ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 4

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

(ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 4)

സെക്കുലറിസം എന്ന ആശയത്തിന് നൽകപ്പെടേണ്ട വ്യാഖ്യാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടു തുടങ്ങിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത തുടർന്ന് ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ യാതൊരു തകരാറുമില്ല എന്നാണ് പറഞ്ഞുവന്നത്. സെക്കുലറിസം ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഒതുങ്ങി നിൽക്കണമെന്നും അത് പൊതുയിടങ്ങളിലേക്ക് വരുമ്പോൾ അതിനെ നിയന്ത്രിക്കാൻ സർക്കാറുകൾക്ക് ഭരണഘടന അധികാരം നൽകിയിട്ടുണ്ട് എന്നുമെല്ലാമാണ് അദ്ദേഹം നൽകുന്ന വ്യാഖ്യാനങ്ങൾ. ഒരു വിദ്യാലയത്തിൽ എല്ലാ വിദ്യാർഥികളും ഒരേ രൂപത്തിൽ വരിക എന്നതിലൂടെ സെക്കുലറിസത്തെ മാത്രമല്ല, ഡെമോക്രസിയെയും അതുവഴി വിദ്യാർഥികളിൽ വളർത്താൻ സാധിക്കുമെന്നതാണ് അദ്ദേഹം കണ്ടെത്തുന്ന ന്യായങ്ങൾ.

ഭാരതസ്ത്രീയുടെ ഭാവശുദ്ധിയും ശിരോവസ്ത്രവും

ഹേമന്ദ് ഗുപ്ത പറഞ്ഞ ഈ ന്യായങ്ങൾ പ്രത്യക്ഷത്തിൽ ശരിയെന്ന് തോന്നിയേക്കാമെങ്കിലും ആഴത്തിൽ ചിന്തിക്കുമ്പോൾ അതിലെ അബദ്ധങ്ങൾ ബോധ്യപ്പെടും. വേഷം ഓരോരുത്തരുടെയും സാംസ്‌കാരിക ഭാവം കൂടിയാണ്. ഒരു ഇന്ത്യൻ വനിതയുടെ വസ്ത്രരീതികളിൽ തല മറയ്ക്കുക എന്നത് പൊതുവിൽ കടന്നുവരില്ലെങ്കിലും ഉടൽ മുഴുവൻ മറയുക എന്നത് ഏതൊരു ഭാരതസ്ത്രീയും അവരുടെ പാതിവ്രത്യമായി കരുതുന്ന കാര്യമാണ്. മാറിടം പ്രദർശിപ്പിച്ചോ തുടഭാഗങ്ങൾ പ്രദർശിപ്പിച്ചോ നടക്കുവാൻ മതഭേദമന്യെ ഇന്ത്യയിലെ ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. അതവരുടെ ഭാവശുദ്ധിയുടെയും ലജ്ജാശീലത്തിന്റെയും ഭാഗം കൂടിയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ കഴിയുന്ന ഒരു ഭാരതസ്ത്രീ അവിടെയുള്ള സ്ഥാപനങ്ങളിൽ തുടഭാഗം പോലും പ്രദർശിപ്പിച്ചുകൊണ്ട് ജോലി ചെയ്യാൻ നിർബന്ധിപ്പിക്കപ്പെടുമ്പോൾ അവളിലുണ്ടാകുന്ന ധാർമിക-സദാചാര ബോധങ്ങൾ അതിനെതിരെ പ്രതികരിക്കാനോ ജോലിയിൽനിന്ന് മാറി നിൽക്കാനോ പ്രേരിപ്പിക്കുന്നു. ഉപജീവനത്തിന് വേണ്ടി നിർബന്ധിതമായ സാഹചര്യത്തിൽ ഒരുപക്ഷേ, ചിലർ ആ നിയമങ്ങൾ അനുസരിച്ചെന്നുവരാമെങ്കിലും ഒരിക്കലും അവർ അത്തരം വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടില്ല എന്നതാണ് വാസ്തവം.

ഏതൊരു സ്ത്രീയോടും അവൾ ശീലിച്ചുവന്ന വസ്ത്രരീതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെടുമ്പോൾ അവളിലുള്ള പാതിവ്രത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. സ്ഥിരമായി തല മറച്ച് ശീലിച്ച ഒരു പെൺകുട്ടിയെ പൊതുയിടങ്ങളിൽ തല തുറന്നിടാൻ നിർബന്ധിക്കുമ്പോൾ അവളിലുണ്ടാക്കുന്ന മാനസിക പ്രശ്ങ്ങളും ഇതുപോലെ തന്നെയാണ്. ഇത് മനസ്സിലാക്കാതെ ‘തല മറച്ചില്ലെങ്കിൽ എന്ത് സംഭവിക്കാൻ’ എന്ന് ചോദിക്കുന്നത് വിവേകപൂർണമല്ല. എല്ലാവരെയും ഒരേ രൂപത്തിൽ കൊണ്ടുവരിക എന്ന പുറമോടികൾകൊണ്ട് ഈ സാംസ്‌കാരിക ബോധത്തിനുമേൽ മറയിടാൻ സാധിക്കില്ല എന്നതാണ് വാസ്തവം.

ബഹുസ്വരതയുടെ പൂന്തോട്ടമാണ് വിദ്യാലയം

മറ്റൊന്ന്, വൈവിധ്യപൂർണമായി പരിലസിക്കേണ്ട ഒരു പൂന്തോട്ടമാണ് വിദ്യാലയങ്ങൾ എന്ന സങ്കൽപത്തെ യൂണിഫോം എന്ന ആധുനിക വസ്ത്രസങ്കൽപം നിരാകരിക്കുന്നു എന്നതാണ്. മതേതരത്വവും ജനാധിപത്യവും ജ്വലിച്ചുനിന്നിരുന്ന പഴയ കാലങ്ങളിൽ സ്‌കൂളുകളിൽ യൂണിഫോം ഉണ്ടായിരുന്നില്ല. അതുകൊണ്ട് യൂണിഫോം മതനിരപേക്ഷ ജനാധിപത്യബോധം വിദ്യാർഥികളിൽ വളർത്തിയെടുക്കാൻ അനിവാര്യമാണ് എന്ന വാദം തികച്ചും അതിശയോക്തിപരം മാത്രമാണ്. അത് യാഥാർഥ്യങ്ങളോട് നിരക്കുന്നതല്ല. അച്ചടക്കം എന്ന പേരിൽ മാത്രമാണ് വിദ്യാലയങ്ങളിൽ യൂണിഫോമുകൾ വന്നുതുടങ്ങിയത്. അച്ചടക്കത്തിന്റെ പേരിൽ അത് നടപ്പാക്കുന്നത് തെറ്റല്ല. എന്നാൽ വിദ്യാർഥികളുടെ മൗലികാവകാശങ്ങളെ ഹനിച്ചുകൊണ്ടാവാൻ പാടില്ല. വിവിധ മതങ്ങൾ വസിക്കുന്ന രാജ്യത്ത് എല്ലാവരുടെയും മതപരമായ സ്വത്വം പ്രകടമാകുമ്പോൾ മാത്രമാണ് അവിടെ ബഹുസ്വരത പ്രകടമാവുക. അതാണ് ഇന്ത്യയെന്ന മതതര പൂന്തോട്ടത്തിന്റെ ഭംഗിയെ പുറത്തുകൊണ്ടുവരിക. ജസ്റ്റിസ് ധൂലിയ പ്രകടിപ്പിച്ച ആശയവും ഇതായിരുന്നു. ഇതിനോടാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പുറം തിരിഞ്ഞു നിൽക്കുന്നത്.

ഹേമന്ദ് ഗുപ്തയും അഭിഭാഷകരുടെ വാദങ്ങളും

സർക്കാർ ഉത്തരവുകൾക്ക് ന്യായീകരണം ചമച്ചതിന് ശേഷം വിദ്യാർഥിനികൾക്കുവേണ്ടി ഹാജരായ അഭിഭാഷകർ ഉയർത്തിപ്പിടിച്ച വാദങ്ങളിലേക്കാണ് ഗുപ്ത പ്രവേശിച്ചത്. അഭിഭാഷകരുടെ വാദങ്ങളെ അദ്ദേഹം താഴെ നൽകിയ വിധത്തിലാണ് സംഗ്രഹിച്ചിട്ടുള്ളത്:

1) ശബരിമല കേസിന്റെ കൂടെ ഇതേ കേസും ഭരണഘടനയുടെ ആർട്ടിക്കിൾ 145(3) പ്രകാരം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമോ?

2) യൂണിഫോമുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാൻ സ്‌കൂൾ മാജേ്‌മെന്റിനെയോ കോളേജ് വികസന സമിതിയെയോ ഉത്തരവാദപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോ? അങ്ങനെ അധികാരപ്പെടുത്തുന്നത് കർണാടക വിദ്യാഭ്യാസ ആക്റ്റിന്റെ 143ാം വകുപ്പിന് എതിരാകുമോ? (143ാം വകുപ്പ് പറയുന്നത് സർക്കാറിന്റെ കീഴിൽ വരുന്ന സമിതിയെ ഉത്തരവാദപ്പെടുത്താം എന്ന് മാത്രമാണ്).

3) 25ാം അനുച്ഛേദപ്രകാരം ‘മനസ്സാക്ഷി’യുടെയും ‘മത’ത്തിന്റെയും പേരിലുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പരിധിയും വ്യാപ്തിയും എന്താണ്?

4) 25ാം അനുച്ഛേദപ്രകാരം അനിവാര്യമായ മതാചാരങ്ങളുടെ (Essential Religious Practice) പരിധിയും വ്യാപ്തിയും എന്താണ്?

5) അനുച്ഛേദം 19(1)(എ) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശവും ആർട്ടിക്കിൾ 21 പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും പരസ്പര വിരുദ്ധമാണോ, അതോ പരസ്പര പൂരകമാണോ? സർക്കാർ ഉത്തരവ് 21, 14 എന്നീ അനുച്ഛേദങ്ങളുടെ ഉദ്ദേശ്യങ്ങൾക്ക് വിരുദ്ധമാണോ?

6) ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന സാഹോദര്യം, അന്തസ്സ് എന്നിവയെയും 51-A (e), (f) എന്നിവയിൽ വിവരിച്ചിരിക്കുന്ന മൗലിക കർത്തവ്യങ്ങളെയും സർക്കാർ ഉത്തരവ് തടസ്സപ്പെടുത്തുന്നുണ്ടോ?

7) ശിരോവസ്ത്രം ധരിക്കുന്നത് ഒരു എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ആണെങ്കിൽ അതുപ്രകാരം ഒരു കുട്ടിക്ക് മതേതര സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ അതിനുള്ള അവകാശം നേടാൻ സാധിക്കുമോ?

8) ഇന്ത്യൻ പൗരനായ ഒരു വിദ്യാർഥിക്ക് സർക്കാർ വിദ്യാലയത്തിൽ വിദ്യാഭ്യാസം നേടാൻ ഭരണഘടനയുടെ 19, 21, 25 എന്നിവ അനുവദിക്കുന്ന മൗലികാവകാശങ്ങൾ ത്യജിക്കുക എന്നത് ഒരു മുൻകൂർ വ്യവസ്ഥയാണെന്ന് കരുതേണ്ടതുണ്ടോ?

9) മറ്റു വിദ്യാർഥികളുടെ അവകാശങ്ങൾ പരിഗണിക്കാതെ ഒരു നിശ്ചിത വിദ്യാർഥികൾക്ക് ശിരോവസ്ത്രം അനുവദിക്കാൻ ഭരണഘടനാപരമായി സർക്കാരിന് ബാധ്യതയുണ്ടോ?

10) സാക്ഷരതയും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഭരണഘടനയുടെ 21, 21A, 39(f), 41, 46, 51A എന്നീ അനുച്ഛേദങ്ങൾക്ക് വിരുദ്ധമാണോ സർക്കാർ ഉത്തരവ്?

11) എല്ലാ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസത്തിന് തുല്യമായ പ്രവേശനം, മതേതരത്വത്തിന്റെ ധാർമിക വശങ്ങൾ, കർണാടക വിദ്യാഭ്യാസ ആക്റ്റിന്റെ ലക്ഷ്യങ്ങൾ എന്നിവക്ക് വിരുദ്ധമാണോ സർക്കാർ ഉത്തരവ്?

മുകളിൽ നൽകിയ ചോദ്യങ്ങൾക്കാണ് തുടർന്ന് ഹേമന്ദ് ഗുപ്ത മറുപടി കണ്ടെത്താൻ ശ്രമിക്കുന്നത്. അതിനായി അദ്ദേഹം സന്ദർഭോചിതമല്ലാത്ത വിവിധ കോടതി വിധികൾ ഉദ്ധരിച്ച് കൂടുതൽ ഉപന്യസിച്ചിട്ടുണ്ട്. ജസ്റ്റിസ് ധൂലിയ കേവലം 73 പേജുകളിൽ തന്റെ വിധിപ്രസ്താവം ചുരുക്കിയപ്പോൾ ഹേമന്ദ് ഗുപ്ത 140 പേജുകളാണ് ഉപയോഗിച്ചിട്ടുള്ളത്.

അടുത്ത ലക്കത്തിൽ:

ശബരിമല കേസും ശിരോവസ്ത്രവും.