ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ഫെബ്രുവരി 11, 1444 റജബ് 19

അഭിമുഖം - 05

? മുസ്‌ലിംകൾ പല സംഘടനകളായി ചേരിതിരിഞ്ഞാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. വർത്തമാനകാലത്ത് മുസ്‌ലിംകളുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. ഫാസിസം അതിന്റെ ഓരോ ആയുധവും പുറത്തെടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുസ്‌ലിം സംഘടനകളെല്ലാം ഒന്നിച്ചുനിന്ന് അതിനെതിരിൽ പോരാടേണ്ടത് അനിവാര്യമല്ലേ?

! ഇതിൽ നമ്മൾ രണ്ടു കാര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ഒന്ന്, നമ്മുടെയൊക്കെ ശരിയായ ജീവിതം പരലോകത്താണ്. അവിടെ നരകത്തിൽനിന്ന് രക്ഷപ്പെടുക, സ്വർഗത്തിൽ പ്രവേശിക്കുക എന്നതാണ് മുസ്‌ലിംകളുടെ ആത്യന്തിക ലക്ഷ്യം. ഫാസിസം നാം നേരിടുന്ന ഒരു പ്രശ്‌നം തന്നെയാണ്. നരകവും ഒരു പ്രശ്‌നമാണ്. ഇതിലേതാണ് ഏറ്റവും വലിയ പ്രശ്‌നം? ആർക്കും സംശയമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല; നരകമാണെന്നതിൽ. ഇവിടെ നാം ഫാസിസത്തിന്റെ വെല്ലുവിളിയൊന്നുമില്ലാതെ, അതോടൊപ്പം ഇസ്‌ലാമിന്റെ നിയമനിർദേശങ്ങൾ പാലിക്കാതെ ജീവിച്ച് മരണപ്പെട്ടുവെന്ന് കരുതുക. നമ്മുടെ പര്യവസാനം എന്തായിരിക്കും?

നമ്മുടെ അടിസ്ഥാന പ്രശ്‌നം നാം മറന്നുപോകരുത്. ഇഹലോക ജീവിതം ഒരു പരീക്ഷണമാണ്. ആ പരീക്ഷണത്തിൽ വിജയിക്കണമെങ്കിൽ ശരിയായ വിശ്വാസവും സൽകർമങ്ങളും വേണം. അങ്ങനെ അല്ലാഹുവിന്റെ തൃപ്തി നേടി ഇവിടെ നിന്ന് യാത്ര പറയുക എന്നുള്ളതാണ് പ്രധാനം. അതിന് അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതുപോലെ ജീവിച്ചേ തീരൂ. അതിലേറ്റവും പ്രധാനപ്പെട്ടതാണ് ഏകദൈവാരാധന. അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവനോടു മാത്രം പ്രാർഥിച്ച് ജീവിതം നയിക്കാൻ കഴിയണം. ശിർക്ക് ചെയ്താൽ, അഥവാ അല്ലാഹുവിൽ പങ്കുചേർത്താൽ സ്വർഗം കിട്ടുകയില്ല. അതുകൊണ്ട് ഒരു കാരണവശാലും ശിർക്ക് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണം.

അല്ലാഹുവിനോട് മാത്രമെ പ്രാർഥിക്കാൻ പാടുള്ളൂ എന്നത് ഇസ്‌ലാമിന്റെ കർശനമായ നിയമമാണ്. അതാണ് നമ്മൾ പ്രബോധനം ചെയ്യുന്നതും. എന്നാൽ മറ്റു ചില സംഘടനകൾ പറയുന്നതെന്താണ്? ‘അല്ലാഹു അല്ലാത്തവരോടും പ്രാർഥിക്കാം. അവരോടും അഭൗതികമായ സഹായം തേടാം. അത് ഇസ്‌ലാമികമായി തെറ്റല്ല. എന്നു മാത്രമല്ല കൂടുതൽ ഫലപ്രാപ്തിയുള്ളത് അല്ലാഹുവല്ലാത്തവരോട് പ്രാർഥിക്കുന്നതിലും സഹായം തേടുന്നതിലുമാണ്.’ ഇങ്ങനെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവരോട് അത് ശരിയല്ല എന്നു പറയൽ ഒരു ഇസ്‌ലാമിക കൂട്ടായ്മയുടെ കടമയാണ്. കാരണം ഇത് അടിസ്ഥാന വിഷയമാണ്. എന്നാൽ ഇത്തരം അഭിപ്രായവ്യത്യാസമൊക്കെ നിസ്സാരമാണ്, അതൊക്കെ എടുത്തു പറയുന്നത് ഭിന്നിപ്പുണ്ടാക്കലാണ്. ഫാസിസം മുസ്‌ലിംകളെ ലക്ഷ്യംവെക്കുന്ന സാഹചര്യത്തിൽ ഐക്യത്തിന് കോട്ടം തട്ടുന്ന പ്രവർത്തനങ്ങൾ ചെയ്തുകൂടാ എന്ന് പറയുന്നതിൽ അർഥമില്ല. കാരണം അടിസ്ഥാനപരമായ കാര്യങ്ങളിലുള്ള അഭിപ്രായ വിഷയത്തിൽ കോംപ്രമൈസ് ചെയ്യാൻ കഴിയുകയില്ല. അതാണ് വ്യത്യസ്ത സംഘടനകളുണ്ടാവാൻ കാരണം. നമസ്‌കാരത്തിൽ കൈ എവിടെ കെട്ടണം, പുരുഷന്മാർ തൊപ്പി ധരിക്കണോ വേണ്ടേ തുടങ്ങിയ കാര്യങ്ങളുടെ പേരിലല്ല ഇവിടെ വ്യത്യസ്ത സംഘടനകൾ രൂപീകൃതമായിട്ടുള്ളത് എന്ന കാര്യം എല്ലാവർക്കുമറിയാം.

? അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും മത സംഘടനകൾക്കിടയിൽ മാത്രമേയുള്ളൂ, മറ്റു മേഖലകളിലൊന്നും ഭിന്നതകളും തർക്കങ്ങളുമില്ല എന്ന് തോന്നിപ്പോകും ചിലരുടെ വിമർശനങ്ങൾ കണ്ടാൽ. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

! ഏതു മേഖലയിലാണ് വിരുദ്ധാഭിപ്രായങ്ങൾ ഇല്ലാത്തത്? വൈദ്യശാസ്ത്ര മേഖലയിൽ അഭിപ്രായ വ്യത്യാസമുണ്ടോ ഇല്ലേ? ഹോമിയോപ്പതിക്കാർ പറയുന്നത് ഞങ്ങൾ രോഗകാരണം കണ്ടെത്തി ആ കാരണം ഇല്ലാതാക്കാനുള്ള ചികിത്സയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ഹോമിയോപ്പതി ചികിത്സ ഒട്ടുമിക്ക അസുഖങ്ങൾക്കും ഏറെ ഫലപ്രദമാണ് എന്നാണ്. എന്നാൽ അലോപ്പതിക്കാർ ഹോമിയോപ്പതിയെ അംഗീകരിക്കുന്നില്ല. അതിനെ വ്യാജ ചികിത്സയായിട്ടാണ് അവർ കാണുന്നത്. ഒരേ ആശയം പേറുന്ന രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പോലും ഭിന്നതയില്ലേ? കമ്യൂണിസ്റ്റ് പാർട്ടി പല വിഭാഗങ്ങളായി വേറിട്ട് പ്രവർത്തിക്കുന്നില്ലേ? മറ്റു പല പാർട്ടികൾക്കിടയിലും ഇത്തരത്തിലുള്ള പ്രവണത നിലനിൽക്കുന്നില്ലേ?

അഭിപ്രായ വ്യത്യാസങ്ങൾ നമ്മെ സംബന്ധിച്ച് വലിയ ഗൗരവമുള്ളതായിരിക്കും. പക്ഷേ, ഒരു മൂന്നാം കക്ഷിക്ക് അത് അത്ര വലിയ ഗൗരവമുള്ളതായി തോന്നണമെന്നില്ല. വിഷയമറിയുന്നവർക്കേ അതിന്റെ ഗൗരവമറിയൂ. മതപരമായ വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ സഹിഷ്ണുതയോടും ഗുണകാംക്ഷയോടും കൂടി അങ്ങോട്ടുമിങ്ങോട്ടും അറിഞ്ഞും അറിയിച്ചും പറഞ്ഞും തിരുത്തിയും മുന്നോട്ടു പോകണം. പൊതുവായ കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കുന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾ തടസ്സമാകാതിരിക്കണം.

? മതപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ പരസ്പരം തർക്കിക്കരുത്. അത് ഫാസിസ്റ്റുകൾക്ക് ആയുധം നൽകുന്ന പ്രവർത്തനമാണ്. ഓരോരുത്തരും അവരവർ മനസ്സിലാക്കയതുപോലെ ജീവിക്കട്ടെ. ഇങ്ങനെയൊരു ചിന്താഗതി പുതുതലമുറയിൽ വളർന്നുവരുന്നുണ്ട്. ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

! ഫാസിസത്തെ എതിർക്കാൻ മതപരമായ അഭിപ്രായ വ്യത്യാസങ്ങളെ മൂടിവെക്കേണ്ടതില്ല. മതപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരു പറഞ്ഞ് ഫാസിസത്തിന്റെ വിഷയത്തിൽ മുസ്‌ലിം സമുദായം ഭിന്നിക്കേണ്ടതുമില്ല. ഈയൊരു നിലപാടാണ് ഈ വിഷയത്തിൽ നമ്മൾ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ കേരളത്തിലെ മിക്കവാറും എല്ലാ മുസ്‌ലിം സംഘടനകളും നല്ല സമീപനം സ്വീകരിക്കുന്നുണ്ടെന്ന് നമുക്ക് പറയാം. മുസ്‌ലിം സൗഹൃദ വേദി, കോഡിനേഷൻ സമിതി എന്നിവയുടെ യോഗത്തിൽ എല്ലാ മുസ്‌ലിം സംഘടനകളും പങ്കെടുക്കാറുണ്ട്. പൊതുവിഷയങ്ങളിലും ഫാസിസത്തെ എതിരിടുന്നതിലും ഒന്നിരിച്ചിരുന്ന് ചർച്ച നടത്തുകയും ഒന്നിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമെടുക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ അതേ മുസ്‌ലിം സംഘടനകളിൽ പെട്ടവർ മതപരമായ വിഷയങ്ങളിൽ അവരവരുടെ വേദികളിൽ വിമർശിച്ച് സംസാരിക്കാറുമുണ്ട്. ഇതിന്റെ പേരിൽ ആവശ്യഘട്ടങ്ങളിൽ ഒന്നിച്ചിരിക്കാൻ കഴിയാത്ത അവസ്ഥയുമില്ല. ഒന്നിച്ചിരിക്കുന്നതിന്റെ പേരിൽ ആദർശം പറയാൻ പറ്റാത്ത അവസ്ഥ ഇപ്പോൾ കേരളത്തിൽ ഇല്ല എന്ന് നാം കൃത്യമായിട്ട് മനസ്സിലാക്കണം. ആ വിഷയത്തെ അങ്ങനെ മനസ്സിലാക്കി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

? മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ചിലരെങ്കിലും ഫാസിസ്റ്റുകളെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. അത്തരം സമീപനം സ്വീകരിക്കുന്നവരുണ്ടോ?

! മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഫാസിസ്റ്റുകളെ പ്രീണിപ്പിക്കുന്ന നിലപാടിനുള്ള ആശങ്കക്ക് ചില കാരണങ്ങളുണ്ടായിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇൗയിടെ രണ്ട് ചാനലുകളിൽ നടന്ന പ്രൈടൈം ചർച്ചയിലെ വിഷയം ഇന്ത്യയിൽ മുസ്‌ലിം വിഭാഗങ്ങൾക്ക് പ്രബോധന പ്രവർത്തനങ്ങൾ നടത്താൻ യാതൊരു തടസ്സങ്ങളുമില്ല എന്ന് ഒരു സംഘടനയുടെ സമ്മേളനത്തിൽ അവരുടെ ഉത്തരവാദപ്പെട്ട പണ്ഡിതൻമാർ പ്രസംഗിച്ചതാണ്.

ചർച്ചയിൽ ഒരു ഭാഗത്ത് ഡോക്യുമെന്ററി വിവാദം കടന്നുവരുന്നു. ‘ഗുജറാത്ത് കലാപത്തിന്റെ കാരണക്കാർ ഇന്നയിന്ന ആളുകളാണെന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് ലോകം മുഴുവൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയിൽ അത് വലിയ ചർച്ചയും വിവാദവുമായിക്കൊണ്ടിരിക്കുന്നു. എന്നാൽ അതിന്റെ ഇരകളായ മുസ്‌ലിംകൾ ഞങ്ങൾക്ക് ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് പറയുന്നു’വെന്നതാണ് ചർച്ചയിൽ വലിയ ഒരു വൈരുധ്യമായി എടുത്തുകാണിച്ചത്.

ഇവിടെ എനിക്ക് സൂചിപ്പിക്കാനുള്ളത്, അങ്ങനെ ഒരു സാമാന്യവത്കരണത്തിലേക്ക് എത്തുന്ന നിലപാടും പദപ്രയോഗവും സമീപനവും മുസ്‌ലിം സംഘടനകൾ എടുക്കാൻ പാടില്ല എന്നാണ്. വലിയ ജാഗ്രതയോടുകൂടി സംസാരിക്കേണ്ട കാലമാണിത്. ഇന്ത്യയിൽ ഇപ്പോൾ പ്രബോധനത്തിന് അവസരവും സ്വാതന്ത്ര്യവുമുണ്ട് എന്നത് ശരിയാണ്. അത് രാജ്യത്തിന്റെ ഭരണഘടന നൽകുന്ന മൗലികാവകാശമാണ്. ഈ സ്വാതന്ത്ര്യം എന്നെന്നും നിലനിൽക്കേണ്ടതുണ്ട്. എന്നാൽ അതിന് കൂച്ചുവിലങ്ങിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുമ്പോൾ തന്നെ അതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന കാര്യവും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സമൂഹത്തിൽ ആശയക്കുഴപ്പവും വിമർശനവും ഉയർന്നുവരുമെന്നത് സമുദായ നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.

? ഫാസിസത്തെ നേരിടുന്ന കാര്യത്തിൽ നാം സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കണം?

! ഫാസിസത്തെ എതിർക്കുന്നതിൽ യോജിച്ചുള്ള ഉറച്ച നിലപാട് സ്വീകരിക്കണം. മതേതര ചേരിയോടൊപ്പം നിലകൊണ്ടുള്ള പോരാട്ടത്തിന് ഞങ്ങൾ മുന്നിലുണ്ടാവുമെന്ന് പറയുകയും എഴുതുകയും ചെയ്യുക. ഇക്കാര്യം പ്രായോഗികമായി തെളിയിയിച്ചുകൊണ്ടിരിക്കുന്ന ജനകോടികൾ ഇന്ത്യാ രാജ്യത്തുണ്ട്. അതിൽ എല്ലാ മതവിഭാഗങ്ങളിൽ പെട്ടവരുമുണ്ട്.

എല്ലാവരും റോട്ടിൽ ഇറങ്ങിയാൽ ‘എന്നാൽ ഞാനുമുണ്ട്’ എന്ന് പറയുന്ന, കൂട്ടത്തിൽ കൂടുന്ന ചിലയാളുകളുണ്ട്. വേറെ ചിലയാളുകളിൽ കാണുന്നത് കോംപ്രമൈസിന്റെ പ്രവണതയാണ്. കീഴടങ്ങിക്കൊടുക്കുക എന്ന പ്രവണത. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്നത് ഫാസിസത്തിന്റെ എന്നത്തെയും ഒരു രീതിയാണ്. ഒരു നായ കടിക്കാൻ വരുമ്പോൾ നമ്മൾ ധൈര്യസമേതം ഒന്ന് കുമ്പിട്ട് കല്ലെടുത്ത് എറിയാൻ ശ്രമിച്ചാൽ, ഒരു വടിയെടുത്ത് വീശാൻ ശ്രമിച്ചാൽ ആ നായ വന്നവഴിക്ക് പോകും. എന്നാൽ നമ്മൾ ഭയപ്പെടുകയും പരുങ്ങി നിൽക്കുകയും ചെയ്താൽ, അല്ലെങ്കിൽ തിരിഞ്ഞുനിന്ന് ഓടാൻ ശ്രമിച്ചാൽ അത് പിന്നിൽ കൂടി വന്ന് കടിക്കും. ഇത് പോലെയാണ് ഫാസിസവും. ഭീരുത്വം കാണിക്കുന്നവരെ അത് കീഴടക്കും. അതിനെതിരിൽ ഏതെങ്കിലൊരു മതവിഭാഗമോ വ്യക്തിയോ ഒരു സംഘടനയോ മാത്രമല്ല മുന്നോട്ട് വരേണ്ടത്. ഈ രാജ്യത്തെ നിയമ സംവിധാനത്തിന്നകത്ത് നിന്നുകൊണ്ട്, ജനാധിപത്യ മാർഗം ഉപയോഗിച്ചുകൊണ്ട് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്.

ഇവിടെ എങ്ങനെയാണ് ഫാസിസം അധികാരത്തിൽ വന്നത്? ജനാധിപത്യ മാർഗത്തിലൂടെയാണ്! ആ ജനാധിപത്യ വഴിയിലൂടെത്തന്നെ അവരെ പുറത്താക്കുവാൻ രാജ്യത്തെ പൗരന്മാർക്ക് സാധിക്കും. കാരണം, 65% ആളുകളും ഇന്നും ഫാസിസത്തിന് എതിരായി ചിന്തിക്കുന്നവരാണ്. പിന്നെന്തുകൊണ്ട് തോറ്റു? മറുപക്ഷത്തുള്ളവരുടെ അനൈക്യമാണ് പ്രശ്‌നം. ഇലക്ഷനിൽ മതേതര പക്ഷത്തുനിന്ന് തന്നെ രണ്ടും മൂന്നും നാലും സ്ഥാനാർഥികളെ നിർത്തും. അപ്പോൾ എന്താണ് സംഭവിക്കുക? അഞ്ച് ലക്ഷംവോട്ടുകൾ ഒരു സ്ഥാനാർഥിക്ക് കിട്ടിയാൽ മതനിരപേക്ഷ കക്ഷി ജയിക്കും. എന്നാൽ അഞ്ച് ലക്ഷം വോട്ടുകൾ അഞ്ച് സ്ഥാനാർഥികൾക്കായി ചിതറിപ്പോയാൽ വിജയം മറുപക്ഷത്തിനായിരിക്കും. അതാണിവിടെ സംഭവിച്ചുകൊണ്ടിരികകുന്നത്.

അപ്പോൾ, ഫാസിസത്തെ എതിർത്ത് പ്രസംഗിക്കുകയും എഴുതുകയും ചെയ്താൽ പോരാ, മതേതര വോട്ടുകൾ ഭിന്നിക്കുന്ന സമീപനം മതേതര കക്ഷികളിൽനിന്ന് ഉണ്ടാകാൻ പാടില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ തങ്ങളുടെ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ പരിശ്രമിക്കണം. വിജയ സാധ്യതയുള്ള മതനരിപേക്ഷ പക്ഷത്തുള്ള സ്ഥാനാർഥിയുണ്ടായിരിക്കെ ഫാസിസത്തിനെതിരിൽ നിലകൊള്ളുന്ന മറ്റുള്ളവർ അവരുടെ സ്ഥാനാർഥികളെക്കൂടി മത്സരിപ്പിച്ചാൽ മതനിരപേക്ഷ വോട്ടുകൾ ഭിന്നിക്കുകയും മറുപക്ഷം വിജയിക്കുയും ചെയ്യും. എന്നിട്ട് ഫാസിസത്തിനെതിരെ പ്രവർത്തിക്കുന്നത് ഞങ്ങളാണെന്ന് പെരുമ്പറ മുഴക്കുന്ന ചിലർ ഈ നിലപാട് സ്വീകരിക്കുന്നതിലെ വൈരുധ്യവും അപകടവും ഇനിയും നാം കാണാതിരുന്നാൽ വലിയ വില കൊടുക്കേണ്ടി വരും. 65 ശതമാനമുള്ള മതനിരപേക്ഷ പക്ഷത്തുള്ള വോട്ടർമാരെ ഏകോപിപ്പിച്ച് നിർത്തുവാനുള്ള ഇച്ഛാശക്തി കാണിച്ചുകൊണ്ട് മതേതര പാർട്ടികളും അതോടൊപ്പംതന്നെ മുസ്‌ലിം ന്യൂനപക്ഷവും മറ്റു വിഭാഗങ്ങളുമെല്ലാം ഒന്നിച്ച് മുന്നോട്ട് പോവുക എന്നതാണ് യഥാർഥത്തിൽ ചെയ്യേണ്ടത്.

അല്ലാതെ, കോംപ്രമൈസിന്റെ, കീഴടങ്ങലിന്റെ സ്വരം ഉണ്ടായിക്കഴിഞ്ഞാൽ അത് വലിയ പ്രത്യാഘാതം വിളിച്ച് വരുത്തും. ഉത്തരേന്ത്യയിലൊക്കെ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുപിയിലൊക്കെ ആവർത്തിച്ച് ഇവരാണ് ജയിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് കാരണം? അവിടെ വലിയ ന്യൂനപക്ഷം മുസ്‌ലിംകളുണ്ട്. പക്ഷേ, അവർ പിടിച്ചുനിൽക്കാൻ കഴിയാത്ത രീതിയിൽ ക്ഷയിച്ചു പോയി. രാഷ്ട്രീയമായി ചിതറിപ്പോയി. അവർക്ക് വിദ്യാഭ്യാസപരമായ ഉയർച്ചയില്ല. നല്ലൊരു നേതൃത്വമില്ല.

എന്നാൽ, കേരളം അങ്ങനെയല്ല. കേരളത്തിൽ മുസ്‌ലിംകൾ 27 ശതമാനമുണ്ട്. അവർ ഇന്ന് ഉൽബുദ്ധരാണ്. അവർക്ക് നേതൃത്വമുണ്ട്. തമ്മിൽ എന്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഫാസിസത്തെ നേരിടുന്ന വിഷയത്തിൽ ഇവിടെയുള്ള മതേതര ചേരിക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് പ്രായോഗികമായി തെളിയിച്ചിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയെ നിരുൽസാഹപ്പെടുത്തുന്ന, അവരെ പ്രയാസപ്പെടുത്തുന്ന നിലപാടുകൾ ഒരിക്കലും മുസ്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.

? കോംപ്രമൈസിനെക്കുറിച്ച് നേരത്തെ താങ്കൾ സൂചിപ്പിച്ചു. എന്തിനോടും ഏതിനോടും രാജിയാവുക, ഒത്തുപോകുവാൻ ശ്രമിക്കുക എന്ന നിലപാട് ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണോ?

! എല്ലാറ്റിനോടും ഒത്തു പോകുന്ന ഒരു സാഹചര്യത്തിലേക്കാണ് ആധുനിക സമൂഹം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥി സമൂഹത്തിന്റെ കാര്യമെടുക്കുക. അരുതാത്ത എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ അവർ പറയും: ‘കുട്ടികളൊക്കെ അങ്ങനെയാണ്,’ ‘കോളേജിലിപ്പോൾ അങ്ങനെയാണ്...’ ഇസ്‌ലാമിക വസ്ത്ര ധാരണരീതി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്നു ചോദിച്ചാൽ ‘ഞാൻ മാത്രമേയുള്ളൂ എന്റെ ക്ലാസ്സിൽ മഫ്തയിടാൻ തയ്യാറുള്ള കുട്ടി. പിന്നെ എന്താണ് ചെയ്യുക? ഒറ്റക്കായതിനാൽ എനിക്ക് മടിയാണ്. മറ്റുള്ളവർ കളിയാക്കും...’ ഇങ്ങനെ മറുപടി പറയുന്ന പെൺകുട്ടികളുണ്ട്. ഇവിടെ ശരിയായ വിശ്വാസവും ആചാരവും ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. ഖബ്‌റിലേക്ക് താൻ പോകുന്നതും ഒറ്റക്കായിരിക്കും എന്ന ബോധമുള്ളവർ അതാണ് ചെയ്യുക. കൂടെക്കൂടികളാകാൻ പ്രയാസമില്ല. ഒഴുക്കിനെതിരെ നീന്തുന്നത് പ്രയാസകരമാണ്. അതിനുള്ള ആർജവം വിശ്വാസികൾ കാണിക്കണം.

ഇന്ന് ചാനലുകളിൽ വൈകുന്നേരം നടക്കുന്ന ചർച്ചകൾ പലതും ലിബറലിസത്തിനെ അനുകൂലിച്ച് കൊണ്ടുള്ളതാണ്. ഫാസിസത്തെ നോർമലൈസ് ചെയ്യുന്നതാണ്. ഇവരുടെ മൈക്ക് അത്തരം ആളുകളിലേക്ക് മാത്രമെ എത്തുകയുള്ളൂ. മീഡിയകളൊക്കെ കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട ചില മീഡിയകൾക്ക് മാത്രമെ തലയുയർത്തി സംസാരിക്കാൻ കഴിയുന്നുള്ളൂ.

ഞാൻ പറഞ്ഞുവരുന്നത്; ഇവിടെ ബോധപൂർവം ഒരു വികല ചിന്താധാരയെ വളർത്തിക്കൊണ്ടുവരുന്നുണ്ട്. കുടുംബ സംവിധാനം ഇല്ലാതാവണം. ധാർമിക, മൂല്യ ചിന്തകൾ കയ്യൊഴിയണം, ഇനി ജീവിതം ഇങ്ങനെയൊക്കെ തന്നെയാവും എന്ന ചിന്തയിലേക്ക് എല്ലാവരും കടന്നുവരണം, മക്കൾ പറയുന്നതിനനുസരിച്ച് രക്ഷിതാക്കൾ നിലകൊള്ളണം, കോളേജിലെ കുട്ടികൾ തീരുമാനിക്കുന്നതിനനുസരിച്ച് അവിടത്തെ കാര്യങ്ങൾ നടക്കണം.... ഈ വിധത്തിലുള്ള ഒരു കുത്തഴിഞ്ഞ ജീവിത ചിന്ത!

(അവസാനിച്ചില്ല)