പിതാവിന്റെ മരണം; പാഴായ പ്രവചനം

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 സെപ്തംബർ 02 , 1445 സ്വഫർ 17

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 31)

ഗുലാം അഹ്‌മദ് ഖാദിയാനി 28.9.1891ന് മുൻഷി റുസ്തം അലിക്ക് എഴുതി: “ഇരുപത് ദിവസങ്ങൾക്കു മുമ്പുതന്നെ അഹ്‌മദ് ബേഗിന്റെ മകളുടെ വിവാഹം നടന്നുവെന്നാണല്ലോ താങ്കൾ എഴുതിയത്. ഇവിടെ പലരും വിവാഹം നടന്നില്ലെന്നാണ് പറഞ്ഞുനടക്കുന്നത്. ഞാനാകെ അസ്വസ്ഥനാണിപ്പോൾ. താങ്കൾ ശരിക്ക് അന്വേഷിച്ച് വേഗത്തിൽ വിവരമറിയിക്കുക. വിവാഹം കഴിഞ്ഞോ ഇല്ലേ എന്നും ഇല്ലെങ്കിൽ കാരണമെന്തെന്നും അറിയിക്കണം. സുൽത്താൻ മുഹമ്മദ് എന്തു മറുപടിയാണ് കൊടുത്തതെന്നും അന്വേഷിക്കുക.’’

ഈ കത്തിൽ ഉത്കണ്ഠയും ആശങ്കയും പ്രതിഫലിക്കുന്നത് നമുക്ക് കാണാനാവും. തന്റെ പ്രവചനം കേട്ട് ഭയന്ന സുൽത്താൻ മുഹമ്മദ് വിവാഹത്തിന് സമ്മതിച്ചില്ലേ എന്ന നേരിയ പ്രതീക്ഷയും പ്രത്യാശയും ഇതിലുണ്ട്. പ്രതിശ്രുത വരൻ സുൽത്താൻ മുഹമ്മദിനെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാനും ശ്രമം നടത്തിയിരുന്നു. 4000 രൂപയുടെ സമ്മാന പരസ്യത്തിൽ മിർസാ പറഞ്ഞു:

“പേടിപ്പെടുത്തുന്ന പ്രഖ്യാപനം കണ്ടിട്ടും സുൽത്താൻ മുഹമ്മദ് കുലുങ്ങിയില്ല. സന്ദേശങ്ങളും കത്തുകളുമയച്ചിട്ടും അയാൾ പരിഗണിച്ചില്ല. അഹ്‌മദ് ബേഗും എന്നെ അവഗണിച്ചുകൊണ്ട് സുൽത്താൻ മുഹമ്മദിന് മകളെ കൊടുക്കാൻ തയ്യാറായി. എന്നാൽ വിവാഹശേഷം വിവാഹമോചനത്തിനായി സുൽത്താൻ മുഹമ്മദിനെ ഞാൻ നിർബന്ധിച്ചുവെന്ന ശൈഖ് ബട്ടാലവിയുടെ വാക്കുകൾ ശുദ്ധനുണയാണ്. വിവാഹത്തിന് എത്രയോ മുമ്പാണ് പ്രവചനമനുസരിച്ച് മരണപ്പെടുമെന്ന് അദ്ദേഹത്തെ അറിയിച്ചത്’’ (തബ്‌ലീഗെ രിസാലത്ത്, ഭാഗം 3, പേജ് 166, ഹാശിയ).

ഒരു സുന്നത്തുകൂടി!

‘സീറത്തുൽ മഹ്ദി’യിൽ ഉമ്മയുടെ നിവേദനം: “ഖാദിയാനിലെ എല്ലാ ബന്ധുക്കളും ഹസ്രത്ത് സാഹിബിനെതിരെ അണിനിരന്നു. അവർ നന്നായി അധ്വാനിച്ചു, മുഹമ്മദീ ബീഗത്തിന്റെ വിവാഹം മറ്റൊരാളുമായി നടത്തി. ഹ്രസത്ത് സാഹിബ് സുൽത്താൻ അഹ്‌മദിനും ഫസൽ അഹ്‌മദിനും വെവ്വേറെ കത്തുകളെഴുതി. അവർ നമ്മോട് കടുത്ത അനീതിയാണ് കാണിച്ചത്. അവരുടെ കൂടെ നമ്മുടെ ക്വബ്ർപോലും പാടില്ലെന്നാണ് എന്റെ തീരുമാനം. അതുകൊണ്ട് നിങ്ങൾ അവസാന തീരുമാനമെടുക്കുക. ഞാനുമായി ബന്ധം വേണമെങ്കിൽ അവരുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുക.

എനിക്കെന്റെ പോറ്റുമ്മയോട് ചില കടപ്പാടുകളുണ്ടെന്നും ബന്ധം വിടർത്തുന്നത് ന്യായമല്ലെന്നും സുൽത്താൻ അഹ്‌മദ് മസീഹിനെഴുതി. ഫസൽ അഹ്‌മദാകട്ടെ താൻ അവരുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചുകൊണ്ട് താങ്കളുടെ ആത്മാർഥ ബന്ധമാഗ്രഹിക്കുന്നുവെന്നാണ് മറുപടി എഴുതിയത്. പിന്നീട് മസീഹിന്റെ നിർദേശപ്രകാരം ഫസൽ അഹ്‌മദ് ഇസ്സത്ത് ബീവിയെ ത്വലാക്വ് ചൊല്ലുകയും മസീഹിന്റെ വീട്ടിൽ വന്ന് താമസിക്കുകയും ചെയ്തു’’ (വാല്യം 1, പേജ് 29).

അതുകൊണ്ടും ‘പ്രവാചക’ന്റെ അരിശം തീർന്നില്ല!

ഉമ്മ വീണ്ടും: “ഫസൽ അഹ്‌മദിന്റെ ഉമ്മയുമായി മസീഹ് നേരത്തെത്തന്നെ നല്ല ബന്ധത്തിലായിരുന്നില്ല. അവരുടെ കുടുംബത്തിന് മതത്തോടുള്ള വിമുഖതയായിരുന്നു കാരണം. അവർക്കാകട്ടെ സ്വന്തം കുടുംബത്തോട് വലിയ അടുപ്പവുമായിരുന്നു. മസീഹ് അവർക്ക് ചെലവിന് നൽകിയിരുന്നുവെങ്കിലും സഹശയനം ഒഴിവാക്കിയിരുന്നു. എന്നെ വിവാഹം ചെയ്തശേഷം അവരോട് പറഞ്ഞു: ‘ഇതുവരെ നീ എന്റെകൂടെ പൊറുത്തു. ഇപ്പോൾ ഞാൻ രണ്ടാം വിവാഹം ചെയ്തിരിക്കുന്നു. ഇനി രണ്ടു പേരോടും തുല്യനിലയിൽ പെരുമാറാൻ പറ്റാതെ വന്നാൽ ഞാൻ തെറ്റുകാരനാകും. അതുകൊണ്ട് ഒന്നുകിൽ എന്റെ വിവാഹമോചനം സ്വീകരിക്കുക. അല്ലെങ്കിൽ എന്റെ ചെലവിൽത്തന്നെ അവകാശങ്ങൾ ചോദിക്കാതെ കഴിഞ്ഞുകൂടുക.’ ‘ഈ വയസ്സുകാലത്ത് എന്ത് വിവാഹമോചനം? എനിക്ക് അവകാശങ്ങളെപ്പറ്റി പരാതിയില്ല’ എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ അവർ മസീഹിന്റെ ചെലവിൽ തന്നെ ജീവിച്ചു. മുഹമ്മദീ ബീഗത്തിന്റെ പ്രശ്‌നം വന്നപ്പോൾ അവർ എതിരാളികളുടെ കൂടെക്കൂടി ആ വിവാഹത്തിനുവേണ്ടി പ്രവർത്തിച്ചു. അതോടെ ഹസ്രത്ത് സാഹിബ് അവരെ മൊഴി ചൊല്ലി’’ (വാല്യം 1, പേജ് 33).

ഈസാ നബി(അ)യുടെ രണ്ടാം നിയോഗം നീതിമാനായ ഭരണകർത്താവായിട്ടായിരിക്കും. അദ്ദേഹത്തിന് പകരമായി വാഗ്ദത്ത മസീഹ് പട്ടമണിഞ്ഞ ഖാദിയാനി പ്രവാചകന്റെ നീതിബോധം എത്ര ‘മഹത്തര’മാണെന്ന് നോക്കുക. സുന്ദരിയായ പെൺകുട്ടിയിൽ അനുരക്തനായ മിർസാ അവളെ കിട്ടാത്തതിന്റെ അരിശം തീർത്തത് സ്വന്തം ഭാര്യയെ മൊഴിചൊല്ലിക്കൊണ്ടാണ്. അങ്ങനെ പ്രവാചക ചരിത്രത്തിൽ പുതിയൊരു ‘സുന്നത്ത്’ കൂടി തുന്നിച്ചേർത്തു ഖാദിയാനികളുടെ അഭിനവനബി. പോരാത്തതിന് മകന്റെ ഭാര്യയെ ത്വലാക്വ് ചെയ്യിക്കുകയും ചെയ്തു. സ്വന്തം വീട്ടിൽപോലും നീതി നടത്താൻ സാധിക്കാത്ത മിർസായെ നീതിപൂർവം ഭരിക്കുന്ന ‘മസീഹാ’യി വിശ്വസിക്കാൻ ബുദ്ധിയുള്ളവർക്കാകുമോ?

മറവിരോഗമോ?

വർഷങ്ങൾക്കുശേഷം മിർസാ ഖാദിയാനി എഴുതുകയാണ്: “പ്രവചനം നടത്തിയശേഷം അഹ്‌മദ് ബേഗിന്റെ മകളുമായി വിവാഹത്തിന് കിണഞ്ഞു ശ്രമിച്ചുവെന്നും പലർക്കും കത്തുകളയച്ചുവെന്നും മോഹനവാഗ്ദാനങ്ങൾ നൽകിയെന്നും ചിലർ വിചിത്രമായ ആരോപണങ്ങളുന്നയിക്കുന്നു. പക്ഷപാതമുള്ള മനുഷ്യൻ അന്ധനാണെന്നത് എത്ര വലിയ സത്യമാണ്!’’ (ഹഖീഖതുൽ വഹ്‌യ്, പേജ് 191).

ഇതിന് മറുപടി അയാൾതന്നെ പറയും: ‘‘അഹ്‌മദ് ബേഗിന്റെ മകളെപ്പറ്റിയുള്ള എന്റെ പ്രവചനം വളരെ പ്രസിദ്ധമായ കാര്യമാണ്. ‘കലിമയെ ഫസൽ റഹ്‌മാനി’യിൽ പ്രസിദ്ധീകരിച്ച കത്തുകൾ ഞാനെഴുതിയവ തന്നെയാണ്. ആ വിവാഹം നടന്നില്ലെന്നതും ശരിയാണ്. എന്നാൽ തീർച്ചയായും അവളെന്റെ ഭാര്യയായി വരും. ഈ പ്രവചനങ്ങളെല്ലാം ദൈവത്തിൽനിന്നാണ്, എന്നിൽ നിന്നല്ല. പരിഹസിക്കുന്നവർ ലജ്ജിച്ചു തലതാഴ്ത്തുന്ന ഒരു കാലം വരും. അവളിന്നും ജീവിച്ചിരിപ്പുണ്ട്. അവളെ ഞാൻ വിവാഹം കഴിക്കുകതന്നെ ചെയ്യും. ഇത് വെറും പ്രതീക്ഷ മാത്രമല്ല; നിശ്ചയമായും സംഭവിക്കാനുള്ളതാണ്. അല്ലാഹുവിന്റെ വചനങ്ങൾ ഒരിക്കലും മാറ്റപ്പെടില്ല’’ (മൻസൂർ ഇലാഹി, പേജ് 244).

മിർസാ എഴുതി: “ഈ പ്രശ്നം ഇതോടെ അവസാനിച്ചുവെന്ന് കരുതേണ്ട-അവസാനത്തെ ഫലപ്രഖ്യാപനമാണെന്നും പ്രവചനം പാഴായിപ്പോയി എന്നും കരുതി കുരുടന്മാർ സന്തോഷിക്കേണ്ട. ആർക്കും തടസ്സപ്പെടുത്താൻ സാധിക്കാത്ത ദൈവികവിധി ബാക്കിയുണ്ട്. മുഹമ്മദ്ﷺയെ നിയോഗിച്ച അല്ലാഹുവാണ് സത്യം, ഈ പ്രവചനം പുലരുന്നത് നിങ്ങൾ കാണും. എന്റെ സത്യാസത്യവിവേചനത്തിനുള്ള മാനദണ്ഡമായി ഞാൻ ഇത് സമർപ്പിക്കുന്നു’’ (അൻജാമെ ആഥം, പേജ് 222).

പിതാവിന്റെ മരണം; പാഴായ പ്രവചനം

മുഹമ്മദീ ബീഗത്തിന്റെ വിവാഹം കഴിഞ്ഞ് ആറു മാസം കഴിയും മുമ്പേ അവളുടെ പിതാവ് അഹ്‌മദ് ബേഗ് മരണപ്പെട്ടു. മിർസായും അനുയായികളും പെരുന്നാളാഘോഷിച്ചു അന്ന്. ‘പ്രവാചകന്റെ പ്രവചനം പുലർന്നിരിക്കുന്നു’ എന്നവർ ആർത്ത് വിളിച്ചു.

“നിങ്ങൾ ഉച്ചൈസ്തരം വിളിച്ചുകൂവുന്നു; എന്റെ പ്രവചനം പുലർന്നില്ല എന്ന്. അഹ്‌മദ് ബേഗിന്റെ മരണം നിങ്ങളുടെ കണ്ണ് തുറപ്പിക്കില്ലേ? നിങ്ങളെന്തിന് അക്കാര്യം മറച്ചുവയ്ക്കുന്നു?’’ മിർസാ ഖാദിയാനി തന്റെ എതിരാളികളെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

യഥാർഥത്തിൽ അഹ്‌മദ് ബേഗിന്റെ മരണം, മിർസായുടെ പ്രവചനം പാഴായി എന്നാണ് തെളിയിക്കുന്നത്. പ്രവചനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ ആ കാര്യം എളുപ്പം മനസ്സിലാകും. പ്രവചനത്തിന്റെ പൂർണരൂപം ഇങ്ങനെ വായിക്കാം:

“എന്റെ സത്യാസത്യ വിവേചനത്തിനുള്ള സാക്ഷ്യമാണ് ഈ പ്രവചനം. അല്ലാഹു കള്ളവാദിയെ സഹായിക്കുകയില്ല... അവൻ ആകാശത്തുവച്ച് മുഹമ്മദീ ബീഗത്തെ എനിക്ക് വിവാഹം ചെയ്തുതന്നിരിക്കുന്നു. അത് സംബന്ധമായി എന്റെ വാദങ്ങൾ ഇപ്രകാരമാണ്:

1. വിവാഹം കഴിയുന്നതുവരെ ഞാൻ ജീവിച്ചിരിക്കുക.

2. വിവാഹം കഴിയുന്നതുവരെ പെൺകുട്ടിയുടെ പിതാവ് നിശ്ചയമായും ജീവിച്ചിരിക്കുക.

3. മറ്റാർക്കെങ്കിലും വിവാഹം കഴിച്ചുകൊടുക്കുന്നപക്ഷം പിതാവ് മൂന്ന് വർഷങ്ങൾക്കുള്ളിൽ മരിക്കുക.

4. അവളെ വിവാഹം കഴിക്കുന്ന ആൾ രണ്ടര വർഷത്തിനകം മരിക്കുക.

5. ഞാൻ അവളെ വിവാഹം കഴിക്കുന്നതുവരെ അവൾ ജീവിച്ചിരിക്കുക.

6. ബന്ധുക്കളുടെയും കുടുംബത്തിന്റെയും എതിർപ്പിനെ അവഗണിച്ചുകൊണ്ട് വിധവയായെങ്കിലും അവൾ എന്റെ ഭാര്യയായിത്തീരുക’’ (ആയിനയെ കമാലാതെ ഇസ്‌ലാം, പേജ് 325).

മിർസാ ഖാദിയാനിയുടെ ആഗ്രഹവും പ്രവചനവുമനുസരിച്ച്, മുഹമ്മദീ ബീഗത്തെ വിവാഹം ചെയ്യുന്ന ആൾ രണ്ടര വർഷത്തിനുള്ളിൽ മരണപ്പെടേണ്ടതും പിന്നീട് ദീക്ഷാകാലം കഴിഞ്ഞശേഷം ആറ് മാസങ്ങൾക്കകം പിതാവ് മിർസാ ഖാദിയാനിക്ക് അവളെ വിവാഹം ചെയ്തുകൊടുക്കേണ്ടതുമാണ്. ആറ് മാസത്തിനകം അത് നടക്കാതെ പോയാൽ പിതാവ് മരണപ്പെടും. ഇങ്ങനെ വളരെ കൃത്യമായി കണക്കുകൂട്ടിയാണ് മിർസാ ഖാദിയാനി പ്രവചിച്ചത്. എന്നാൽ വിവാഹത്തിന്റെ ശേഷം ആറുമാസം തികയുംമുമ്പേ പിതാവ് മരണപ്പെട്ടതോടെ മിർസായുടെ പ്രവചനത്തിന്റെ ഒരുഭാഗം (ക്രമനമ്പർ 2) പുലരാതെ പോയി.

ഇതൊഴികെ പ്രവചനത്തിന്റെ മറ്റു വശങ്ങളൊക്കെ പുലർന്നുകൊണ്ട്, ബീഗം വിധവയായ ശേഷം മിർസാ ഖാദിയാനി വിവാഹം ചെയ്താൽപോലും അഹ്‌മദ് ബേഗിന്റെ മരണം മൂലം പ്രവചനം പൂർണമായി പുലർന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമായിരുന്നു. കാരണം, രണ്ടാമത്തെ ഉപാധി പ്രകാരം മിർസയും മുഹമ്മദീ ബീഗവും തമ്മിലുള്ള വിവാഹം കഴിയുന്നതുവരെ പിതാവ് നിശ്ചയമായും ജീവിച്ചിരിക്കണം. മറ്റൊരാൾക്ക് വിവാഹം കഴിച്ചുകൊടുത്താൽ മൂന്ന് വർഷത്തിനകം പിതാവ് മരിക്കുമെന്നാണ് മൂന്നാമത്തെ ഉപാധി. ഈ മൂന്ന് വർഷക്കാലം അയാൾ ജീവിച്ചിരുന്നാലും മരിച്ചാലും രണ്ടിലൊരു പ്രവചനം പൊളിയുമെന്നതാണ് പ്രവചനത്തിലെ തമാശ. മരിച്ചാൽ രണ്ടാമത്തെ പ്രവചനം പൊളിയും; മരിക്കാതിരുന്നാൽ മൂന്നാമത്തെതും! അഹ്‌മദ് ബേഗിന്റെ മരണംമൂലം രണ്ടാം നമ്പർ പ്രവചനം പൊളിഞ്ഞുവെന്ന് സുതരാം വ്യക്തമാണല്ലോ. ഓരോ പ്രവചനവും ക്രമത്തിൽ പരിശോധിച്ചാൽ ഒന്നുപോലും പുലർന്നില്ലെന്നാണ് ബുദ്ധിയുള്ളവർക്ക് മനസ്സിലാവുക.

അതിരില്ലാത്ത ആത്മവിശ്വാസം

മുഹമ്മദീ ബീഗത്തെ വിവാഹം ചെയ്തു രണ്ടരവർഷം കഴിഞ്ഞിട്ടും സുൽത്താൻ മുഹമ്മദ് മരണപ്പെട്ടില്ല. 1896 സെപ്റ്റംബർ 6ന് മിർസ പരസ്യപ്പെടുത്തി: “കാലാവധി കഴിഞ്ഞപ്പോൾ വിഡ്ഢികൾ പരിഹസിക്കാൻ തുടങ്ങി. അവർ ലജ്ജിച്ചു തലതാഴ്ത്തുന്ന ദിവസം ഇതാ അടുത്തെത്തിക്കഴിഞ്ഞു. അല്ലാഹുവിന്റെ മാറ്റപ്പെടാത്ത വാഗ്ദാനം പുലരുകതന്നെ ചെയ്യും. സത്യം പ്രകാശിക്കും. ഇരുൾ നീങ്ങും. ഭൂലോകത്തുള്ളവർക്കാർക്കും സത്യത്തെ തടയാൻ സാധ്യമല്ല. അല്ലാഹുവിന്റെ വചനം മാറ്റപ്പെടില്ലെന്ന് ഇൽഹാമിൽ തന്നെയുണ്ട്. അത് മാറ്റപ്പെട്ടാൽ അല്ലാഹുവിന്റെ വാക്കുകളിലും കള്ളത്തരമുണ്ടെന്ന് കരുതേണ്ടിവരും’’ (തബ്‌ലീഗെ രിസാലത്ത്, വാല്യം 3, പേജ് 115).

“അഹ്‌മദ് ബേഗിന്റെ ജാമാതാവിന്റെ മരണം സുനിശ്ചിതമാണെന്ന് ഞാൻ പേർത്തും പേർത്തും പറയുന്നു. നിങ്ങൾ കാത്തിരിക്കുക. ഞാൻ അസത്യവാനാണെങ്കിൽ ഈ പ്രവചനം പുലരാതെത്തന്നെ ഞാൻ മരണപ്പെടും. താൻ സത്യവാനാണെങ്കിൽ അല്ലാഹു ഇത് സാക്ഷാത്കരിക്കുകതന്നെ ചെയ്യും’’ (അൻജാമെ ആഥം, പേജ് 31, ഹാശിയ).

“സത്യം പുലരുന്ന ദിവസം വിഡ്ഢികളായ എതിരാളികൾ ജീവിച്ചിരിക്കുമോ? സത്യത്തിന്റെ വാൾത്തലകൊണ്ട് ഈ യോദ്ധാക്കൾ തുണ്ടം തുണ്ടമായി അരിഞ്ഞുവീഴ്ത്തപ്പെടും. അവർക്ക് ഓടിയൊളിക്കാൻ സ്ഥലമുണ്ടാവില്ല. അവരുടെ മൂക്കുകൾ അറ്റുവീഴും. തങ്ങളുടെ ദുർഭാഷണങ്ങളെ ചൊല്ലി അവർ വിലപിക്കും. നിന്ദ്യതയുടെ പടുകുഴിയിൽ അവർ നിപതിക്കും. അവരുടെ മുഖങ്ങൾ പന്നികളെയും കുരങ്ങന്മാരെയും ഓർമിപ്പിക്കും’’ (അൻജാമെ ആഥം, പേജ് 53).

ഈ വിവാഹ പ്രവചനം പുലരാതെവന്നാൽ മിർസാ ഖാദിയാനിയും അദ്ദേഹത്തെ നിയോഗിച്ച ‘അല്ലാഹു’വും കള്ളം പറയുന്നുവെന്നും തന്റെ മരണത്തോടെ സത്യം പ്രകടമാവുമെന്നുമാണ് ഉദ്ധൃത വാക്യങ്ങളിൽനിന്ന് മനസ്സിലാവുന്നത്.

ആശയും ആശങ്കയും

ഖാദിയാനി പ്രവാചകൻ എഴുതി: “1891 ഏപ്രിൽ 16 വരെ എന്റെ ചില പ്രവചനങ്ങൾ പുലർന്നിരുന്നില്ല. അക്കാലത്ത് എനിക്ക് മാരകമായ രോഗം പിടിപെട്ടു. ഞാൻ മരണം കാത്തുകിടന്നു. വസ്വിയ്യത്തുവരെ എഴുതിവച്ചു. അപ്പോൾ എനിക്ക് ഈ പ്രവചനങ്ങൾ ഓർമവന്നു. ഞാൻ അന്ത്യശ്വാസത്തിനടുത്തെത്തി നിൽക്കുന്നു. നാളെ എന്റെ മൃതദേഹം ക്വബ്‌റിൽ താഴും. ഒരുപക്ഷേ, ഞാൻ മനസ്സിലാക്കാത്ത വല്ല അർഥവുമായിരിക്കാം ഇൽഹാമിന്. ഈ അത്യാസന്ന ഘട്ടത്തിൽ അല്ലാഹു വഹ്‌യറിയിച്ചു: ‘അല്ലാഹുവിന്റെഅടുത്ത് നിന്നുള്ള വചനങ്ങൾ സത്യംതന്നെ, നീയെന്തിന് സംശയിക്കുന്നു?’ ദിവ്യവാക്കുകളെ സംശയിക്കരുതെന്ന ക്വുർആൻ നിർദേശത്തിന്റെ പൊരുളെന്തെന്ന് ഞാൻ മനസ്സിലാക്കി. പ്രവാചകന്മാർക്ക് ഇത്തരം വിഷമഘട്ടങ്ങളുണ്ടാവുമ്പോൾ സംശയദൂരീകരണത്തിനും വിശ്വാസ ദൃഢീകരണത്തിനും വേണ്ടി അല്ലാഹു ഇങ്ങനെ സമാശ്വസിപ്പിക്കാറുണ്ട്’’ (ഇസാലയെ ഔഹാം, പേജ് 398).

ദൈവികവചനങ്ങളെപ്പറ്റി മിർസാക്കുപോലും സംശയം തോന്നിപ്പോയി! എങ്കിലും അല്ലാഹു തന്നെ അത് ദൃഢപ്പെടുത്തിക്കൊടുത്തുവത്രെ! ഏതോ ദുർബലനിമിഷത്തിലുണ്ടായ കല്യാണമോഹം അക്ഷരാർഥത്തിൽ മിർസായുടെ അന്തം കെടുത്തിക്കളഞ്ഞു. ഈ വിവാഹം നടക്കാതിരിക്കാനുള്ള പല കാരണങ്ങളിൽ ചിലത് കാണുക:

“ബന്ധുക്കളിൽ പ്രകമ്പനം സൃഷ്ടിച്ച മരണം ഏറ്റുവാങ്ങി അഹ്‌മദ് ബേഗ്. എന്നാൽ എന്തുകൊണ്ട് മരുമകൻ മരിച്ചില്ല എന്നതാണ് നമ്മുടെ എതിരാളികളെ അലട്ടുന്നത്. പ്രവചനത്തിന്റെ വലതുകാൽ അഹ് മദ് ബേഗായിരുന്നു. തന്റെ യൗവനത്തിൽ ആകസ്മികമായി സംഭവിച്ച മരണത്തോടെ പ്രവചനം സത്യമെന്ന് തെളിഞ്ഞു. പ്രവചനത്തിൽ എഴുതിയ പോലെ(!) അഹ്‌മദ് ബേഗിന്റെ മരണശേഷം ചില ബന്ധുക്കളുടെ മരണങ്ങളും സംഭവിച്ചു. അയാളുടെ ഒരു മകനും രണ്ടു സഹോദരിമാരും ഈ ദിവസങ്ങളിൽ മരണപ്പെട്ടു’’ (ഹഖീഖതുൽ വഹ്‌യ്, പേജ് 191).

(തുടരും)