മരണപ്പെട്ടവരുടെ ആഗ്രഹങ്ങൾ!

ഡോ. ടി. കെ യൂസുഫ്

2023 മെയ് 13 , 1444 ശവ്വാൽ 20

അനവധി ആഗ്രഹങ്ങളും സ്വപ്നങ്ങളുമായിട്ടാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. എന്നെങ്കിലും പൂവണിയുമെന്ന് കരുതുന്ന അഭിലാഷങ്ങളാണ് പലരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു ദരിദ്രനെ സംബന്ധിച്ചേടത്തോളം സമ്പത്തും സുഖസൗകര്യങ്ങളുമുളള ഒരാളാകാനായിരിക്കും അവൻ ആഗ്രഹിക്കുന്നത്. രോഗം കാരണം ഭക്ഷണവും നിദ്രയും നിഷേധിക്കപ്പെട്ട ഒരു രോഗിക്ക് ശാരീരിക സൗഖ്യമായിരിക്കും ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാം തികഞ്ഞവനെന്ന് നാം ധരിക്കുന്ന സമ്പന്നൻ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാമനാകാൻ മത്സരിക്കുകയായിരിക്കും. ഐഹിക ജീവിതത്തിൽ ആരുടെയും ആഗ്രഹങ്ങൾ അവസാനിക്കുകയില്ല എന്നാണ് തിരുനബിവചനങ്ങൾ സൂചിപ്പിക്കുന്നത്.

നബി ﷺ പറഞ്ഞു: ‘ആദമിന്റെ സന്തതിക്ക് സ്വർണത്തിന്റെ ഒരു താഴ്‌വരയുണ്ടായിരുന്നാൽ രണ്ട് താഴ്‌വരകളുണ്ടാകാൻ അവൻ ആഗ്രഹിക്കും. മണ്ണല്ലാതെ അവന്റം വായ നിറക്കുകയില്ല’ (ബുഖാരി). മരിച്ച് മണ്ണടിയുന്നതുവരെ മനുഷ്യന്റെ ആഗ്രഹങ്ങൾ അവസാനിക്കുകയില്ലെന്നാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

ജീവിതം എന്നത് ആഗ്രഹങ്ങൾ സഫലീകരിക്കാനുളള പോരാട്ടമാണെങ്കിലും അധിക ജനങ്ങളും മോഹങ്ങൾ എങ്ങും എത്താതെ പെട്ടെന്ന് മരിക്കുകയാണ് ചെയ്യുന്നത്. ഒടുങ്ങാത്ത ജീവിതാഭിഷാങ്ങ ളുമായി മരണപ്പെടുന്നവർ മരണശേഷം എന്തായിരിക്കും ആഗ്രഹിക്കുക? മരണാന്തരം അവർക്ക് നമ്മോടും നമുക്ക് അവരോടും ആശയവിനിമയം നടത്താനുളള മാർഗങ്ങൾ അവസാനിച്ച സ്ഥിതിക്ക് അവരുടെ ഉളളുകളളികൾ അറിയാൻ പ്രമാണങ്ങൾ അവലംബിക്കുക മാത്രമെ നിർവാഹമുളളൂ. മരണശേഷം മനുഷ്യൻ പാരത്രിക ജീവിതത്തിലെ പല കാര്യങ്ങളും ബർസഖിൽ വെച്ച് അറിയുകയും ഒരു വമ്പിച്ച ദിവസം താൻ ഉയിർത്തഴുന്നേൽപിക്കപ്പെടുമെന്ന് ബോ ധ്യപ്പെടുകയും ചെയ്യുന്നതോടുകൂടി ദുനിയാവിലേക്ക് മടങ്ങിവന്ന് ഭൗതിക നേട്ടങ്ങൾ വാരിപ്പുണരാൻ വെമ്പൽ കൊളളുമോ, അതോ വെട്ടിപ്പിടിച്ചത് നിഷ്ഫലമായി കാണുമ്പോൾ ഖേദിക്കുമോ?

ഐഹിക ജീവിതത്തിൽ ആളുകളുടെ ആഗ്രഹങ്ങൾ ഉയർന്ന ശമ്പളമുളള ജോലി, സൗന്ദര്യമുളള ഇണ, ആഡംബരപൂർണമായ വീട്, വാഹനം... തുടങ്ങിയവയായിരിക്കും. എന്നാൽ ദുനിയാവിലേക്ക് തിരിച്ച് വരാത്തവിധം യാത്രപറഞ്ഞവരുടെ ആഗ്രഹങ്ങൾ എന്തായിരിക്കും? പുണ്യവാന്മാരുടെയും പാപികളുടെയും മരണാനന്തര ആഗ്രഹങ്ങളെക്കുറിച്ച് ക്വുർആനിലും ഹദീസുകളിലും വന്ന ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

സജ്ജനങ്ങളുടെ ആഗ്രഹങ്ങൾ

ഒരു വിശ്വസി മരണശേഷം മഞ്ചലിൽ വഹിക്കപ്പെടുമ്പോൾ തനിക്ക് വാഗ്ദാനം നൽകപ്പെട്ട അനുഗ്രഹങ്ങൾ ആസ്വദിക്കാൻ വേഗത്തിൽ ക്വബ്‌റിടത്തിലേക്ക് എത്തിക്കാനാണ് വിളിച്ച് പറയുക.

നബി ﷺ പറഞ്ഞു: ‘‘മയ്യിത്തിനെ ശവമഞ്ചത്തിലാക്കി ആളുകൾ അവരുടെ ചുമലുകളിൽ അതിനെ വഹിച്ചാൽ അത് നല്ലവനാണെങ്കിൽ പറയും: ‘എന്നെ മുന്നോട്ട് എടുക്കുവിൻ, എന്നെ മുന്നോട്ട് എടുക്കുവിൻ.’ അത് നല്ലവനല്ലെങ്കിൽ പറയും: ‘അതിന്റെ നാശം! അതുമായി നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്?’ അതിന്റെ ശബ്ദം മനുഷ്യനല്ലാത്ത എല്ലാവരും കേൾക്കും. മനുഷ്യൻ അത് കേട്ടിരുന്നെങ്കിൽ അവൻ ബോധരഹിതനാകും’’ (ബുഖാരി).

വിശ്വാസിയെ ക്വബ്‌റിൽ വെക്കുകയും അവന് സ്വർഗത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും ചെയ്താൽ അവൻ ദുനിയാവിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുകയില്ല എന്ന് മാത്രമല്ല, അനശ്വരവും അനന്തവുമായ സ്വർഗം ലഭിക്കുവാൻ അന്ത്യദിനം വന്നെത്താനാകും ആഗ്രഹിക്കുക. ക്വബ്‌റിലെ ചോദ്യങ്ങൾക്ക് ശേഷമുളള വിശ്വാസിയുടെ അവസ്ഥ ഇപ്രകാരമാണ് ഹദീസുകളിൽ വിവരിക്കുന്നത്:

‘‘അപ്പോൾ വാനലോകത്ത് നിന്നും ഒരു വിളിച്ച് പറയുന്നവൻ ഇപ്രകാരം വിളിച്ച് പറയും: ‘എന്റെ ദാസൻ പറഞ്ഞത് സത്യമാണ്. നിങ്ങൾ അവന് സ്വർഗത്തിൽനിന്നുളള വിരിപ്പും സ്വർഗത്തിൽനിന്നുളള വസ്ത്രവും ധരിപ്പിക്കുക. സ്വർഗത്തിൽനിന്നുളള ഒരു വാതിൽ നിങ്ങൾ അവന് തുറന്ന് കൊടുക്കുക. അതിന്റെ സുഗന്ധവും ചൈതന്യവും അവനിലേക്ക് എത്തട്ടെ. അവന്റെ ദൃഷ്ടി പതിയുന്ന അത്രയും ദൂരം അവന് തന്റെ ക്വബ്‌റ് വിശാലമാക്കിക്കൊടുക്കുക. അപ്പോൾ സുഗന്ധവും സുന്ദരവദനവുമുളള ഒരാൾ അവന്റെ അടുക്കൽ വരും. എന്നിട്ട് പറയും: ‘നിന്നെ സന്തോഷിപ്പിക്കുന്നതുകൊണ്ട് നീ സന്തോഷിച്ച് കൊളളുക ഇതാണ് നിനക്ക് വാഗ്ദാനം ചെയ്യപ്പെട്ട ദിവസം.’ അവൻ ചോദിക്കും: ‘നിങ്ങൾ ആരാണ്? നിങ്ങളുടെ മുഖം നന്മയുമായി വരുന്ന ഒരാളുടെ മുഖമാണ്.’ അദ്ദേഹം പറയും: ‘ഞാൻ നിന്റെ സൽകർമമാണ്.’ അപ്പോൾ അവൻ പറയും: ‘എന്റെ രക്ഷിതാവേ, എനിക്ക് എന്റെ കുടുംബത്തിലേക്ക് മടങ്ങാനാകുംവിധം നീ അന്ത്യദിനം നടപ്പിലാക്കുക, അന്ത്യദിനം നടപ്പിലാക്കുക’’ (അഹ്‌മദ്, അബൂദാവൂദ്).

ഒരു നല്ല മനുഷ്യൻ മരണശേഷം അന്ത്യദിനം വാരാനാണ് ആഗ്രഹിക്കുക. എന്നാൽ അവിശ്വാസികളും കപട വിശ്വാസികളും അന്ത്യദിനം സംഭവിക്കാതിരിക്കാനാകും ആഗ്രഹിക്കുക. കാരണം ക്വബ്‌റിൽ വെച്ച് അവൻ അനുഭവിക്കുന്നതിനെക്കാൾ അതികഠിനമായതാണ് അവരെ കാത്തിരിക്കുന്നത് എന്ന് അവർക്ക് അറിയാം. അത് പോലെ വിശ്വാസി താൻ നരകത്തിൽനിന്ന് മോചിതനായി സ്വർഗം കൊണ്ട് വിജയിച്ച കാര്യം തന്റെ കുടുംബത്തെ അറിയിക്കാൻ ആഗ്രഹിക്കുമെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

‘...അല്ലാഹു നിന്നെ സംരക്ഷിക്കുകയും നിന്നോട് കരുണ കാണിക്കുകയും നിനക്ക് സ്വർഗത്തിൽ ഒരു വീട് പകരമാക്കുകയും ചെയ്തു.’ അപ്പോൾ അവൻ പറയും: ‘നിങ്ങൾ എന്നെ അനുവദിക്കൂ, ഞാൻ പോയി എന്റെ കുടുംബത്തിന് സന്തോഷവർത്തയറിയിക്കട്ടെ.’ അവനോട് പറയപ്പെടും: ‘നീ ഇവിടെ താമസിക്കുക’ (അഹ്‌മദ്, അബൂദാവൂദ്).

സ്വന്തം ജനതയെ വിശ്വാസത്തിലേക്ക് ക്ഷണിച്ചതു കാരണം കൊല്ലപ്പെട്ട ഒരു വ്യക്തി സ്വർഗംകൊണ്ട് വിജയിച്ചപ്പോൾ തന്റെ ജനതയെ അത് അറിയിക്കാൻ വെമ്പൽ കൊളളുന്ന സംഭവം സൂറതു യാസീനിൽ വിവരിക്കുന്നുണ്ട്.

‘‘സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളുക. എന്ന് പറയപ്പെട്ടു. അദ്ദേഹം പറഞ്ഞു: എെൻറ ജനത അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്റെ രക്ഷിതാവ് എനിക്ക് പൊറുത്തുതരികയും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെ ഉൾപെടുത്തുകയും ചെയ്തതിനെ പറ്റി’’ (യാസീൻ 27)

അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായവർ ദുനിയാവിലേക്ക് തിരിച്ചുവന്ന് വീണ്ടും അനവധി തവണ ശഹീദാകാൻ ആഗ്രഹിക്കുന്നുവെന്നും ഹദീസുകളിൽ വന്നിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ‘‘സ്വർഗത്തിൽ പ്രവേശിക്കുന്ന ആരും ദുനിയാവിലേക്ക് തിരിച്ചുവരാൻ ഇഷ്ടപ്പെടുകയില്ല; അവന് ഭൂമിയിലുളളത് മുഴുവനും ഉണ്ടെങ്കിലും ശരി. എന്നാൽ രക്തസാക്ഷി അങ്ങനെയല്ല. അവൻ ദുനിയാവിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കും, എന്നിട്ട് പത്ത് പ്രാവശ്യം കൊല്ലപ്പെടാനും; അവന് ലഭിക്കുന്ന ബഹുമതി കാണുന്നത് കാരണം’’(ബുഖാരി).

ദുർജനങ്ങളുടെ ആഗ്രഹങ്ങൾ

ഐഹിക ജീവിതത്തിൽ മതിമറന്ന് ജീവിക്കുന്നവർ മരണം വന്നെത്തുന്നതുവരെ പാരത്രിക ജീവിതത്തെക്കുറിച്ച് ചിന്തിക്കാറില്ല. ക്വബ്ർ ജീവിതത്തിൽ ഖേദവും നഷ്ടബോധവുമായിരിക്കും അവ രെ വേട്ടയാടുന്നത്. കർമങ്ങളിൽ വീഴ്ച വരുത്തിയവർ തനിക്ക് ജീവിതം തിരിച്ച് കിട്ടിയിരുന്നുവെങ്കിൽ എനിക്ക് രണ്ട് റക്അത് നമസ്‌കരിക്കാമായിരുന്നു എന്നായിരിക്കും ആഗ്രഹിക്കുക.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബി ﷺ ഒരു ക്വബ്‌റിന്റെ അരികിലൂടെ നടന്നുപോയി. അദ്ദേഹം ചോദിച്ചു: ‘ആരാണ് ഈ ക്വബ്‌റിൻന്റെ ഉടമ?’ അവർ പറഞ്ഞു: ‘ഇന്ന ആളുടെതാണ്.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘രണ്ട് റക്അത്തായിരിക്കും ഇദ്ദേഹത്തിന് നിങ്ങളുടെ ദുൻയാവിലെ സമ്പാദ്യത്തെക്കാളും ഏറ്റവും പ്രിയപ്പെട്ടത്’ (ജാമിഉസ്സ്വഹീഹ്).

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബി ﷺ പുതിയതായി മറമാടിയ ഒരു ക്വബ്‌റിന്റെ അരികിലൂടെ നടന്നു പോയി. നബി ﷺ പറഞ്ഞു: ‘നിങ്ങൾ ഐഛികമായി നിസ്സാരമായി കാണുന്ന ലഘുവായ രണ്ട് റക്അത്തുകൾ, അത് രണ്ടും ഇവന്റെ കർമത്തിൽ വർധനവ് നൽകും. നിങ്ങളുടെ ഇഹലോകത്തിലെ സമ്പാദ്യത്തെക്കാളും ഇവന് അത് ഇഷ്ടപ്പെട്ടതാണ്’ (ജാമിഉസ്സ്വഹീഹ്).

കർമങ്ങളിൽ വീഴ്ച വരുത്തിയവർ രണ്ട് റക്അത്തെങ്കിലും നമസ്‌കരിച്ചുകൊണ്ട് നന്മകൾ വർധിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്!

നബി ﷺ പറഞ്ഞു: ‘നമസ്‌കാരമാണ് ഉത്തമ വിഷയം, ആർക്കെങ്കിലും അത് അധികരിപ്പിക്കാൻ സാധിക്കുമെങ്കിൽ അവൻ അത് അധികരിപ്പിക്കട്ടെ’ (ജാമിഉസ്സ്വഹീഹ്).

നമസ്‌കാരത്തിന്റെ പ്രതിഫലം നേരിൽ കാണുമ്പോൾ അലസതയിലും അവഗണയിലും സമയം കളഞ്ഞതിൽ ഖേദിക്കുകയും ഏതാനും നിമിഷനേരത്തേക്ക് ദുനിയാവിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞാൽ രണ്ട് റക്അത്ത് നമസ്‌കരിക്കാമായിരുന്നു എന്ന് ആഗ്രഹിക്കുകയും ചെയ്യും. മരണം ആസന്നമായവൻ അടുത്ത അവധിവരെ അവനെ പിന്തിപ്പിക്കാനാണ് ആവശ്യപ്പെടുന്നത് മരണപ്പെട്ടവനോ അല്പനേരമെങ്കിലും ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനും അനേകായിരം മണിക്കൂറുകൾ അശ്രദ്ധയിലും അധാർമികതയിലും ചെലവഴിക്കുന്നവർ ക്വബ്‌റിൽ വെച്ച് നമസ്‌ക്കാരത്തിന്റെ പ്രതിഫലം മനസ്സിലാക്കുമ്പോഴാണ് ബാങ്ക് വിളിയിലെ ‘വിജയത്തിലേക്ക് വരൂ’ എന്ന വിളംബരം അവന് ബോധ്യപ്പെടുന്നത്.

നമസ്‌കാരത്തിന് പുറമെ, മരണപ്പെട്ടവർ ദുൻയാവിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നത് ദാനധർമങ്ങൾ ചെയ്യുന്നതിന് വേണ്ടിയായിരിക്കും. ഇക്കാര്യം ക്വുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്:

‘‘നിങ്ങളിൽ ഓരോരുത്തർക്കും മരണം വരുന്നതിനു മുമ്പായി നിങ്ങൾക്ക് നാം നൽകിയതിൽനിന്ന് നിങ്ങൾ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവൻ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ് നീട്ടിത്തരാത്തത്? എങ്കിൽ ഞാൻ ദാനം നൽകുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്’’ (അൽമുനാഫിക്വൂൻ 11)

സമ്പത്ത് എവിടെനിന്ന് സമ്പാദിച്ചു, എന്തിന് വേണ്ടി ചെലവഴിച്ചു എന്ന ചോദ്യം അഭിമുഖീകരിക്കാതെ മുന്നോട്ട് പോകാനാകില്ല. അനാവശ്യത്തിനും അന്യായമാർഗത്തിലും പണം ചെലവഴിച്ചവർ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ചെലവഴിക്കാൻ ഒരു അവസരം ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കും. കർമങ്ങളിൽ ഏറ്റവും ഉത്തമമായ ദാനധർമത്തിന് ലഭിക്കുന്ന പ്രതിഫലവും അതിൽ വീഴ്ചവരുത്തിയവർക്കുളള ശിക്ഷയും കാണുമ്പോൾ ഇഹലോകത്തേക്ക് തിരിച്ചുവന്ന് വല്ലതും ദാനം ചെയ്യാനായിരിക്കും പലരും ആഗ്രഹിക്കുന്നത്.

നമസ്‌കാരം നിർവഹിക്കാനും ദാനധർമങ്ങൾ ചെയ്യാനും തിരിച്ചുവരാൻ ആഗ്രഹിക്കുന്നത് പോലെ സൽകർമങ്ങൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നുവെങ്കിൽ എന്നാണ് മരണത്തെ മുന്നിൽ കാണുന്നവരുടെ മറ്റൊരു ആഗ്രഹം. ഇക്കാര്യം ക്വുർആൻ സൂചിപ്പിക്കുന്നത് ഇപ്രകാരമാണ്:

‘‘അങ്ങനെ അവരിൽ ഒരാൾക്ക് മരണം വന്നെത്തുമ്പോൾ അവൻ പറയും: എന്റെ രക്ഷിതാവേ, എന്നെ (ജീവിതത്തിലേക്ക്) തിരിച്ചയക്കേണമേ. ഞാൻ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തിൽ എനിക്ക് നല്ല നിലയിൽ പ്രവർത്തിക്കുവാൻ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവൻ പറഞ്ഞുകൊണ്ടിരിക്കും. അവരുടെ പിന്നിൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസംവരെ ഒരു മറയുണ്ടായിരിക്കുന്നതാണ്’’ (മുഅ്മിനൂൻ 100).

അല്ലാഹുവിന്റെ കൽപനകളെ ധിക്കരിക്കുകയും അവന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവർ ശിക്ഷ കാണുന്ന സമയത്ത് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കുമെന്ന് ക്വുർആൻ വ്യക്തമാക്കുന്നുണ്ട്:

‘‘അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന സന്ദർഭത്തിൽ എനിക്കൊന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെ ങ്കിൽ ഞാൻ സദ്‌വൃത്തരുടെ കൂട്ടത്തിൽ ആകുമായിരുന്നു എന്ന് പറഞ്ഞേക്കുമെന്നതിനാൽന്റെ’’ (സുമർ 58).

നശ്വരവും നൈമിഷികവുമായ ഐഹിക ജീവിതത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത് ജീവിതം തുലച്ചവർ അനന്തവും അനശ്വരവുമായ പാരത്രിക ലോകത്തന് വേണ്ടി പ്രയോജനകരമായ എന്തെങ്കിലും ചെയ്യാൻ ഒരു അവസരം കൂടി ലഭിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നത് മരണവും ശിക്ഷയും മുന്നിൽ കാണുമ്പോൾ മാത്രമാണ്.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവ് സമയവും. അധിക ജനങ്ങളും ഇവയിൽ വഞ്ചിതരാകുന്നുവെന്ന് പ്രവാചകൻ പറഞ്ഞത് ഇവ പാരത്രിക നേട്ടങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്താത്ത ആളുകളെ കുറിച്ചാണ്. പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ധാരാളം പ്രവർത്തനങ്ങളെ കുറിച്ച് പ്രവാചകൻ വിശദീകരിച്ചിട്ടുണ്ട്. ഒട്ടും ശാരീരികാദ്ധ്വാനമോ സാമ്പത്തിക ബാധ്യതയോ ഇല്ലാതെ അനുഷ്ഠിക്കാൻ കഴിയുന്ന ധാരാളം പ്രാർഥനകളും പ്രകീർത്തനങ്ങളുമുണ്ട്. മരണശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യമല്ല എന്ന് മാത്രമല്ല കർമങ്ങൾ ചെയ്ത് പ്രതിഫലം വർധിപ്പിക്കാനും സാധ്യമല്ല. മരണത്തെ കുറിച്ച് പലരും ചിന്തിക്കാറുണ്ട് എന്നാൽ മരണപ്പെട്ടവരുടെ ആഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ മാത്രമാണ് ആലസ്യം വെടിഞ്ഞ് നമുക്ക് കർമനിരതരാകാൻ കഴിയുക.

മരണശേഷം പുണ്യം ചെയ്യാൻ കഴിയില്ലെങ്കിലും മരണാനന്തരം പുണ്യം ലഭിക്കാനുളള ചില വഴികൾ പ്രവാചകൻ ﷺ പഠിപ്പിച്ച് തന്നിട്ടുണ്ട്.

നബി ﷺ പറഞ്ഞു: ‘‘നാല് വിഭാഗം ആളുകൾ; മരണശേഷവും പ്രതിഫലം അവരുടെ മേൽ ഒഴുകി ക്കൊണ്ടിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ സൈന്യം സജ്ജീകരിച്ചവൻ, ആരെങ്കിലും ഒരു കർമം ചെയ്തു, അവൻ ചെയ്തത് പോലെ അത് നടപ്പിലാക്കപ്പെട്ടു. ആരെങ്കിലും ഒരു ദാനധർമം ചെയ്തു, അത് എത്തിയതിന്റെയെല്ലാം പ്രതിഫലം അവനുണ്ട്. ഒരാൾ ഒരു നല്ല സന്താനത്തെ വിട്ടേച്ച് പോയി. അവൻ ഇവന് വേണ്ടി പ്രാർഥിക്കുന്നു. ഈ നാല് കൂട്ടരും ജീവിച്ചിരിക്കുന്നില്ലെങ്കിലും മരണശേഷവും അവർക്ക് പ്രതിഫലം എത്തിക്കൊണ്ടിരിക്കും’’ (അഹ്‌മദ്)

മക്കളുടെ പ്രാർഥന മരണശേഷം ഒരാൾക്ക് ആത്മീയ നേട്ടമുണ്ടാക്കുന്ന കാര്യമാണെന്ന് വേറെയും ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്.

നബി ﷺ പറഞ്ഞു: ‘‘ഒരാൾക്ക് സ്വർഗത്തിൽ തന്റെ പദവി ഉയർത്തപ്പെടും. അപ്പോൾ അവൻ ചോദിക്കും: ‘എവിടെ നിന്നാണ് ഇത്?’ അപ്പോൾ പറയപ്പെടും: ‘നിന്റെ മകൻ നിനക്ക് വേണ്ടി പാപമോചനം തേടിയതുകൊണ്ട്’’ (ഇബ്‌നു മാജ).

മരണത്തോടുകൂടി ജീവിതം അവസാനിക്കുമെങ്കിലും ജീവിതകാലത്ത് ചെയ്ത തെറ്റുകുറ്റങ്ങളുടെ പാപവിഹിതം മരണശേഷവും പിന്തുടരുന്ന ഒരു വിഭാഗമുണ്ട്. അവരുടെ കാര്യമാണ് ഏറ്റവും ദയനീയമായിട്ടുളളത്. ജനങ്ങളെ തോന്നിവാസത്തിലേക്കും വഴികേടിലേക്കും നയിക്കുന്ന കണ്ണികൾ ആഗോളവലയിൽ നെയ്യുന്നവരുടെ അവസ്ഥ ഇതിനുദാഹരണമാണ്. സമൂഹ മാധ്യമങ്ങളിലെ നമ്മുടെ വരകളും വാക്കുകളും വിടുവായിത്തങ്ങളും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് നാം തിരിച്ചറിയണം. നാം ചെയ്യുന്ന നല്ല കാര്യങ്ങൾ പിൻപറ്റുന്നവരുടെ പ്രതിഫലവും ചീത്ത കാര്യങ്ങൾ പിൻപറ്റുന്നവരുടെ ശിക്ഷയും മരണാനന്തരം നമുക്ക് വന്നെത്തുമെന്ന് ഹദീസുകൾ വ്യക്തമാക്കുന്നുണ്ട്.

നബി ﷺ പറഞ്ഞു: ‘‘ആരെങ്കിലും ഒരു നന്മ ചര്യയാക്കുകയും അവന് ശേഷം അത് അനുഷ്ഠിക്കപ്പെടുകയും ചെയ്താൽ അവരുടെ പ്രതിഫലം കുറയാതെ അവരുടെ പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനുമുണ്ടാകും. ആരെങ്കിലും ഒരു ചീത്ത കാര്യം ചര്യയാക്കുകയും അവന് ശേഷം അത് അനുഷ്ഠിക്കപ്പെടുകയും ചെയ്താൽ അവരുടെ കുറ്റത്തിൽ കുറവ് വരാതെ സമാനമായ ഒരു പാപവിഹിതം അവനുമുണ്ടാകും. ഒരാൾ മരണപ്പെട്ടതിന് ശേഷവും അവന്റെ പാപങ്ങൾ മുറിഞ്ഞ് പോകുന്നില്ലെങ്കിൽ അവൻ ഏറ്റവും വലിയ ദൗർഭാഗ്യവാനായിരിക്കും’’ (ഇബ്‌നു മാജ).

മരണം എന്നത് സുനിശ്ചിതമായ ഒരു കാര്യമാണ്. അതിനെ കുറിച്ച് എല്ലാവർക്കും ഉത്തമ ബോധ്യമുണ്ടായിരിക്കും. എന്നാൽ മരണശേഷമുളള മനുഷ്യന്റെ ആഗ്രഹങ്ങളെ കുറിച്ച് ശരിക്കും മനസ്സിലാക്കിയവർ ജീവിതത്തിൽ ഒരുനിമിഷം പോലും പാഴാക്കുകയില്ല. നമ്മൾ വൃഥാ ചെലവഴിക്കുന്ന നിമിഷങ്ങൾ തിരിച്ച് കിട്ടിയിരുന്നുവെങ്കൽ എന്ന് മരണശേഷം അഗ്രഹിക്കുന്ന അവസ്ഥ വരാതിരിക്കാൻ നന്മയിൽ ബോധപൂർവം സമയം വിനിയോഗിക്കുക, അല്ലെങ്കിൽ നാളെ ഖേദിക്കേണ്ടിവരും.