പ്രവാസികളും അവധിക്കാലവും

നബീൽ പയ്യോളി

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

ഗൾഫ് നാടുകളിൽ ചൂടിന്റെ കാഠിന്യം കൂടുകയാണ്. 40-50 ഡിഗ്രിയാണ് ശരാശരി ചൂട്. ചുട്ടുപൊള്ളുന്ന കാലാവസ്ഥ. ഉച്ചസമയങ്ങളിൽ പുറംജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അതിശൈത്യവും അത്യുഷ്ണവും പ്രവാസികളുടെ ജീവിതത്തിന്റെ ഭാഗമാണ്. വേനലവധിക്ക് സ്‌കൂളുകൾ അടച്ചു. കുടുംബമായി താമസിക്കുന്നവർ പ്രധാനമായും മറ്റുള്ളവർ സൗകര്യമനുസരിച്ചും അവധി ചെലവഴിക്കാൻ സ്വന്തം നാട്ടിലേക്ക് യാത്രതിരിക്കുന്ന തിരക്കിലാണ്. ബലിപെരുന്നാളിന് നാട്ടിലാണ് മിക്ക പ്രവാസികളും. വേനലവധിയും ബലിപെരുന്നാളും ഒരുമിച്ച് വരുന്നത് സന്തോഷത്തിന്റെ മാറ്റുകൂട്ടുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഗൾഫിലെ സ്‌കൂളുകൾക്ക് വേനലവധി.

കൊടും ചൂടിൽനിന്നും കാലവർഷത്തിലെ പേമാരിയിലേക്ക് വരുന്നവർക്ക് അത് കുളിരേകും കാഴ്ചയും അനുഭവവുമായിരുന്നു. എന്നാൽ ഈ വർഷം സൗദി അറേബിയയിൽ നാട്ടിലെ കാലാവസ്ഥയെ ഓർമിപ്പിക്കും വിധം മഴക്കാലമായിരുന്നു, മാസങ്ങൾ നീണ്ടുനിന്ന മഴ. ഹൈറേഞ്ചിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. വർഷങ്ങൾക്കിപ്പുറം മരുഭൂമി പച്ചപുതച്ച കാലം. തടാകങ്ങൾ നിറഞ്ഞൊഴുകുന്ന കാഴ്ചകൾ. വർഷത്തിലൊരിക്കൽ ചൂട് മാറി തണുപ്പിന്റെ വരവറിയിച്ചും തണുപ്പിൽനിന്നും ചൂട് കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചകമായും ഒന്നോ രണ്ടോ ദിവസം ഉണ്ടാകുന്ന ഒറ്റപ്പെട്ട മഴയാണ് മിക്കവാറും ഈ മണലാരണ്യത്തിന്റെ മഴയോർമകൾ. ദിവസങ്ങളും മാസങ്ങളും നീണ്ടുനിൽക്കുന്ന മഴക്കാലം മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്നതാണ്.

അവധിദിനങ്ങൾ കരുതലോടെ ചെലവഴിക്കേണ്ടതുണ്ട്. ജോലിയുള്ളവർക്ക് ഒരുമാസവും ഏതാനും ദിവസങ്ങളുമാണ് വാർഷികാവധി. ചെയ്തുതീർക്കാൻ നൂറുകൂട്ടം പണികളുടെ പ്ലാനിങ്ങുമായിട്ടാണ് വിമാനം കയറുന്നത്. അതിൽ അനിവാര്യമായവ മറന്നുപോകരുത്. സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനും അവരുടെ സന്തോഷങ്ങളിൽ പങ്കാളികളാവാനും പ്രവാസികൾ പ്രത്യേകം ശ്രദ്ധ നൽകണം, കുട്ടികൾ ഇത്തരം ഒത്തുചേരലുകളിൽ കൂടെയുണ്ടാവൽ അനിവാര്യമാണ്, എങ്കിലേ ബന്ധങ്ങൾ ചേർക്കാനും അതിന്റെ മാധുര്യം നുണയാനും അവർക്കും സാധ്യമാവൂ. അതോടൊപ്പം സാമൂഹിക ബന്ധങ്ങളിലെ ഏടുകൾ തുന്നിച്ചേർക്കാനും സമയം കണ്ടെത്തണം.

അവധിക്കാലത്ത് പ്രവാസികളുടെ ഒത്തുചേരലുകൾ വിവിധ വിദേശ രാജ്യങ്ങളിലെ പ്രവർത്തനങ്ങളുടെ കൈമാറ്റം കൂടിയാണ്; അതോടൊപ്പം ബന്ധം പുതുക്കലും. നല്ല ആശയങ്ങൾ സ്വീകരിച്ച് പ്രബോധന പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്താൻ ഇത്തരം ഒത്തുചേരലുകൾ ഉപകരിക്കും. വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്നവർ കുടുംബമൊന്നിച്ചുള്ള യാത്രകളും നേരത്തെ പ്ലാൻ ചെയ്താൽ സാധ്യമാവും. കുട്ടികൾക്ക് ഉപകാരപ്രദമാകും വിധമുള്ള ക്യാമ്പുകളിൽ അവരെ പങ്കെടുക്കുപ്പിക്കാൻ ശ്രദ്ധിക്കണം. അത് സാമൂഹ്യ യാഥാർഥ്യങ്ങൾ മനസ്സിലാക്കാനും ജീവിതക്രമങ്ങളിൽ പുനർവിചിന്തനം നടത്താനും പുതിയകാലത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കാനും സഹായകമാവും.

വേനലവധിക്ക് മനസ്സിൽ ആധിയുമായി നാട്ടിലേക്ക് തിരിക്കാറുള്ളത് രക്ഷിതാക്കളാണ്. പ്രവാസ ലോകത്തെ പഠന സാധ്യതകൾ അവസാനിക്കുമ്പോൾ ഉന്നതപഠനത്തിനായി നാട്ടിലേക്കോ മറ്റിടങ്ങളിലേക്കോ അനിവാര്യമായി പറിച്ചു നടപ്പെടേണ്ട സാഹചര്യമാണ് ഏറെ ഗൗരവതാരമായത്. തിന്മകൾ വരിഞ്ഞു മുറുക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ ചതിക്കുഴികളിൽ അകപ്പെടാതെ മക്കളെ വളർത്താനും വിദ്യാഭ്യാസം നൽകാനും രക്ഷിതാക്കൾ പ്രത്യേകിച്ച് പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. ഭാരമേറിയ മനസ്സുമായി മരുഭൂമിയിലേക്ക് മടങ്ങുന്ന പ്രവാസിയുടെ മനസ്സിന്റെ വേദന ചെറുതല്ല.

അവധിക്കാല ചൂഷകർ

ആഘോഷനാളുകളിൽ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാൽ പ്രവാസികളെ അതിൽനിന്നും തടയുന്നത് കടൽകടന്നു കേരളത്തിലെത്താനുള്ള യാത്രാചെലവാണ്. സാധാരണയുള്ള നിരക്കിനെക്കാൾ എത്രയാ ഇരട്ടിയാണ് അവധിക്കാലത്തെ വിമാനയാത്രാ ചെലവ്. സാധാരണ പ്രവാസികൾക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണീ ഭാരം. യാതൊരു ന്യായവും ഈ വർധനവിനു പിന്നിലില്ല. വർഷങ്ങളായി ഈ ചൂഷണം തുടരുന്നു, പ്രായോഗിക പരിഹാരങ്ങൾ ഇനിയുമകലെ. സർക്കാരും ജനപ്രതിനിധികളും ഈ ചൂഷണത്തിനെതിനെ ക്രിയാത്മക ഇടപെടൽ നടത്തും എന്ന പ്രതീക്ഷയിലാണെന്നും പ്രവാസലോകം.

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും കാലിയായ സീറ്റുകളുമായി, വളരെക്കുറച്ച് യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങളുടെ വീഡിയോകൾ ഈയിടെ പുറത്തുവന്നിരുന്നു. മാന്യമായ നിരക്കിൽ വിമാനങ്ങൾ സർവീസ് നടത്തിയാൽ മനസ്സിൽ ഒരായിരം പ്രതീക്ഷകളുമായി നാട്ടിലേക്കെത്താൻ കൊതിക്കുന്ന നിരവധി പ്രവാസികൾക്ക് അത് വലിയ ആശ്വാസമാകും. അകക്കണ്ണ് തുറക്കാൻ വിമാനക്കമ്പനികളും ഭരണകൂടവും തയ്യാറാവണം എന്ന് മാത്രം. നാടിനും കുടുംബത്തിനും വേണ്ടി മണലാരണ്യത്തിൽ ചേക്കേറിയവരുടെ കണ്ണുനീർ തുടക്കാൻ നമ്മുടെ ഭരണകൂടത്തിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.