നിരാശ വേണ്ട; ആശങ്കയും

നബീൽ പയ്യോളി

2023 മെയ് 20 , 1444 ശവ്വാൽ 27

നഷ്ടപ്പെട്ടുപോയതിനെക്കുറിച്ചുള്ള നിരാശയും നാളെയെക്കുറിച്ചുള്ള ആശങ്കയും വച്ചുപുലർത്തുന്നവനാണ് മനുഷ്യൻ. മനസ്സിനെ കീറിമുറിക്കുന്ന വേദനയായി ഇവരണ്ടും വേട്ടയാടാറുണ്ട്. ആത്മഹത്യയും ഡിപ്രഷനും നിഷ്‌ക്രിയത്വവുമെല്ലാം ഈ രണ്ട് വികാരങ്ങളുടെ പരിണിത ഫലങ്ങളാണെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. എന്തെങ്കിലും നഷ്ടമായാലോ പ്രതീക്ഷകൾക്കപ്പുറം സംഭവിച്ചാലോ ലോകമവസാനിക്കില്ലെന്നും പരീക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും നാം മനസ്സിലാക്കണം.

കുറെ കാലമായി നാടിന്റെ സാമൂഹികാന്തരീക്ഷത്തിൽ വന്ന മാറ്റം ഭയവും ആശങ്കയും സമ്മാനിക്കുന്നതാണ് എന്നതാണ് പൊതുവിൽ എല്ലാവരുടെയും പക്ഷം. മാനസിക സംഘർഷങ്ങളിൽ ജീവിതം ദുസ്സഹമാവുമ്പോൾ നിഷ്‌ക്രിയരാകുന്നവരോ ജീവിതം അവസാനിപ്പിക്കുന്നവരോ ഉണ്ട്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും എന്ത് നടന്നാലും അതൊക്കെ അറിയാനും കേൾക്കാനും വിധിക്കപ്പെട്ടവരായി ഇന്നത്തെ മനുഷ്യർ മാറിയെന്നത് വിവരസാങ്കേതിക വിദ്യയുടെ ഒരു പ്രത്യാഘാതമാണ്. ലോകത്ത് എന്ത് അത്യാഹിതം സംഭവിച്ചാലും നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ അടുത്തേക്ക് ആ വാർത്ത ഓടിയെത്തും. അതിന്റെ പ്രത്യാഘാതങ്ങളും പ്രതിസന്ധികളും നമ്മെ അലട്ടും.

ലോകത്തുള്ള മുഴുവൻ പ്രശ്‌നങ്ങളെക്കുറിച്ചും ആലോചിക്കാനും അവയ്ക്ക് പരിഹാരം കാണാനും നമ്മെ ആരും ചുമതലപ്പെടുത്തിയിട്ടില്ല, ഉത്തരവാദപ്പെട്ടവർ അത് നിർവഹിക്കും എന്ന പ്രതീക്ഷാനിർഭരമായ മാനസികാവസ്ഥയാണ് നമുക്കേവർക്കും ഉണ്ടാവേണ്ടത്. നമ്മുടെ കഴിവിലും പരിധിയിലും ഉത്തരവാദിത്തത്തിലുമുള്ള കാര്യങ്ങളിൽ പരമാവധി ഇടപെടുകയും ആവശ്യമായ കാര്യങ്ങൾ ചെയ്യുകയുമാവാം. നമ്മുടെ ഉത്തരാദിത്തത്തിൽ അല്ലാത്തവ ഉത്തരവാദിത്തം ഉള്ളവരെ ഉണർത്തുകയും പരിഹാരം കാണാൻ നിർദേശിക്കുകയുമാകാം. അതിനപ്പുറമുള്ളതിൽ നാം ആശങ്കപ്പെടുന്നതിൽ അർഥമില്ല. നമ്മുടെ കഴിവും സാഹചര്യവും പരിധിയും തിരിച്ചറിഞ്ഞു പ്രശ്‌നങ്ങളെ സമീപിച്ചാൽ ആശങ്കകൾ നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാം.

നഷ്ടപ്പെട്ടതിനെക്കുറിച്ച് ആലോചിക്കേണ്ടത് അതിൽനിന്നും പാഠം ഉൾക്കൊള്ളേണ്ടതിനാണ്. അല്ലാതെ ജീവിതത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്ന ഡിപ്രഷനും നിരാശയും സമ്മാനിക്കാനാവരുത്. ചില നഷ്ടങ്ങൾ നമുക്ക് അന്നത്തെ സാഹചര്യത്തിൽ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാൽ പിന്നീട് ആലോചിക്കുമ്പോൾ അതൊരു അനുഗ്രഹമായിരുന്നു എന്ന് തോന്നിയേക്കാം. അതെ, നമുക്ക് ഗുണമെന്ന് തോന്നുന്നത് ദോഷവും അനിഷ്ടകരമായത് ഗുണവുമായേക്കാം. വിശുദ്ധ ക്വുർആൻ ഇത് നമ്മെ ഉണർത്തുന്നത് ജീവിതയാത്രയിൽ അനിവാര്യമായും ഓർത്തുവെക്കേണ്ടത് തന്നെയാണ്.

‘‘...എന്നാൽ ഒരു കാര്യം നിങ്ങൾ വെറുക്കുകയും (യഥാർഥത്തിൽ) അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാർഥത്തിൽ) നിങ്ങൾക്കത് ദോഷകരമാ യിരിക്കുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (ക്വുർആൻ 2: 216).

വിശ്വാസത്തിന്റെ ബലത്തിൽ നമ്മൾ നേടിയെടുക്കേണ്ട ഈ ബോധ്യത്തിന്റെ അഭാവമാണ് മുകളിൽ സൂചിപ്പിച്ച മനസികാവസ്ഥയിലേക്ക് നമ്മെ എത്തിക്കുന്നത്. നമുക്ക് പ്രയാസകരമായ അനുഭവങ്ങൾ സമ്മാനിച്ചവരെക്കുറിച്ചോർത്ത് സമയം കളയുന്നതിൽ അർഥമില്ല. വിട്ടുവീഴ്ച ചെയ്യുക, അത് മനസ്സിന്റെ ഭാരം കുറക്കും. സാഹചര്യം ഏതുമായിക്കൊള്ളട്ടെ, വിശ്വാസിയുടെ നിലപാട് ഇസ്‌ലാമികമായിരിക്കണം. എങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാനും നിരാശയും ആശങ്കയും ഇല്ലാതാക്കാനും സാധിക്കും. അചഞ്ചലമായ വിശ്വാസത്തിന്റെ കരുത്തിൽ നമുക്ക് ജീവിതം കെട്ടിപ്പടുക്കാം.

‘‘(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കിൽ അത് നീക്കം ചെയ്യുവാൻ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവൻ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവൻ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ’’ (ക്വുർആൻ6:17).