കാപട്യത്തിലേക്കുള്ള നാലു വാതിലുകൾ

മുഹമ്മദ് സിയാദ് കണ്ണൂർ

2023 നവംബർ 04 , 1445 റ.ആഖിർ 20

പരലോകത്തുവെച്ച് സത്യവിശ്വാസികളുടെ മുമ്പിലൂടെയും വലതുഭാഗത്തിലൂടെയും പ്രകാശം അവരോടൊപ്പം സഞ്ചരിക്കുന്നതായി കാണുമ്പോൾ കപടവിശ്വാസികൾ ആ പ്രകാശത്തിനായി വിശ്വാസികളോട് കെഞ്ചുന്ന രംഗം ക്വുർആനിൽ വിവരിക്കുന്നുണ്ട്. അവിടെ സത്യവിശ്വാസികളെ വിളിച്ചു കൊണ്ട് കപടന്മാർ പറയുന്നത് കാണാം:

“അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവർ (കപടൻമാർ) പറയും: ഞങ്ങൾ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവർ (സത്യവിശ്വാസികൾ) പറയും: അതെ; പക്ഷേ, നിങ്ങൾ നിങ്ങളെ തന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവർക്ക് നാശം വരുന്നത്) പാർത്തുകൊണ്ടിരിക്കുകയും (മതത്തിൽ) സംശയിക്കുകയും അല്ലാഹുവിന്റെ ആജ്ഞ വന്നെത്തുന്നതുവരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്റെ കാര്യത്തിൽ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചുകളഞ്ഞു’’ (അൽഹദീദ് 14).

അതായത്, ഇഹലോകത്ത് സത്യവിശ്വാസികളുടെ ഇടയിൽ ജീവിച്ചവരാണ് ഈ കപടവിശ്വാസികൾ എന്ന് അവർ സമ്മതിക്കും. എന്നാൽ ഈ സഹവാസം ബാഹ്യമായിട്ടാണെന്നു മാത്രം. അവരോടൊപ്പം എല്ലാ സൽകർമങ്ങളിലും യുദ്ധങ്ങളിലും സന്ധിസംഭാഷണങ്ങളിലും പങ്കുകൊണ്ട് ബാഹ്യമായി അവരോടൊപ്പം ജീവിച്ചു. എന്നാൽ വിശ്വാസികൾക്ക് ലഭിച്ച ആശ്വാസത്തിന്റെ ആ പ്രകാശം പരലോകത്തു വെച്ച് ഈ കപടന്മാർക്ക് ലഭിച്ചില്ല. അതിനുള്ള കാരണങ്ങളിലേക്കാണ് ഈ വചനം വിരൽചൂണ്ടുന്നത്. നാലു കാരണങ്ങളാണ് ഇവിടെ ഉണർത്തിയത്. കാപട്യത്തിലേക്കുള്ള വാതിലുകളായി അതിനെ ചില ക്വുർആൻ വ്യാഖ്യാതാക്കൾ പരിചയപ്പെടുത്തിയതു കാണാം. അവയെക്കുറിച്ച് നാമോരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം:

1. സ്വന്തത്തെ കുഴപ്പത്തിലാക്കൽ

വിശ്വാസികൾക്കിടയിലും സത്യനിഷേധികൾക്കിടയിലും ഒരുപോലെ സ്വീകാര്യത ലഭിക്കുന്നതിനായി ആ കപടന്മാർ സന്ദർഭത്തിനനുസരിച്ച് കോലം മാറും. മനസ്സ് സദാ സത്യനിഷേധികളോടൊപ്പമായിരിക്കും. എന്നാൽ ബാഹ്യമായി അവർ വിശ്വാസികൾക്കൊപ്പവും. സ്വന്തം മനസ്സ് വിശ്വാസികളിലേക്ക് ചായുന്നതായി തോന്നിയാൽ വെറുപ്പിന്റെ ചിന്ത കൊണ്ട് അതിനെയെല്ലാം അസാധുവാക്കും. ഭൗതിക ജീവിതം പരമാവധി ആസ്വദിച്ചു കഴിയുകയാണ് അവരുടെ ലക്ഷ്യം. അതിനായി ഏതറ്റംവരെയും പോകും. ആ ചെയ്യുന്ന പ്രവൃത്തി നിഷിദ്ധമാണോ അല്ലേ എന്നതൊന്നും അവർക്ക് പ്രശ്‌നമാകില്ല. നിഷിദ്ധങ്ങളുമായി രാജിയായി കഴിയുക. അങ്ങനെ ആസ്വദിച്ചും കുറ്റകൃത്യങ്ങളിലേർപ്പെട്ടും അവർ സ്വന്തത്തെ വഴികേടിലാക്കി.

2. മറ്റുള്ളവരുടെ നാശത്തിനായി കാത്തിരിക്കൽ

കപടവിശ്വാസികളിലുണ്ടായ രണ്ടാമത്തെ സ്വഭാവമായി എണ്ണിയത് മറ്റുള്ളവരുടെ നാശത്തിനായി ആഗ്രഹിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്യുക എന്നതാണ്. പ്രത്യേകിച്ച് വിശ്വാസികളുടെ നാശം. വിശ്വാസികൾക്ക് ആപത്തു വരുന്നത് ഈ കപടന്മാരെ സന്തോഷിപ്പിച്ചു.

വിശ്വാസികളോട് മനസ്സിൽ ഒരു നിലയ്ക്കുള്ള സ്‌നേഹവുമില്ല. തരംകിട്ടിയാൽ അവരെ ഉപദ്രവിക്കുകയും വഞ്ചിക്കുകയും ചെയ്യും. ഇത്തരം ക്രൂരതകളിൽ അവർ ആനന്ദം കണ്ടെത്തി. അതായത് ഒരു സാഡിസ്റ്റ് മനോഭാവം. പ്രമുഖ ക്വുർആൻ വ്യാഖ്യാതാവും ഇബ്‌നു അബ്ബാസി(റ)ന്റെ ശിഷ്യനുമായ ക്വതാദഃ(റഹി) ഈ ഭാഗത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞു: “തറബ്ബസ്തും: നിങ്ങൾ സത്യത്തിനും അതിന്റെ ആളുകൾക്കും എതിരിൽ പാർത്തുകൊണ്ടിരുന്നു.’’

“തങ്ങൾ (ദാനമായി) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും നിങ്ങൾക്ക് കാലക്കേടുകൾ (ആപത്തുകൾ) വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്. അവരുടെമേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ’’ (അത്തൗബ 98).

അതെ, കപടന്മാരായ ആ അഅ്‌റാബികൾ വിശ്വാസികൾക്ക് കാലക്കേടുകൾ വരുന്നതിനായി കാത്തിരുന്നു. അതവരെ സന്തോഷിപ്പിച്ചു.

ആഇശ(റ)യെ കുറിച്ചുള്ള അപവാദപ്രചാരണത്തിന് നേതൃത്വം നൽകിയത് ഇത്തരം കപടന്മാരാണ്. അതിനുള്ള ഒരവസരത്തിനായി അവർ കാത്തിരുന്നു. അവർ മുസ്‌ലിംകൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നതിനെ ഇഷ്ടപ്പെട്ടു. അത്തരക്കാർക്കുള്ള ശിക്ഷയെ കുറിച്ച് അല്ലാഹു ഓർമപ്പെടുത്തി: “തീർച്ചയായും സത്യവിശ്വാസികൾക്കിടയിൽ ദുർവൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവർക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു. നിങ്ങൾ അറിയുന്നില്ല’’ (അന്നൂർ 19).

ദുർവൃത്തി ചെയ്തവരും അത് പ്രചരിപ്പിച്ചരും ശിക്ഷാർഹരാണെന്നതിൽ സംശയമില്ല. എന്നാൽ ഈ സൂക്തത്തിൽ പറയുന്നത് അത് പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് ഇഹത്തിലും പരത്തിലും ശിക്ഷയുണ്ട് എന്നാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. ഇത്തരം ഒരു അപവാദപ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ ഒരു ലൈക് ചെയ്താലുള്ള ശിക്ഷയും ഇതിൽ പെടുമെന്നറിയുക.

3. മതകാര്യങ്ങളിൽ സംശയിച്ചു കൊണ്ടേയിരിക്കൽ

പഠനത്തിന്റെ ഭാഗമായുള്ള സംശയദൂരീകരണമല്ല ഇവിടെ പരാമർശം. ഇത് വസ്‌വാസുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളാണ്. അല്ലാഹുവോ റസൂലോ ഒരു കാര്യം പറഞ്ഞു എന്ന് വ്യക്തമായി മനസ്സിലാകുന്ന രൂപത്തിൽ മതകാര്യങ്ങൾ അറിയിച്ചാലും അതിൽ നൂറുകൂട്ടം ശർത്വുകളും മറ്റും പിശാച് ഇട്ടുകൊടുക്കുന്നതനുസരിച്ച് ആശയക്കുഴപ്പമുണ്ടാകുന്നതിനെ കുറിച്ചാണ് ഇവിടെ ചർച്ച. അത്തരക്കാരിൽ വിശ്വാസം ദൃഢമായിരിക്കുകയില്ല. അനാവശ്യമായ സംശയങ്ങൾ കാരണം അവരുടെ യക്വീനിനെ (ദൃഢതയെ) അത് ബാധിക്കും. തീരാത്ത സംശയം. പരലോകവിശ്വാസം പോലും ദൃഢമായിരിക്കുകയില്ല. ദൃഢവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിരിക്കേണ്ട തവക്കുലും മറ്റും അത്തരക്കാരിൽ കാണാൻ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ അവരിൽ അനാവശ്യമായ ഭയം കുടികൊള്ളും.

വിശ്വാസിയുടെ സ്വഭാവമായി അല്ലാഹു പറയുന്നത് കാണുക:

“അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യവിശ്വാസികൾ’’ (അൽഹുജുറാത്ത് 15).

സത്യവിശ്വാസിയുടെ ഗുണമായി ഇവിടെ എടുത്തുപറഞ്ഞത് ശ്രദ്ധിക്കുക. വിശ്വസിച്ചാൽ മാത്രം പോരാ, അതിൽ സംശയിക്കാതിരിക്കുകയും വേണം എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്. ഈ ദൃഢവിശ്വാസമില്ലായ്മ കാരണം സൽകർമങ്ങളിലേക്ക് ഇറങ്ങിത്തിരിക്കാൻ അവരുടെ മനസ്സ് അവരെ അനുവദിക്കുകയില്ല. അങ്ങനെ സൽകർമങ്ങളിലേക്ക് ക്ഷണിച്ചാൽ ഒഴികഴിവുകൾ പറഞ്ഞ് അതിൽനിന്നും പിന്തിരിഞ്ഞു നിൽക്കാനാണ് അവർക്കിഷ്ടം. പ്രവാചകനോടൊപ്പമുള്ള ധർമസമരത്തിൽനിന്നും മാറിനിൽക്കാൻ ഒഴികഴിവ് കണ്ടെത്തി അനുവാദം ചോദിച്ച സംശയാലുക്കളായ ഒരുകൂട്ടരെ അല്ലാഹു കുറ്റപ്പെടുത്തുന്നു:

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവർ തങ്ങളുടെസ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾകൊണ്ടും സമരം ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും മനസ്സുകളിൽ സംശയം കുടികൊള്ളുകയും ചെയ്യുന്നവർ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം അവർ അവരുടെ സംശയത്തിൽ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്’’ (അത്തൗബ 44,45).

(തുടരും)