക്രിസ്തുവർഷം 3-5 നൂറ്റാണ്ടുകൾക്കിടയിലും ബാബിലോണിയൻ തൗറാത്ത് ഇറാക്കിൽ 5ാം നൂറ്റാണ്ടിലും വിരചിതമായതാണ്. രചിക്കപ്പെട്ട പ്രദേശത്തിന്റെ പ്രാദേശിക ഭാഷാ സ്വാധീനം ഇതിൽ വ്യക്തമാകുന്നു. ഫലസ്തീനിയൻ തൗറാത്തിന്റെ നാലിരട്ടി വലിപ്പമുള്ളതാണ് ബാബിലോണിയൻ തൗറാത്ത്. ഇതിന്റെ പേജുകൾതന്നെ ഏകദേശം 5894ൽപരം വരും. 12 വാല്യങ്ങളായിട്ടാണ് ഇത് അച്ചടിക്കുന്നത്.

തങ്ങൾ പുലർത്തിയിരുന്ന വംശീയതയും വർഗീയതയും ഇതരസമൂഹങ്ങളുടെ ശ്രദ്ധയിൽപെടാൻ സാധ്യതയുള്ളതിനാലും ബഹുഭൂരിപക്ഷംവരുന്ന ക്രിസ്ത്യാനികളെ ഭയന്നുകൊണ്ടും തൗറാത്ത് മറ്റുള്ളവരുടെ ശ്രദ്ധയിൽ വരാതിരിക്കാൻ യഹൂദർ ശ്രദ്ധിച്ചിരുന്നു. യഹൂദർക്കെതിരിലുള്ള പ്രതിഷേധമെന്നവണ്ണം ക്രി:1242ൽ ഫ്രാൻസിൽ തൗറാത്തിന്റെ പ്രതികൾ പരസ്യമായി കത്തിച്ചുകളയാൻ ഗവണ്മെന്റുതന്നെ കൽപിക്കുകയുണ്ടായി. തുടർന്ന് വിവിധകാലയളവുകളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഫലസ്തീൻ-ബാബിലോണിയൻ തൗറാത്തുകൾ സംയോജിപ്പിച്ചുകൊണ്ട് സംയുക്ത തൗറാത്തിന്റെ പ്രഥമ പതിപ്പ് അച്ചടിക്കപ്പെട്ടത് ക്രി:1520നും 1524നും മധ്യെയാണ്. ഇറ്റലിയിൽ ആയിരുന്നു ഇതിന്റെ ആദ്യത്തെ അച്ചടി.

ക്രിസ്ത്യാനികളിൽ സ്വഭാവദൂഷ്യം ആരോപിക്കുന്നുവെന്ന വിവാദത്തിന്റെ ഭാഗമായി ഇറ്റലിയിൽ ക്രി:1553ൽ തൗറാത്ത് പരസ്യമായി ചുട്ടെരിച്ചു. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രി:1831ൽ കൂടിയ യഹൂദ കൗൺസിൽ തീരുമാനപ്രകാരം ക്രിസ്ത്യാനികൾക്കെതിരിൽ തൗറാത്തിൽ രേഖപ്പെടുത്തിയിരുന്ന ആരോപണങ്ങൾ അവരെ ഭയന്ന് നീക്കംചെയ്യുകയുണ്ടായി.

(തുടരും)