മൂന്നുപേരുടെ മരണപ്രവചനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ജൂലൈ 22 , 1444 മുഹറം 04

മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി തന്റെ പ്രവാചകത്വത്തിന്റെ തെളിവായി നിരവധി ആളുകളുടെ മരണം പ്രവചിച്ചിരുന്നു. അവരിൽ പ്രധാനപ്പെട്ട മൂന്നു വ്യക്തികൾ അദ്ദേഹത്തിന്റെ ശത്രുക്കളായ മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവിയും പണ്ഡിറ്റ് ലേഖ്‌റാം പെഷാവരിയും പാതിരി അബ്ദുല്ല ആഥമുമാണ്. യാദൃച്ഛികമാവാം, അവർ മുസ്‌ലിം, ഹിന്ദു, ക്രിസ്ത്യൻ മതപണ്ഡിതന്മാരും പുരോഹിതന്മാരും ആയിരുന്നു. ഈ പ്രവചനങ്ങളും അവയുടെ സാക്ഷാത്കാരവും സംക്ഷിപ്തമായി വിവരിക്കുകയാണ് ഇവിടെ.

പാതിരി അബ്ദുല്ല ആഥം

ഇസ്‌ലാം ഉപേക്ഷിച്ച്, ക്രിസ്ത്യാനിയായി പാതിരിപ്പട്ടം സ്വീകരിച്ച ആളായിരുന്നു അബ്ദുല്ല ആഥം. മിർസാ ഖാദിയാനി അദ്ദേഹവുമായി അമൃതസറിൽവച്ച് 15 ദിവസം നീണ്ടുനിന്ന സംവാദം നടത്തി. സംവാദത്തിനൊടുവിൽ ഖാദിയാനി പ്രവാചകൻ അബ്ദുല്ല ആഥമിന്റെ മരണത്തിന് തീയതി നിശ്ചയിച്ചുകൊണ്ട് ഒരു പ്രവചനം പ്രഖ്യാപിച്ചു.

തദ്കിറയിൽ നിന്ന്: ‘‘1893 ജൂൺ 5. ഈ വിനീതദാസന്മാർക്ക് നിന്റെതല്ലാതെ ഒരു തീരുമാനവുമില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടാക്കണമെന്നും വളരെ മനംനൊന്ത് കരഞ്ഞു പ്രാർഥിച്ചതിന്റെ ഫലമായി ഇന്നുരാത്രി എനിക്ക് ഒരു അടയാളം വെളിപ്പെട്ടിരിക്കുന്നു. ‘ഈ സംവാദത്തിലെ രണ്ട് കക്ഷികളിൽ ഏത് കക്ഷിയാണോ കരുതിക്കൂട്ടി കള്ളം സ്വീകരിക്കുകയും സത്യദൈവത്തെ ഉപേക്ഷിച്ചു ബലഹീനനായ മനുഷ്യനെ ദൈവമാക്കുകയും ചെയ്യുന്നത്, അവൻ സംവാദ ദിവസങ്ങളുടെ എണ്ണമനുസരിച്ച് ഒരു ദിവസത്തിന് ഒരുമാസമെന്ന കണക്കിൽ പതിനഞ്ച് മാസങ്ങൾക്കകം, സത്യത്തിലേക്ക് തിരിച്ചുവരാത്തപക്ഷം ഹാവിയയിൽ പതിക്കുന്നതും കഠിനമായ മാനഹാനി ഉണ്ടാകുന്നതുമാണ്. സത്യത്തിൽ നിലകൊള്ളുകയും സത്യദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന പക്ഷത്തിന്റെ അന്തസ്സ് വർധിക്കുന്നതുമാണ്.’ ഈ പ്രവചനം പുലരുന്നതോടെ ചില കുരുടന്മാർ കാണുകയും മുടന്തന്മാർ നടക്കുകയും ചെകിടന്മാർ കേൾക്കുകയും ചെയ്യും’’ (പേജ് 192).

വിശുദ്ധയുദ്ധം!

ഈ സംഭവത്തിന്റെ വ്യക്തതക്കു വേണ്ടി തദ്കിറയിൽ ഇല്ലാത്ത ചില ‘വഹ്‌യുകൾ’ കൂടി പരാമർശിക്കേണ്ടതുണ്ട്. സംവാദം വിശദീകരിക്കുന്ന ജംഗേ മുഖദ്ദസിൽ നിന്ന്:

‘‘ഈ പ്രവചനം ഫലിക്കാതെ വന്നാൽ, അതായത് അല്ലാഹുവിന്റെ ദൃഷ്ടിയിൽ കള്ളമാർഗം സ്വീകരിച്ച കക്ഷി ഇന്നുതൊട്ട് പതിനഞ്ച് മാസങ്ങൾക്കകം മരണശിക്ഷ വാങ്ങി ഹാവിയയിൽ വീഴാത്ത പക്ഷം എല്ലാവിധ ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണെന്ന് ഇതാ വാഗ്ദത്തം ചെയ്യുന്നു. എന്റെ മുഖത്ത് കരിതേക്കുക. എന്റെ കഴുത്തിൽ കയറിട്ട് തൂക്കിക്കൊല്ലുക. എന്നെ നിന്ദിച്ചുകൊള്ളുക. ഞാനെന്തിനും തയ്യാർ. അല്ലാഹുവാണ് സത്യം, അവനിത് തീർച്ചയായും ചെയ്യും. ആകാശഭൂമികൾ ഇളകിയാലും അവന്റെ വാക്കുകൾക്ക് മാറ്റമുണ്ടാവില്ല.’’

“ഞാൻ ഡെപ്യൂട്ടി സാഹിബിനോട് ചോദിക്കട്ടെ, ഈ അടയാളം പുലർന്നാൽ ഇത് അല്ലാഹുവിന്റെ പ്രവചനമായിരുന്നുവെന്ന് നിങ്ങൾ സമ്മതിക്കുമോ, ഇല്ലേ? നിങ്ങൾ ‘അന്ദറുനയേ ബൈബിളി’ൽ ദജ്ജാലെന്ന് ആക്ഷേപിച്ച റസൂൽ(സ) സത്യപ്രവാചകനാണെന്നതിന് ഇതൊരു ഖണ്ഡിതമായ തെളിവാകുമോ, ഇല്ലേ? ഇതിലധികം എന്തെഴുതാനാണ്! അല്ലാഹുവിന്റെ തീരുമാനമാണിത്. വെറുതെ പരിഹസിക്കേണ്ട. ഞാൻ കള്ളവാദിയെങ്കിൽ എനിക്കായി തൂക്കുമരം തയ്യാറാക്കിവെക്കുക. ഏത് പിശാചിനെക്കാളും ദുഷിച്ചവനെക്കാളുമേറെ അഭിശപ്തനായി എന്നെ കരുതിക്കൊള്ളുക. ഞാൻ സത്യവാനാണെങ്കിൽ മനുഷ്യനെ താങ്കൾ ദൈവമാക്കല്ലേ’’ (പേജ് 210-211).

പാമ്പുകളും മലക്കുകളും

മാസങ്ങൾ കൊഴിഞ്ഞുവീണു. അനുയായികളും എതിരാളികളും ആഥമിന്റെ പര്യവസാനത്തിനായി സാകൂതം കാത്തിരുന്നു. ആഥമിനാകട്ടെ നിൽക്കപ്പൊറുതിയില്ലായിരുന്നു. ഖാദിയാനി പ്രവാചകന്റെ ദിവ്യപ്രവചനമനുസരിച്ച് താൻ മരിച്ചുപോകുമോ എന്നതായിരുന്നില്ല ആഥമിനെ അസ്വസ്ഥനാക്കിയത്; പ്രത്യുത മിർസയും അനുയായികളും തന്നെ വേട്ടയാടുകയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ ഭയപ്പെടുത്തി.

അമൃതസറിൽനിന്നും ലുധിയാനയിലെ തന്റെ മരുമകന്റെ വീട്ടിലേക്കും പിന്നീട് ഫിറോസ്പൂരിലെ മറ്റൊരു മരുമകന്റെ വീട്ടിലേക്കും പലായനം ചെയ്യാൻ ആഥം നിർബന്ധിതനായി. നൂറെ അഫ്ഷാൻ വാരികയിൽ അദ്ദേഹം അക്കാര്യം വിശദീകരിക്കുന്നുണ്ട്.

അമൃതസറിലെ തന്റെ ഫ്‌ളാറ്റിലേക്ക് ഒരു വിഷപ്പാമ്പിനെ എടുത്തിട്ടുകൊണ്ട്, അനുയായികൾ ആചാര്യന്റെ പ്രവചനം പുലർത്താൻ ശ്രമിച്ചു. ആഥമിന്റെ ഈ പരാതി മിർസാ പുച്ഛിച്ചുതള്ളി.

“പഠിപ്പിച്ചുവിട്ട പാമ്പിനെപ്പറ്റി പിച്ചും പേയും പറയുന്നവനെ നീ കണ്ടില്ലേ? ആഥം പാമ്പിനെയല്ലേ കണ്ടുള്ളൂ. ഇരുട്ടുള്ള രാത്രികളിൽ ഭയാധിക്യത്താൽ ചിലർ ദുർഭൂതങ്ങളെയും പ്രേതങ്ങളെയും കാണാറുണ്ട്. പ്രത്യേകിച്ചും ശ്മശാനങ്ങളിൽ വെച്ച്, ആകാശംമുട്ടെ നീണ്ടതും ഭീതിദമായ ചുവന്ന തുറിച്ച കണ്ണുകളും തെറിച്ചുനിൽക്കുന്ന ദംഷ്ട്രങ്ങളും തീ പറക്കുന്ന വായയുമുള്ള ചില കറുത്ത സത്വങ്ങളെ കണ്ടെന്നും തന്നെ ഓടിച്ചെന്നും വിശദീകരിക്കുന്നത് നാം കേൾക്കാറുണ്ട്. ആഥം വെറുമൊരു പാമ്പിനെ കണ്ടതിൽ പറയാനെന്തിരിക്കുന്നു? പക്ഷേ, അത് ആരോ പഠിപ്പിച്ചുവിട്ട പാമ്പാണെന്നത് ഒരു വിശേഷം തന്നെയാണ്’’ (സിയാഉൽ ഹഖ്, പേജ് 16).

ലുധിയാനയിലേക്ക് ഒളിച്ചോടിയ ആഥമിന് അവിടെയും രക്ഷയുണ്ടായില്ല. തന്നെ അക്രമിക്കാനായി ആയുധധാരികളായ ആളുകളെ അയച്ചെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പൊലീസ് സംരക്ഷണം തേടി. മിർസായുടെ പ്രതികരണം ഇങ്ങനെ: ‘പാതിരി കൂടുതൽ സുരക്ഷിതമായ ലുധിയാനയിലേക്ക് പോയെങ്കിലും രാവും പകലും കാവലിരുന്ന സായുധ പൊലീസിന്റെയും മരുമകന്റെയും കണ്ണുവെട്ടിച്ചുകൊണ്ട് ആയുധധാരികളായ ഒരു സംഘം ആളുകൾ അയാളെ കൊല്ലാൻ ചെന്നത്രെ! അങ്ങനെ സംഭവിച്ചെങ്കിൽ തീർച്ചയായും അവർ അല്ലാഹുവിന്റെ മലക്കുകളായിരിക്കും!’’ (അതേ പുസ്തകം. പേജ് 18-19).

മാരണവും!

ഖാദിയാനി പ്രവാചക പുത്രൻ ബഷീർ അഹ്‌മദ് ‘സീറത്തുൽ മഹ്ദി’യിൽ വിവരിക്കുന്നു:

‘‘മിയാൻ അബ്ദുല്ല സന്നൂരി പറയുന്നു: ‘ആഥമിന്റെ അവധിയിൽ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, മസീഹ്(അ) എന്നെയും ഹാമിദലി സാഹിബിനെയും വിളിപ്പിച്ചു. കുറേ കടലമണികൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. (എണ്ണം ഓർമയില്ല) പിന്നീട് ഒരു സൂറത്തിലെ ഏതാനും ആയത്തുകൾ ഓതുവാനും ഓരോ കടലമണിവീതം മാറ്റിവെക്കാനും നിർദേശിച്ചു. സൂറത്ത് ഏതെന്ന് ഞാനോർക്കുന്നില്ല. ‘അലം തറ കൈഫ’യാണെന്ന് തോന്നുന്നു. ഞങ്ങൾ രാത്രി വളരെ വൈകുന്നതുവരെ ഓതിക്കൊണ്ടിരുന്നു. തീർന്നപ്പോൾ ഹസ്രത്ത് സാഹിബിന് കൊണ്ടുപോയിക്കൊടുത്തു. അദ്ദേഹം ഞങ്ങളെയും കൂട്ടി ഖാദിയാന് വടക്കുഭാഗത്തുള്ള വിജനമായ പ്രദേശത്തേക്ക് നടന്നു. അവിടെയുള്ള ‘ഒരു പൊട്ടക്കിണറ്റിലേക്ക് ആ കടലമണികൾ എറിഞ്ഞു കഴിയുമ്പോൾ തന്നെ തിരിഞ്ഞുനോക്കാതെ പെട്ടെന്ന് തിരിച്ചുപോരണം’ എന്ന് പറഞ്ഞു. അവിടെയെത്തിയപ്പോൾ മസീഹ് അപ്രകാരം ചെയ്തു. തങ്ങൾ വേഗത്തിൽ തിരിച്ചു നടന്നു’’(രിവായത് നമ്പർ 160).

‘അല്ലാഹുവിന്റെ വഹ് യനുസരിച്ചുള്ള പ്രവചനങ്ങൾ സാക്ഷാൽക്കരിക്കാൻ അനുവദനീയവും കലാപരഹിതവുമായ ഏതു മാർഗവും സ്വീകരിക്കൽ നബിചര്യയാണെ’ന്ന് തട്ടിവിട്ടു കൊണ്ട് പ്രവചന പൂർത്തീകരണത്തിന് വേണ്ടി എല്ലാ അടവുകളും അദ്ദേഹം പ്രയോഗിച്ചു. ഭീഷണികളും പ്രാർഥനയും മാരണവും നടത്തി.

തിരയടങ്ങാത്ത കടൽ

കാൺകറ ഡിസ്ട്രിക്ട് കോർട്ട് ഇൻസ്‌പെക്ടർ ഓഫ് പോലീസിന്റെ വിശദീകരണം നോക്കുക: “ആഥമിന്റെ സംരക്ഷണച്ചുമതല എന്നെ ഏൽപിച്ചിരുന്നു. അവധിയിലെ അവസാനത്തെ ദിവസം, അകത്ത് പാതിരിമാരും സ്‌നേഹിതന്മാരും ഒത്തുകൂടിയിട്ടുണ്ട്. പുറത്ത് സായുധരായ പോലീസുകാർ ജാഗ്രത പാലിക്കുന്നു. എവിടെനിന്നോ ഒരു വെടിയൊച്ച കേൾക്കായി, ആഥം ഭയംകൊണ്ട് ഭ്രാന്തനായി. സ്‌നേഹിതന്മാർ അദ്ദേഹത്തെ മദ്യം കൊടുത്ത് മയക്കിക്കിടത്തുകയായിരുന്നു’’ (അതേ പുസ്തകം. പേജ് 184).

മറുവശത്ത്, ആഥമിനെക്കാൾ അസ്വസ്ഥരായിരുന്നു മിർസയും അനുയായികളും. ‘സീറത്തെ മസീഹ് മഊദി’ൽ ശൈഖ് യാകൂബ് അലി ഖാദിയാനി എഴുതി: “ആഥമിനെ സംബന്ധിച്ച പ്രവചന കാലാവധിയുടെ അവസാന ദിവസമായിരുന്നു അന്ന്. ജമാഅത്തിലെ മുഴുവൻ ആളുകളും അസ്വസ്ഥചിത്തരായിരുന്നു. ചിലരുടെ മുഖം വാടിയിട്ടുണ്ട്. ഹൃദയമിടിപ്പ് വർധിച്ചിരുന്നു. ചില വിവരദോഷികളാവട്ടെ എതിരാളികളുമായി പന്തയം വെക്കുകപോലും ചെയ്തു. നിരാശയുടെയും ഉദാസീനതയുടെയും പര്യായമായിരുന്നു അഹ്‌മദികളന്ന്. നമസ്‌കാരത്തിൽ ഉറക്കെ കരഞ്ഞുകൊണ്ട് അവർ പ്രാർഥിച്ചുകൊണ്ടിരുന്നു: ‘നാഥാ, ഞങ്ങളെ നിന്ദിക്കരുതേ!’’ (പേജ് 7).

തങ്ങൾ വിശ്വസിക്കുന്ന പ്രവാചകന്റെ പ്രവചനത്തിൽ വിശ്വാസമർപ്പിച്ച് അത് സംഭവിക്കുമെന്ന് പന്തയം വെച്ചവർ വിവരദോഷികളാണത്രെ! നബി ﷺ തിരുമേനിയുടെ പ്രവചനം പുലരുമെന്ന് സിദ്ദീക്വ് (റ) പന്തയം വെച്ച ചരിത്രമാവാം ‘വിവരദോഷിക’ളെ അതിന് പ്രേരിപ്പിച്ചത്.

‘അൽഹകം’ വാരികയിലെ ശൈഖ് റഹീം ബക്ഷിന്റെ ലേഖനത്തിൽ അഹ്‌മദികളുടെ തീവ്ര ദുഃഖത്തിന്റെയും ദൈന്യതയുടെയും വ്യക്തമായ ചിത്രം കാണാം. “അന്ന് എന്റെ പിതാവ് മാസ്റ്റർ ഖാദിർ ബക്ഷ് ഖാദിയാനിലുണ്ടായിരുന്നു. അദ്ദേഹം ആ ദിവസത്തെ അനുസ്മരിച്ചു: ‘സൂര്യാസ്തമയത്തിനു മുമ്പ് ആഥം മരണപ്പെടുമെന്ന് മസീഹ്(അ) ഉറപ്പിച്ചു പറഞ്ഞു. ആളുകൾ പ്രാർഥനയിൽ മുഴുകി കാത്തിരുന്നു. സൂര്യൻ അസ്തമിച്ചതോടെ ആളുകൾ കുശുകുശുക്കാൻ തുടങ്ങി. പരിഭ്രമം തോന്നിയില്ലെങ്കിലും ആകുലമായിരുന്നു എന്റെ മനസ്സ്. ഹസ്രത്ത് സാഹിബ് പ്രസംഗിക്കാനായി എഴുന്നേറ്റു. പ്രവചനത്തിന്റെ യാഥാർഥ്യത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. അതോടെ ഞങ്ങൾക്ക് സമാധാനവും സന്തോഷവും തിരിച്ചുകിട്ടി. പലരും വിശ്വാസം പുതുക്കി.

പിറ്റേന്ന് അമൃതസറിൽ ചെന്നപ്പോൾ എനിക്ക് ആഥമിനെ നേരിൽ കാണാൻ സാധിച്ചു. ക്രിസ്ത്യാനികൾ അദ്ദേഹത്തെ പൂമാല ചാർത്തി ഒരു വണ്ടിയിലിരുത്തി നഗരത്തിൽ പ്രകടനം നടത്തുന്നു. അവർ ആർമാദത്താടെ വിജയം ആഘോഷിക്കുന്നു. പക്ഷേ, അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നിയത് അവൻ മരിച്ചിരിക്കുന്നു എന്നാണ്; ഇതവന്റെ മൃതദേഹമാണ്. ഇന്നല്ലെങ്കിൽ നാളെ ഇവൻ മരിക്കുകതന്നെ ചെയ്യും.’’

ഇത്തരം അനുയായികളാണ് ഖാദിയാനി പ്രവാചകന്റെ മുതൽക്കൂട്ട്. തദ്കിറയിലെ അടിക്കുറിപ്പിൽ കൊടുത്ത വിശദീകരണം കാണുക:

‘‘ആഥം സത്യത്തിലേക്ക് തിരിച്ചുവന്നില്ലെങ്കിൽ 15 മാസത്തിനകം ഹാവിയയിൽ പതിക്കുമെന്ന് ഈ പ്രവചനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏന്നാൽ പതിവിന് വിരുദ്ധമായി, ഈ കാലയളവിനുള്ളിൽ ഇസ്‌ലാമിനെയും ഇസ്‌ലാമിന്റെ സ്ഥാപകനെയും കുറിച്ച് പൂർണമായും നിശ്ശബ്ദത പാലിച്ചു. (അഹ്‌മദിയ്യ മതസ്ഥാപകനാണ് താനെന്ന് അവകാശപ്പെടുന്ന മിർസാ ഗുലാം അഹ്‌മദ്, മുഹമ്മദ് നബി ﷺ ഇസ്‌ലാം മതസ്ഥാപകനാണെന്ന് പലയിടത്തും എഴുതിയിട്ടുണ്ട്-ലേഖകൻ). അദ്ദേഹം. മനസ്സാ ഇസ്‌ലാമിന്റെ സത്യത്തെ അംഗീകരിക്കുകയും പ്രവചനത്തിന്റെ മഹത്ത്വത്തെ ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. അതിനുശേഷം സർവശക്തനായ അല്ലാഹു അവനോട് കരുണ കാണിക്കുകയും ഹാവിയയിൽ വീഴാതെ അവനെ രക്ഷിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് തുടർച്ചയായ അഭ്യർഥന നിരസിച്ചുകൊണ്ട് ആഥം സത്യം ചെയ്യാൻ വിസമ്മതിച്ചു. അപ്പോൾ നാലായിരം രൂപ സമ്മാനം നൽകാമെന്ന് പരസ്യം പ്രസിദ്ധീകരിച്ചു. മുസ്‌ലിംകൾക്ക് പന്നിമാംസം പോലെ ക്രിസ്ത്യാനികൾക്ക് സത്യം ചെയ്യുന്നത് നിഷിദ്ധമാണെന്നും 4000 അല്ല 40,000 തന്നാലും സത്യം ചെയ്യില്ലെന്നും പറഞ്ഞു. ക്രിസ്ത്യൻ സമൂഹം കഴുത്തറുത്ത് കൊന്നാലും കഷ്ണം കഷ്ണമാക്കിയാലും അദ്ദേഹം സത്യം ചെയ്യുകയില്ലത്രെ!’’ (പേജ് 192-193).

(തുടരും)