ഏകീകൃത സിവിൽകോഡ്; പ്രസക്തിയും പ്രത്യാഘാതവും

അലി മുഹമ്മദ് തയ്യിൽ - ജില്ലാ ജഡ്ജ് (റിട്ട.)

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

ഏകീകൃത സിവിൽ കോഡ് ഇന്ന് ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന നിർമാണ കാലംമുതൽ ഇന്നുവരെയും അനുകൂലമായും എതിരായുമുള്ള അഭിപ്രായങ്ങളും വാഗ്വാദങ്ങളും ഇതു സംബന്ധിച്ചു നടന്നുകൊണ്ടിരിക്കുന്നു.

നമ്മുടെ ഭരണഘടനയുടെ മാർഗനിർദേശക തത്ത്വങ്ങൾ എന്ന ഭാഗത്ത് 44ാം അനുഛേദമായിട്ടാണ് അതു പറഞ്ഞിട്ടുള്ളത്. നമ്മുടെ രാജ്യത്തിലെ പൗരൻമാർക്കാകമാനം ബാധകമായ ഒരു ഏകീകൃത സിവിൽകോഡ് കൊണ്ടുവരേണ്ടതിനായി ഭരണകൂടം ശ്രമിക്കേണ്ടതുണ്ട് എന്നാണ് അത് നിർദേശിക്കു ന്നത്.

ഈ അനുഛേദം ഉൾകൊള്ളുന്ന 4ാം ഭാഗത്തിനു മുമ്പായി ഭരണഘടനയുടെ 3ാം ഭാഗത്തിൽ രാജ്യത്തിലെ പൗരന്മാരുടെയും അല്ലാത്തവരുടെയും മൗലികാവകാശങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്.

മൗലികാവകാശങ്ങളെപ്പറ്റി പറയുമ്പോൾ ഓർക്കേണ്ടതായ ചില ചരിത്രസത്യങ്ങളുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന അവസരത്തിൽ ഇന്നത്തെപ്പോലെ ഒരു ഏകീകൃതമായ ഇന്ത്യയല്ലായിരുന്നു നിലനിന്നിരുന്നത്; ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളും പല നാട്ടുരാജാക്കന്മാരാൽ ഭരിക്കപ്പെട്ടിരിക്കുന്ന നാട്ടുരാജ്യങ്ങളുമൊക്കെയായി പല രാജ്യങ്ങളായി കിടക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഈ വിവിധ ദേശങ്ങളെ അല്ലെങ്കിൽ രാജ്യങ്ങളെ ഒന്നിച്ച് ഒരു ഇന്ത്യ എന്ന നിലക്ക് ഒരു ഭരണഘടനയുടെ കീഴിൽ കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഇതിനും പുറമെയായിരുന്നു ജനങ്ങൾക്കിടയിലെ വർണ, വർഗ, മത, ജാതി, ഭാഷാവ്യത്യാസങ്ങൾ. വിവിധ ദേശങ്ങളെ ഒന്നിപ്പിക്കുക എന്നതുപോലെ നടപ്പാക്കാൻ കഴിയാത്ത ഒന്നായിരുന്നു ഈ വ്യത്യാസങ്ങൾ. ഇന്നും അതുതന്നെയാണ് സ്ഥിതി.

ഇന്ത്യയെ ഒന്നിച്ച് (ഒറ്റ ഇന്ത്യ എന്ന നിലയ്ക്ക്) ഒരു ഭരണഘടനയ്ക്കു കീഴിൽ നിലനിർത്താൻ ഈ വ്യത്യസ്തതകളെ അഥവാ നാനാത്വത്തെ അംഗീകരിച്ചുകൊണ്ടും നിലനിർത്തിക്കൊണ്ടും മാത്രമെ കഴിയൂ എന്ന തിരിച്ചറിവ് നമ്മുടെ ഭരണഘടനാശിൽപികൾക്കും രാഷ്ട്ര നേതാക്കൾക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വ്യത്യസ്തതകളെ അംഗീകരിച്ചുകൊണ്ടും മാനിച്ചുകൊണ്ടുമുള്ള ഒരു ഭരണഘടനക്കാണവർ രൂപംനൽകിയത്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയായി നമ്മുടെ ഭരണഘടന നിലനിൽക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ അന്തഃസത്തയാണ് അതിലെ മൗലികാവകാശങ്ങൾ. ഭരണകൂടത്തിനു നിയമംമൂലം മാറ്റം വരുത്തുവാനോ എടുത്തുകളയാനോ പാടില്ലാത്തവയാണ് ഈ മൗലികാവകാശങ്ങൾ എന്ന 13ാം അനുഛേദം ഒരു മൗലികാവകാശമായി തന്നെ പ്രഖ്യാപിക്കുന്നു. കോടതി ഇടപെടലുകൾ കൊണ്ടും മറ്റും ഈ ഒരവസ്ഥക്കു കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ഒരിക്കലും മാറ്റം വരുത്താൻ പാടില്ല എന്ന ബഹു:സുപ്രീംകോടതിയുടെ കേശവാനന്തഭാരതി കേസിലെ വിധി ഇപ്പോഴും നിലനിൽക്കുന്നു. മതേതരത്വം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങി പല അടിസ്ഥാന ഘടകങ്ങളും കോടതി എടുത്തുപറഞ്ഞിട്ടുള്ളവയാണ്. ഇവ ഒരു ഘട്ടത്തിലും മാറ്റത്തിനു വിധേയമാക്കാൻ സാധ്യമല്ലാത്തവയാണ് എന്നാണ് വിധി.

ഇന്ത്യൻ മതേതരത്വം എന്നത് മത നിരാസമല്ല, മതങ്ങളോടുള്ള തുല്യ പരിഗണനയാണ് എന്നാണ് ബഹു: സുപ്രീംകോടതിയടക്കം പ്രഖ്യാപിച്ചിട്ടുള്ളത്. നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വത്തെ നിലനിർത്തുന്നത് ഇത്തരം ചില അടിസ്ഥാന ഘടകങ്ങളാണ്. ഇവ നഷ്ടപ്പെട്ടാൽ ഇന്ത്യ ശിഥിലമാവുകയായിരിക്കും ഫലം. ഓരോ മതക്കാർക്കും അവരവരുടെ മതം അനുസരിച്ചു ജീവിക്കാനുള്ള അവകാശവും അവസരവും ഉണ്ടാവുകയാണല്ലോ മതേതരത്ത്വത്തിന്റെ താൽപര്യം. ഒറ്റ മതവും ഒറ്റ സംസ്‌കാരവുമാണെങ്കിൽ മതേതരത്വം എന്ന സങ്കൽപംതന്നെ ഉണ്ടാവുന്നില്ല.

നമ്മുടെ ഭരണഘടന പ്രാധാന്യം നൽകിയിട്ടുള്ളത് നിർദേശകതത്ത്വങ്ങളെ അപേക്ഷിച്ച് മൗലികാവകാശങ്ങൾക്കാണ് എന്ന് കാണാവുന്നതാണ്; പ്രത്യേകിച്ചും അവ സ്ഥാപിച്ചെടുക്കേണ്ട കാര്യത്തിൽ. അനുഛേദം 32 പ്രകാരം ഒരു പൗരന് തന്റെ മൗലികാവകാശം സ്ഥാപിച്ചെടുക്കാനായി പരമോന്നത നീതിപീഠത്തെ സമീപിക്കാനുള്ള അവകാശവും കൂടി ഒരു മൗലികാവകാശമായിത്തന്നെ നൽകിയിരിക്കുന്നു. മൗലികാവകാശങ്ങളും നിർദേശക തത്ത്വങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്. 37ാം അനുഛേദം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് നിർദേശക തത്ത്വങ്ങൾ ഒന്നുപോലും ഒരു കോടതി മുഖേനയും സ്ഥാപിച്ചെടുക്കാവുന്നതല്ല എന്നാണ്. നിർദേശക തത്ത്വങ്ങൾ എന്നത് പൊതുവെ നമ്മുടെ ഭരണകൂടം ഭരണ നിർവഹണത്തിലും നിയമനിർമാണത്തിലുമെല്ലാം ലക്ഷ്യം വെക്കേണ്ടതായ ചില പൊതുലക്ഷ്യങ്ങളും താൽപര്യങ്ങളുമാണ്.

സാമൂഹ്യമായും സാമ്പത്തികമായുമൊക്കെയുള്ള അസമത്വങ്ങളാലും പിന്നാക്കാവസ്ഥകളാലും അവശത അനുഭവിക്കുന്നവരുടെയും കുട്ടികളുടെയും തൊഴിലാളികളുടെയുമെല്ലാം ഉന്നമനവും സംരക്ഷണവും രാജ്യത്തിന്റെ പൊതുവായ അഭിവൃദ്ധിയും യശസ്സും പൊതുജനാരോഗ്യവുമെല്ലാം ലക്ഷ്യംവെച്ചുകൊണ്ടുള്ള ചില നിയമ നിർമാണങ്ങളുടെയും സംരഭങ്ങളുടെയും ആവശ്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഭരണകൂടത്തിനു നൽകുന്ന ചില നിർദേശങ്ങളാണ് നിർദേശക തത്ത്വങ്ങൾ സൂചിപ്പിക്കുന്നത്.

ഇവയിൽ പലതും വളരെ പ്രധാനപ്പട്ടവയും രാജ്യത്തിന്റെ പൊതുജനക്ഷേമവും പൊതുജനാരോഗ്യവുമെല്ലാം സ്പർശിക്കുന്നവയുമാണ് എന്നത് ശരിതന്നെ. ഉദാ: 47ാം അനുഛേദത്തിൽ പറയുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നിരോധനം. ഇന്ന് സമൂഹത്തെ കാർന്നുതിന്നുകയും എത്രയോ കുടുംബങ്ങളെ, പ്രത്യേകിച്ചു സ്ത്രീകളെ കണ്ണീരിൽ കുളിപ്പിക്കുന്നതുമായ ഈ സാമൂഹ്യവിപത്തിനെതിരെയുള്ള കാര്യമായ വല്ല നിയമനിർമാണങ്ങൾക്കോ സംരംഭങ്ങൾക്കോ വേണ്ടത്ര ഊന്നൽ നൽകാൻ ഭരണാധികാരികൾക്കോ മറ്റു അധികാരസ്ഥാനത്തിരിക്കുന്നവർക്കോ താൽപര്യം കാണുന്നില്ല. പകരം ഈ പറയപ്പെട്ട പൊതുപ്രശ്‌നങ്ങളോടോ, ലക്ഷ്യങ്ങളോടോ കാര്യമാത്ര പ്രസക്തമായി ബന്ധമില്ലാത്ത ഏകീകൃത സിവിൽകോഡ് എന്ന പ്രശ്‌നം വലിച്ചിഴച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്. അത് സമൂഹത്തിൽ ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂ.

രാജ്യത്ത് ഏക സിവിൽകോഡ് നടപ്പിൽ വരുമ്പോൾ വിവിധ മത, വർഗ വിഭാഗങ്ങളുടെ വ്യക്തി നിയമങ്ങളെയാണ് അത് ബാധിക്കുക. നമ്മുടെ രാജ്യത്തെ അടിസ്ഥാനപരവും പ്രധാനപ്പെട്ടവയുമായ എല്ലാ സിവിൽ നിയമങ്ങളും ക്രിമിനൽ നിയമങ്ങൾ പൂർണമായും എല്ലാ പൗരൻമാർക്കും ഒരുപോലെ ബാധകമായ നിലയിലാണ് നടപ്പാക്കിയിട്ടുള്ളത്. വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിങ്ങനെ തീർത്തും വ്യക്തിപരവും പരിമിതവുമായ വിഷയങ്ങളിൽ മാത്രമാണ് വ്യക്തിനിയമങ്ങൾ നിലനിൽക്കുന്നത്. ഇവയിൽതന്നെ കുറെയൊക്കെ വ്യക്തികളുടെ തിരഞ്ഞെടുപ്പിനു(Choice) വിധേയമാക്കപ്പെട്ടവയാണ്. ഈ വ്യക്തിനിയമങ്ങൾ മുമ്പ് സൂചിപ്പിച്ചപോലെ ഭരണ ഘടന ജനങ്ങൾക്കുറപ്പു നൽകിയ ചില മൗലികാവകാശങ്ങളുടെ താൽപര്യപ്രകാരം ഉള്ളവയാണ്. പ്രസ്തുത മൗലികാവകാശങ്ങളാകട്ടെ രാജ്യത്തിലെ വിവിധ മത, വർഗ വിഭാഗങ്ങളെ ഒന്നിച്ച് ഒരു ഭരണഘടനക്കുകീഴിൽ നിലനിർത്താൻ അനിവാര്യമാണ് താനും.

ബഹു: സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും പല കേസുകളിലും ഏകസിവിൽ കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എടുത്തുപറയാറുണ്ട് എന്നത് ശരിതന്നെ. പക്ഷേ, അതൊന്നും സിവിൽകോഡിന്റെ പ്രസക്തിയും അനിവാര്യതയും അതതുകേസുകളിലെ തർക്കവിഷയമായി (Issues or Points) എടുത്തുകൊണ്ട് അതിന്മേലുള്ള അനുകൂലമായതും എതിരായതുമായ വാദങ്ങൾ ഉന്നയിക്കാനോ തെളിവ് നൽകാനോ കക്ഷികൾക്ക് അവസരം കൊടുത്ത ശേഷമോ അതിന്മേൽ വിചാരണ നടത്തിയ ശേഷമോ അല്ല. അവയെല്ലാം അതത് ജഡ്ജിമാരുടെ വ്യക്തിപരമായ അഭിപ്രായം (Obeter Dictum) എന്ന നിലയ്‌ക്കേ എടുക്കാൻ കഴിയൂ. എതിരഭിപ്രായമുള്ള ജഡ്ജിമാരും ഉണ്ടാകുമല്ലോ. പക്ഷേ, ഇത്തരം നിരീക്ഷണങ്ങൾക്കു ദൗർഭാഗ്യകരമായ ചില പ്രതിഫലനങ്ങൾ ഉണ്ടാകാറുണ്ട്. കോടതി നടപടികളുടെയും നിയമത്തിന്റെയും ശാസ്ത്രീയ വശങ്ങൾ അറിയാത്ത പൊതുജനം അവയെ കോടതി വിധികളായി തെറ്റുധരിക്കുന്നു. നിക്ഷിപ്ത താൽപര്യമുള്ള ഭരണകൂടങ്ങൾക്ക് ഈ പുകമറയിൽ നിയമം കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. അങ്ങനെ രാജ്യത്തെയും ജനങ്ങളെയും അടിസ്ഥാനപരമായി ബാധിക്കുന്ന ഇത്ര ഗൗരവമേറിയ ഒരു വിഷയം വൃക്തവും വ്യാപകവുമായ ചർച്ചകൾക്കോ നിയമ പരിഗണനകൾക്കോ വിധേയമാക്കാതെ ലാഘവത്തോടെ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാകുന്നു.

ഭരണഘടനയുടെ 25ാം അനുഛേദം മതസ്വാതന്ത്ര്യം ഉറപ്പ് നൽകുന്നു. പൊതുസമാധാനം, ധാർമികത, ആരോഗ്യം എന്നിവയ്ക്കു വിധേയമായി ഓരോ വ്യക്തിക്കും തന്റെ വിശ്വാസം അല്ലെങ്കിൽ മതം വച്ചു പുലർത്താനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശം ഈ അനുഛേദം ഉറപ്പ് നൽകുന്നു. അതുപോലെ തന്നെ, പ്രസക്തമായ മറ്റൊരു അനുഛേദമാണ് 29ാം അനുഛേദം. പ്രത്യേക ഭാഷ, ലിപി, സംസ്‌കാരം എന്നിവ വച്ചുപുലർത്തുന്ന വിഭാഗങ്ങൾക്ക് അവ സംരക്ഷിച്ചു നിലനിർത്താനുള്ള മൗലികാവകാശം അത് ഉറപ്പ് നൽകുന്നു. ഈ നിലയ്ക്കു ലഭ്യമായ വളരെ പരിമിതമായ വ്യക്തിനിയമങ്ങൾപോലും ഹനിക്കപ്പെടുകയോ എടുത്തുമാറ്റപ്പെടുകയോ ചെയ്യുകയായിരിക്കും ഏകീകൃത സിവിൽ കോഡു കൊണ്ടുണ്ടാകുന്ന ഫലം. അനിവാര്യമെന്നും നീതിയുടെ താൽപര്യം ഉൾപെട്ടതെന്നും കണ്ടുകൊണ്ട് ചില കേസുകളിൽ കോടതിയിടപെടലുകളിലൂടെയും ചിലപ്പോൾ നിയമനിർമാണങ്ങൾവഴിയുമൊക്കെ ചില വ്യക്തിനിയമങ്ങളിൽ ഭേദഗതികൾ വന്നുചേരാറുണ്ട്. അതുപോലെയായിരിക്കില്ല മേൽപറഞ്ഞ മൗലികാവകാശങ്ങളെയൊക്കെ പാടെ അവഗണിച്ചുകൊണ്ടുള്ള പൂർണമായ ഒരു മാറ്റം. പ്രമുഖ ഭരണഘടനാവിദഗ്ധനായിരുന്ന നാനി പൽക്കിവാലയുടെ അഭിപ്രായത്തിൽ ഭരണകൂടം ലക്ഷ്യം വയ്‌ക്കേണ്ട ചില പ്രധാന ലക്ഷ്യങ്ങളാണ് നിർദേശക തത്ത്വങ്ങളെങ്കിലും അവ നേടിയെടുക്കേണ്ടത് മൗലികാവകാശങ്ങളാകുന്ന അനുവദനീയമായ മാർഗത്തിലൂടെ മാത്രമാണ്. ഇതുതന്നെ ബഹു: സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്; അഥവാ ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി മൗലികാവകാശങ്ങളാകുന്ന മാർഗത്തെ മുറിച്ചുകടക്കാനോ മറികടക്കാനോ പാടില്ല എന്ന്.

ഏകീകൃത സിവിൽ കോഡിനുവേണ്ടി വാദിക്കുന്നവരുടെ പ്രധാനമായ ഒരു വാദം അതു ദേശീയോദ്ഗ്രഥനത്തെ എളുപ്പമാക്കുമെന്നാണ്. നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും പ്രധാന മുഖമുദ്രയും സന്ദേശവുംതന്നെ നാനാത്വത്തിൽ ഏകത്വം എന്നതാണല്ലോ. അതു നമ്മുടെ ഭരണഘടനയുടെ ഒരടിസ്ഥാന ഘടകം തന്നെയാണ്. നാനാത്വത്തെ അവഗണിച്ചുകൊണ്ടുള്ള ഏകത്വമല്ല ദേശീയോദ്ഗ്രഥനം.