മുഹമ്മദ് നബിﷺയുടെ ആഗമനവും യഹൂദരും

ഇ.യൂസുഫ് സാഹിബ് നദുവി ഓച്ചിറ

2023 നവംബർ 04 , 1445 റ.ആഖിർ 20

(യഹൂദർ: ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലും 3)

ചരിത്രത്തിലേക്ക്

ഇബ്‌റാഹീം നബി(അ)യുടെ സന്താനപരമ്പരയിൽപെട്ട പ്രവാചന്മാരായ ഇസ്ഹാക്വ്(അ), യഅ്ക്വൂബ്(അ) തുടങ്ങിയവരുമായിട്ടാണ് യഹൂദികൾ ചരിത്രപരമായി ബന്ധപ്പെടുന്നത്. ഹിബ്രു ഭാഷയിൽ ഇതിന്റെ ശരിയായ ഉച്ചാരണം യഹൂദീം എന്നാണ്. പ്രവാചകനായിരുന്ന യഅ്ക്വൂബ്(അ) ഇസ്‌റാഈൽ എന്ന നാമധേയത്തിലും അറിയപ്പെട്ടിരുന്നു. ഈ നാമവുമായി ബന്ധപ്പെടുത്തിയാണ് യഹൂദികളെ അഥവാ ജൂതന്മാരെ ബനൂഇസ്‌റാഈൽ (ഇസ്രയേൽ സന്തതികൾ) എന്ന് വിളിക്കുന്നത്.

ഇബ്‌നു അബ്ബാസി(റ)വിന്റെ അഭിപ്രായത്തിൽ ഇസ്‌റാഈൽ എന്ന പദം അനറബി ഭാഷയാണ്. അല്ലാഹുവിന്റെ ദാസൻ എന്ന അർഥത്തെ ഇത് സൂചിപ്പിക്കുന്നു. ഹിബ്രു ഭാഷയിൽ ‘അസറ’ എന്നതുകൊണ്ട് ദാസനെന്നും ‘ഈൽ’ എന്നതുകൊണ്ട് അല്ലാഹുവിനെയും വിവക്ഷിക്കുന്നു. യഅ്ക്വൂബ്(അ) നബിയുടെ ജീവിതം ഫലസ്തീനിലായിരുന്നു. ഇസ്ഹാക്വി(അ)ന്റെ പിൻഗാമിയായി യഅ്ക്വൂബ് പിറക്കുമെന്ന സന്തോഷവാർത്ത മലക്കുകൾ ഇബ്‌റാഹിം നബി(അ)ക്ക് നൽകിയിരുന്നതായി ക്വുർആനിൽ പ്രസ്താവിച്ചുകാണാം. അല്ലാഹു പറയുന്നു:

“അദ്ദേഹത്തിന്റെ (ഇബ്‌റാഹീം നബിയുടെ) ഭാര്യ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവൾ ചിരിച്ചു. അപ്പോൾ അവൾക്ക് ഇസ്ഹാക്വിനെപ്പറ്റിയും ഇസ്ഹാക്വിന്റെ പിന്നാലെ യഅ്ക്വുബിനെപ്പറ്റിയും നാം സന്തോഷവാർത്ത അറിയിച്ചു. അവൾ പറഞ്ഞു: ‘കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എന്റെ ഭർത്താവ് ഇതാ ഒരു വൃദ്ധൻ! തീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.’ അവർ (ദൂതന്മാർ) പറഞ്ഞു: ‘അല്ലാഹുവിന്റെ കൽപനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ; വീട്ടുകാരേ, നിങ്ങളിൽ അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീർച്ചയായും അവൻ സ്തുത്യർഹനും മഹത്ത്വമേറിയവനും ആകുന്നു’’ (ഹൂദ്: 71-74). ബൈബിളിൽ ‘ഇസ്‌റായേൽ മക്കൾ’ എന്ന് സംബോധ ചെയ്യപ്പെട്ടിരുന്ന ഈ ജന

സമൂഹം ക്വുർആനിലും വളരെയേറേ പരാമർശിക്കപ്പെട്ടിട്ടുള്ള വിഭാഗമാണ്.

എണ്ണത്തിൽ പൊതുവേ കുറവായിരുന്ന ഇവർ ദേശാടന സ്വഭാവത്തിലുള്ള ജീവിതശൈലി സ്വീകരിച്ചിരുന്നവരായിരുന്നു. അതിനാൽതന്നെ ഇവർ എവിടെയും ഭരണാധിപത്യം സ്ഥാപിച്ചിരുന്നതായി വ്യക്തമല്ല. ഫലസ്തീൻ, ജോർദാൻ, സീനായ് തുടങ്ങി വിവിധപ്രദേശങ്ങളിൽ തമ്പടിച്ചിരുന്ന ഇവർ അറേബ്യൻ ദ്വീപിലെ യസ്‌രിബിലും ഖൈബറിലും നിവസിച്ചിരുന്നതായി ചരിത്രത്തിൽ വ്യക്തമാകുന്നു.

വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത സംസ്‌കാരങ്ങളിൽ താമസിക്കേണ്ടിവന്നതിലൂടെ വിശ്വാസപരമായ വിഷയങ്ങളിൽ യഹൂദർ അടിസ്ഥാനപരമായി ഏതെങ്കിലും ദർശനങ്ങളിൽ അടിയുടച്ചുവിശ്വസിക്കുന്ന സ്വഭാവക്കാരല്ലായിരുന്നു. ഫലസ്തീനിൽ ജീവിക്കുമ്പോൾ അവിടുത്തെ വിവിധ മതസ്ഥരുടെ ആരാധനാനുഷ്ഠാനങ്ങളിൽനിന്നും തങ്ങൾക്ക് ഇഷ്ടമുള്ളത് സ്വീകരിച്ചും, ഇറാക്കിലെ ജീവിതകാലത്ത് ഇറാക്കികളുടെ ആചാരങ്ങളിൽനിന്നും ചിലത് ഉൾക്കൊണ്ടുമൊക്കെയായിരുന്നു ഇവർ ദർശങ്ങളെ ചിട്ടപ്പെടുത്തിയിരുന്നത്. കിഴക്കോട്ടു തിരിഞ്ഞുനിന്ന് സൂര്യനെ ആരാധിക്കുന്ന സ്വഭാവത്തിൽനിന്നും യൂശഅ്(അ) ഇവരെ തടഞ്ഞിരുന്നതായി ബൈബിളിൽ കാണാം.(രാജാക്കന്മാർ:2,23:4,5-6).

ഹിബ്രു(എബ്രായ) ഭാഷയിലുള്ള തോറ(തൗറാത്ത്)യിലാണ് ഇവർ വിശ്വാസമർപ്പിച്ചിരുന്നത്. ഇസ്രയേൽ ജനത ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നും, ഇവർ മറ്റുള്ള രാഷ്ട്രങ്ങൾക്ക് വിളക്കായി പ്രവർത്തിക്കേണ്ടവരാണെന്നുള്ള വിശ്വാസം യഹൂദമതത്തിന്റെ മൗലിക തത്ത്വമാണ്.

ചതി, വഞ്ചന, കളവ് കെട്ടിച്ചമക്കൽ, ലുബ്ധ്, സ്രഷ്ടാവിനെതിരെ ആരോപണമുന്നയിക്കുക, പ്രവാചകന്മാരെ കൊലപ്പെടുത്തുക തുടങ്ങിയ മലീമസസ്വഭാവങ്ങളുടെ വക്താക്കളായിട്ടാണ് യഹൂദർ ചരിത്രത്തിൽ അറിയപ്പെടുന്നത്. ദുഷ്ടതയുടെ പ്രതീകമായിരുന്ന ഇവർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട യഹ്‌യാ നബി(അ)യെ ക്രൂരമായി വധിച്ചുകളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു. അപ്രകാരംതന്നെ സകരിയ്യ നബി(അ)യുടെ ജീവനും ഇവർ അപഹരിച്ചു. ഈസബ്‌നു മർയമി(അ)നെ വധിക്കുവാൻ ഇവർ നടത്തിയ ഹീനശ്രമങ്ങൾ ക്വുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

തുടക്കം മുതൽതന്നെ ഈ ജനത സ്വീകരിച്ചുവന്ന മൃഗീയസ്വഭാവങ്ങളും മനുഷ്യത്വരഹിത പ്രവർത്തനങ്ങളും മഹദ്‌വ്യക്തികൾക്കെതിരിലുള്ള ഗൂഢാലോചനകളും കാരണം സ്രഷ്ടാവ് ഇവരെ ശപിച്ചിരിക്കുന്നതായി ക്വുർആനിൽ വിവിധസ്ഥലങ്ങളിൽ പറയുന്നുണ്ട്.

പ്രവാചകന്മാരാൽ പ്രബോധനം ചെയ്യപ്പെട്ട അധ്യാപനങ്ങൾക്ക് വിരുദ്ധമായ നിലപാടുകളും വിശ്വാസങ്ങളുമായിരുന്നു ജൂതസമൂഹം ചരിത്രത്തിലെമ്പാടും സ്വീകരിച്ചിരുന്നത്. ഇസ്രയേൽ സമൂഹം ദൈവത്തിനാൽ നിയുക്തമായ പ്രത്യേക സമൂഹമാണെന്ന് അഭിമാനിക്കുക മാത്രമല്ല, ഇസ്രയേല്യരല്ലാത്ത മുഴുവൻ ജനതയും തങ്ങളുടെ സേവനത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്ന ഭാവവുമായിരുന്നു അവർക്ക്. ഈ കുടിലവിശ്വാസങ്ങളുടെ സംസ്ഥാപനത്തിനായി ഭൂമുഖത്ത് ഇവർ നടത്തിയ കൊലയും കൊള്ളിവെപ്പും ഇന്നോളം കൈക്കൊണ്ടുവരുന്ന ഹീനനയങ്ങളും തുല്യതയില്ലാത്തതാണ്.

മുഹമ്മദ് നബി(സ)ക്ക് മുമ്പ് ജൂതസമൂഹം സത്യവിശ്വാസികൾക്കെതിരിൽ കൈക്കൊണ്ടിരുന്ന നിലപാടുകളും അക്രമങ്ങളും അനീതിയും മുൻകാല വേദഗ്രന്ഥങ്ങളിൽ സുവ്യക്തമായി പ്രതിപാദിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ അപകടം മനസ്സിലാക്കിയ ഇവരിലെ പുരോഹിതസമൂഹം അത്തരത്തിലുള്ള പരാമർശങ്ങളെയും പ്രവചനങ്ങളെയും വേദഗ്രന്ഥ്രങ്ങളിൽനിന്നും നീക്കം ചെയ്യുകയും അവശേഷിക്കുന്ന ദൈവികവചനങ്ങളെ തങ്ങൾക്ക് അനുസൃതമായ രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്തു. മേൽവിവരിക്കപ്പെട്ട മ്ലേച്ഛ സ്വഭാവങ്ങൾക്ക് പുറമെ, മോഷണം, കൊള്ള തുടങ്ങിയവയും യഹൂദസമൂഹത്തിന്റെ മുഖ്യ ഹോബിയായിരുന്നു. ദൈവനിഷേധികളായും ദേഹേച്ഛയെ ആരാധിച്ചും ജീവിതം തള്ളിനീക്കിയ യഹൂദസമൂഹത്തിന്റെ വിക്രിയകളെ സംബന്ധിച്ച് ബൈബിൾ പഴയനിയമത്തിൽ വിവിധ സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്.

മുഹമ്മദ് നബിﷺയുടെ ആഗമനവും യഹൂദരും

അറേബ്യൻ ഉപദ്വീപിൽ ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് പുനരാവർത്തനം കുറിക്കപ്പെട്ടു. ലോകമനുഷ്യർക്കാകമാനം ദൈവിക സന്ദേശവുമായി മുഹമ്മദ് നബിﷺ നിയോഗിതനായി. തൗറാത്ത് ഉൾപ്പെടെയുള്ള മുൻകാല വേദഗ്രന്ഥങ്ങളിൽനിന്നും ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിരുന്ന യഹൂദസമൂഹം, നിയുക്തനായ പ്രവാചകൻ യഹൂദപാരമ്പര്യത്തിൽനിന്നുമല്ല ആഗതനായിട്ടുള്ളതെന്ന പ്രഥമകാരണത്താൽതന്നെ മുഹമ്മദ് നബിﷺയെ ശക്തിയുക്തം എതിർക്കാൻ തുടങ്ങി. വേദഗ്രന്ഥങ്ങളും മുൻകാല പ്രവാചകന്മാരും നൽകിയ സുവാർത്തകൾ യഹൂദസമൂഹത്തിന് ഒരു വിഷയമായി ഭവിച്ചില്ല. വേദഗ്രന്ഥങ്ങളോടും പ്രവാചകാധ്യാപനങ്ങളോടും അവർക്കുള്ള കാപട്യനിലപാട് നബിﷺയുടെ വിഷയത്തിലും അവർ പ്രാവർത്തികമാക്കി. ദൈവനിയുക്തനായ പ്രവാചകനെതിരിൽ അപരാധങ്ങളും അപവാദങ്ങളും അക്രമവും ഭീഷണിയും സൃഷ്ടിച്ചുവിടുന്നതിൽ അറേബ്യയിലെ യഹൂദസമൂഹം മുൻപന്തിയിലായിരുന്നു. ജനങ്ങൾ ഇസ്‌ലാം സ്വീകരിക്കാതിരിക്കുന്നതിനും സത്യനിഷേധത്തിൽതന്നെ അടിയുറക്കുന്നതിനും തങ്ങളാൽ കഴിയുന്ന കുതന്ത്രങ്ങളെല്ലാം യഹൂദികൾ നിർവഹിച്ചുകൊണ്ടിരുന്നു. അല്ലാഹു പറയുന്നു: “വേദത്തിൽനിന്ന് ഒരു വിഹിതം നൽകപ്പെട്ടവരെ നീ നോക്കിയില്ലേ? അവർ ക്ഷുദ്രവിദ്യകളിലും (ജിബ്ത്ത്) ദുർമൂർത്തികളിലും (ത്വാഗൂത്ത്) വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവർ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാൾ നേർമാർഗം പ്രാപിച്ചവരെന്ന്. എന്നാൽ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്...’’ (അന്നിസാഅ് 51,52).

മക്കാമുശ്‌രിക്കുകളെക്കാൾ വഴിപിഴച്ചവരായി മുഹമ്മദ് നബിﷺയിൽ വിശ്വസിച്ചവരെ കണക്കാക്കുവാനും മുസ്‌ലിംകളെ അപേക്ഷിച്ച് മുശ്‌രിക്കുകളാണ് കൂടുതൽ സന്മാർഗചാരികളെന്ന് വാദിക്കുവാനും മാത്രം അധഃപതിച്ചുപോയ യഹൂദന്മാരെയാണ് ഇവിടെ ഉദാഹരിക്കുന്നത്.

ഒരുഭാഗത്ത് ശിർക്കിന്റെയും വിഗ്രഹപൂജയുടെയും ലാഞ്ചനയേൽക്കാത്ത തൗഹീദും മറുഭാഗത്ത് പരസ്യമായ ബഹുദൈവാരാധനയും അവർ കണ്ടുകൊണ്ടിരിക്കുന്നു. കൈകടത്തപ്പെട്ടതാണെങ്കിലും തൗറാത്തിൽ ബഹുദൈവ ചിന്താഗതിയെ ശക്തിയുക്തം വിമർശിക്കുന്ന വചനങ്ങൾ അവശേഷിക്കുന്നു. എന്നിട്ടും യഹൂദപണ്ഡിതന്മാർ തുടർന്നുകൊണ്ടിരിക്കുന്ന ശാഠ്യബുദ്ധിയാണ് ഇവിടെ വിഷയീഭവിക്കുന്നത്. തങ്ങളുടെ ബഹുദൈവ വിശ്വാസത്തിന് യഹൂദസമൂഹത്തിലെ പണ്ഡിതന്മാരോട് അഭിപ്രായമാരാഞ്ഞിരുന്ന ബഹുദൈവ വിശ്വാസികളോട് മുഹമ്മദിﷺന്റെ പുതിയ മതത്തേക്കാളും നല്ലത് നിങ്ങൾ നിലകൊണ്ടിട്ടുള്ള ശിർക്കൻ വിശ്വാസമാണെന്ന ആശ്വാസവചനം നൽകുന്ന യഹൂദസമൂഹത്തിന്റെ കാപട്യവും ദുർബുദ്ധിയും ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ദുർമന്ത്രവാദം, മിഥ്യ, അടിസ്ഥാനരഹിതം, നിഷ്ഫലം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ, ഇസ്‌ലാമിന്റെ ഭാഷയിൽ അടിസ്ഥാനരഹിതവും അന്ധവിശ്വാസജന്യവുമായ എല്ലാ ഊഹാപോഹങ്ങൾക്കുമുള്ള സമഗ്രസംജ്ഞയാണ് ജിബ്ത്ത്. യഹൂദർ ഇതിന്റെയെല്ലാം വക്താക്കളായിരുന്നുവെന്നു സാരം.

തങ്ങളുടെ മുൻകാല പ്രവാചകന്മാർ പ്രവചിച്ച ‘അഹ്‌മദി’ന്റെ ആഗമനത്തെ യഹൂദർ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. ആ പ്രവാചകൻ വേഗം വരേണമേയെന്നും അങ്ങനെ അവിശ്വാസികളുടെ ശക്തി ക്ഷയിച്ച് തങ്ങൾക്ക് വീണ്ടും പുരോഗതി ലഭിക്കേണമേയെന്നും അവർ പ്രാർഥിച്ചുകൊണ്ടേയിരുന്നു. തിരുനബിﷺയുടെ ആഗമനത്തിനു മുമ്പ് തങ്ങളുടെ അയൽവാസികളായ യഹൂദർ, വരാനിരിക്കുന്ന ഒരു പ്രവാചകനെക്കുറിച്ചുള്ള പ്രതീക്ഷയിലാണ് ജീവിച്ചിരുന്നത് എന്നതിന് മദീനയിലെ സമൂഹം തന്നെ സാക്ഷികളാണ്.

മദീനയിലെ അറബികളോട് യഹൂദർ ഇങ്ങനെ ആവർത്തിച്ചിരുന്നു: ‘ഇന്ന് ആർക്കുവേണമെങ്കിലും ഞങ്ങളോട് അനിഷ്ടം പ്രവർത്തിക്കാം. ആ പ്രവാചകന്റെ ആഗമനത്തിനുശേഷം അക്രമികളെ ഞങ്ങൾ ഒരു പാഠം പഠിപ്പിക്കും...’ ഈ മുന്നറിയിപ്പുകൾ സാധാരണ കേൾക്കാറുണ്ടായിരുന്ന മദീനാവാസികൾ ഇതിനാൽതന്നെ ‘യഹൂദർ നമ്മെ മുൻകടക്കരുത്, ആ പ്രവാചകനെ അനുഗമിക്കുന്നതിൽ നമുക്ക് മുൻകടക്കാം...’ എന്നിങ്ങനെ പരസ്പരം ഉപദേശിക്കാറുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രവാചകനെ പ്രതീക്ഷിച്ച് ദിനരാത്രങ്ങൾ എണ്ണിക്കഴിഞ്ഞിരുന്ന യഹൂദർ, പ്രവാചകൻ മുഹമ്മദ്ﷺ ആഗതനായതോടെ അദ്ദേഹത്തിന്റെ കടുത്ത ശത്രുക്കളായി മാറിയത് മദീനക്കാരെ വിസ്മയിപ്പിച്ചു.

സ്വഫിയ്യ(റ) ഉദ്ധരിക്കുന്ന സംഭവം

ആഗതനായ പ്രവാചകനെ യഹൂദരും മദീനക്കാരും ശരിക്കും തിരിച്ചറിഞ്ഞിരുന്നു എന്നതിന് നിരവധി തെളിവുകൾ നിരത്താൻ കഴിയും. ഒരുവലിയ പണ്ഡിതന്റെ പുത്രിയും മറ്റൊരു പണ്ഡിത നേതാവിന്റെ സഹോദര പുത്രിയുമായിരുന്ന വിശ്വാസികളുടെ മാതാവ് സ്വഫിയ്യ(റ) പറയുന്നു: “മദീനയിലെത്തിയ പ്രവാചകനെ സന്ദർശിച്ചശേഷം വീട്ടിൽ തിരികെയെത്തിയ, എന്റെ പിതാവും പിതൃവ്യനും അന്യോന്യം സംഭാഷണം നടത്തുന്നത് ഞാൻ കേട്ടു.

പിതൃവ്യൻ: ‘നമ്മുടെ ദിവ്യഗ്രന്ഥങ്ങളിൽ പ്രവചിക്കപ്പെട്ട പ്രവാചകൻതന്നെയാണോ വാസ്തവത്തിൽ അദ്ദേഹം?’ പിതാവ്: ‘അതെ ദൈവത്തിൽ സത്യം!’ പിതൃവ്യൻ: ‘നിങ്ങൾക്കത് ഉറപ്പാണോ?’ പിതാവ്: ‘തീർച്ചയായും.’ പിതൃവ്യൻ: ‘എന്നാൽ പിന്നെ എന്താണ് ഉദ്ദേശ്യം?’ പിതാവ്: ‘ശരീരത്തിൽ ജീവൻ നിലനിൽക്കുന്ന കാലത്തോളം അദ്ദേഹത്തെ കഴിയും വിധമെല്ലാം എതിർക്കും. അദ്ദേഹത്തിന്റെ ലക്ഷ്യം ഇവിടെ നടത്താൻ ഞാൻ അനുവദിക്കില്ല...’ (ഇബ്‌നു ഹിശാം 2:165).

അന്ധമായ പക്ഷപാതവും മർക്കടമുഷ്ടിയും ജൂതസമൂഹത്തിന്റെ ഹൃദയ-മസ്തിഷ്‌കങ്ങളെ കീഴടക്കിയിരുന്നു എന്നതിന് പ്രത്യക്ഷ തെളിവാണ് ഈ ചരിത്ര സംഭവം. ഈ നിലപാടുകളോടുള്ള ക്വുർആനിന്റെ പ്രതികരണം ഇങ്ങനെ വായിക്കാം: “അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ക്വുർആൻ) അല്ലാഹുവിങ്കൽനിന്ന് അവർക്ക് വന്നുകിട്ടിയപ്പോൾ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകൻ മുഖേന) അവിശ്വാസികൾക്കെ തിരിൽ വിജയം നേടികൊടുക്കുവാൻ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാർഥിക്കാറുണ്ടായിരുന്നു. അവർക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോൾ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാൽ ആ നിഷേധികൾക്കത്രെ അല്ലാഹുവിന്റെ ശാപം. അല്ലാഹു തന്റെ ദാസൻമാരിൽനിന്ന് താൻ ഇച്ഛിക്കുന്നവരുടെ മേൽ തന്റെ അനുഗ്രഹം ഇറക്കിക്കൊടുക്കുന്നതിലുള്ള ഈർഷ്യനിമിത്തം അല്ലാഹു അവതരിപ്പിച്ച സന്ദേശത്തെ അവിശ്വസിക്കുക വഴി തങ്ങളുടെ ആത്മാക്കളെ വിറ്റുകൊണ്ട് അവർ വാങ്ങിയ വില എത്ര ചീത്ത! അങ്ങനെ അവർ കോപത്തിനുമേൽ കോപത്തിനു പാത്രമായിത്തീർന്നു. സത്യനിഷേധികൾക്കത്രെ നിന്ദ്യമായ ശിക്ഷയുള്ളത്’’ (അൽബക്വറ 2:89,90).

യഹൂദമനസ്സുകളിൽ കുടിയിരുന്ന ശക്തമായ വംശീയത ഇവിടെ പ്രത്യേകം ശ്രദ്ധേയമാണ്. വരാനിരിക്കുന്ന പ്രവാചകൻ തങ്ങളുടെ സമുദായത്തിൽനിന്നായിരിക്കണമെന്നാണ് യഹൂദർ ആശിച്ചിരുന്നത്. എന്നാൽ അതുവരെ നിസ്സാരന്മാരായി കണക്കാക്കിപ്പോരുന്ന മറ്റൊരു ജനതയിൽ അദ്ദേഹം ഭൂജാതനായപ്പോൾ ആ പ്രവാചകനെ നിഷേധിക്കാൻ യഹൂദർ പ്രേരിതരായി. തങ്ങളുമായി ആലോചിച്ചുവേണം അല്ലാഹു പ്രവാചകനെ നിയോഗിക്കേണ്ടത് എന്നായിരുന്നു അവരുടെ മനോഭാവം.