നമുക്ക് മാറാനായില്ലേ?

അജ്മൽ അൽഹികമി മുണ്ടക്കയം

2023 മെയ് 20 , 1444 ശവ്വാൽ 27

ഇമാം ക്വുർതുബി വിശുദ്ധ ക്വുർആനിലെ 57ാം അധ്യായമായ അൽഹദീദിലെ പതിനാറാം സൂക്തത്തിന്റെ വിശദീകരണത്തിൽ ഫുദൈലുബ്‌നു ഇയാദി(റഹ്)ന്റെ പരിവർത്തനത്തിന്റെ കഥ പറയുന്നുണ്ട്. ഇരുൾമുറ്റിയ ഭൂതകാല ജീവിതത്തിൽനിന്നും താബിഉകളിലെ വിശ്രുത പണ്ഡിതനായി അദ്ദേഹം മാറിയതിനു പിന്നിൽ ഒരു ചരിത്രമുണ്ട്. തന്റെ അയൽപക്കത്തെ ഒരു യുവതിയുമായി പ്രണയത്തിലായ ഫുദൈൽ, അവരുമായി ശയിക്കാൻ ഒരു രാത്രി തെരഞ്ഞെടുത്തു. ഇരുളിന്റെ മറവിൽ അവളുടെ വീടിന്റെ വേലിക്കെട്ടുകൾ ചാടിക്കടക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ ക്വുർആൻ പാരായണം അദ്ദേഹം കേട്ടു; അൽഹദീദിലെ 16,17 വചനങ്ങളായിരുന്നു അത്:

“വിശ്വാസികൾക്ക് അവരുടെ ഹൃദയങ്ങൾ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങൾക്ക് മുമ്പ് വേദഗ്രന്ഥം നൽകപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാർക്ക് കാലം ദീർഘിച്ചു പോകുകയും തന്മൂലം അവരുടെ ഹൃദയങ്ങൾ കടുത്തുപോകുകയും ചെയ്തു. അവരിൽ അധികമാളുകളും ദുർമാർഗികളാകുന്നു.’’

ഇത് കേട്ട മാത്രയിൽ ‘അല്ലാഹുവാണെ, എനിക്കിതാ സമയമെത്തിയിരിക്കുന്നു’ എന്ന് അദ്ദേഹത്തിന്റെ അധരങ്ങൾ അറിയാതെ മന്ത്രിച്ചുപോയി. ശേഷം അല്ലാഹുവിനോട് അദ്ദേഹം ആത്മാർഥമായി പശ്ചാത്തപിച്ചു. ‘അല്ലാഹുവേ, നിന്നിലേക്കിതാ ഞാൻ ഖേദിച്ചു മടങ്ങുന്നു; എന്റെ തിന്മകൾക്കുള്ള തൗബയായി ഞാൻ നിന്റെ മസ്ജിദുൽ ഹറമിനെ തെരഞ്ഞെടുത്തിരിക്കുന്നു.’ അങ്ങനെ ശിഷ്ടകാലം പരിശുദ്ധ മക്കയിൽ കഅ്ബയുടെ ചാരത്ത് മതപഠനവും പിന്നീട് അധ്യാപനവുമായി ഫുദൈൽ ബിൻ ഇയാദ് കഴിഞ്ഞുകൂടി. വേറെയും പല മഹത്തുക്കളെയും സ്വാധീനിച്ച ഒരു വചനമാണിതെന്ന് ഇമാം ഖുർതുബി കൂട്ടിച്ചേർക്കുന്നുണ്ട്.

നബി ﷺ ക്ക് ഈ വചനം അവതീർണമാകുന്നത് പ്രവാചകനിയോഗമനത്തിന് നാലുവർഷം കഴിഞ്ഞിട്ടാണ്. മക്കയിലെ മുശ്‌രിക്കുകളുടെ കൊടിയ പീഡനങ്ങൾ അതിന്റെ എല്ലാ ഭീകരതയോടെയും പത്തിവിടർത്തിയാടുന്ന സമയം, ഈയൊരു പശ്ചാത്തലത്തിലാണ് അന്നത്തെ വിശ്വാസികളെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു ഈ സൂക്തങ്ങൾ അവതരിപ്പിക്കുന്നത്.

ആദ്യകാല മുസ്‌ലിംകളിൽ പെട്ട അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ‘ഞങ്ങളുടെ ഇസ്‌ലാം സ്വീകരണത്തിനും ഈ ആയത്തിലൂടെ അല്ലാഹു ഞങ്ങളെ ശകാരിച്ചതിനും ഇടയിൽ വെറും നാലു വർഷം മാത്രമാണുള്ളത്!’

വിശ്വാസികളായി നാലുവർഷം മാത്രം പിന്നിട്ട സ്വഹാബത്തിനെ ഈ വചനത്തിലൂടെ അല്ലാഹു ഇത്രയധികം ശക്തമായി താക്കീത് ചെയ്തുവെങ്കിൽ, ഇന്നത്തെ മുസ്‌ലിം ഉമ്മത്ത് അങ്ങേയറ്റം ഗൗരവത്തിൽ തന്നെ ഈ സൂക്തങ്ങളെ നോക്കിക്കാണണം. വിശുദ്ധ ക്വുർആൻകൊണ്ടും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണകൊണ്ടും നമ്മുടെ ഹൃദയങ്ങൾ ലോലമാകണം. വിശുദ്ധ ക്വുർആനിലെ ഓരോ കൽപനകളും ശാസനകളും നമ്മുടെ നേരെയാണ് വിരൽചൂണ്ടുന്നത് എന്ന് നാം തിരിച്ചറിയണം. അല്ലാഹുവിന്റെ മുമ്പിൽ പരിപൂർണമായ കീഴ്‌വണക്കമാണ് നമുക്ക് വേണ്ടത്. അല്ലാഹു പറയുന്നു: “നിങ്ങൾക്ക് ജീവൻ നൽകുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോൾ സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനും റസൂലിനും ഉത്തരം നൽകുക.’’

മുമ്പ് അല്ലാഹു വേദഗ്രന്ഥം നൽകി അനുഗ്രഹിച്ചവർ വേദഗ്രന്ഥത്തെയും അവരിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരെയും അനുസരിച്ചില്ല. വേദം പഠിക്കാതെയും പ്രയോഗവൽക്കരിക്കാതെയും തുച്ഛമായ ഭൗതിക ലാഭത്തിനു വേണ്ടി അതിൽ തിരിമറി നടത്തിയും അവർ ജീവിച്ചു. അതിനാൽ അവരുടെ ഹൃദയങ്ങൾ കടുത്തുപോയി. ഇക്കൂട്ടരെപ്പോലെയാകരുത് എന്ന് വിശ്വാസികളെ അല്ലാഹു ഉണർത്തുന്നു.