വിവേകത്തോടെ മുന്നോട്ട്

പി.എൻ അബ്ദുല്ലത്വീഫ് മദനി

2023 ഫെബ്രുവരി 25, 1444 ശഅ്ബാൻ 04

നമ്മുടെ രാജ്യം സാംസ്‌കാരിക സമ്പന്നതയുള്ള ഒരു വലിയ രാജ്യമാണ്. ബഹുസ്വരതയാണ് നമ്മുടെ നാടിന്റെ മുഖമുദ്ര. വിവിധ മതങ്ങൾ, ജാതികൾ, ഭാഷകൾ, നിറങ്ങൾ, വേഷങ്ങൾ, ആഹാര രീതികൾ... എല്ലാം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഈ വൈജാത്യങ്ങൾ ഉൾകൊണ്ടും അംഗീകരിച്ചും പരസ്പരം സ്‌നേഹത്തോടെ, ബഹുമാനത്തോടെ ഭാരതീയർ കഴിഞ്ഞു കൂടുന്നു എന്നതാണ് നമ്മുടെ നാടിനെ ലോക രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നമ്മുടെ പള്ളിക്കൂടങ്ങൾ, ആശുപത്രികൾ, പൊതു വാഹനങ്ങൾ, അങ്ങാടികൾ, വിവാഹ സദസ്സുകൾ തുടങ്ങിയ ഇടങ്ങളെല്ലാം മനോഹരമായ നാനാത്വത്തിലെ ഏകത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. ഇത്തരം മാനുഷിക മൂല്യങ്ങൾക്ക് കാവലിരിക്കുന്നത് നമ്മുടെ മഹത്തായ ഭരണ ഘടനയാണ്. നമ്മുടെ നാടിന്റെ ചൂടും ചൂരും ഒപ്പിയെടുത്ത്, ഓരോ പൗരന്റെയും അസ്തിത്വവും അവകാശങ്ങളും നിർവചിച്ച്, അതിജീവനത്തിന്റെ ഊടും പാവും നെയ്‌തെടുത്ത ആ ഭരണഘടന രാജ്യത്തെ പൗരന് നൽകുന്ന ആത്മാഭിമാനം ചെറുതല്ല.

ഫാസിസം

എന്നാൽ ആനുകാലിക സാഹചര്യങ്ങൾ നമ്മുടെ നാടിന്റെ സ്വസ്ഥത കെടുത്തുന്നുണ്ടോ? വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കേണ്ട സൗഹാർദത്തിന് പലപ്പോഴായി ഭംഗം വരുന്നു. ചില സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു മതത്തെയും ജാതിയെയുമെല്ലാം കരുവാക്കുകയാണ്. ഇവിടെയാണ് മതനേതാക്കളും രാഷ്ട്രീയ നേതാക്കളുമെല്ലാം ജാഗ്രത പാലിക്കേണ്ടത്. നൂറ്റാണ്ടുകളിലൂടെ നാം നേടിയെടുത്ത സഹവർത്തിത്വത്തിന്റെ അടിക്കല്ലിളക്കാൻ ആരെയും അനുവദിച്ചുകൂടാ. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം നുഴഞ്ഞുകയറി ഏകശിലാ സംവിധാനം സാധിച്ചെടുക്കാൻ നടത്തുന്ന ചരടുവലികൾ സർവനാശത്തിന്റെ അപായമണി മുഴക്കുന്നുണ്ട്. വർധിത വീര്യത്തോടെ ഇതിന്നെതിരെ നാം പൊരുതി നിൽക്കണം.

ആത്മീയ ചൂഷണം

അടുത്തകാലത്തായി ആത്മീയചൂഷകരുടെ വിളയാട്ടം കൂടിവരികയാണ്. വസ്തുതയുമായി ഒരു യോജിപ്പുമില്ലാത്ത മായാവി കഥകളും ഐതിഹ്യങ്ങളുമാണ് ആൾദൈവങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നത്. മരണാനന്തരം, അത്ഭുത സിദ്ധികളിൽ കുതിച്ചുചാട്ടമാണ് ഇത്തരം കൽപിത ഔലിയാക്കൾക്കു സംഭവിക്കുന്നത്! വിസ തീരാൻ പോകുന്നവൻ മടവൂർ ശൈഖിനെ വിളിച്ചപ്പോൾ അദ്ദേഹം വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി പൈലറ്റിൽനിന്നു നിയന്ത്രണം ഏറ്റെടുത്തതും, ഓപ്പറേഷൻ തിയേറ്ററിലേക്കു പ്രവാചകൻ കയറിവന്നു വേദനകൊണ്ട് പുളയുന്ന രോഗിക്കു മസാജ് ചെയ്യുന്നതും പെട്രോളില്ലാതെ 13 കിലോമീറ്റർ താജുൽ ഔലിയ കാർ ഓട്ടിയതുമൊക്കെ ചില ഉദാഹരണങ്ങൾ മാത്രം. പാവങ്ങളായ സാധാരണ മനുഷ്യരിൽനിന്ന് പണം തട്ടിയെടുക്കലാണ് ഇത്തരം കഥകളുടെ ഉദ്ദേശ്യം. ഇതിനെ വിമർശിച്ചാൽ ഉടനെ ഫത്‌വയിറങ്ങും; ഔലിയാക്കളെ ബഹുമാനിക്കാത്തവർ, അല്ലാഹു ആദരിച്ചവരെ നിന്ദിക്കുന്നവർ തുടങ്ങിയ അധിക്ഷേപങ്ങളുമായി രംഗത്തു വരും.

മതനിരാസം

ഇത്തരം ആത്മീയ ചൂഷണത്തിന്റെ മറുവശം മതനിരാസത്തിലേക്കും ദൈവനിഷേധത്തിലേക്കും യുവ തലമുറ നടന്നടുക്കുകയെന്നതാണ്. സോഷ്യൽ മീഡിയയിൽ അഴിഞ്ഞാടുന്ന ലിബറലിസത്തിലേക്കും സ്വതന്ത്രചിന്തയിലേക്കും അവർ ആകർഷിക്കപ്പെടുന്നു. യഥാർഥ മതപ്രമാണങ്ങളെ പരിശോധിക്കാനും വ്യാജന്മാരെ വേർതിരിച്ചെടുക്കാനുമൊന്നും അവർ മിനക്കെടാറില്ല. മൊത്തം മതത്തെതന്നെ നിഷ്‌ക്കരുണം തിരസ്‌കരിക്കാൻ ബാഹ്യശക്തികളുടെ പിന്തുണയും ഇവർക്ക് ലഭിക്കുന്നു. മനുഷ്യരുടെ അറിവില്ലായ്മ മുതലെടുത്തു സാമ്പത്തിക ചൂഷണം നടത്തുന്ന ആത്മീയ വാണിഭക്കാരോടും ലിബറലിസത്തിന്റെ മറവിൽ കുടുംബ ഭദ്രതയും പ്രകൃതിനിയമത്തിനനുയോജ്യമായി നാം തലമുറകളായി തുർടർന്നു പോരുന്ന സാമൂഹ്യഘടനയെ തകിടം മറിക്കുന്ന നൂതനാശയങ്ങളോടും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസഷൻ അതിന്റെ ശക്തമായ വിയോജിപ്പ് തുടരും.

അരാഷ്ട്രീയ വാദം

അരാഷ്ട്രീയവാദം സംഘടനയുടെ നയമല്ല. രാഷ്ട്രപുനരുദ്ധാരണത്തിൽ ക്രിയാത്മകമായ പങ്കു വഹിക്കുന്ന, ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങൾക്കു വിരുദ്ധമല്ലാത്ത ഏതു രാഷ്ട്രീയ സംഘടനകളിലും പ്രവർത്തിക്കുന്നതിന് വിസ്ഡം പ്രവർത്തകർക്ക് വിലക്കില്ല. എന്നാൽ ജീവിതത്തിന്റെ ഏതു മേഖലകളിൽ പ്രവർത്തിച്ചാലും വ്യക്തിവിശുദ്ധി കാത്തുസൂക്ഷിക്കൽ മർമപ്രധാനമാണ്.

മധ്യമ സമുദായം

ഇസ്‌ലാം ജീർണതക്കും തീവ്രതക്കും ഇടയിൽ മധ്യമ നിലപാടുള്ള മതമാണ്. തീവ്രവാദ സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളെ പ്രകോപിപിച്ചു ഭൂരിപക്ഷ വർഗീയതക്ക് മണ്ണൊരുക്കുന്ന നീക്കങ്ങളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട്. എല്ലാ നന്മകളെയും പ്രോൽസാഹിപ്പിക്കുന്ന, എല്ലാ തിന്മകളെയും തിരസ്‌കരിക്കുന്ന ഉത്തമ സമുദായമാണ് മുസ്‌ലിംകൾ എന്നാണ് വിശുദ്ധ ക്വുർആൻ പരിചയപ്പെടുത്തുന്നത്.

“മനുഷ്യ വംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു...’’ (ക്വുർആൻ 3:110).

വാക്കുകളിലും പ്രവർത്തനങ്ങളിലും സമീപനങ്ങളിലും ഉത്തമന്മാർ തന്നെയാവാൻ നാം പരിശ്രമിക്കണം.

പ്രമാണങ്ങളോടുള്ള പ്രതിബദ്ധത

പ്രമാണങ്ങളോടുള്ള പ്രതിബദ്ധത വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ അടിസ്ഥാനാശയമാ‌ണ്. വിശുദ്ധ ക്വുർആനും പ്രവാചകചര്യയും ഉത്തമ നൂറ്റാണ്ടിലെ സച്ചരിതരായ സലഫുകളുടെ ആശയ ധാരയും വിസ്ഡം അതിന്റെ ആദർശാടിത്തറയുടെ ആണിക്കല്ലുകളായി സ്വീകരിക്കുന്നു.

“(നബിയേ,) പറയുക: ഇതാണ് എന്റെ മാർഗം. ദൃഢബോധ്യത്തോട് കൂടി അല്ലാഹുവിലേക്ക് ഞാൻ ക്ഷണിക്കുന്നു. ഞാനും എന്നെ പിൻപറ്റിയവരും. അല്ലാഹു എത്ര പരിശുദ്ധൻ! ഞാൻ (അവനോട്) പങ്കുചേർക്കുന്ന കൂട്ടത്തിലല്ല തന്നെ’’ (ക്വുർആൻ 12:108).

സ്ത്രീയുടെ അവകാശങ്ങൾ

ഇസ്‌ലാം സ്ത്രീകളെ ആദരിക്കുകയും അവരെ പരിരക്ഷിക്കുകയും അവരുടെ ഉന്നമനത്തിന് ആവശ്യമായ നിർദേശങ്ങൾ സമർപിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിന് വർധിച്ച പ്രാധാന്യമാണ് ഇസ്‌ലാം നൽകുന്നത്. അവർ അക്രമിക്കപ്പെടുകയും അവമതിക്കപ്പെടുകയും അനീതിക്ക് വിധേയമാക്കപ്പെടുകയും ചെയ്യാൻ പാടില്ല. കുടുംബ ബാധ്യതകൾ നിർവഹിക്കുന്നതോടൊപ്പം സുരക്ഷ ഉറപ്പു വരുത്തി സാമൂഹ്യമായ കർത്തവ്യങ്ങൾ നിർവഹിക്കണമെന്നാണ് മതം പഠിപ്പിക്കുന്നത്. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഇസ്വ്‌ലാഹി പ്രസ്ഥാനം നവോത്ഥാനപ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. അത് തുടർന്നും നിർവഹിക്കും.

പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങൾ

ഒരു ഇസ്‌ലാമിക ദഅ്‌വാ പ്രസ്ഥാനമെന്ന നിലയിൽ ചുരുങ്ങിയ കാലംകൊണ്ട് അല്ലാഹുവിന്റെ തൗഫീക്വിനാൽ അഭിമാനാർഹമായ നേട്ടങ്ങളാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൈവരിച്ചിട്ടുള്ളത്. മുജാഹിദ് പാരമ്പര്യത്തിന്റെ ഇഴച്ചരടുകൾ ഒന്നും അറ്റുപോകാതെ വിസ്ഡം കൂട്ടായ്മ കൂട്ടായ പരിശ്രമത്തിലൂടെ നേടിയെടുത്തതാന് ഈ നേട്ടങ്ങളെല്ലാം. മിനി ഊട്ടിയിലും പാണക്കാട്ടും ഉയർന്നു നിൽക്കുന്ന ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ, മുക്കത്തെ ഗ്രീൻവാലി സ്ഥാപനങ്ങൾ, പള്ളികൾ, മദ്‌റസകൾ, തുടങ്ങി സംഘടിത സകാത്ത് സംവിധാനമടക്കമുള്ളതെല്ലാം വളർച്ചയുടെ വിവിധ നാഴികക്കല്ലുകളാണ്.

പാരത്രിക ജീവിതം

ജനന മരണങ്ങൾക്കിടയിൽ കിട്ടുന്ന ആയുഷ്‌കാലം വളരെ ക്ഷണികമാണ്. പാരത്രിക ജീവിതമാണ് യഥാർഥ ജീവിതം. അവിടെ വിജയിക്കാൻ ആവശ്യമായ കർമങ്ങൾ നാം ഒരുക്കിവെക്കണം. ഭൗതികാലങ്കാരങ്ങളിൽ വഞ്ചിതരാവാതെ വിശ്വാസവും കർമവും നന്നാക്കി പടച്ചവന്റെ അടുക്കലേക്കു മടങ്ങാൻ തയ്യാറെടുക്കുക.