മിർസയുടെ വിചിത്രമായ ഗണിതസൂത്രം

പി പി അബ്ദുർറഹ്‌മാൻ, കൊടിയത്തൂർ

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 5

ഒന്നുപോലും അപൂർണം, പിന്നെയല്ലേ 300

മിർസാ ഖാദിയാനിയുടെ സീറ രചിച്ച മകൻ ബഷീർ അഹ്‌മദ് വിവരിക്കുന്നു: “ബറാഹീനെ അഹ്‌മദിയ്യയുടെ പരസ്യം ചെയ്യുമ്പോൾ 2500ഓളം പേജുകൾ എഴുതിക്കഴിഞ്ഞിരുന്നു. ശക്തമായ 300 തെളിവുകൾ ഇസ്‌ലാമിന്റെ സത്യത്തിനായി രചിക്കുകയും അവ സൂര്യനെപ്പോലെ പ്രകാശിക്കുമെന്ന് വാദിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധീകരിക്കുമ്പോഴേക്ക് പൂർത്തിയാക്കാം എന്ന് കരുതി മുഖവുരയും ചില ആമുഖകാര്യങ്ങളും എഴുതുകയും ആവശ്യമായ ടിപ്പണികൾ ചേർക്കുകയും ചെയ്തു.

‘തെളിവുകൾ എഴുതിയിട്ടുണ്ടെങ്കിലും അച്ചടി കഴിഞ്ഞപ്പോൾ ഒന്നാമത്തെ തെളിവ് തന്നെ അപൂർണമായിരുന്നു. കയ്യെഴുത്തുപ്രതി തീപിടിച്ചു നഷ്ടപ്പെട്ടു എന്ന് കേട്ടിട്ടുണ്ട്. അപൂർണമായി അവസാനിപ്പിച്ചതിനെപ്പറ്റി മസീഹ് നാലാം വാള്യത്തിന്റെ അവസാനത്തിൽ എഴുതിയിട്ടുണ്ട്’’ (സീറത്തുൽ മഹ്ദി, രിവായത്ത് നമ്പർ: 123).

അതിങ്ങനെ വായിക്കാം: “ഈ പുസ്തകരചനയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. പെട്ടെന്നാണ് അല്ലാഹു ഇടപെട്ടത്. ഭാവനയുടെ ഇരുണ്ട രാത്രിയിൽ സഞ്ചരിക്കവെ, ഇംറാന്റ മകനെപ്പോലെ ‘ഞാൻ നിന്റെ നാഥൻ’ എന്ന അശരീരി കേട്ടു. ഇപ്പോൾ ഈ പുസ്തകത്തിന്റെ ആന്തരികവും ബാഹ്യവുമായ എല്ലാറ്റിന്റെയും കാര്യസ്ഥനും കാരണഭൂതനും ഹസ്രത്ത് ലോക രക്ഷിതാവാകുന്നു’’ (പേജ് 522).

ബഷീർ അഹ്‌മദ് തുടർന്ന് പറയുന്നു: “ഈ 300 തെളിവുകളിലൂടെ ഇസ്‌ലാമിന്റെ യാഥാർഥ്യം എത്രമാത്രം സ്ഥാപിക്കാനാവുമോ, അതിലേറെ മഹത്ത്വം സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ മഹ്ദി മസീഹ് സ്ഥാനത്തിലൂടെ സാധിച്ചിട്ടുണ്ട്. അദ്ദേഹം പിന്നീട് എഴുതിയ മഹദ്കൃതികളിലൂടെയും ഇസ്‌ലാമിന്റെ യാഥാർഥ്യം തന്നെയാണ് സ്ഥാപിതമായത്. 300 തെളിവുകൾ ഒരുപക്ഷേ, പണ്ഡിതോചിതമായ വിവരണം മാത്രമായിരിക്കാം. എന്നാൽ പ്രവാചകത്വത്തിന്റെ പ്രഭാവത്തിന് അതിലേറെ ശക്തിയും ചൈതന്യവും ഉണ്ടല്ലോ’’ (രിവായത്ത് നമ്പർ: 123).

അപ്പോൾ പിന്നെ പതിനായിരം രൂപ മുൻകൂറായി കൈപ്പറ്റിയതിന്റെ കണക്കോ? ഒന്നാം വാള്യത്തിലെ പ്രഖ്യാപനം പേജ് രണ്ടുമുതൽ 12വരെയും മറ്റു വാള്യങ്ങളുടെ മുഖവുരകളിലുമായി 25 രൂപമുതൽ 500 രൂപവരെ മുൻകൂർ വിലയായും കൂടുതൽ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യാനും വേണ്ടി പണമയച്ച നിരവധി ആളുകളുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭോപ്പാൽ ഭരണാധികാരി, ഹൈദരാബാദിലെ ചീഫ് സെക്രട്ടറി, പട്യാല പ്രധാനമന്ത്രി, പഞ്ചാബിലെ മന്ത്രി ഗുലാം ഖാദറും മറ്റു നിരവധി മുസ്‌ലിം നവാബുമാരും ഉൾപ്പെടുന്ന വലിയൊരു ലിസ്റ്റ് തന്നെ നമുക്ക് കാണാൻ കഴിയും.

മിർസാ ഖാദിയാനിയുടെ പരസ്യവും ഒന്നാം വാള്യത്തിലെ വെല്ലുവിളിയും ഒരിക്കൽകൂടി വായിച്ചു നോക്കുക. ‘ഞാൻ സമർപ്പിക്കുന്ന തെളിവുകളുടെ അത്രയോ അതിന്റെ മൂന്നോ നാലോ അഞ്ചോ ഭാഗമോ തെളിവുകൾ സമർപ്പിക്കുന്നവർക്ക് 10,000 രൂപയുടെ ഭൂമി നൽകും’ എന്നാണ് പറഞ്ഞത്. ഇവിടെ സമർപ്പിച്ച എണ്ണമെത്രയാണെന്ന് അദ്ദേഹത്തിന്റെ പുത്രൻതന്നെ പറഞ്ഞുവല്ലോ. അരക്കുതാഴെ വാതം പിടിച്ച് കുഴഞ്ഞു കിടക്കുന്നവനാണ് ഗുസ്തി പിടിക്കാൻ വെല്ലുവിളിക്കുന്നത്!

പുതിയ ഗണിത സൂത്രം

1905ൽ എഴുതിയ ബറാഹീന്റെ അഞ്ചാം വാള്യത്തിന്റെ മുഖവുരയിൽ മിർസ എഴുതി: “നേരത്തെ നാല് വാള്യങ്ങൾ പ്രസിദ്ധീകരിച്ച ബറാഹീനെ അഹ്‌മദിയ്യ തന്നെയാണിത്. ഓരോ പേജിനും മുകളിലായി ബറാഹീൻ വാല്യം 5 എന്നെഴുതിയിട്ടുണ്ട്.’’

യഥാർഥത്തിൽ ‘നുസ്രത്തുൽ ഹഖ്’ എന്ന പേരിൽ എഴുതിയ പുസ്തകത്തിന്റെ പേജുകളുടെ മേലെയായി ‘ബറാഹീൻ വാല്യം 5’ എന്നെഴുതുകയായിരുന്നു മിർസാ ഗുലാം.

തുടർന്ന് എഴുതുകയാണ്: “നേരത്തെ 50 വാള്യങ്ങൾ എഴുതാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ 50നു പകരം അഞ്ചിൽ മതിയാക്കുകയാണ്. അമ്പതും അഞ്ചും തമ്മിൽ ഒരു പൂജ്യത്തിന്റെ വ്യത്യാസമേയുള്ളൂ. അതുകൊണ്ട് അഞ്ച് വാള്യങ്ങൾകൊണ്ട് തന്നെ ആ വാഗ്ദാനം പൂർത്തിയായി’’ (മുഖവുര, പേജ്: 7).

ആധുനിക കാലഘട്ടത്തിലേക്ക് നിയുക്തനായ പ്രവാചകന്റെ വാഗ്ദത്ത പൂർത്തീകരണത്തിന്റെ മാതൃകയാണിത്; അത്യന്താധുനിക ഗണിതശാസ്ത്രവും! 50-5=5.

മിർസായുടെ വെല്ലുവിളി സ്വീകരിച്ച് എല്ലാ ഉപാധികളും പൂർത്തിയാക്കി ആരെങ്കിലും വിജയിച്ചാൽ തന്നെ മിർസയും അനുയായികളും അയാൾക്ക് ഒരുരൂപ കൊടുത്തു ഏതാനും പൂജ്യങ്ങളുടെ വ്യത്യാസത്തിന്റെ കണക്കു പറയുമായിരുന്നു എന്നർഥം!

ചുരുക്കത്തിൽ പുസ്തകരചനയെക്കുറിച്ച് ചിന്തിക്കുന്നതിന് 20 വർഷങ്ങൾക്ക് മുമ്പുതന്നെ മുഹമ്മദ് നബി ﷺ യുടെ കയ്യൊപ്പ് വാങ്ങിയതും മരിച്ചവരെ പുനർജീവിപ്പിക്കുന്ന മുഅ്ജിസത്തുടയതും ഖാദിയാനി ഗ്രന്ഥകാരന്മാരും പ്രഭാഷകരും വാനോളം പുകഴ്ത്തുന്നതുമായ ഒരു മഹത്തായ ഗ്രന്ഥത്തിന്റെ കഥയാണിത്; ഒപ്പം കൊടിയ വഞ്ചനയുടെയും തട്ടിപ്പിന്റെയും കളവിന്റെയും ആൾരൂപമായ ‘പ്രവാചക’ന്റെ മഹത്തായ തൂലികാചിത്രവും!

മിർസയുടെ ‘വഹ്‌യുകളുടെ(?)’ സമാഹാരത്തിൽ ഒന്നാമത്തേതായതുകൊണ്ടാണ് ഇത്രയും വിശദീകരിച്ചത്. ആദ്യത്തേത് തന്നെ ഇവ്വിധമാണെങ്കിൽ മറ്റുള്ളവ വിലയിരുത്താവുന്നതാണല്ലോ.

വിയോഗമല്ല, നിയോഗം

“രണ്ടാമത്തെ ദിവ്യസ്വപ്നം യൗവനകാലത്തായിരുന്നു. അന്ന് കളി സാധനങ്ങളോടായിരുന്നു കമ്പം. സ്വപ്നത്തിൽ സേവകരോടും ഭൃത്യന്മാരോടും വീടും പരിസരവും കിടപ്പുമുറിയും വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. എന്റെ കണ്ണുകൾ തുറന്നു. വിയോഗം അടുത്തിരിക്കുന്നു എന്ന തോന്നലുണ്ടായി.’’

യുവത്വത്തിൽ ഉണ്ടായ സ്വപ്നവും വെളിപാടും മിർസയെ അല്ല അനുയായികളെയാണ് ആശങ്കയിലാക്കിയത്. ക്രോഡീകരിച്ച മൗലവി വിശദീകരിക്കുന്നത് ‘വിയോഗമല്ല, നിയോഗമാണ് ഈ ദർശനത്തിലൂടെ വെളിപ്പെട്ടത് എന്ന് പിൽക്കാലത്തെ പ്രധാന സംഭവങ്ങൾ തെളിയിക്കുന്നു’ എന്നാണ്. (പേജ് 4).

ദീർഘായുസ്സിനെപ്പറ്റി

ഏതാണ്ട് 1865ൽ, മിർസക്ക് 25ഓ 30ഓ വയസ്സുള്ളപ്പോൾ ആയുസ്സിനെക്കുറിച്ച് ഒരു ഇൽഹാം അവതരിച്ചു: “ശത്രുക്കൾ എന്റെ മരണം ആഗ്രഹിക്കുമെന്നു അല്ലാഹുവിനറിയാമായിരുന്നു. കള്ള വാദിയായിരുന്നു, അതുകൊണ്ട് വേഗം മരിച്ചുപോയി എന്ന് പറയാമല്ലോ. അതുകൊണ്ട് നേരത്തെതന്നെ എന്നെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: ‘നിന്റെ ആയുസ്സ് 80 വർഷമായിരിക്കും. രണ്ടോ മൂന്നോ വർഷം കുറവ്, അല്ലെങ്കിൽ അൽപം കൂടുതൽ. ഏതായാലും വിദൂരമായ തലമുറകളെ നീ കാണും’’ (പേജ് 5).

വാദങ്ങൾക്ക് തുടക്കമിടുന്നതിനു മുമ്പ് 1865ലാണ് ഈ ‘ഇൽഹാം.’ കള്ളവാദി അധികകാലം ജീവിച്ചിരിക്കില്ല എന്ന സിദ്ധാന്തം പിന്നീടാണ് കണ്ടെത്തിയതെങ്കിലും അതൊരു മാനദണ്ഡമായി നേരത്തെ തന്നെ പറഞ്ഞുവെക്കുകയാണ്. പക്ഷേ, അല്ലാഹു ആ വാക്ക് പാലിച്ചില്ല! (അല്ലാഹുവിൽ ശരണം). 1835, 1839,1840 ഇതിൽ ഏതോ ഒരു വർഷമാണ് ജനിച്ചത് എന്ന അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും മരിച്ചത് 1908ൽ തന്നെയാണ്. 80 വർഷത്തിൽ രണ്ടോ മൂന്നോ കുറവോ കൂടുതലോ കൂട്ടിയാൽ 77ഓ 83ഓ വയസ്സിലായിരിക്കണം മരണം. എങ്ങനെ കൂട്ടിയാലും 68നും 73നുമിടക്ക് അയാൾ മരിച്ചു എന്നതാണ് സത്യം.

മരണ പ്രവചനങ്ങൾക്ക് തുടക്കം

1862 അവതരണവർഷം രേഖപ്പെടുത്തിയ സ്വപ്നത്തെപ്പറ്റി വിവരിക്കുന്നു: ‘സിയാൽകോട്ടിൽ പിൽക്കാലത്ത് വക്കീലായിരുന്ന സുഹൃത്ത് ലാലാ ഭീംസേന് അവിടത്തെ നാട്ടുരാജാവായിരുന്ന രാജാ തേജാസിംഗിന്റെ മരണം മുൻകൂട്ടി അറിയിച്ചുകൊടുത്തു.’ നിരവധിപേരുടെ മരണ പ്രവചനങ്ങൾ നടത്തിയ ഖാദിയാനി പ്രവാചകന്റെ ആദ്യത്തെ മരണ പ്രവചനമായിരുന്നു ഇത്. ഇത് പക്ഷേ, മറ്റുള്ളവയെപ്പോലെ ശത്രുവിന്റെതല്ല, ‘വെറുതെ ഒരു പ്രവചനം’ എന്ന് പറയാവുന്ന, തുടർന്നുവരുന്ന പ്രവചനങ്ങളുടെ ഒരു സാമ്പിൾ ആയി കാണാവുന്നതാണ്. ‘ദൈവത്തിന്റെ അറിയിപ്പനുസരിച്ച്’ ഒറ്റയായും കൂട്ടമായും മരണം പ്രവചിക്കപ്പെട്ട വഹ്‌യുകൾ തുടർന്നുവരുന്നുണ്ട്.

ഹസ്രത്ത് ഗുരുനാനക്

അടുത്തത് ഒരു ജാഗ്രദ് ദർശനമാണ്: ‘ഗുരുനാനക്കിനെയാണ് കണ്ടതെങ്കിലും കഷ്ടമെന്നു പറയട്ടെ, ആ രൂപം പോലും എന്റെ മനസ്സിൽനിന്നും മാഞ്ഞുപോയി. അദ്ദേഹത്തെക്കുറിച്ചുള്ള ജാഗ്രദ് ദർശനങ്ങളിലൂടെ ഒത്തിരി കാര്യങ്ങൾ എന്നെ അറിയിച്ചിരുന്നു. ഉറപ്പിച്ചു പറഞ്ഞാൽ തെറ്റിപ്പോകാൻ സാധ്യതയുണ്ട്’ (പേജ്: 5).

അല്ലാഹു അറിയിച്ച കാര്യങ്ങളാണെങ്കിൽ പിന്നെ തെറ്റിപ്പോകുമെന്ന ആശങ്ക എന്തടിസ്ഥാനത്തിലാണ്? പക്ഷേ, പിന്നീടെഴുതിയ ഗ്രന്ഥങ്ങളിൽ ഗുരുനാനക് മുസ്‌ലിം സൂഫിവര്യനാണെന്നും മക്കയിൽ പോയി ഹജ്ജ് ചെയ്തിട്ടുണ്ടെന്നും മിർസയും, അദ്ദേഹം പ്രവാചകനാണെന്ന് മകൻ ഖലീഫയും എഴുതിയിട്ടുണ്ട്. എന്നാൽ ഇതിനൊന്നും ഒരു ചരിത്രരേഖയും ഇല്ലതാനും.

1500ലേറെ വഹ്‌യുകളുള്ളതായി അവകാശപ്പെടുന്ന ‘തദ്കിറ’യെ മൊത്തത്തിൽ പരിചയപ്പെടുത്താനല്ലേ പറ്റൂ. ഇനി പരാമർശമർഹിക്കുന്ന ചില വഹ്‌യുകളും ദർശനങ്ങളും തെരഞ്ഞെടുക്കാം.

പരീക്ഷയിലെ തോൽവി

മിർസാ ഗുലാം സിയാൽകോട്ട് കച്ചേരിയിൽ ഗുമസ്തനായി ജോലി നോക്കുമ്പോൾ അയാളും സുഹൃത്ത് ഭീംസേൻ അടക്കം ജില്ലയിൽനിന്ന് നിരവധി പേർ വക്കാലത്ത് പരീക്ഷ എഴുതിയിരുന്നു. അന്നേരം അല്ലാഹു ഇങ്ങനെ അറിയിച്ചുവത്രെ: ‘എല്ലാവരും തോൽക്കും; ഭീം സേനൊഴീകെ.’

‘മുപ്പതോളം പേരെ അക്കാര്യം അറിയിക്കുകയും അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഇതിലും നേരത്തെ പറഞ്ഞ മരണപ്രവചനത്തിലും വല്ലവർക്കും സംശയമുണ്ടെങ്കിൽ എന്റെ ബറാഹീനെ അഹ്‌മദിയ്യ വായിക്കുക’ (പേജ്: 6).

അല്ലാഹു മുൻകൂട്ടി പറഞ്ഞിട്ടുള്ള കാര്യം വിശ്വാസമില്ലെങ്കിൽ അക്കാര്യം അന്നേ എഴുതിവച്ചിട്ടുണ്ട്, അത് നോക്കാനാണ് പറയുന്നത് എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. 1862ലും1868ലും നടത്തിയ പ്രവചനങ്ങൾ 1884ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നോക്കാനാണ് ആവശ്യപ്പെടുന്നത്. അത് നോക്കണോ? 18, 20 വർഷങ്ങൾക്ക് ശേഷം എഴുതിവെച്ചത് നോക്കാൻ നാം മെനക്കെടണോ? വിശ്വസിച്ചാൽ പോരെ?

ആദ്യത്തെ വഹ്‌യ്

തദ്കിറയിലെ പതിമൂന്നാമത്തെ വെളിപാടാണ് ഇനി പറയുന്നത്. ഇതുവരെ ചില സ്വപ്നങ്ങൾക്കും കശ്ഫുകൾക്കും പുറമേ അറബിയിലും ഉർദുവിലും ചില വചനങ്ങൾ അല്ലാഹു അറിയിച്ചതായി പറഞ്ഞുവല്ലോ. അവയിൽ ഏതാണ് ആദ്യത്തെ വഹ്‌യ്? ആദ്യം പറഞ്ഞത് എന്ന് കരുതിയോ? ഇനി പറയാൻ പോകുന്നത് ആദ്യത്തെ വഹ്‌യിനെക്കുറിച്ചാണ്.

രാജാക്കന്മാർ വസ്ത്രാഞ്ചലത്തിൽ അനുഗ്രഹം തേടുന്നു

“1868ലോ 1869ലോ ആണ് സംഭവം. എന്റെ സഹപാഠിയായിരുന്ന അബൂ സഈദ് മുഹമ്മദ് ഹുസൈൻ ബട്ടാലവി, വലിയ മൗലവി ആയി ബട്ടാലയിൽ തിരിച്ചെത്തിയപ്പോൾ, ഏതോ വിഷയത്തിൽ സംസാരിക്കുകയും അതിനെച്ചൊല്ലി സംവാദം നടത്താൻ ചിലർ എന്നോട് പറയുകയും ചെയ്തു. അവരിലൊരാളുടെ കൂടെ ഞാൻ ബട്ടാലയിൽ ചെന്നു. പള്ളിയിൽവച്ച് കണ്ടപ്പോൾ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. പക്ഷേ, ആക്ഷേപകരമായ ഒരു കാര്യവും അദ്ദേഹം പറഞ്ഞില്ല. ഞാൻ സംവാദത്തിന് നിന്നില്ല. അപ്പോഴാണ് അല്ലാഹു എന്നെ അഭിമുഖീകരിച്ചുകൊണ്ട് ഉർദുവിൽ പറയുന്നത്: ‘നിന്റെ പ്രവൃത്തിയിൽ ദൈവം സംതൃപ്തനായി. അവൻ നിനക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകും, എത്രത്തോളമെന്നാൽ രാജാക്കന്മാർ നിന്റെ വസ്ത്രാഞ്ചലത്തിൽനിന്ന് അനുഗ്രഹം തേടും’’ (പേജ്: 8).

C) എന്ന അടുത്ത നമ്പറിൽ, ഒരു ജാഗ്രദ് ദർശനത്തിൽ ‘കുറെ രാജാക്കന്മാർ കുതിരപ്പുറത്തേറി വരുന്നതും അങ്ങേയറ്റം ആദരവോടെയും ആത്മാർഥതയോടെയും എന്റെ വസ്ത്രത്തിന്റെ തല പിടിച്ചു കൊണ്ട് അനുഗ്രഹം തേടുന്നതും കാണാനായി. ഇങ്ങനെ തന്നെ തേടിവന്ന രാജാക്കന്മാർ ബൈഅത്ത് ചെയ്യുകയും അതുവഴി ആ രാജ്യങ്ങളിലെ സമൂഹം മുഴുവൻ അനുയായിവൃന്ദത്തിൽ ചേരുകയും ചെയ്യും’ എന്ന് അല്ലാഹു അറിയിച്ചതായി എഴുതിവച്ചിരിക്കുന്നു.

D) എന്ന ഉപനമ്പറിൽ ആ രാജാക്കന്മാർ ആരാണെന്ന് വ്യക്തമാക്കുന്നു: ‘നീതിമാന്മാരും സദ്‌വൃത്തരുമായ ഒരു കൂട്ടം രാജാക്കന്മാർ അശ്വാരൂഢരായി എന്നെ സമീപിച്ചു. അവരിൽ ചിലർ ഇന്ത്യക്കാരും ചിലർ അറബികളും മറ്റുള്ളവർ പേർഷ്യ, റോം, ശാം (സിറിയ) തുടങ്ങിയ രാജ്യക്കാരും വേറെ ചിലർ എനിക്കറിയാത്ത രാജ്യക്കാരുമായിരുന്നു. ഇവരൊക്കെ നിന്നെ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും നിനക്ക് സ്വലാത്ത് ചൊല്ലുകയും പ്രാർഥിക്കുകയും ചെയ്യുമെന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു’ (പേജ്: 8,9).

ഈ ‘വഹ്‌യിലെ’ അവസാനത്തെ വചനമായ ‘രാജാക്കന്മാർ നിന്റെ വസ്ത്രത്തിൽനിന്ന് അനുഗ്രഹം തേടും’ എന്നതാണ് ഖാദിയാനി പ്രവാചകന് ലഭിച്ച ആദ്യത്തെ വഹ്‌യ് എന്ന് മിർസയുടെ മകൻ ബഷീർ അഹ്‌മദ് ‘സീറതുൽ മഹ്ദി’ എന്ന പുസ്തകത്തിൽ പറയുന്നു. മിർസയുടെ മലയാള ജീവചരിത്രകാരൻ എൻ. അബ്ദുർറഹീമിന്റെ ഗ്രന്ഥത്തിലും ഇതാണ് ആദ്യത്തെ വഹ്‌യ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (ഹസ്രത്ത് അഹ്‌മദ,് പേജ്: 67).

കൊടും ചതി

ഇതാണ് ആദ്യത്തെ വഹ്‌യ് എങ്കിൽ മിർസയുടെ ആദ്യ വഹ്‌യുതന്നെ പച്ചക്കള്ളമാണെന്ന് വരുന്നു. കാരണം, ലോകത്ത് ഒരു രാജാവും മിർസയെ തേടിയെത്തിയിട്ടില്ല. ആനുഷംഗികമായി പറയട്ടെ, 1980കളിൽ ‘ബദർ’ ഉർദു വാരികയുടെ ഒരു സ്‌പെഷ്യൽ പതിപ്പിൽ ഉദ്ധൃത വഹ്‌യിന്റെ സാക്ഷാത്കാരമായി നാലാം ഖലീഫ മീർസാ താഹിർ അഹ്‌മദിനെ ബൈഅത്ത് ചെയ്യുന്ന ആഫ്രിക്കയിലെ നാലു രാജാക്കന്മാരുടെ ഫോട്ടോ അടിക്കുറിപ്പ് സഹിതം കൊടുത്തിരുന്നു. അന്ന് അവരുടെയും രാജ്യത്തിന്റെയും പേരു പറയാൻ ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ സംസ്ഥാന നേതാക്കളെ സമീപിക്കുകയും അറിയിച്ചാൽ രാജാവ് ഒന്നിന് ആയിരം രൂപ വീതം തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഒരാളുടെ പേരുപോലും പറയാൻ അവർക്ക് സാധിച്ചില്ല. ദൈവം ഒരിക്കലും വാഗ്ദാനം ലംഘിക്കില്ല. മിർസക്ക് ലഭിച്ചത് പിന്നെ ആരുടെ വഹ്‌യായിരിക്കും?