ദിക്‌റും ദുആയും

ശമീർ മദീനി

2023 ഫെബ്രുവരി 18, 1444 റജബ് 27

അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങൾകൊണ്ടും അന്യൂനമായ വിശേഷണങ്ങൾകൊണ്ടും അവന്റെ മഹത്തായ അനുഗ്രഹങ്ങൾകൊണ്ടുമൊക്കെ അവനെ വാഴ്ത്തലും പുകഴ്ത്തലുമാണ് ‘ദിക്ർ.’ എന്നാൽ ഒരാൾ തന്റെ ആവശ്യനിർവഹണത്തിനായി നടത്തുന്ന തേട്ടങ്ങളും പ്രാർഥനകളുമാണ് ‘ദുആ’യിലുള്ളത്. കേവലമായ പ്രാർഥനയെക്കാൾ മേൽപറഞ്ഞ ദിക്‌റുകൾക്കാണ് ശ്രേഷ്ഠതയുള്ളത്. രണ്ടും നന്മനിറഞ്ഞ വയാണെങ്കിലും ആപേക്ഷികമായി നോക്കുമ്പോൾ ദിക്‌റിനാണ് കൂടുതൽ മഹത്ത്വമുള്ളത്.

ഒന്നാമത്തെത് ‘ദുആഉൽ ഇബാദ’യും രണ്ടാമത്തെത് ‘ദുആഉൽ മസ്അല’യുമാണ്. ദുആഉൽ മസ്അല എന്നാൽ ഇഹലോകത്തിലെയോ പരലോകത്തിലെയോ ഏതെങ്കിലും ഉപകാരം കിട്ടുവാനോ ഉപദ്രവം നീങ്ങുവാനോ വേണ്ടി അല്ലാഹുവിനോട് നടത്തുന്ന തേട്ടമാണ്. എന്നാൽ ദുആഉൽ ഇബാദയിൽ പ്രത്യക്ഷത്തിൽ ഇത്തരം തേട്ടങ്ങൾ കാണുകയില്ല. മറിച്ച് അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ടുള്ള ആരാധനകളാണ് അതിലുണ്ടാവുക.

അപ്രകാരംതന്നെ കേവലമായ ദിക്‌റുകളെക്കാൾ ക്വുർആൻ പാരായണമാണ് ശ്രേഷ്ഠം. കാരണം ക്വുർആൻ അല്ലാഹുവിന്റെ വചനമാണ്. മറ്റേത് ദിക്റിനെക്കാളും പല പ്രത്യേകതകളും മഹത്ത്വങ്ങളും അതിനുണ്ട്. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേകമായി പഠിപ്പിക്കപ്പെട്ട ദിക്‌റുകൾക്കും ദുആകൾക്കും തന്നെയാണ് അവിടങ്ങളിൽ ശ്രേഷ്ഠതയുള്ളതും നാം അനുഷ്ഠിക്കേണ്ടതും. ഉദാ: നമസ്‌കാരത്തിലെ റുകൂഇലും സുജൂദിലും നാം ചൊല്ലുന്ന തസ്ബീഹുകളാണ് അവിടങ്ങളിൽ ക്വുർആൻ പാരായണം നടത്തുന്നതിനെക്കാൾ ശ്രേഷ്ഠം. മാത്രമല്ല റുകൂഇലും സുജൂദിലും ക്വുർആൻ പാരായണം നടത്തൽ വിലക്കപ്പെട്ടിട്ടുമുണ്ട്

നമസ്‌കാരത്തിലെ ഓരോ സന്ദർഭത്തിലെയും പ്രത്യേകം പ്രത്യേകമായ പ്രാർഥനകളുടെയും ദിക്‌റുകളുടെയുമൊക്കെ അവസ്ഥ ഇതുതന്നെയാണ്. ഓരോ സന്ദർഭത്തിലും പ്രത്യേകമായി പഠിപ്പിക്കപ്പെട്ടിട്ടുള്ള ദിക്‌റുകളും ദുആകളും ആ സന്ദർഭങ്ങളിൽ മറ്റേത് ദിക്റിനെക്കാളും മഹത്തരമാണ്. നബി ﷺ യുടെ ചര്യയും മാതൃകകളുമാണ് അത് മനസ്സിലാക്കാനുള്ള മാനദണ്ഡം.

ഓരോന്നും പ്രത്യേകം പ്രത്യേകമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വ്യത്യാസം മനസ്സിലാക്കുവാൻ സാധിക്കുക. അഥവാ ക്വുർആൻ പാരായണമാണ് ദിക്‌റിനെക്കാൾ ശ്രേഷ്ഠമെന്നും ദിക്‌റാണ് ദുആ യെക്കാൾ മഹത്തരമെന്നുമൊക്കെ പറയുന്നത് ഈയൊരർഥത്തിലാണ്. നമസ്‌കാരത്തിൽ രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ നാം ചൊല്ലുന്ന ‘റബ്ബിഗ്ഫിർ ലീ വർഹംനീ...’ എന്ന് തുടങ്ങുന്ന ദുആ തന്നെയാണ് അവിടെ ചൊല്ലേണ്ടതും അതിനുതന്നെയാണ് അവിടെ ഏറ്റവും പ്രസക്തിയും മഹത്ത്വവുമുള്ളത്. അതല്ലാതെ അവിടെ ക്വുർആൻ പാരായണം പ്രസക്തമല്ല. അപ്രകാരംതന്നെ നമസ്‌കാരശേഷം സലാം വീട്ടിക്കഴിഞ്ഞാൽ ചൊല്ലുവാൻ നിർദേശിക്കപ്പെട്ട ദിക്‌റുകളാണ് അവിടെ മറ്റെന്തിനെക്കാളും പ്രസക്തവും മഹത്തരവുമായത്. ഓരോന്നിനും അതിന്റെതായ സന്ദർഭങ്ങളുണ്ട് എന്നു സാരം. പൊതുവിലുള്ള ദുആയെക്കാൾ പൊതുവിലുള്ള ദിക്‌റുകളും പൊതുവിലുള്ള ദിക്‌റുകളെക്കാൾ പൊതുവിലുള്ള ക്വുർആൻ പാരായണവും േശ്രഷ്ഠമാണ് എന്നു പറയുമ്പോൾ അർഥമാക്കുന്നത് ഇതാണ്. അതിൽതന്നെയും ചില വ്യക്തികൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ആപേക്ഷികമായി അവയുടെ ശ്രേഷ്ഠതയിൽ വ്യത്യാസങ്ങൾ വന്നേക്കും.

ഇബ്‌നുൽ ക്വയ്യിം(റഹി) ഇക്കാര്യം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘അൽവാബിലുസ്സ്വയ്യിബി’ൽ പറയുന്നുണ്ട്. അതിന്റെ ചുരുക്കം ഇങ്ങനെയാണ്: ‘ഒരാൾ താൻ ചെയ്ത തെറ്റുകുറ്റങ്ങെളക്കുറിച്ച് ആലോചിച്ച് അല്ലാഹുവിനോട് ആത്മാർഥമായി പശ്ചാത്തപിക്കുകയും പൊറുക്കലിനെ തേടുകയും ചെയ്യുന്നു. അതല്ലെങ്കിൽ പിശാച് ഉണ്ടാക്കുന്ന ഉപദ്രവങ്ങളെക്കുറിച്ചു ഭയന്ന് അതിൽനിന്നുള്ള സുരക്ഷയ്ക്കായി മതം പഠിപ്പിക്കുന്ന ദിക്ർ-ദുആകളിലേക്ക് അയാൾ നീങ്ങുന്നു. അതുമല്ലെങ്കിൽ ഒരാൾക്ക് അത്യാവശ്യമായി വന്നിട്ടുള്ള ഒരു കാര്യനിർവഹണത്തിനായി ആത്മാർഥമായി അല്ലാഹുവിനോട് ദുആ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിലൊക്കെ ആ പ്രത്യേക കാര്യങ്ങളിൽ മുഴുകുന്നത് തന്നെയാണ് ഏറ്റവും ശ്രേഷ്ഠം എന്ന് പ്രത്യേകം പറയേണ്ടതില്ല. കാരണം അയാളുടെ മനസ്സും ശ്രദ്ധയും താഴ്മയും ഭക്തിയുമൊക്കെ അതിലായിരിക്കും ഏറ്റവും കൂടുതലുണ്ടാവുക.’

ഈ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞാൽ ഓരോന്നും അതാതിന്റെ ഏറ്റവും ശ്രേഷ്ഠമായ സന്ദർഭത്തിലും സാഹചര്യത്തിലും ഉപയോഗപ്പെടുത്താൻ സാധിക്കും.

നമസ്‌കാരം എന്നത് ക്വുർആൻ പാരായണവും ദിക്‌റുകളും ദുആകളുമെല്ലാം സമ്മേളിക്കുന്ന ഒരു മഹത്തായ ഇബാദത്തായതുകൊണ്ട് വേറിട്ടു നിർവഹിക്കുന്ന ക്വുർആൻ പാരായണത്തെക്കാളും ദിക്ർ-ദുആകളെക്കാളും അതിന് കൂടുതൽ സ്ഥാനവും മഹത്ത്വവുമുണ്ട്.

പരലോകത്തേക്കുള്ള സമ്പാദ്യത്തിൽ കൂടുതൽ വിലപ്പെട്ടത് കൂടുതൽ കരുതാൻ ഇത്തരം തിരിച്ചറിവുകൾ സഹായിക്കും. എന്നാൽ ഇതിലൊന്നും ശ്രദ്ധയില്ലാത്ത ചില സാധുക്കളെ പിശാച് പല രൂപത്തിലും വഴിതെറ്റിക്കുന്ന രൂപങ്ങൾ ഉദാഹരണസഹിതം ഇബ്‌നുൽ ജൗസി തന്റെ ‘തൽബീസു ഇബ്‌ലീസ്’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.

വുദൂഅ് ചെയ്യുന്നതിലെ സുന്നത്തുകളെ വിട്ട് വസ്‌വാസിൽ മുഴൂകി ഫർദ് ജമാഅത്തുപോലും നഷ്ടമാക്കുന്ന ചില ഹതഭാഗ്യർ! തക്ബീറതുൽ ഇഹ്‌റാമിലേക്ക് പ്രവേശിക്കാൻ സമ്മതിക്കാതെ വസ്‌വാസുകൾകൊണ്ട് പിശാച് ശല്യപ്പെടുത്തുന്ന ചിലർ! ഫർദ് നമസ്‌കാരത്തിന്റെ ജമാഅത്ത് നടന്നുകൊണ്ടിരിക്കുമ്പോഴും സുന്നത്ത് നമസ്‌കാരത്തിനായി കൈ കെട്ടുന്നവർ! ഇങ്ങനെ പിശാചിന്റെ കെണികളിൽ കുടുങ്ങി പുണ്യങ്ങൾ നഷ്ടപ്പെടുത്തുന്ന എത്രയോ ആളുകൾ! സത്യത്തിൽ തങ്ങൾ അകപ്പെട്ടിരിക്കുന്ന കെണിയെക്കുറിച്ചും ചതിക്കുഴികളെ സംബന്ധിച്ചും അത്തരക്കാർ അറിയുന്നില്ല. പിശാചിന്റെ ഇത്തരം കെണികളിൽനിന്നുള്ള ഏറ്റവും ഫലപ്രദമായ സുരക്ഷ നബി ﷺ പഠിപ്പിച്ച ദിക്‌റുകളും ദുആകളും സുന്നത്തുകളും പഠിച്ചറിഞ്ഞ് പിൻപറ്റുക എന്നുള്ളതാണ്.

‘അൽഖന്നാസ്’ അഥവാ ദുർബോധനം നടത്തി പിൻമാറിക്കളയുന്നവനാണ് പിശാച്. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ർ സജീവമാകുമ്പോൾ പിശാച് പിൻമാറിക്കളയും. ദിക്‌റിൽനിന്ന് അശ്രദ്ധയിലാകുമ്പോൾ അവൻ നമ്മെ കീഴ്‌പെടുത്തുകയും ചെയ്യും.

“നിർജീവാവസ്ഥയിലായിരിക്കെ നാം ജീവൻ നൽകുകയും, നാം ഒരു (സത്യ) പ്രകാശം നൽകിയിട്ട് അതുമായി ജനങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തുകടക്കാനാകാത്ത വിധം അന്ധകാരങ്ങളിൽ അകപ്പെട്ട അവസ്ഥയിൽ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികൾക്ക് തങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 6:122).

“അപ്പോൾ, മുഖം നിലത്തുകുത്തിക്കൊണ്ട് നടക്കുന്നവനാണോ സൻമാർഗം പ്രാപിക്കുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?’’ (67:22).

നേർമാർഗം കൃത്യമായി പഠിച്ചറിഞ്ഞ് കണിശമായി പിൻപറ്റാൻ അല്ലാഹു സഹായിക്കട്ടെ.