ഹേമന്ദ് ഗുപ്തയുടെ വിധിന്യായങ്ങളിലൂടെ 2

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

സുപ്രീംകോടതി വിധികൾക്ക് പുതിയ വ്യാഖ്യാനം?!

കർണാടകയുടെ നടപടിക്ക് സാധൂകരണം നൽകുന്നതിനായി ഇന്ത്യൻ ഭരണഘടന പ്രതിനിധാനം ചെയ്യുന്ന സെക്കുലറിസത്തിന് പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയാണ് ഹേമന്ദ് ഗുപ്ത. ‘പന്ത്-നിരപേക്ഷ്’ എന്ന പദമാണ് ഭരണഘടനയുടെ ഹിന്ദി പതിപ്പിൽ നൽകിയിരിക്കുന്നതെന്നും കേവലം വിവിധ മതങ്ങളുടെ ആരാധനാപരമോ ആചാരപരമോ ആയ കാര്യങ്ങൾ മാത്രമാണ് അതിൽ അടങ്ങിയിട്ടുള്ളതെന്നും അതുകൊണ്ട് രാജ്യത്തിന് ആവശ്യമായ ‘പൊതുയിടങ്ങളിലെ ധർമ നിയമങ്ങൾ’ ഉണ്ടാക്കുവാൻ സർക്കാറിന് അവകാശമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനത്തിന്റെ ചുരുക്കം. അദ്ദേഹത്തിന്റെ ഈ നിരീക്ഷണം സ്ഥാപിക്കുന്നതിനായി അദ്ദേഹം മുൻകാലങ്ങളിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ച ചില കേസുകളെയാണ് ആശ്രയിച്ചത്. പ്രസ്തുത വിധികളിന്മേലുള്ള അദ്ദേഹത്തിന്റെ വാദങ്ങളാണ് താഴെ നൽകുന്നത്:

കേശവാനന്ദ ഭാരതി വിധി

1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ‘സെക്കുലർ’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തിൽ സ്ഥാനം പിടിച്ചത്. എന്നാൽ അതിന് മുമ്പുതന്നെ ‘സെക്കുലർ’ ആശയം ഭരണഘടനയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 1970ലെ കേശവാനന്ദ ഭാരതി  v/s സ്റ്റേറ്റ് ഓഫ് കേരള കേസിന്റെ വിധിയിൽ സുപ്രീം കോടതി, ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളായ മതനിരപേക്ഷത (Secularism), ജനാധിപത്യം (Democracy), വ്യക്തിസ്വാതന്ത്ര്യം (Freedom of Individual) എന്നിവ യാതൊരു മാറ്റവുമില്ലാതെ എല്ലായ്‌പ്പോഴും ഭരണഘടനയിൽ നിലനിൽക്കുമെന്ന് വിധിച്ചതായി കാണാം. പ്രസ്തുത കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് എച്ച്.ആർ.ഖന്ന തന്റെ വിധിക്ക് ഉപോദ്ബലകമായി ഉദ്ധരിച്ചത് ഇന്ത്യൻ എക്‌സ്‌പ്രസ് പത്രാധിപരും പ്രമുഖ ഗാന്ധിയനുമായിരുന്ന കെ.സന്താനം കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ നടത്തിയ പ്രസ്താവനയാണ്. അത് ഇപ്രകാരമാണ്:

‘മൂന്ന് വിപ്ലവങ്ങളാണ് ഒരു രാജ്യത്തിന് ആവശ്യമായിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചതോടെ രാഷ്ട്രീയ വിപ്ലവം അവസാനിച്ചിരിക്കുന്നു. ജനനം, മതം, ആചാരം, സമൂഹം തുടങ്ങിയ മധ്യകാലഘട്ട കാഴ്ചപ്പാടുകളിൽ (Medievalism) നിന്നും മാറി ശക്തമായ സാമൂഹിക നിയമങ്ങളിലൂടെയും വ്യക്തിഗത സ്വാതന്ത്ര്യത്തിലൂടെയും സെക്കുലർ വിദ്യാഭ്യാസത്തിലൂടെയുമുള്ള സാമൂഹിക വിപ്ലവമാണ് കാലം ആവശ്യപ്പെടുന്നത്. ആദിമ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽനിന്ന് ശാസ്ത്രീയവും ആസൂത്രിതവുമായ കൃഷിയിലേക്കും വ്യവസായത്തിലേക്കുമുള്ള മാറ്റത്തിലൂടെയുള്ള സാമ്പത്തിക വിപ്ലവമാണ് മറ്റൊന്ന്.’

വിശദീകരണം

കേശവാനന്ദ ഭാരതി കേസിന്റെ വിധിയാണ് ഇന്ത്യയുടെ മതേതരത്വം കാത്തുസംരക്ഷിച്ച വിധി. മതേതരത്വവുമായും ജനാധിപത്യവുമായും ബന്ധപ്പെട്ട അധ്യായങ്ങളും അനുച്ഛേദങ്ങളും ഭരണഘടനയിൽനിന്ന് നീക്കംചെയ്യാനോ ഭേദഗതി വരുത്താനോ പാടില്ലെന്നായിരുന്നു പ്രസ്തുത വിധിയിലെ ഹൈലൈറ്റ്. സംഘ്പരിവാർ പലവുരു ശ്രമിച്ചിട്ടും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സെക്കുലറിസത്തെ തൊടാൻ സാധിക്കാതിരുന്നതും ഈ വിധിയുടെ കഴിവുകൊണ്ടാണ്. ഈയൊരു യാഥാർഥ്യത്തെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അംഗീകരിക്കുന്നുവെങ്കിലും കേശവാനന്ദ ഭാരതി കേസിലൂടെ സുപ്രീം കോടതി സംരക്ഷിച്ച സെക്കുലറിസം പൊതുയിടങ്ങളിലെല്ലാം മതഅടയാളങ്ങളെ പ്രദർശിപ്പിക്കാം എന്നല്ല, പ്രത്യുത രാഷ്ട്രം നിർമിക്കുന്ന നിയമങ്ങൾക്ക് അവ വിധേയമാണ് എന്ന സംഘ്പരിവാർ നൽകുന്ന വ്യാഖ്യാനത്തെ ശരിവെക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ കെ.സന്താനം പറഞ്ഞ കാര്യങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നത്. വിവിധ മതങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള സെക്കുലറിസം മുഗളന്മാർ അടക്കമുള്ളവർ ഭരിച്ചിരുന്ന മധ്യകാലഘട്ടത്തിന്റെ സംഭാവനയാണെന്നും ഇന്ത്യ സ്വതന്ത്രമായതോടെ ഇന്ത്യൻ സെക്കുലറിസത്തിന്റെ പഴയ വീക്ഷണങ്ങൾ മാറ്റി ‘കാലത്തിനൊത്ത’ വീക്ഷണങ്ങൾ നടപ്പാക്കണമെന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്.

കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ വന്നിട്ടുള്ള അഭിപ്രായങ്ങൾ റെഫറൻസിന് ഉപയോഗിക്കാമെന്നല്ലാതെ അവയെ അംഗീകൃത നിയമമായി സ്വീകരിക്കാൻ കഴിയില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അംഗീകൃത നിയമങ്ങളുടെ അടിസ്ഥാനം കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിലെ ചർച്ചകളല്ല, മറിച്ച് ഭരണഘടനയാണ്. ഭരണഘടനയുടെ അനുച്ഛേദം 25ന് നൽകിയ തലക്കെട്ട് തന്നെ ‘മതസ്വാതന്ത്ര്യത്തിനുള്ള അവകാശം’ (Right to Freedom of Religion) എന്നാണ്. അനുച്ഛേദം 26ന് നൽകിയ തലക്കെട്ട് ‘മതപരമായ കാര്യങ്ങളുടെ നടത്തിപ്പിനുള്ള സ്വാതന്ത്ര്യം’ (Freedom to manage religious affairs) എന്നാണ്. ഭരണഘടനയിൽ പറഞ്ഞിട്ടുള്ള ‘Religion’ എന്ന പദം ‘കാലത്തിനൊത്ത ധാർമികത’ എന്ന ആശയമല്ല നൽകുന്നത്. ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ടിട്ടുള്ള വിശ്വാസപ്രമാണങ്ങളുടെ ഭാഗമായി ഉണ്ടായിട്ടുള്ള മതം എന്ന ആശയമാണ് അത് നൽകുന്നത്. മതങ്ങളുടെ ഭാഗമായിട്ടല്ലാതെ വരുന്ന കാര്യങ്ങൾ അനുസരിച്ച് ഒരാൾക്ക് ആശയങ്ങൾ രൂപപ്പെടുത്താം എന്ന് കരുതുന്നുണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. അതാണ് അനുച്ഛേദം 25ന്റെ ഭാഗമായി പറഞ്ഞിട്ടുള്ള ‘മനസാക്ഷി സ്വാതന്ത്ര്യത്തിനുള്ള അവകാശം’ (Freedom of Conscience).  ഇത്രയും വ്യക്തമായി ഭരണഘടന കാര്യങ്ങൾ വിശദീകരിക്കുമ്പോൾ കോൺസ്റ്റിറ്റുവെന്റ് അസംബ്ലിയിൽ ഒരാൾ പറഞ്ഞ അഭിപ്രായത്തെ പൊക്കിപ്പിടിച്ച് വളഞ്ഞു മൂക്കുപിടിക്കേണ്ട ആവശ്യമെന്താണ്?

ഗുപ്ത ഉദ്ധരിച്ച മറ്റു കേസുകൾ

കേശവാനന്ദ ഭാരതി കേസിന് പുറമെ ഹേമന്ത് ഗുപ്ത ഉദ്ധരിച്ച വിധികൾ ഇന്ദിരാഗാന്ധി v/s രാജ്‌നാരായണൻ കേസ് (1975), സിയാവുദ്ദീൻ ബുഖാരി കേസ് (1975), എസ്.ആർ.ബൊമ്മെ കേസ് (1994), സന്തോഷ്‌കുമാർ v/s െഎം.എച്ച്.ആർ.ഡി (1994), അരുണാ റോയ് v/s യൂണിയൻ ഓഫ് ഇന്ത്യ (2002) എന്നിവയാണ്.

ഇന്ദിരാഗാന്ധി v/s രാജ്‌നാരായണൻ കേസ്

1975ലെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട കേസാണ് ഇന്ദിരാഗാന്ധി v/s രാജ്‌നാരായണൻ കേസ്. 1971ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്നും ഇന്ദിരാഗാന്ധി തെരഞ്ഞെടുക്കപ്പെട്ടത് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു എന്നായിരുന്നു എതിർ സ്ഥാനാർഥി രാജ് നാരായണൻ നൽകിയ പരാതി. ഇതിനെ തുടർന്ന് 1975ൽ ഭരണഘടനയിൽ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും തെരഞ്ഞെടുപ്പ് ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെടാൻ പാടില്ല എന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. 39ാം ഭേദഗതി എന്നറിയപ്പെടുന്ന ഇത് ഭരണഘടനയിൽ അനുച്ഛേദം 329A ആയി ഇടംപിടിച്ചു. എന്നാൽ സുപ്രീംകോടതി ഈ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് എതിരാണെന്ന് കണ്ടെത്തുകയും തുടർന്ന് 1979ൽ പ്രസ്തുത ഭേദഗതി പിൻവലിക്കുകയും ചെയ്തു. ഈ കേസിൽ മതേതരത്വത്തിന് അടിവരയിടുന്ന പരാമർശങ്ങളാണ് കോടതി നടത്തിയത് എന്നിരിക്കെ അത് പൊതുയിടങ്ങളിൽ ‘മതം’ പാടില്ല എന്ന വാദത്തിന് ഒരിക്കലും തെളിവാവുകയില്ല.’ ‘the secular character of the State, according to which the State shall not discriminate against any citizen on the ground of religion...’ (മതത്തിന്റെ പേരിൽ ഏതെങ്കിലും ഒരു പൗരനുമേൽ യാതൊരു വിവേചനവും കാണിക്കാതിരിക്കുക എന്നതാണ് ഒരു രാജ്യത്തിന്റെ സെക്കുലർ സ്വഭാവം) എന്ന ഇന്ദിരാഗാന്ധി കേസിലെ കോടതിവിധിയിലെ പരാമർശത്തെയാണ് ഗുപ്ത പിടികൂടിയിരിക്കികുന്നത്. അതായത് ഒരു വിഭാഗത്തിന് മാത്രം മതവേഷം അനുവദിക്കുക എന്നത് വിവേചനമാണ് എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. എന്നാൽ ഏതൊരു പൗരന്റെയും മതപരമായ സ്വാതന്ത്ര്യത്തിനുമേൽ വിവേചനം പാടില്ല എന്ന് അരക്കിട്ടുറപ്പിക്കുകയാണ് പ്രസ്തുത വിധി ചെയ്യുന്നത് എന്ന യാഥാർഥ്യത്തിനുമേൽ അദ്ദേഹം കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.

സിയാവുദ്ദീൻ ബുഖാരി കേസ്

1972ലെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസാണ് സിയാവുദ്ദീൻ ബുഖാരി v/s ബ്രിജ്‌മോഹൻ രാംദാസ് മെഹ്‌റ കേസ്.  കുംബർവാഡ നിയോജകമണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച മുസ്‌ലിംലീഗ് നേതാവ് സിയാവുദ്ദീൻ ബുഖാരി മതവികാരങ്ങളെ ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാണ് വിജയം നേടിയത് എന്നതിനാൽ അദ്ദേഹത്തിന്റെ വിജയം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് മണ്ഡലത്തിലെ ഒരു വോട്ടറായ രാജ്‌മോഹൻ രാംദാസ് നൽകിയ അപ്പീലാണ് ഇത്. എതിർ സ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഛഗ്ല ഷൗക്കത്ത് കരിംഭായ് മുസ്‌ലിം വ്യക്തിനിയമം നിർവീര്യമാക്കണം എന്ന് പറയുന്നു എന്ന് ബുഖാരി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രസംഗിച്ചു എന്നാണ് ഇതിന് തെളിവായി വോട്ടർ കോടതിയെ ധരിപ്പിച്ചത്. എന്നാൽ കോടതി പറഞ്ഞത് മുസ്‌ലിം വ്യക്തി നിയമം ഭരണഘടനാനുസൃതമായ നിയമമാണ്; അതിനെ മുസ്‌ലിം സമുദായവുമായി ബന്ധപ്പെടുത്തി പറയാൻ പാടില്ല എന്നായിരുന്നു. മാത്രവുമല്ല എതിർസ്ഥാനാർഥി പരാതി ഉന്നയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ കേസ് കോടതി തള്ളുകയും പരാതിക്കാരനിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഇനി ഈ കേസിൽ ബുഖാരി മതവികാരം ഇളക്കിവിട്ടു പ്രസംഗിച്ചാൽതന്നെയും അതൊരു തെരഞ്ഞെടുപ്പ് കേസാവുകയും അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം റദ്ദ് ചെയ്യപ്പെടുകയും ചെയ്യുക മാത്രമാണ് സംഭവിക്കുക. തെരഞ്ഞെടുപ്പിൽ മതപരമായ കാര്യങ്ങൾ പറഞ്ഞു വോട്ട് പിടിക്കാൻ പാടില്ല എന്ന ചട്ടവും ശിരോവസ്ത്രം പോലെയുള്ള തികച്ചും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കുഴച്ചുകൊണ്ടുള്ള ഗുപ്തയുടെ നിരീക്ഷണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.

എസ്.ആർ.ബൊമ്മെ കേസ്

1994ലെ എസ്.ആർ.ബൊമ്മെ v/s യൂണിയൻ ഓഫ് ഇന്ത്യ കേസ് സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണവുമായിബന്ധപ്പെട്ട കേസാണ്. ഭരണഘടനയുടെ അനുച്ഛേദം 356 പ്രകാരം സംസ്ഥാന ഗവർണർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഏതൊരു സംസ്ഥാനത്തെയും സർക്കാരിനെ പിരിച്ചുവിട്ട് അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്നാണ്. 1994ൽ ജനതാദളിൽ ഉണ്ടായ ഭിന്നതയെ തുടർന്ന് എസ്.ആർ.ബൊമ്മെയുടെ നേതൃത്വത്തിലുള്ള അന്നത്തെ കർണാടക സർക്കാരിനെ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്ത സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എസ്.ആർ.ബൊമ്മെ നൽകിയ അപ്പീലാണ് ഇത്.  

ഈ കേസിന്റെ വിധിന്യായത്തിൽ സെക്കുലറിസവുമായി ബന്ധപ്പെട്ട ശക്തമായ ചില നിരീക്ഷണങ്ങൾ കോടതി നടത്തിയിട്ടുണ്ട്. അതാണ് ഇവിടെ ഹേമന്ദ് ഗുപ്ത ഉദ്ധരിക്കുന്നത്. പ്രസ്തുത നിരീക്ഷണങ്ങൾ ഇങ്ങനെയാണ്: സുപ്രീംകോടതി ഒരു ദൈവാധിപത്യ രാഷ്ട്രം രൂപീകരിക്കുന്നതിനെയും ഏതെങ്കിലും പ്രത്യേക മതത്തിന് പ്രാമുഖ്യം നൽകുന്നതിനെയും ശക്തമായി വിമർശിച്ചിട്ടുണ്ട്. എല്ലാ മതങ്ങൾക്കും തുല്യ പരിഗണനയാണ് നൽകേണ്ടതെന്ന് അതിൽ ഊന്നിപ്പറയുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷ പ്രവർത്തനങ്ങളിലേക്കുള്ള മതത്തിന്റെ കടന്നുകയറ്റം നിരോധിക്കണമെന്നും മതം രാഷ്ട്രകാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്നും വിധി ചൂണ്ടിക്കാണിക്കുന്നു. സെക്കുലർ എന്ന ആശയം കേവലം മതസഹിഷ്ണുതയുടെ പരിധിയിൽ നിൽക്കുന്ന നിഷ്‌ക്രിയമായ ആശയമല്ല. മറിച്ച് എല്ലാ മതങ്ങളോടും തുല്യ പരിഗണന എന്ന ക്രിയാത്മകമായ ആശയംകൂടി അതിൽ അടങ്ങുന്നുണ്ട് എന്ന ശക്തമായ പരാമർശവും അതിലുണ്ട്.

എല്ലാ മതങ്ങൾക്കും തുല്യ പരിഗണന എന്നും മതം രാഷ്ട്രകാര്യങ്ങളിൽ ഇടപെടരുത് എന്നുമുള്ള പരാമർശങ്ങളെയാണ് ഗുപ്ത അടിവരയിടുന്നത്. അതുകൊണ്ട് മുസ്‌ലിം പെൺകുട്ടികൾക്ക് മാത്രം പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്നും അങ്ങനെ അനുവദിക്കുന്നത് രാഷ്ട്രത്തിന്റെ പ്രതിരൂപമായ വിദ്യാലയങ്ങളിൽ മതത്തിന് ഇടപെടാൻ അവസരം നൽകാനുമാണ് എന്നാണ് ഗുപ്ത പറയാൻ ശ്രമിക്കുന്നത്. എന്നാൽ ജസ്റ്റിസ് ധൂലിയയുടെ വിധിന്യായത്തിൽ ഇതിനുള്ള കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഒരു വ്യക്തിയുടെ മൗലികാവകാശത്തിൽ രാഷ്ട്രത്തിന് കൈവെക്കാനുള്ള പരിധി ഭരണഘടന നിർവചിച്ചിട്ടുണ്ട്. ക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയ്ക്ക് ഭംഗം വരുന്നുണ്ടെങ്കിൽ മാത്രമേ അതിൽ രാഷ്ട്രത്തിന് ഇടപെടാൻ സാധിക്കൂ എന്നാണ് ഭരണഘടന പറയുന്നത്.  

സന്തോഷ്‌കുമാർ  v/s എം.എച്ച്.ആർ.ഡി

സന്തോഷ് കുമാർ v/s മാനവ വിഭവശേഷി മന്ത്രാലയം കേസ് (1994) സി.ബി.എസ്.ഇ സിലബസിൽ സംസ്‌കൃതം ഒരു ഐച്ഛിക വിഷയമായി ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു. ആ കേസിന്റെ വിധിന്യായത്തിലുള്ള കോടതി പരാമർശങ്ങളിൽ ഇങ്ങനെ കാണാം: ‘ജസ്റ്റിസ് എച്ച്.ആർ.ഖന്നയുടെ അഭിപ്രായത്തിൽ മതേതരത്വം എന്ന ആശയം ദൈവവിരുദ്ധമോ ദൈവത്തിന് അനുകൂലമോ അല്ല. അത് ഈശ്വര ഭക്തരെയും അജ്ഞേയവാദികളെയും നിരീശ്വരവാദികളെയും ഒരുപോലെ പരിഗണിക്കുന്നു.’ ഈ പരാമർശത്തെയാണ് ജസ്റ്റിസ് ഗുപ്ത ഉയർത്തിക്കാണിക്കുന്നത്. ഇതിലെവിടെയാണ് മുസ്‌ലിം പെൺകുട്ടികളുടെ ശിരോവസ്ത്രം നിരോധിക്കാവുന്നതാണ് എന്ന പോയിന്റ് ഉള്ളത്?

അരുണാ റോയ് v/s യൂണിയൻ ഓഫ് ഇന്ത്യ

എൻ.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടായിരുന്നു 2002ലെ അരുണാ റോയ്  v/s  യൂണിയൻ ഓഫ് ഇന്ത്യ കേസിന് ആസ്പദം. വിധിപ്രസ്താവത്തിൽ കോടതി പ്രധാനമായും ആശ്രയിച്ചത് 1999ലെ എസ്.ബി.ചവാൻ റിപ്പോർട്ടായിരുന്നു. മതങ്ങളെ കുറിച്ചുള്ള പഠനം സ്‌കൂളുകളിൽ നടപ്പാക്കുന്നത് സാമൂഹിക ഐക്യത്തിനും മത സൗഹാർദത്തിനുമുള്ള ഉപകാരണമായിരിക്കുമെന്നായിരുന്നു കമ്മിറ്റി നിർദേശിച്ചത്. ‘ഇവിടെ ഒരു ജാഗ്രത ആവശ്യമാണ്. മതങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. വ്യക്തിപരമായ മുൻവിധികളോ സങ്കുചിത ചിന്താഗതികളോ ഈ ഉദ്യമത്തിന്റെ യഥാർഥ ലക്ഷ്യത്തെ വളച്ചൊടിക്കാൻ പാടില്ല. മതങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസത്തിന്റെ പേരിൽ ആചാരങ്ങളും പിടിവാശികളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നില്ലെന്നും ഉറപ്പാക്കാൻ എല്ലാ നടപടികളും മുൻകൂട്ടി സ്വീകരിക്കണം. എല്ലാ മതങ്ങളെയും തുല്യ ബഹുമാനത്തോടെ പരിഗണിക്കേണ്ടതുണ്ട്.’

മതങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും മറ്റും സർക്കാർ ചെലവിൽ നടത്തുന്നതിനെ കുറിച്ചാണ് വിധിയിൽ പരാമർശമുള്ളത്. ഒരിക്കലും ഒരു വ്യക്തി അയാളുടെ മനഃസാക്ഷിയുടെ അടിസ്ഥാനത്തിലോ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലോ നിർവഹിക്കുന്ന അയാളുടെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചല്ല ഈ പരാമർശം. കാരണം ഭരണഘടന ഒരു പൗരന് നൽകിയിട്ടുള്ള ഏതൊരു അവകാശത്തിൻമേലും ഭരണഘടന നിർദേശിച്ച രൂപത്തിൽ അല്ലാതെയുള്ള നിയന്ത്രണം കൊണ്ടുവരാൻ കോടതികൾക്ക്സാധ്യമാവില്ല.