ശൈഖ് ജീലാനിയുടെ അക്വീദയും ഹൈതമിയുടെ ‘കടത്തിക്കൂട്ടൽ’ വാദവും 5

അബൂ ഫർഹാൻ ബിൻ യൂസുഫ്, കോട്ടക്കൽ

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

ഭാഗം: 05

അബ്ദുല്ലാഹിബ്‌നു അഹ്‌മദ് ഹമ്പലിനെ തള്ളിയാൽ മുസ്‌നദ് അഹ്‌മദും തള്ളേണ്ടിവരും. ശൈഖ് ജീലാനി വിവരിക്കുന്നത് ജീലാനിയുടെ മാത്രം അക്വീദയായിട്ടല്ല, തന്റെ പൂർവികരായ, ഇമാമു അഹ്‌ലുസ്സുന്ന എന്ന് എല്ലാവരും വിളിക്കുന്ന അഹ്‌മദുബ്‌നു ഹമ്പലിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയുംകൂടി സ്ഥിരപ്പെട്ട അഭിപ്രായമായിട്ടാണ്. അല്ലാഹുവിനെ ശരിക്കും പഠിച്ചറിഞ്ഞ ശൈഖ് ജീലാനിയും ശിഷ്യൻമാരും ഇമാം അഹ്‌മദിന്റെ അക്വീദ അല്ലാഹു മുകളിലാണെന്നും അവന്റെ വിശേഷണങ്ങൾ അക്ഷരാർഥത്തിലുള്ളതാണെന്നും അവന്റെ വചനത്തിനു ശബ്ദവും അക്ഷരങ്ങളുമുണ്ടെന്നും പറയുമ്പോൾ പിന്നെ, അതല്ല എന്നു പറയുന്നവർ തങ്ങൾക്ക് ജീലാനിയെ തിരുത്താനുള്ള അറിവുണ്ടെന്നും അദ്ദേഹം അല്ലാഹുവിനെ ശരിക്കും മനസ്സിലാക്കിയിട്ടില്ലെന്നും പറയുകയല്ലേ ചെയ്യുന്നത്? ജീലാനി പരിചയപ്പെടുത്തുന്ന ഹമ്പലി വിശ്വാസം അശ്അരികൾക്കുണ്ടോ എന്നതാണ് തർക്കം. അശ്അരികൾക്ക് മേൽപറഞ്ഞ അക്വീദയില്ലെങ്കിലോ അശ്അരികളാരും വലിയ്യാകില്ലെന്നും വരും.

ഇതോടുകൂടി സമസ്തക്കാർ പൊടിപ്പും തൊങ്ങലും ചാർത്തി കെട്ടിയുയർത്തിയ എല്ലാ ബറേൽവി ജാറവലിയ്യുകളും വലിയ്യുകളല്ല എന്നു വ്യക്തമായി. ഒരാളുടെ ജാറവും കെട്ടിയുയർത്താൻ പാടില്ല എന്നു പറഞ്ഞ ജീലാനിതന്നെ ഒരു അശ്അരിയും വലിയ്യല്ലെന്നും പറഞ്ഞതോടുകൂടി അമ്പിയാ, ഔലിയാക്കളുടെ ക്വബ്ർ കെട്ടിപ്പൊക്കാമെന്ന സമസ്തയുടെ ദുഷിച്ച ജാറവ്യവസായ ചിന്താഗതിക്കും നിലനിൽപില്ലാതായി.

ഇന്ത്യൻ ബറേൽവികളുടെ അഭിമാനവും അവർക്ക് ക്വുതുബ് മുദബ്ബിറുൽ ആലമുമായ അജ്മീർ കാജയുടെയും, മുദബ്ബിറുൽ ആലം പദവി റിസർവേഷനിലൂടെ കരസ്ഥമാക്കിയ മലപ്പുറത്തിന്റെ മമ്പുറം തങ്ങളുടെയും, പെൻഷൻ പറ്റിയിട്ടും മുദബ്ബിറൂൽ ആലം പണി ചെയ്യുന്ന കേരള ബറേൽവികളുടെ ഓമന പുത്രനായ സി.എം മടവൂരിന്റെയും, ഇവരുടെ താഴെ വരുന്ന ചില ഉടുക്കാത്ത ഔലിയാക്കളുടെയും കാര്യം അബ്ദുൽ ക്വാദിർ ജീലാനി ശരിക്കും തീർത്തു! ഇടയ്ക്കിടക്ക് ‘അല്ലാഹുവിന്റെ റസൂലിനെ നേരിൽ കണ്ട്’ റസൂലിന്റെ ‘ക്ലോസ് ഫ്രണ്ടായി’ മാറിയ കുണ്ടൂരിന്റെയും അദ്ദേഹത്തിന് ‘റസൂലുല്ലാഹി നേരിൽ പരിചയപ്പെടുത്തിക്കൊടുത്ത’ കാന്തപുരത്തിന്റെയും കാര്യം പറയേണ്ടതില്ലല്ലോ!

അശ്അരികൾ വലിയ്യായിട്ടില്ല, ആവുകയുമില്ല എന്ന ജീലാനിയുടെ പ്രയോഗംമൂലം സമസ്തക്കാർക്ക് ഔലിയാക്കളെ നഷ്ടപ്പെട്ടു എന്നു മാത്രമല്ല, അദ്ദേഹം കിതാബുൽ ഗുൻയഃയിൽ പറഞ്ഞ സലഫി അക്വീദ സ്ഥിരപ്പെടുകയും, അതിൽ കടത്തിക്കൂട്ടൽ നടന്നുവെന്ന ബറേൽവി-അശ്അരി വാദം ജലരേഖയായി മാറുകയും ചെയ്തു. കിതാബുൽ ഗുൻയഃയിൽ കടത്തിക്കൂട്ടൽ നടന്നുവെന്നാരോപിക്കുന്ന ഹൈതമിക്കും കൂട്ടർക്കും ഔലിയാക്കളെ മനസ്സിലായില്ലെന്നും ഇതിലൂടെ വ്യക്തമായി.

ജീലാനിയുടെ പേരിൽ പൊടിപ്പും തൊങ്ങലും വെച്ച് ഉള്ളതും ഇല്ലാത്തതും തട്ടിവിട്ട മുഹ്‌യിദ്ദീൻ മാലക്കാരനും, അദ്ദേഹത്തിന്റെ പേരിൽ ക്വുതുബിയ്യത്തുണ്ടാക്കിയ; കുതിരപ്പട്ടാണി എന്ന് ഇ.കെ.അബൂബക്കർ മുസ്‌ലിയാർ വിമർശിച്ചു വിളിച്ച സ്വദക്വത്തുല്ലാഹിൽ കാഹിരിയും, പാങ്ങിൽ അഹ്‌മദ് കുട്ടി മുസ് ലിയാരും മറ്റു ക്വുതുബിയ്യത്ത് വീരൻമാരും ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയെ സംബന്ധിച്ചിടത്തോളം വഴിപിഴച്ചവരും പിഴപ്പക്കുന്നവരും കൂടിയാണ്. ഇപ്പറഞ്ഞവർക്കെല്ലാം ജീലാനി അല്ലാഹുവിനു കണ്ണും വിരലും വൈകല്യമുള്ള രണ്ടു വലതുകൈയുമുള്ള (അവയവവാദിയായ) മുജസ്സിമുമാണ്. മക്കാമുശ്‌രിക്കുകൾ ഇബ്‌റാഹിമീ പാരമ്പര്യം അവകാശപ്പെട്ടതുപോലെ നമ്മുടെ ബറേൽവി-സമസ്ത സുഹൃത്തുക്കളും ജീലാനി പാരമ്പര്യം അവകാശപ്പെടുന്നു എന്നു മാത്രം. രണ്ടും വൈരുധ്യങ്ങളുടെ കലവറ തന്നെ.

തെളിവ് എട്ട്

ശൈഖിന്റെ സ്വന്തം ശിഷ്യൻ മഖ്ദസി

ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയെപ്പോലെ ഹമ്പലി അക്വീദ വിവരിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മഖ്ദസി ഒരു പിശുക്കും കാണിച്ചിരുന്നില്ല. ശൈഖിന്റെ പാത പിന്തുടർന്ന ശിഷ്യന് തൽഫലമായി അക്കാലത്തെ അശ്അരികളിൽനിന്നും ധാരാളം പീഡനങ്ങളും പ്രയാസങ്ങളും ഏൽക്കേണ്ടിവന്നിട്ടുണ്ട്. പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. പുത്തൻവാദി, മുജസ്സിം, മതനിഷേധി തുടങ്ങിയ ആക്ഷേപങ്ങൾവരെ കേൾക്കേണ്ടിവന്നിട്ടുണ്ട്.

അദ്ദേഹം വലിയ ഹദീസ് പണ്ഡിതനും പ്രസിദ്ധ ഹദീസ് ഗ്രന്ഥമായ ‘ഉംദതുൽ അഹ്കാമി’ന്റെ രചയിതാവുമാണ്. അദ്ദേഹത്തിന്റെ ‘അൽകമാലു ഫീ അസ്മാഇർരിജാൽ’ എന്ന, സ്വിഹാഹുസ്സിത്തയിലെ പരമ്പര(സനദ്)യിലുള്ള റിപ്പോർട്ടർമാരുടെ ചരിത്രം ഒന്നിച്ചു വിവരിക്കുന്ന ഗ്രന്ഥം ആധികാരികവും ആദ്യത്തെതുമാണ്. ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രമുഖ സലഫി അക്വീദക്കാരനും ഹാഫിദ്വ് ഇബ്‌നു കസീറിന്റെ ഭാര്യാപിതാവുമായ ഹാഫിദ്വുൽ മിസ്സി(റഹി) ഹദീസ് റിപ്പോർട്ടർമാരുടെ ചരിത്രം വിവരിക്കുന്ന ‘തഹ്ദീബുൽ കമാൽ’ എന്ന പ്രമുഖ ഗ്രന്ഥം രചിച്ചിട്ടുള്ളത്. ഇതിന് രൂപമാറ്റം വരുത്തി എഴുതിയതാണ് ഇബ്‌നു ഹജറുൽ അസ്‌ക്വലാനി(റഹി)യുടെ ‘തഹ്ദീബുത്തഹ്ദീബ്.’ ഹദീസ് രംഗത്ത് എല്ലാവരുടെയും അവലംബം അബ്ദുൽ ഗ്വനിയ്യുൽ മഖ്ദസിയാണെന്നും മഖ്ദസിയെ തള്ളിയാൽ ഹദീസുകൾ സീകരിക്കാൻ പ്രയാസം വരുമെന്നും വ്യക്തം.

‘മുജ-ജമകൾക്കു’ സലാം പറയാൻ പാടില്ലെന്നു പറയുന്ന കേരള സമസ്ത-ബറേൽവി സഹോദരങ്ങൾക്ക്, അവർ ‘പുത്തൻവാദി’ (മുബ്തദിഅ്) എന്നു മുദ്രകുത്തുന്ന ശൈഖുൽ ഇസ്‌ലാം ഇബ്‌തൈമിയ്യ(റഹി)യുടെ ജനാസ നമസ്‌കാരത്തിനു നേതൃത്വം നൽകിയ ഹാഫിദ്വു മിസ്സി(റഹി)യെയും, സലഫീ അക്വീദയിലേക്ക് ആളുകളെ ക്ഷണിച്ച അബ്ദുൽ ഗനിയ്യുൽ മഖ്ദസി(റഹി)യെയും എങ്ങനെയാണ് സീകരിക്കാൻ പറ്റുക?

തന്റെ മകനായ താജുദ്ദീൻ സുബ്ക്വിയെ, അല്ലാഹു ഉപരിലോകത്താണെന്നു പറഞ്ഞ് ഗ്രസ്ഥങ്ങളെഴുതിയ ഹാഫിദ്വ് ദഹബിയുടെ അടുത്തേക്കും സലഫീ അക്വീദക്കാരനായ ഹാഫിദ്വ് മിസ്സിയുടെ അടുത്തേക്കും വിവാദ കാലഘട്ടത്തിൽ പറഞ്ഞയച്ച, ഇബ്‌നു തൈമിയ്യക്കു തർദിയത്തു ചൊല്ലിയ തക്വിയുദ്ദീൻ സുബ്കിയെയും ബറേൽവി സുഹൃത്തുക്കൾക്ക് അവിശ്വസിക്കേണ്ടിവരും. ഇങ്ങനെ എല്ലാവരെയും തള്ളിക്കളയാൻ വിധിക്കപ്പെട്ട ഒരുകൂട്ടം മുക്വല്ലിദുകളുടെ (അന്ധമായി അനുകരിക്കുന്നവരുടെ) മദ്ഹബാണ് സമസ്ത ബറേൽവികളുടെത്. ഏതായാലും, അശ്അരികൾക്കും സൂഫികൾക്കും സമസ്ത ബറേൽവികൾക്കും അവലംബിക്കൽ നിർബന്ധമായ ശൈഖ് അബ്ദുൽ ക്വാദിർ ജീലാനിയുടെ ശിഷ്യനായ മഖ്ദസിയുടെ അക്വീദ അൽപം വിവരിക്കാം.

(തുടരും)