കത്തുന്ന വേനലിലും പർദ സുരക്ഷിതവസ്ത്രം തന്നെ

മൂനിസ് അൻസാരി

2023 മെയ് 06 , 1444 ശവ്വാൽ 14

സ്ത്രീകൾക്ക് അന്തസ്സുള്ള വേഷമാണ് പർദ; സംശയമില്ല. സ്ത്രീകൾക്ക് പുറത്ത് എവിടെ വേണമെങ്കിലും പോകാം. അറുപത് വയസ്സ് കഴിഞ്ഞ ഞാൻ പർദയിട്ടതിനെ ജനം വല്ലാതെ വിപരീതബുദ്ധ്യാ വീക്ഷിക്കുന്നു. വസ്ത്ര സംരക്ഷണം, അത് വല്ലാതെ തണുപ്പ് നൽകുന്നു. മനസ്സിനും ശരീരത്തിനും കുളിരേകുന്നു. പ്രത്യേകിച്ച് അന്തസ്സോടെ വസ്ത്രം ധരിക്കുന്നത് കുലീന സ്ത്രീയുടെ ലക്ഷണമാണ്. എങ്കിലും ഞാൻ തലമുടി അഴിച്ചിട്ടു കാണാൻ ധാരാളമാളുകൾ ആഗ്രഹിക്കുന്നു.’’ ലോകപ്രശസ്തയായ ഒരു മലയാളി സാഹിത്യകാരി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണിത്.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വസ്ത്രം എന്തിനാണെന്നും ഇതരവസ്ത്രങ്ങളെ അപേക്ഷിച്ച് പർദക്കുള്ള ഗുണങ്ങളെന്താണെന്നും ഈ വാക്കുകൾ വ്യക്തമാക്കുന്നു. ഈ ഗുണങ്ങളുള്ളതിനാൽ തന്നെ സ്ത്രീശരീരത്തെ ഉപഭോഗവസ്തുവായി കാണുന്നവർക്ക് പർദ എന്നും തലവേദനയാണ്. അതിനെതിരെ പലതരത്തിലുള്ള വിമർശനങ്ങൾ ഉന്നയിക്കാൻ പലരും മത്സരിച്ചു. യൂറോപ്യൻ രാജ്യങ്ങൾ അതിൽ മുന്നിൽനിന്നു. ഫ്രാൻസിൽ ഇതിന്റെ പേരിലുണ്ടായ പുകിലുകൾ ചെറുതല്ല.

കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും ഇടയ്ക്കിടെ പർദയുടെ പേരിൽ വിവാദങ്ങളുടെ പുക ഉയരാറുണ്ട്. ചില മുഖ്യധാരാ മാധ്യമങ്ങളും ചില ‘സെക്യുലർ മുസ്‌ലിം’കളുമാണ് ഇതിന് മുന്നിൽ നിൽക്കാറുള്ളത്. ‘കത്തുന്ന വേനലിൽ കറുത്ത പർദക്കുള്ളിൽ’ എന്ന തലക്കെട്ടിൽ ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലെ കത്തുന്ന വേനലിൽ കറുത്ത പർദക്കുള്ളിലെ സ്ത്രീകളുടെ വിഷമങ്ങളോർത്ത് ലേഖകൻ ഒരുപാട് കണ്ണീർ പൊഴിക്കുന്നുണ്ട് ലേഖനത്തിലൂടെ.

പർദ ധരിക്കുന്നത് മുസ്‌ലിം സ്ത്രീകളാണല്ലോ. അപ്പോൾ പർദയെ വിമർശിക്കുന്നത് ഇസ്‌ലാമിനെ വിമർശിക്കലായി മാറും. അതിനാൽ തങ്ങൾ ഒരു മതത്തെയോ സമുദായത്തെയോ വിമർശിക്കുകയല്ല, മറിച്ച് ഒരു സാമൂഹ്യ പ്രശ്‌നമായതുകൊണ്ട് നല്ല നിലയിൽ ഇടപെടുക മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ചില വാചകക്കസർത്തുകൾ ലേഖകൻ നടത്തുന്നത് കാണാം. പർദക്ക് ചില ഗുണങ്ങളുണ്ടെന്ന് പറയുകയും എന്നാൽ ദോഷങ്ങളാണ് കൂടുതലെന്ന് വരുത്തിത്തീർക്കുകയും ചെയ്യുന്ന ശൈലിയാണ് ലേഖകൻ സ്വീകരിച്ചിരിക്കുന്നത്. ലേഖനത്തിലെ ചില വാചകങ്ങൾ കാണുക:

“പെട്ടെന്ന് ധരിക്കാം. ശരീരഭാഗങ്ങൾ വെളിയിൽ കാണുന്നുവെന്ന ശങ്കയില്ലാതെ (അങ്ങനെയുള്ളവർക്ക്) അവരവരുടെ ജോലികൾ ചെയ്യാം എന്നിങ്ങനെ ചില മേന്മകൾ പർദക്ക് അവകാശപ്പെടാനാവും. പർദ ഒരു പരിധിവരെ സാമ്പത്തിക ഉച്ചനീചത്വങ്ങളെ മറയ്ക്കാൻ സഹായിക്കുന്നുണ്ട്. (മുത്തും സ്വർണവും പിടിപ്പിച്ച് പണവും പ്രതാപവും കാണിക്കാൻ ചിലരെങ്കിലും ശ്രമം നടത്തുന്നുണ്ടെങ്കിലും). സ്ത്രീകൾ ആഭരണങ്ങളിൽ പൊതിയുന്ന പ്രവണതയ്ക്കും ഈ വേഷം കുറച്ചൊരാശ്വാസം തന്നെ. കഴുത്തിലും കാതിലും കയ്യിലും ആഭരണങ്ങളില്ലെങ്കിലും കുറച്ചിലൊന്നുമില്ലാതെ ദരിദ്ര വീടുകളിലെ സത്രീകൾക്കും തലയുയർത്തി നടക്കാമെന്നതിനാൽ ഈ വേഷത്തിന് കൂടുതൽ സ്വീകാര്യതയുണ്ടായി എന്ന് ചിലരെങ്കിലും പറയാറുണ്ട്.’’

ഇപ്പറഞ്ഞതെല്ലാം ശരിയാണ് എന്ന് സ്വയം സമ്മതിക്കാൻ ലേഖകന് വിമുഖതയുണ്ട്. അതിനാലാണ് ചിലരെങ്കിലും പറയാറുണ്ട് എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞിരിക്കുന്നത്. സത്യത്തിൽ ഈ ഗുണവശങ്ങൾ എടുത്തുകാട്ടി പർദയെ പ്രമോട്ട് ചെയ്യുവാനും അത് ധരിക്കുന്നവരെ അഭിനന്ദിക്കുവാനുമല്ലേ ലേഖകൻ തയ്യാറാകേണ്ടിയിരുന്നത്? എന്നാൽ പർദ വർജിക്കേണ്ടതിന്റെ ആവശ്യകതയാണ് പിന്നീട് ലേഖകൻ ചൂണ്ടിക്കാണിക്കുന്നത്. ലേഖകന്റെ കഴമ്പില്ലാത്ത വാദം കാണുക:

“കേരളത്തിലെ താപനില വർഷംതോറും കൂടിവരുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു പുനർവിചിന്തനം അത്യാവശ്യം തന്നെ. കൊടുംചൂടിൽ കറുത്ത വേഷം ധരിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെങ്കിലും ഇതിന് പ്രേരണയാകണം.’’

താപനില കൂടിവരുന്നു എന്നത് ശരി തന്നെ. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലെ താപനിലയെക്കാൾ എത്രയോ ഉയർന്ന താപനിലയാണുള്ളത്. കേരളത്തിൽ മാസങ്ങളോളം മഴ ലഭിക്കാറുണ്ട്. എന്നാൽ കൂടുതൽ മരുപ്രദേശമുള്ള സൗദി അറേബ്യയിൽ വല്ലപ്പോഴും മഴ കിട്ടിയാലായി. ഒന്നുകിൽ കൊടും തണുപ്പ്. അല്ലെങ്കിൽ കഠിനമായ ചൂട്. അതാണ് അവിടത്തെ അവസ്ഥ. ചൂടുകാലത്തും അവിടെയുള്ള സ്ത്രീകൾ മുഴുവനും പുറത്തിറങ്ങുന്നത് കറുത്ത പർദ ധരിച്ചുതന്നെ. അതിൽ എ.സിയൊന്നും ഫിറ്റ് ചെയ്തിട്ടുണ്ടാകില്ല. അതിന്റെ പേരിൽ എന്തെങ്കിലും ആരോഗ്യപ്രശ്‌നം അവർക്കുള്ളതായി കേട്ടിട്ടില്ല.

എന്തുകൊണ്ട് പർദ ഇത്രയധികം വിമർശിക്കപ്പെടുന്നു? പർദയുടെ മറവിലും അല്ലാതെയും ഇസ്‌ലാം വിമർശനങ്ങൾ നിറഞ്ഞുനിൽക്കാൻ കാരണമെന്ത്? ഇതേ ദിനപത്രത്തിൽ നാളുകൾക്ക് ശേഷം ഒരു സാഹിത്യകാരൻ എഴുതിയ ലേഖനത്തിലെ ചില വരികൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.

“അവസാനമായി പറയാനുള്ളത് ഇസ്‌ലാം മതം ഇന്ന് നേരിടുന്ന ഇരുതല ആക്രമണത്തെക്കുറിച്ചാണ്. വിവേകാനന്ദനും മഹാത്മജിയും അത്യധികം ആദരിച്ചിട്ടുള്ള മുഹമ്മദ് നബിയിലൂടെ പ്രബോധനപ്പെട്ട ഇസ്‌ലാമിനെ സകല ആഗോള പ്രശ്‌നങ്ങളുടെയും കാതലായി ഫാസിസ്റ്റ് ശക്തികൾ ഒരുവശത്ത് ചിത്രീകരിക്കുന്നു. എന്താണ് ഇസ്‌ലാം ഇങ്ങനെയെന്നവർ തങ്ങളുടെ പ്രസിദ്ധീകരണങ്ങളിലൂടെ പുച്ഛിക്കുന്നു. മുസ്‌ലിംകളുടെ വോട്ടവകാശം പോലും നിഷേധിക്കാൻ ഘോരഘോരം ആവശ്യപ്പെടുന്നു. മറുവശത്ത് അത്തരക്കാരുമായി രഹസ്യക്കരാറുണ്ടാക്കിയ തരത്തിൽ ഇസ്‌ലാമിന്റെ സൽപ്പേര് നശിപ്പിക്കാൻ ചില മുസ്‌ലിംകൾ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.’’

അതെ! ഫാസിസ്റ്റുകളും സിയോണിസ്റ്റുകളും ഇസ്‌ലാമിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നതിന് വർത്തമാനകാലത്ത് ധാരാളം തെളിവുകൾ കണ്ടെത്താൻ കഴിയും. അവരുടെ നിലനിൽപിനും വ്യാപനത്തിനും ഒരു ശത്രുവിനെ ആവശ്യമാണ്. ആ ശത്രു ഇസ്‌ലാമാകുമ്പോൾ രണ്ടുണ്ട് നേട്ടം. ഒന്ന് ഇസ്‌ലാമിന്റെ വളർച്ചയെ തടയലും മറ്റൊന്ന് തങ്ങളുടെ വളർച്ചയും. മുസ്‌ലിം നാമധാരികളായ ന്യൂനാൽ ന്യൂനപക്ഷം പല നാടുകളിലും ഇസ്‌ലാമിന്റെ സൽപേരിന് കളങ്കമുണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് വളംവെച്ചുകൊടുക്കുകയാണിവർ ചെയ്യുന്നത്. അവർ ആഗ്രഹിക്കുന്നു; ഇവർ അത് പ്രാവർത്തികമാക്കുന്നു. ഈ ന്യൂനപക്ഷത്തെ ചൂണ്ടി ലോകം പറയുന്നു ‘ഇസ്‌ലാം ഭീകരതയുടെ മതമാണ്, മുസ്‌ലിംകൾ ഭീകരരാണ്’ എന്ന്.