സ്വാതന്ത്യവും ഇച്ഛയും

ഇബ്‌റാഹീം ഇർഫാൻ അൽഹികമി

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

അല്ലാഹുവിന്റെ സൃഷ്ടികളിൽ ഉൽകൃഷ്ടരാണ് മനുഷ്യർ. വിവേക ബുദ്ധി നൽകി അല്ലാഹു പ്രത്യേകം ആദരിച്ചവരായതിനാൽ ഇതര ജീവിവർഗങ്ങളിൽനിന്നും വ്യത്യസ്തമായി, നൽകപ്പെട്ട ബുദ്ധി പ്രയോഗിക്കുവാനും മികച്ച ആശയങ്ങൾ രൂപപ്പെടുത്തുവാനും നൂതന കണ്ടുപിടുത്തങ്ങൾ നടത്തി അവ സ്വജീവിതത്തിൽ പ്രയോഗിക്കാനും മനുഷ്യർക്ക് സാധിക്കുന്നു.

ഇത്തരത്തിൽ വിശേഷബുദ്ധി നൽകപ്പെട്ടതിനാൽ നന്മതിന്മകൾ വേർതിരിച്ചു മനസ്സിലാക്കാൻ മനുഷ്യർക്ക് സാധിക്കുന്നു. ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്; ഇങ്ങനെ ശരിയും തെറ്റും വേർതിരിച്ചു മനസ്സിലാക്കുന്നവന്; അവയിൽ ഏതും സ്വതന്ത്രമായി തിരഞ്ഞെടുക്കാനും ഇച്ഛക്കനുസരിച്ച് ജീവിക്കാനും അനുവാദമുണ്ടോ?

ഈ ചോദ്യത്തിന്റെ ഉത്തരം അന്വേഷിക്കുമ്പോൾ, മനുഷ്യന്റെ സ്വാതന്ത്ര്യം, ഇച്ഛ എന്നിവയെക്കുറിച്ച് എല്ലാ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും അവയുടെതായ കാഴ്ചപ്പാടുകളുണ്ടെന്ന് കാണാൻ കഴിയും. ഈ നിലപാടുകൾ പരിശോധനാവിധേയമാക്കുമ്പോൾ അതിൽ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് മറ്റു മതദർശനങ്ങളിൽനിന്ന് തികച്ചും വേറിട്ട് നിൽക്കുന്നുവെന്ന് കാണാം.

വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നു: “ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല’’(51:56).

മനുഷ്യരുടെ പ്രഥമവും പ്രധാനവുമായ ബാധ്യത അല്ലാഹുവിനെമാത്രം ആരാധിക്കുകയെന്നതാണ്. തങ്ങളുടെ രക്ഷിതാവായ റബ്ബിന്റെ ആജ്ഞാനിർദേശങ്ങൾ അനുസരിച്ച് ജീവിക്കുകയെന്ന് സാരം.

സ്രഷ്ടാവിന് കീഴ്‌വണങ്ങി ജീവിക്കുന്ന വിശ്വാസികൾക്ക് ഇഹലോകത്ത് നിബന്ധനകളോടെ ഇസ്‌ലാം സ്വാതന്ത്ര്യം നൽകുന്നുണ്ട്. നശ്വരമായ ഇഹലോകജീവിതത്തിെൻറ ആവശ്യങ്ങൾ നിർവഹിക്കുവാനും അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കുവാനും സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തുവാനുമുള്ള അനുവാദവും സ്വാതന്ത്ര്യവുമാണത്.

അല്ലാഹു പറയുന്നു: “അല്ലാഹു നിനക്ക് നൽകിയിട്ടുള്ളതിലൂടെ നീ പരലോകഭവനം തേടുക. ഐഹികജീവിതത്തിൽനിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട’’(28:77).

പ്രവാചകന്മാരിലൂടെ അല്ലാഹു മനുഷ്യരിലേക്ക് എത്തിച്ച സന്മാർഗത്തെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും സ്വീകരിക്കുന്നവരും അവഗണിക്കുന്നവരും മനുഷ്യരിൽ ഉണ്ടാകുമെന്ന് വിശുദ്ധ ക്വുർആനിൽ അല്ലാഹു പറയുന്നുണ്ട്:

“തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’(76:3).

ഒരു മനുഷ്യൻ ജന്മം കൊണ്ട് ശുദ്ധനും പാപരഹിതനുമാണ്. മാതാപിതാക്കളും സാഹചര്യങ്ങളുമൊക്കെയാണ് ശരിതെറ്റുകളിലേക്ക് നയിക്കാറുള്ളത്. മനുഷ്യമനസ്സുകൾ തെറ്റിലേക്ക് ചായ്‌വുള്ളവയാണ്. മനുഷ്യരുടെ ദുർബലതകളും സാഹചര്യങ്ങളും റബ്ബ് നിശ്ചയിച്ച അതിർവരമ്പുകൾ മറികടക്കാൻ അവരെ പ്രേരിപ്പിക്കുന്നതായേക്കാം. അതേസമയം, തെറ്റുകളിൽനിന്ന് വിമുക്തി നേടാനും തെറ്റിലേക്കു നയിക്കുന്ന സാഹചര്യങ്ങളിൽനിന്നും സ്വയം രക്ഷപ്പെടാനും മനുഷ്യർക്ക് കഴിയും.

ഇസ്‌ലാം പഠിപ്പിക്കുന്ന ‘ഫിത്വ്‌റ’ അഥവാ ശുദ്ധപ്രകൃതം, ‘നഫ്‌സ്’ അഥവാ ആത്മാവ് എന്നീ കാര്യങ്ങളെപ്പറ്റി നാം കൃത്യമായി പഠിക്കേണ്ടതുണ്ട്. ലോകത്ത് പിറന്നുവീഴുന്ന എല്ലാ മനുഷ്യരും അവരുടെ പ്രാരംഭത്തിൽ നല്ലവരാണ്. അതായത് ശുദ്ധപ്രകൃതത്തിലാണ് ഉണ്ടാവുക. എന്നാൽ സ്വതന്ത്രമായ തിരഞ്ഞെടുപ്പിനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതിൽനിന്നാണ് അവരുടെ മനസ്സുകളിലേക്ക് പാപങ്ങൾ കടന്നുവരുന്നത്.

മനുഷ്യർക്ക് തങ്ങളുടെ സ്രഷ്ടാവിനോടുള്ള ബന്ധത്തിന്റെ വിപരീത ദിശയിലായിരിക്കും അവരുടെ പാപങ്ങളുണ്ടാവുക. ബന്ധം സുദൃഢമാണെങ്കിൽ പാപങ്ങൾ വളരെ കുറവും, ബന്ധം ബലഹീനമാണെങ്കിൽ പാപങ്ങൾ കൂടുതലുമായിരിക്കും. ഇപ്രകാരം, പാപങ്ങളുടെ ഏറ്റവ്യത്യാസമനുസരിച്ച് നഫ്‌സിനെ മൂന്നായി തരംതിരിക്കാം:

1. സമാധാനമടഞ്ഞ ആത്മാവ്

‘അന്നഫ്‌സുൽ മുത്വ‌്മഇന്ന’ (സമാധാനമടഞ്ഞ ആത്മാവ്); നഫ്‌സിന്റെ ഏറ്റവും ഉയർന്ന തലമാണിത്. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന റബ്ബിന്റെ ആജ്ഞാനിർദേശങ്ങൾ അനുസരിച്ച് ജീവിക്കുകയും മതവിജ്ഞാനം നേടിയെടുക്കുകയും മതം അനുശാസിക്കുന്ന കർമങ്ങൾ നിർവഹിക്കുകയും റബ്ബ് നൽകിയതിൽ തൃപ്തിപ്പെടുകയും ചെയ്യുന്ന വ്യക്തിയുടെ ആത്മാവിന് മാത്രമെ ഈ അവസ്ഥയിലേക്ക് എത്താൻ കഴിയൂ. ഈ അവസ്ഥ കൈവരിച്ച ആത്മാവിനോട് മരണവേളയിൽ ഇങ്ങനെ പറയപ്പെടും:

“ഹേ, സമാധാനമടഞ്ഞ ആത്മാവേ! തൃപ്തിപ്പെട്ടുകൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക. എന്നിട്ട് എന്റെ അടിയാൻമാരിൽ പ്രവേശിച്ചുകൊള്ളുക. എന്റെ സ്വർഗത്തിലും പ്രവേശിച്ചുകൊള്ളുക’’ (ക്വുർആൻ 89:27-30).

2. കുറ്റപ്പെടുത്തുന്ന ആത്മാവ്

കുറ്റപ്പെടുത്തുന്ന ആത്മാവ് (അന്നഫ്‌സുല്ലവ്വാമ) മുൻകഴിഞ്ഞ പാപങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിന്റെയും പശ്ചാത്താപത്തിന്റെയും അവസ്ഥയുള്ള ആത്മാവാണ്. തെറ്റായ കാര്യം ഒരാൾ ചെയ്യുമ്പോൾ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തുന്നു. അത് അരുതാത്തതാണെന്ന് അവന്റെ മനസ്സ് മന്ത്രിക്കുന്നു. എന്തിനതു ചെയ്തു, തിന്നു, പറഞ്ഞു, എന്തുകൊണ്ടിതു ചെയ്തില്ല, പറഞ്ഞില്ല എന്നിങ്ങനെ ആക്ഷേപങ്ങൾ തോന്നാത്ത മനസ്സ് ഒരാൾക്കുമുണ്ടാകാൻ വഴിയില്ല.

പരലോകത്തുവെച്ചും ഈ ചിന്തയുണ്ടാകും. അവിടെവെച്ച് ലഭിക്കുന്ന സുഖസൗകര്യങ്ങൾ കാണുമ്പോൾ, കുറേക്കൂടി സൽകർമങ്ങൾ ഞാൻ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന് മനുഷ്യൻ വിചാരിച്ചു പോകും. നരകാവകാശി ഇന്നയിന്നയാളുകളെ ഞാൻ ഐഹിക ലോകത്ത് കൂട്ടുകാരാക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന് പറയുന്ന അവസ്ഥയുണ്ടാകും.

അല്ലാഹു പറയുന്നു: “ആക്ഷേപകാരിയായ ആത്മാവിനെ(അഥവാ മനസ്സിനെ)ക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു’’ (75:2).

3. തിന്മക്ക് പ്രേരിപ്പിക്കുന്ന ആത്മാവ്

തിന്മക്ക് പ്രേരിപ്പിക്കുന്ന ആത്മാവ് (അന്നഫ്‌സുൽ അമ്മാറ), നഫ്‌സിന്റെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ, മോഹിക്കുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും ചെയ്യാൻ വെമ്പുന്ന, ധർമാധർമ ചിന്തയില്ലാതെ, എല്ലാ ദുഷ്പ്രവൃത്തികളും ചെയ്യാൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്ന ആത്മാവ്.

ഈ അവസ്ഥയെപ്പറ്റി ക്വുർആനിൽ ഇങ്ങനെ കാണാം: “ഞാൻ എന്റെ മനസ്സിനെ കുറ്റത്തിൽനിന്ന് ഒഴിവാക്കുന്നില്ല. തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് ഏറെ പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണചൊരിയുന്നവനുമാകുന്നു’’ (12:53).

ആത്മാവിന്റെ ഏറ്റവും മോശമായ അവസ്ഥയാണിത്. ഇങ്ങനെയുള്ള മനസ്സിന്റെ ഉടമകളാണ് ഇച്ഛകൾക്കനുസരിച്ച്, തോന്നിയ രൂപത്തിൽ എന്ത് വൃത്തികേടുകളും ചെയ്യുന്നത്. അല്ലാഹുവിന്റെ കൽപനകളെ വെടിഞ്ഞും ഇച്ഛകളെ പിൻപറ്റിയും ജീവിക്കുന്നരുടെ പര്യവസാനം അല്ലാഹു പരിചയപ്പെടുത്തുന്നു:

“തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്കുതന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്. കണക്കുനോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്’’ (38:26).

ഇച്ഛയുടെ വക്താക്കൾ സമൂഹത്തിൽ അനുദിനം വർധിക്കുകയാണ്. നാസ്തികരും സ്വതന്ത്രചിന്തകരും യുക്തിവാദികളുമൊക്കെ ഇച്ഛകളെ പിൻപറ്റുന്നവരാണ്. തന്നിഷ്ടത്തെ മാറ്റിനിർത്തി ജീവിതം റബ്ബിന്റെ പ്രീതിയിലാക്കി മാറ്റുന്നവർക്കാണ് ആത്യന്തിക വിജയം ലഭിക്കുക.