സ്വപ്‌നങ്ങൾക്ക് നികുതി വേണ്ട!

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ഏപ്രിൽ 01, 1444 റമദാൻ 10

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര ‘തദ്കിറ’യിലൂടെ ഒരു യാത്ര-10)

യേശുവിന്റെ ലോകം

1906 മാർച്ചിൽ ‘അവതരിച്ച’ ചില വചനങ്ങൾ കാണുക: “മർയമിന്റെ മകൻ യേശു വലിയ മഹത്ത്വത്തിന് ഉടമയായി. ഇപ്പോൾ 40 കോടി ജനങ്ങൾ അദ്ദേഹത്തെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ നാമത്തിൽ രാജാക്കന്മാരുടെ ശിരസ്സുകൾ കുനിയുന്നു. ‘മറിയമിന്റെ മകൻ യേശുവിനെപ്പോലെ ശിർക്കിന്റെ വളർച്ചയ്ക്ക് നിമിത്തമാക്കരുതേ’ എന്നാണ് ഞാൻ പ്രാർഥിച്ചത്. അത് അല്ലാഹു സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ അവൻ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്; ‘ഞാൻ നിന്നെ മഹാനാക്കും, ജനഹൃദയങ്ങളിൽ നിന്നോടുള്ള സ്‌നേഹം നിറക്കും, നിന്റെ പരമ്പരയെ ലോകമാകെ വ്യാപിപ്പിക്കും, മറ്റേത് വിഭാഗങ്ങളെയും നിന്റെ കക്ഷി അതിജയിക്കും’ എന്നൊക്കെ. ഇതൊക്കെ ദൈവവാക്യങ്ങളാണ്. കേൾക്കുന്നവരേ, ഇത് പെട്ടികളിൽ സൂക്ഷിച്ചുവെക്കുക. ഒരു ദിവസം ഇതെല്ലാം പൂർത്തിയാവുകതന്നെ ചെയ്യും’’ (പേജ്: 517).

ഒന്നേകാൽ നൂറ്റാണ്ടിനിപ്പുറം ഖാദിയാനിയുടെ അനുയായികളെ തേടുമ്പോൾ, മനസ്സിലാവുക അല്ലാഹു തന്റെ വാക്ക് പാലിച്ചില്ല എന്നാണ്. യേശുവിന്റെയും പിന്നീട് വന്ന മുഹമ്മദി ﷺ ന്റെയും അനുയായികളാണ് ലോകം നിറയെ. കേവലം 13 വർഷം പിന്നിട്ടപ്പോഴേക്കും സ്വന്തമായി രാഷ്ട്രം സ്ഥാപിക്കുകയും രണ്ടു പതിറ്റാണ്ട് കൂടി കഴിഞ്ഞപ്പോൾ ലോകത്തിന്റെ മൂന്നിലൊന്ന് സ്വന്തം പതാകക്ക് കീഴിൽ വരികയും ചെയ്ത മുഹമ്മദ് നബി ﷺ യുടെ കാലത്തു നിന്ന് വ്യത്യസ്തമായി ലോകം ഒരു ഗ്രാമമായി ചുരുങ്ങിയിട്ടും ഖാദിയാനി പ്രവാചകന്റെ പേര് കേൾക്കാത്തവരാണ് 99.9 ശതമാനം മനുഷ്യരും!

ഖാദിയാനികളുടെ മുഖപത്രം ‘ബദർ’ മലയാളം വാരികയുടെ 2019 മെയ് 23ാം ലക്കത്തിലെ ഒരു ലേഖനത്തിൽ പറയുന്നു: ‘മിർസാ മസ്‌റൂർ അഹമ്മദ് ആഗോളാടിസ്ഥാനത്തിൽ സന്ദർശനം നടത്തി വരുന്നു. വലിയ വലിയ ലോകനേതാക്കളുമായി അഭിമുഖം നടത്തുന്നു. അദ്ദേഹം 10 മില്യണിലധികം ആളുകളുടെ നേതാവാണ്.’

അഹ്‌മദിയ്യാ ജമാഅത്തിന് 130 വയസ്സു കഴിഞ്ഞപ്പോഴുള്ള അവസ്ഥയാണിത്. ഇതിൽതന്നെ അനുയായികളുടെ എണ്ണത്തിൽ സാധാരണ ചേർക്കാറുള്ള വെള്ളം കുറച്ചാൽ 700 കോടിയിലേറെ വരുന്ന ജനസംഖ്യയിൽ ഏതാനും ലക്ഷങ്ങളെക്കുറിച്ചാണ് ‘നിന്റെ കക്ഷിയെ ഞാൻ ലോകമാകെ വ്യാപിപ്പിക്കു’മെന്നു പറഞ്ഞതും ആ കക്ഷി സ്വന്തം ‘ലോക’ത്ത് മറ്റുള്ള കക്ഷികളെ അതിജയിച്ചതും നാം കാണുന്നത്!

പകൽക്കിനാവ്

സ്വന്തം കക്ഷിയുടെ വ്യാപനവുമായി ബന്ധപ്പെട്ട നിരവധി ‘വഹ്‌യുകളും ദർശനങ്ങളും’ മിർസാ ഖാദിയാനിക്ക് ലഭിച്ചിട്ടുണ്ടത്രെ. 1898ൽ അവതരിച്ച ‘വഹ്‌യ്’ ഇങ്ങനെ: “അവൻ എന്നെ സഹായിക്കും, എന്റെ വചനങ്ങൾ കിഴക്കും പടിഞ്ഞാറും വ്യാപിക്കുന്നതുവരെ. സത്യത്തിന്റെ സമുദ്രത്തിരകൾ അലയടിക്കും, തിരമാലകൾ ഉണ്ടാക്കുന്ന നുരയും പതയും കണ്ടു ജനങ്ങൾ ആകമാനം അത്ഭുതസ്തബ്ധരാകുന്നതുവരെ’’ (പേജ് 317)

തുടർന്ന് ഉർദു വഹ്‌യിലൂടെ വാഗ്ദാനം ആവർത്തിച്ചു: “ഞാൻ നിന്റെ പ്രബോധനത്തെ ഭൂമിയുടെ മുക്കുമൂലകളിൽ എത്തിക്കും. ഈ വിശുദ്ധ ഇൽഹാം പൂർത്തീകരിക്കാൻ ധാരാളം വഴികൾ തുറന്നതായി ഞാൻ കാണുന്നു’’ (പേജ്: 260).

വെളുത്ത പക്ഷികൾ

“ഞാൻ കണ്ടു; ലണ്ടനിലെ ഒരു പ്രസംഗപീഠത്തിൽ ഞാൻ കയറി നിൽക്കുകയാണ്. ഇംഗ്ലീഷിൽ വ്യക്തമായ തെളിവുകൾ സഹിതം ഞാൻ ഇസ്‌ലാമിന്റെ സത്യത്തെ വിവരിച്ചു. തുടർന്ന് ചെറിയ മരച്ചില്ലകളിൽ ഇരിക്കുകയായിരുന്ന കുറെയേറെ പക്ഷികളെ ഞാൻ പിടിച്ചു; തിത്തിരിക്കിളികൾ പോലെ തോന്നിക്കുന്ന വെളുത്ത നിറമുള്ളവ. ഞാൻ ആവില്ല, എന്റെ രചനകളാവും ആളുകളിൽ പ്രചരിപ്പിക്കുക എന്ന് ഞാൻ അതിനെ വ്യാഖ്യാനിച്ചു. ഏതായാലും സത്യാന്വേഷികളായ ഇംഗ്ലീഷുകാർ ഈ സത്യത്തിന് ഇടയാകുമെന്ന കാര്യം തീർച്ചയാണ്’’ (പേജ്: 147).

ഇംഗ്ലീഷുകാർ ഇന്ത്യയിൽ ഭരണകർത്താക്കളും ജേതാക്കളുമായി കഴിഞ്ഞിരുന്ന കാലത്താണല്ലോ മിർസാ ഖാദിയാനി ജീവിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷവും നാല് പതിറ്റാണ്ട് അവരിവിടെത്തന്നെ ഉണ്ടായിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ഒരു തിത്തിരിക്കിളിയെപ്പോലും പിടിക്കാൻ മിർസക്കോ അദ്ദേഹത്തിന്റെ കാലശേഷം വന്ന ഖലീഫമാർക്കോ സാധിച്ചില്ല. നൂറ്റാണ്ടിനിപ്പുറവും അത് ദിവാസ്വപ്‌നമായി അവശേഷിക്കുന്നു.

നാലാം ഖലീഫക്ക് അവർ അഭയം നൽകിയത് അയാളും സംഘവും സത്യത്തിന്റെ ആളുകൾ ആയത് കൊണ്ടായിരുന്നില്ല. തങ്ങൾ നട്ടുവളർത്തിയ മുൾച്ചെടി വാടാതിരിക്കാനും ആവുന്നത്ര മുസ്‌ലിംകൾക്ക് തലവേദന സൃഷ്ടിക്കാനും ആയിരുന്നു എന്ന കാര്യം ആർക്കാണ് നിഷേധിക്കാനാവുക? വിരലിലെണ്ണാൻ മാത്രം വെള്ളക്കാർ ഖാദിയാനി മതത്തിൽ ചേർന്നിരുന്നുവെങ്കിൽ അവരായേനെ ഖാദിയാനി ടിവിയിലെ അവതാരകർ!

സ്വപ്‌നങ്ങൾക്ക് നികുതി വേണ്ട!

മറ്റൊരു പകൽക്കിനാവ് ഇങ്ങ നെ: ‘1885 ഏപ്രിൽ 6, ഞാനെന്തോ ഒരപകടത്തിൽ പെട്ടതായി സ്വപ്‌നം കണ്ടു. ഇന്നാലില്ലാഹി... ഗവൺമെന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്നെ കുടുക്കാൻ ശ്രമിക്കുന്നവരോട് ഞാൻ പറഞ്ഞു. ‘എന്നെ അറസ്റ്റ് ചെയ്യുമോ അതോ കൊന്നുകളയുമോ?’ ‘നിന്നെ വീഴ്ത്താനുള്ള കാര്യമാണ് നടക്കാൻ പോകുന്നത്.’ ‘ഞാൻ അല്ലാഹുവിന്റെ ചെലവിലാണ്. അവൻ ഇരുത്തിയാൽ ഞാൻ ഇരിക്കും, അവൻ നിർത്തിയാൽ ഞാൻ നിൽക്കും.’

ഉടനെ ഇൽഹാം വന്നു: ‘ശാമിലെ സൂഫികളും അറേബ്യയിലെ ദൈവദാസന്മാരും നിനക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുന്നു. എന്താണ് സംഭവമെന്നും എപ്പോൾ എങ്ങനെ ഇത് പുലരുമെന്നും അല്ലാഹുവിനറിയാം’ (പേജ്: 130).

ശാമിലും അറേബ്യൻ നാടുകളിലും മിർസാക്ക് വേണ്ടി പ്രാർഥിക്കുന്ന ഒരാളെ മഷിയിട്ടാൽപോലും കണ്ടുകിട്ടുമെന്ന് തോന്നുന്നില്ല. സ്വപ്‌നങ്ങൾക്ക് കരം അടക്കേണ്ടതില്ലല്ലോ!

മണൽത്തരി പോലെ അനുയായികൾ

‘ദിവായാത്തെ സഹാബാ രജിസ്റ്ററിൽനിന്ന് എടുത്തെഴുതിയ ചില ‘വഹ്‌യുകൾ’ കാണുക: ‘ശത്രുക്കൾ നമ്മുടെ പ്രബോധനം തടയാൻ ഉദ്ദേശിക്കുന്നു. എന്നാൽ അല്ലാഹു എനിക്ക് മണൽത്തരി പോലെ എന്റെ ജമാഅത്തിനെ കാണിച്ചുതന്നിരിക്കുന്നു’(പേജ്: 690).

ഫസലുദ്ദീൻ അബ്ദുല്ലയുടെ റിപ്പോർട്ടാണിത്. ശൈഖ് അബ്ദുൽ കരീമിന്റെ റിപ്പോർട്ടിൽ ‘റഷ്യയിലും സമീപപ്രദേശങ്ങളിലും മണൽത്തരിപോലെയാണ് ഞാൻ എന്റെ ജമാഅത്തിനെ കണ്ടിട്ടുള്ളത്’ എന്ന് സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ നാടുകളിലായാലും റഷ്യയിലായാലും പൂഴി കണക്കെ അനുയായികളെ കാണിച്ചുകൊടുത്തു ആവേശം കൊള്ളിച്ചതല്ലാതെ ലോകത്ത് മുഴുക്കെ അന്വേഷിച്ചാലും ഒരു കൈക്കുമ്പിളിൽ അധികം പൂഴി കാണാനാവില്ല.

‘അങ്ങനെയിരിക്കെ ഞാൻ വലിയൊരു പാത്രം സർബത്ത് കുടിച്ചു. അതിന്റെ മധുരം എനിക്ക് സഹിക്കാവുന്നതിലും അധികമായിരുന്നു. എന്നിട്ടും ഞാൻ അതുമുഴുവൻ കുടിച്ചുതീർത്തു. ഒരുപാട് മൂത്രിക്കേണ്ടി വരുമല്ലോ എന്ന് മനസ്സിൽ തോന്നുകയും ചെയ്തു. മധുരമുള്ള ഒത്തിരി സർബത്ത് എന്തിനാണ് ഞാൻ കുടിക്കുന്നത് എന്ന ചിന്തയോടെയാണ് എല്ലാം കുടിച്ചത്. സർബത്ത് എന്നാൽ വിജയം ആണെന്ന് മനസ്സിലായി. ഇത് ഇസ്‌ലാമിന്റെയും നമ്മുടെ ജമാഅത്തിന്റെയും വമ്പിച്ച വിജയത്തെക്കുറിച്ചുള്ള സുവാർത്തയായിരുന്നു’ (പേജ്: 267).

വെറുതെ മൂത്രമൊഴിച്ചു ഇടങ്ങേറായത് മാത്രം മിച്ചം. അതിന്റെ പാരമ്യതയിൽ രാത്രി നൂറുതവണ മൂത്രിക്കേണ്ടി വന്നുവത്രെ!

വിജയം വിളിപ്പാടകലെ

“വീണ്ടും അല്ലാഹു ചില ദർശനങ്ങളും വഹ്‌യുകളും അവതരിപ്പിച്ചു. സ്വർഗവും നരകവും കാണിച്ചുതന്നു. എല്ലാ ഇനങ്ങളിലുമുള്ള പഴങ്ങളും അനുഗ്രഹങ്ങളും നിറഞ്ഞ സ്വർഗമാണ് ആദ്യം കാണിച്ചത്. അപ്പോൾ ഇൽഹാം ഉണ്ടായി: ‘അവർ വിദൂരമായ എല്ലാ വഴികളിലൂടെയും നിന്റെ അടുത്ത് എത്തിച്ചേരും.’’

“പിന്നീട് നരകം കാണിച്ചുതന്നു. അങ്ങേയറ്റം വെറുപ്പുളവാക്കുന്ന കക്കൂസ് പോലുള്ള സ്ഥലം! ഒപ്പം ഇൽഹാം നാവിൽ തത്തിക്കളിച്ചു: ‘അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും എന്നിൽ വർ ഷിച്ചില്ലായിരുന്നുവെങ്കിൽ എന്റെ തല ഈ തീട്ടത്തിൽ പതിക്കുമായിരുന്നു.’’

തീർന്നില്ല, അല്ലാഹു തുടർന്ന് ഉർദുവിൽ പറഞ്ഞു: ‘അല്ലാഹു നിന്റെ നാമം ഉയർത്താനും അങ്ങനെ ചക്രവാളങ്ങളിൽ അതിന്റെ പ്രകാശം പരത്താനും ഉർദേശിച്ചിരിക്കുന്നു.’ ‘ആകാശത്തുനിന്ന് നിരവധി സിംഹാസനങ്ങൾ ഇറങ്ങിവന്നു. അവയിൽ നിന്റെ സിംഹാസനം ഏറ്റവും ഉയർത്തിയാണ് സ്ഥാപിച്ചത്.’ ‘ശത്രുക്കളുമായി കണ്ടുമുട്ടുമ്പോൾ മലക്കുകൾ നിന്നെ സഹായിച്ചു’ (പേജ്: 346). 1899 ആഗസ്റ്റിലാണ് ഈ ‘വഹ്‌യുകൾ’ അവതരിച്ചത്.

സംശയിക്കേണ്ട, ദൈവികഗ്രന്ഥം എന്ന് ഖാദിയാനികൾ വിശ്വസിക്കുന്ന ‘തദ്കിറ’യിൽനിന്ന് തന്നെയാണ് ഈ വരികൾ എടുത്തെഴുതിയിട്ടുള്ളത്. 1899 ആഗസ്റ്റിലാണ് ഈ ‘വഹ്‌യുകൾ’ അവതരിച്ചത്.

വാഗ്ദാനപ്പെരുമഴ

1900ൽ അവതരിച്ച 161ഉം 208ഉം സൂക്തങ്ങളുള്ള രണ്ട് അധ്യായങ്ങളിൽ മിർസാ ഖാദിയാനിയോട് തന്റെ ദൗത്യം എത്രയും വേഗം പൂർണ വിജയത്തിൽ എത്തുമെന്ന് അല്ലാഹു അറിയിച്ചിരുന്നുവത്രെ. ചില സൂക്തങ്ങൾ കാണുക:

“അല്ലയോ അഹ്‌മദ്, അല്ലാഹു നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. അവൻ അർശിൽനിന്ന് നിന്നെ സ്തുതിക്കുന്നു, നിനക്ക് സ്വലാത്ത് ചൊല്ലുന്നു. ദൈവത്തിന്റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താൻ അവർ ആഗ്രഹിക്കുന്നു. നിഷേധികൾ എത്ര വെറുത്താലും ശരി അല്ലാഹുവിന്റെ പ്രകാശം പൂർത്തിയാക്കുക തന്നെ ചെയ്യും. സഹായവും വിജയവും വരുമ്പോൾ കാലം നമ്മിലേക്ക് തിരിയും...’’

“അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശനാകാതെ! നിശ്ചയം, അത് നിന്നോട് അടുത്താണുള്ളത്. അവന്റെ സഹായം എല്ലാ വഴിയിലൂടെയും നിന്റെ അടുത്ത് വരും. വിദൂരസ്ഥലങ്ങളിൽനിന്നും നിനക്ക് സഹായികളെത്തും.’’

“നാം നിന്നെ കടാക്ഷിച്ചു. അല്ലയോ അഗ്‌നീ, നീ ഇബ്‌റാഹീമിന് തണുപ്പും രക്ഷയും ആവുക. അല്ലയോ അഹ്‌മദ്, നിന്റെ നാമം പൂർണമാവും. എന്നാൽ എന്റെ നാമം പൂർണമാവില്ല. നീ ആരെ വിചാരിച്ചാലും നിന്നിലേക്ക് വലിച്ചടുപ്പിക്കും, നിന്റെ അടിയാറുകളിൽ ചേർക്കും.’’

“അല്ലാഹുവാണ് ഏറ്റവും വലിയ രക്ഷകനും കരുണാവാരിധിയും. കുഫ്‌റിന്റെ നേതാക്കൾ നിന്നെ പേടിപ്പിക്കും. ഭയപ്പെടേണ്ട, നീ എന്നോടൊപ്പമാണ്; ഞാൻ നിന്നോടൊപ്പവും. നിനക്കുവേണ്ടിയാണ് ഞാൻ രാപ്പകലുകൾ സൃഷ്ടിച്ചിട്ടുള്ളത്. അല്ലാഹു ഏതു രംഗത്തും നിന്നെ സഹായിക്കും. ഞാനും എന്റെ ദൂതനും വിജയിക്കും. എന്റെ വചനങ്ങൾ ആർക്കും മാറ്റാനാവില്ല. നിനക്കു ഞാനെല്ലാം പൊറുത്തു തന്നിരിക്കുന്നു. ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക’’ (പേജ്: 294-297).

ആവർത്തിച്ച വാക്കുകൾ ഒഴിവാക്കിയാണ് ഇവിടെ ഉദ്ധരിച്ചത്. ‘നീ വിചാരിക്കുന്നവരെ നിന്നിലേക്ക് വലിച്ചടുപ്പിക്കും’ എന്ന വചനത്തിൽനിന്നുതന്നെ ഇത് വ്യാജവഹ്‌യാണെന്നുറപ്പാണ്. കാരണം ജീവിച്ചിരുന്നപ്പോഴും ശേഷവും തന്റെ അനുയായിവൃന്ദത്തിലേക്ക് വളരെ കുറഞ്ഞ ആളുകളെയാണ് അദ്ദേഹത്തിന് ആകർഷിക്കാനായത്.

‘നിന്റെ നാമം പൂർത്തിയാകും എന്നാൽ എന്റെ നാമം പൂർണമാകില്ല’ എന്ന് അല്ലാഹു മിർസയെ വിളിച്ചു പറഞ്ഞത്രെ! ഖാദിയാനികളുടെ പ്രവാചകന് വഹ്‌യ് നൽകുന്നത് അല്ലാഹു അല്ലെന്നതിന് ഇതിനപ്പുറം എന്ത് തെളിവാണ് വേണ്ടത്? സത്തയിലും സ്വിഫാത്തിലും സമ്പൂർണമായ വിശിഷ്ടനാമങ്ങളുടെ ഉടമയായാണ് ഇസ്‌ലാം അല്ലാഹുവിനെ പരിചയപ്പെടുത്തുന്നത്. ഇവിടെ വഹ്‌യ് നൽകുന്ന അല്ലാഹുവിന്റെ നാമം അപൂർണമാണത്രെ!

(തുടരും)