അറിവിൻ വാതിൽ തുറക്കുമ്പോൾ

നബീൽ പയ്യോളി

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

വേനലവധിക്ക് വിരാമമിട്ട് ലക്ഷക്കണക്കിന് വിദ്യാർഥികൾ കലാലയങ്ങളിലേക്ക് പോയിത്തുടങ്ങി. 42,90,000 വിദ്യാർഥികളാണ് സ്‌ക്കൂളുകളിലേക്ക് എത്തിയിട്ടുള്ളത്. പൊതുവിദ്യാലയങ്ങളിലേക്ക് 10.34 ലക്ഷം വിദ്യാർഥികൾ പുതുതായി എത്തിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിലേക്കും ലക്ഷക്കണക്കിന് വിദ്യാർഥികൾ അറിവ് തേടിയെത്തിയിട്ടുണ്ട്.

മനുഷ്യ പുരോഗതിക്ക് അറിവ് അനിവാര്യമാണ.് അറിവിന്റെ ആഴവും പരപ്പും മനുഷ്യനെ വളർത്തും. തിരിച്ചറിവുള്ള അറിവേ പ്രയോജനം ചെയ്യൂ. മാതാവെന്ന ആദ്യ അധ്യാപികയിൽനിന്നും പിതാവും കുടുംബവും ഉൾപ്പെടുന്ന നിരവധി അധ്യാപകരിൽനിന്നുമാണ് കുട്ടികൾ കലാലയങ്ങളിലേക്കെത്തുന്നത്. പാഠപുസ്തകങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നും ശരിയായ അറിവുകൾ ലഭിക്കാൻ വഴികാട്ടികളായി അധ്യാപകർ ഉണ്ടെന്നതാണ് മറ്റിടങ്ങളിൽനിന്നും കലാലയങ്ങളെ വ്യത്യസ്തമാക്കുന്നത്. അറിവിനോടൊപ്പം തിരിച്ചറിവും സംസ്‌കാരവും തെറ്റും ശരിയും വേർതിരിച്ച് കുട്ടികൾക്ക് കൈമാറുക എന്ന ദൗത്യത്തിൽ വിജയിക്കുമ്പോഴാണ് അധ്യാപകരും വിദ്യാലയങ്ങളും അർഥപൂർണമാകുന്നത്.

അറിവിന്റെ സ്രോതസ്സുകൾ അനേകായിരമുണ്ടിന്ന്. അതിൽനിന്നും നല്ലതും ചീത്തയും ശരിയും തെറ്റുമെല്ലാം കുട്ടികളിലേക്ക് എത്തുന്നുമുണ്ട്. അവിടെ ശരിയായ ദിശയിലേക്ക് വിദ്യാർഥികളെ നയിക്കുക എന്നതാണ് അധ്യാപകർ ഇന്നത്തെ ലോകത്ത് നിർവഹിക്കേണ്ട ദൗത്യം. നിരവധി വിദ്യാർഥികളുമായി കൂടിക്കലർന്ന് വളരുന്നവർ ഇടപഴകലിലൂടെ ലഭിക്കുന്ന അനുഭവങ്ങളും അറിവും സ്വായത്തമാക്കുന്നതോടൊപ്പം കൂടെയുള്ളവരെ പരിഗണിക്കാനും വൈവിധ്യങ്ങളെ ഉൾകൊള്ളാനും തയ്യാറാവുമ്പോഴേ സാമൂഹ്യജീവിതത്തിൽ ഈ അറിവുകൾ പ്രയോഗവത്കരിക്കാൻ സാധിക്കുകയുള്ളൂ.

അധ്യാപകർ നിരന്തരം വിദ്യാർഥികളാവണം എന്നതുകൂടി ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്, അനുനിമിഷം കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നു. അതിനനുസരിച്ച് അധ്യാപകരും തങ്ങളുടെ അറിവുകളെ പുതുക്കാൻ തയ്യാറായില്ലെങ്കിൽ അപ്‌ഡേറ്റഡാകാതെ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യം ഉണ്ടാവും. വിജ്ഞാന വിസ്‌ഫോടന കാലത്ത് എല്ലാം തികഞ്ഞവാണെന്നോ അറിവാളനാണെന്നോ ഉള്ള ഭാവം മറ്റുള്ളവർക്ക് മുമ്പിൽ സ്വന്തം വ്യക്തിത്വത്തെ ഇകഴ്ത്തലാണ്. അറിയാനും അറിവ് എന്നും പുതുക്കാനും ആരിൽനിന്നും അറിവ് നേടാനുമുള്ള മാനസികാവസ്ഥ അനിവാര്യമാണ്.

അറിവ് നേടുക എന്നതാവണം വിദ്യാർഥികളുടെ പ്രധാന അജണ്ട. തങ്ങളുടെ ഭാവി നിർണയിക്കുന്നതിൽ അറിവിനും ഔപചാരിക വിദ്യാഭ്യാസത്തിനും പ്രാധാന്യമുണ്ട്. അറിവുള്ളവനും ഇല്ലാത്തവനും ഒരിക്കലും തുല്യമല്ല; ഏതൊരു അളവുകോൽകൊണ്ട് അളന്നുനോക്കിയാലും ശരി. അതുകൊണ്ട് പഠനമാവണം ഒന്നാമത്തെ അജണ്ട. കളിയും വിനോദവും മറ്റു കാര്യങ്ങളും ജീവിതത്തിന് ഉപകാരപ്പെടും വിധമാവണം. അനാവശ്യങ്ങളോ അധാർമികതയോ തങ്ങളുടെ പരിസരത്തേക്ക് കടന്നുവരുന്നതും അത്തരം പരിസരങ്ങളിലേക്ക് പോകുന്നതും സൂക്ഷിക്കണം.

അറിവ് സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും ഉപകാരപ്പെടും വിധം ക്രിയാത്മകമായി ആർജിക്കാനും അടുക്കിവെക്കാനും വിനിയോഗിക്കാനും സാധിക്കുമ്പോഴാണ് വിദ്യാർഥിത്വം സാർഥകമാകുന്നത്.

അധ്യാപകരുടെ സാമൂഹിക ദൗത്യം

മലീമസമായ സാമൂഹിക അന്തരീക്ഷത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യാഥാർഥ്യ ബോധത്തോടെയും ഗുണകാംക്ഷയോടെയും അധ്യാപകസമൂഹം ദൗത്യനിർവഹണത്തിന് മുതിരാതിരുന്നാൽ അത് വലിയ ദുരന്തങ്ങൾക്ക് കാരണമാകും. ഈയിടെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഒരു പൊതുപരിപാടിയിൽ പങ്കുവെച്ച വേദന നമ്മുടെ സഹപ്രവർത്തകന്റെ മകനും ലഹരിക്ക് അടിമയായല്ലോ എന്നതാണ്. ലഹരി സമൂഹത്തെ കാർന്ന് തിന്നുന്ന കാലത്താണ് നാം ജീവിക്കുന്നത്. രാസലഹരിയിൽ ജീവിതം ഹോമിക്കപ്പെടുന്നവരുടെ ദുന്തങ്ങൾ ഉള്ളുപൊള്ളിക്കുന്നതാണ്. ലഹരി കേരളത്തിലേക്ക് നിർബാധം ഒഴുകിക്കൊണ്ടിരിക്കുന്നു, മാഫിയകൾ അഴിഞ്ഞാടുന്നു. നിസ്സംഗത നമ്മെ വരിഞ്ഞുമുറുക്കുന്നുണ്ടോ എന്ന് അധ്യാപകർ സ്വയമേ ചോദിക്കേണ്ടിയിരിക്കുന്നു. ഒരു തലമുറയെ വാർത്തെടുക്കുന്നവരും മരണംവരെ ‘ഗുരു’ എന്ന അംഗീകാരവും ബഹുമാനവും ഏറ്റുവാങ്ങുന്നവരുമാണ് അധ്യാപകർ. ജീവിതവഴിയിൽ വെളിച്ചം പകർന്ന് ഭാവിയെ കരുപ്പിടിപ്പിക്കും വിധം നയിച്ചവരോടുള്ള നന്ദിയും കടപ്പാടുമാണ് ആ നിസ്വാർഥ സ്‌നേഹത്തിന് നിദാനം. അതിന് കളങ്കമേൽക്കും വിധം അധ്യാപക സമൂഹത്തിൽനിന്നും ഒന്നുമുണ്ടായിക്കൂടാ.

ലഹരിമാഫിയകൾ കുരുന്നുകളെ നശിപ്പിക്കാൻ വിദ്യാലയ പരിസരങ്ങളിൽ പതിയിരിക്കുമ്പോൾ അവർക്ക് ചിറകുവിരിച്ച് സംരക്ഷണമൊരുക്കേണ്ടത് അധ്യാപകരാണ്. രക്ഷിതാവിന്റെ റോളിൽ സ്വന്തം കുഞ്ഞുങ്ങളെന്നപോലെ അവരെ സംരക്ഷിക്കാൻ സന്മനസ്സു വേണം. ഈ ദൗത്യനിർവഹണത്തിൽ നിതാന്ത ജാഗ്രത പാലിക്കാനും കർശന നടപടികൾ സ്വീകരിക്കാനും അധ്യാപകർ പ്രതിജ്ഞാബദ്ധരാവണം. ഈ ജാഗ്രതയിൽ ഉണ്ടാവുന്ന ചെറിയ വീഴ്ചകൾ വലിയ ദുരന്തങ്ങളായി മാറുമെന്നതിന് തെളിവു കാണാൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചാൽ മാത്രം മതിയാവും. ഈ രംഗത്ത് പൊതുസമൂഹവും സർക്കാരും നിയമപാലകരും കലവറയില്ലാത്ത പിന്തുണ് അധ്യാപകർക്കും വിദ്യാലയങ്ങൾക്കും നൽകേണ്ടതുണ്ട്.

ആനുകൂല്യങ്ങൾ അർഹർക്ക് ലഭിക്കണം

സ്‌കോളർഷിപ്പ്, സൗജന്യ യൂണിഫോം, യാത്രാ കൺസഷൻ എന്നിങ്ങളെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ അവർക്ക് ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ ബോധപൂർവമായ ഇടപെടൽ നടത്തണം. നല്ല കലാലയാന്തരീക്ഷവും അർഹമായ ആനുകൂല്യങ്ങളും നല്ലൊരു തലമുറയെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി അനിവാര്യമായും സമൂഹം ഉറപ്പ് വരുത്തേണ്ടതാണ്. വിദ്യാർഥികൾ ശത്രുക്കളാണെന്ന് തോന്നും വിധം കൺസഷൻ ചർച്ചകൾ പോകുന്നത് അഭികാമ്യമല്ല. മിക്ക വിദ്യാർഥികളും വിദ്യാലയങ്ങളിൽ പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി പോകുന്നവരാണ്. അതുകൊണ്ട് പ്രായോഗികമായ പരിഹാരമാണ് സർക്കാരും ബസ്സുടമകളും വിദ്യാർഥി പ്രതിനിധികളും ഉണ്ടാക്കേണ്ടത്. ഇടക്കിടക്ക് സമരങ്ങളും വെല്ലുവിളികളും ഉണ്ടാവുന്നത് വിദ്യാർഥികളുടെ പഠനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അത് തിരുത്തപ്പെടേണ്ടതാണ്.

സ്‌കോളർഷിപ്പുകൾ അർഹർക്ക് ലഭ്യമാക്കാനും അത് ലാപ്‌സായിപ്പോകാതിരിക്കാനും അധ്യാപകരും സ്ഥാപന അധികാരികളും ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് ലഭിക്കേണ്ട സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാതെ അവരുടെ വിദ്യാഭ്യാസത്തിൽ പ്രയാസങ്ങൾ ഉണ്ടായിക്കൂടാ.

കുട്ടികൾ സ്വയംപര്യാപ്തരാകട്ടെ

വേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറന്നുകഴിഞ്ഞു. രാവിലത്തെ ഓട്ടപ്പാച്ചിലും വൈകുന്നേരത്തെ കളികളും പഠനവും ബഹളവുമെല്ലാം ഇനി വീടകങ്ങളിൽ നിറഞ്ഞുനിൽക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ തിരക്കിട്ട ദിനങ്ങൾ. ചെറിയ ചില ക്രമീകരണങ്ങൾ നേരത്തെ തന്നെ ഏർപ്പെടുത്തിയാൽ എല്ലാവർക്കും എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാനും ദിനേനയുണ്ടാകാറുള്ള പ്രയാസങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനും സാധിക്കും.

വളരെ പ്രധാനപ്പെട്ടത് കുട്ടികളെ സ്വയം പര്യാപ്തരാക്കുക എന്നതാണ്. മനുഷ്യർ പൊതുവെ മടിയന്മാരാണ്. തന്റെ കാര്യങ്ങൾ മറ്റാരെങ്കിലും ചെയ്തുതന്നാൽ വലിയ സന്തോഷം. അത് മുതലെടുക്കുന്നവരും ഉണ്ട്. നമ്മുടെ മക്കളെ അത്തരം മടിയന്മാരാക്കാൻ പാടില്ല. അവർക്ക് കഴിയാവുന്ന കാര്യങ്ങളെല്ലാം സ്വയം ചെയ്യട്ടെ. നമ്മുടെ സഹായവും പിന്തുണയും ആവശ്യമുള്ളിടത്ത് അവ നൽകുകയും വേണം. എന്നാൽ ഷൂ ലെയ്സ് കെട്ടിക്കൊടുക്കുന്നതും പുസ്തകങ്ങൾ അടുക്കി വെക്കുന്നതും അടക്കം ആർക്കും ചെയ്യാവുന്ന അക്കാര്യങ്ങൾവരെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമെന്നോണം രക്ഷിതാക്കൾ ചെയ്തുകൊടുക്കുന്ന രീതി ശരിയല്ല. അത് അവരെ നിഷ്‌ക്രിയരാക്കാൻ മാത്രമെ സഹായിക്കൂ.

രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെ അവർക്ക് കൃത്യമായ ടൈം ടേബിൾ ഉണ്ടാവണം#േ അത് രക്ഷിതാക്കൾ ഉണ്ടാക്കി മക്കളിൽ അടിച്ചേൽപിക്കേണ്ടതല്ല, മറിച്ച് രക്ഷിതാക്കളും മക്കളും ഒരുമിച്ചിരുന്ന് പരസ്പരം ചർച്ച ചെയ്ത് തീരുമാനമാക്കേണ്ടതാണ്. മക്കളെ ഒരുമിച്ചിരുത്തി ഓരോരുത്തർക്കും സാധിക്കുന്ന ഒരു ടൈം ടേബിൾ ഉണ്ടാക്കാൻ നിർദേശിക്കുന്നത് നല്ലതാണ്. അത് എല്ലാവർക്കും ഈ മാനസികാവസ്ഥയിലേക്ക് മാറാൻ പ്രചോദനമേകും. മുതിർന്ന കുട്ടികൾ അവരുടെ പ്ലാൻ പറയുമ്പോൾ താഴെയുള്ളവരും ആ മനസികാവസ്ഥയിലേക്കും അത്തരം ക്രമീകരണങ്ങളിലേക്കും എത്തും. പ്രായക്കുറവുള്ളവർക്ക് അതിനനുസരിയിച്ചുള്ള സാവകാശം എന്തായാലും നൽകേണ്ടി വരും. എന്നാൽ ആരും അതിൽനിന്നും ഒഴിവ് നൽകപ്പെട്ടവരല്ലെന്നും എല്ലാവരും പരസ്പരം ഓർമപ്പെടുത്തിയും സഹകരിച്ചും മുന്നോട്ട് പോകണം എന്നും ബോധ്യപ്പെടുത്തണം.

ഈ ടൈം ടേബിളിൽ രാവിലെ എഴുന്നേൽക്കേണ്ട സമയം, പ്രാഥമിക കർമങ്ങൾ, നമസ്‌കാരം, കുളി, പ്രാതൽ, സ്‌കൂളിലേക്ക് പോകേണ്ട സമയം, തിരിച്ചെത്തുന്ന സമയം, ഭക്ഷണം, കളി, ക്വുർആൻ പാരായണം, മതപഠനം, സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾ, ഉറക്കം തുടങ്ങി നിത്യേന ചെയ്യേണ്ട കാര്യങ്ങളെല്ലാം ഉൾകൊള്ളിക്കണം. അതോടൊപ്പം വീട്ടിൽ അവർ ചെയ്യേണ്ട ചെറിയ ഉത്തരവാദിത്തങ്ങൾ (വളർത്തുമൃഗ പരിപാലനം, ക്ലീനിങ്, അടുക്കളയിൽ ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ, ചെറിയ ഷോപ്പിംഗ് പോലുള്ളവ) അവരുടെ ടൈം ടേബിളിന്റെ ഭാഗമായി വരേണ്ടതുണ്ട്. എന്നും കാണാവുന്ന ഇടങ്ങളിൽ ഈ ടൈം ടേബിൾ പ്രദർശിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ അതിന്റെ അവലോകനവും അനിവാര്യമായ മാറ്റങ്ങളുമൊക്കെയാവാം. ആരാധനയും പഠനവും വിനോദവും ഭക്ഷണവും ഉറക്കവുമെല്ലാം കൃത്യമായി നടക്കാൻ ഈ ക്രമീകരണം അവസരമൊരുക്കും.

അവരുടെ വസ്ത്രം, കളിക്കോപ്പുകൾ, ബെഡ്, പാഠപുസ്തകങ്ങൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ കൃത്യമായി ഉപയോഗിക്കാനും പരിപാലിക്കാനും നമ്മൾ പരിശീലിപ്പിക്കണം. അത് അവരിൽ ഉത്തരവാദിത്തബോധവും അടുക്കും ചിട്ടയും ഉണ്ടാക്കാൻ സഹായിക്കും. മറ്റുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ എപ്പോഴും നമ്മൾ ചെയ്തുകൊടുക്കുന്നത് ഒരിക്കലും ശരിയല്ല, ഓർമപ്പെടുത്തലും ആവശ്യമായ സഹായങ്ങളും മാത്രമെ ഉണ്ടാകാവൂ. മറിച്ചാണെങ്കിൽ അത് അവരിലെ ഉത്തരവാദിത്തബോധം നഷ്ടപ്പെടുത്തുവാനേ കാരണമാവൂ; കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും ശരി.

പത്താം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് അവരുടെ ചെലവിനുള്ള വരുമാനം കണ്ടെത്താൻ ഹലാലായ സമ്പാദ്യമാർഗം കണ്ടെത്തുവാൻ സഹായിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാൻ സാധിക്കുമെങ്കിൽ നല്ലതാണ്. എന്നാൽ അതിന് നിർബന്ധിക്കുന്നത് ശരിയല്ല.

കുട്ടികൾ അവരവരുടെ കാര്യങ്ങൾ പരമാവധി ചെയ്താൽ രക്ഷിതാക്കളുടെ ജോലി ഭാരം കുറയും. കൃത്യമായ പ്ലാനിങ് ഉള്ള ഒരാൾക്ക് അനാവശ്യങ്ങളുടെ പുറകെ പോകാനോ സമയം കളയാനോ സാധ്യമല്ല. ക്രിയാത്മകമായി മുന്നോട്ടു പോകാൻ അവർക്ക് സാധിക്കും.

മക്കൾക്ക് അവരുടെ സമയക്രമം പാലിക്കാനുള്ള സാഹചര്യം ഒരുക്കാനും അവരെ പരിഗണിക്കാനും രക്ഷിതാക്കൾ ശ്രദ്ധിക്കണം. അതിന് തടസ്സമാകും വിധമുള്ള ഇടപെടലുകൾ ഉണ്ടാകാതെ നോക്കണം.

ഒന്നും അടിച്ചേൽപിക്കാൻ ശ്രമിക്കരുത്. സ്‌നേഹമസൃണമായ ഉപദേശങ്ങളും ചർച്ചകളും വഴി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. സ്വയം ബോധ്യപ്പെടാത്ത ഒരു കാര്യം മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങി ചെയ്യുന്നുവെങ്കിൽ അത് കേവലം യാന്ത്രികമാവും, പ്രതിഫലനം ഒന്നുമില്ലാത്ത ചില പ്രകടനങ്ങൾ. മക്കളുമായി നല്ല ആശയവിനിമയം സാധ്യമാക്കണം. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഒന്നിച്ച് യാത്രയും കുടുംബ സന്ദർശനങ്ങളും നടത്തണം. പള്ളികൾ, മതാധ്യാപന സദസ്സുകൾ തുടങ്ങിയ ഇടങ്ങളിലെ സാന്നിധ്യം ഉറപ്പുവരുത്തണം. അതിനായി രക്ഷിതാക്കൾ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയാൽ മാത്രമെ പുതിയ തലമുറയെ തങ്ങൾക്കും സമൂഹത്തിനും അതിലുപരി അവർക്കുതന്നെയും ഉപകാരപ്പെടുന്നവരായി വളർത്താൻ സാധിക്കുകയുള്ളൂ. നമുക്ക് പരമാവധി പരിശ്രമിക്കാം, അതിലുപരി നാഥനോട് പ്രാർഥിക്കാം.