പ്രവാചകന്മാർ; ദൗത്യവും സന്ദേശവും

ഉസ്മാന്‍ പാലക്കാഴി

2023 മാർച്ച് 11, 1444 ശഅ്ബാൻ 18

ഭാഗം 2

പ്രവാചകന്മാർ മജ്ജയും മാംസവുമുള്ള, വികാരങ്ങളുമുള്ള മനുഷ്യരായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവർ മനുഷ്യരാകയാൽ വിശപ്പ്, ദാഹം, ഉറക്കം, രോഗം, ക്ഷീണം പോലുള്ളതെല്ലാം അവർക്കുമുണ്ടായിരുന്നു. അവർ ഭക്ഷണം കഴിച്ചിരുന്നു. ദാഹിക്കുമ്പോൾ വെള്ളം കുടിച്ചിരുന്നു. വിവാഹം ചെയ്തിരുന്നു. അവർക്ക് സന്താനങ്ങൾ ഉണ്ടായിരുന്നു. പലരും ശത്രുക്കളാൽ കൊല്ലപ്പെടുക പോലും ചെയ്തിട്ടുണ്ട്. ദിവ്യത്വത്തിന്റെ യാതൊന്നും അവർക്കില്ല. അല്ലാഹു അറിയിച്ചുകൊടുക്കുന്നതല്ലാത്ത മറഞ്ഞ കാര്യങ്ങൾ (ഗൈബ്) അവരറിയില്ല.

പ്രവാചകന്മാരുടെ കാര്യത്തിൽ അതിരു കവിയാതിരിക്കലും അല്ലാഹു അവർക്ക് നൽകിയ സ്ഥാനമാനങ്ങളെക്കാൾ അവരെ ഉയർത്താതിരിക്കുക എന്നതും വിശ്വാസികളുടെ കടമയാണ്.

മഹ്ശറിന്റെ ഭയാനകതയിൽ പരീക്ഷണങ്ങൾ കഠിനമാവുകയും കാത്തിരിപ്പിന് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ആളുകൾ ഉന്നത പദവിക്കാരായ നബിമാരെ തങ്ങളുടെ രക്ഷിതാവിങ്കൽ ശഫാഅത്ത് പറയുവാനായി അന്വേഷിക്കും. നബിമാരിൽ ഓരോരുത്തരെയും സമീപിച്ച് അവർക്ക് അല്ലാഹുവിങ്കലുള്ള ആദരവ് എണ്ണിപ്പറഞ്ഞ് ഈ ഉത്തരവാദിത്തം ഏൽക്കുവാൻ ആളുകൾ ആവശ്യപ്പെടും. അവരോരുത്തരും തന്റെ ശേഷക്കാരനിലേക്ക് ബാധ്യതയേൽപിക്കുകയും തനിക്കുള്ള ഒഴിവുകഴിവ് പറയുകയും ചെയ്യും. അതോടെ ആളുകൾ അന്തിമദൂതനും അശ്‌റഫുൽ ഖൽക്വുമായ തിരുനബി ﷺ യെ സമീപ്പിക്കുകയായി. തിരുനബി പൂർവ്വികരും പിൽകാലക്കാരും ഒരുപോലെ വാഴ്ത്തുന്നതായ വേദിയിൽ അഥവാ മക്വാമുൻമഹ്‌മൂദിൽ എഴുന്നേറ്റ് നിൽക്കുകയും അനുവാദം തേടുകയും ചെയ്യും. അനുവാദം നേടിയാൽ അല്ലാഹുവെ വാഴ്ത്തി പുകഴ്ത്തി അവനോട് ശഫാഅത്ത് നടത്തുകയും തിരുനബിക്ക് ഉത്തരം ലഭിക്കുകയും ചെയ്യും.

 

അറിവുകൊണ്ടും കർമംകൊണ്ടും വിശ്വാസത്തിലും സ്വഭാവത്തിലും സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരാണ് പ്രവാചകന്മാർ. ഏറ്റവും ഭക്തരും നീതിമാന്മാരുമാണവർ. മാതൃകാപരമായ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. അവരെക്കുറിച്ച് ക്വുർആനും സുന്നത്തും വിവരിച്ച ചരിത്രസംഭവങ്ങളിൽ വിശ്വസിക്കൽ മുസ്‌ലിമിന്റെ ബാധ്യതയാണ്. ക്വുർആനിൽ പേരു പറഞ്ഞ 25 നബിമാരാണുള്ളത്. പേര് പരാമർശിക്കാത്ത പ്രവാചകന്മാരുമുണ്ട്. അവരിലെല്ലാം വിശ്വസിക്കേണ്ടതുണ്ട്.

 

പ്രവാചകന്മാരിലുള്ള വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങൾ മുൻ ലേഖനത്തിലൂടെ നാം മനസ്സിലാക്കി. പ്രവാചകന്മാർ മജ്ജയും മാംസവുമുള്ള, വികാരങ്ങളുമുള്ള മനുഷ്യരായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അവർ മനുഷ്യരാകയാൽ വിശപ്പ്, ദാഹം, ഉറക്കം, രോഗം, ക്ഷീണം പോലുള്ളതെല്ലാം അവർക്കുമുണ്ടായിരുന്നു. അവർ ഭക്ഷണം കഴിച്ചിരുന്നു. ദാഹിക്കുമ്പോൾ വെള്ളം കുടിച്ചിരുന്നു. വിവാഹം ചെയ്തിരുന്നു. അവർക്ക് സന്താനങ്ങൾ ഉണ്ടായിരുന്നു. പലരും ശത്രുക്കളാൽ കൊല്ലപ്പെടുക പോലും ചെയ്തിട്ടുണ്ട്. ദിവ്യത്വത്തിന്റെ യാതൊന്നും അവർക്കില്ല. അല്ലാഹു അറിയിച്ചുകൊടുക്കുന്നതല്ലാത്ത മറഞ്ഞ കാര്യങ്ങൾ (ഗൈബ്) അവരറിയില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ഏതാനും ക്വുർആൻ സൂക്തങ്ങൾ കാണുക:

“എന്നിട്ട് അവർ കരാർ ലംഘിച്ചതിനാലും, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകൻമാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകൾ അടഞ്ഞുകിടക്കുകയാണ് എന്ന് അവർ പറഞ്ഞതിനാലും (അവർ ശപിക്കപ്പെട്ടിരിക്കുന്നു)...’’(4:155).

“മൂസായ്ക്ക് നാം ഗ്രന്ഥം നൽകി. അദ്ദേഹത്തിന് ശേഷം തുടർച്ചയായി നാം ദൂതൻമാരെ അയച്ചുകൊണ്ടിരുന്നു. മർയമിന്റെ മകനായ ഈസാക്ക് നാം വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തിന് നാം പരിശുദ്ധാത്മാവിന്റെ പിൻബലം നൽകുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ മനസ്സിന് പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, ചില ദൂതൻമാരെ നിങ്ങൾ തള്ളിക്കളയുകയും, മറ്റുചിലരെ നിങ്ങൾ വധിക്കുകയും ചെയ്യുകയാണോ?’’ (2:87).

“(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തൽ എന്റെ അധീനത്തിൽ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യ കാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിത്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്’’ (7:188).

“(നബിയേ,) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നൽകപ്പെടുന്നു...’’ (18:110).

“അവർ പറഞ്ഞു: ഈ ദൂതൻ എന്താണിങ്ങനെ? ഇയാൾ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്തുകൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?’’ (25:7).

“ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ നിനക്ക് മുമ്പ് ദൂതൻമാരിൽ ആരെയും നാം അയക്കുകയുണ്ടായിട്ടില്ല...’’ (25:7,20).

“നിനക്ക് മുമ്പും നാം ദൂതൻമാരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് നാം ഭാര്യമാരെയും സന്താനങ്ങളെയും നൽകിയിട്ടുണ്ട്...’’ (13:38).

ഇബ്‌റാഹിം നബിയുടെ വാക്കുകളായി ക്വുർആനിൽ ഇങ്ങനെ കാണാം:

“എനിക്ക് ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ. എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ’’ (26:79-81).

പ്രവാചകന്മാരുടെ കാര്യത്തിൽ അതിരു കവിയാതിരിക്കലും അല്ലാഹു അവർക്ക് നൽകിയ സ്ഥാനമാനങ്ങളെക്കാൾ അവരെ ഉയർത്താതിരിക്കുക എന്നതും വിശ്വാസികളുടെ കടമയാണ്. അല്ലാഹു പറയുന്നു:

“വേദക്കാരേ, നിങ്ങൾ മതകാര്യത്തിൽ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരിൽ വാസ്തവമല്ലാതെ നിങ്ങൾ പറയുകയും ചെയ്യരുത്. മർയമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും മർയമിലേക്ക് അവൻ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങൾ പറയരുത്. നിങ്ങളുടെ നന്മയ്ക്കായി നിങ്ങൾ (ഇതിൽനിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യൻ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതിൽനിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകർത്താവായി അല്ലാഹു തന്നെ മതി’’ (4:171).

നബി ﷺ പറഞ്ഞു: “മർയമിന്റെ മകനെ നസ്വാറാക്കൾ അമിതമായി പുകഴ്ത്തിയതുപോലെ നിങ്ങളെന്നെ പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിന്റെ അടിമയാണ്. അതിനാൽ അല്ലാഹുവിന്റെ ദാസനെന്നോ ദൂതനെന്നോ നിങ്ങൾ പറഞ്ഞുകൊള്ളുക’’ (ബുഖാരി).

ചില പ്രവാചകന്മാർ മറ്റുചിലരെക്കാൾ ശ്രേഷ്ഠതയുള്ളവരാണെന്ന് അല്ലാഹു അറിയിക്കുന്നു. പക്ഷേ, ആരെയും ഇകഴ്ത്തുവാൻ പാടില്ല. എല്ലാവരെയും അംഗീകരിക്കേണ്ടതുണ്ട്.

“ആ ദൂതൻമാരിൽ ചിലർക്ക് നാം മറ്റു ചിലരെക്കാൾ ശ്രേഷ്ഠത നൽകിയിരിക്കുന്നു. അല്ലാഹു (നേരിൽ) സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്. അവരിൽ ചിലരെ അവൻ പല പദവികളിലേക്ക് ഉയർത്തിയിട്ടുമുണ്ട്...’’(2:253),

“നിന്റെ രക്ഷിതാവ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. തീർച്ചയായും പ്രവാചകൻമാരിൽ ചിലർക്ക് ചിലരെക്കാൾ നാം ശ്രേഷ്ഠത നൽകിയിട്ടുണ്ട്...’’ (17:55).

പ്രവാചകന്മാരിൽ ഉൽകൃഷ്ടർ ‘ഉലുൽ അസ്മു’(ദൃഢമനസ്‌കർ)കളാണ്. നൂഹ്(അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് ﷺ എന്നിവരാണ് ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടവർ.

“ആകയാൽ ദൃഢമനസ്‌കരായ ദൈവദൂതൻമാർ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്...’’(46:35).

“പ്രവാചകൻമാരിൽ നിന്ന് തങ്ങളുടെ കരാർ നാം വാങ്ങിയ സന്ദർഭം (ശ്രദ്ധേയമാണ്). നിന്റെ പക്കൽനിന്നും നൂഹ്, ഇബ്‌റാഹീം, മൂസാ, മർയമിന്റെ മകൻ ഈസാ എന്നിവരിൽനിന്നും (നാം കരാർവാങ്ങിയ സന്ദർഭം). ഗൗരവമുള്ള ഒരു കരാറാണ് അവരിൽനിന്നെല്ലാം നാം വാങ്ങിയത്’’ (33:7),.

“നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം- നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക എന്നകാര്യം- അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു...’’(42:13).

അവരിൽ പ്രധാനി മുഹമ്മദ് നബി ﷺ യാണ്. മഹ്ശറിൽ ശുപാർശ ചെയ്യാനുള്ള പ്രത്യേകമായ അനുമതിയും പദവിയും അല്ലാഹു അദ്ദേഹത്തിനാണ് നൽകുക.

ജനങ്ങളെ മഹ്ശറിന്റെ ഭീതിയിൽനിന്നും ഭയാനകതയിൽനിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി രക്ഷിതാവിങ്കൽ ശഫാഅത്ത് പറയുവാനായി ആളുകൾ പല നബിമാരെയും സമീപിക്കും. മഹ്ശറിന്റെ ഭയാനകതയിൽ പരീക്ഷണങ്ങൾ കഠിനമാവുകയും കാത്തിരിപ്പിന് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ആളുകൾ ഉന്നത പദവിക്കാരായ നബിമാരെ തങ്ങളുടെ രക്ഷിതാവിങ്കൽ ശഫാഅത്ത് പറയുവാനായി അന്വേഷിക്കും.

ആദം(അ), ഉലുൽഅസ്മിൽപെട്ട നൂഹ്(അ), ഇബ്‌റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നീ നബിമാരിൽ ഓരോരുത്തരെയും സമീപിച്ച് അവർക്ക് അല്ലാഹുവിങ്കലുള്ള ആദരവ് എണ്ണിപ്പറഞ്ഞ് ഈ ഉത്തരവാദിത്തം ഏൽക്കുവാൻ ആളുകൾ ആവശ്യപ്പെടും. അവരോരുത്തരും തന്റെ ശേഷക്കാരനിലേക്ക് ബാധ്യതയേൽപിക്കുകയും തനിക്കുള്ള ഒഴിവുകഴിവ് പറയുകയും ചെയ്യും. അതോടെ ആളുകൾ അന്തിമദൂതനും അശ്‌റഫുൽ ഖൽക്വുമായ തിരുനബി ﷺ യെ സമീപ്പിക്കുകയായി. തിരുനബി പൂർവ്വികരും പിൽകാലക്കാരും ഒരുപോലെ വാഴ്ത്തുന്നതായ വേദിയിൽ അഥവാ മക്വാമുൻമഹ്‌മൂദിൽ എഴുന്നേറ്റ് നിൽക്കുകയും അനുവാദം തേടുകയും ചെയ്യും. അനുവാദം നേടിയാൽ അല്ലാഹുവെ വാഴ്ത്തി യും പുകഴ്ത്തിയും അവനോട് ശഫാഅത്ത് നടത്തുകയും തിരുനബിക്ക് ഉത്തരം ലഭിക്കുകയും ചെയ്യും.

അല്ലാഹു അനുവാദമേകുമ്പോൾ തിരുനബിയാണ് പ്രസ്തുത ശഫാഅത്തിനർഹനും അതിന്റെ വക്താവും. ശഫാഅത്തിന്റെ വിഷയത്തിൽ ഹദീസുകൾ ധാരാളമാണ്. അനസ് ഇബ്‌നുമാലികിൽ നിന്നും ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസ് കാണുക: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

“അന്ത്യനാളായാൽ ജനങ്ങൾ ചിലർ ചിലരിലേക്ക് ചലിക്കും. അങ്ങനെ അവർ ആദമിന്റെ അരികിൽ എത്തും. അവർ പറയും: താങ്കൾ, താങ്കളുടെ സന്തതികൾക്കായി ശഫാഅത്ത് പറയുക. അപ്പോൾ ആദം(അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ‘ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ ഇബ്‌റാഹീ(അ)മിനെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ ഖലീൽ ആകുന്നു.’ അങ്ങനെ അവർ ഇബ്‌റാഹീമിന് അരികിൽ എത്തും. അപ്പോൾ ഇബ്‌റാഹീം(അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ‘ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ മൂസാ(അ)യെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ കലീം ആകുന്നു.’ അങ്ങനെ മൂസായുടെ അടുക്കൽ എത്തപ്പെടും. അപ്പോൾ മൂസാ(അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ‘ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ ഈസാ(അ)യെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ റൂഹും കലിമത്തുമാകുന്നു.’ അങ്ങനെ ഈസായുടെ അടുക്കൽ എത്തപ്പെടും. ഈസാ(അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ‘ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ മുഹമ്മദി ﷺ നെ സമീപിക്കുക.’ അങ്ങനെ എന്റെ അടുക്കൽ എത്തപ്പെടും. ഞാൻ പറയും: ‘അതിന് ഞാൻ ഉണ്ട്.’ ശേഷം ഞാൻ പോകും. അങ്ങനെ എന്റെ റബ്ബിനോട് അനുവാദം തേടും. അപ്പോൾ എനിക്ക് അനുവാദം നൽകപ്പെടും. ഞാൻ റബ്ബിനു മുമ്പിൽ നിൽക്കുകയും സ്തുതി വചനങ്ങൾകൊണ്ട് അവനെ വാഴ്ത്തുകയും ചെയ്യും. ഇപ്പോഴാണെങ്കിൽ എനിക്ക് അതിന് കഴിയുകയില്ല. (അത്രയും അന്ന് ഞാൻ അല്ലാഹുവിനെ വാഴ്ത്തും). അല്ലാഹു അതിന് എനിക്ക് ബോധനമേകും. ശേഷം ഞാൻ നമ്മുടെ രക്ഷിതാവിന് സുജൂദ് ചെയ്യുന്നവനായി വീഴും. അപ്പോൾ എന്നോട് പറയപ്പെടും: ‘മുഹമ്മദ്, താങ്കളുടെ തലയുയർത്തൂ. താങ്കൾ പറഞ്ഞുകൊള്ളുക. താങ്കളുടെ സംസാരം കേൾക്കപ്പെടും. താങ്കൾ ചോദിച്ചുകൊള്ളുക. താങ്കൾക്ക് നൽകപ്പെടും. താങ്കൾ ശഫാഅത്ത് പറഞ്ഞുകൊള്ളുക. താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും...’’

ഇങ്ങനെയാണ് നബി ﷺ അശ്ശഫാഅത്തുൽക്വുബ്‌റാ നിർവഹിക്കുക. മറ്റൊരു റിപ്പോർട്ടിൽ ഈ വിഷയത്തിൽ ഇപ്രകാരം കാണാം: “അങ്ങനെ അടിമകൾക്കിടയിൽ വിധിതീർപ്പാക്കപ്പെടുന്നതിനു വേണ്ടി നബി ﷺ ശഫാഅത്ത് നടത്തും’’ (ബുഖാരി)

മുഹമ്മദ് നബി ﷺ ക്ക് പ്രത്യേകമായി ‘സ്തുത്യർഹമായ സ്ഥാനം’ (മക്വാമൻ മഹ്‌മൂദൻ) ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു:

“രാത്രിയിൽനിന്ന് അൽപസമയം നീ ഉറക്കമുണർന്ന് അതോടെ (ക്വുർആൻ പാരായണത്തോടെ) നമസ്‌കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകർമമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യർഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം’’ (17:79).

നബി ﷺ പറയുന്നു: “അന്ത്യനാളിൽ ഞാൻ സ്വർഗകവാടത്തിങ്കലെത്തി വാതിൽ തുറക്കാനാവശ്യപ്പെടും. അപ്പോൾ അതിന്റെ കാവൽക്കാരൻ ചോദിക്കും: ‘താങ്കളാര്?’ ഞാൻ പറയും: ‘മുഹമ്മദ്.’ അപ്പോൾ പറയും: ‘താങ്കൾക്ക് മുമ്പായി മറ്റാർക്കും ഇത് തുറക്കരുതെന്ന് എന്നോട് ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു’’ (മുസ്‌ലിം).

നബി ﷺ പറയുന്നു: “അന്ത്യനാളിൽ ഞാൻ ആദം സന്തതികളുടെ നേതാവായിരിക്കും. ആദ്യമായി ക്വബ്ർ പിളർന്ന് പുറത്ത് വരുന്നതും ആദ്യശുപാർശകനും ശുപാർശ ചെയ്യിക്കുന്നവനും ഞാനാണ്’’ (മുസ്‌ലിം).

അറിവുകൊണ്ടും കർമംകൊണ്ടും വിശ്വാസത്തിലും സ്വഭാവത്തിലും സൃഷ്ടികളിൽ ഏറ്റവും ഉൽകൃഷ്ടരാണ് പ്രവാചകന്മാർ. ഏറ്റവും ഭക്തരും നീതിമാന്മാരുമാണവർ. മാതൃകാപരമായ ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്.

അവരെക്കുറിച്ച് ക്വുർആനും സുന്നത്തും വിവരിച്ച ചരിത്രസംഭവങ്ങളിൽ വിശ്വസിക്കൽ മുസ്‌ലിമിന്റെ ബാധ്യതയാണ്. ക്വുർആനിൽ പേരു പറഞ്ഞ 25 നബിമാരാണുള്ളത്. പേര് പരാമർശിക്കാത്ത പ്രവാചകന്മാരുമുണ്ട്. അവരിലെല്ലാം വിശ്വസിക്കേണ്ടതുണ്ട്.

“നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതൻമാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതൻമാരെയും (നാം നിയോഗിക്കുകയുണ്ടായി)...’’(4:164).

“നിനക്ക് മുമ്പ് നാം പല ദൂതൻമാരെയും അയച്ചിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല...’’(40:78).

ഏതെങ്കിലും ഒരു പ്രവാചകന്റെ പ്രവാചകത്വം നിഷേധിച്ചാൽ സർവപ്രവാചകന്മാരെയും നിഷേധിച്ചതിന് തുല്യമാണത്:

“നൂഹിന്റെ ജനതയേയും (നാം നശിപ്പിച്ചു). അവർ ദൂതൻമാരെ നിഷേധിച്ചു കളഞ്ഞപ്പോൾ നാം അവരെ മുക്കി നശിപ്പിച്ചു...’’ (25:37). “നൂഹിന്റെ ജനത ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി’’(26:105). “ആദ് സമുദായം ദൈവദൂതൻമാരെ നിഷേധിച്ചുതള്ളി’’ (26:123). “സമൂദ് സമുദായം ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി’’ (26:141).