വെറുപ്പിന്റെ കഥ കഴിയുന്നു!

ടി.കെ അശ്‌റഫ്

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

ഭാഗം: 02

ചർച്ചകളിൽ സംഘപരിവാർ പ്രതിനിധികൂടി ഉണ്ടായാലേ ചർച്ച പൂർണമാവുകയുള്ളൂ എന്ന എന്ന നിലപാടാണ് ചില ചാനലുകൾക്കുള്ളത്. ശാഖാ കേന്ദ്രങ്ങളിൽ മാത്രം പഠിപ്പിച്ചിരുന്ന വെറുപ്പിന്റെ സന്ദേശം അതുവഴി പൊതുസമൂഹത്തിലേക്കത്തുവാനും വിഭാഗീയത വളരുവാനും ഇടയാകുന്നു എന്നതല്ലാതെ അതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?

അവതാരകൻ ചോദിച്ചത് എന്താണെന്നോ ടൈറ്റിൽ എന്താണെന്നോ നോക്കുന്ന പരിപാടി ഇവർക്കില്ല . വേഗം അവരുടെ കൈയിലുള്ള, തയ്യാറാക്കി കൊണ്ടുവന്ന നോട്ട് അങ്ങോട്ട് പറഞ്ഞുതീർക്കും. അത് തീർത്തും വിഷമയമായിരിക്കും. ഇങ്ങനെ ഈ സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്ന വെട്ടുകത്തികളെ വിളിച്ചുകൊണ്ടുവന്ന് അവർക്ക് യഥേഷ്ടം സമയം കൊടുക്കുകയാണ് ചില ചാനലുകാർ. അതിനിടയിൽ അവതാരകൻ ഇടപെടൽ നടത്താതെ വിധേയത്തം കാണിക്കുകയും ചെയ്യും. അവർ പറഞ്ഞതിനെ ഖണ്ഡിക്കാനും സത്യാവസ്ഥ തുറന്നുകാട്ടുവാനും മറ്റു പാനലിസ്റ്റുകൾക്ക് സമയം തികയാറുമില്ല.

തെറിയഭിഷേകം നടത്തുന്ന യൂട്യൂബർമാരുടെ ഭാഷയും ചാനലുകളിൽ വൈകുന്നേരം വന്നിരുന്നു തർക്കവിതർക്കം നടത്തുന്നവരുടെ ഭാഷയും തമ്മിലുള്ള വ്യത്യാസത്തിന്റെ വര നേർത്തു നേർത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇതു കണ്ടുകൊണ്ടാണ് നമ്മുടെ പുതിയ തലമുറ വളർന്നുവരുന്നത് എന്ന കാര്യം ഓർക്കുക.

വെറുപ്പിനെതിരെ പ്രതികരിക്കുന്നതിന്റെ പേരിൽ ചാനലുകളുടെ നാവരിയുന്ന നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ മാധ്യമങ്ങൾക്ക് കഴിയേണ്ടതുണ്ട്. മീഡിയ വൺ ചാനലുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ സുപ്രീം കോടതിവരെ അവർ കേസിനു പോയി. ആ സമയത്ത് ബോധപൂർവം മൗനം പാലിച്ച മലയാള മാധ്യമങ്ങളുണ്ട്. ഇതൊക്കെ ഗൗരവതരമായി നമ്മൾ ചർച്ചക്കെടുക്കേണ്ട വിഷയമാണ്.

സാഹിത്യ, സാംസ്‌കാരിക പ്രവർത്തകർ മൗനം വെടിയുക

സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവർത്തകരും വെറുപ്പിന്റെ ഉപാസകർക്കെതിരിൽ ഉണർന്നു പ്രവർത്തിക്കണം. സമൂഹത്തെ ബാധിക്കുന്ന എന്ത് വിഷയം വന്നുകഴിഞ്ഞാലും പക്ഷപാതിത്തം കാണിക്കാതെ അതിൽ ഇടപെട്ടിരുന്ന സാഹിത്യ, സാംസ്‌കാരിക പ്രവർത്തകർ മുമ്പ് ഇവിടെയുണ്ടായിരുന്നു. ഇന്ന് അങ്ങനെയൊരു വിഭാഗത്തെ നമുക്ക് കാണാൻ സാധിക്കുന്നില്ല. അപൂർവം ചിലർ പ്രതികരിക്കുണ്ട് എന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇപ്പറയുന്നത്. സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവരോട് നമുക്ക് പറയാനുള്ളത് നിങ്ങൾ വിഷയങ്ങൾ നിഷ്പക്ഷമായി മനസ്സിലാക്കണമെന്നാണ്. ഇവിടുത്തെ മുസ്‌ലിംകൾ എത്രമാത്രം ക്ഷമിക്കുന്നു, വിവേകം കാണിക്കുന്നു എന്ന് നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ?

ബാബരി മസ്ജിദ് ധ്വംസനം എന്തു മാത്രം ഭീതിയും അരക്ഷിതാവസ്ഥയുമാണ് മുസ്‌ലിം സമൂഹത്തിലുണ്ടാക്കിയത് എന്ന് മനസ്സിലാക്കാത്തവരല്ല നിങ്ങൾ. പക്ഷേ, മുസ്‌ലിംകൾ സംയമനം പാലിച്ചു. നീതിപൂർണമായ വിധി സുപ്രീം കോടതിയിൽനിന്ന് പ്രതീക്ഷിച്ചു. എന്നാൽ വിധിപ്രസ്താവം നിരാശാജനകമായിരുന്നു. സുപ്രീം കോടതിയിൽനിന്നു വന്ന ഒരു വിധി എന്ന നിലയ്ക്ക് അതിന്റെ പേരിൽ ഒരു പ്രക്ഷോഭവും സംഘടിപ്പിച്ചില്ല. ഒരു പടക്കം പോലും ഇന്ത്യാ രാജ്യത്ത് അതിന്റെ പേരിൽ പ്രതിഷേധിച്ച് മുസ്‌ലിംകൾ പൊട്ടിച്ചില്ല. മുസ്‌ലിം ജനസാമാന്യം കാണിക്കുന്ന ഈ വിവേകത്തെ കാണാനും അത് പൊതുസമൂഹത്തോട് വിളിച്ചു പറയാനും സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവർ തയ്യാറാകേണ്ടതായിരുന്നില്ലേ? മാധ്യമങ്ങൾ അത് കാണേണ്ടതായിരുന്നില്ലേ?

പൗരധർമം നിറവേറ്റുക

ഭരണകൂടത്തെയും മാധ്യമങ്ങളെയും സാഹിത്യകാരന്മാരെയും പൊതുപ്രവർത്തകരെയും പഴിപറഞ്ഞ് മാറിനിൽക്കാൻ സാധാരണ പൗരന്മാർക്കും പാടില്ല. അതൊക്കെ ഭരണകൂടം ചെയ്യട്ടെ, മീഡിയകൾ ചെയ്യട്ടെ, നമുക്കൊന്നും ഇതിൽ റോളില്ല എന്ന് ആരും പറയാൻ പാടില്ല.

ജനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ള ആരൊക്കെയുണ്ടോ അവർക്കൊക്കെ ഇതിൽ അവരുടെതായ ദൗത്യം നിർവഹിക്കാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് അധ്യാപകർ. അധ്യാപക സമൂഹത്തിന്റെ കൈകളിലാണ് അടുത്ത തലമുറയുള്ളത്. അധ്യാപകർ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യാൻ തയ്യാറാകണം. വെറുപ്പിനെതിരെ സൗഹാർദത്തിന്റെ പാത കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ മുന്നോട്ടു വരണം. ഡോക്ടർമാർ, പ്രഭാഷകർ, മോട്ടിവേറ്റ് സ്പീക്കർമാർ... ഇങ്ങനെ സമൂഹത്തെ സ്വാധീനിക്കുന്ന ആരൊക്കെയുണ്ടോ അവരൊക്കെ ഈ വെറുപ്പിനെതിരിൽ രംഗത്ത് വരേണ്ടതുണ്ട്.

ഇന്ന് മിക്കയാളുകളും നവമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് ചാനൽ, വാട്‌സാപ്പ്...ഇവയിലൂടെയെല്ലാം സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാം. കമൻറുകൾ ശ്രദ്ധയോടെ ഉപയോഗിച്ചാൽ തന്നെ നല്ല മാറ്റമുണ്ടാക്കാനാകും. വെറുപ്പിന്റെ നുണക്കഥകൾ പ്രചരിപ്പിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ മാന്യമായ നിലയിൽ തുറന്നുകാട്ടാൻ തയ്യാറാകണം. ജനങ്ങൾ വെറുപ്പിനെതിരെ നിലകൊണ്ടാൽ ഭരണകൂടവും മാധ്യമങ്ങളും മറ്റുള്ളവരും ആ വഴിക്ക് വരാതിരിക്കുകയില്ല. ഭരണകൂടവും മാധ്യമങ്ങളൊക്കെ നിലപാട് സ്വീകരിക്കുന്നത് പൊതുജനത്തിന്റെ പൾസ് നോക്കിയിട്ടാണ്.

വെറുപ്പിനെതിരിൽ ഒന്നിച്ചു പോരാടാൻ കഴിയണം. സൗഹാർദം കൈവിട്ടുപോയി, നാട് ഇനി പഴയ അവസ്ഥയിലേക്ക് തിരിച്ചുവരില്ല, ഇനി എന്തു ചെയ്തിട്ടും കാര്യമില്ല എന്നു പറഞ്ഞ് നിരാശരായി ഉൾവലിയുകയല്ല നമ്മൾ ചെയ്യേണ്ടത്. നാം വളരെ സുരക്ഷിതരാണ്, സാമൂഹ്യ മാധ്യമങ്ങളിൽ ആരൊക്കെയോ വെറുപ്പ് പ്രചരിപ്പിക്കുന്നു എന്നതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കാൻ പോകുന്നില്ല, എന്നു പറഞ്ഞ് അമിതമായ ആത്മവിശ്വാസത്തോടെ കഴിയാനും പാടില്ല.

കേരള സ്റ്റോറി

ജാഗ്രത പാലിക്കൽ അനിവാര്യമായ ഒരു ഘട്ടമാണിത്. പ്രളയകാലത്ത് മതവും ജാതിയും പാർട്ടിയും നോക്കാതെ നാം ദുരിതബാധിതരെ സഹായിക്കാൻ ഓടിയെത്തി. ഏതു മതക്കാരന്റെ വീടാണെന്ന് അന്വേഷിച്ചല്ല വീടിനകത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കിക്കൊടുത്തത്. അതിനായി പോയവരുടെ കൂട്ടത്തിൽ എല്ലാ മതക്കാരും ഉണ്ടായിരുന്നു.

കരിപ്പൂരിൽ വിമാനാപകടമുണ്ടായപ്പോൾ, താനൂരിൽ ബോട്ടപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തിയതും കോവിഡിന്റെ കാലഘട്ടത്തിൽ പ്രയാസം അനുഭവിച്ചവർക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതും മറ്റു സഹായങ്ങൾ ചെയ്തതും മതമോ പാർട്ടിയോ നോക്കിയിട്ടല്ലായിരുന്നു. അതാണ് നമ്മുടെ കേരളം. അതാണ് മലയാളികൾ. ഈ സൗഹൃദത്തെ ഇല്ലാതാക്കാൻ, സൗഹൃദത്തിന്റെ നാടിനെ വെറുപ്പുകൊണ്ട് വെട്ടിമുറിക്കാൻ നാം സമ്മതിക്കരുത്.

സോഷ്യൽ മീഡിയയിൽ കാണുന്നതല്ല നമ്മുടെ കേരളം. വ്യാജ ഐഡികളെ നമ്മൾ കരുതിയിരിക്കണം. ഇരു തലയും കത്തിച്ച് വീശുകയാണ് പല വ്യാജ ഐഡികളും ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ദുഷ്ട ചിന്താഗതിക്കാരൻ മുസ്‌ലിം പേരുകളിലും ഹിന്ദു പേരുകളിലും ക്രിസ്ത്യൻ പേരുകളിലും കുറെ വ്യാജ ഐഡികൾ ഉണ്ടാക്കുക. എന്നിട്ട് ഹിന്ദു പേരിൽ വന്നിട്ട് മുസ്‌ലിംകളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക. അതിന് രൂക്ഷമായ മറുപടിയുമായി മുസ്‌ലിം പേരിലുള്ള ഐഡിയിൽനിന്ന് അയാൾതന്നെ സംസാരിക്കുക. രണ്ടിനെയും വിമർശിച്ച് ക്രിസ്ത്യൻ പേരുള്ള ഐഡിയിൽ രംഗത്തു വരിക. അങ്ങനെ ഭിന്നതയും വെറുപ്പും വളർത്തുക. ഈ കള്ളക്കളികൾ കണ്ടുപിടിക്കാനും വെറുപ്പിന്റെ വ്യാപാരികൾക്ക് കൂച്ചുവിലങ്ങിടാനും ഉത്തരവാദപ്പെട്ടവർ വിചാരിച്ചാൽ കഴിയില്ലേ?

സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന കമൻറുകൾ കണ്ണടച്ചുകൊണ്ട് നമ്മൾ ഒരിക്കലും വിശ്വസിക്കരുത്. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചറിയണം. അതിന്റെ മറുവശത്തെക്കുറിച്ച് ആലോചിക്കണം. ചരിത്രത്തിൽ നടന്ന കലാപങ്ങളിൽനിന്ന് നമ്മൾ പാഠം പഠിക്കണം. തെറ്റ് സ്വന്തക്കാർ ചെയ്താലും ഒരിക്കലും അതിന് കൂട്ടുനിന്നുകൂടാ. അതിനു കൂട്ടുനിൽക്കുന്നതിന്റെ പേരാണ് യഥാർഥത്തിൽ വർഗീയത. എന്റെ കുടുംബത്തിൽ പെട്ടയാളാണ്, എന്റ പാർട്ടിയിൽ പെട്ടയാളാണ്, എന്റെ മതത്തിൽ പെട്ടയാളാണ് തെറ്റ് ചെയ്തത് എങ്കിൽ അവനെ ഞാൻ സംരക്ഷിക്കുന്നത് വർഗീയതയാണ്. ഇത് ഒരിക്കലും ഉണ്ടാകരുത്. തെറ്റ് ആരു ചെയ്താലും അവൻ തെറ്റാണ് ചെയ്തത് എന്ന് ഉറക്കെ പറയുവാനുള്ള ആർജവം നമുക്ക് ഉണ്ടാകേണ്ടതുണ്ട്.

പരസ്പരം അറിയാനും അറിയിക്കാനും സംശയങ്ങൾ മാറ്റിയെടുക്കാനും ആരോഗ്യകരമായ സംവാദങ്ങൾ നല്ലതാണ്. വസ്തുത പുറത്തുവന്നാൽ വെറുപ്പ് പുറകോട്ട് പോകുമെന്നതിന് ഒരുപാട് തെളിവുകൾ നമ്മുടെ മുമ്പിലുണ്ട്. കേരളാ സ്റ്റോറിയിൽ ആദ്യം പറഞ്ഞത് 32,000 മുസ്‌ലിംകൾ ഐ.എസിലേക്ക് പോയി എന്നാണ്. നാലുഭാഗത്തുനിന്നും ചോദ്യം വന്നു, സ്ഥിതിവിവരക്കണക്കുകൾ വന്നു. ഫാക്ട് ചെക്ക് ചെയ്യപ്പെട്ടു. അതോടെ 32,000 എന്ന സംഖ്യ മൂന്നിലേക്ക് ചുരുങ്ങുന്ന അത്ഭുതം സംഭവിച്ചു!

മുസ്‌ലിം സമുദായത്തോട്

വടികൊടുത്ത് അടിവാങ്ങുന്ന സ്വഭാവം ഉണ്ടാകരുത്. വ്യക്തി വിശുദ്ധിയും വിവേകവും സഹനവും ഒരു കാരണവശാലും നമ്മൾ കൈവിടരുത്. ഇന്ത്യയുടെ നിലവിലെ സാഹചര്യം എടുത്ത് പരിശോധിച്ചു നോക്കൂ; ഏതു പ്രശ്‌നവും മുസ്‌ലിംകളുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം കാണാം. എന്നാൽ രാജ്യത്തു നടക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങളിൽ ആർക്കാണ് പങ്കുള്ളത്?

മണിപ്പൂർ കലാപം മുസ്‌ലിം പ്രശ്‌നമാണ് എന്നു പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ല. ഗുസ്തി താരങ്ങളുടെ സമരവും കർഷക സമരവും ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ പഴിപറയാൻ സാധ്യമല്ല. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും നീക്കി, ആം ആദ്മിയുടെ ചില മന്ത്രിമാരെ ജയിലിലടച്ചു, ഇന്ധന വില കൂടിക്കൊണ്ടേയിരിക്കുന്നു...പാചകവാതക വില കുതിച്ചുയരുന്നു. ഇതൊക്കെ ജനങ്ങൾക്കിടയിൽ അസ്വാരസ്യമുണ്ടാക്കുന്നു. ഇതൊന്നും മുസ്‌ലിംകളുടെ തലയിൽ കെട്ടിവയ്ക്കാൻ പറ്റിയ പ്രശ്‌നങ്ങളല്ല.

2024ലെ തെരഞ്ഞെടുപ്പിൽ വിജയമുറപ്പിക്കണം. ഏകസിവിൽകോഡ് കൊണ്ടുവരാനുള്ള തകൃതിയായ നീക്കം അതിന്റെ ഭാഗമാണ്. അതിൽ മുസ്‌ലിംകൾ പ്രതിഷേധിച്ച് രംഗത്തിറങ്ങും. അപ്പോൾ ഇവർക്ക് രാജ്യസ്‌നേഹമില്ലെന്നും സമത്വത്തിനെതിരാണെന്നും പറഞ്ഞ് തീവ്ര ഹിന്ദുത്വത്തിന്റെയാളുകൾ രംഗത്തിറങ്ങും; അത് വോട്ടാക്കി മാറ്റും.

ഏക സിവിൽകോഡ് നടപ്പാക്കാനാണ് ഉദ്ദേശ്യമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഉദ്ദേശിക്കുന്ന കോഡ് ഇന്നതാണ് എന്ന് പറയലാണ്. അത് ചർച്ചക്ക് വയ്ക്കലാണ്. അത് ചർച്ചക്ക് വച്ചാൽ ആദ്യം പ്രശ്‌നവും അസ്വസ്ഥതയുമുണ്ടാവുക ഇവിടുത്തെ ഹൈന്ദവർക്കിടയിലാണ്. കാരണം, അവർ ഒട്ടേറെ ജാതികളും ഉപജാതികളുമാണ്. അവരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഒരുപാട് വ്യത്യാസങ്ങളുണ്ട്. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങി പല കാര്യങ്ങളിലും ഈ വൈജാത്യം കാണാം. അതെല്ലാം ഒന്നാക്കി മാറ്റുന്നതിൽ അവർ പ്രതിഷേധിക്കും. ക്രിസ്ത്യാനികൾ പ്രതികരിക്കും, കൂട്ടത്തിൽ മുസ് ലിംകളും. അതിനെയും ഒരു മുസ്‌ലിം പ്രശ്‌നമായി മാത്രം കൊണ്ടുവരാൻ കഴിയില്ല എന്നർഥം.

ഈ തിരിച്ചറിവ് മുസ്‌ലിം സമുദായത്തിന് ഉണ്ടായിരിക്കണം. മറ്റുള്ളവരുടെ വെറുപ്പ് ഇല്ലാതാക്കാൻ ഇസ്‌ലാമിക അനുഷ്ഠാനങ്ങളിലും ആചാരങ്ങളിലും ചിഹ്നങ്ങളിലും പെട്ട പലതും ഒഴിവാക്കുക എന്ന നിലപാട് ചിലയാളുകൾ സ്വീകരിച്ചുവരുന്നുണ്ട്. താടി പ്രശ്‌നമാണെങ്കിൽ താടി വടിച്ച് കളയാം, വേഷമാണ് പ്രശ്‌നമെങ്കിൽ അതിൽ മാറ്റം വരുത്താം. കൃത്യമായി നമസ്‌കരിക്കുന്നതാണ് പ്രശ്‌നമെങ്കിൽ നമസ്‌കാരം ഒഴിവാക്കാം എന്നതാണ് അവരുടെ നിലപാട്.

ഇതൊന്നും യഥാർഥത്തിൽ വെറുപ്പിനെ ഇല്ലാതാക്കുന്ന കാര്യമല്ല. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന വേർതിരിവുണ്ടാക്കി ഇസ്‌ലാമിക കാര്യങ്ങൾ പിൻപറ്റുന്നവർ മോശം മുസ്‌ലിംകളാണെന്ന് വരുത്തിത്തീർത്ത് അങ്ങനെയൊരു പൊതുബോധ നിർമിതിക്കായുള്ള ശ്രമമാണിവിടെ നടക്കുന്നത്. അത് ചില മുസ്‌ലിംകളെയും ഇന്ന് ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലിബറലിസത്തിലേക്കാണ് അവർ നടന്നടുക്കുന്നത്.

കുറ്റകൃത്യങ്ങൾ കൂടുതൽ മുസ്‌ലിംകൾക്കിടയിലാണ് കാണപ്പെടുന്നത് എന്ന നുണപ്രചാരണവും ചിലർ നടത്തുന്നുണ്ട്, അത് ശരിയല്ല. കുറ്റകൃത്യങ്ങൾ എല്ലാ സമുദായത്തിലും ഉണ്ട്. കുറ്റകൃത്യങ്ങൾക്ക് മതമില്ല. കേരളത്തിന്റെ മുഖ്യമന്ത്രി കണക്കുനിരത്തി പറഞ്ഞത് എല്ലാ സമുദായത്തിലും അതിന്റെ ശതമാനം അനുസരിച്ച് കുറ്റകൃത്യമുണ്ട് എന്നാണ്.

എന്താണ് പരിഹാരം?

വെറുപ്പുൽപാദിപ്പിക്കുന്നത് ഭര ണസൗകര്യം ഉപയോഗിച്ചുകൊണ്ടാണ്. അതുകൊണ്ട് ഭരണമാറ്റം തന്നെയാണ് ഇതിന്റെ ശരിയായ പരിഹാരം. അതിനായി മതനിരപേക്ഷ കക്ഷികൾ ഒന്നിക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിരുദ്ധതകൊണ്ട് ഭരണപരാജയം മറച്ചുപിടിക്കാൻ ഒരിക്കലും അനുവദിക്കരുത്. മുസ്‌ലിം വിരുദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് ആളിക്കത്തുന്ന മണിപ്പൂരിലെ ആർത്തനാദങ്ങൾ അവഗണിക്കാൻ സമ്മതിക്കരുത്. വിവാദത്തിൽ ആടിയുലയുന്ന ബ്രിജ്ഭൂഷന്മാരെ ഒളിപ്പിക്കാൻ അനുവദിക്കരുത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തുണ്ടായ സാമ്പത്തിക തകർച്ച മറച്ചുപിടിക്കാൻ അനുവദിക്കരുത.് അച്ചടിച്ച 500 രൂപയുടെ നോട്ടുകെട്ടുകൾ മുഴുവൻ റിസർവ് ബാങ്കിൽ തിരിച്ചെത്താത്ത കാര്യം ചർച്ചചെയ്യപ്പെടാതെ പോകരുത്. പെട്രോളിന്റെയും ഗ്യാസിനെയും കുതിച്ചുയരുന്ന വില വിപണിയിൽ ഉണ്ടാക്കിയ പ്രത്യാഘാതം ചർച്ചയാകാതിരിക്കരുത്. മാധ്യമസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും സൂചികയിൽ ഇന്ത്യ ബഹുദൂരം പുറകോട്ട് പോയത് വെളിച്ചത്തു വരണം. പുൽവാമയിൽ സൈനികരെ കൊലയ്ക്ക് കൊടുത്തത് ആരാണെന്നത് വിസ്മരിക്കപ്പെടരുത്.

വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സമൂഹത്തെ വിഭജിക്കാൻ നല്ലമനസ്സുള്ള ഹൈന്ദവരും ക്രൈസ്തവരും മുസ്‌ലികളും ഒരിക്കലും സമ്മതിക്കില്ല എന്നതിൽ സംശയമില്ല. പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. കർണാടകയിലെ ഇവരുടെ പരാജയം അതാണ് കാണിക്കുന്നത്. കോടതികളിൽനിന്ന് വരുന്ന ചില ശുഭപ്രതീക്ഷയുടെ വിധികൾ അതാണ് സൂചിപ്പിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആചാരങ്ങളോടെ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞേക്കാം. പക്ഷേ, അവിടെ ഇരുന്നുകൊണ്ട് ഭരിക്കാൻ കഴിയണമെങ്കിൽ ഈ രാജ്യത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ കൈയൊപ്പ് അനിവാര്യമാണ്.

വിശ്വാസികൾ മനസ്സിരുത്തി ചിന്തിക്കേണ്ട ഒരു ക്വുർആൻ സൂക്തം കാണുക:‘‘നിങ്ങൾക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവർക്ക് മനഃപ്രയാസമുണ്ടാക്കും. നിങ്ങൾക്ക് വല്ല ദോഷവും നേരിട്ടാൽ അവരതിൽ സന്തോഷിക്കുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നപക്ഷം അവരുടെ കുതന്ത്രം നിങ്ങൾക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു’’ (3:120).

നാം ഒരിക്കലും പ്രതീക്ഷ കൈവിടരുത്. പുലരാത്ത ഒരു രാത്രിയും കഴിഞ്ഞുപോയിട്ടില്ല. തോരാത്ത ഒരു മഴയും പെയ്തിറങ്ങിയിട്ടില്ല. അണയാത്ത ഒരു അഗ്‌നിയും ജ്വലിച്ചിട്ടില്ല. തകർന്നടിയാത്ത നുണകളുടെ കോട്ടകൾ ഉയർന്നിട്ടില്ല. വെറുപ്പിനെ കഥ ഇവിടെ കഴിയുകയാണ്. സത്യത്തെ ഒരിക്കലും ഒരാൾക്കും കാലാകാലം മറച്ചുവയ്ക്കാനോ ഇല്ലായ്മ ചെയ്യാനോ ആകില്ല. ഒരുപക്ഷേ, അതിനെ കുറച്ചുകാലം മൂടിവയ്ക്കാൻ സാധിച്ചു എന്നു വന്നേക്കാം. എന്നാൽ അത് ഒരുനാൾ സൂര്യപ്രകാശത്തിന്റെ ശോഭയോടെ പുറത്തുവരികതന്നെ ചെയ്യും.