പലായനത്തിെൻറ മുറിപ്പാട്

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഫെബ്രുവരി 04, 1444 റജബ് 12

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 2 )

ഇതിനിടക്ക് മറ്റൊരു പലായനം കൂടി സംഭവിക്കുന്നു. അത് ആദ്യത്തേതിനെക്കാൾ ഗുരുതരമായ മുറിപ്പാട് ആയിരുന്നു. ആദ്യത്തെ പലായനം അധികാരത്തിലേക്കും അഭിവൃദ്ധിയിലേക്കുമായിരുന്നു. ഖലീഫയുടെ പ്രതിനിധി സർ സഫറുല്ലാഖാൻ പാകിസ്ഥാനിലെ ആദ്യത്തെ വിദേശ മന്ത്രിയായി നിയമിതനായി. പാകിസ്ഥാനിലെ ജുഡീഷ്യറിയും ബ്യൂറോക്രസിയും സൈന്യവുമടക്കമുള്ള ഉന്നതസ്ഥാനങ്ങൾ തങ്ങളുടെ കൈപിടിയിലൊതുക്കാൻ അവർക്ക് സാധിച്ചു. വിദേശങ്ങളിലെ എംബസികളിലൂടെയും കോൺസുലേറ്റുകളിലൂടെയും ഖാദിയാനി പ്രബോധനത്തിനുള്ള വഴികൾ തുറന്നുകിട്ടി.

1953ലെ ഭരണഘടനാ പ്രക്ഷോഭം ഖാദിയാനീവിരുദ്ധ പ്രക്ഷോഭമായി മാറിയതോടെയാണ് അവരുടെ സുഖസുഷുപ്തി നഷ്ടപ്പെട്ടത്. 1973ൽ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടപ്പോഴും പ്രായോഗികതലത്തിൽ അത് ‘ഏട്ടിലെ പശു’ ആയിരുന്നു. 1984ൽ ജനറൽ സിയാഹുൽ ഹഖ് പ്രസിഡൻഷ്യൽ ഓർഡിനൻസിലൂടെ ഖാദിയാനിസത്തിന് കൂച്ചുവിലങ്ങിട്ടപ്പോഴാണ് ഗത്യന്തരമില്ലാതെ ഖലീഫയുടെ രണ്ടാം പലായനം നടന്നത്. തങ്ങളുടെ സംരക്ഷകരും സഹായികളും സർവോപരി സ്രഷ്ടാക്കൾതന്നെയായ ബ്രിട്ടീഷുകാരുടെ സുരക്ഷാവലയത്തിലേക്കാണ് അദ്ദേഹം ചേക്കേറിയതെങ്കിലും ഇതായിരുന്നു പലായനത്തിന്റെ യഥാർഥ മുറിപ്പാട്. സ്വന്തം അനുയായികൾ ഏറ്റവും കൂടുതലുള്ള പാകിസ്ഥാനിൽ കാലുകുത്താൻ പിന്നീട് ഒരിക്കലും അദ്ദേഹത്തിന് സാധിച്ചില്ല. എന്നിട്ടും ഇത് ആ പ്രവചനത്തിന്റെ സാക്ഷാത്കാരമാണെന്ന് പറയാൻ ഖലീഫ തയ്യാറായില്ല. കാരണം ഇതൊരു ഹിജ്‌റയായി അദ്ദേഹം സ്വയം അംഗീകരിച്ചിരുന്നില്ല. ശരിയാണ്, ഇത് വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചുള്ള ഒരു ഒളിച്ചോട്ടമായിരുന്നു!

ഖാദിയാനി പ്രവാചകന്റെ വിലപ്പെട്ട വഹ്‌യുകൾ രണ്ടുവട്ടം കാണാതാവുക, അവ ‘ളില്ലീക്വുർആനിൽ’ ചേർക്കാൻ സാധിക്കാതെ വരിക, വഹ്‌യുകൾക്ക് അത്രയൊക്കെയേ ഖാദിയാനികൾ വിലകൽപിക്കുന്നുള്ളൂ എന്നല്ലേ മനസ്സിലാക്കേണ്ടത്?

നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചുവോ; ഈ നോട്ടുപുസ്തകത്തിലെ വഹ്‌യുകൾ മസീഹ് സ്വന്തം കൈപ്പടയിൽ എഴുതിയതാണെന്നും കൈയെഴുത്തു കണ്ടാലറിയുന്ന നൂറുകണക്കിന് സാക്ഷികൾ ജീവിച്ചിരിപ്പുണ്ടെന്നും ആവർത്തിച്ചു പറയുന്നത്? ഇത് മസീഹിന്റെത് തന്നെയാണ്, ആരും കൂട്ടിച്ചേർത്തതല്ല എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണിത്. എന്നാൽ 1938ൽ ആദ്യം കിട്ടിയപ്പോൾ ‘ദാഗെ ഹിജ്‌റത്’ എന്ന വഹ്‌യ് രണ്ടാം ഖലീഫ കണ്ടതേയില്ല. നാലാം ഖലീഫയാകട്ടെ 1982ൽ കൈയിൽ കിട്ടിയപ്പോൾ അതിൽ മറ്റു വഹ്‌യുകൾക്ക് പുറമെ ‘ദാഗെ ഹിജ്‌റത്’ സ്വന്തം കൈപ്പടയിൽ എഴുതിവെച്ചുവെന്ന് പ്രത്യേകം പറയുകയും ചെയ്തു. എവിടെയോ ഒരു തകരാറു പോലെ! യഥാർഥത്തിൽ ഇത് പിന്നീട് കൂട്ടിച്ചേർത്തതാണെന്നും അതല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണെന്നും ആർക്കെങ്കിലും തോന്നിപ്പോയാൽ കുറ്റപ്പെടുത്താനാകില്ല.

നമ്പറിട്ടതിന്റെ താൽപര്യം

നടേ ഉദ്ധരിച്ച ദർശനത്തിന് മൗലവി മുഹമ്മദ് ഇസ്മയിൽ നൽകിയ വിശദീകരണം ഇങ്ങനെ വായിക്കാം: ‘ഖായിദ യസ്സർനൽ ക്വുർആന്റെ ഉപജ്ഞാതാവ്, പീർ മൻസൂർ മുഹമ്മദ് സാഹിബിന്റെ ഭാര്യയുടെ ബന്ധുവാണ് അമീർ ഖാൻ സാഹിബ്. മുഹമ്മദ് അക്ബർ ഖാന്റെ മകൾ അസ്ഗരീ ബീഗത്തെയാണ് അയാൾ വിവാഹം ചെയ്തത്. ഭർത്താവ് മരിച്ചശേഷം അവളെ മിയാൻ മദദ് ഖാൻ വിവാഹം ചെയ്തു. ഈ സുവാർത്തയനുസരിച്ച് അവർക്ക് ആറ് മക്കളുണ്ട്. അവരുടെ പേരുകൾ ഇപ്രകാരമാണ്...അക്കൂട്ടത്തിൽ മുഹമ്മദ് യാക്കൂബ് മാതാപിതാക്കളോടൊപ്പം മസീഹിന്റെ വീട്ടിൽ താമസിച്ചിരുന്നു. അവരുടെ മാതാവ് മസീഹിന്റെ പരിചാരികയായിരുന്നു’ (പേജ് 746, അടിക്കുറിപ്പ്).

അസ്ഗരി ബീഗത്തിന്റെ നെറ്റിയിൽ ഉറക്കത്തിലോ ഉണർച്ചയിലോ അഞ്ചോ ആറോ ഏഴോ എന്നത് മായ്ച്ച് 6 എന്ന് എഴുതിയ ആൾക്ക് അത് സന്താനങ്ങളുടെ എണ്ണമാണെന്ന് മനസ്സിലായില്ല. അത്തരം നൂറുകണക്കിന് വഹ്‌യുകൾ വേറെയുമുണ്ട്. അതിൽ പുതുമയില്ല. പക്ഷേ, ഒരു സ്ത്രീയുടെ നെറ്റിയിൽ അവളുടെ ഭർത്താവ് മരിച്ച ദിവസം തന്നെ നമ്പർ ഇടുന്നതിലൂടെ, ആധുനിക കാലത്ത് നിയുക്തനായ പ്രവാചകൻ മാനവസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ആരെങ്കിലും പറഞ്ഞുതരുമോ?

തലയും വാലും ചേർത്താലും...

വാലും തലയും വെട്ടിമാറ്റി വിമർശിക്കുകയാണ് എന്നൊരു പഴയ മറുപടിയുണ്ട് ഇവർക്ക്. ഇത് പക്ഷേ, 5.1.1908ന് അവതരിച്ച ‘ഒറ്റപ്പെട്ട വഹ്‌യ്’ ആയതിനാൽ വാലോ തലയോ ചേർത്തുവെക്കാനാവില്ല. തൊട്ടുമുമ്പത്തേത് 2.1.1908ന് ഇറങ്ങിയ 7 സൂക്തങ്ങൾ ഉള്ള അറബി വഹ്‌യാണ്. ‘ഇബ്‌റാഹീമേ, തീർച്ചയായും ഞാൻ നിന്റെ കൂടെയുണ്ട്’ എന്നാണത്. അടുത്തത് 18.1.1908ൽ അവതരിച്ച ഉർദു വഹ്‌യാണ്. അതിന്റെ സാരം ഇങ്ങനെ: ‘പ്രവചനത്തിന്റെ അവസാനത്തെ അതിർത്തിയാണിത്. ഈ വാഗ്ദാനം തെറ്റില്ല, നാലുവശത്തുകുടി പുഴകൾ ഒഴുകിയാലും ശരി’ (പേജ് 746). തലയും വാലും ചേർത്താലും പ്രത്യേകിച്ച് ഒന്നും മനസ്സിലാവില്ല എന്നർഥം.

തദ്കിറയിലെ എല്ലാ വഹ്‌യുകളും ഇങ്ങനെ വിശദീകരിക്കാൻ പറ്റില്ല, അതിന്റെ ആവശ്യവുമില്ല. ഏതെങ്കിലും ഒരു വചനം ആധുനിക മാനവ സമൂഹത്തിന് എന്തെങ്കിലും ഒരു പാഠം നൽകുന്നുവെന്ന് ഒരുപക്ഷേ, ഖാദിയാനികൾക്ക് പോലും വാദമുണ്ടെന്നു തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അതിന്റെ കോപ്പികൾ ആരു ചോദിച്ചാലും കൊടുക്കുമായിരുന്നല്ലോ. മുസ്‌ലിംകളുടെ പ്രവാചകന്റെ വഹ്‌യുകളുടെ സമാഹാരം എത്ര കോപ്പികൾ വേണമെങ്കിലും ആർക്കും ലഭ്യമാണ്. അതിന്റെ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളും ലോകത്തിലെ എല്ലാ ഭാഷകളിലും ലഭിക്കും. പക്ഷേ, ഈ ‘രണ്ടാം വാള്യ’ത്തിന്റെ കാര്യം ഏറെ പരിതാപകരം തന്നെ!

‘തദ്കിറ’യുടെ ഉള്ളടക്കം

മിർസാ ഖാദിയാനിക്ക് ലഭിച്ച തെന്ന് അവകാശപ്പെടുന്ന വഹ്‌യുകളും കശ്ഫുകളും സ്വപ്നദർശനങ്ങളും അവതരണ കാലക്രമത്തിൽ ക്രോഡീകരിച്ചതാണ് ‘തദ്കിറ.’ ആദ്യ പതിപ്പിൽ അവയുടെ എണ്ണം 1204 മാത്രമായിരുന്നു. 1956ൽ രണ്ടാം പതിപ്പിൽ 373 എണ്ണം കൂടി ചേർത്തു. അവയിൽ ചിലത് നേരത്തെ കണ്ടെത്തിയിട്ടില്ലാത്ത, ഡയറിക്കുറിപ്പുകളിലും നോട്ട് പുസ്തകങ്ങളിലും ചില വ്യക്തികൾക്കയച്ച കത്തുകളിലും പാകിസ്ഥാനിലെ ഖിലാഫത്ത് ലൈബ്രറിയിൽ കൈയെഴുത്തുപ്രതി മാത്രമുള്ള ‘തഅ്തീറുൽ അനാം’ എന്ന കൃതിയിലും നിന്ന് എടുത്തുചേർത്തവയാണ്.

ഏറ്റവും പുതിയ പതിപ്പിൽ 694 പേജുകളിലായി 1597 വഹ്‌യുകളാണുള്ളത്. അവയിൽ ഒരു സൂക്തം മാത്രമുള്ളവയും നിരവധി സൂക്തങ്ങൾ ഉള്ളവയും കാണാം. 1901 ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയുള്ള ചില ദിവസങ്ങളിൽ ഓരോ സൂക്തമാണ് അവതരിച്ചിട്ടുള്ളത്. 1896ൽ തീയതി വെക്കാതെ ചേർത്ത വഹ് യിൽ 140 സൂക്തങ്ങളും 1906 ൽ 337 സൂക്തങ്ങളും ക്രമനമ്പറിട്ട് ചേർത്തിട്ടുണ്ട്.

‘തദ്കിറ’യിൽ അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിൽ വഹ്‌യുകളുണ്ട്. കൂട്ടത്തിൽ ചില അക്കങ്ങളും ചിഹ്നങ്ങളും അവതരിച്ചിട്ടുണ്ട്. ചിലത് ‘അല്ലാഹുതന്നെ’ ഉർദുവിൽ മൊഴി മാറ്റിയിട്ടുണ്ട്. ചിലത് മിർസ തന്നെ തർജമ ചെയ്തവയും മറ്റു ചിലത് ക്രോഡീകരിച്ചയാൾ വിവർത്തനം ചെയ്തവയുമാണ്. എന്നാൽ ഇതിനൊന്നും വഴങ്ങാത്തതും അവ്യക്തവും അപൂർണവുമായ വചനങ്ങളും ധാരാളമുണ്ട്. അവതരണ പശ്ചാത്തലവും മറ്റും വിശദീകരിച്ചവയും കാണാനാവും.

1935ൽ ആദ്യപതിപ്പായി 500 കോപ്പികളും 1956ൽ പാകിസ്ഥാനിൽനിന്ന് 700 കോപ്പികളും പ്രസിദ്ധീകരിച്ചു. പീന്നീട് പാകിസ്ഥാനിൽനിന്ന് രണ്ട് പതിപ്പുകൾ കൂടി പുറത്തിറക്കി. ഖാദിയാനി പ്രസ്ഥാനം 130 വർഷം പിന്നിടുമ്പോൾ പ്രവാചകന്റെ ദിവ്യഗ്രന്ഥത്തിന്റെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് വെളിച്ചം കണ്ടത്!

ഇന്ത്യയിലെ രണ്ടാം പതിപ്പിന്റെ മുഖവുര

“വാഗ്ദത്ത മസീഹിന്റെ വഹ്‌യുകളുടെയും സ്വപ്ന ജാഗ്രദ് ദർശനങ്ങളുടെയും സമാഹാരമായ ‘തദ്കിറ’ ആദ്യമായി പ്രസിദ്ധീകരിച്ചത് 1935 ലാണ്. അതിലൂടെ ഇന്ത്യയിലെ എല്ലാ അഹ്‌മദികളുടെയും ആവശ്യം പൂർത്തീകരിക്കാനായി. പിന്നീട് ഇന്ത്യയിൽനിന്ന് ഇത് പ്രസിദ്ധീകരിക്കാൻ സാധിച്ചില്ല. തുടർന്നുള്ള മൂന്നു പതിപ്പുകളും പാകിസ്ഥാനിലെ റബ്‌വയിൽനിന്നാണ് പുറത്തിറക്കിയത്. അതിന്റെ അൽപം കോപ്പികൾ ഇന്ത്യയിൽ വരുമായിരുന്നു. എന്നും ജമാഅത്ത് സുഹൃത്തുക്കൾ ഇത് അന്വേഷിച്ചിരുന്നുവെങ്കിലും വിഭജനാനന്തരം പ്രസിദ്ധീകരിക്കാനായില്ല.

ഈ വർഷം ലണ്ടനിൽവച്ച് അഞ്ചാം ഖലീഫയെ കണ്ടപ്പോൾ അദ്ദേഹം ‘തദ്കിറ’യെപ്പറ്റി അന്വേഷിച്ചു. റബ്‌വയിലെ പ്രസിദ്ധീകരണ വകുപ്പ് ചുമതലയുള്ള അബ്ദുൽ ഹയ്യ് സാഹിബുമായി സംസാരിച്ചപ്പോൾ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ച ശേഷം ഖാദിയാനിലേക്ക് അയക്കാമെന്ന് പറഞ്ഞു. 2004ലെ സമ്മേളന സമയത്താണ് കോപ്പി ലഭിച്ചത്. അങ്ങനെ ഇപ്പോൾ ‘തദ്കിറ’ പ്രസിദ്ധീകരിക്കാൻ ഖാദിയാനിലെ പ്രസിദ്ധീകരണ വിഭാഗത്തിന് തൗഫീഖ് ലഭിച്ചു. അങ്ങനെ ഇന്ത്യയിലെ അഹ്‌മദികളുടെ പഴയ ആഗ്രഹം പൂർത്തീകരിക്കാനായി. അല്ലാഹു ഈ ഉദ്യമത്തെ അനുഗ്രഹിക്കട്ടെ.’’

ഡയറക്ടർ,
പ്രസിദ്ധീകരണ വിഭാഗം, ഖാദിയാൻ.

1935ൽ ആകെ അച്ചടിച്ച 500 കോപ്പികൾ കൊണ്ട് അവിഭക്ത ഇന്ത്യയിൽ ളില്ലീക്വുർആന്റെ ആവശ്യം പൂർത്തിയായി എന്നത് കൗതുക വാർത്തയാണ്. രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞാണ് പാകിസ്ഥാനിൽ രണ്ടാം പതിപ്പിന്റെ 700 കോപ്പികൾ പ്രസിദ്ധീകരിച്ചത്. തുടർന്ന് പാകിസ്ഥാനിലെ രണ്ട് പതിപ്പുകളിലും ഇന്ത്യയിലെ രണ്ടാം പതിപ്പിലും കോപ്പികളുടെ എണ്ണം ചേർത്തിട്ടില്ല. വിശുദ്ധ ക്വുർആന്റെ ഈ രണ്ടാം വാല്യത്തിന് ആകെ നാലോ അഞ്ചോ ആയിരം കോപ്പികൾ അച്ചടിച്ചത് ആവശ്യം പൂർത്തീകരിക്കാൻ മതിയാവുമെങ്കിൽ ഈ ‘ദൈവിക വചനങ്ങൾക്ക്’ ഖാദിയാനി വിഭാഗം കൽപിക്കുന്ന വിലയെന്തെന്നും ഒപ്പം അവരുടെ അംഗസംഖ്യയും മനസ്സിലാക്കാം. ഈ പുസ്തകം കണ്ടിട്ടുള്ള എത്ര പേരുണ്ടാകും നമ്മുടെ കേരളത്തിൽ എന്ന അന്വേഷണവും കൗതുകം ജനിപ്പിക്കും.

‘ദൈവിക വചനങ്ങളെ’ തമസ്‌കരിക്കുന്നു

ഖാദിയാനി പ്രവാചകന്റെ തൊണ്ണൂറോളം ഗ്രന്ഥങ്ങൾ മൂലഭാഷയായ ഉർദുവിലോ അവയുടെ മൊഴിമാറ്റങ്ങളോ ലോകത്തെവിടെയും ലഭ്യമല്ലെന്നും അവയുടെ ഉള്ളടക്കം ജനങ്ങളിൽ എത്തിക്കുന്നതിൽ അഹ്‌മദികൾക്ക് താൽപര്യമില്ലെന്നുമുള്ള ആക്ഷേപത്തിന് പ്രസ്ഥാനത്തോളം തന്നെ പഴക്കമുണ്ട്. ഇതിനുള്ള മറുപടി എന്ന നിലക്ക് 1984ൽ ലണ്ടനിൽനിന്ന് ‘റൂഹാനി ഖസാഇൻ’ എന്ന പേരിൽ 23 വാള്യങ്ങളിലായി മിർസയുടെ രചനകളും 10 വാള്യങ്ങളിൽ അദ്ദേഹത്തിന്റെ ‘മൽഫൂസാതും’ മൂന്നു ഭാഗങ്ങളിൽ പരസ്യങ്ങളും രണ്ടാം ഖലീഫ ബഷീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദിന്റെ ക്വുർആൻ വ്യാഖ്യാനം 10 വാള്യങ്ങളും ചേർത്ത് 46 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാൽ അതിൽ വഹ്‌യുകളുടെയും കത്തുകളുടെയും സമാഹാരങ്ങൾ ഉൾപ്പെടുത്തിയില്ല. മാത്രവുമല്ല ‘തഫ്‌സീർ കബീറി’ൽ സൂറഃ ആലുഇംറാൻ മുതൽ അത്തൗബ വരെയുള്ള എട്ടു വലിയ സൂറത്തുകൾ വിട്ടുകളയുകയും ചെയ്തു. വീണ്ടും മൂന്നര പതിറ്റാണ്ട് കഴിയുമ്പോൾ ഈ ‘ദിവ്യഗ്രന്ഥങ്ങൾ’ മഷിയിട്ടാൽ പോലും കാണാനാവില്ല എന്നതാണ് യാഥാർഥ്യം.

ഖാദിയാനി ഗ്രന്ഥങ്ങളുടെ വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിലും ഈ ‘സൂക്ഷ്മത’ കാണാം. മലയാളത്തിൽ നൂറുകണക്കിന് പുസ്തകങ്ങളുടെ പല പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെ ങ്കിലും മിർസായുടെ വിരലിലെണ്ണാവുന്ന ലഘുകൃതികൾ മാത്രമാണ് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുള്ളത്. തന്റെ കൈകളാൽ അല്ലാഹു എഴുതിയതെന്നും മുഹമ്മദ് നബി ﷺ സർട്ടിഫൈ ചെയ്തത് എന്നും അവകാശപ്പെടുന്ന ‘ബറാഹീനെ അഹ്‌മദിയ,’ ‘ആയീനയേ കമാലാതെ ഇസ്‌ലാം,’ ‘അൻജാമെ ആഥം,’ ‘നൂറൂൽ ഹഖ്,’ ‘ഹഖീഖതുൽ വഹ്‌യ്’ തുടങ്ങിയ ഗ്രന്ഥങ്ങളിൽ ഒന്നുപോലും മലയാളത്തിലോ മറ്റേതെങ്കിലും ഭാഷകളിലോ കാണാൻ സാധ്യമല്ല. അവയുടെ ഒറിജിനൽ കോപ്പികൾ റഫറൻസിന് പോലും ലഭ്യമല്ല എന്നത് ശ്രദ്ധേയമാണ്.

മൂന്നു തവണയെങ്കിലും വായിക്കുക

‘തന്റെ ഗ്രന്ഥങ്ങൾ കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും വായിക്കാത്തവരിൽനിന്ന് അഹങ്കാരം നീങ്ങിപ്പോവില്ലെ’ന്ന് മസീഹ് ഒരിക്കൽ പറയുകയുണ്ടായി. ഹസ്രത്ത് അഹ്‌മദിന്റെ ഗ്രന്ഥങ്ങൾ വളരെ കുറച്ചുമാത്രമെ മലയാളത്തിൽ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുള്ളൂ. ജമാഅത്തിലെ അംഗസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഒരാൾ അഹ്‌മദിയായിക്കഴിഞ്ഞാൽ അയാളുടെ ഒന്നാമത്തെ നിർബന്ധ കടമ ഗ്രന്ഥങ്ങളുമായി ആത്മബന്ധം പുലർത്തുക എന്നതാണ്. അതിലൂടെയാണ് ആത്മീയ അഭിവൃദ്ധി കരസ്ഥമാക്കാൻ സാധിക്കുക’ (‘ബദർ’ മലയാളം വാരിക)

മലയാളികൾക്ക് പ്രവാചകന്റെ കൊച്ചുകൃതികൾ പോലും വായിക്കാൻ കിട്ടാത്തതിന്റെ പരിദേവനം ആണിത്. പ്രവാചകന്റെ വഹ്‌യുകളെ വായിക്കാൻ കഴിയാത്ത അവസ്ഥ എത്ര ശോചനീയമല്ല!

തന്റെ ഗ്രന്ഥങ്ങൾ വായിച്ച് സത്യം ഗ്രഹിക്കാത്തവർ ജാരസന്തതികളാണെന്നും മിർസാ ഖാദിയാനി ‘ആയീനയേ കമാലാത്തെ ഇസ്‌ലാം’ എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. (പേജ് 547).

മസീഹിന്റെ കൃതികൾ ജീവിതത്തിലൊരിക്കലെങ്കിലും വായിക്കാത്തവരുടെ ഈമാനിനെക്കുറിച്ച് സംശയിക്കണമെന്ന് രണ്ടാം ഖലീഫയും പറഞ്ഞിട്ടുണ്ട്. അവയുടെ കോപ്പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ റഫറൻസിനു പോലും ലഭ്യമല്ലെന്നിരിക്കെ ഇതെങ്ങനെ സാധിക്കാനാണ്?

‘തദ്കിറ’യുടെ ആദ്യ പതിപ്പിൽ 1204 വഹ്‌യുകളാണ് ഉള്ളത്. രണ്ടാം പതിപ്പിൽ ‘അൽബുശ്‌റ’യിൽ നിന്ന് പകർത്തിയതും ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ചില ഗ്രന്ഥങ്ങളിലും നോട്ടുപുസ്തകത്തിലും നിന്ന് എടുത്തതും കൂടി മൊത്തം 1577 വഹ്‌യുകളുണ്ട്. ഏറ്റവും ഒടുവിലെ പതിപ്പിൽ കുറച്ചുകൂടി ചേർത്തിട്ടുണ്ടെങ്കിലും ക്രമനമ്പർ ഒഴിവാക്കിയിട്ടുണ്ട്.

ഇത്രയും പ്രാധാന്യമുള്ള ഒരു പുസ്തകമാണ് നാം പഠനവിധേയമാക്കുന്നത്. 400 ലധികം വെളിപാടുകൾ ഇതിൽ പരാമർശിക്കുന്നുണ്ട്. പുസ്തകത്തിന്റെ സമ്പൂർണ മൊഴിമാറ്റം അല്ലാത്തതുകൊണ്ടും അത് നമ്മുടെ കാര്യമല്ലാത്തതുകൊണ്ടും വിഷയാധിഷ്ഠിതമായി അധ്യായങ്ങളിൽ ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. ചോറിന്റെ വേവറിയാൻ എല്ലാ വറ്റും പരിശോധിക്കേണ്ട കാര്യമില്ലല്ലോ.

‘നവയുഗ പ്രവാചകന്റെ’ അധ്യാപനങ്ങൾ

ഖാദിയാനി പ്രവാചകന്റെ എല്ലാ വഹ്‌യുകളും ‘തദ്കിറ’യിലുണ്ട്. എന്നാൽ ആധുനിക കാലത്ത് നിയുക്തനായ ഒരു പ്രവാചകനിൽനിന്ന് നാം പ്രതീക്ഷിക്കുന്ന അധ്യാപനങ്ങൾ മഷിയിട്ടാൽ പോലും കാണാനാവില്ല. പതിമൂന്ന് നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് ‘പുതിയ പ്രവാചക നിയോഗം’ എന്നതിനാൽ ചിലകാര്യങ്ങളിൽ അവസാനവാക്ക് പറയേണ്ട സാമാന്യ ഉത്തരവാദിത്തം ഈ പ്രവാചകനുണ്ടായിരുന്നു. ശേഷം ഉടലെടുത്ത ചില പ്രശ്‌നങ്ങളാണ് ഉദ്ദേശൃം.

ജാതിവ്യവസ്ഥ

ഈ ‘പ്രവാചകനെ’ നിയോഗിച്ച കാലഘട്ടത്തിൽ ലോകമെമ്പാടും ഇന്ത്യയിൽ വിശേഷിച്ചും നിലവിലുള്ള കൊടിയ തിന്മയാണ് ജാതി വ്യവസ്ഥയും വർണ വിവേചനവും. ഇന്ത്യയിൽ ജാതീയതയുടെ പേരിലുള്ള കൊടിയ ക്രൂരതയുടെ ഇരകളായിരുന്നു അരികുവത്കരിക്കപ്പെട്ട അവർണർ. ശുദ്രൻ എന്ന നാലാം വർണക്കാരനെക്കാൾ എന്നല്ല, നാൽക്കാലികളെക്കാളും നിന്ദിതരും മേൽജാതിക്കാരുടെ ശാരീരികവും മാനസികവുമായ കൊടിയ പീഡനങ്ങൾക്ക് ഇരകളുമായിരുന്നു അവർ. ഇന്നും വലിയ മാറ്റമില്ലാതെ തുടരുന്നു. ഭക്ഷണത്തിലും വസ്ത്രത്തിലും ആചാരങ്ങളിലും, എന്തിനധികം ഭാഷയിൽ പോലും കീഴാളന് അതിർത്തി നിർണയിച്ച് ജാതിമതിലുകൾ പൊക്കിക്കെട്ടിയിരുന്നു. ‘കാലത്തിന്റെ പരിഷ്‌കർത്താവ്’ കൂടിയായ പ്രവാചകൻ ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയില്ലെന്ന് മാത്രമല്ല, അതിനെ പിന്തുണക്കുകയാണ് ചെയ്തത്.

മുഹമ്മദീ ബീഗവുമായുള്ള പ്രണയം സഫലമാകാത്തതിന്റെ വേദനയിൽ അവരുടെ അമ്മായിയുടെ ഭർത്താവിനെഴുതിയ കത്തിൽ ഒരു ചോദ്യം ഉന്നയിക്കുന്നു: ‘പെണ്ണിനെ തരാതിരിക്കാൻ ഞാനെന്താ ചാമർ (ചെരിപ്പുകുത്തി) ജാതിയിൽ പെട്ട ആളാണോ?’ ഇതിനെക്കാൾ വലിയ ഒരു അവഹേളനം കീഴാളന് മറ്റൊരിടത്തുനിന്നും ലഭിക്കാനിടയില്ല.

സാമ്പത്തിക രംഗം

മുഹമ്മദ് നബി ﷺ ക്ക് ശേഷം ഉണ്ടായ സാമ്പത്തിക രംഗത്തെ നൂതന സംരംഭങ്ങളാണ് ബാങ്കിംഗ്, ഇൻഷുറൻസ്, ഷെയർ മാർക്കറ്റിംഗ് തുടങ്ങിയവ. അവയുടെ ഇസ്‌ലാമികമാനവും ഹലാൽ, ഹറാം പരിധികളുമൊക്കെ പറഞ്ഞുതരേണ്ട ആളാണല്ലോ ദൈവദൂതൻ. അതൊന്നും ഇല്ലെന്നു മാത്രമല്ല, പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കൊടിയ വിശ്വാസ വഞ്ചന നടത്തിയ ആളാണ് ഇദ്ദേഹം എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷേ, അതൊരു വസ്തുതയാണ്.

രക്തദാനം മുതൽ...

ആരോഗ്യശാസ്ത്ര രംഗത്തുണ്ടായ കുതിച്ചുചാട്ടത്തിൽ ഉടലെടുത്ത പുതിയ പ്രശ്‌നങ്ങൾക്ക് ഒന്നിനും ഈ ദൂതന്റെ വശം ഒരു പരിഹാരവുമില്ല. ശസ്ത്രക്രിയ, രക്തദാനം, അവയവദാനം തുടങ്ങി ക്ലോണിങ് വരെ എത്തിനിൽക്കുന്ന ചികിത്സാ രംഗത്ത് ഇസ്‌ലാമിന്റെ നിലപാട് പറയേണ്ട ‘നബി’ ഒരക്ഷരം മിണ്ടിയില്ല. എന്നാൽ തികച്ചും അന്ധവിശ്വാസാധിഷ്ഠിതമായ ചികിത്സാരീതിയാണ് ‘ഇൽഹാമിയോപ്പതി’യിലൂടെ അയാൾ അവതരിപ്പിച്ചത്. പാരമ്പര്യമായി പഠിച്ച വൈദ്യശാസ്ത്രത്തിൽ ദൈവിക മരുന്നായി കറുപ്പും മറ്റും ചേർത്ത് ആളുകളെ പറ്റിക്കുകയായിരുന്നു അയാൾ.

(തുടരും)