മുൻകാല വിധികളും ശിരോവസ്ത്ര വിഷയവും

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ആഗസ്റ്റ് 12 , 1445 മുഹറം 25

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 30)

കർണാടക മുൻ സർക്കാറിന്റെ ശിരോവസ്ത്ര നിരോധനത്തെ ശരിവച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധിയിൽ സർക്കാർ വാദത്തെ സാധൂകരിക്കുന്നതിന് വേണ്ടി കൊണ്ടുവന്നിട്ടുള്ള വാദങ്ങളെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ധൂലിയ. എസെൻഷ്യൽ പ്രാക്ടീസ്, ഇരുപത്തിയഞ്ചാം അനുച്ഛേദം, യഹോവ സാക്ഷികളുടെ കേസ് വിധി, വിവിധ രാജ്യങ്ങളിലെ സമാനമായ കേസുകളിലുണ്ടായ വിധികൾ തുടങ്ങി വിവിധ വിഷയങ്ങളെ നിയമത്തിന്റെ സൂക്ഷ്മജ്ഞാനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം വിധി പ്രസ്താവം നടത്തിവന്നത്.

ദക്ഷിണാഫ്രിക്കയിലെ സ്‌കൂളുകളിൽ മൂക്കുത്തി നിരോധിച്ച സംഭവത്തിൽ അവിടെയുള്ള കോടതികൾ മൂക്കുത്തി ധരിക്കുന്ന വിദ്യാർഥികൾക്ക് അനുകൂലമായി വിധി നടത്തിയത് ഒരു ബഹുസ്വര രാഷ്ട്രമായ ഭാരതത്തിലെ വിദ്യാലയങ്ങൾക്ക് ഒരു മാതൃകയായിട്ടാണ് ധൂലിയ ഉദ്ധരിച്ചത്. എന്നാൽ കർണാടക ഹൈക്കോടതി വിദേശ കോടതികളിലെ ചില വിധികൾ ഉദ്ധരിച്ചുകൊണ്ട് ചില പുകമറകൾ സൃഷ്ടിച്ചതിനെ ധൂലിയ വിമർശിക്കുന്നു. കർണാടക ഹൈക്കോടതി ഉദ്ധരിച്ച ഓരോ വിധിയെയും അദ്ദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.

ഷബീന ബീഗം‌ V/S ഡെൻബി ഹൈസ്‌കൂൾ

കർണാടക ഹൈക്കോടതി വിധിയിൽ പരാമർശിച്ച ഒരു കേസാണ് ഷബീന ബീഗം V/S ഡെൻബി (Denbigh) ഹൈസ്‌കൂൾ കേസ്. ബ്രിട്ടനിലെ ഡെൻബി ഹൈസ്‌കൂളിൽ ‘ഹിജാബ്’ ധരിക്കാൻ അനുമതി നൽകിയതാണ് കേസിന് ആസ്പദമായ സംഭവം. ശിരോവസ്ത്രമടക്കം അനുവദിക്കപ്പെട്ടിരുന്ന സ്‌കൂളിൽ ചില കുട്ടികൾ ‘ജിൽബാബ്’ (പൂർണമായ പർദാ വസ്ത്രം) ധരിച്ചു വന്നതോടെയാണ് വിവാദമുണ്ടായത്. സ്‌കൂൾ അധികൃതർ ജിൽബാബ് നിഷേധിച്ചതോടെയാണ് പ്രശ്‌നം കോടതിയിലെത്തുന്നത്. ജിൽബാബ് നിയന്ത്രിച്ചുകൊണ്ടുള്ള സ്‌കൂൾ നടപടി കോടതി ശരിവെച്ചു. ഈ വിധിയെ കർണാടക ഹൈക്കോടതി ‘ഹിജാബ്’ കോടതി നിരോധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് തെറ്റിദ്ധരിപ്പിച്ചത്. സത്യത്തിൽ അവിടെ മുസ്‌ലിം സ്ത്രീകൾ ഏറെ അനിവാര്യമായി മനസ്സിലാക്കിയിട്ടുള്ള ശിരോവസ്ത്രം കോടതി നിരോധിച്ചിട്ടില്ല എന്നും പ്രസ്തുത വിധിക്ക് ശേഷവും മുസ്‌ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചുകൊണ്ടാണ് വന്നിരുന്നത് എന്നുമുള്ള വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ഷബീന ബീഗം കേസിനെ ശിരോവസ്ത്ര നിരോധനത്തെ സാധൂകരിക്കുന്നതിനായി കോടതി ഉപയോഗിച്ചിട്ടുള്ളത്.

ഷബീന ബീഗം കേസ്: അൽപം വിശദീകരണം

യു.കെയിലെ ലൂട്ടൻ നഗരത്തിലെ ഒരു സ്‌കൂളാണ് Denbigh High School. സ്‌കൂൾ മാനേജ്മെന്റിൽ അധികവും ഇസ്‌ലാം മത വിശ്വാസികളാണ്. വിദ്യാർഥികളിൽ ഇസ്‌ലാംമത വിശ്വാസികൾ മാത്രമല്ല, മറ്റു മതസ്ഥരുമുണ്ട്. വളരെ സെക്കുലറായ രീതിയിലാണ് സ്‌കൂൾ നടന്നുവന്നിരുന്നത്. സാമുദായിക സ്വത്വബോധം നിലനിർത്തിക്കൊണ്ടുള്ള ഒരു യൂണിഫോം രീതിയാണ് സ്‌കൂൾ അനുവർത്തിച്ചുവന്നിരുന്നത്. പാന്റ്‌സ്, സ്‌കർട്ട് എന്നിവക്ക് പുറമെ പെൺകുട്ടികൾക്ക് ശിരോവസ്ത്രം ഐച്ഛികമാക്കിക്കൊണ്ടുള്ള സൽവാർ കമ്മീസുകളും അനുവദിച്ചിരുന്നു. യൂണിഫോം കാര്യങ്ങൾ പ്രാദേശിക പള്ളി മേധാവികളോടും മതസംഘടനകളോടും രക്ഷിതാക്കളോടും ചർച്ച ചെയ്തുകൊണ്ടായിരുന്നു തീരുമാനിച്ചിരുന്നത്. സൽവാർ കമ്മീസ് പൊതുവിൽ എല്ലാ വിഭാഗവും ധരിച്ചുവരുന്നതായതു കൊണ്ട് എല്ലാവർക്കും അത് സ്വീകാര്യമായിരുന്നു.

ഷബീന ബീഗം ബംഗ്ലാദേശ് വംശജയായിരുന്ന 16 കാരിയായ വിദ്യാർഥിനിയായിരുന്നു. രണ്ടു വർഷക്കാലം സൽവാർ കമ്മീസ് ധരിച്ചുവന്നിരുന്ന ഷബീന, ജിൽബാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിൽ ചില തീവ്രവാദ സംഘടനകളുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ സ്‌കൂൾ അധികൃതർ അനുവദിച്ചില്ല. അവർ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഷബീനയുടെ വാദം തള്ളി. എന്നാൽ അപ്പീൽ കോടതിയിൽ അവർ വിജയിച്ചു. സ്‌കൂൾ വീണ്ടും ഹൌസ് ഓഫ് ലോർഡ്‌സിനെ സമീപിച്ചു. ഈ വിഷയത്തിൽ ജിൽബാബ് അനുവദിക്കാമെന്നോ അനുവദിക്കാൻ പാടില്ലെന്നോ പറയാൻ കഴിയില്ലെന്ന് ഹൗസ് ഓഫ് ലോർഡ്സ് വ്യക്തമാക്കി. ഈ കേസിൽ വിധി പറഞ്ഞ അപ്പീൽ കോടതിയുടെ പരാമർശങ്ങൾ ജസ്റ്റിസ് ധൂലിയ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്:

‘‘സ്‌കൂളുകൾക്ക് വ്യത്യസ്ത ധർമങ്ങളാണ് നിർവഹിക്കാനുള്ളത്. ദേശീയ പാഠ്യപദ്ധതിക്ക് അനുസൃതമായി രാജ്യത്തെ വിവിധ സമൂഹങ്ങളിൽനിന്നുമുള്ള ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം നൽകുക എന്നതാണ് അവരുടെ പ്രഥമ ചുമതല. വിദ്യാർഥികൾക്ക് അവരുടെ മുഴുവൻ കഴിവുകളും നേടിയെടുക്കാൻ സഹായിക്കുക എന്നതും അവരുടെ ചുമതലയിൽ പെട്ടതാണ്. മത, വംശ, സംസ്‌കാര വൈവിധ്യങ്ങളുള്ള സമൂഹത്തിലെ വ്യക്തികൾക്ക് ഐക്യത്തോടെ ജീവിക്കാനുള്ള സാധ്യതയെ പ്രോത്സാഹിപ്പിക്കുക എന്നതും സ്‌കൂളുകളുടെ സുപ്രധാന ദൗത്യങ്ങളിൽ പെട്ടതാണ്. ഐക്യവും കൂട്ടായ്മയും വളർത്തിയെടുക്കാനുള്ള പ്രദേശം കൂടിയാണ് സ്‌കൂളുകൾ. സ്‌കൂളുകളിൽ ഏകീകൃത വസ്ത്രധാരണ രീതി കൊണ്ടുവരുന്നത് വഴി വംശീയവും മതപരവും സാമൂഹികവുമായ വിഭജനത്തെ തടയാൻ സാധിക്കുമെന്ന വാദം ശരിയാണ്. പക്ഷേ, ഇവിടെയുള്ള പ്രശ്‌നം; ഈ നാട്ടിൽ വളർന്നുവരുന്ന വംശീയ, സാംസ്‌കാരിക മത ന്യൂനപക്ഷങ്ങളിൽനിന്നുള്ള പെൺകുട്ടികൾ ഈ വസ്ത്രധാരണരീതി വഴി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു എന്നതാണ്. ഭൂരിപക്ഷത്തിന്റെ സംസ്‌കാരം സ്വീകരിക്കാൻ അതുവഴി അവർ നിർബന്ധിക്കപ്പെടുന്നു എന്ന ആശങ്ക അവരെ അലട്ടുന്നു. ഒരു മിക്‌സഡ് സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ സാംസ്‌കാരികബോധത്തെ സംരക്ഷിക്കുവാൻ വേണ്ടിയാണ് ഷബീന ബീഗം ജിൽബാബ് തെരഞ്ഞെടുത്തത്. ഒരു ഗേൾസ് സ്‌കൂൾ ആയിരുന്നുവെങ്കിൽ അവർക്ക് ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടിവരുമായിരുന്നില്ല.’’

അച്ചടക്കമോ അവകാശമോ പ്രധാനം?

സ്‌കൂൾ അച്ചടക്കവും ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ ഒരു തീരുമാനം എടുക്കേണ്ടിവരുമ്പോൾ ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട് എന്നതാണ് മുകളിലെ വിധി സൂചിപ്പിക്കുന്നത്. ഷബീനയുടെ കേസിൽ വിധിപറഞ്ഞ ഹൗസ് ഓഫ് ലോർഡ്‌സിലെ വനിതാ ജഡ്ജ് ബറോണസ് ഹെയ്ൽ വിധിപ്രസ്താവത്തിൽ പ്രൊഫസർ ഫ്രാൻസെസ് റാഡെയുടെ ‘സംസ്‌കാരം, മതം, ലിംഗഭേദം’ എന്ന പുസ്തകത്തിലെ 98ാം ഖണ്ഡികയിൽനിന്നും ചില കാര്യങ്ങൾ ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെ വായിക്കാം:

‘‘കുടുംബങ്ങൾ അടിച്ചേൽപിക്കുന്ന പുരുഷാധിപത്യ നിയമങ്ങൾക്ക് മേൽ ‘ഫെമിനിസ്റ്റ് സ്വാതന്ത്ര്യം’ തിരഞ്ഞെടുക്കാനുള്ള അവസരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ‘മൂടുപടം’ നിരസിച്ചുകൊണ്ടുള്ള നിർബന്ധിതനയം നടപ്പാക്കുന്നതിലൂടെ സൃഷ്ടിക്കാൻ സാധിച്ചേക്കും. അങ്ങനെയൊരു നയം സ്വീകരിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ പെൺകുട്ടികളുടെ തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ മാനിക്കൽ ഒരു ബാധ്യതയാണ് എന്ന സന്ദേശം നൽകുകയും ചെയ്യും. എന്നാൽ ‘മൂടുപടം’ നിരോധിക്കുന്നതിലൂടെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സ്വത്വ അടയാളങ്ങൾക്കും സാംസ്‌കാരിക വൈവിധ്യങ്ങൾക്കും കോട്ടം തട്ടും എന്നതും കാണേണ്ടതുണ്ട്. പരസ്പര ആദരവ് പ്രഖ്യാപിക്കുന്ന ലിബറൽ തത്ത്വങ്ങളെ അത് അപകടത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യും. അതുവഴി പരമ്പരാഗതമായ സാംസ്‌കാരിക രീതികൾ ശീലിച്ചുവന്നിട്ടുള്ള കുടുംബങ്ങൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയക്കാതിരിക്കുന്നതിനും കാരണമായിത്തീരും. ഈ പശ്ചാത്തലത്തിൽ, സമത്വത്തിനുള്ള അവകാശം നടപ്പാക്കേണ്ടത് മുകളിൽ വിവരിച്ച രണ്ടു സാഹചര്യങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് മാത്രമേ പാടുള്ളൂ.’’

(അടുത്ത ലക്കത്തിൽ: ജസ്റ്റിസ് ധൂലിയയുടെ വിധിയുടെ സമാപനം)