കാപട്യത്തിലേക്കുള്ള നാലു വാതിലുകൾ

മുഹമ്മദ് സിയാദ് കണ്ണൂർ

2023 നവംബർ 11 , 1445 റ.ആഖിർ 27

ഭാഗം: 02

4. വ്യാമോഹങ്ങളിൽ വഞ്ചിതരാകൽ

സ്വന്തം ചെയ്തികളിൽ ആശ്ചര്യം പൂണ്ട് അഹന്തയും അസൂയയും ഉടലെടുക്കുന്നു. താൻ ചെയ്യുന്ന ഏത് അബദ്ധങ്ങളെയും സുബദ്ധങ്ങളായി ചിത്രീകരിക്കാൻ അവർ പാടുപെടും. ഇവിടെ ഉപയോഗിച്ച ‘ഗർറ’ എന്ന അറബി പദത്തിന്റെ അർഥത്തെ കുറിച്ച് ഇബ്‌നു കസീർ(റഹി) പറഞ്ഞത് ഇപ്രകാരമാണ്:

“അത്തഗ്‌രീർ: വളച്ചൊടിച്ചും ദുർന്യായങ്ങളിലൂടെയും (മിഥ്യാബോധത്തിലൂടെയും) ദോഷകരമായ കാര്യത്തെ ഉപകാരപ്രദമായ കാര്യമായി ചിത്രീകരിക്കുക.’’

‘വ്യാമോഹങ്ങൾ’ എന്ന അർഥം വരുന്ന ‘അമാനിയ്യി’നെ കുറിച്ച് ഇങ്ങനെ കാണാം: “നിരർഥകതയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൊതിക്കുന്നത്.’’ ഉദാ: തങ്ങൾ സൽപ്രവർത്തനങ്ങൾ ചെയ്യുന്നവരാണെന്ന വാദം പോലെ. അതാണ് അല്ലാഹു പറഞ്ഞത്: “നിങ്ങൾ നാട്ടിൽ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ, ഞങ്ങൾ സൽപ്രവർത്തനങ്ങൾ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാൽ യഥാർഥത്തിൽ അവർ തന്നെയാകുന്നു കുഴപ്പക്കാർ. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല. മറ്റുള്ളവർ വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ ഈ മൂഢൻമാർ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ എന്നായിരിക്കും അവർ മറുപടി പറയുക. എന്നാൽ യഥാർഥത്തിൽ അവർതന്നെയാകുന്നു മൂഢൻമാർ. പക്ഷേ, അവരത് അറിയു ന്നില്ല’’ (അൽബക്വറഃ 11-13).

സത്യവിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന അവരുടെ കാപട്യത്തെ ന്യായീകരിക്കാനായി തങ്ങൾ നന്മ മാത്രമെ ഉദ്ദേശിച്ചിട്ടുള്ളൂ എന്നും അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചതാണെന്നും അവർ വ്യാഖ്യാനിക്കും.

അല്ലാഹു പറഞ്ഞു: “അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങൾ വരൂ എന്ന് അവരോട് പറയപ്പെട്ടാൽ ആ കപടവിശ്വാസികൾ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞു പോകുന്നത് നിനക്ക് കാണാം. എന്നാൽ സ്വന്തം കൈകൾ ചെയ്തുവെച്ചതിന്റെ ഫലമായി അവർക്ക് വല്ല ആപത്തും ബാധിക്കുകയും അനന്തരം അവർ നിന്റെ അടുത്തു വന്ന് അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്തു കൊണ്ട് ഞങ്ങൾ നൻമയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും? അത്തരക്കാരുടെ മനസ്സുകളിൽ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാൽ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവർക്ക് സദുപദേശം നൽകുകയും അവരുടെ മനസ്സിൽ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക’’ (അന്നിസാഅ് 61-63).

കാര്യങ്ങളെ അപഗ്രഥിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും തങ്ങൾ വിദഗ്ധരാണെന്നും തങ്ങളുടെ തീരുമാനമനുസരിച്ചാണ് കാര്യങ്ങളുടെ പര്യവസാനം എന്നുമുള്ള വ്യാമോഹവും അവർക്കുണ്ട്.

തുടക്കത്തിൽ സൂചിപ്പിച്ച സൂറതുൽ ഹദീദിലെ സൂക്തം അവസാനിക്കുന്നത് ‘അല്ലാഹുവിന്റെ കാര്യത്തിൽ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചുകളഞ്ഞു’ എന്ന് പറഞ്ഞുകൊണ്ടാണ്. അതായത് കപടവിശ്വാസികൾക്ക് വന്നെത്തിയ ഈ ദുരവസ്ഥ പരമവഞ്ചകനായ പിശാചിന്റെ വഞ്ചനയുടെ ഫലമാണ്. അതിനാൽ ആ പരമവഞ്ചകന്റെ വലയിൽ അകപ്പെടാതെ സൂക്ഷിക്കലാണ് അതിൽനിന്നും രക്ഷപ്പെടാനുള്ള മാർഗം. മറ്റൊരിടത്ത് അല്ലാഹു അത് ഉണർത്തി: “മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഒരു പിതാവും തന്റെ സന്താനത്തിന് പ്രയോജനം ചെയ്യാത്ത, ഒരു സന്തതിയും പിതാവിന് ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. അതിനാൽ ഐഹികജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ’’ (ലുക്വ്‌മാൻ 33).

പിശാചിന്റെ വഞ്ചനയുടെ ഉദാഹരണമായി ബദ്ർ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിച്ച ആയത്ത് കാണുക:

“ഇന്ന് ജനങ്ങളിൽ നിങ്ങളെ തോൽപിക്കാൻ ആരും തന്നെയില്ല. തീർച്ചയായും ഞാൻ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞുകൊണ്ട് പിശാച് അവർക്ക് അവരുടെ ചെയ്തികൾ ഭംഗിയായി തോന്നിച്ച സന്ദർഭവും (ഓർക്കുക). അങ്ങനെ ആ രണ്ടുസംഘങ്ങൾ കണ്ടുമുട്ടിയപ്പോൾ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീർച്ചയായും നിങ്ങൾ കാണാത്ത പലതും ഞാൻ കാണുന്നുണ്ട.് തീർച്ചയായും ഞാൻ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ എന്ന് പറഞ്ഞുകൊണ്ട് അവൻ (പിശാച്) പിൻമാറിക്കളഞ്ഞു’’ (അൽഅൻഫാൽ 48).

ഇതിന്റെ വ്യാഖ്യാനത്തിൽ അമാനി മൗലവി ഉണർത്തുന്നു: “ക്വുറൈശികൾ ബദ്‌റിലേക്കു പുറപ്പെട്ടപ്പോൾ, കിനാനഃ ഗോത്രത്തിൽപെട്ട ബനൂബക്കർ ശാഖയിൽനിന്നു തങ്ങൾക്കു വല്ല അനിഷ്ടസംഭവങ്ങളും നേരിട്ടേക്കുമോ എന്നൊരു ഭയം അവർക്കുണ്ടായിരുന്നു. അവർ തമ്മിൽ മുമ്പു കഴിഞ്ഞിരുന്ന ഒരു യുദ്ധ വഴക്കായിരുന്നു അതിനു കാരണം. ഈ ഭയാശങ്ക ഉപയോഗപ്പെടുത്തിക്കൊണ്ട് ആ ശാഖയിലെ ഒരു നേതാവായിരുന്ന സുറാക്വത്തുബ്‌നു മാലികിന്റെ വേഷത്തിൽ ഇബ്‌ലീസ് അവരെ സമീപിച്ചു. അവരുടെ സംരംഭങ്ങളെ പ്രശംസിക്കുകയും ഞാൻ നിങ്ങളുടെ ഒന്നിച്ചുണ്ട്, നിങ്ങൾക്ക് ആരെയും ഭയപ്പെടേണ്ടതില്ല, വിജയം നിങ്ങൾക്കു തീർച്ചയാണ് എന്നൊക്കെപ്പറഞ്ഞു അവരെ ധൈര്യപ്പെടുത്തി അവരുടെ ഒപ്പം കൂടുകയും ചെയ്തു. അവർ മുസ്‌ലിംകളുമായി സമീപിച്ചപ്പോൾ, മലക്കുകളുടെ വരവ് ഇബ്‌ലീസു കണ്ടു. അതോടെ, ‘ഞാൻ നിങ്ങളിൽനിന്ന് ഇതാ ഒഴിഞ്ഞുമാറുന്നു, നിങ്ങൾക്കു കണ്ടുകൂടാത്തതു ഞാൻ കാണുന്നു. എനിക്കു വല്ല ആപത്തും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെടുന്നുണ്ട#്’ എന്നൊക്കെ പറഞ്ഞുകൊണ്ട് അവൻ പിൻവാങ്ങിക്കളഞ്ഞു. ഇതാണു ചുരുക്കം’’ (അമാനി മൗലവിയുടെ വിശുദ്ധ ക്വുർആൻ വിവരണം: സൂറതുൽ അൻഫാൽ: 48ന്റെ വ്യാഖ്യാനം).

അതുകൊണ്ട് തന്നെ കാപട്യത്തിന്റെ സ്വഭാവങ്ങളുടെ ഉത്ഭവമായ ഈ നാലെണ്ണത്തെ സ്വന്തം ജീവിതത്തിൽനിന്നും മാറ്റിനിർത്താൻ പരിശ്രമിക്കേണ്ടതുണ്ട്. അല്ലാഹു അതിനായി അനുഗ്രഹിക്കട്ടെ!