‘വഹ്‌യുകളുടെ’ സുനാമി!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഫെബ്രുവരി 18, 1444 റജബ് 27

ഖാദിയാനി വേദപതുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര : 04

തദ്കിറ’യുടെ മുഖവുരയിൽ മിർസാ ബശീർ അഹ്‌മദ് വിവരിക്കുന്നു:

“ഈ സമാഹാരം തയ്യാറാക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്:

1) മസീഹിന്റെ ജീവിതകാലത്ത് ഗ്രന്ഥങ്ങളിലും പരസ്യങ്ങളിലും ഡയറികളിലും പ്രസംഗങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ച ഇൽഹാമുകളും കശ്ഫുകളും സ്വപ്നങ്ങളും അവയുടെ രേഖകൾ സഹിതം ക്രോഡീകരിച്ചിട്ടുണ്ട്.

2) മസീഹിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്തതും കത്തുകളിലും മറ്റും പിന്നീട് കണ്ടെത്തിയതുമായവ സാക്ഷ്യസഹിതം ചേർത്തിരിക്കുന്നു.

3) വാക്യങ്ങൾ പറയാതെ ആശയം മാത്രം പറഞ്ഞവയും ഇതോടൊപ്പമുണ്ട്.

4) മസീഹ് പറഞ്ഞ അർഥവും വിശദീകരണവും സ്വപ്നവ്യാഖ്യാനവുമൊക്കെ അതേപോലെ ഉദ്ധരിച്ചിരിക്കുന്നു.

5) അവയുടെ അവതരണ പശ്ചാത്തലവും (ശാനെ നുസൂൽ) പരമാവധി തേടിപ്പിടിച്ച് രേഖപ്പെടുത്തി യിട്ടുണ്ട്.

6) ചില സംഭവങ്ങളിലൂടെ വ്യക്തമായ വചനങ്ങളെപ്പറ്റി അടിക്കുറിപ്പിൽ ഹ്രസ്വമായി പ്രതിപാദിച്ചിട്ടുണ്ട്.

7) അവതരിച്ച കാലത്തെക്കുറിച്ച് കൃത്യമായി അറിയാത്തവ, സാധിക്കുന്നത്ര ഗവേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിച്ചിട്ടുണ്ട്.

8) ഇൽഹാമുകളും സ്വപ്നങ്ങളും കശ്ഫുകളുമൊക്കെ കാലക്രമത്തിനനുസരിച്ചാണ് വിന്യസിച്ചത്; വിഷയാധിഷ്ഠിതമായല്ല.

9) അറബി, പേർഷ്യൻ, ഇംഗ്ലീഷ് ഇൽഹാമുകൾക്ക് പരമാവധി തർജമ കൊടുത്തിട്ടുണ്ട്. മസീഹ് കൊടുത്തവ ഒപ്പവും പത്രാധിപന്മാരും ക്രോഡീകരിച്ചയാളും കൊടുത്തവ അടിക്കുറിപ്പായും നൽകുകയാണ് ചെയ്തത്.

10) ക്രമപ്രകാരമല്ലാതെ മസീഹിന്റെ ഗ്രന്ഥങ്ങളിൽ വന്നവ അതേപടി തന്നെയാണ് ക്രോ ഡീകരിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ,‘വ്യത്യസ്ത ക്രമങ്ങളിൽ ഇൽഹാമുകൾ ആവർത്തിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വഹ്‌യുകൾ പലപ്പോഴും പല ക്രമങ്ങളിലാണ് അവതരിക്കുക. ചില വചനങ്ങൾ നൂറും അതിലധികവും തവണ അവതരിച്ചിട്ടുണ്ട്. അവയുടെ പാരായണത്തിലും വൈവിധ്യം ഉണ്ടാകും. അല്ലാഹു കഷ്ണം കഷ്ണമായി നാവിലേക്കിട്ടു തരുന്ന പതിവുമുണ്ട്. എന്നാൽ അവയുടെ ക്രമീകരണം അല്ലാഹു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. അപ്പോൾ പഴയക്രമം തെറ്റിയാവും പറഞ്ഞുതരിക. എല്ലാ വചനങ്ങളും ഒരേക്രമത്തിൽതന്നെ ആകണമെന്നില്ല എന്നർഥം. അവയുടെ ഉച്ചാരണവും (ഖിറാഅത്ത്) ഒരേ പോലെ ആവണമെന്ന് നിർബന്ധമില്ല. ആവർത്തിക്കുന്ന വഹ്‌യുകളിൽ ഈ വൈവിധ്യം കാണാം. ഈ രീതി അല്ലാഹുവിന് മാത്രമെ ഉള്ളൂ. അവന് തന്നെയാണല്ലോ അതിന്റെ രഹസ്യവും അറിയുന്നത്.’’

ദിവ്യസ്വപ്നങ്ങളുടെ തുടക്കം

ബിസ്മിയും ഹംദും സ്വലാത്തും ചൊന്നശേഷം ‘തദ്കിറ’ എന്ന ശീർഷകവും ‘വിശുദ്ധ വഹ്‌യുകൾ, കശ്ഫുകൾ, സ്വപ്നങ്ങൾ’ എന്ന ഉപശീർഷകവും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസകാലത്തുണ്ടായ ഒരു സ്വപ്ന ദർശനം വിശദീകരിക്കുകയാണ് ഒന്നാമതായി.

1) ‘കൊട്ടാരസദൃശമായ ഒരു വീട്ടിൽവെച്ച് മുഹമ്മദ് നബി ﷺ യെ സന്ദർശിക്കുകയും തന്റെ വലതു കൈയിലുണ്ടായിരുന്ന, സ്വയം രചിച്ച പുസ്തകത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. തുടർന്ന് മൃതപ്രായമായ ഇസ്‌ലാമിനെ എന്റെ കരങ്ങളാൽ പുനരുജ്ജീവിപ്പിക്കുമെന്നും അതിന് മുഹമ്മദ് നബി ﷺ യുടെ ആത്മീയ ഔദാര്യം ലഭ്യമാക്കുമെന്നും എന്റെ മനസ്സിലേക്ക് ഇട്ടുതന്നു.’

2) ‘1864ലോ 1865ലോ ഈ സ്വപ്നം ആവർത്തിക്കുകയും കൈവശമുള്ള പുസ്തകത്തിന്റെ പേര് ‘ഖുത്വുബി’ എന്ന് വെളിപ്പെടുത്തുകയും ചെയ്തു.’

അതുകൊണ്ടുദ്ദേശിക്കുന്നത് ‘ബറാഹീനെ അഹ്‌മദിയ്യ’ എന്ന, 50 വാള്യങ്ങളിലായി രചിക്കാൻ പോകുന്ന ബൃഹദ്ഗ്രന്ഥമാണ്. പിന്നീട് അതൊരു പഴമാവുകയും അതിന്റെ ചാറ് അവിടെ കിടന്നിരുന്ന ഒരു മൃതദേഹത്തിന്റെ വായിലേക്ക് ഒഴിച്ചതോടെ അത് പുനരുജ്ജീവിക്കുകയും ചെയ്തതായി തുടർന്നെഴുതുന്നു.

മരിച്ചുകഴിഞ്ഞ ഇസ്‌ലാമിനെ പുനരുജ്ജീവിപ്പിക്കാൻ മാത്രം അമാനുഷിക ശക്തിയുള്ള ദിവ്യ ഗ്രന്ഥമാണ് ‘ബറാഹീനെ അഹ്‌മദിയ്യ’ എന്ന് സമർഥിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ പിന്നെ അതിനെ ഒന്ന് പരിചയപ്പെടാമല്ലോ.

‘അമൃതഗ്രന്ഥ’ത്തിന്റെ കഥ

സൂഫിവര്യനായ പണ്ഡിത വേഷധാരി മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി 1879 ഡിസംബർ മൂന്നിന് ഒരു പരസ്യം പ്രസിദ്ധീകരിച്ചു.

‘ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുർആനിന്റെയും മുഹമ്മദീയ പ്രവാചകത്വത്തിന്റെയും സതൃതക്ക് 300 തെളിവുകൾ സമാഹരിച്ചുകൊണ്ട് 50 വാല്യങ്ങളിൽ ഞാൻ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ‘ബറാഹീനെ അഹ്‌മദിയ്യ’ എന്നു പേരുവെച്ച പുസ്തകത്തിന് മുസ്‌ലിംകൾക്ക് പത്തു രൂപയും അമുസ്‌ലിംകൾക്ക് 25 രൂപയുമാണ് വില നിശ്ചയിച്ചത്. മുസ്‌ലിംകൾ കൂടുതൽ കോപ്പികൾക്ക് വേണ്ടി മുൻകൂറായി പണമയച്ചാൽ മാത്രമെ ഇതിന്റെ അച്ചടി നടത്താൻ കഴിയൂ. സാമ്പത്തിക ശേഷിയുള്ളവർ പ്രസ്സിലെ ഓരോ ദിവസത്തെ ചെലവുകൾ വഹിക്കുന്നതായാൽ കാര്യം എളുപ്പമാകും. ഈ മഹാസംരംഭത്തിൽ സഹകരിച്ച് സ്വർഗം ഉറപ്പുവരുത്താൻ താൽപര്യപ്പെടുന്നു’ എന്നായിരുന്നു പരസ്യത്തിന്റെ ചുരുക്കം.

ബറാഹീന്റെ രണ്ടാം വാള്യത്തിന്റെ മുഖവുരയിൽ മിർസ പറയുന്നു: ‘പലതരത്തിലുള്ള കലാപങ്ങളും തിന്മകളും നടമാടുന്നത് കണ്ടിട്ടാണ് ഈ പുസ്തകം രചിക്കാൻ തീരുമാനിച്ചത്. ഇതിലെ സുദൃഢവും ബുദ്ധിപൂർവകവുമായ 300 തെളിവുകളിലൂടെ ഇസ്‌ലാമിന്റെ സത്യം സൂര്യനെപ്പോലെ പ്രകാശിക്കും എന്ന് ഞാൻ കരുതുന്നു. മുസ്‌ലിംകളുടെ മനസ്സാഗ്രഹിക്കുന്ന, എതിരാളികളുടെ മേലുള്ള മഹത്തായ വിജയമായിരിക്കും ഇത്. ഇസ്‌ലാമിലെ സമ്പന്നരിൽ ഞാൻ പ്രതീക്ഷയർപ്പിക്കുന്നു; നിസ്തുലമായ ഈ ഗ്രന്ഥത്തെ അവർ നെഞ്ചേറ്റുമെന്ന്’ (പേജ് 62).

1880ൽ ഒന്നാം വാള്യം പുറത്തിറങ്ങി. അതിന്റെ മുഖച്ചട്ടയിൽ എഴുതിയത് ഇങ്ങനെ: ‘ദൈവിക ഗ്രന്ഥമായ ക്വുർആനിന്റെയും മുഹമ്മദീയ പ്രവാചകത്വത്തിന്റെയും സത്യത്തിനുള്ള അഹ്‌മദിയ്യ തെളിവുകൾ. പഞ്ചാബിലെ ഇസ്‌ലാമിന്റെ അഭിമാനവും ഖാദിയാനിലെ മഹാനേതാവുമായ മിർസാ ഗുലാം അഹ്‌മദ്, അദ്ദേഹത്തിന്റെ മഹത്ത്വം നിലനിൽക്കട്ടെ, സമ്പൂർണ ഗവേഷണപാടവവും സൂക്ഷ്മശ്രദ്ധയും കൊടുത്തുകൊണ്ട് രചന നിർവഹിക്കുകയും ഇസ്‌ലാമിന്റെ എതിരാളികളിൽ ഹുജ്ജത്ത് പൂർത്തീകരിക്കുന്നതിനായി പതിനായിരം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് പ്രസിദ്ധീകരിച്ചത്.’

പതിനായിരം രൂപ ഇനാം

ഒന്നാം വാള്യം പൂർണമായും പുസ്തകത്തെക്കുറിച്ചുള്ള പരസ്യമാണ്. ഒരു പേജിൽ മൂന്ന് വരികൾ വീതം 82 പേജുകളിലായി മറ്റുള്ളവരെ വെല്ലുവിളിക്കുന്ന പരസ്യം നിറഞ്ഞുനിൽക്കുന്നു. അതിന്റെ തുടക്കം ഇങ്ങനെ:

‘ബറാഹീനെ അഹ്‌മദിയ്യ’ എന്ന ഈ പുസ്തകത്തിന്റെ രചയിതാവായ ഞാൻ, സർവ മതവിഭാഗങ്ങളുടെയും സമുദായങ്ങളുടെയും എല്ലാ നേതാക്കൾക്കുമെതിരെ 10,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് പരസ്യപ്പെടുത്തുന്നതെന്തെന്നാൽ, വിശുദ്ധ ക്വുർആനിന്റെയും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെയും നിഷേധികളായ നിങ്ങളിൽ ഉദ്ദേശൃപൂർത്തീകരണാർഥം പരിശുദ്ധ ക്വുർആനിൽ നിന്ന് തെളിവുകളും സാക്ഷൃങ്ങളും എടുത്തുകൊണ്ട് ക്വുർആനിന്റെയും പ്രവാചകത്വത്തിന്റെയും യാഥാർഥ്യം തെളിയിക്കാൻ വേണ്ടി എഴുതിയ സാക്ഷ്യങ്ങളെ ഖണ്ഡിച്ചുകൊണ്ട് നിങ്ങളുടെ ദൈവികഗ്രന്ഥത്തിൽനിന്ന് ഇത്രയും തെളിവുകൾ നിരത്തുകയോ, പറ്റിയില്ലെങ്കിൽ പകുതിയോ മൂന്നിലൊന്നോ നാലിലൊന്നോ അഞ്ചിലൊന്നോ തെളിവുകളെങ്കിലും നിരത്താൻ സാധിക്കുകയോ, അതുമല്ലെങ്കിൽ ഇതിൽ എഴുതിയ തെളിവുകളെ അക്കമിട്ട് ഖണ്ഡിക്കുകയോ ചെയ്താൽ ഉഭയകക്ഷികൾ അംഗീകരിക്കുന്ന നീതിമാന്മാരായ മൂന്ന് വിധികർത്താക്കൾ, ഉപാധിയനുസരിച്ച് തെളിവുകൾ ഖണ്ഡിക്കപ്പെട്ടിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടാൽ, എന്തെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞോ തന്ത്രങ്ങൾ പ്രയോഗിച്ചോ പിന്മാറാൻ ശ്രമിക്കാതെ എന്റെ 10000 രൂപ വിലയുള്ള ഭൂസ്വത്തിന്റെ എല്ലാ അവകാശങ്ങളും അവർക്ക് പതിച്ചുകൊടുക്കുന്നതാണെന്ന് ശരിഅത്ത് അനുവദിച്ച ശറഈ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് ഞാൻ വാഗ്ദാനം ചെയ്യുന്നു’ (പേജ് 17-26)

പത്തു പേജുകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു വാക്യമാണ് ഈ വെല്ലുവിളി എന്നറിയുമ്പോൾ അക്ഷരങ്ങളുടെ വലിപ്പം ഊഹിക്കാമല്ലോ. ഇതേകാര്യം പല രീതിയിൽ ആവർത്തിച്ചുകൊണ്ടാണ് ഒന്നാം വാല്യത്തിന്റെ 82 പേജുകൾ നിറച്ചിരിക്കുന്നത്. പലർക്കും നേരിൽ കാണാതെ അക്കാര്യം വിശ്വസിക്കാനാവില്ല.

മുഖവുര

മുഖവുരയോടെയാണ് രണ്ടാം വാള്യം തുടങ്ങുന്നത്: ‘നിർബന്ധമായും വെളിപ്പെടുത്തേണ്ട ലക്ഷ്യങ്ങൾ’ എന്നു തുടങ്ങുന്ന മുഖവുര 84ാം പേജിൽ തുടങ്ങി 137ാം പേജിൽ അവസാനിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചത് 1880 അവസാനത്തോടെയാണ്.

ആമുഖം

139ാം പേജിൽ തുടങ്ങുന്ന മൂന്നാം വാള്യത്തിൽ ഒന്നാം അധ്യായം ആരംഭിക്കുകയാണ്:

‘ബറാഹീന്റെ’ രചന തുടങ്ങുന്നതിന് മുമ്പായി ചില കാര്യങ്ങൾ ആമുഖമായി പറയാനുദ്ദേശിക്കുന്നു...’ ഈ ആമുഖം എഴുതി മുമ്പോട്ടു പോകുമ്പോൾ താഴെ അടിക്കുറിപ്പായി ചിലത് വിശദീകരിക്കുന്നു. കുറച്ചു കൂടി എഴുതിത്തുടരവെ അടിക്കുറിപ്പിന് ടിപ്പണി എഴുതാൻ തുടങ്ങുന്നു. ഉർദുവിൽ ഹാശിയ എന്നും ഹാശിയാ ദർഹാശിയ എന്നുമാണ് പറയുക. എഴുത്ത് തുടരുമ്പോൾ യഥാർഥ ഗ്രന്ഥം പേജിനു മുകളിലെ ഒന്നോ രണ്ടോ വരികൾ മാത്രമായി ഒതുങ്ങുന്നു; താഴെ വികസിച്ചു മുന്നേറുന്ന ടിപ്പണികളും. 278ാം പേജിലെത്തുമ്പോൾ വാചകം ഇങ്ങനെയാണ്: ‘ഞാൻ നേരത്തെ വിശദീകരിച്ചതുപോലെ അല്ലാഹുവിന്റെ സവിശേഷതക്ക് അനിവാര്യമാകുന്ന...’ ഈ വാക്യം പൂർത്തിയാകാതെ മൂന്നാം വാള്യം അവസാനിക്കുന്നു.

തുടർന്ന് നാലാം വാള്യത്തിന്റെ തുടക്കത്തിൽ കവർപേജും ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രകീർത്തിക്കുന്ന ലേഖനവും 12 പേജുകൾ പ്രത്യേകം നമ്പറിട്ട് ചേർത്തിരിക്കുന്നു. വീണ്ടും പഴയ നമ്പറിന്റെ തുടർച്ചയായി നാലാം വാള്യത്തിലെ ആദ്യവാചകം: ‘അതായത് അവന്റെ സത്തയും ഗുണങ്ങളും പ്രവർത്തനങ്ങളും മറ്റുള്ളവരുടെ പങ്കാളിത്തത്തിൽനിന്ന് പരിശുദ്ധമാവുക’ എന്ന മൂന്നാം വാള്യത്തിലെ വാക്യത്തിന്റെ ബാക്കിഭാഗം ആണ് കാണാനാവുക. അതേപോലെ അടിക്കുറിപ്പുകളിലും വാചകങ്ങൾ മുറിച്ചിട്ടുണ്ട്.

‘അങ്ങനെയാണെങ്കിൽ പിന്നെ അണുമണിത്തൂക്കം സംശയത്തിന് പഴുതുണ്ടാവുകയില്ല’ എന്ന വാചകത്തിലെ ‘പിന്നെ’ വരെ മൂന്നാം വാള്യത്തിലും ‘അണുമണിത്തൂക്കം’ മുതൽ നാലാം വാള്യത്തിലുമായാണ് അടിക്കുറിപ്പ് മൂന്നും നാലും വാള്യങ്ങളായി വേർപ്പെടുത്തിയിട്ടുള്ളത്.

ഇങ്ങനെ ആകാമായിരുന്നെങ്കിൽ അദ്ദേഹത്തിന് 562 പേജുകളുള്ള ‘ബറാഹീൻ’ 50 വാള്യങ്ങളാക്കുകയും അങ്ങനെ ആക്ഷേപത്തിൽനിന്ന് രക്ഷപ്പെടുകയും ആവാമായിരുന്നു. ഏതായാലും ഇത്രയും ‘ഭംഗി’യായി വാള്യങ്ങൾ തിരിച്ച ഒരു ഗ്രന്ഥം ഒരു ഭാഷയിലും കാണില്ല!

കൊടിയ വഞ്ചന

നാലാം വാള്യം മുമ്പോട്ടുപോയി 512ാം പേജിലെത്തുമ്പോൾ അധ്യായം ഒന്ന് ആരംഭിക്കുന്നു: ‘വിശുദ്ധ ക്വുർആനിന്റെ യഥാർഥ്യത്തിനും ശ്രേഷ്ഠതയ്ക്കുമുള്ള ബാഹ്യമായ സാക്ഷ്യങ്ങൾ’ എന്ന ശീർഷകത്തിൽ ‘ഒന്നാമത്തെ തെളിവ്’ എന്ന ഉപശീർഷകത്തിന് താഴെ എഴുതുന്നു: ‘അല്ലാഹു പറയുന്നു....’ ആ ഒന്നാമത്തെ തെളിവ് 562ാം പേജിൽ അവസാനിക്കുന്നതോടെ ‘മഹദ്ഗ്രന്ഥത്തിന്റെ’ നാലാം ഭാഗവും സമാപിക്കുന്നു. എന്നാൽ എഴുതാൻ ആരംഭിച്ച ഒന്നാമത്തെ തെളിവ് പൂർത്തിയായില്ല!

എന്തൊക്കെയായിരുന്നു അവ കാശ വാദങ്ങൾ! അല്ലാഹു എന്റെ കൈകൊണ്ട് എഴുതിയത്! മുഹമ്മദ് നബി ﷺ സർട്ടിഫൈ ചെയ്ത് ഒപ്പിട്ടത്! അങ്ങനെ എന്തെല്ലാം!

‘വഹ്‌യുകളുടെ’ സുനാമി!

പുസ്തകത്തിലെ അവസാന വരികൾ കാണേണ്ടേ? ‘വിജ്ഞാനത്തിന്റെ മാർഗത്തിൽ ഒരുപാട് രഹസ്യങ്ങളുണ്ട്. അവ മനുഷ്യന്റെ ദുർബലവും ഹ്രസ്വവുമായ ബുദ്ധിക്ക് ഒരിക്കലും കണ്ടെത്താനാവില്ല. ഭാവനകളും ഊഹങ്ങളും ദൈവികതയുടെ നിഗൂഢ രഹസ്യങ്ങളിൽ എത്താൻ പറ്റാത്ത ദൗർബല്യം ഉൾക്കൊള്ളുന്നു. അവിടെ എത്താൻ ഉന്നതമായ ദൈവിക ഭാഷണമല്ലാതെ മറ്റൊരു ഏണിയും ഇല്ല. സത്യഹൃദയവുമായി ദൈവത്തെ തേടുന്നവർക്ക് അവൻ ഈ ഏണി വെച്ചുകൊടുക്കും. ദൈവികജ്ഞാനത്തിന്റെ ഉയർന്ന ഗോപുരത്തിലേക്ക് അവൻ കയറുകയും ചെയ്യും’ (പേജ് 560-561).

വായനക്കാർക്ക് ഇയാളുടെ ഉള്ളിലിരിപ്പ് മനസ്സിലായിട്ടുണ്ടാവും. അതുതന്നെയാണ് സംഭവിച്ചതും. ‘ബറാഹീൻ’ എഴുതിക്കൊണ്ടിരിക്കെ ‘വഹ്‌യുകളുടെ’ മഹാസാഗരം അതിലേക്ക് ഒഴുകിവന്നു. യഥാർഥ ഗ്രന്ഥം ഒന്നോ രണ്ടോ വരികളിലൊതുങ്ങിയപ്പോൾ അടിക്കുറിപ്പിൽ നിറഞ്ഞുകവിയുകയായിരുന്നു അറബി, ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് ‘വഹ്‌യുകൾ!’

മതവിശ്വാസത്തിന് വിരുദ്ധമായ വഹ്‌യ് വാദവും ബ്രിട്ടീഷ് ഗവൺമെൻറിനെതിരെ ജിഹാദ് ഹറാമാക്കാനും അവരെ അനുസരിപ്പിക്കാനും വേണ്ടി ചെലവാക്കിയ നിരവധി പേജുകളും മുൻകൂർ പണം നൽകിയ രാജ്യസ്‌നേഹികളായ മുസ്‌ലിംകളുടെ വെറുപ്പിനും വിദ്വേഷത്തിനും നിമിത്തമായി. 1857ലെ സ്വാതന്ത്ര്യസമരത്തിനെതിരെ ഇംഗ്ലീഷുകാർ ചെയ്ത അതിക്രമങ്ങളുടെയും കിരാതത്വങ്ങളുടെയും മുറിവുണങ്ങും മുമ്പാണല്ലോ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്.

(തുടരും)