അദൃശ്യജ്ഞാനവും ഖലീഫമാരും ജിഫ്രി തങ്ങളുടെ ഹദീസ് ദുർവ്യാഖ്യാനവും - 4

മൂസ സ്വലാഹി കാര

2023 ഫെബ്രുവരി 18, 1444 റജബ് 27

സമസ്തയുടെ കടപ്പുറം സമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി തങ്ങൾ കാണിച്ച പ്രമാണ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പ്രസിദ്ധമായ രണ്ട് സംഭവങ്ങളുടെ അൽപഭാഗം മാത്രം വായിച്ച് അദ്ദേഹം ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചത്കൂടി കാണുക:

ഇമാം ബുഖാരി(റഹി) സകാത്തിനെ സംബന്ധിച്ച് പറയുന്ന അധ്യായത്തിലും ഇമാം മുസ്‌ലിം(റഹി) ശ്രേഷ്ഠതകളെപ്പറ്റി പറയുന്ന അധ്യായത്തിലും ഉദ്ധരിച്ചതാണ് ഒന്നാമത്തെ സംഭവം. തബൂക്ക് യുദ്ധ സന്ദർഭത്തിൽ നബി ﷺ തന്റെ അനുചരന്മാരോട് പറഞ്ഞു: ‘ഇന്ന് രാത്രി ശക്തമായി കാറ്റടിക്കും. നിങ്ങളിൽ ഒരാളും പുറത്തിറങ്ങരുത്. ആർക്കെങ്കിലും ഒട്ടകമുണ്ടെങ്കിൽ അതിനെ കെട്ടിയിടണം.’ ഒരാൾ പുറത്തിറങ്ങുകയും കാറ്റ് അദ്ദേഹത്തെ ത്വയ്യ് പർവത്തിൽ ഇടുകയും ചെയ്തു. വരാനുള്ള കാറ്റിനെപ്പറ്റി നബി ﷺ മുമ്പേ പറഞ്ഞു എന്നതാണ് ഇതിൽനിന്ന് മുസ്‌ലിയാർ കണ്ടെത്തിയ തെളിവ്! ഇപ്രകാരം പറഞ്ഞ നബി ﷺ പോലും എല്ലായ്‌പ്പോഴും എനിക്ക് അദൃശ്യങ്ങൾ അറിയാൻ സാധിക്കുമെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണിതെന്ന് കൂടെയുള്ളവരോട് പറഞ്ഞിട്ടില്ല. അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാർ വ്യത്യസ്ത വിഷയങ്ങൾക്ക് ഈ ഹദീസിനെ തെളിവാക്കിയപ്പോൾ അവരാരും നബി ﷺ എല്ലാ ഗൈബും അറിയുമെന്നതിന്റെ തെളിവുകൂടിയാണിതെന്ന് വാദിച്ചിട്ടില്ല. ഈ സംഭവത്തിന് പ്രാമാണികമായി നൽകപ്പെട്ട വിശദീകരണം ഇദ്ദേഹം കാണാതിരിക്കാൻ സാധ്യതയില്ല. എന്നാൽ വികലവിശ്വാസങ്ങളെ ന്യായീകരിക്കുവാൻ തെളിവുണ്ടാക്കുന്നവർക്ക് ദുർവ്യാഖ്യാനവും മറച്ചുവെക്കലുമല്ലാതെ വേറെ വഴിയില്ലല്ലോ. ഈ ഹദീസിന് മഹാന്മാരായ പണ്ഡിതന്മാർ നൽകിയ വിശദീകരണം കാണുക:

ഇമാം നവവി(റഹി) പറയുന്നു: “അദൃശ്യങ്ങളെപ്പറ്റി നബി ﷺ അറിയിപ്പ് നൽകി എന്ന പ്രകടമായ അമാനുഷികതയും ശക്തമായ കാറ്റുള്ളപ്പോൾ എണീറ്റാലുണ്ടാകുന്ന പ്രയാസവും അദ്ദേഹത്തിന് തന്റെ സമൂഹത്തോടുള്ള കാരുണ്യവും അനുകമ്പയും അവർക്ക് വേണ്ട നന്മകളെ സംരക്ഷിക്കലും മത ജീവിതത്തിനും ഭൗതികജീവിതത്തിനും ഉപദ്രവമാകുന്ന കാര്യങ്ങളെപ്പറ്റിയുള്ള താക്കീതും ഈ ഹദീസിലുണ്ട്’’ (ശറഹു മുസ്‌ലിം).

ഇബ്‌നു ഹജറുൽ അസ്‌ക്വലാനി(റഹി) പറയുന്നു: “പ്രവാചകത്വത്തിന്റെ അടയാളവും അനുയായികളെ പരിശീലിപ്പിക്കലും പഠിപ്പിക്കലും പേടിക്കേണ്ട കാര്യത്തിൽ അകപ്പെടുന്നതിൽ ജാഗ്രത വേണമെന്നതും ഇതിലുണ്ട്’’ (ഫത്ഹുൽബാരി).

രണ്ടാമത്തെ സംഭവം ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന; ഖൈബർ യുദ്ധവേളയിൽ നബി(സ) ആമിറി(റ)നെപ്പറ്റി പറഞ്ഞതാണ്. ആമിർ(റ) ധീരനും നല്ല കവിയുമായിരുന്നു. കൂടെയുള്ളവർക്ക് ധൈര്യവും സ്ഥൈര്യവും പകർന്ന് അദ്ദേഹം നന്നായി പാടിയിരുന്നു. നബി ﷺ അദ്ദേഹത്തിന് വേണ്ടി ‘അല്ലാഹു കരുണ ചൊരിയട്ടെ’യെന്ന് പ്രാർഥിച്ചു. അദ്ദേഹത്തിന് (രക്തസാക്ഷിത്വം) ഉറപ്പായി എന്നും നിങ്ങൾ മറ്റൊരു സമയത്ത് അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രാർഥിച്ചിരുന്നെങ്കിൽ എന്നും ആ സമയത്ത് ഉമർ(റ) പറഞ്ഞു.

ഇതിന്റ വിശദീകരണത്തിൽ ഇദ്ദേഹം വൻഅട്ടിമറിയാണ് നടത്തിയിട്ടുള്ളത്. ഹദീസിൽ വന്ന ‘യർഹമുഹുല്ലാഹ്’ (അല്ലാഹു അദ്ദേഹത്തിന് കരുണ ചൊരിയട്ടെ) എന്നതിനെ അദൃശ്യമറിയലായും ‘ലൗലാ അംതഅ്തനാ ബിഹി’ എന്നതിനെ ജീവിതം നീട്ടിക്കൊടുത്തു കൂടേ എന്ന് ഉമർ(റ) നബി(സ)യോട് സഹായം തേടിയതുമാണ് എന്ന നിലയിൽ മുസ്‌ലിയാർ നടത്തിയ ദുർവ്യാഖ്യാനം തട്ടിപ്പും ചതിയുമല്ലാതെ മറ്റെന്താണ്? ഈ സംഭവത്തിന് സാക്ഷികളായ ആരെങ്കിലുമോ, വിശ്വാസയോഗ്യരായ പുർവകാല പണ്ഡിതന്മാരോ ഇങ്ങനെയൊരു രഹസ്യം ഇതിൽ മറഞ്ഞ് കിടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയോ?

ഇമാം നവവി ഇതിന്റെ വിശദീകരണത്തിൽ പറഞ്ഞത് കാണുക:’’നബി ﷺ യുദ്ധവേളയിൽ ആർക്കെങ്കിലും വേണ്ടി പ്രാർഥിച്ചാൽ രക്തസാക്ഷിയാക്കപ്പെടും എന്നതും ആമിറി(റ)ന്റെ സഹായവും സഹവാസവും കിട്ടാൻ അദ്ദേഹത്തിനുവേണ്ടി നിങ്ങൾ നടത്തിയ പ്രാർഥന മറ്റൊരു സമയത്തേക്ക് നീട്ടിയിരുന്നെങ്കിലെന്ന് ഞങ്ങൾ ആഗ്രഹിച്ചു എന്നതുമാണിത്...’’(ശറഹു മുസ്‌ലിം).

ഇബ്‌നു ഹജർ പറഞ്ഞത് കാണുക:’’നബി ﷺ പ്രത്യേകമായി ഒരാൾക്ക് പാപമോചനം നടത്തിയിട്ടുണ്ടെങ്കിൽ അയാൾ രക്തസാക്ഷ്യം വരിക്കുമെന്നും ധീരനായ ആമിർ(റ) അവശേഷിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കലുമാണ്’’ (ഫത്ഹുൽ ബാരി).

നുബൂവ്വത്തിന്റെ അടയാളവും അമാനുഷികതയുമായി പ്രമാണങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഇത്തരം വിഷയങ്ങളെ കോട്ടിമാട്ടി ശിയാ വിശ്വാസങ്ങളോട് ഐക്യദാർഢ്യം പുലർത്തും മുമ്പ് പ്രവാചകന്മാർക്ക് ഗൈബ് വെളിപ്പെടുത്തുന്നതിനെ കുറിച്ച് ക്വുർആൻ പറഞ്ഞതെങ്കിലും മുസ്‌ലിയാർ ഓർക്കേണ്ടിയിരുന്നു. അല്ലാഹു പറയുന്നു: ‘അവൻ അദൃശ്യം അറിയുന്നവനാണ്. എന്നാൽ അവൻ തന്റെ അദൃശ്യജ്ഞാനം യാതൊരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല; അവൻ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാൽ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവൻ കാവൽക്കാരെ ഏർപ്പെടുത്തുകതന്നെ ചെയ്യുന്നതാണ്’’ (72:26,27).

മുഅ്ജിസത്തുകൾ കൊണ്ടുവരാനുള്ള എല്ലാ കാര്യങ്ങളും മുന്നേ അറിയുമായിരുന്നെങ്കിൽ ഖൈബർ യുദ്ധത്തിന്റെ അവസാനം ഇപ്രകാരമാകുമെന്ന് അവിടുന്ന് വിവരിക്കുമായിരുന്നില്ലേ? ഇതേ യുദ്ധത്തിൽ നബി ﷺ കഴിച്ച ഭക്ഷണത്തിൽ വിഷം ചേർക്കപ്പെട്ടത് എന്തുകൊണ്ട് അദ്ദേഹം അറിഞ്ഞില്ല? തബൂക്ക് യുദ്ധത്തിലേക്ക് ഇറങ്ങും മുമ്പേ ഇത് നടക്കാതെ നാം മടങ്ങിവരുമെന്ന് നബി ﷺ എന്തേ പറഞ്ഞില്ല? അണികൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ സത്യസന്ധമായ ഒരു തെളിവ് പോലുമില്ലാത്ത വിധം ആദർശരാഹിത്യമാണ് സമസ്ത നേരിട്ടുകൊണ്ടിരിക്കുന്നത് എന്നല്ലാതെ എന്തു പറയാൻ!

‘നിശ്ചയം ഞാനൊരു മനുഷ്യനാണ്’ എന്ന് നബി ﷺ പ്രത്യേകമായി പഠിപ്പിച്ച ഹദീസിന് ഇമാം ഇബ്‌നു റജബ്(റഹി) നൽകിയ വിശദീകരണം കാണുക: “തീർച്ചയായും മനുഷ്യൻ അദൃശ്യവും മനസ്സുകളിൽ മറച്ചുവെച്ചതും അല്ലാത്തതുമായ കാര്യങ്ങൾ അറിയുകയില്ല എന്നതിനാലാണ് നബി ﷺ ഇങ്ങനെ പറഞ്ഞത്. ഞാൻ മനുഷ്യരിൽ നിന്നായതിനാൽതന്നെ നിങ്ങൾ എന്നോട് വിധി തേടുന്നതിന്റെയും എന്റെയടുത്ത് തർക്കിക്കുന്നതിന്റെയും അകം എനിക്കറിയില്ല. നിങ്ങൾ പ്രത്യക്ഷമായി പറയുന്നതും തെളിവാക്കുന്നതുംകൊണ്ടാണ് ഞാൻ വിധിക്കുക. നിശ്ചയം പ്രവാചകന്മാർ വഹിയ്യിലൂടെയല്ലാതെ അദൃശ്യമറിയുന്നില്ല’’ (അത്തംഹീദ്).

സമസ്തയുടെ വികലവാദങ്ങളിൽപെട്ട ഒന്നാണ് അന്ധമായ അനുകരണം അനിവാര്യമാണ് എന്നത്. ‘മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്’ എന്ന പുസ്തകത്തിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയത് കാണുക: “ഇമാം ഗസ്സാലി(റ) എഴുതുന്നു: സാധാരണക്കാരന് മതപണ്ഡിതനെ പിൻപറ്റൽ നിർബന്ധമാണ്. പണ്ഡിതൻ സത്യം പറയട്ടെ, കളവ് പറയട്ടെ, അല്ലെങ്കിൽ ശരി പറയട്ടെ, അബദ്ധം പറയട്ടെ, സാധാരണക്കാരുടെ ബാധ്യത പണ്ഡിതൻ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തിൽ ഇജ്മാഅ് ഉണ്ട്, മുസ്തഫ-2/123’’ (പേജ് 23).

ജിഫ്രി തങ്ങൾ തന്റെ പ്രസംഗത്തിൽ അന്ധമായ അനുകരണത്തെ മതത്തിന്റെ ഭാഗമാക്കിമാറ്റാനുള്ള ശ്രമം നടത്തുകയുണ്ടായി. അതിനായി ക്വുർആൻ സൂക്തങ്ങളെ ദുർവ്യാഖ്യാനം ചെയ്തു. സൂറതുന്നഹ്‌ലിലും അമ്പിയാഇലുമുള്ള ‘നിങ്ങൾക്ക് അറിഞ്ഞുകൂടെങ്കിൽ (വേദം മുഖേന) ഉൽബോധനം ലഭിച്ചവരോട് നിങ്ങൾ ചോദിച്ചു നോക്കുക’ എന്ന വചനത്തെയാണ് മുസ്‌ലിയാർ വക്രീകരിച്ചിരിക്കുന്നത്. ആയത്തിലെ പ്രതിപാദ്യ വിഷയമെന്തെന്ന് ബുദ്ധിയുള്ളവർ പരിശോധിക്കുമെന്ന് ചിന്തിക്കാനുള്ള ബുദ്ധിപോലും തങ്ങൾ പ്രകടിപ്പിച്ചില്ല. അല്ലാഹു നിയോഗിച്ച പ്രവാചകന്മാർ പുരുഷന്മാരാണെന്നും അവർക്ക് ദിവ്യസന്ദേശം നൽകപ്പെട്ടിരുന്നുവെന്നുമുള്ള വസ്തുത അറിയാത്തവർ ബോധ്യമുള്ളവരോട് ചോദിച്ച് മനസ്സിലാക്കട്ടെ എന്നുമാണ് അതിലുള്ളത്. മുസ്‌ലിയാർ നൽകിയ വിവരണത്തിന് എന്ത് അടിസ്ഥാനമാണുള്ളത്? ഇതിന്റെ ശരിയായ വിശദീകരണത്തിൽ അന്ധമായ അനുകരണത്തെ അനുകൂലിക്കുന്ന ഒരു പദം പോലുമില്ലെന്നതാണ് യാഥാർഥ്യം. അറിവില്ലാത്തവർ ചോദിച്ചറിയണം എന്ന് ഊന്നിപ്പറയുന്ന ഈ ആയത്തിൽനിന്ന് അന്ധമായ അനുകരണം കണ്ടെത്തിയതിനെ പ്രമാണത്തെ കോട്ടിമാറ്റൽ എന്നല്ലാതെ എന്തു പറയാൻ?

“തഫ്‌സീർ അവലംബിക്കാതെ ക്വുർആനിന് നേർക്കുനേരെ അർഥം പറയൽ ആരംഭിച്ചത് വഹ്ഹാബികളും മൗദൂദികളുമാണ്, അതിന് ക്വുർആൻ ക്ലാസ് എന്നവർ പേരു വിളിക്കുകയും ചെയ്തു’’എന്ന് സമസ്തയുടെ ആറാം വാർഷികത്തിൽ സലഫികൾക്ക് നേരെ നടത്തിയ ആരോപണം ആർക്കാണ് യോജിക്കുക എന്ന് വ്യക്തം. തെളിവുകളുടെ വെളിച്ചത്തിൽ മാത്രം പണ്ഡിതന്മാർ മതകാര്യങ്ങൾ പഠിപ്പിക്കുക എന്നതും പഠിപ്പിക്കപ്പെടുന്നത് പ്രാമാണികമാണോ എന്ന അനേ്വഷണം പഠിതാവിൽ ഉണ്ടാകലും പ്രവാചകന്മാരെ സത്യസന്ധമായി പിൻപറ്റുന്നതിൽപെട്ടതാണ്. പരലോകത്ത് ഏതെങ്കിലൊമൊരു പണ്ഡിതനിലേക്കോ, അഭിപ്രായത്തിലേക്കോ, സംഘത്തിലക്കോ ചേർത്തിക്കൊണ്ടല്ല ചോദ്യം ചെയ്യപ്പെടുക.

അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) അവരെ വിളിക്കുകയും (അല്ലാഹുവിന്റെ) ദൂതൻമാർക്ക് എന്ത് ഉത്തരമാണ് നിങ്ങൾ നൽകിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം (ശ്രദ്ധേയമാകുന്നു)’’ (28:65).

ഗവേഷണ പാടവമുള്ളവർ, പണ്ഡിതാഭിപ്രായങ്ങളിൽ നിന്ന് ഏറ്റവും ശരിയായത് എടുക്കാൻ കഴിവുള്ള പഠിതാവ്, സാധാരണക്കാരൻ എന്നിങ്ങനെ മൂന്ന് തരത്തിലാണ് മനുഷ്യരുള്ളത്. ഓരോരുത്തരും സ്വീകരിക്കേണ്ട നിലപാടുകൾ സുവ്യക്തമാണ്.

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: “നിങ്ങളിൽ ആരെയെങ്കിലും മാതൃകയാക്കുന്നുവെങ്കിൽ മുഹമ്മദ് നബി ﷺ യുടെ സ്വഹാബത്തിനെ മാതൃകയാക്കട്ടെ. അവരാണ് ഈ സമൂഹത്തിലെ ഏറ്റവും നല്ല അവസ്ഥയിലുള്ളവർ, അഗാധജ്ഞാനമുള്ളവർ, കൃത്രിമത്വം ഒട്ടുമില്ലാത്തവർ, നേർമാർഗത്തിൽ നിലകൊണ്ടവർ. തന്റെ പ്രവാചകന്റെ അനുയായികളാവാൻ അല്ലാഹു തെരഞ്ഞെടുത്തവരാണവർ. നിങ്ങൾ അവരുടെ ശ്രേഷ്ഠത അംഗീകരിക്കണം. അവരുടെ കാൽപാടുകളെ നിങ്ങൾ പിൻപറ്റണം. കാരണം, അവരായിരുന്നു നേർമാർഗത്തിൽ നിലകൊണ്ടവർ’’ (ജാമിഉ ബയാനിൽ ഇൽമ്).

ഖലീഫമാർ നാലുപേരും അന്ധമായ അനുകരണം അംഗീകരിച്ചവരും പ്രോത്സാഹിപ്പിച്ചവരുമാണെന്ന് മുസ്‌ലിയാർ തട്ടിവിട്ടത് അദ്ദേഹത്തിന്റെ വിവരക്കേടിന്റെ ആഴം തുറന്നുകാണിക്കുന്നുണ്ട്. ഖിലാഫത്ത് കാലഘട്ടത്തിൽ അവർക്ക് നേരിടേണ്ടിവന്ന ഗുരുതരമായ പ്രശ്‌നങ്ങളെ അവർ പരിഹരിച്ചത് ക്വുർആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലാണ്. അവകൊണ്ടുള്ള വിധികൾക്കാണ് അവർ പ്രാമുഖ്യം നൽകിയത്. അവർക്ക് തന്നെയും അനന്തര സ്വത്ത്, ഗർഭസ്ഥ ശിശുവുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നിങ്ങനെ സംശയമുണ്ടായ എത്രയോ കാര്യങ്ങളിൽ കൂടെയുള്ളവരോട് ‘ഇതിന്റെ ഹദീസ് മനഃപാഠമുള്ളവർ ആരാണ്,’ ‘കൂട്ടത്തിൽ ഇതറിയുന്നവർ ആരെങ്കിലുമുണ്ടോ’ തുടങ്ങിയ ചോദ്യങ്ങൾ അനവധി ഉണ്ടായിട്ടുണ്ട്. ഇതിനൊന്നും വില കൊടുക്കാതെ കെട്ടിച്ചമച്ച തെളിവുകളുമായി ഊരുചുറ്റുന്നവരുടെ ഉള്ളിലിരുപ്പ് വളരെ വ്യക്തമാണ്.

അല്ലാഹുവിലും പരലോകത്തിലും വിശ്വാസമുള്ളവർക്ക് ഈ നിലപാടെടുക്കാനേ സാധിക്കൂ. അല്ലാഹു പറയുന്നു:’’നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ, അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു’’ (42:10).

ഇബ്‌നു കസീർ(റഹി) പറയുന്നു: “ഭിന്നതയുണ്ടാകുന്ന മുഴുവൻ കാര്യങ്ങളിലും ക്വുർആനും നബിചര്യയും അടിസ്ഥാനപ്പെടുത്തിയാണ് വിധി കാണേണ്ടതെന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു.’’