ദുഷ്യന്ത് ദവെയുടെ പ്രൗഢമായ ഉപസംഹാരം

സുഫ്‌യാൻ അബ്‌ദുസ്സലാം

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

(വിധി തേടുന്ന ഹിജാബും കോടതിയിലെ വാദങ്ങളും - 9)

ശിരോവസ്ത്രം നിരോധിച്ച കർണാടക സർക്കാറിന്റെ തീരുമാനത്തെയും അതിന് അനുകൂലമായി വിധി പറഞ്ഞ കർണാടക ഹൈക്കോടതി നടപടിയെയും തന്റെ അഗാധമായ നിയമപരിജ്ഞാനവും അനുഭവസമ്പത്തും ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ പ്രൗഢമായ അവതരണത്തിലൂടെ ദുഷ്യന്ത് ദവെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ തുടർവാദങ്ങളുടെ സംഗ്രഹം താഴെ നൽകുന്നു:

ബിജോ ഇമ്മാനുവൽ കേസിന്റെ പ്രസക്തി

ദേശീയഗാനവുമായി ബന്ധപ്പെട്ട ബിജോ ഇമ്മാനുവൽ വിധി രണ്ട് കാരണങ്ങളാൽ പ്രധാനമാണ്. 25ാം അനുച്ഛേദത്തിന് വ്യക്തമായ വ്യാഖ്യാനം നൽകുന്നു എന്നതാണ് ഒന്ന്. ശിരോവസ്ത്ര നിരോധന വിവാദത്തിലെ കേന്ദ്രബിന്ദുവായ കർണാടക വിദ്യാഭ്യാസ നിയമത്തെ പോലെത്തന്നെ പ്രധാനമായ കേരള വിദ്യാഭ്യാസ നിയമത്തിനും പ്രസ്തുത വിധി കൃത്യമായ വ്യാഖ്യാനം നൽകുന്നു എന്നതാണ് രണ്ടാമത്തേത്.

ഒരു പൗരന്റെ മതകാരണങ്ങളാലുള്ള എതിർപ്പ് അവഗണിച്ച് ദേശീയഗാനം ആലപിക്കാൻ ഓരോ വിദ്യാർഥിയെയും നിർബന്ധിക്കുന്ന തരത്തിൽ സർക്കാർ സർക്കുലറുകൾ ഇറക്കുന്നത് മൗലികാവകാശങ്ങൾക്ക് കടകവിരുദ്ധമാണ് എന്ന് പ്രസ്തുത വിധി പഠിപ്പിക്കുന്നു. ഭരണഘടനയിലെ വിശ്വാസവുമായി ബന്ധപ്പെട്ട അനുച്ഛേദമാണ് 25ാം അനുച്ഛേദം. ആരാലും ഗൗനിക്കപ്പെടാത്ത ചെറുന്യൂനപക്ഷമാണെങ്കിൽ പോലും അവർക്ക് അവരുടെ സ്വത്വം (Identtiy) ഉയർത്തിപ്പിടിക്കാൻ സാധിക്കണം എന്ന തത്ത്വത്തിന്മേലാണ് പ്രസ്തുത അനുച്ഛേദം പടുത്തുയർത്തപ്പെട്ടിട്ടുള്ളത്. അത് മതസഹിഷ്ണുതയുമായി ബന്ധപ്പെട്ട അനുച്ഛേദം കൂടിയാണ്.

യൂണിഫോം അനിവാര്യമോ?

സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും ഒരു ഭാരമാണ് യൂണിഫോം ഡ്രസ്സ് കോഡ് എന്നും പലരും അത് പണം കൊടുത്ത് വാങ്ങിക്കാൻ കഷ്ടപ്പെടുന്നു എന്നും ദവെ ചൂണ്ടിക്കാട്ടിയപ്പോൾ യൂണിഫോം ഒരു സമൂഹത്തിലെ സാമ്പത്തിക അസമത്വത്തെ മറച്ചുപിടിക്കുന്ന ഒരു ഉപകരണമാണെന്നായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ പ്രതികരണം. മികച്ച സംഘടനയായി അറിയപ്പെടുന്ന ആർ.എസ്.എസിന് യൂണിഫോമും തൊപ്പിയുമുണ്ടെന്ന് ദവെ ചൂണ്ടിക്കാട്ടി. യൂണിഫോമിന്റെ കൂടെ ശിരോവസ്ത്രം അനുവദിക്കണമോ എന്നതാണ് നമ്മുടെ വിഷയം എന്ന് ഗുപ്ത ഓർമിപ്പിച്ചപ്പോൾ മുസ്‌ലിം പെൺകുട്ടികൾക്ക് അത് അനിവാര്യമാണെന്ന് ദവെ മറുപടി നൽകി.

ഭരണഘടനാ ചർച്ചകളുടെ പ്രസക്തി

ചർച്ച വീണ്ടും ഭരണഘടനാ അസംബ്ലിയിലെ ചർച്ചകളിലേക്ക് പോയപ്പോൾ ഗുപ്ത വീണ്ടും ഇടപെട്ടു. ഭരണഘടനാ നിർമാണ ചർച്ചകളിലെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് ഭരണഘടന രൂപംകൊണ്ടതിന് ശേഷം എന്തു പ്രസക്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഭരണഘടനയെ മനസ്സിലാക്കുന്നതിനാവശ്യമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതിന് അത് അനിവാര്യമാണെന്നായിരുന്നു ദുഷ്യന്ത് ദവെയുടെ മറുപടി. ഭരണഘടനാ ശില്പികളുടെ ഉദ്ദേശ്യം, ചിന്ത, ആശയങ്ങൾ എന്നിവ മനസ്സിലാക്കാൻ അവ ഒഴിച്ചുകൂടാൻ സാധിക്കാത്ത വിജ്ഞാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നതിന് വേണ്ടിയുള്ള വ്യാഖ്യാനങ്ങൾ നല്ലതാണെന്ന് ജസ്റ്റിസ് ധൂലിയയും കൂട്ടിച്ചേർത്തു. ഭരണഘടനാ അസംബ്ലിയിലെ ചർച്ചകൾ നിർണായകമല്ലെന്ന് പറഞ്ഞാൽ പോലും അവ ഉദ്ദേശ്യങ്ങളിലേക്ക് വെളിച്ചം വീശുമെന്ന് പ്രസിദ്ധമായ കേശവാനന്ദ ഭാരതി വിധിയിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ദവെ സമർഥിച്ചു.

ഭരണഘടനാ അസംബ്ലിയിൽ 240 അംഗങ്ങളുണ്ടായിരുന്നു, ഓരോ അംഗവും ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നു. അത് ഒരു കൂട്ടായ വീക്ഷണമായി എടുക്കാൻ സാധിക്കുമോ, ആത്യന്തികമായി ഭരണഘടന നൽകുന്ന നിർവചനം അനുസരിച്ചല്ലേ നാം പോകേണ്ടത് എന്നായിരുന്നു ഗുപ്തയുടെ ആവർത്തിച്ചുള്ള ചോദ്യം. 25ാം അനുച്ഛേദം വളരെ വ്യക്തമാണെന്നും ഭരണഘടനാ അസംബ്ലിയിലെ ചർച്ചകൾ അതിനെ സിമന്റിട്ട് ഉറപ്പിക്കുകയാണെന്നും ദവെ പ്രതികരിച്ചു.

ശബരിമല വിധിയും തെറ്റിദ്ധരിപ്പിക്കലും

മതപരമായ അവകാശങ്ങളെ അനുവദിക്കാൻ സാധിക്കില്ലെന്ന് പറയാൻ കർണാടക ഹൈക്കോടതി ശബരിമല കേസിനെ മാത്രം ഉദ്ധരിക്കുകയാണ് ചെയ്തിട്ടുള്ളത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന ഹരജിയിൽ 2018ൽ സുപ്രീംകോടതി അനുകൂലമായി വിധിക്കുകയുണ്ടായി. ഈ വിധി നിലനിൽക്കുന്ന മതാചാരങ്ങൾ അനുവദിക്കൽ അനിവാര്യമല്ല എന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത് എന്ന നിഗമനത്തിലാണ് കർണാടക ഹൈക്കോടതി എത്തിയിരിക്കുന്നത്. എന്നാൽ ഈ വിധിക്കെതിരെ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റിഷൻ പോയിട്ടുണ്ടെന്നും അത് ഒമ്പതംഗ വിശാല ബെഞ്ചിന്റെ പരിഗണയിലാണെന്നുമുള്ള കാര്യം കർണാടക മറച്ചുപിടിക്കുകയാണ് ചെയ്തിട്ടുള്ളത്. വിശാല ബെഞ്ചിന് മുമ്പിലുള്ള കേസുകളെ സാധാരണനിലയിൽ ന്യായാധിപന്മാർ അവലംബിക്കാറില്ല.

എസെൻഷ്യൽ ആണെന്ന് തെളിയിക്കണമെന്നോ?

ഒരു വ്യക്തിയുടെ മതപരമായ അവകാശത്തിനായി ആർട്ടിക്കിൾ 25 ഉയർത്തിക്കാണിക്കുമ്പോൾ അയാൾ അത് എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ആണെന്നും ഭരണഘടനാ ധാർമികതയുമായി (Con-stitutional moraltiy) അത് ബന്ധപ്പെടുന്നുണ്ടെന്നും തെളിയിക്കണമെന്ന കർണാടക ഹൈക്കോടതിയുടെ അഭിപ്രായം എന്താണ് അർഥമാക്കുന്നത് എന്ന് ജസ്റ്റിസ് ധൂലിയ ചോദിച്ചപ്പോൾ അതിൽ ഇടപെട്ടത് ജസ്റ്റിസ് ഗുപ്തയായിരുന്നു. എസെൻഷ്യൽ റിലീജിയസ് പ്രാക്ടീസ് ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നുവെങ്കിൽ അത്തരം പ്രാക്ടീസുകൾക്ക് സംരക്ഷണം നൽകില്ല എന്ന കാരണത്താലാകും കോടതി അങ്ങനെ പറഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ആരുടെയും അവകാശം ഹനിക്കുന്നില്ല

ശബരിമല വിഷയത്തിൽ ചില പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ പ്രവേശനം തടഞ്ഞു എന്നതായിരുന്നു പ്രശ്‌നം. അത് ഒരു വിഭാഗത്തിന്റെ അവകാശത്തെ ബാധിച്ചു എന്ന് വേണമെങ്കിൽ വാദിക്കാം. എന്നാൽ ഇവിടെ വിഷയം നേരെ തിരിച്ചാണ്. ശിരോവസ്ത്രം ഒരു വിഭാഗം അണിയുന്നത് ആരുടെ അവകാശത്തെയാണ് ഹനിക്കുന്നത്? അതുകൊണ്ട് അത് രണ്ടും തുല്യമാണെന്ന് പറയാൻ സാധിക്കില്ല. എന്നാൽ ശബരിമല വിഷയം ആർട്ടിക്കിൾ 15 മായി ബന്ധപ്പെട്ട കാര്യമല്ലേ എന്ന് ജസ്റ്റിസ് ഗുപ്ത ചോദിച്ചപ്പോൾ, അല്ല അത് ആർട്ടിക്കിൾ 25 മായി ബന്ധപ്പെട്ടതാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് ദവെ തിരിച്ചടിച്ചു.

മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 25ൽ നിബന്ധനകളായി പറഞ്ഞത് മൂന്നു കാര്യങ്ങളാണ്. പൊതുക്രമസമാധാനം, ആരോഗ്യം, സദാചാരം എന്നിവയാണവ. ശിരോവസ്ത്ര നിരോധന വിഷയത്തിൽ ആരോഗ്യവും സദാചാരവുമല്ല, പൊതുക്രമസമാധാനമാണ് ഒരു വിഷയമായി പറയുന്നത്. Public Order എന്നതിന്റെ വിവക്ഷ ക്രമസമാധാനം, സുരക്ഷ, സ്വസ്ഥത എന്നിങ്ങനെയാണെന്ന് 1960ലെ സൂപ്രണ്ട് ജനറൽ റാം മനോഹർ ലോഹ്യ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിരോവസ്ത്ര വിഷയത്തിൽ ഒരാളുടെയും ക്രമസമാധാനവും സുരക്ഷയും സ്വസ്ഥതയും തകർക്കപ്പെട്ടിട്ടില്ല എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

14,19,21,25 അനുച്ഛേദങ്ങൾ ഒരുമിച്ച് ബാധകം

2007ലെ ഐ.ആർ.കൊയ്‌ലോ സ്‌റ്റേറ്റ് ഓഫ് തമിഴ്നാട് കേസിന്റെ വിധിയിൽ സുപ്രീം കോടതി അനുച്ഛേദങ്ങളായ 14,19,21 എന്നിവ ഒരുമിച്ച് പ്രയോഗിക്കാമെന്ന് വിധി നൽകിയിട്ടുണ്ട്. ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം മുസ്‌ലിം പെൺകുട്ടികളെ സംബന്ധിച്ച് അഭിമാനമാണ്. നമ്മുടെ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഓരോരുത്തരുടെയും അന്തസ്സ് (digntiy) ഉറപ്പുവരുത്തുന്നതാണ്. അതുകൊണ്ട് ശിരോ വസ്ത്രം ആർട്ടിക്കിൾ 21 ന്റെ ഭാഗം കൂടിയാണ്. ചില ഹൈന്ദവ സ്ത്രീകളും അവരുടെ മാന്യതയുടെ ഭാഗമായി തല മറക്കാറുണ്ട്. ആർട്ടിക്കിൾ 21 പറയുന്ന ജീവിക്കാനുള്ള അവകാശം എന്നതുകൊണ്ടുള്ള ഉദ്ദേശ്യം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണെന്ന് 978 ലെ മനേകാ ഗാന്ധി യൂണിയൻ ഓഫ് ഇന്ത്യ കേസിലും പുട്ടസ്വാമി കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ധൃതിപിടിച്ച നടപടികൾ എന്തിന്?

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോൾ ഇതുവരെയില്ലാത്ത ഒരു നിരോധനം എന്തുകൊണ്ട് പെട്ടെന്ന് കടന്നുവരുന്നു? നിയമങ്ങളെ ദുരുദ്ദേശ്യപൂർവം സമീപിക്കുന്ന പ്രവണതകൊണ്ടാണ് ഇത് സംഭവിക്കുന്നത്. കർണാടകയിൽ മുസ്‌ലിം ന്യൂനപക്ഷം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവപരമ്പരകൾ ധാരാളമാണ്. ഒരു ക്ഷേത്രത്തിന് സമീപത്ത് വിൽപന നടത്താൻ പോലും ഒരു മുസ്‌ലിമിനെ അനുവദിക്കാത്ത വിധം അക്രമങ്ങൾ അരങ്ങേറുകയാണ്. കർണാടക വിദ്യാഭ്യാസ ആക്റ്റിന് കടകവിരുദ്ധമായ സർക്കാർ സർക്കുലറിന് നിയമപരമായ പരിരക്ഷ ലഭിക്കില്ല. കേരള ഹൈക്കോടതി വിധി ഈ വിഷയത്തിൽ ശിരോവസ്ത്രത്തിന് അനുകൂലമാണ്. ഈ വിധിയൊന്നും ഹൈക്കോടതി പരിഗണിച്ചില്ല. പകരം മൂന്ന് പഴയ വിധികൾ സർക്കാരിന് അതിൽ ചേർത്തിട്ടുണ്ട്. എന്നാൽ അതിൽ ഒന്ന്, ശിരോവസ്ത്രം നിരോധിച്ചത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളിലാണ്. മറ്റൊന്ന് ക്രിസ്ത്യൻ അൺഎയ്ഡഡ് കോൺവെന്റ് സ്‌കൂളാണ്. മൂന്നാമത്തേതാവട്ടെ അതിൽ ശിരോവസ്ത്രത്തെ കുറിച്ച് പരാമർശമില്ല. ഇവ എങ്ങനെയാണ് ശിരോവസ്ത്ര നിരോധനത്തിന് ഹൈക്കോടതി അനുകൂലമായി സ്വീകരിച്ചത് എന്നത് മനസ്സിലാവുന്നില്ല.

സ്‌കൂളുകളെ സേനകളോട് ഉപമിക്കുകയോ?

എയർഫോഴ്‌സിൽ പ്രവർത്തിക്കുന്ന മുസ്‌ലിംകൾക്ക് വിശ്വാസത്തിന്റെ ഭാഗമായ താടിവയ്ക്കാൻ പാടില്ല എന്ന നിയമം ഹൈക്കോടതി വിധിയിൽ കാണുന്നു. എന്നാൽ ഈ നിയമം ഒരു പൂർണമായ അച്ചടക്കം ആവശ്യമായ ഒരു പ്രത്യേക വിഭാഗത്തിനാണ് എന്ന കാര്യം മറച്ചുവയ്ക്കുന്നു. വിദ്യാലയങ്ങൾ അതുപോലെയല്ല, അത് പൊതുയിടമാണ്. 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒരു റെജിമെന്റ് സേന പോലെയല്ല. അവർ സ്വതന്ത്ര അന്തരീക്ഷത്തിൽ പഠിക്കുന്ന വിദ്യാർഥികളാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് അന്താരാഷ്ട്ര കൺവെൻഷനുകളുടെ ലംഘനമാണ് കർണാടകയിൽ നടക്കുന്നത്.

വിവേകാനന്ദനും ടാഗോറും പറഞ്ഞത്

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിൽ ഹൈന്ദവ രീതികളെ കുറിച്ച് അദ്ദേഹം പറയുന്നത് നാം ഓർക്കേണ്ടതാണ്: ‘ലോകത്തെ സഹിഷ്ണുതയെയും സർവരെയും സ്വീകരിക്കുക എന്ന ഉൾക്കൊള്ളലിനെയും പഠിപ്പിച്ച ഒരു മതത്തിൽ അംഗമായതിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാ മതങ്ങളെയും നാം അംഗീകരിക്കുന്നു. പീഡിപ്പിക്കപ്പെട്ട എല്ലാവരെയും ചേർത്തുനിർത്തുന്ന ഒരു രാജ്യത്തിന്റെ പൗരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. വിഭാഗീയത, മതഭ്രാന്ത്, വിഭാഗീയതയോടുള്ള ഭ്രാന്തമായ ആവേശം തുടങ്ങിയവ ഈ മനോഹരമായ ഭൂമിയെ പണ്ടേ കൈവശപ്പെടുത്തിയിട്ടുണ്ട്. അവ ഭൂമിയിൽ അക്രമം നിറച്ചു, മനുഷ്യരക്തം കൊണ്ട് ഭൂമിയെ നനച്ചു; നാഗരികതയെ നശിപ്പിക്കുകയും ചെയ്തു.’ ടാഗോർ പറഞ്ഞത് എന്താണെന്ന് നാം അനുസ്മരിക്കേണ്ടതില്ലേ? ‘ഭയമില്ലാത്ത ഒരു ലോകത്താണ് നാം ദിവസവും ഉണരേണ്ടത്. ജനങ്ങളിൽ ഭീതി വളർത്തുന്ന യാതൊന്നും ഉണ്ടാവാൻ പാടില്ല.’

കർണാടകക്ക് സംഭവിച്ച പിഴവ് തിരുത്തണം

കർണാടക ഹൈക്കോടതിക്ക് വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. കർണാടകയുടെ വിധി അശേഷം നിലനിൽക്കുന്നതല്ല, ആക്ഷേപാർഹമായ സർക്കാർ സർക്കുലർ ഭരണഘടനാ വിരുദ്ധമാണ്; നിയമവിരുദ്ധവുമാണ്. നിയമത്തെ ദുരുദ്ദേശ്യപൂർവം ദുരുപയോഗം ചെയ്തുകൊണ്ട് പുറപ്പെടുവിച്ച സർക്കുലർ ഭരണഘടനയുടെ 14, 19, 21, 25 എന്നീ അനുച്ഛേദങ്ങളെ ലംഘിക്കുന്നതുമാണ്.

വളരെ സമഗ്രവും പ്രൗഢവുമായിരുന്നു രണ്ടു ദിവസം നീണ്ടു നിന്ന ദുഷ്യന്ത് ദവെയുടെ വാദങ്ങൾ. അദ്ദേഹം അവസാനിപ്പിച്ചതോടെ ഹരജിക്കാർക്ക് വേണ്ടിയുള്ള വാദങ്ങൾ പൂർത്തിയായി.

(തുടരും)

അടുത്ത ലക്കത്തിൽ: സോളിസിറ്റർ ജനറലുടെ ദുർബല വാദങ്ങൾ