ഇസ്‌ലാം: പ്രബോധനം, പ്രസ്ഥാനം ചില സമകാലിക ചിന്തകൾ 2

ടി.കെ.അശ്‌റഫ് / ഉസ്മാൻ പാലക്കാഴി

2023 ജനുവരി 14, 1444 ജുമാദുൽ ഉഖ്റാ 20

(അഭിമുഖം)

? ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങൾ ക്വുർആനും ഹദീസുമാണ്. എന്നാൽ ചേകനൂർ മൗലവി തുടങ്ങിവച്ച ഹദീസ് നിഷേധ പ്രവണത ഇന്ന് മറ്റൊരു രൂപത്തിൽ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മൊത്തത്തിൽ ഹദീസുകളെ നിഷേധിക്കാതെ തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും യോജിക്കാത്തത് തള്ളിക്കളയുക എന്നതാണ് പുതിയ പ്രവണത. മുജാഹിദ് സമ്മേളനത്തിൽ ഒരു മുതിർന്ന പണ്ഡിതൻ സ്വഹീഹായ ചില ഹദീസുകളെ നിഷേധിക്കുന്ന രൂപത്തിൽ സംസാരിക്കുകയും മറ്റൊരു പണ്ഡിതൻ അതേ വേദിയിവെച്ച് ആ നിലപാടിനെ നിശിതമായി എതിർക്കുകയുമുണ്ടായി. മുജാഹദ് പ്രസ്ഥാനത്തിന്റെ ആദർശ എതിരാളികൾ സമൂഹത്തിൽ ഇതിന് വലിയതോതിൽ പ്രചാരണം നൽകിക്കൊണ്ടിരിക്കുകയാണ്.

! നബി ﷺ യുടെ മക്കാജീവിത കാലഘട്ടം എടുത്താൽ അതിലെ പല കാര്യങ്ങളും വിശുദ്ധ ക്വുർആനിൽ കാണാൻ സാധിക്കില്ല. ആ കാലത്തുണ്ടായ പല സംഭവങ്ങളും വിശുദ്ധ ക്വുർആനിൽ വിശദീകരിക്കപ്പെട്ടിട്ടില്ല. ക്വുർആൻ മാത്രമെ അംഗീകരിക്കൂ എന്ന് പറയുന്നവർക്ക് അത്തരം കാര്യങ്ങൾ അറിയാൻ സാധിക്കില്ല. ഹിജ്‌റ സന്ദർഭത്തെക്കുറിച്ചും ഹിജ്‌റയുടെ വേളയിൽ നബി ﷺ യുടെ കൂടെയുള്ള കൂട്ടുകാരനെക്കുറിച്ചും വിശുദ്ധ ക്വുർആൻ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കിൽ; സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ അവർ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദർഭം. അപ്പോൾ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങൾ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിൻബലം നൽകുകയും സത്യനിഷേധികളുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയർന്ന് നിൽക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’’ (9:40).

ഹിജ്‌റയുടെ കൂടുതൽ കാര്യങ്ങളും വിശദീകരിക്കപ്പെട്ടത് ഹദീഥിലാണ്. ഈ വചനത്തിൽ പറഞ്ഞ നബി ﷺ യുടെ കൂട്ടുകാരൻ ആരാണ്? ഹദീസ് വേണ്ട എന്ന് പറഞ്ഞാൽ എങ്ങനെയാണ് അത് മനസ്സിലാക്കാൻ സാധിക്കുക?

ഹദീസിനെ അംഗീകരിക്കുന്നതോടൊപ്പം അതിൽ ചിലതിനെ നിഷേധിക്കുന്ന രോഗമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അതിന് കാരണമായി പറയുന്നത് ഹദീസിൽ ബുദ്ധിക്ക് യോജിക്കാത്തവയും ഉെണ്ടന്നതാണ്.

അബൂഹുറയ്‌റ(റ)യിൽ നിന്നും നിവേദനം: “നബി ﷺ (നമസ്‌കാരത്തിൽ) രണ്ട് റക്അത്തിന് ശേഷം വിരമിച്ചു. അപ്പോൾ റസൂൽ ﷺ യോട് ദുൽയദൈൻ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ, നമസ്‌കാരം ചുരുക്കപ്പെട്ടോ, അതല്ല താങ്കൾ മറന്നോ..?’ അപ്പോൾ റസൂൽ ﷺ ചോദിച്ചു: ‘ദുൽയദൈൻ സത്യമാണോ പറഞ്ഞത്?’ അപ്പോൾ ജനങ്ങൾ (സ്വഹാബികൾ) പറഞ്ഞു: ‘അതെ.’ അപ്പോൾ റസൂൽ ﷺ എഴുന്നേറ്റ് വേറെ രണ്ട ് റക്അത്ത് നമസ്‌കരിച്ചു സലാം വീട്ടി. പിന്നെ തക്ബീർ ചൊല്ലി (നമസ്‌കാരത്തിലെ) സുജൂദ് പോലെയുള്ള അല്ലെങ്കിൽ അതിനെക്കാൾ ദീർഘിച്ച സുജൂദ് ചെയ്തു.’’ (മറവിയുടെ സുജൂദിന്റെ ഒരു രൂപമാണിത്).

അല്ലാഹുവിന് മറവിയുടെ സുജൂദ് പഠിപ്പിക്കാൻ ഇങ്ങനെ മറവി സംഭവിപ്പിക്കാതെ തന്നെ ചെയ്യാമായിരുന്നു. എന്നിട്ടും ഈ രൂപത്തിലാണ് അല്ലാഹു ഇത് ചെയ്തത്. അപ്പോൾ ബുദ്ധിക്ക് യോജിക്കുന്നില്ല എന്നു പറഞ്ഞ് ഓരോന്നോരോന്നായി നിഷേധിച്ച് അവസാനം ഹദീസുകൾതന്നെ വേണ്ട എന്ന് വാദിക്കലാവും ഇത്തരം നിഷേധികൾ ചെയ്യുക. മുഴുവൻ ഹദീസുകളും തള്ളുന്ന അവസ്ഥയായിരിക്കും അവർക്കുണ്ടാവുക. ഇത്തരക്കാരെ വിശ്വാസികൾ നന്നായി സൂക്ഷിക്കണം. മതം പഠിപ്പിച്ച എല്ലാ കാര്യങ്ങളും സംശയമില്ലാതെ സ്വീകരിക്കേണ്ടവരാണ് വിശ്വാസികൾ. സ്വീകാര്യമായ, സ്ഥിരീകരിക്കപ്പെട്ട ഹദീസുകൾ ബുദ്ധിക്ക് യോജിച്ചാലും ഇല്ലെങ്കിലും സ്വീകരിക്കണമെന്നതാണ് സലഫുസ്സ്വാലിഹുകളുടെ നിലപാട്.

? കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തെ അതിനിശിതമായി വിമർശിച്ചുകൊണ്ട് പൊതുസമൂഹം സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പലവിധ നിരീക്ഷണങ്ങളുമായി രംഗത്തു വന്ന ഈ സാഹചര്യത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് എന്താണ് പറയാനുള്ളത്?

! മുജാഹിദ് പ്രസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തമായ ധാരണ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനുണ്ട്. അത് സംബന്ധിച്ച് പല ഘട്ടങ്ങളിലും നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പരസ്പരം തർക്കിച്ചു കാലംകഴിക്കേണ്ടതില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻഗാമികൾ പ്രാമാണികമായി മുന്നോട്ടുവെച്ച ആദർശ നയനിലപാടുകളിൽ ഉറച്ചുനിന്ന്, വിവാദങ്ങളിൽനിന്ന് അകന്ന് വിസ്ഡം മുന്നോട്ടു ഗമിക്കാൻ തീരുമാനിച്ചത്.

ഒരുഭാഗത്ത് സാധാരണക്കാരനെ ചൂഷണം ചെയ്യാനായി ശിർക്കിന്റെ പ്രചാരണത്തിന് വേണ്ടി പൗരോഹിത്യം മത്സരിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ നിയന്ത്രിക്കുന്നത് സി.എം ആണെന്നുവരെ പറയുന്നു. ജാറങ്ങൾ കോടികൾക്ക് ലേലത്തിൽ വിൽക്കപ്പെടുന്നു. ഓൺലൈനിൽ സ്വലാത്ത് കച്ചവടം പൊടിപൊടിക്കുന്നു. കള്ള കറാമത്ത് കഥകൾ യാതൊരു ലജ്ജയുമില്ലാതെ ഓൺലൈനിൽ പ്രചരിപ്പിച്ച് സാമ്പത്തികമായി തടിച്ചു കൊഴുക്കുന്നു. ഹദീസ് നിഷേധത്തിന് പുതിയമാനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ഫാഷിസം അധികാര ദണ്ഡുപയോഗിച്ച് ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിനെതിരെ നിയമനിർമാണങ്ങളും ഉന്മൂലന സിദ്ധാന്തവുമായി മുന്നോട്ടുവരുന്നു. കേരളത്തിലാകട്ടെ, ഫാഷിസത്തിന്റെ ഭീഷണി ചൂണ്ടിക്കാണിച്ച് ഇനി സമുദായത്തിന് സംരക്ഷണം നൽകാൻ ഞങ്ങൾ മാത്രമേയുള്ളൂ എന്ന പ്രതീതിയുണ്ടാക്കി സ്വതന്ത്ര വാദത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് മുസ്‌ലിം യുവതി-യുവാക്കളെ കൂട്ടത്തോടെ തെളിച്ചു കൊണ്ടുപോകുന്നു. മിശ്ര വിവാഹത്തിലൂടെ ഒരു മതരഹിത സമൂഹ സൃഷ്ടിക്കായി പണിയെടുക്കുന്നു. ലിബറലിസം കാട്ടുതീപോലെ സമുദായത്തിനകത്ത് പടരുകയാണ്. ജെന്റർ സാമൂഹിക നിർമിതിയാണ് എന്ന നയം സ്‌കൂളുകളിൽ പഠിപ്പിക്കാൻ പുതിയ പാഠ്യപദ്ധതി ഒരുങ്ങുകയും ചെയ്യുന്നു. സിലബസിൽ പഠിപ്പിക്കാതെതന്നെ പുതിയ തലമുറ ലിബറലിസം വാരിപ്പുണർന്നുവെങ്കിൽ പാഠപുസ്തകത്തിൽ പഠിപ്പിക്കുക കൂടി ചെയ്താൽ എന്താകും അടുത്ത തലമുറയുടെ അവസ്ഥ?

ഇത്തരം അനവധി വെല്ലുവിളികൾ ഉരുണ്ടുകൂടിയ ഈ വർത്തമാനകാലത്ത് മുജാഹിദുകൾ തമ്മിൽ തർക്കിച്ച് സമയം കളയേണ്ടതില്ല എന്ന കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽതന്നെയാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ഈ വിവാദത്തിൽനിന്ന് അകന്നുനിന്നത്.

? സാമൂഹ്യ മാധ്യമങ്ങളിൽ ഇട പെടുന്ന വിസ്ഡം പ്രവർത്തകരോട് എന്ന ഒരു അറിയിപ്പ് താങ്കളുടെ പേരിൽ പരസ്യമായി തന്നെ നൽകാൻ സംഘടനയെ പ്രേരിപ്പിച്ച ഘടകം എന്താണ്?

! ഞാൻ നേരത്തെ വിശദീകരിച്ച നയം പ്രായോഗികമായി നടപ്പിൽ വരാൻ വേണ്ടി തന്നെയാണ് പരസ്യമായി ഒരു അറിയിപ്പ് നൽകിയത്. അതിന്റെ ഗുണം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ഉത്തരവാദപ്പെട്ട പ്രവർത്തകരാരും വഴിവിട്ട രീതിയിൽ സാമൂഹ്യ മാധ്യമത്തിൽ ഇടപെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആരെങ്കിലും വിവേകശൂന്യമായി സാമൂഹ്യ മാധ്യമത്തിലൂടെ നടത്തുന്ന ഒറ്റപ്പെട്ട പ്രതികരണങ്ങൾ പൊക്കിപ്പിടിച്ച് അത് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ തലയിൽ കെട്ടിവെച്ച് തങ്ങൾ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളിൽനിന്ന് ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. അതിനൊരവസരം ഉണ്ടാകരുതെന്ന കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് ഇങ്ങനെ ഒരു അറിയിപ്പ് പരസ്യമായി നൽകിയത്. ആ അറിയിപ്പ് വായിച്ച ഞങ്ങളുടെ എതിർപക്ഷത്ത് നിലകൊള്ളുന്നവർ വരെ അതിനെ ശ്ലാഘിച്ചിട്ടുണ്ട്.

? അപ്പോൾ സമ്മേളനത്തിൽ ഉയർന്ന പ്രമാണവിരുദ്ധമായ ആശയങ്ങളോടും നിലപാടുകളോടും -വിശിഷ്യാ ഫാഷിസത്തോട്- അവർ സ്വീകരിച്ച സമീപനത്തോടും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് യാതൊരു വിയോജിപ്പുമില്ലേ? അതുണ്ടെങ്കിൽ ജനങ്ങൾക്കുമുമ്പിൽ വ്യക്തമാക്കേണ്ടത് ബാധ്യതയല്ലേ?

! തീർച്ചയായും തിരുത്തേണ്ട കാര്യങ്ങൾ ചൂണ്ടിക്കാണിക്കും. അത് ഒരു കക്ഷിത്വത്തിന്റെ ഭാഗമായിട്ടല്ല. ഗുണകാംക്ഷയാണ് അതിന് നമ്മെ പ്രേരിപ്പിക്കുന്നത്. സി.ഡി ടവർ വിഭാഗത്തിന്റെത് മാത്രമല്ല; ഏത് മുസ്‌ലിം സംഘടനയും പ്രഘോഷണം ചെയ്യുന്ന വിഷയങ്ങളിൽ ഇസ്‌ലാമിക പ്രമാണങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ അതിന്റെ യാഥാർഥ്യം സമൂഹമധ്യത്തിൽ വിശദീകരിക്കും. അതുകൊണ്ട് കൂടിയാണല്ലോ നാം മറ്റൊരു സംഘടനയായി മാറി നിൽക്കുന്നത്. ഈ പറഞ്ഞ കാര്യം ഞങ്ങൾക്കും ബാധകമാണ്. ഞങ്ങളുടെ പ്രബോധനരംഗത്ത് സംഭവിക്കാനിടയുള്ള സ്ഖലിതങ്ങൾ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കാനുള്ള അവകാശമുണ്ട്. അതിൽ വസ്തുതയുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം തിരുത്തേണ്ടത് തിരുത്താനും വിശദീകരിക്കേണ്ടത് വിശദീകരിക്കാനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തയ്യാറാകും. എന്നാൽ സത്യവും അസത്യവും അർധസത്യവും കൂട്ടിക്കുഴച്ച് ചിലർക്ക് അവരുടെ സംഘടനയിൽ അപ്രമാദിത്വം ലഭിക്കാനും അവരുടെ ആഭ്യന്തരപ്രശ്‌നങ്ങൾ മൂടിവെക്കാനും അണികളുടെ ശ്രദ്ധ വഴിതിരിച്ചുവിടാനുമായി നടത്തുന്ന വാചോടാപങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യും.

? ഫാഷിസത്തെ നേരിടുന്നതിനുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെ നിലപാടിൽ മാറ്റം വന്നുവോ? ശ്രീധരൻ പിള്ളയെ മുമ്പും മുജാഹിദുകളടക്കം പല മുസ്‌ലിം സംഘടനകളും അവരുടെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലേ? ഇപ്പോൾ മാത്രം ഇത് വിവാദമാക്കുന്നത് സമ്മേളന വിജയത്തിലുള്ള അസംതൃപ്തിയല്ലേ തുറന്നുകാണിക്കുന്നത്?

! ഒരു കൂട്ടർ നടത്തിയ സമ്മേളനത്തെ മറ്റൊരു കൂട്ടർ ചെറുതാക്കിയതുകൊണ്ട് അത് ചെറുതാവുകയോ വലുതാക്കിയതുകൊണ്ട് വലുതാവുകയോ ചെയ്യില്ല. പ്രത്യേകിച്ച് ഈ കാലത്ത്. തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു സമ്മേളനം ലോകത്ത് എവിടെയിരുന്നും ആർക്കും വീക്ഷിക്കാനാകും. പണ്ട്, പങ്കെടുത്തവർക്ക് മാത്രമെ അതിന്റെ അനുഭവം ഉണ്ടായിരുന്നുള്ളൂ. പത്രത്തിൽ വരുന്ന ഫോട്ടോയും വാർത്തയും മാത്രമായിരുന്നു മറ്റുള്ളവർക്ക് വിലയിരുത്താനുള്ള ഏകമാർഗം. ഇന്ന് അങ്ങനെയല്ല. സമ്മേളനത്തിന്റെ പന്തൽ, അതിന്റെ വലുപ്പം തുടങ്ങിയവയെല്ലാം കണക്കുകൂട്ടാൻ ആർക്കും കഴിയും. അതെല്ലാം ബുദ്ധിയുള്ളവർ വിലയിരുത്തുകയും ചെയ്യും. പിന്നെ വിസ്ഡം അത് വിലയിരുത്താൻ മുതിർന്നിട്ടില്ല. ആരെങ്കിലും വാട്‌സാപ്പിൽ പ്രചരിപ്പിക്കുന്നത് ഈ സംഘടനയുടെ തലയിൽ വെക്കേണ്ടതില്ലെന്ന് നേരത്തെ പറഞ്ഞല്ലോ.

പിന്നെ, ഫാഷിസത്തിന്റെ കാര്യത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് നമ്മുടെ മുൻഗാമികൾ നമുക്ക് കാണിച്ചുതന്നതുകൊണ്ട് നമ്മളായിട്ട് പുതിയൊരു മാർഗം ഉണ്ടാക്കേണ്ടതില്ല. ഫാഷിസത്തിന്റെ ശത്രു പട്ടികയിൽ പ്രഥമസ്ഥാനത്ത് മുസ്‌ലിംകളാണ് എന്നതിൽ സംശയമില്ല. എന്നാൽ ഫാഷിസം മുസ്‌ലിംകളുടെ മാത്രം ശത്രുവല്ല. അവരെ നേരിടേണ്ടത് മുസ്‌ലിംകൾ മാത്രവുമല്ല. മതനിരപേക്ഷ കക്ഷികളെല്ലാം ഒന്നിച്ചു നിന്ന് എതിർത്തു തോൽപിക്കേണ്ട ഒരു ആശയമാണ് ഫാഷിസം. അതിന് മതനിരപേക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കണം. തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്ന സമീപനം ആരിൽനിന്നും ഉണ്ടാകരുത്. ഭരണത്തിന്റെ ദണ്ഡ് ഉപയോഗിച്ചാണ് ഫാഷിസം ഇന്ന് എല്ലാ ഉന്മൂലന അജണ്ടയും പുറത്തെടുക്കുന്നത്. അവർ അധികാരത്തിലെത്തിയത് ജനാധിപത്യ മാർഗത്തിലാണ്. അവരെ ഇറക്കേണ്ടതും അതേ വഴിയിൽ തന്നെയാകണം. അതിനുപകരം അവരോട് സമരസപ്പെട്ടുകൊണ്ട് ഫാഷിസവും മറ്റു സംഘടനകളെപ്പോലെ ഒരു സംഘടന മാത്രമാണെന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ അവരെ നോർമലൈസ് ചെയ്യുന്നത് മുജാഹിദ് പ്രസ്ഥാനം ഇതുവരെ സ്വീകരിച്ച ലൈനല്ല.

ഫാഷിസത്തെ മുസ്‌ലിംകൾ മാത്രം സംഘടിച്ച് തിരുത്താമെന്നത് വ്യാമോഹം മാത്രമാണ്. മാത്രവുമല്ല അത്തരം നീക്കങ്ങൾ ആത്മഹത്യാപരവുമാണ്. ഭൂരിപക്ഷ സമുദായത്തിലെ നിഷ്‌പക്ഷരായ വിഭാഗത്തെ കൂടി ആർ.എസ്.എസിന് എറിഞ്ഞു കൊടുക്കൽ കൂടിയാണ് അത്. മുസ്‌ലിം പക്ഷത്തുനിന്നുള്ള തീവ്ര സമീപനമാണ് ഫാഷിസത്തിന്റെ ഉത്ഭവത്തിന് കാരണമെന്ന കാഴ്ചപ്പാട് ശരിയല്ല. ഫാഷിസം വംശീയ ഉന്മൂലനം അജണ്ടയായി സ്വീകരിച്ച് രൂപീകരിക്കപ്പെട്ട സംഘമാണ്. അവരെയും ന്യൂനപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തീവ്രസമീപനങ്ങളെയും ഒരുപോലെ കാണുന്നത് ശരിയല്ല. മറ്റു വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുകയെന്നത് മുസ്‌ലിംകളുടെ ലക്ഷ്യവുമല്ല. ഫാഷിസത്തെ പ്രതിരോധിക്കൽ മാത്രമാണ് അവരുടെ അജണ്ട. അതിനു സ്വീകരിക്കേണ്ട മാർഗത്തിൽ ചിലർ ക്വുർആനിക വിരുദ്ധവും നിയമ വിരുദ്ധവുമായ മാർഗങ്ങൾ സ്വീകരിക്കുന്നുവെന്നതാണ് ഇവിടുത്തെ പ്രശ്‌നം.

എൻ.ഡി.എഫ് പോലുള്ള സംഘടനകൾ ഇത്തരം ആശയങ്ങളുമായി കേരളത്തിൽ കടന്നുവന്ന ആദ്യനാളുകളിൽ തന്നെ അവരെ താത്വികമായി തിരിച്ചറിഞ്ഞ് പ്രതിരോധിച്ച പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. ആ നിലപാടിൽ ഇപ്പോഴും യാതൊരു മാറ്റവുമില്ല. പിന്നെ സമ്മേളനത്തിൽ ശ്രീധരൻപിള്ള പങ്കെടുത്തതാണോ, അദ്ദേഹത്തെ ഉദ്ഘാടകനാക്കിയതാണോ, അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഉള്ളടക്കമാണോ, നോട്ടീസ് ഇറക്കിയ ഉടനെ ജനം ടിവിക്ക് നൽകിയ ഇന്റർവ്യൂ ആണോ, അതിൽ പറഞ്ഞ ആശയങ്ങളാണോ, പ്രസ്തുത ആശയങ്ങൾ കെ.എൻ.എം നിലപാടാണെന്ന് വ്യക്തമാക്കി ക്ലീൻചിറ്റ് നൽകിക്കൊണ്ട് പത്രസമ്മേളനത്തിൽ സംസാരിച്ചതാണോ, ഇതിനെ തുടർന്ന് വിവിധ രാഷ്ട്രീയക്കാർ സമ്മേളനവേദി ദുരുപയോഗം ചെയ്തു നടത്തിയ ആരോപണ പ്രത്യാരോപണങ്ങളാണോ, ഇതിനെല്ലാം മറുപടിയായി സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗങ്ങളാണോ സമ്മേളനത്തെ വിവാദങ്ങളുടെ ഗർത്തത്തിലേക്ക് തള്ളിയിട്ടത് എന്നത് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമാണ്. അവർ തന്നെ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളാണ് ഇതെല്ലാം. ഇതിനെല്ലാം വഴിവെച്ച തീരുമാനം കൃത്യമായ കൂടിയാലോചനക്ക് ശേഷം ഉണ്ടായതാണെന്ന് തോന്നുന്നില്ല.

? എൻ.ഡി.എഫ് പോലുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളല്ലേ ഈ വിമർശനമുയർത്തി വിട്ടത്. അത് മുജാഹിദ് പ്രസ്ഥാനം കാര്യമാക്കേണ്ടതുണ്ടോ? രണ്ടും രണ്ട് ആദർശവും നയവും അല്ലേ?

! എൻ.ഡി.എഫുകാരുടെ വിമർശനത്തെ അങ്ങനെ മാത്രമെ പ്രസ്ഥാനം എടുക്കേണ്ടതുള്ളൂ. എന്നാൽ അവർ മാത്രമല്ല ഈ സമീപനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നത്, മതനിരപേക്ഷ നിലപാടുള്ള മുഖ്യധാരാ സംഘടനകളിലെ പ്രമുഖർതന്നെ പരസ്യമായി പ്രതികരിച്ചല്ലോ. രഹസ്യമായി അടക്കം പറയുന്നവരുടെ എണ്ണം പറയുകയും വേണ്ട. എന്തിനധികം, സമ്മേളനത്തോട് ഒപ്പം നിൽക്കുന്ന ചില പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും വിമർശനം ഉണ്ടായിട്ടില്ലേ?

? രാഷ്ട്രീയം, രാഷ്ട്രീയക്കാർ, അവരെ പരിപാടിക്ക് ക്ഷണിക്കൽ എന്നീ കാര്യങ്ങളിൽ പ്രസ്ഥാനത്തിന് ഒരു വ്യക്തമായ നയം ആവശ്യമില്ലേ?

! തീർച്ചയായും വേണം, മുജാഹിദ് പ്രസ്ഥാനത്തിന്റെ മുൻകാല സമ്മേളനങ്ങളും പരിപാടികളും നിരീക്ഷിച്ചാൽ ഇതിനെല്ലാം വ്യക്തമായ ധാരണയോടെയാണ് മുന്നോട്ടുനീങ്ങിയത് എന്ന് കാണാനാകും. മുജാഹിദുകൾ അരാഷ്ട്രീയവാദത്തിന് എതിരാണ്.

മതരംഗത്തെന്ന പോലെ രാഷ്ട്രീയ രംഗത്തും വ്യക്തി വിശുദ്ധി കൈവിടരുത് എന്ന കണിശതയാണ് പ്രസ്ഥാനത്തിന്റെ നയം. കേരളത്തിൽ മുസ്‌ലിം സമുദായത്തിന് നിലനിൽക്കണമെങ്കിൽ വ്യക്തമായ ആദർശബോധവും വ്യക്തി വിശുദ്ധിയും ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പ്രാതിനിധ്യവും പരമപ്രധാനമാണ്. ഈ രംഗത്ത് മുജാഹിദ് നേതാക്കൾ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സമുദായ രാഷ്ട്രീയ പാർട്ടിയും എന്ന കാര്യത്തിൽ വിമർശകർക്ക് പോലും എതിരഭിപ്രായം ഉണ്ടാവുകയില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്‌ലിം സമുദായത്തിനുണ്ടായ പുരോഗതി ഇതിന്റെ അടയാളമാണ്. പിൽക്കാലത്ത് പല കാരണങ്ങളാൽ ഈ രംഗത്തുനിന്ന് പ്രസ്ഥാന പ്രവർത്തകർ പിന്നോട്ടു പോയി എന്നത് ഒരു സത്യമാണ്. ഇതിന്റെ കാരണങ്ങൾ സമുദായ രാഷ്ട്രീയനേതൃത്വവും, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനടക്കമുള്ള മുജാഹിദ് നേതൃത്വങ്ങളും വിമർശനാത്മകമായി വിലയിരുത്തി മുന്നോട്ടുപോകാൻ തയ്യാറാവുകയാണ് വേണ്ടത്.

രാഷ്ട്രീയക്കാരെ പരിപാടികളിലേക്ക് ക്ഷണിക്കുന്നതിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയെപ്പോലുള്ള ഒരു ബഹുമതസമൂഹത്തിൽ മതനിരപേക്ഷ നിലപാടുള്ള രാഷ്ട്രീയ പാർട്ടികളുമായും ഭരണ നേതൃത്വങ്ങളുമായും സഹകരിച്ചുകൊണ്ട് മാത്രമെ മുന്നോട്ടു പോകാനാകൂ. ഈ പ്രസ്ഥാനം എന്താണെന്ന് അവർക്ക് അറിയാനും അവർക്ക് ഈ പ്രസ്ഥാനത്തോടുള്ള നിരീക്ഷണങ്ങൾ പറയാനും അവസരങ്ങൾ ഉണ്ടാകണം. പരസ്പരം അറിഞ്ഞുകൊണ്ട് മാത്രമെ മുന്നോട്ടു പോകാനാകൂ.

രാഷ്ട്രീയനേതൃത്വങ്ങൾ മുജാഹിദ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കുറിച്ച് വളരെ ബഹുമാനത്തോടും ആദരവോടും കൂടി മാത്രമെ ഇത്രയും കാലം സമ്മേളന വേദികളിലും മറ്റും സംസാരിച്ചിട്ടുള്ളൂ. തിരിച്ചും അങ്ങനെ തന്നെയായിരുന്നു. ഒരിക്കൽപോലും മുജാഹിദ് സമ്മേളന വേദികൾ രാഷ്ട്രീയ വാദപ്രതിവാദത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങളുടെയും വേദിയായി മാറുന്ന നിലപാട് പ്രസ്ഥാനം സ്വീകരിച്ചിട്ടില്ല.

? പാണക്കാട് തങ്ങന്മാർ വരാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽനിന്ന് മാറിനിന്ന നിലപാട് പ്രസ്ഥാനത്തിന്റെ മുൻകാല പാരമ്പര്യത്തിന് ചേർന്നതാണോ?

! ഇതു പറയുമ്പോൾ മുജാഹിദ് സമ്മേളനങ്ങളിൽ എന്നുമുതലാണ് പാണക്കാട് തങ്ങന്മാരെ ക്ഷണിക്കാൻ തുടങ്ങിയത് എന്ന കാര്യം നാം വിലയിരുത്തണം. അവിഭക്ത മുജാഹിദ് പ്രസ്ഥാനം നടത്തിയ പുളിക്കൽ, ഫറോക്ക്, കുറ്റിപ്പുറം, പാലക്കാട്, പിലാത്തറ, എറണാകുളം, ചങ്ങരംകുളം, കോഴിക്കോട് സമ്മേളനങ്ങളിൽ ഒന്നും അവർ ക്ഷണിക്കപ്പെട്ടിട്ടില്ല. ക്ഷണിക്കാത്തതിന്റെ പേരിൽ അവർക്ക് പരിഭവവും ഉണ്ടായിരുന്നില്ല. പാണക്കാട് തങ്ങന്മാർ യാഥാസ്ഥിതിക വിശ്വാസത്തിന്റെ വക്താക്കളാണ്. അതിനെ നഖശിഖാന്തം എതിർക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ വേദിയിൽ അവരുടെ സാന്നിധ്യം പ്രസ്ഥാനത്തിനും അവർക്കും ഗുണകരമല്ലെന്ന വിശാല സമീപനമാണ് മുൻകാല നേതാക്കൾ സ്വീകരിച്ചു വന്നത്. എന്നാൽ 2017ൽ ലയനത്തിന് ശേഷമുള്ള കൂരിയാട് നടന്ന സമ്മേളനത്തിലാണ് ഇവരെ ക്ഷണിക്കുന്ന രീതി തുടങ്ങിവെച്ചത്. അതൊരു നയവ്യതിയാനമായിരുന്നു. അന്നും ഇതുപോലെ വിവാദമുണ്ടായി. മുസ്‌ലിം ലീഗ് സമുദായത്തിന്റെ പൊതുവേദിയല്ലേ, അതിന്റെ അധ്യക്ഷൻ എല്ലാവരെയും ഒരുപോലെ കാണേണ്ടേ എന്ന മറുചോദ്യങ്ങൾ ഉണ്ടാവാം. മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന ഒരു പണ്ഡിതൻ മുസ്‌ലിംലീഗിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ സുന്നികൾ നടത്തുന്ന ആദർശ സമ്മേളനത്തിലേക്ക് ക്ഷണിച്ചാൽ എന്ത് നിലപാട് സ്വീകരിക്കുമെന്നും ചിന്തിക്കേണ്ടതാണ്.

പരസ്പരം സമ്മേളനത്തിൽ പങ്കെടുക്കുക എന്നതിനെക്കാൾ സമുദായ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എല്ലാ മുസ്‌ലിം സംഘടനകളെയും ഒരുപോലെ പരിഗണിക്കുക, അധികാര പ്രാതിനിധ്യം നൽകുക എന്നതാണ് പ്രാധാനം. മാത്രവുമല്ല, പല കാരണങ്ങൾ നിരത്തി മുസ്‌ലിം കോഡിനേഷൻ സമിതിയെ ദുർബലമാക്കാൻ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് വിവാദങ്ങൾക്ക് തിരികൊളുത്താൻ മുജാഹിദുകൾ കാരണമാകരുത് എന്നാണ് നമ്മുടെ പക്ഷം.