കണ്ണും കാതും കവർന്ന പ്രണയം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

ലോകം ഉറ്റുനോക്കുന്നൂ!

“പത്ത് ലക്ഷത്തോളം ആളുകൾ എന്റെ ഈ പ്രവചനം അറിഞ്ഞിട്ടുണ്ട്. ഇതിന്റെ സാക്ഷാത്കാരം ലോകം ഉറ്റുനോക്കുകയാണ്. ആയിരക്കണക്കിന് പാതിരിമാരും ഇസ്‌ലാമിന്റെ ശത്രുക്കളും ഈ വിവാഹം നടക്കാതിരിക്കാൻ വേണ്ടി കൊണ്ടുപിടിച്ചു ശ്രമിക്കുന്നുണ്ട്. അതേസമയം ഞാൻ ലാഹോറിൽ ചെന്നപ്പോൾ ആയിരക്കണക്കിന് മുസ്‌ലിംകൾ നമസ്‌കാരശേഷം ആത്മാർഥമായി പ്രാർഥിക്കുന്നതാണ് എനിക്ക് കാണാൻ സാധിച്ചത്. ഈ വഹ്‌യുകൾ താങ്കളുടെ ഹൃദയത്തിലും അല്ലാഹു ഇറക്കിത്തരട്ടെ.

“ആകാശത്ത് തീരുമാനമായിക്കഴിഞ്ഞതാണ് ഈ വിവാഹം. ഭൂമിയിൽ ഇത് ആർക്കും മാറ്റാൻ കഴിയില്ല. അവനോട് യുദ്ധം ചെയ്യാനും ആർക്കും ആവില്ല. ഈ കത്തിൽ വല്ലതും അസഹ്യമായി ഉണ്ടെങ്കിൽ എന്നോട് ക്ഷമിക്കുക.

വിനീതൻ, ഗുലാം അഹ്‌മദ്.’’

ഞാനെന്താ ചെരിപ്പുകുത്തിയോ?

2.5.1891ന് അഹ്‌മദ് ബേഗിന്റെ സഹോദരി ഭർത്താവും മകൻ ഫസൽ അഹ്‌മദിന്റെ ഭാര്യാപിതാവുമായ അലി ശേർ ബേഗിന് മിർസാ ഖാദിയാനി എഴുതിയ കത്തും അദ്ദേഹത്തിന്റെ മറുപടിയും ഖാലിദ് വസീറാബാദിയുടെ നോശ്തയെ ഗൈബ് എന്ന ഗ്രന്ഥത്തിൽ വായിക്കാം:

“മിർസാ അലിശേർ ബേഗ്,

അസ്സലാമു അലൈക്കും.

നാം തമ്മിൽ യാതൊരു ശത്രുതയുമില്ലെന്ന് അല്ലാഹുവിന് നന്നായറിയാം. താങ്കൾ സരളപ്രകൃതനും സൽസ്വഭാവിയുമായ മുസ്‌ലിമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളെ അറിയിക്കാനുദ്ദേശിക്കുന്ന കാര്യം വളരെ ദുഃഖിപ്പിക്കുമെന്നറിയാം. എന്നെ നിസ്സാരനും നിന്ദ്യനുമായി കരുതുന്ന മതദ്വേഷികളായ ആളുകളോട് ബന്ധപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അഹ്‌മദ് ബേഗിന്റെ മകളെ സംബന്ധിച്ച പ്രശ്‌നത്തിൽ ഞാനവരുമായി എത്രത്തോളം ശത്രുതയിലാണെന്ന് താങ്കൾക്കറിയാമല്ലോ. പെരുന്നാളിന് രണ്ടുമൂന്ന് ദിവസങ്ങൾക്കകം അവളുടെ വിവാഹം നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. താങ്കളുടെ വീട്ടുകാർ ഇതിന് സഹകരിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഒരുകാര്യം താങ്കളെ അറിയിക്കുന്നു. ഈ വിവാഹത്തിൽ പങ്കെടുക്കുന്നവർ എന്റെ മാത്രമല്ല ഇസ്‌ലാമിന്റെയും കഠിന ശത്രുക്കളാണ്. അവർ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും സന്തോഷിപ്പിക്കാനാണ് കൂട്ടുനിൽക്കുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും മതത്തെ അവർ നിന്ദിക്കുന്നു. എന്നെ അപമാനിക്കുന്നു.

അവർ എനിക്കെതിരെ വീശുന്ന വാൾ തടുക്കാൻ അല്ലാഹു ബാധ്യസ്ഥനാണ്. ഞാൻ അവന്റെ നിയുക്തദാസനാണെങ്കിൽ അവൻ എന്നെ രക്ഷിച്ചുകൊള്ളും. താങ്കളുടെ ഭാര്യ തന്റെ സഹോദരനെ ശക്തമായി ഉപദേശിച്ചാൽ അയാൾ അനുസരിക്കാൻ തയ്യാറാവില്ലേ? എനിക്ക് പെണ്ണിനെ തരാതിരിക്കാൻ മാത്രം എനിക്കെന്താണൊരു കുറവ്? ഞാനെന്താ ചെരുപ്പു കുത്തിയോ മറ്റോ ആണോ? ഇക്കാര്യത്തിൽ എല്ലാവരും എനിക്കെതിരാണ്. സഹോദരനുവേണ്ടി താങ്കളുടെ ഭാര്യ എന്നെ ഉപേക്ഷിച്ചിരിക്കുന്നു. എനിക്കാ പെൺകുട്ടിയെത്തന്നെ കെട്ടിക്കൊള്ളണമെന്ന് വാശിയില്ല. പക്ഷേ, എന്റെ അനന്തരാവകാശി ആരുടെ മകനാകേണ്ടിയിരുന്നുവോ അവർതന്നെ ഇന്നെന്റെ രക്തത്തിന് ദാഹിക്കുന്നു; എന്നെ മാനഭംഗപ്പെടുത്താനാശിക്കുന്നു. അല്ലാഹു ഉദ്ദേശിക്കുന്നവരെ അവൻ ബഹുമാന്യരാക്കും.

അല്ലാഹുവിനെ ഭയപ്പെടണമെന്നും പഴയ ബന്ധങ്ങൾ മുറിക്കരുതെന്നും ഞാൻ പലതവണ കത്തുകളെഴുതി. ഒരാളും മറുപടിപോലുമയച്ചില്ല.

ഇസ്സത്ത് ബീവിയെ ഫസൽ അഹ്‌മദ് മൊഴിചൊല്ലിയാലും ഇവിടെ ഒരു ചുക്കും വരാനില്ല. ‘ഇയാളെന്തൊരു നാശമാണപ്പാ, എവിടെയും പോയി ചാകുന്നില്ലല്ലോ’ എന്നൊക്കെ താങ്കളുടെ ഭാര്യ പറഞ്ഞെന്നു കേട്ടു. ഞാനൊരു രജിസ്റ്റർ കത്തയച്ചിട്ടുപോലും താങ്കളുടെ ഭാര്യ മറുപടി അയച്ചില്ല. ഞാൻ നിന്ദ്യനും നീചനുമാണത്രെ! പക്ഷേ, അല്ലാഹുവിന്റെയടുത്ത് ഞാൻ മാന്യനും മഹത്ത്വമുടയവനുമാണ്. ഞാനത്രമാത്രം നിന്ദ്യനാണെങ്കിൽ എന്റെ മകനുമായി താങ്കളുടെ ബന്ധം തുടരേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് ഞാൻ വ്യക്തമായി പറയട്ടെ, താങ്കളുടെ ഭാര്യാസഹോദരനെ ഈ വിവാഹം നടത്താനനുവദിച്ചാൽ എന്റെ മകൻ താങ്കളുടെ മകളെ ഇവിടെ വെച്ചേക്കില്ല. ഒരിടത്ത് മുഹമ്മദീ ബീഗത്തിന്റെ വിവാഹം നടക്കുമ്പോൾ ഫസൽ അഹ്‌മദും ഇസ്സത്ത് ബീവിയും തമ്മിലുള്ള വിവാഹമോചനവും നടന്നിരിക്കും. അവനതിന് തയ്യാറാവുന്നില്ലെങ്കിൽ എന്റെ അനന്തരാവകാശം അവന് നിഷേധിക്കപ്പെടും. താങ്കളും ഭാര്യയും നിർബന്ധം ചെലുത്തി അഹ്‌മദ് ബേഗിനെക്കൊണ്ട് ഈ വിവാഹം മുടക്കിയാൽ തീർച്ചയായും എന്റെ സ്വത്തുക്കൾ താങ്കളുടെ മകനുകൂടിയായിരിക്കും. അവളെ നല്ല നിലയിൽ കുടിയിരുത്താൻ എനിക്കാവും.

ഈ സന്ദിഗ്ധ ഘട്ടത്തെ അവധാനതയോടെ കൈകാര്യം ചെയ്യണമെന്നാണ് താങ്കളോട് പറയാനുള്ളത്. അഹ്‌മദ് ബേഗിനെ ശക്തിയായ ഭാഷയിൽ താക്കീത് ചെയ്യുക. യുദ്ധം ചെയ്‌തെങ്കിലും കാര്യം നേടാൻ വീട്ടുകാരിയെ നിർബന്ധിക്കുക. അല്ലാത്തപക്ഷം അല്ലാഹുവിനെ സാക്ഷി നിർത്തിക്കൊണ്ട് ഞാൻ പറയുന്നു; നാം തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇതോടെ അവസാനിച്ചുവെന്ന് കരുതിക്കൊള്ളുക. ഫസൽ അഹ്‌മദിന് എന്റെ മകനും അനന്തരാവകാശിയുമാവണമെന്നുണ്ടെങ്കിൽ, ഈ നിബന്ധനക്ക് വിധേയമായി മാത്രമെ താങ്കളുടെ മകളെ ഭാര്യയായി നിലനിർത്തു. അവനത് അംഗീകരിക്കാത്തപക്ഷം അവൻ മരണപ്പെട്ടതായി ഞാൻ കണക്കാക്കും. എല്ലാ ബന്ധങ്ങളും അവസാനിക്കുകയും ചെയ്യും. കാര്യങ്ങളെല്ലാം കത്തിലൂടെയാണ് ഞാനറിയുന്നത്. യാഥാർഥ്യം അല്ലാഹുവിന്നറിയാം.

വിനീതൻ, ഗുലാം അഹ്‌മദ്.’’

4.5.1891ന് അയച്ച മറുപടി:

“സഹോദരൻ മിർസാഗുലാം അഹ്‌മദ് സാഹിബ്,

താങ്കളുടെ കത്തു കിട്ടി. എന്നെപ്പറ്റി നല്ലവനെന്നോ പാവമെന്നോ എന്തു വേണമെങ്കിലും കരുതിക്കൊള്ളുക, താങ്കളുടെ കൃപ. ഞാനൊരു മുസ്‌ലിം ആണ്. പക്ഷേ, താങ്കളുടെ സ്വയംകൃത നുബുവ്വത്തിൽ വിശ്വസിക്കുന്നില്ല. പൂർവികരുടെ പാതയിൽ അല്ലാഹു എന്നെ നിലനിർത്തട്ടെ എന്ന് പ്രാർഥിക്കുന്നു.

പിന്നെ, ബന്ധവിഛേദത്തെപ്പറ്റി എഴുതിക്കണ്ടു. അല്ലാഹുവുമായുള്ള ബന്ധമാണല്ലോ വലുതും ശ്രേഷ്ഠവും, അത് നഷ്ടപ്പെടാതിരിക്കട്ടെ. അഹ്‌മദ് ബേഗിനോട് ഞാനെന്തു പറയും? ‘നേരെ വാ, നേരെ പോ എന്ന നിലപാടാണയാൾക്ക്. പിന്ന സംഭവിച്ചതെല്ലാം താങ്കൾ തന്നെ വരുത്തിവച്ചതാണ്. അഹ്‌മദ് ബേഗിന്റെ സ്ഥാനത്ത് താങ്കളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നുവന്ന് ചിന്തിച്ചുനോക്കൂ. എന്തു കണ്ടാണ് നിങ്ങൾ വിവാഹത്തിന് സമ്മതം മൂളുക? അമ്പത് കഴിഞ്ഞ നിത്യരോഗിക്ക് താങ്കൾ മകളെ കൊടുക്കുമോ? മുസൈലിമത്തുൽ കദ്ദാബിനെപ്പോലും തോൽപിക്കുന്ന ആളാവുമ്പോൾ വിശേഷിച്ചും.

കത്തെഴുതുമ്പോൾ ഇങ്ങനെ നിയന്ത്രണം വിട്ടാലോ? പെൺകുട്ടികൾ എല്ലാ വീട്ടിലുമുണ്ടാകും. എന്റെ മകളെ വിവാഹമോചനം ചെയ്താൽ ഒരു തരക്കേടുമില്ല. അങ്ങനെയെങ്കിലും പ്രവാചകത്വത്തിന്റെ സുന്നത്തൊന്ന് വർധിക്കുമല്ലോ. അവൾക്ക് മറ്റാരെയെങ്കിലും ലഭിക്കാൻ അല്ലാഹു അനുഗ്രഹിച്ചേക്കാം. അധ്വാനിച്ചുകിട്ടുന്ന ഉണങ്ങിയതിന് വെറുതെ കിട്ടുന്ന നനഞ്ഞതിനെക്കാൾ രൂചികൂടും.

താങ്കളുടെ കത്ത് സഹിതം അഹ്‌മദ് ബേഗിന് ഞാൻ എഴുതിയിട്ടുണ്ട്. കാര്യങ്ങൾ അദ്ദേഹത്തിന്റെ തീരുമാനത്തിൽ തന്നെ. സ്വന്തം മകൾ ഭർതൃവീട്ടിൽ കഴിയണമെന്നു കരുതി സഹോദരപുത്രിയെ കുരുതികൊടുക്കാൻ എന്റെ ഭാര്യ കൂട്ടുനിൽക്കുമെന്ന് കരുതേണ്ട. അദ്ദേഹം തീരുമാനിച്ചാൽ ഞാനോ ഭാര്യയോ തടസ്സം നിൽക്കില്ല. ദയവുചെയ്ത് കത്തുകളിലൂടെയുള്ള പ്രകോപനവും പ്രലോഭനവും നിർത്തണം.

വിനീതൻ,

അലി ശേർ ബേഗ്.’’

കണ്ണും കാതും കവർന്ന പ്രണയം

അന്നുതന്നെ അലി ശേർ ബേഗിന്റെ ഭാര്യക്ക് രജിസ്‌ട്രേഡായി ഒരു കത്തയച്ചു മിർസാ ഖാദിയാനി. ഭീഷണിയുടെ സ്വരമായിരുന്നു സുദീർഘമായ ആ എഴുത്തിൽ. ‘മുഹമ്മദീ ബീഗത്തിന്റെ വിവാഹം നടന്നു കഴിയുമ്പോൾ എന്റെ മകനും നിങ്ങളുടെ മകളുമായുള്ള വിവാഹമോചനവും നടന്നിരിക്കും’ എന്ന് ‘സോപാധിക വിവാഹമോചന’ത്തെപ്പറ്റി എഴുതിയിരുന്നു. ഇക്കാര്യം ഫസൽ അഹ്‌മദിനും ഹകീം നൂറുദ്ദീനും എഴുതിയിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

6.5.1891 ന് മരുമകൾ ഇസ്സത്ത് ബീവിയെ നിർബന്ധിച്ച് സ്വന്തം ഉമ്മക്ക് കത്തെഴുതിച്ചു:

“സ്‌നേഹമുള്ള ഉമ്മാ,

ഇപ്പോഴെങ്കിലും എന്റെ നാശത്തെപ്പറ്റി ഓർക്കുക. എന്നെ ഒരു കാരണവശാലും ഇവിടെ നിർത്തുമെന്ന് കരുതേണ്ട. നിങ്ങൾക്ക് സാധിക്കുമെങ്കിൽ അമ്മാവനെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക. അല്ലാത്തപക്ഷം എന്റെ വിവാഹബന്ധം വേർപെടും. നാം അപമാനിതരാകും. അതിന് സാധ്യമല്ലെങ്കിൽ എന്നെ വിളിക്കാൻ ആരെയെങ്കിലും അയക്കുക.

-എന്ന്, മകൾ ഇസ്സത്ത്ബീവി.’’

കത്തിനടിയിൽ മിർസാ ഖാദിയാനി കുറിച്ചിട്ടു: “ഇസ്സത്ത് ബീവി പറഞ്ഞതുപോലെ, മുഹമ്മദീ ബീഗത്തിന്റെ വിവാഹം തടസ്സപ്പെടുത്താൻ സാധ്യമല്ലെങ്കിൽ ഇവളെ കൊണ്ടുപോവാൻ ആളെ അയക്കുക.’’

കണ്ണും മൂക്കുമില്ലാത്ത പ്രേമത്തിന് നീതിയും ന്യായവും ഇല്ലെന്ന് ഈ കത്ത് തെളിയിക്കുന്നു. 2.5.1891 ലെ ഒരു പരസ്യം സമാഹാരത്തിൽ വായിക്കുക:

“വിനീതനായ ഞാൻ ഒരു ദിവ്യാടയാളം കാണിക്കേണ്ടത് മതപരമായ ഒരാവശ്യമാണെന്നു കരുതി അല്ലാഹുവിനോട് അഭ്യർഥിച്ചതിന്റെ ഫലമായി എന്റെ ബന്ധത്തിൽപെട്ട അഹ്‌മദ് ബേഗിന്റെ മകളെപ്പറ്റി ഒരു പ്രഖ്യാപനം നടത്തിയത് മാന്യവായനക്കാർ ഓർക്കുമല്ലോ. കന്യകയായോ വിധയായോ അവൾ എന്റെ ഭാര്യാപദത്തിൽ വരുമെന്നായിരുന്നു ആ പ്രഖ്യാപനത്തിന്റെ ചുരുക്കം. ഇപ്പോൾ ഈ പരസ്യത്തിലൂടെ ഞാൻ തെര്യപ്പെടുത്താനുദ്ദേശിക്കുന്നതെന്തെന്നാൽ എന്റെ മകനും ലാഹൂറിലെ ഡെപ്യൂട്ടി തഹസിൽദാറുമായ സുൽത്താൻ അഹ്‌മദും അവനെ കൊച്ചാക്കി താലോലിച്ചു വളർത്തുന്ന ഉമ്മയും ഇപ്പോൾ എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മറ്റൊരാളുമായി ബീഗത്തിന്റെ വിവാഹം പെരുന്നാളിന് ശേഷം നടത്താൻ എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് അവരാണ്.

സുൽത്താൻ അഹ്‌മദിനെ കാര്യം ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചു. നീയും മാതാവും പിന്തിരിയണമെന്ന് താക്കീത് ചെയ്തു. അല്ലാത്തപക്ഷം നമ്മൾ തമ്മിൽ ഒരു ബന്ധവുമുണ്ടാവില്ലെന്ന് ഞാനെഴുതി. പക്ഷേ, ഒരു മറുപടിപോലും അവർ എഴുതിയില്ല. മൂർച്ചകൂടിയ ഒരു വാളുപയോഗിച്ച് എന്നെ മുറിവേൽപിച്ചിരുന്നുവെങ്കിൽ പോലും ഞാനിത്ര വേദനിക്കുമായിരുന്നില്ല. അല്ലാഹുവിനോടും റസൂലിനോടും അവരുടെ മതത്തിനോടുമുള്ള യുദ്ധപ്രഖ്യാപനമാണിത്. മറ്റുളളവരുടെ ശത്രുതക്ക് വഴിമരുന്നിടുകയാണവർ ചെയ്യുന്നത്. സ്വന്തം പിതാവിനെ നിസ്സാരനായിക്കണ്ട്, ശത്രുത പുലർത്തുന്ന അവൻ ഇസ്‌ലാമിന്റെ ശത്രുക്കളെ സഹായിച്ചു. അവന്റെ ഉമ്മയും അമ്മായിയമ്മയും അവനെ തെറ്റിദ്ധരിപ്പിച്ചു. ശത്രുക്കളുമായുള്ള ബന്ധം ആപത്കരമാണ്.

അതുകൊണ്ട് അവർ ഈ വിവാഹത്തിനായി പ്രവർത്തിക്കുന്നത് ഈ തീയതി മുതൽ അവസാനിപ്പിക്കാൻ തയ്യാറല്ലെങ്കിൽ, നിശ്ചയിക്കപ്പെട്ട വിവാഹം നടക്കുകയാണെങ്കിൽ, സുൽത്താൻ അഹ്‌മദ് എന്റെ മകനും അനന്തരാവകാശിയും അല്ലാതാവും. അവന്റെ ഉമ്മയും ഞാനും തമ്മിലുള്ള വിവാഹബന്ധവും ഇതോടെ അവസാനിക്കും.

അവന്റെ സഹോദരൻ ഫസൽ അഹ്‌മദ്, അഹ്‌മദ് ബേഗിന്റെ സഹോദരി പുത്രിയും അവന്റെ ഭാര്യയുമായ ഇസ്സത്ത് ബീവിയെ ത്വലാക്വ് ചൊല്ലാൻ തയ്യാറാവുന്നില്ലെങ്കിൽ അവനും എന്റെ സ്വത്തിൽ അവകാശം ഉണ്ടാവുകയില്ല. സുഖദുഃഖങ്ങളിൽ, ആഘോഷങ്ങളിലും ദുഃഖാചരണങ്ങളിലും അവരെ പങ്കെടുപ്പിക്കുന്നതല്ല. അവരുമായി സഹവർത്തിത്വവും മറ്റുവിധ ബന്ധങ്ങളും നിഷിദ്ധവും വിശ്വാസത്തിനെതിരുമാണെന്ന് ഈ പ്രഖ്യാപനം മുഖേന എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.

വിനീതൻ, മിർസാ ഗുലാം അഹമ്മദ്, ലുധിയാന’’(ഭാഗം1, പേജ് 219-221).

സ്വന്തം വിവാഹത്തെപ്പറ്റി പ്രവചിച്ചത് പുലരാതിരിക്കാൻ ശ്രമിച്ചു എന്നാക്ഷേപിച്ചുകൊണ്ട് സ്വന്തം ഭാര്യയെയും മക്കളെയും ഊരു വിലക്കുകയാണ് ഖാദിയാനി പ്രവാചകൻ! മറുവശത്ത് മുഹമ്മദീ ബീഗത്തിനൂം കുടുംബത്തിനും തന്റേത് മുഴുവൻ കൊടുക്കാൻ തയ്യാറായിരുന്നു അദ്ദേഹം.

പ്രലോഭനങ്ങൾ, വാഗ്ദാനങ്ങൾ

മുഹമ്മദീ ബീഗത്തിന്റെ സഹോദരൻ മുഹമ്മദ് ബേഗ്, മിർസാ ഖാദിയാനിയുടെ താൽപര്യപ്രകാരം, ഹകീം നൂറുദ്ദീന്റെ ചികിത്സയിലായിരുന്നു.

“ഹകീം നൂറുദ്ദീൻ സാഹിബ്, അസ്സലാമു അലൈക്കും.

കരുണാർദ്രമായ സന്ദേശം കൈപ്പറ്റി. നന്ദി. മുഹമ്മദ് ബേഗ് സുഖം പ്രാപിച്ചുവരുന്നുവല്ലോ. അവന്റെ പിതാവ് അഹ്‌മദ് ബേഗ് അജ്ഞതയും അഹന്തയും മൂലം എന്നോട് കടുത്ത ശത്രുതയിലാണിപ്പോൾ. അദ്ദേഹത്തിന്റെ മകളെപ്പറ്റി അല്ലാഹു അറിയിച്ച ചില കാര്യങ്ങൾ ഞാൻ പരസ്യപ്പെടുത്തിയതാണ് കാരണം. അത് എങ്ങനെ പര്യവസാനിക്കുമെന്നറിയില്ല.

ആ കുട്ടി പോലീസ് വകുപ്പിൽ ജോലി ശരിപ്പെടുത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകൾ എനിക്കെഴുതിയിരുന്നു. മൗലവി സാഹിബ് അവനോട് നയത്തിലും മയത്തിലും കാര്യം പറഞ്ഞു മനസ്സിലാക്കിക്കാടുക്കണം.

നിനക്കുവേണ്ടി അദ്ദേഹം ശിപാർശ ചെയ്തിട്ടുണ്ട്. ഒരു വേക്കൻസി ഉണ്ടെങ്കിൽ അത് നിനക്കായിരിക്കും. അവനുവേണ്ടി ഞാൻ വളരെയേറെ ശ്രമിക്കുന്നുണ്ട് എന്ന് പറയുക. കഴിയുമെങ്കിൽ അവനെയും കൂട്ടി താങ്കൾ ഇങ്ങോട്ടു വരൂ.

-ഗുലാം അഹ്‌മദ്, ഇഖ്ബാൽഗഞ്ച്, ലുധിയാന’’

(മക്തൂബാതെ അഹ്‌മദിയ്യ, വാല്യം 5, കത്ത് നമ്പർ 3).

സീറത്തുൽ മഹ്ദിയിൽ ഒരു നിവേദനത്തിൽ പറയുന്നു: “മുഹമ്മദീ ബീഗത്തിന്റെ അമ്മാവൻ മിർസാ ഇമാമുദ്ദീൻ മസീഹുമായി വളരെ അടുത്തുബന്ധം പുലർത്തുകയും ഈ വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് ഒരുപാട് പണം കൈപ്പറ്റുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഉദ്ദേശ്യശുദ്ധിയുള്ള ആളായിരുന്നില്ല അയാൾ. പണം തട്ടുക മാത്രമായിരുന്നു അയാളുടെ ലക്ഷ്യം’’ (ഭാഗം1, പേജ് 174).

മുഹമ്മദീ ബീഗത്തിന് സ്വത്തിന്റെ മൂന്നിലൊന്ന്, പിതാവിന് ഇഷ്ടമുള്ള ഓഹരി, സഹോദരന് പോലീസ് വകുപ്പിൽ ജോലി, അമ്മാവന് വേണ്ടുവോളം പണം! എന്തെല്ലാം വാഗ്ദാനങ്ങളാണ്! അയലത്തുകാർക്കും അച്ചാരം നൽകാൻ മിർസാ ഖാദിയാനി തയ്യാറായിരുന്നു! പക്ഷേ, വിവാഹത്തിന് ബീഗത്തിന്റെ വീട്ടുകാർ സമ്മതിക്കണ്ടേ!

(തുടരും)