പുലരാത്ത പ്രവചനങ്ങളും ന്യായീകരണങ്ങളും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 സെപ്തംബർ 09 , 1445 സ്വഫർ 24

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര - 32)

ഫലം തടഞ്ഞുവച്ചു!

മിർസാ ഖാദിയാനി വീണ്ടും: “അഹ്‌മദ് ബേഗിന്റെ മരണം അദ്ദേഹത്തിന്റെ ബന്ധുക്കളെ ചകിതരാക്കി. ചിലർ താണുകേണ് എന്നോടപേക്ഷിച്ചു; താങ്കൾ പ്രാർഥിക്കുക. ഞങ്ങളെ രക്ഷിക്കുക. അവരുടെ പരിഭ്രമവും വെപ്രാളവും വിനയവും കണ്ട് അല്ലാഹു പ്രവചനസാക്ഷാത്കാരം നീട്ടിവച്ചു’’ (ഹഖീഖതുൽ വഹ്‌യ്, പേജ് 187).

വിവാഹം തൽക്കാലത്തേക്ക് നീട്ടിവച്ചിരിക്കയാണെന്ന് മിർസാ ഖാദിയാനി ആശ്വസിക്കുന്നു. എന്നാൽ പ്രസ്തുത കൃതിയുടെ അനുബന്ധത്തിൽ തന്നെ അദ്ദേഹം വീണ്ടും എഴുതി:

“ഞാനും ആ സ്ത്രീയും തമ്മിലുള്ള നിക്കാഹ് ആകാശത്തുവച്ച് നടന്നുവെന്ന് ഇൽഹാമിലുള്ളത് ശരിയാണ്. എന്നാൽ ആകാശത്തു നടന്ന കാര്യം ഭൂമിയിൽ പ്രകടമാവാൻ അല്ലാഹുതന്നെ ചില ഉപാധികൾ വച്ചിരുന്നു. അക്കാര്യം അന്നേ പ്രഖ്യാപിച്ചതുമാണ്.

‘ഹേ സ്ത്രീ, പശ്ചാത്തപിക്കുക, പശ്ചാത്തപിക്കുക. തീർച്ചയായും ആപത്ത് നിന്നെ പിന്തുടരുന്നു.’ അവർ ഈ ഉപാധി അംഗീകരിച്ചതോടെ വിവാഹം ദുർബലപ്പെട്ടു. അല്ലെങ്കിൽ നീട്ടിവെച്ചു.’’(അതേ പുസ്തകം, പേജ് 133).

ഇത് സംബന്ധമായ 1886 ജനുവരിയിലെ രണ്ട് ‘ജാഗ്രദ് ദർശനങ്ങൾ’ തദ്കിറയിൽ കാണാം.

“ഞാൻ ഉറക്കിനും ഉണർച്ചക്കുമിടയിലായിരിക്കെ ഈ കുടുംബത്തെക്കുറിച്ച് ചില കാര്യങ്ങൾ അല്ലാഹു അറിയിച്ചുതന്നു. അഹ്‌മദ് ബേഗിന്റെ സഹധർമിണിയെ കാണുമ്പോൾ അവൾ ഏറെ ദുഃഖിതയും പരിഭ്രമ ചിത്തയുമായിരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടപ്പോൾ ഞാനും ദുഃഖഭാരത്താൽ വിറകൊണ്ടു. ഞാൻ അവളോട് പറഞ്ഞു: ‘അല്ലയോ സ്ത്രീ, പശ്ചാത്തപിക്കുക. നിന്റെ കുടുംബത്തിൽ ആപത്ത് ഇറങ്ങാൻ പോകുന്നു; നിന്റെ മകളിലും ദൗഹിത്രിയിലും.’ അതുകൊണ്ട് ഉദ്ദേശിച്ചത് അവളുടെ മകൾക്കും മകളുടെ മകൾക്കും വരാൻ പോകുന്ന കൊടിയ ആപത്തുകളാണെന്ന് അല്ലാഹു എന്റെ മനസ്സിലേക്ക് ഇട്ടുതന്നു.’’(പേജ് 107-108).

ആകാശത്തുവച്ച് ‘അല്ലാഹുവിന്റെ കാർമികത്വത്തിൽ നടന്ന,’ മഹത്തായ ദിവ്യാടയാളമാവേണ്ടിയിരുന്ന വിവാഹം ദുർബലപ്പെട്ടുവത്രെ! സ്ത്രീ പശ്ചാത്തപിച്ചതാണ് കാരണം. 1886-ലാണ് മേൽ പറഞ്ഞ ‘ഇൽഹാം’ അവതരിച്ചത്. അന്ന് അഹ്‌മദ് ബേഗിന്റെയോ ജാമാതാവിന്റെയോ മരണം പ്രവചിക്കപ്പെട്ടിരുന്നില്ല. അതേസമയം മഹത്തായ അനുഗ്രഹങ്ങളും ദൈവിക സമ്മാനങ്ങളും നേടിത്തരുന്ന ഈ വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു മിർസായുടെ നിർദേശം. അതിൽ പശ്ചാത്തപിക്കേണ്ട ഒരു പ്രശ്‌നവുമുദിച്ചിരുന്നില്ല. 1888ലാണ് മിർസാ മരണപ്രവചനം നടത്തിയത്. അത് നടക്കാതെ പോയതിന് 1886ലെ ‘കശ്ഫിലാണ്’ ന്യായം കണ്ടെത്തുന്നത്.

യഥാർഥത്തിൽ പശ്ചാത്തപിക്കേണ്ട കാര്യമെന്താണ്? സ്ത്രീയെ പിന്തുടർന്ന ആപത്തെന്തായിരുന്നു? സർവാനുഗ്രഹങ്ങളുടെയും നിമിത്തമായിത്തീരുന്ന ഈ ‘മഹത്തായ വിവാഹം’ അവൾക്ക് ആപത്താവുന്നതെങ്ങനെ? അനുഗ്രഹപൂർണമായ വിവാഹമാണോ അവൾക്ക് ആപത്തായതും ‘തൗബ’യിലൂടെ രക്ഷപ്പെട്ടതും!

ശരിയാണത്! നിത്യരോഗിയായ വൃദ്ധനെ വരിക്കേണ്ടി വരുന്നത് ഒരു യുവതിക്ക് ആപത്തുതന്നെ. അത് പശ്ചാത്താപം കൊണ്ട് നീങ്ങിയെങ്കിൽ നന്നായി. അതെത്രമാത്രം അവർക്ക് വിഷമകരമായിരുന്നുവെന്ന് നേരത്തെ വായിച്ച എഴുത്തുകളിൽനിന്ന് നാം മനസ്സിലാക്കിയല്ലോ.

മുഹമ്മദീ ബീഗത്തെ മറ്റൊരാൾ വിവാഹം കഴിച്ചതിനെപ്പറ്റി മിർസയുടെ പ്രതികരണം കാണുക: “മറ്റൊരാൾ അവളെ വിവാഹം കഴിക്കില്ല എന്ന് ദൈവിക വഹ്‌യിൽ പറഞ്ഞിരുന്നില്ല. എന്നാൽ, ആദ്യം മറ്റൊരാൾ അവളെ വിവാഹം കഴിക്കുമെന്ന് തന്നെയായിരുന്നു വഹ്‌യ്. പ്രവചനത്തിന്റെ ആദ്യഭാഗം ആ വിവാഹത്തോടെ പുലർന്നു.’’

പ്രവചനത്തിന്റെ ആദ്യഭാഗം പുലരാതിരിക്കാൻ മിർസ എത്രമാത്രം കിണഞ്ഞു ശ്രമിച്ചിരുന്നുവെന്നത് തൽക്കാലം മറന്നേക്കുക!

മിർസ തുടരുന്നു: “ദൈവം നിന്റെ എതിരാളികളെ നേരിട്ട്, നിന്നിലേക്ക് അവളെ തിരിച്ചു കൊണ്ടുവരും’ എന്നായിരുന്നു ഇൽഹാമിലെ വാക്കുകൾ. ഒരു വസ്തു സ്വസ്ഥാനത്തുനിന്ന് മാറ്റിയശേഷം വീണ്ടും തൽസ്ഥാനത്ത് തിരിച്ചെത്തുന്നതിനാണ് ‘റദ്ദ’ എന്നു പറയുക. മുഹമ്മദീ ബീഗം എന്റെ കുടുംബത്തിൽപെട്ടവളായിരുന്നു. എന്റെ പിതൃവ്യപുത്രിയുടെ മകൾ. മറുഭാഗത്ത് എന്റെ ബന്ധത്തിൽപെട്ടവളും. അതായത് അമ്മാവന്റെ മകന്റെ മകൾ. അവളുടെ കാര്യത്തിൽ ‘റദ്ദ’ എന്ന പദം വളരെ യോജിക്കുന്നു. അവളാദ്യം ഞങ്ങളുടെ അടുത്തായിരുന്നു. പിന്നെ കസബപട്ടിയിലേക്ക് വിവാഹം ചെയ്തുകൊണ്ടുപോയി. വീണ്ടുമവൾ വിവാഹബന്ധത്തിലൂടെത്തന്നെ നമ്മുടെ അടുത്തേക്ക് തിരിച്ചുവരും എന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു.’’

ഈ കാര്യമൊന്നും നേരത്തേ ടിയാന് മനസ്സിലായിരുന്നില്ലേ?

അനുയായികൾക്ക് പറയാനുള്ളത്

ഒന്നാം ഖലീഫ നൂറുദ്ദീൻ റിവ്യൂ ഓഫ് റിലീജിയൻസിൽ എഴുതി: “ക്വുർആനിൽ വിശ്വാസമുള്ളവരെ ഞാനൊരു കാര്യം ഓർമിപ്പിക്കട്ടെ. ക്വുർആനിലെ സംബോധിതർ ആ കാലഘട്ടത്തിലെ ജനങ്ങൾ മാത്രമല്ല. അവരെയും അവരുടെ മക്കളെയും പിൻമുറക്കാരെയുമെല്ലാം ആ സംബോധന ലക്ഷ്യമാക്കുന്നു. അതുപോലെത്തന്നെ ഹസ്രത്ത് സാഹിബിന്റെ വിവാഹ പ്രവചനത്തിൽ അഹ്‌മദ് ബേഗിന്റെ പെൺകുട്ടി മാത്രമല്ല ഉദ്ദേശിക്കപ്പെട്ടത്. അവളുടെ പുത്രിയും പൗത്രിയും പ്രപൗത്രിയുമെല്ലാം ഈ പ്രവചനത്തിലുൾപ്പെടുന്നു. മകളുടെ മക്കൾക്കും മകളുടെ സ്ഥാനമാണ് അനന്തരാവകാശത്തിലുള്ളത്. അതുപോലെ മസീഹിന്റെ മക്കൾ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരാണല്ലോ. അവർ തമ്മിൽ എന്നെങ്കിലും വിവാഹബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ ഈ പ്രവചനം പുലർന്നതായി കണക്കാക്കാം. ഇനി ഈ പ്രവചനം പുലർന്നില്ലെങ്കിലും എന്റെ വിശ്വാസത്തിന് തെല്ലും കോട്ടം സംഭവിക്കയില്ല. ഇക്കാര്യം ഞാൻ പലപ്പോഴും മിയാൻ മഹ്‌മൂദ് അഹ്‌മദിനോട് പറയാറുണ്ട്’’ (ജൂലായ് 1908).

“വിവാഹം നടക്കുമെന്ന് മസീഹ് പ്രവചിച്ചത് ശരിയാണ്. എന്തോ കാണത്താൽ അത് സംഭവിച്ചില്ലെന്നതും ശരിതന്നെ. പക്ഷേ, ഈയൊരു കാര്യം മാത്രമെടുത്ത് മറ്റുള്ളവ തള്ളിക്കളയുന്നത് ശരിയല്ല. ആയിരങ്ങൾ സാക്ഷികളായി നിരവധി പ്രവചനങ്ങൾ പുലർന്നിരിക്കെ ആ ഒന്നിന്റെ പിന്നാലെ കൂടുന്നതെന്തിന്? എല്ലാം പാഴായിപ്പോയോ എന്നാണ് സത്യാന്വേഷി തിരക്കേണ്ടത്’’ (പൈഗാമെ സുൽഹ്, 16.1.1921).

ഇത് ലാഹോരി നേതാവ് മൗലവി മുഹമ്മദലിയുടെ മറുപടിയാണ്. ഇതൊരു ഖാദിയാനി-ലാഹോരി വൈരുധ്യമായി കണ്ടാൽ മതി.

ഈ പ്രശ്‌നത്തിന് മറുപടി പറയാൻ വിഷമിച്ച ഖാദിയാനി മുബല്ലിഗ് ഒരിക്കൽ ഇതുതന്നെ ചോദിച്ചു. ‘ഈയൊരു കാര്യമേ നിങ്ങൾക്ക് പറയാനുള്ളൂ?’ ചുരുക്കത്തിൽ, ഇക്കാര്യം ചോദിക്കുന്നത് അവർക്കിഷ്ടമല്ല.

ഖാദിയാനി മുബല്ലിഗ്, മൗലവി അല്ലാദിത്തക്ക് ഇനിയും മറുപടി പറയാനുണ്ട്: “ഈ വിവാഹ പ്രവചനത്തിൽ അഹ്‌മദ് ബേഗിന്റെ മരണം മാത്രമെ പരാമർശിച്ചിരുന്നുള്ളൂ. ‘ഒരാൾ മരിക്കും, കുറെ നായ്ക്കൾ ബാക്കിയാവുകയും ചെയ്യും’ എന്ന വചനത്തിൽ ‘യമൂതു’ ഏകവചനമാണ്. ഇതിൽനിന്ന് അഹ്‌മദ് ബേഗ് മാത്രമാണ് മരണപ്പെടുക എന്ന് വ്യക്തമാവുന്നു’’ (തഫ്ഹീമാതെ റബ്ബാനിയ, പേജ് 608).

എങ്കിൽ പിന്നെ സുൽത്താൻ മുഹമ്മദ് മരിക്കാത്തതിന് ഇത്രയേറെ ന്യായങ്ങൾ നിരത്തേണ്ടിയിരുന്നോ? രണ്ടുപേരുടെയും മരണം കൃത്യമായി പ്രവചിച്ചതാണ് ആശാൻ. ‘കാദിയാനി’യാവാൻ കാദിബാവണമെന്ന് നിർബന്ധമുണ്ടോ?

“ഹസ്രത്ത് സാഹിബിന് ഈ ഇൽഹാം മനസ്സിലാക്കുന്നേടത്ത് തെറ്റു പറ്റിയിരിക്കുന്നു’’ എന്നാണ് മറ്റൊരു ഖാദിയാനീ ബുദ്ധിജീവി ഖാസി അക്മലിന്റെ പ്രതികരണം! (തശ്ഹീദുൽ അദ്ഹാൻ, മെയ് 1913).

‘സുർമെ ചശ്മയെ ആര്യ’ എന്ന കൃതിയിലെ ‘ഈസാ നബി(അ)യുടെ മാതാവായ മർയംബീവി മുഹമ്മദ് നബി(സ്വ)യുടെ ഭാര്യാപദത്തിൽ വരുമെന്ന് ചില രിവായത്തുകളിലുണ്ട്’ (പേജ് 207, ഹാശിയ) എന്ന ആചാര്യന്റെ തള്ളൽ കേട്ട്, ‘നിങ്ങളുടെ പ്രവാചകന്റെയും വിവാഹ പ്രവചനം പുലർന്നില്ലല്ലോ’ എന്ന ഖാദിയാനികളുടെ വിചിത്രമായ ചോദ്യത്തിന് മുന്നിൽ നമുക്ക് ഉത്തരം മുട്ടും! ഈസാ നബിക്ക് ആറ് നൂറ്റാണ്ടുകൾക്കുശേഷം ജനിച്ച മുഹമ്മദ്(സ്വ), ഈസാ നബിയുടെ മാതാവിനെ വിവാഹം കഴിക്കുമെന്ന് ഖാദിയാനി പ്രവാചകന്റെ ‘ദിവ്യഗ്രന്ഥ’ത്തിലേ കാണൂ!

ആണും പെണ്ണുമല്ലാത്ത അഭിശപ്തൻ

1894 ഒക്ടോബറിൽ തബ് ലീഗെ രിസാലാത്തിൽ പ്രസിദ്ധീകരിച്ച മിർസായുടെ 4000 രൂപയുടെ സമ്മാന പരസ്യം കൂടി വായിച്ച് നമുക്ക് ഇത് അവസാനിപ്പിക്കാം:

“ഞാൻ അവസാനമായി സർവശക്തനും സർവജ്ഞനുമായ അല്ലാഹുവിനോട് പ്രാർഥിക്കുന്നു. ആഥമിന്റെ മരണവും മുഹമ്മദീ ബീഗവുമായുള്ള വിവാഹവും സംബന്ധിച്ച പ്രവചനങ്ങൾ നിന്റെയടുത്തു നിന്നായിരുന്നുവെങ്കിൽ, സാമാന്യജനങ്ങൾക്ക് തെളിവായും അസൂയാലുക്കളായ എതിരാളികൾക്ക് വായടപ്പൻ മറുപടിയായും ഇവ നീ സത്യമായി പുലർത്തേണമേ. ഇവ നിന്റെയടുത്തുനിന്നല്ലായിരുന്നു എങ്കിൽ എന്നെ ആണും പെണ്ണുമല്ലാത്ത നിന്ദ്യനായി മരിപ്പിക്കേണമേ. ശത്രുക്കൾ മനസ്സിലാക്കുന്നതുപോലെ ഞാൻ അഭിശപ്തനും നീചനുമായ ദജ്ജാലാണെങ്കിൽ ഈ പ്രവചനങ്ങൾ പുലരില്ല’’ (വാല്യം 3, പേജ്186).

(തുടരും)