ആൾമാറാട്ട ശ്രമം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 07)

പേറ്റുനോവ്

ഈസാനബി(അ) മരിച്ചുപോയെന്നും അന്ത്യകാലത്ത് അദ്ദേഹം ഇറങ്ങിവരുമെന്ന മുഹമ്മദ് നബി ﷺ യുടെ വചനങ്ങൾ പുലരാൻ വേണ്ടി തന്നെ പകരം നിയോഗിച്ചതാണെന്നും മിർസാ ഗുലാം അഹ്‌മദ് വാദിക്കുന്നു. അദ്ദേഹം രചിച്ച ഗ്രന്ഥങ്ങളിൽ ഈസാ(അ)യുടെ മരണത്തെയും തന്റെ നിയോഗത്തെയും സംബന്ധിച്ച് എഴുതിയ നൂറുകണക്കിന് പേജുകൾ വായിക്കാനാവും. തദ്കിറയിലെ ഈസാ(അ)യെ സംബന്ധിച്ച വഹ്‌യുകളും സ്വപ്‌നദർശനങ്ങളുമാണ് നാം പരിശോധിക്കുന്നത്.

നൂറാം നമ്പറായി ചേർത്ത, 1882ൽ അവതരിച്ച ‘വഹ്‌യ്’ ഇങ്ങനെ: “അല്ലയോ ആദം, നീ ഇണയോടൊപ്പം സ്വർഗത്തിൽ പാർക്കുക. മറിയമേ, ഹേ അഹ്‌മദ്, നീയും ഇണയും സ്വർഗത്തിൽ താമസിക്കുക. ഞാൻ എന്നിൽനിന്നുള്ള സത്യത്തിന്റെ ആത്മാവ് നിന്നിലേക്ക് ഊതിയിരിക്കുന്നു’’ (പേജ്:55).

തുടർന്ന് അടുത്ത ‘വഹ്‌യിൽ’ പറഞ്ഞു: “പിന്നെ പേറ്റുനോവ് അവളെ ഒരു ഈന്തപ്പനയുടെ ചുവട്ടിൽ എത്തിച്ചു. അവൾ കേണുകൊണ്ടിരുന്നു: ‘കഷ്ടം! ഇതിന് മുമ്പുതന്നെ ഞാൻ മരിക്കുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ!’’ (പേജ്: 56).

വിശുദ്ധ ഗർഭം!

ആദം, മറിയം, അഹ്‌മദ് എന്നീ സംബോധനകളൊക്കെയും മിർസാ ഗുലാമിനെപ്പറ്റി തന്നെയാണത്രെ! ഈ ‘ത്രിയേകത്വ’ത്തിലേക്കാണ് ആത്മാവിനെ ഊതിയത്! അങ്ങനെയുണ്ടായ ഗർഭത്തിന്റെ ആലസ്യമാണ് ‘രണ്ടാമത്തെ വഹ്‌യിൽ’ നാം കാണുന്നത്. തുടർന്നുള്ള വിശദീകരണം വായിക്കുക:

“എന്റെ വാദങ്ങളിൽ ഏറെ പ്രയാസം സൃഷ്ടിച്ചത്, രിസാലത്തിന്റെയും ദൈവിക വഹ്‌യുകളുടെയും വാഗ്ദത്ത മസീഹിെൻറയും വാദങ്ങൾ ഉന്നയിച്ചപ്പോഴാണ്. അതോടൊപ്പമുണ്ടായ അസ്വസ്ഥതയും അങ്കലാപ്പുമാണ് ഈ വഹ്‌യിലൂടെ അല്ലാഹു അറിയിച്ചത്. ഈ വിവാദങ്ങളുടെ പരിണിതഫലം സമുദായം എന്റെ കൊടിയ ശത്രുക്കളാവുക എന്നതായിരുന്നു. ഉണങ്ങിയ ഈത്തപ്പനത്തണ്ടുപോലെ, അല്ലെങ്കിൽ അതിന്റെ വേരുപോലെ സമൂഹത്തിൽ ഈ നിയുക്തൻ വേപഥുകൊണ്ടു. ‘ഞാൻ മരിച്ചുപോവുകയും എന്റെ പേരും കുറിയും വിസ്മൃതമാവുകയും ചെയ്തിരുന്നെങ്കിൽ’ എന്ന് വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു’’ (പേജ്:57).

വ്യാഖ്യാനം കാടുകയറുന്നു!

“ഈ ഇൽഹാം ഏതെങ്കിലും പത്രത്തിലോ പരസ്യത്തിലോ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവോ എന്നെനിക്ക് ഓർമയില്ല. എന്നാൽ നൂറുകണക്കിന് ആളുകളോട് ഞാൻ പറഞ്ഞിരുന്നു. ഇൽഹാം ഇപ്പോഴും ഓർമയിലുണ്ട്. ഇതിൽ മർയം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടത് ഈ വിനീതൻ തന്നെയാകുന്നു. പൊതുസമൂഹവും ബുദ്ധിശൂന്യരും വിവരദോഷികളുമായ ഉലമാക്കളുമാണ് ഈത്തപ്പനകൊണ്ട് ഉദ്ദേശ്യം. അതിന്മേൽ ഈമാനിന്റെ പഴങ്ങൾ ഉണ്ടാവുകയില്ല’’ (പേജ് 56, അടിക്കുറിപ്പ്).

ഇൽഹാമിൽ ‘ഓ, മറിയം’ എന്നു വിളിച്ചത് തന്നെയാണെന്നും ഈത്തപ്പനകൊണ്ട് ഉദ്ദേശിക്കുന്നത് മുസ്‌ലിം പണ്ഡിതന്മാരാണെന്നും മനസ്സിലായത് അദ്ദേഹത്തിന്റെ ‘അപാരമായ’ ബുദ്ധിമൂലം തന്നെ!

‘പ്രസവവേദന’യുമായി എന്തിനാണ് അയാൾ ബുദ്ധിശൂന്യരും വിവരദോഷികളുമായ മുസ്‌ലിം പണ്ഡിതന്മാർ എന്ന് വിവക്ഷിച്ച ഈത്തപ്പനയെ സമീപിച്ചത് എന്ന് മനസ്സിലാകുന്നില്ല. വിവേകശൂന്യമായ ഇത്തരം വ്യാഖ്യാനങ്ങൾ ഒഴിവാക്കിയാൽ വട്ടപ്പൂജ്യമാണ് ഖാദിയാനി മതം എന്ന് നാം തിരിച്ചറിയുന്നു.

മൂന്നാമത്തെ വഹ്‌യിൽ ‘പേറ്റുനോവ് അവനെ ഈത്തപ്പനച്ചുവട്ടിൽ എത്തിച്ചു. അവൻ കേണുകൊണ്ടിരുന്നു...’(പേജ്:57) എന്ന് പുല്ലിംഗത്തിൽ പറഞ്ഞുകൊണ്ട് പ്രസവവേദനയുടെ കാഠിന്യമറിഞ്ഞ ചരിത്രത്തിലെ ആദ്യത്തെ പുരുഷനായിരിക്കുന്നു മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി!

‘എന്റെ വാദങ്ങളിൽ ഏറെ പ്രയാസം സൃഷ്ടിച്ചത് മസീഹ് വാദമായിരുന്നു’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ എത്ര സത്യമാണ് എന്ന് നോക്കുക. ലോകത്തിന് അറിയാവുന്നതുപോലെ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് നസ്രേത്തിൽ കന്യകയായ മറിയത്തിന് പിറന്ന ഈസയാണ് താനെന്ന്, ഇന്ത്യയിലെ ഖാദിയാനിൽ ഗുലാം മുർതസയുടെയും ചിറാഗ് ബീവിയുടെയും മകനായി ജനിച്ച ഒരു സാധാരണ മനുഷ്യന് സമർഥിക്കേണ്ടി വരിക, അത് വിശ്വസിച്ചെങ്കിലേ ഭൂമുഖത്തുള്ള മനുഷ്യർക്ക് പരലോകത്തെ ശാശ്വത ജീവിതത്തിൽ സ്വർഗം ലഭിക്കുകയുള്ളൂ എന്ന് ബോധ്യപ്പെടുത്തേണ്ടി വരിക! വല്ലാത്ത കുരിശു തന്നെയാണ് ഈ ‘രണ്ടാം യേശു’വിനും വിധിക്കപ്പെട്ടത്!

ആളുകൾ അദ്ദേഹത്തെ പരിഹസിച്ചു: “മറിയമേ, നീ എന്താണീ ചെയ്തത്? ആരും വെറുക്കുന്ന, അറപ്പുളവാക്കുന്ന, സത്യത്തിന് നിരക്കാത്ത കാര്യമാണല്ലോ നീ ചെയ്തുകളഞ്ഞത്! നിന്റെ പിതാവോ മാതാവോ ഇത്തരക്കാരായിരുന്നില്ലല്ലോ!’’ (പേജ്:57).

ജനങ്ങൾ ആക്ഷേപിച്ച കാര്യം, അല്ലാഹുവിന്റെ വഹ്‌യ് ആയാണ് ഇവിടെ ഉദ്ധരിച്ചത്. അതിന് മിർസാ ഖാദിയാനി ഉർദുവിൽ നൽകിയ തർജമയാണ് മുകളിൽ കൊടുത്തത്. കുറിക്കുകൊള്ളുന്ന യാഥാർഥ്യമാണ് ഈ ‘വഹ്‌യിലൂടെ’യുള്ള ചോദ്യം! അദ്ദേഹത്തിന്റെ മസീഹ് വാദവും തുടർന്നുള്ള പ്രവാചകത്വവാദവും മേൽപറഞ്ഞ എല്ലാ വിശേഷണങ്ങൾക്കും വളരെ യോജിച്ചതാണ് എന്ന് പറയാതെ വയ്യ.

അടിക്കുറിപ്പിൽ വിശദീകരിക്കുന്നു: “ബട്ടാലയിൽ ഫസൽ ഷാ എന്നോ മെഹർഷാ എന്നോ പേരുള്ള ഒരു സയ്യിദ് ഉണ്ടായിരുന്നു. എന്റെ മസീഹ് വാദം അറിഞ്ഞപ്പോൾ അദ്ദേഹം ഏറെ നേരം കരഞ്ഞു. പിന്നെ പറഞ്ഞു: ‘അവന്റെ ബാപ്പ നല്ല മനുഷ്യനായിരുന്നു. അതായത് സൽസ്വഭാവിയും കറ്റുകെട്ടി പറയുന്ന സ്വഭാവമില്ലാത്ത സത്യസന്ധനുമായ മുസ്‌ലിമായിരുന്നു.’ പലരും അതേപോലെ പറഞ്ഞിരുന്നു. ‘നീ നിന്റെ കുടുംബത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയല്ലോ എന്ന്’’ (പേജ്: 57).

ശരിയാണ്, കുടുംബക്കാർക്ക് മാത്രമല്ല ആ നാട്ടുകാർക്ക് പോലും വല്ലാത്ത ദുഷ്‌പേരാണ് അയാൾ വരുത്തിവെച്ചത്!

ഗർഭകാലം, ഒമ്പത് വർഷം!

1882ലാണ് ഈ ‘വഹ്‌യുകൾ’ അവതരിച്ചത്. ‘മിർസാ ഗുലാം മർയമി’ലേക്ക് അല്ലാഹു ആത്മാവ് ഊതിയെങ്കിലും അവന്(ൾക്ക്) പേറ്റുനോവ് ഉണ്ടാവുകയോ ഈത്തപ്പനയുടെ അടുത്തേക്ക് പോവുകയോ ചെയ്തില്ല. ഒമ്പത് വർഷങ്ങൾക്ക് ശേഷം, 1891ലാണ് താൻ ഈസയാണെന്നു മിർസാ ഖാദിയാനി വാദമുന്നയിച്ചത്. അഥവാ മിർസാ മർയമിൽ ഊതപ്പെട്ട ആത്മാവ്, മിർസാ മസീഹാകാൻ ഒമ്പത് വർഷത്തെ ഗർഭകാലം പിന്നിടേണ്ടി വന്നു എന്ന് സാരം. ഈ കാലതാമസത്തിന് പല കാരണങ്ങളുമുണ്ടത്രെ!

ഈസാ(അ) ഇറങ്ങും

1883ൽ മിർസയോട് അല്ലാഹു പറഞ്ഞുവത്രെ: “നിങ്ങളുടെ രക്ഷിതാവ് ഇനിയും നിങ്ങളുടെ മേൽ കരുണ കാണിച്ചേക്കാം. എന്നാൽ നിങ്ങൾ പഴയ നിലപാട് ആവർത്തിച്ചാൽ നാം ശിക്ഷയും ആവർത്തിക്കും. നിഷേധികൾക്ക് നാം നരകം തടവറയാക്കി വച്ചിട്ടുണ്ട്’’ (പേജ്:63).

‘ബറാഹീനെ അഹ്‌മദിയ്യ’യിൽനിന്നാണ് ഈ ‘വഹ്‌യ്’ എടുത്തെഴുതിയത്. അതിന്ന് അവിടെ എഴുതിയ വ്യാഖ്യാനം ഇങ്ങനെയാണ്:

“ഈ ആയത്ത് ഹസ്രത്ത് മസീഹിന്റെ പ്രതാപത്തോടെയുള്ള വരവാണ് സൂചിപ്പിക്കുന്നത്. ദയയും മൃദുലതയും ഗുണകാംക്ഷയും ഇല്ലാതെ, വ്യക്തമായ ദൃഷ്ടാന്തങ്ങളെയും തെളിവുകളെയും നിരാകരിക്കുന്ന കുറ്റവാളികളോട് അല്ലാഹു ക്രോധവും കാഠിന്യവും പ്രയോഗിക്കുന്ന ഒരു കാലം വരും. അന്ന് ഉഗ്രപ്രതാപത്തോടുകൂടി ഈസാനബി(അ) ലോകത്തേക്ക് ഇറങ്ങിവരും’’ (പേജ് 505, അടിക്കുറിപ്പ്).

എന്നുവച്ചാൽ യഥാർഥ ഈസാനബി(അ) തന്നെ ലോകത്തേക്ക് ഇറങ്ങി വരും എന്ന് ‘അല്ലാഹു മിർസക്ക് വഹ്‌യ് നൽകിയിരിക്കെ’ തന്റെ ഉദരത്തിലെ ഉണ്ണിയേശുവിന്റെ കാര്യം പുറത്തു പറയാൻ പറ്റാത്ത സ്ഥിതിയായി! വഹ്‌യിലോ വ്യാഖ്യാനത്തിലോ വന്ന അബദ്ധത്തിന് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്തു.

1883ൽ 103 സൂക്തങ്ങളുള്ള ദീർഘമായ ഒരു അധ്യായം അവതരിച്ചുവത്രെ. ‘നിശ്ചയമായും നീ നേരായ മാർഗത്തിലാകുന്നു’ എന്ന് തുടങ്ങുന്ന അധ്യായത്തിൽ 31ാം സൂക്തമാണ് നേരത്തെ വിവരിച്ചത്.

‘തവഫ്ഫ’യുടെ അർഥം

തുടർന്ന് 84ാം സൂക്തത്തിൽ അല്ലാഹു പറഞ്ഞു: “ഞാൻ നിനക്ക് പൂർണമായ അനുഗ്രഹങ്ങൾ നൽകുകയും എന്നിലേക്ക് ഉയർത്തുകയും ചെയ്യും. നിന്നെ പിന്തുടരുന്നവരെ അന്ത്യനാൾവരെയും നിന്നെ നിഷേധിച്ചവരെക്കാൾ ഉയർത്തി വെക്കുന്നതുമാകുന്നു. നീ ദുഃഖിക്കരുത്, ദുർബലനാകരുത്. അല്ലാഹു നിന്നോട് ഏറെ കരുണയുള്ളവനും അളവറ്റ ദയാപരനുമാകുന്നു’’ (പേജ്:75).

പണ്ട് ഈസാ നബി(അ)യോട് പറഞ്ഞ അതേ വാക്കുകൾ തന്നെയാണ് ഇവിടെയും പറഞ്ഞത്. പിൽക്കാലത്ത് അർഥമാറ്റം വരുത്തി, ദുർവ്യാഖ്യാനിച്ച ‘മുതവഫ്ഫീക’, ‘റാഫിഉക’ എന്നീ പദങ്ങൾ ഇവിടെ അതേ അർഥത്തിൽ തന്നെ, സംശയത്തിന് ഇടമില്ലാത്ത വിധം ആവർത്തിച്ചിരിക്കുന്നു. അനുഗ്രഹങ്ങൾ പൂർത്തീകരിച്ച് തന്നിലേക്ക് ഉയർത്തുമെന്നാണ് വാഗ്ദാനം. തീർന്നില്ല, അതേ വർഷത്തിൽ അല്ലാഹു മിർസയെ വീണ്ടും വിളിച്ചു: ‘അല്ലയോ ഈസാ, ഞാൻ നിനക്ക് പൂർണമായ പ്രതിഫലം നൽകും, അല്ലെങ്കിൽ മരിപ്പിക്കും. എന്നിലേക്ക് ഉയർത്തുകയും ചെയ്യും. നിഷേധികളുടെ എല്ലാ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും നിന്ന് നിന്റെ വസ്ത്രാഞ്ചലം പരിശുദ്ധമാക്കും. നിന്നെ പിൻപറ്റുന്നവർക്ക് നിഷേധികളെക്കാൾ ഉയർന്ന പദവി നൽകും, ലോകാവസാനം വരെ. മുൻഗാമികളിൽനിന്ന് ഒരു വിഭാഗം, പിൻഗാമികളിൽനിന്ന് ഒരു വിഭാഗവും’’ (പേജ്:80,81).

‘തവഫ്ഫ’ എന്ന പദത്തിന് മരിപ്പിക്കുക എന്നല്ലാതെ മറ്റൊരു അർഥവും ലഭിക്കുകയില്ല എന്ന് വാദിക്കുന്ന ഖാദിയാനികൾക്ക് ശക്തമായ മറുപടിയായി ഇവിടെ ‘അനുഗ്രഹങ്ങൾ പൂർത്തീകരിക്കുക,’ ‘പൂർണമായ പ്രതിഫലം നൽകുക,’ ‘മരിപ്പിക്കുക’ എന്നിങ്ങനെ മൂന്ന് അർഥങ്ങൾ നൽകിയിരിക്കുന്നു സാക്ഷാൽ മിർസാ ഖാദിയാനി. പ്രവാചകത്വം വാദിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും മുസ്‌ലിം പക്ഷത്താണ് അദ്ദേഹത്തെ കാണാനാവുക!

നിയോഗം തിരസ്‌കരിക്കുന്നു!

ഈസാ എന്ന് വിളിച്ച് വഹ്‌യ് നൽകിയിട്ടും മിർസക്ക് ഭാവഭേദമുണ്ടായില്ല. അദ്ദേഹം നിസ്സംഗത പാലിച്ചു, മിണ്ടാതിരുന്നു. അതിനിടെ ഉർദുവിൽ ‘മറ്റൊരു വഹ്‌യ്’ വന്നു: “ലോകത്ത് ഒരു മുന്നറിയിപ്പുകാരൻ(നദീർ) വന്നു. പക്ഷേ, ലോകം അവനെ സ്വീകരിച്ചില്ല. എന്നാൽ അല്ലാഹു അവനെ സ്വീകരിക്കും. അതിശക്തമായ ആക്രമണങ്ങളിലൂടെഅവന്റെ സത്യം വെളിപ്പെടുത്തും’’ (പേജ്:81).

“ഇതിന് മറ്റൊരു വായന(ക്വിറാഅത്ത്) കൂടിയുണ്ട്. ലോകത്ത് ഒരു പ്രവാചകൻ(നബി) വന്നു എന്ന്. കലാപത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി ഈ രണ്ടാം വായന വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതാണ് ‘ഏക് ഗലതി കാ ഇസാല’യുടെ പരസ്യത്തിൽ കൊടുത്തിരുന്നത്’’ (പേജ്:81).

തന്നെ നബിയായി നിശ്ചയിച്ചിട്ടും ജനങ്ങൾ കലാപം ഉണ്ടാക്കുമെന്ന് ഭയന്ന് അത് പ്രഖ്യാപിക്കാൻ തയ്യാറാകാത്ത, പ്രവാചക ചരിത്രത്തിൽ എങ്ങും ഉദാഹരണമില്ലാത്ത കാര്യം മിർസ ചെയ്തിരിക്കുന്നു! തെല്ലും ആത്മവിശ്വാസമില്ലാത്ത ഒരു ഭീരുവിനെയാണോ ആധുനികകാലത്ത് പ്രവാചകനായി നിയമിച്ചത്?

ഇതിനുള്ള ന്യായമെന്നോണം അടുത്ത ‘വഹ്‌യ്’ സമർപ്പിക്കുന്നത് കാണുക. 23 സൂക്തങ്ങളുള്ള അധ്യായത്തിന്റെ ആദ്യ സൂക്തമായാണിത് അവതരിച്ചത്: “പരീക്ഷണമിതാ തൊട്ടുമുന്നിൽ. ക്ഷമിക്കുക, ഉലുൽഅസ്മുകളായ പ്രവാചകന്മാരെപ്പോലെ’’ (പേജ്:82).

ജനങ്ങളുടെ കലാപങ്ങളെ ദൃഢചിത്തരായ പ്രവാചകന്മാരെപ്പോലെ ക്ഷമിക്കാൻ പറഞ്ഞിട്ടും തന്റെ ദൗത്യം മറച്ചുവയ്ക്കുന്നത് ശരിയാണോ? പിന്നെ കുറെ വഹ്‌യ് കിട്ടിയതുകൊണ്ട് ആർക്ക് എന്തു കാര്യം? പ്രവാചകനല്ലാത്ത ഒരാളുടെ ‘ദൈവിക സന്ദേശങ്ങൾ’ ആരെങ്കിലും സ്വീകരിക്കുമോ? ഒമ്പത് വർഷങ്ങൾ കഴിഞ്ഞ് ഈസയാണെന്ന് പ്രഖ്യാപിച്ചു, പിന്നെയും കുറേക്കാലം കഴിഞ്ഞാണ് നുബുവ്വത്ത് വാദമുന്നയിക്കുന്നത്!

(തുടരും)