പൂച്ചയ്ക്ക് ആര് മണികെട്ടും?

അലി ചെമ്മാട്

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

അബുദാബിയിൽ ഇലക്ട്രിക് ട്രേഡിംഗ് മേഖലയിൽ ജോലിചെയ്യുന്ന കാലം; ഇരുപത് വർഷം കഴിഞ്ഞു കാണും. സുഹൃത്തിന്റെ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഹാർഡ് വേർ സ്ഥാപനത്തിൽ പർച്ചെയ്‌സ് ആവശ്യത്തിനു പോയ സമയം അവന്റെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു. മൂത്ത മകൻ ബാംഗ്ലൂരിൽ ബിഎസ്ഇ ഇലക്ട്രോണിക്‌സിന് പഠിക്കുന്നു എന്ന് പറഞ്ഞു. അവനെ കൊമേഴ്‌സോ എകണോമിക്‌സോ ബിബിഎയോ പഠിപ്പിച്ചുകൂടായിരുന്നോ, എങ്കിൽ കോഴ്‌സ് കഴിഞ്ഞ് ഇവിടെ താങ്കളെ ബിസിനസ്സിൽ സഹായിക്കാൻ കൂടുതൽ ഉപകാരപ്പെടുമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തെ അദ്ദേഹം ശരിവച്ചു. രണ്ട് വർഷം കഴിഞ്ഞ് മകൻ സ്ഥാപനത്തിലെത്തുകയും സ്ഥാപനം ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ പിതാവിനെക്കാളും നന്നായി സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. പ്ലസ് ടു സയൻസും ബിഎസ്ഇ ഇലക്ട്രോണിക്‌സും പഠിക്കാൻ വിനിയോഗിച്ച കാലം നഷ്ടമായി അവശേഷിക്കുന്നു.

വെക്കേഷൻ സമയം തുടങ്ങുന്നതോടെ സർവ മാധ്യമങ്ങളും (സോഷ്യൽ മീഡിയ, പ്രിന്റ് മാധ്യമങ്ങൾ, ടി.വി, റേഡിയോ...) പഠന പരസ്യങ്ങൾകൊണ്ട് നിറഞ്ഞുകവിയുകയാണ്. ഒരാഴ്ചകൊണ്ട് അവസാനിക്കുന്ന ഓൺലൈൻ കോഴ്‌സുകൾ മുതൽ യു.കെ, യു.എസ്, യൂറോപ്പ്, റഷ്യ തുടങ്ങി പല വിദേശരാജ്യ യൂണിവേഴ്‌സിറ്റികളിൽ പോയി പഠിക്കുന്നതിന്റെ മഹത്ത്വം വരെ പറയുന്ന പരസ്യങ്ങൾ ധാരാളം. പല പരസ്യങ്ങളിലും യുവതാരങ്ങളും ജരാനര ബാധിച്ച താരങ്ങളും അഭിനേതാക്കൾ! ഒട്ടുമിക്ക പരസ്യങ്ങളും എങ്ങനെ നല്ലൊരു കോർപറേറ്റ് അടിമയകാം എന്ന് പഠിപ്പിക്കുന്നു!

എങ്ങനെ ഒരു തൊഴിൽദാതാവാകാം, ഒരു സ്ഥാപനം തുടങ്ങാനായി അറിയേണ്ട അടിസ്ഥാന വിവരങ്ങൾ എന്തൊക്കെ എന്നിങ്ങനെയുള്ള ഉപകാരപ്രദമായ പരസ്യങ്ങൾ കാണില്ല. ഗവേഷണ മേഖലകളെക്കുറിച്ചോ ശാസ്ത്രമേഖലകളെക്കുറിച്ചോ വിദ്യാഭ്യാസ കച്ചവടത്തിന്റെ പരസ്യങ്ങളിൽ ഒന്നും കാണില്ല.

പല പ്രൊഫഷണൽ വിദ്യാർഥികളും ആയുസ്സിലെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തി പഠിച്ചുതീർക്കുന്ന കോഴ്‌സുകൾ കൊണ്ട് അവർക്കോ കുടുംബത്തിനോ സമൂഹത്തിനോ യാതൊരു ഗുണവും ലഭിക്കുന്നില്ല. (എല്ലാവരുടെയും അവസ്ഥയല്ല പറയുന്നത്). നല്ല ബിസിനസ്സ് സ്ഥാപനങ്ങൾ നടത്തുന്ന മൾട്ടിബില്യൻസ് മുതലാളിമാരുടെ മക്കളെവരെ ഇങ്ങനെ ആയുസ്സ് നഷ്ടപ്പെടുത്താൻ പറഞ്ഞയക്കുന്നു എന്നതിന് ഉദാഹരങ്ങൾ നമ്മുടെ മുന്നിൽ ധാരാളം.

തുടക്കത്തിൽ കൊടുത്ത, ‘ഞാൻ ഡോക്ടറാകും കാരണം എന്റെ കോച്ച് ഡോക്ടറാണ്’ എന്നത് ഒരു പരസ്യവാചകമാണ്. ഈയിടെ പത്രത്തിന്റെ മുൻപേജ് ഫുൾപേജ് പരസ്യവാചകം! ഒരു എൻട്രൻസ് കോച്ചിംഗ് സ്ഥാപനത്തിന്റെ ഈ പരസ്യത്തിലെ നെഗറ്റീവ് വശം തിരിച്ചറിയാനുള്ള ബോധം ആ സ്ഥാപനത്തിനില്ല. ലക്ഷങ്ങളും കോടികളും മുടക്കി ഒരാൾ ഡോക്ടറായ ശേഷവും ആതുരസേവന മേഖലയിൽ കയറിപ്പറ്റാൻ സാധിക്കാതെ എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ ട്രെയിനർമാരായി ജോലി ചെയ്യുന്നതിലെ സമയ, സാമ്പത്തിക, സാമൂഹ്യനഷ്ടങ്ങൾ നാം പരിഗണിക്കുക. ഇതിനായിതുന്നോ അയാൾ പഠിച്ചത്? ഇങ്ങനെയുള്ള പരാജയ സാക്ഷ്യപത്രങ്ങൾ സമൂഹത്തിൽ ധാരാളമുണ്ട്.

എനിക്കറിയാവുന്ന ഒരു ബിസിനസ്സ് സാമ്രാജ്യത്തിന്റ ഉടമയുടെ മകൾക്ക് വരനെ വേണം, നല്ല പയ്യനുണ്ടെങ്കിൽ പറയണം എന്ന് അദ്ദേഹത്തിന്റ ജ്യേഷ്ഠ സഹോദരൻ എന്നോട് സൂചിപ്പിച്ചു. കൂട്ടത്തിൽ ഒരു കാര്യം നിബന്ധനയായി പറഞ്ഞു; ‘അവൾക്ക് ജോലിക്ക് പോകാൻ അനുവാദമുണ്ടായിരിക്കണം.’ ഞാൻ ചോദിച്ചു: ‘അവന്റെ മകൾക്ക് ജോലി ചെയ്തു ജീവിക്കേണ്ടതുണ്ടോ? അഥവാ അങ്ങനെ ജോലിക്ക് പോകാൻ അനുവാദം നൽകുന്ന ഒരു ബന്ധം ലഭിച്ചാൽതന്നെ അവന്റെ സോഷ്യൽ സ്റ്റാറ്റസിന് യോജിച്ചതാകുമെന്നുറപ്പുണ്ടോ?’ സുഹൃത്ത് അപ്പറഞ്ഞത് ശരിയാണെന്ന് സമ്മതിച്ചു. ആ കുട്ടിക്ക് വിവാഹന്വേഷണം തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി.

മറ്റൊരു അതിസമ്പന്നനായ സുഹൃത്തിന്റ മകൻ പിജി എടുത്ത ഡോക്ടറാണ്. ആ കുട്ടിയുടെ വിവാഹം അന്വേഷിക്കുന്ന സമയത്ത് എംബിബിഎസിന് പഠിക്കുന്ന ഒരു കുട്ടിയെ നിർദേശിച്ചു. സുഹൃത്ത് പറഞ്ഞത് മകന് ഇണയായി വരുന്ന കുട്ടിക്ക് ഡിഗ്രിപോലും ആവശ്യമില്ല എന്നതാണ് മകന്റെ താൽപര്യം എന്നാണ്. ഏതായാലും പ്രൊഫഷണലുകളെ വേണ്ട (ഭാര്യയുടെ വരുമാനംകൊണ്ട് ജീവിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നർഥം) എന്ന് തീർത്ത് പറഞ്ഞിരിക്കുന്നു മകൻ!

പലപ്പോഴും പെൺകുട്ടികളുടെ രക്ഷിതാക്കൾ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു മക്കളെ പറഞ്ഞയക്കുന്നത് വിവാഹക്കമ്പോളത്തിൽ വേഗം വിറ്റുപോകുന്ന ചരക്കായി മക്കളെ മാറ്റാനാണ്. ഇങ്ങനെ സമൂഹത്തിന്റെ ഒഴുക്കിനോപ്പം നീന്താൻ ശ്രമിക്കുന്ന രക്ഷിതാക്കൾ മക്കൾക്ക് നല്ല കുടുംബജീവിതം ലഭിക്കുന്ന വിവാഹാലോചനകൾ വന്നാലും കുട്ടിക്ക് ജോലിക്ക് പോകാൻ സൗകര്യം വേണം, എങ്കിലേ വിവാഹം നടക്കൂ എന്ന് വാശിപിടിക്കാറുണ്ട്. സമ്മതമില്ലെങ്കിൽ ആലോചന തിരസ്‌കരിക്കുകയും ചെയ്യും. പതിനായിരം രൂപയിൽ താഴെ മാത്രം വരുമാനമുള്ള ഫാർമസിസ്റ്റ്, ഓഫ്താൽമോളജി കോഴ്‌സുകൾ കഴിഞ്ഞവർക്കാകും കൂടുതൽ വാശി.

ഈയിടെ ഏതാനും ചെറുപ്പക്കാർ ഒരു ട്രേഡിംഗ് സ്ഥാപനം തുടങ്ങി. അവർ തുടങ്ങുന്നതിന് മുമ്പ് ചെലവുകൾ വിലയിരുത്തുകയായിരുന്നു. എക്കൗണ്ട് കൈകാര്യം ചെയ്യാൻ ആള് വേണം, അതിന് എത്ര ശമ്പളം നൽകണം എന്ന ചർച്ച വന്നു. മാർക്കറ്റ് പരിചയമുള്ള, മാനേജേർ പൊസിഷനിലുള്ള വ്യക്തി പറഞ്ഞു: ‘അതിന് നമുക്ക് സ്ത്രീകളെ നിയമിക്കാം. അവർക്ക് 4000/5000 രൂപ ശമ്പളം കൊടുത്താൽ മതിയാകും. ഹൗസ്‌കീപിംഗിനു വേറെ ആളെ നോക്കുകയും വേണ്ട. അവർക്ക് ജോലി ഉണ്ടായാൽ മതി.’

വിവാഹ മാർക്കറ്റിലെ ആധുനിക സ്ത്രീധനം പണമോ സ്വർണമോ വസ്തുവോ മാത്രല്ല, കൂടുതൽ ജോലിസാധ്യതയുള്ള മെഡിസിനും എഞ്ചിനിയറിങ്ങും പിജിയും ഡിഗ്രിയും ഡിപ്ലോമയും നെറ്റും സെറ്റും നീറ്റും കൂടിയാണ്. സ്ത്രീധനത്തിനെതിരെ ഉറക്കെ സംസാരിക്കുന്നവർക്കിടയിൽ പോലും തന്റെ ഭാര്യ പണം കായ്ക്കുന്ന മരമാകണം എന്നാഗ്രഹിക്കുന്നവരുണ്ട് എന്നത് യാഥാർഥ്യമാണ്. പലരും അങ്ങനെയുള്ളവരെത്തന്നെ അന്വേഷിച്ചു കണ്ടെത്തി വിവാഹം കഴിക്കുന്നു.

പല യുവാക്കളും വിവാഹം അന്വേഷിക്കുമ്പോൾ മറ്റ് പലതും പരിഗണിക്കുമെങ്കിലും ആദർശപ്പൊരുത്തം പരിഗണിക്കാറില്ല എന്നത് നിഷേധിക്കാൻ കഴിയാത്ത കാര്യമാണ്. പലരും പറയുക, നാം പെൺകുട്ടിയെ ഇങ്ങോട്ട് കൊണ്ടുവരികയല്ലേ, ആദർശവും ദീനുമൊക്കെ നമുക്ക് ശരിയാക്കിയെടുക്കാം എന്നാണ്. പലപ്പോഴും ഇതൊരു പ്രതീക്ഷ മാത്രമായി മാറുകയാണ് ചെയ്യാറുള്ളത്. അവരുടെ ആദർശത്തിലേക്ക് ചായ്‌വുള്ളവരായി ഭർത്താക്കൻമാർ മാറുന്ന അവസ്ഥയാണ് പലപ്പോഴും സംജാതമാവുക. അവർ ഉമ്മമാരാകുന്നതോടെ അവരുടെ കുട്ടികൾ അവരുടെ ആദർശത്തിൽ വളർത്തപ്പെടുകയും ചെയ്യും. (മറിച്ച് സംഭവിക്കുന്നേയില്ല എന്നല്ല ഇപ്പറഞ്ഞതിനർഥം).

ഇതിനെക്കാൾ വലിയ ദുരിതം ആദർശത്തിൽ അടിയുറച്ചു വളർന്ന പെൺകുട്ടികൾക്കാണ്. അവരിൽ പലർക്കും ആദർശവിവാഹം അന്യമാകുന്നു. പലപ്പോഴും പെൺകുട്ടികളും രക്ഷിതാക്കളും അതിന് നിർബന്ധിതരാകുകയാണ് ചെയ്യുന്നത്. ഇത്തരം കുട്ടികൾ ഭർതൃവീട്ടിലെ അനാചാരങ്ങൾക്ക് കൂട്ടുനിൽക്കാൻ നിർബന്ധിക്കപ്പെടുകയും പതിയെ ആദർശം വലിച്ചെറിയുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നു.

പറഞ്ഞ കാര്യങ്ങൾ ഒരുപക്ഷേ, പലരെയും വേദനിപ്പിച്ചേക്കാം. പൂച്ചക്ക് ആരെങ്കിലം മണികെട്ടിയില്ല എങ്കിൽ എലികളുടെ സുരക്ഷിതജീവിതം നഷ്ടപ്പെടും. അതുകൊണ്ട് അങ്ങനെയൊരു സാഹസത്തിന് മുതിർന്നതാണ്.

വിസ്ഡം എഡ്യുക്കേഷൻ ബോർഡ്

കോഴിക്കോട്: വിസ്ഡം എഡ്യുക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകളിലെ 2022-23 അധ്യയന വർഷത്തെ അഞ്ച്, എട്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. അഞ്ചാം തരത്തിൽ 85.61%വും എട്ടാം തരത്തിൽ 86.82%വുമാണ് വിജയ ശതമാനം.

എട്ടാം തരത്തിൽ 98.66 % ശതമാനം മാർക്കോടെ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സലഫി മദ്റസയിലെ നദാ സഈദ് ഒന്നാം റാങ്ക് കരസ്ഥമാക്കി. അതേ മദ്റസയിലെ റിസ ഹാരിസും തോട്ടശ്ശേരിയറ അൽ മദ്‌റസതുസ്സലഫിയ്യയിലെ നദ നൗഷാദും 98.33% മാർക്കോടെ രണ്ടാം റാങ്കും, ചൂടിക്കോട്ട മദ്റസതുസ്സ്വബാഹിലെ ഫാത്വിമ ഷാസിയ ടി. 97.00% മാർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.

അഞ്ചാം തരത്തിൽ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സലഫി മദ്റസയിലെ ഫാത്വിമത്ത് ഹിബ പി.ടി.പി 99.33% മാർക്കോടെ ഒന്നാം റാങ്ക് നേടി. മലപ്പുറം ജില്ലയിലെ പുത്തനങ്ങാടി മദ്റസതുസ്സലഫിയ്യയിലെ രിദ മെഹ്ഫിൻ പിയും അങ്ങാടിപ്പുറം സലഫി മദ്‌റസയിലെ അയാൻ ഹംസയും 98.66% മാർക്കോടെ രണ്ടാം റാങ്ക് പങ്കിട്ടു. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ദാറുൽ ക്വുർആൻ അൽഹിക്മ സലഫി മദ്റസയിലെ ഷിസ ഫാത്വിമ.എം, നടുവട്ടം മദ്റസതുസ്സലഫിയ്യ യിലെ മുസ്ലിഹ കെ.കെ. എന്നിവർ 98.33% മാർക്കോടെ മൂന്നാം റാങ്ക് പങ്കിട്ടു.

കേരളത്തിലെ വിവിധ ജില്ലകളിലെ മദ്റസകളിൽനിന്ന് പരീക്ഷയെഴുതിയ വിദ്യാർഥികളിൽനിന്നും കേന്ദ്രീകൃത മൂല്യനിർണയത്തിലൂടെയാണ് റാങ്കുകാരെ കണ്ടെത്തിയത്.