അനന്തപ്രപഞ്ചവും ദൈവവും

ഷാഹുൽ പാലക്കാട്

2023 മെയ് 20 , 1444 ശവ്വാൽ 27

പ്രപഞ്ചത്തിന് അനന്തമായ നിലനിൽപുണ്ടാവുക സാധ്യമല്ലെന്ന് കഴിഞ്ഞ ലക്കത്തിൽ സമർഥിച്ചത് നാം കണ്ടു. പ്രപഞ്ചം അനാദിയല്ലാതിരിക്കേണ്ടത് കോസ്‌മോളജിക്കൽ ആർഗ്യുമെന്റിനെ യുക്തിപരമായി സ്ഥാപിക്കാൻ അനിവാര്യമാണ്. എന്നാൽ ഡിപ്പന്റൻസി ആർഗ്യുമെന്റിലേക്ക് വന്നാൽ പ്രപഞ്ചം അനാദിയാകുന്നതോ സനാദിയാകുന്നതോ അതിനെ ബാധിക്കുന്നേയില്ല. അതുകൊണ്ട് തന്നെ അനാദിയായ പ്രപഞ്ചത്തിനുപോലും ദൈവം ആവശ്യമാണെന്ന് സ്ഥാപിക്കാൻ ഡിപ്പന്റൻസി ആർഗ്യുമെന്റ് കൊണ്ടു കഴിയുന്നു.

തുടക്കമുള്ളതോ ഇല്ലാത്തതോ ആയ, ഭൗതികഗുണം പ്രകടിപ്പിക്കുന്ന ഏതൊന്നിനും പിന്നിൽ അതിന്റെ വിശദീകരണം എന്നോണം മറ്റൊരസ്തിത്വം വേണ്ടിവരുന്നു എന്ന യുക്തിയെ ആശ്രയിച്ചാണ് ഡിപ്പന്റൻസി വാദം തുടങ്ങുന്നത് തന്നെ. അതിനാൽ അനാദിയായ പ്രപഞ്ചത്തിന് സമാന്തരമായി ദൈവം അതിന്റെ ഹേതുവായി നിലനിൽക്കുന്നുവെന്ന ചിന്ത ഈ വാദമനുസരിച്ച് സാധ്യമാണ്. ഭൗതിക പ്രപഞ്ചം അനന്തമായി നിലനിൽക്കുന്നതാണെങ്കിൽ ചില നിശ്ചിത ഭൗതികഗുണങ്ങൾ പ്രകടമാക്കുന്ന പ്രപഞ്ചാവസ്ഥ എന്തുകൊണ്ട് കാണപ്പെടുന്നുവെന്ന് ചോദിക്കാം. ഒരു വിശദീകരണവും ഇല്ലാതെ സ്വയമേ നിലനിൽക്കുകയെന്ന ഗുണം ഭൗതിക വസ്തുക്കളിൽ ആരോപിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ ഈ ചോദ്യത്തിന് ഒരു ഉത്തരവും അനിവാര്യമാണ്. ആ നിലയ്ക്ക് പ്രപഞ്ചം അനാദിയായി നിലനിൽക്കുന്നതാണെന്നും അതിനാൽ അതിന് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നും വാദിക്കുന്നതിൽ ഒരർഥവുമില്ല.

സമയത്തിന്റെ പരിമിതികളില്ലാതെ കാര്യവും കാരണവും (Cause and Effect) ഒരുപോലെ നിലനിൽക്കാം എന്ന് തത്ത്വശാസ്ത്രപരമായി സ്ഥാപിക്കാൻ കഴിയും. അപ്പോൾ അനാദിയായ പ്രപഞ്ചത്തിന് അനാദിയായ ദൈവം സമാന്തരകാരണമായി നിലനിൽക്കുക സാധ്യമാണ്. ഉദാ: വളരെ സോഫ്റ്റായ ഒരു പഞ്ഞിക്കെട്ടിന് മുകളിൽ വളരെക്കൂടുതൽ ഭാരമുള്ള ഒരു ഇരുമ്പ് ഗോളം കയറ്റി വെച്ചുവെന്നു കരുതുക. സ്വാഭാവികമായും ആ ഇരുമ്പ് ഗോളം പഞ്ഞിക്കെട്ടിൽ അതിരിക്കുന്ന സ്ഥലത്ത് വക്രതയുണ്ടാക്കും. അപ്പോൾ പഞ്ഞിക്കെട്ടിനു മുകളിൽ ആ വക്രതയുണ്ടാകാൻ കാരണമായതാണ് (Cause) ഇരുമ്പ് ഗോളം. ആ കാരണത്തിന്റെ ഫലമായി Effect)ഉണ്ടായതാണ് അതിലെ വക്രത (Curvature).

കാര്യവും കാരണവും സമയത്തിന്റെ പരിമിതിയില്ലാതെ ഒരുപോലെ നിലനിൽക്കാം എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണിത്. അഥവാ ഇരുമ്പ് ഗോളം കാരണമായി പ്രവർത്തിച്ചതിന്റെ ശേഷമല്ല അതിന്റെ ഫലമായ വക്രത സംഭവിക്കുന്നത്. പഞ്ഞിക്കെട്ടിൽ വക്രതയുണ്ടാകുന്നതിനും ഇരുമ്പ് ഗോളം അതിനു കാരണമായി പ്രവർത്തിക്കുന്നതിനും ഇടയിൽ ഇവിടെ സമയത്തെ അടയാളപ്പെടുത്താൻ കഴിയില്ല. മറിച്ച്, കാര്യവും കാരണവും ഒരുമിച്ചാണ് ഇവിടെ നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും. കാര്യകാരണ ബന്ധങ്ങൾക്കിടയിൽ സമയം ഒരു അനിവാര്യഘടകമല്ലെന്ന് തെളിയിക്കുകയാണ് ഈ ഉദാഹരണം ചെയ്യുന്നത്. ഇനി ഈ പ്രതിഭാസം അനാദിയായി സംഭവിക്കുന്നതാണെന്ന് സങ്കൽപിച്ചാലും ഇരുമ്പ് ഗോളം കാരണമായി ഉണ്ടാകുന്ന വക്രത അനാദിയായി തന്നെ നിലനിൽക്കുന്നതാണെന്ന് വരും. കാര്യവും കാരണവും അനാദിയായി ഒരുപോലെ നിലനിൽക്കാം എന്ന് ഇത് തെളിയിക്കുന്നു. അപ്പോൾ അനാദിയായ പ്രപഞ്ചത്തിന് അനന്തതയിൽ ദൈവം സമയങ്ങളുടെ പരിമിതിയില്ലാതെ സ്രഷ്ടാവാവുക വ്യക്തമായും സാധ്യമാണ്. അനാദിത്വം ദൈവത്തെ നിഷേധിക്കാൻ പറയാവുന്നൊരു ന്യായമല്ല.

ആദി കാരണത്തിലേക്ക്

പ്രപഞ്ചത്തിന്റെ മൂലകാരണമന്വേഷിച്ചുള്ള തത്ത്വശാസ്ത്ര ചിന്തകളെല്ലാം ഒരാദി കാരണത്തിലേക്കെത്തുന്നത് കാണാം. ഈ അന്വേഷണം കോസ്‌മോളജിക്കൽ വാദം അനുസരിച്ചാണെങ്കിൽ പ്രപഞ്ചത്തിന്റെ കാരണമെന്താണെന്നതിനെ സംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് അത് തുടങ്ങുന്നു. പ്രപഞ്ചം എങ്ങനെ നിലവിൽ വന്നുവെന്നതിന് പറയാവുന്ന സാധ്യതകൾ ഇവയാണ്:

1. സ്വയം സൃഷ്ടിക്കപ്പെട്ടു.

2. ശൂന്യതയിൽനിന്നും ഒരു കാരണവും പ്രവർത്തിക്കാതെ ഉണ്ടായി വന്നു.

3. ഭൗതികമായ മറ്റൊരു കാരണത്താൽ സൃഷ്ടിക്കപ്പെട്ടു.

4. സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വം കാരണത്താൽ സൃഷ്ടിക്കപ്പെട്ടു.

1. പ്രപഞ്ചം സ്വയം സൃഷ്ടിക്കപ്പെട്ടതോ?

ഇത്തരം ഒരു വാദം ഉന്നയിച്ചുവരുന്നത് യുക്തിപരമായിത്തന്നെ ലളിതമായി മനസ്സിലാക്കാവുന്ന ഒരബദ്ധമാണ്. ഒരു വസ്തുവിന് മറ്റൊന്നിന്റെ കാരണമായി പ്രവർത്തിക്കണമെങ്കിൽ അതിന് ആദ്യം സ്വയംതന്നെ ഒരു നിലനിൽപുണ്ടായിരിക്കുകയാണ് വേണ്ടത്. അപ്പോൾ നിലവിൽ ഇല്ലാത്ത ഒന്നിന് പിന്നെ എങ്ങനെയാണ് സ്വന്തം അസ്തിത്വത്തെ സൃഷ്ടിക്കാൻ കഴിയുക? നിങ്ങളുടെ മാതാവ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തിൻ മാതാവ് തന്നെ സ്വയം പ്രസവിക്കുകയായിരുന്നു എന്ന് ഉത്തരം പറഞ്ഞാൽ അതെത്ര വലിയ മണ്ടത്തരമാകുമോ അതിന് സമാനമാണ് ഈ വാദം പ്രപഞ്ചത്തിന്റെ കാര്യത്തിലും.

2. പ്രപഞ്ചം ശൂന്യതയിൽനിന്ന്?

മതങ്ങളെല്ലാം ഏതെങ്കിലും തരത്തിലുള്ള അത്ഭുത പ്രവർത്തനങ്ങൾ സംഭവിച്ചതായി വിശ്വസിക്കുന്നവരാണ്. സ്ഥിരം വിമർശനങ്ങളുന്നയിക്കുന്ന നവനാസ്തികരോട് പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്നു ചോദിച്ചിട്ടുണ്ടോ? ഒരു കാര്യവും കാരണവും പ്രവർത്തിക്കാതെ ചുമ്മാ ശൂന്യതയിൽ നിന്നും പൊടുന്നനെ ഉണ്ടായി വന്നതാണ് പ്രപഞ്ചം എന്നൊക്കെ യുക്തിബോധം നാണിക്കുന്ന തരത്തിൽ ചിലപ്പോൾ മറുപടി പറഞ്ഞുകളയും. ഒരു മാജിക് സംഭവിക്കണമെങ്കിൽ പോലും അതിനു പിറകിൽ ഒരു മജീഷ്യൻ പണിയെടുക്കുന്നുണ്ടാകണം. അപ്പോൾ മജീഷ്യൻ പോയിട്ട് ഒരു കാരണം (cause) പോലുമില്ലാതെ വെറുതെ ഈ മഹാപ്രപഞ്ചം ഉണ്ടായിവന്നുവെന്നു പറഞ്ഞാൽ മാജിക്കിൽ വിശ്വസിക്കുന്നതിലും വലിയ അബദ്ധമാകുമത്.

ഇനി എന്താണ് ശൂന്യതയെന്ന് നോക്കുക. സ്ഥലകാല മാനങ്ങളോ യാതൊരു ഭൗതിക നിയമങ്ങളോ നിലവിലില്ലാത്ത കാര്യകാരണ ബന്ധങ്ങൾ ഒന്നും പ്രവർത്തിക്കാത്ത, ഒരു വസ്തുവിനും നിലനിൽപില്ലാത്ത അവസ്ഥയാണ് സമ്പൂൾണ ശൂന്യത. അപ്പോൾ യാതൊന്നിനെയും സൃഷ്ടിക്കാനോ സ്വന്തം അസ്തിത്വത്തെ പ്രകടിപ്പിക്കാനോ ഉള്ള കഴിവില്ലായ്മ കൂടിയാണ് ശൂന്യത (nothingness)എന്ന് അതിന്റെ നിർവചനത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. പൂജ്യം കൂട്ടണം പൂജ്യം എന്നിങ്ങനെ എത്രതവണ പൂജ്യങ്ങളെ ചേർത്തുകൂട്ടിയാലും ഒന്നും ലഭിക്കാത്തതുപോലെത്തന്നെ ശൂന്യതയിൽനിന്നും ഒന്നും ഉണ്ടാകില്ല. തിരിച്ചു പറഞ്ഞാൽ അങ്ങനെ ഒന്നും ഉണ്ടാകാതിരിക്കാനുള്ള പ്രകൃതമാണ് ശൂന്യത.

3. ഭൗതികമായ മറ്റൊരു കാരണത്താൽ സൃഷ്ടിക്കപ്പെട്ടു?

പ്രപഞ്ചോൽപത്തിക്കു കാര ണം സൃഷ്ടിക്കപ്പെട്ട മറ്റൊരു ഭൗതികഹേതുവാണെന്ന് വാദിക്കുന്നതുകൊണ്ട് ചോദ്യം മറ്റൊരു തലത്തിലേക്ക് മാറ്റിവെക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത്. അഥവാ പ്രപഞ്ചത്തിന് കാരണമായത് ഭൗതികമായ മറ്റെന്തെങ്കിലും ആണെന്നു വാദിച്ചാൽ ആ ഭൗതിക കാരണം എങ്ങനെയുണ്ടായിയെന്ന പ്രശ്‌നം ആവർത്തിക്കുക മാത്രമെ സംഭവിക്കുന്നുള്ളൂ. പ്രപഞ്ചത്തിനു പിന്നിൽ അനന്തമായി ഭൗതിക കാരണങ്ങൾ നിലനിൽക്കുക സാധ്യമല്ല. അതിനാൽ പ്രപഞ്ചത്തിന്റെ മൂലകാരണം ഭൗതികമായ എന്തെങ്കിലുമാണെന്ന് വാദിക്കാൻ കഴിയില്ല.

4. സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വത്താൽ സൃഷ്ടിക്കപ്പെട്ടു?

അപ്പോൾ അവശേഷിക്കുന്ന ഏക സാധ്യത സകല ലോകങ്ങൾക്കും കാരണമായി വർത്തിച്ചത് സൃഷ്ടിക്കപ്പെടാത്ത അഭൗതികമായ ഒരസ്തിത്വമാണ് എന്നാണ് കോസ്‌മോളജിക്കൽ ആര്ഗ്യുമെന്റ് അനുസരിച്ച് ചെന്നെത്തുന്ന യുക്തിപരമായ തീർപ്പ്. ഈ ആദികാരണത്തെ തത്ത്വശാസ്ത്രപരമായി വിശകലനം ചെയ്യുന്നതിൽനിന്നും ഇത് ദൈവത്തെ സ്ഥാപിക്കുന്നു. അതിലേക്ക് കടക്കുംമുമ്പ് ആദികാരണം എന്ന ഈയൊരാശയത്തിലേക്ക് തന്നെ ഡിപ്പന്റൻസി ആർഗ്യുമെന്റ് എത്തുന്നത് എങ്ങനെയാണെന്നു നോക്കാം.

ആശ്രയവും അനിവാര്യതയും!

ഡിപ്പന്റൻസി വാദമനുസരിച്ച് സർ‌വതിനെയും രണ്ടുതരത്തിൽ തരംതിരിക്കാമെന്ന് മുന്നേ പറഞ്ഞല്ലോ. അതിന്റെ വിശദീകരണത്തിലേക്ക് കടക്കാം.

1. അനിവാര്യമായ അസ്തിത്വം

മറ്റൊന്നിന്റെയും കാര്യകാരണപരമായ ആശ്രയം ആവശ്യമായിട്ടില്ലാത്ത സ്വയംതന്നെ നിലനിൽപുള്ളതെന്ന് ഇതിനെ ലളിതമായി നിർവചിക്കാം. ഫിലോസഫിയിൽ അനിവാര്യതയെന്ന (necessary) ചിന്ത വളരെ മുമ്പുതന്നെയുണ്ട്. ഗണിതശാസ്ത്രപരമായി പറഞ്ഞാൽ ത്രികോണത്തിൻ മൂന്നു കോണുകൾ മാത്രം ഉണ്ടായിരിക്കേണ്ടത് ഒരു അനിവാര്യതയാണെന്നു പറയാം. ഒരിക്കലും നാലു കോണുകളുള്ള ത്രികോണം സാധ്യമല്ല, എന്നതുപോലെ അസ്തിത്വപരമായി അനിവാര്യമായ നിലനിൽപുള്ളതാണ് ദൈവം എന്നാണ് ആശ്രയവാദം പറയുന്നത്. അപ്പോൾ ദൈവം നിലനിൽക്കാതിരിക്കൽ ഒരു അസംഭവ്യതയാണെന്ന്‌വരുന്നു. ദൈവത്തിന്റെ നിലനിൽപിന് മറ്റെന്തെങ്കിലും കാരണമോ ആശ്രയമോ വേണ്ടതായിട്ടില്ലെന്നും ഇത് സിദ്ധാന്തിക്കുന്നു.

ആശ്രയിക്കപ്പെടുന്നവ

ഒരു അസ്തിത്വത്തിന് സ്വന്തമായ നിലനിൽപില്ലെന്നും, മറ്റു പലതിനെയും ആശ്രയിച്ചുമാത്രമാണവ നിലനിൽക്കുന്നതെന്നും വന്നാൽ അവയ്ക്ക് അനിവാര്യമായ അസ്തിത്വമില്ലെന്നു പറയാം. മറ്റെന്തിനെയെല്ലാമോ ആശ്രയിച്ചുമാത്രം നിലവിൽ വന്നതാണവ. ഫിലോസഫിയിൽ contingent things എന്ന് ഇവ അറിയപ്പെടുന്നു. ആശ്രയിക്കപ്പെടുന്നതെന്തിനും ബാഹ്യമായ ഒരു വിശദീകരണവും ആവശ്യമായി വരുന്നുവെന്ന യുക്തിയാണിതിൽ ഉപയോഗിക്കപ്പെടുന്നത്. ഈ ആശ്രയത്വങ്ങളെ പല രീതിയിൽ അടയാളപ്പെടുത്താം:

എ) ഉൽപത്തിപരമായ ആശ്രയം

ഭൗതികമായ ഏതൊന്നിനും ഉൽപത്തിയുണ്ടെന്നു കാണാം. അപ്പോൾ ആ ഉൽപത്തി മറ്റൊരു കാരണമായി സംഭവിക്കുന്നതാണ്. അതിനാൽ ആ കാരണത്തിൽ ആശ്രിതമാണ് അതിന്റെ അസ്തിത്വം തന്നെ. ഉദാ: നിങ്ങളുടെ ജനനം നിങ്ങളുടെതന്നെ മാതാപിതാക്കൾ കാരണമായി ഉണ്ടായതാണ്. അതിനാൽ നിങ്ങളുടെ അസ്തിത്വം ഒരു അനിവാര്യതയല്ല. മറിച്ച് നിങ്ങളുടെ മാതാപിതാക്കളിൽ ആശ്രിതമാണ് അത്.

ബി) ഭൗതികമായ ആശ്രയത്വം

ഭൗതികമായി നിലനിൽക്കുന്ന ഏതൊന്നും നിലനിൽപിന് ആ ഭൗതികതയെ തന്നെയാണ് ആശ്രയിക്കുന്നത്. ആറ്റങ്ങളുടെയും മൂലകങ്ങളുടെയും ഒക്കെ ഒരു രൂപത്തിലുള്ള മിശ്രണമാണ് ഏതൊരു ഭൗതിക വസ്തുവും. അതിനാൽ അവയിൽ ആശ്രിതവുമാണത്. മാത്രമല്ല ഇത്തരം അടിസ്ഥാന കണങ്ങളുടെ ഒരു രൂപത്തിലുള്ള സജ്ജീകരണവും അതിനാവശ്യമാണ്. ഈ ആറ്റങ്ങളുടെയും കണികകളുടെയും ഒരു രൂപത്തിലുള്ള വിന്യാസത്തിനും ഇതേ കണക്കിന് ബാഹ്യമായ വിശദീകരണം വേണ്ടിവരുന്നു.

സി) നിലനിൽപിനാവശ്യമായ ആശ്രയത്വം

ഒന്നിന് നിലനിൽക്കാൻ കൂടെ മറ്റു പലതിനെയും സമാന്തരമായി ആശ്രയിക്കേണ്ടിവരലാണിത്. ഉദാ: മനുഷ്യന്റെ നിലനിൽപ്. ഓരോ നിമിഷവും ശ്വസിക്കേണ്ടിവരുന്നു. ചുറ്റുപാടുകളെയും ഓക്‌സിജനെയും നിലനിൽപിന് സമാന്തരമായി ആശ്രയിക്കേണ്ടിവരലാണിത്.

ഡി) ഭൗതിക ഗുണങ്ങളുടെ ആശ്രയത്വം

ഏതൊരു ഭൗതിക വസ്തുവിനും അതിന്റെ വിശേഷണങ്ങൾ കൂടാതെ നിലനിൽപില്ല. ഉദാ: യാതൊരു നിറവും ഇല്ലാത്ത ഒരു പോയിന്റിനെ നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ? ഒരിക്കലും പറ്റില്ല! കാരണം ഭൗതികമായ വിശേഷണങ്ങൾ കൂടാതെ ഏതൊരു ഭൗതിക വസ്തുവിനോ പ്രതിഭാസത്തിനോ നിലനിൽപില്ല. ഈ ഭൗതിക ഗുണങ്ങൾക്കാണെങ്കിൽ ബാഹ്യമമായ വിശദീകരണങ്ങൾ ആവശ്യമാണുതാനും.

ഉദാഹരണത്തിന് ഈ വാരികതന്നെയെടുക്കാം. ഇത് പരിമിതമായ ഒരു രൂപവും നിറവും ഭാരവും ക്രമീകരണവുമൊക്കെ ഉൾക്കൊള്ളുന്നതാണ്. ഇവയിലെ ഏതൊരു ഗുണവും എന്തുകൊണ്ട് സംഭവിച്ചു എന്നു നമുക്ക് ചോദിക്കാം. അങ്ങനെ ചോദിക്കാൻ കഴിയുന്നത് ഈ ഗുണങ്ങളൊക്കെ മറ്റു ബാഹ്യകാരണങ്ങളാൽ ഈ പുസ്തകത്തിന് ലഭിച്ചതാണ് എന്നതുകൊണ്ടാണ്. സകല ഭൗതിക വസ്തുക്കളിലും ഈ നിയമം പ്രായോഗികമാണ്. അഥവാ ഏതൊരു ഭൗതിക ഗുണത്തിനും സ്വയം നിലനിൽപില്ല. അതിനാൽ ഇവയ്‌ക്കെല്ലാം ബാഹ്യമായ വിശദീകരണങ്ങൾ അനിവാര്യമായി വരുന്നു.

(അവസാനിച്ചില്ല)