സമകാലിക ലോകവും ഇസ്‌ലാമിക പ്രബോധനവും

അബൂഫായിദ

2023 ഏപ്രിൽ 08, 1444 റമദാൻ 17

അല്ലാഹു മുസ്‌ലിംകളുടെമേൽ വിവിധ ബാധ്യതകൾ ഏൽപിച്ചിട്ടുണ്ട്. ഏകദൈവാരാധനയിൽ സ്വയം മുന്നോട്ടു പോകുക മാത്രമല്ല, മറ്റുള്ളവരെ അതിലേക്ക് ക്ഷണിക്കലും ഇതര മുസ്‌ലിംകളുടെ നാനാവിധ ഉദ്ധാരണം വരെയുള്ള നിരവധി ബാധ്യതകളിൽ ബന്ധിതനാണ് മുസ്‌ലിം. മതപ്രബോധനം മുസ്‌ലിംകളുടെ സാമുദായിക സംരംഭങ്ങൾക്കുള്ള ഒരു മേൽവിലാസമല്ല. പ്രത്യുത പ്രവാചകത്വ പരിസമാപ്തിക്കു ശേഷം മുസ്‌ലിംകൾക്ക് ലഭിച്ച അനന്തരാവകാശമാണ്.

മനസ്സിലാക്കിയ സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനെ ഇസ്‌ലാം വലിയ പുണ്യമായി കാണുന്നു. ക്വുർആൻ പറയുന്നു:

“അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ‘തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു’ എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’’ (41:33).

“മനുഷ്യവംശത്തിനുവേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു’’ (3:110).

സഹ്‌ലുബ്‌നു സഅ്ദി(റ)ൽനിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: “അല്ലാഹു തന്നെയാണ് സത്യം! നീ നിമിത്തമായി ഒരാളെ അല്ലാഹു ഹിദായത്തി(സന്മാർഗത്തി)ലാക്കുക എന്നത് ചുവന്ന ഒട്ടകങ്ങൾ കിട്ടുന്നതിനെക്കാൾ നിനക്കുത്തമമാണ്’’ (ബുഖാരി, മുസ്‌ലിം).

അബൂമസ്ഊദ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: “ആരെങ്കിലും ഒരു നന്മ (മറ്റാർക്കെങ്കിലും) അറിയിച്ചുകൊടുത്താൽ അതനുസരിച്ച് പ്രവർത്തിക്കുന്നവന്റെതിന് സമാനമായ പ്രതിഫലം ആ നന്മ അറിയിച്ച ആൾക്കുമുണ്ട്’’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: “ആരെങ്കിലും ഒരു സന്മാർഗത്തിലേക്ക് ക്ഷണിച്ചാൽ അവനെ അനുഗമിക്കുന്നവരുടെയൊക്കെ പ്രതിഫലങ്ങൾക്ക് തുല്യമായത് അവന് കിട്ടും. അത് മറ്റുള്ളവരുടെ പ്രതിഫലത്തിന് കുറവ് വരുത്തുകയുമില്ല. എന്നാൽ വല്ലവരും ഒരു വഴികേടിലേക്ക് ക്ഷണിക്കുന്നുവെങ്കിൽ അവനെ അനുഗമിക്കുന്നവരുടേതിന് തുല്യമായ പാപങ്ങളുണ്ടായിരിക്കുന്നതാണ്. അതാകട്ടെ അവരുടെ പാപങ്ങൾക്ക് കുറവ് വരുത്തുകയില്ല’’ (മുസ്‌ലിം).

പ്രബോധനം നിർവഹിക്കാനുള്ള വേദിയെക്കുറിച്ച് വ്യക്തമായ ബോധമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. നമ്മുടെ പൂർവികരെ സംബന്ധിച്ചിടത്തോളം ദൈവമാർഗത്തിലുള്ള പ്രബോധനം എന്നു പറഞ്ഞാൽ ‘ശിർക്കിന്റെ’ യുഗത്തിന് അന്ത്യം കുറിക്കുകയെന്നതായിരുന്നു. ഇന്ന് നമ്മെ സംബന്ധിച്ചിടത്തോളം ദൈവമാർഗത്തിലുള്ള പ്രബോധനമെന്നാൽ നാസ്തിക ചിന്തകൾക്ക് അന്ത്യം കുറിക്കുക കൂടിയാണ്.

ആധുനിക ബുദ്ധിജീവികൾ ദൈവത്തെ സകലമാന വിജ്ഞാന മണ്ഡലങ്ങളിൽനിന്നും പുറന്തള്ളിയിരിക്കുന്നു. ഭൂമിശാസ്ത്രം, ചരിത്രം, ഭൗതികശാസ്ത്രം, സസ്യശാസ്ത്രം, ജീവശാസ്ത്രം, ഗോളശാസ്ത്രം എന്നിങ്ങനെ സകല ശാസ്ത്രങ്ങളും ഏറെ വിശദമായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അവയിലൊരിടത്തും അവയൊന്നും യഥാർഥത്തിൽ ദൈവത്തെ നിഷേധിക്കുന്നില്ല. എന്നുമാത്രമല്ല, ഒരാൾ കണ്ണുതുറന്ന് പ്രപഞ്ചത്തെ വിലയിരുത്തുമ്പോൾ എല്ലായിടത്തും അവന്ന് ദൈവത്തിന്റെ ചിഹ്നങ്ങൾ പ്രകടമായി കാണാൻ കഴിയുന്നു. എന്നാൽ ലിഖിത ശാസ്ത്രങ്ങളിലെല്ലാം ഭൗതികമതക്കാർ ഇന്നും പറയുന്നു ദൈവം എന്നത് ഒരു ‘ഇല്ലാത്ത വസ്തു’വാണ് എന്ന്!

ഇത്തരമൊരു സാഹചര്യത്തിൽ പ്രാപഞ്ചിക സത്യങ്ങളുടെ പിൻബലത്തിൽ പ്രമാണങ്ങളെ ഉപയോഗപ്പെടുത്തി ദൈവത്തെ പരിചയപ്പെടുത്തുക പ്രധാനമാണ്. ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ് താൻ മനസ്സിലാക്കിയ സത്യം ഇതരർക്ക് എത്തിച്ചുകൊടുക്കൽ.

ഹുദൈബിയാ സന്ധിയിൽ മുസ്‌ലിംകൾ ഏകപക്ഷീയമായി ഇസ്‌ലാമിന്റെ ശത്രുക്കളുടെ അപേക്ഷൾ മുഴുവൻ അംഗീകരിക്കുകയായിരുന്നു. മുസ്‌ലിംകൾ ഈ കരാറിൽ ഒപ്പുവെച്ച് മടങ്ങിയതോടെ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

“നിശ്ചയം നാം നിനക്ക് വ്യക്തമായ വിജയം തുറന്നുതന്നിരിക്കുന്നു...’’ (48:1).

പ്രത്യക്ഷത്തിൽ പരാജയമായിത്തോന്നുന്ന കരാർ എങ്ങനെ ദൈവത്തിങ്കൽ വിജകരമായി മാറി?

നിരന്തരയുദ്ധം മൂലം ഇസ്‌ലാമിന്റെ പ്രബോധന കർമങ്ങൾക്ക് ഭംഗം നേരിട്ടിരുന്നു. ഹുദൈബിയ്യയിൽ അവിശ്വാസികളുടെ താൽപര്യങ്ങളെല്ലാം അംഗീകരിച്ചുകൊണ്ട് പത്തുകൊല്ലത്തേക്ക് ഇരുവിഭാഗവും തമ്മിൽ പ്രത്യക്ഷമോ പരോക്ഷമോ ആയ യാതൊരു യുദ്ധവുമുണ്ടാവില്ലെന്ന് സന്ധിചെയ്യുകയുണ്ടായി. യുദ്ധം അവസാനിച്ചതോടെ പ്രബോധന പ്രവർത്തനങ്ങൾ കൂടുതൽ കരുത്താർജിച്ചു. പോരാട്ടത്തിന് അറുതി വന്നതോടെ തൗഹീദിന്റെ സത്യതയെ തകർക്കാനുതകുന്ന യാതൊന്നും തന്നെ ശിർക്കിന്റെ പക്ഷത്ത് ഇല്ലാതായി. തൽഫലമായി അറബിഗോത്രങ്ങളൊന്നായി ഇസ്‌ലാമിലേക്കൊഴുകാൻ തുടങ്ങി.സത്യനിഷേധികളുടെ കരുത്തു നിലച്ചു. സന്ധിക്കു ശേഷം രണ്ടുവർഷത്തിനിടയ്ക്ക് മക്കാവിജയം സംഭവിച്ചു.

‘അല്ലാഹു പേനകൊണ്ട് പഠിപ്പിച്ചു’വെന്ന് വിശുദ്ധ ക്വുർആൻ (68:4) പറയുന്നു. ‘സൃഷ്ടിച്ചവനായ, നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക’ എന്നാണ് നബി(സ്വ)ക്ക് ആദ്യമായി ലഭിച്ച ദിവ്യബോധനത്തിന്റെ പ്രഥമസൂക്തം. എഴുത്തിന്റെയും വായനയുടെയും പ്രധാന്യം ഇതിൽനിന്ന് വ്യക്തമാണല്ലോ.

പ്രബോധന രംഗത്ത് ഇസ്‌ലാമിക സാഹിത്യങ്ങൾ ഉപയോഗപ്പെടുത്താമെന്ന് ഈ സൂക്തങ്ങൾ മനസ്സിലാക്കിത്തരുന്നു. ഇസ്‌ലാമിന്റെ പേരിൽ പ്രാമാണികതയില്ലാത്ത കുറച്ച് കൃതികളെഴുതി ഏതെങ്കിലും വിധത്തിൽ വിവിധ ഭാഷകളിൽ അച്ചടിച്ചു വിതരണം ചെയ്യുകയെന്നതല്ല ഇതിന്നർഥം.

അല്ലാഹു അറബിയിലാണ് വിശുദ്ധ ക്വുർആൻ അവതരിപ്പിച്ചത്. എങ്കിലും അതിന്റെ പ്രബോധനം ഇതര ഭാഷകളിലും നടക്കേണ്ടതുണ്ട്. പ്രബോധനം പ്രബോധിതന്റെ ഭാഷയിൽ നിർവഹിക്കപ്പെടണമെന്നർഥം. ഈ അർഥത്തിൽ ‘പേനകൊണ്ട് പഠിപ്പിച്ചു’വെന്ന വചനത്തിന് വിശാലമായ മാനമാണുള്ളത്. ഇതര ഭാഷകളിൽ ‘പേനകൊണ്ട് പഠിപ്പിക്കുക’ എന്ന ബാധ്യത മനുഷ്യനാണ് നിർവഹിക്കേണ്ടത്.

അറബി കവിയായിരുന്ന ലബീദ് വിശുദ്ധ ക്വുർആൻ കേൾക്കാനിടയായി. അതോടെ അദ്ദേഹം കവിതയാലപിക്കുന്നത് നിർത്തിക്കളഞ്ഞു. എന്തുകൊണ്ടാണ് താങ്കൾ കവിത നിർത്തിയത് എന്ന് ചോദിച്ചപ്പോൾ ‘വിശുദ്ധ ക്വുർആൻ അവതരിച്ച ശേഷമോ?’ എന്ന മറുചോദ്യമായിരുന്നു അയാളിൽനിന്ന് ഉണ്ടായത്. വിശുദ്ധ ക്വുർആൻ അക്കാലത്തെ ബുദ്ധിജീവികളെയും സാധാരണക്കാരെയും ഒരുപോലെ കീഴ്‌പ്പെടുത്തിക്കളഞ്ഞുവെന്ന് ചരിത്രം വിളിച്ചുപറയുന്നുണ്ട്.

ഇസ്‌ലാമിന്റെ സുന്ദരമായ സന്ദേശം ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലണം. അസാധ്യമെന്ന് തോന്നാവുന്ന കാര്യങ്ങൾ അല്ലാഹു നമുക്ക് സാധ്യമാക്കിത്തന്നിട്ടുണ്ട്. അല്ലാഹു സത്യപ്രബോധകരുടെ സഹായത്തിന് മനുഷ്യ ചരിത്രത്തിൽ ഒരു പുതിയ വിപ്ലവം സംജാതമാക്കിയിട്ടുണ്ട്. അതാണ് ശാസ്ത്രീയ വിപ്ലവം. ശാസ്ത്ര, സാങ്കേതിക രംഗത്തെ കുതിച്ചുചാട്ടം അമ്പരപ്പുളവാക്കുന്നതാണ്. ഒരു സന്ദേശം ലോകമെങ്ങുമെത്തിക്കാൻ സെക്കന്റുകൾ മതി. ലോകത്തിന്റെ ഏതുകോണിൽ നടക്കുന്ന പ്രബോധന പ്രവർത്തനവും അതേസമയം തന്നെ കാണാനും കേൾക്കാനുമുള്ള ഭൗതിക സാഹചര്യം അല്ലാഹു ഒരുക്കിത്തന്നിരിക്കുന്നു. സത്യാന്വേഷികൾ ലോകത്തെമ്പാടുമുണ്ട്. അവരുടെ ദാഹം തീർക്കാൻ നമുക്ക് കഴിയണം.

ഹിക്മത്തോടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ അല്ലാഹു വിജയിപ്പിക്കാതിരിക്കില്ല. അല്ലാഹു പറയുന്നു:

“യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ ക്ഷണിച്ചുകൊള്ളുക...’’ (16:125).

അതായത് ഇസ്‌ലാമിലേക്ക് അഥവാ മുഹമ്മദ് നബി(സ്വ) മുഖേന അല്ലാഹു അവതരിപ്പിച്ച സത്യമതത്തിലേക്കാണ് ക്ഷണിക്കേണ്ടത്; വ്യക്തികളിലേക്കോ കക്ഷിത്വത്തിലേക്കോ മനുഷ്യനിർമിത പ്രത്യയശാസ്ത്രങ്ങളിലേക്കോ മദ്ഹബുകളിലേക്കോ അല്ല. അതിൽ അതിപ്രധാനമായ സംഗതി കറകളഞ്ഞ ഏകദൈവ വിശ്വാസമാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹുവും അവന്റെ ദൂതനും അറിയിച്ച എല്ലാറ്റിനെയും സത്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇതാണ് നേരായ പാതയുടെ അടിത്തറ. അതായത് അല്ലാഹുവല്ലാതെ മറ്റാരും ആരാധനക്കർഹരല്ലെന്നും മുഹമ്മദ്(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യത്തിലേക്കായിരിക്കണം പ്രഥമമായ പ്രബോധനം. പ്രവാചകന്മാരഖിലവും അവരുടെ ജനതയോട് പ്രഥമമായി പ്രബോധനം ചെയ്തത് ഈ അടിസ്ഥാന വിഷയംതന്നെയായിരുന്നു.