മുഹമ്മദ് ഹുസൈൻ ബട്ടാലവിയും മിർസയും പാളിപ്പോയ പ്രവചനവും

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 27)

കല്ലുവെച്ച നുണകൾ

1907ൽ പ്രസിദ്ധീകരിച്ച ഹഖീഖത്തുൽ വഹ്‌യിൽ, ലേഖ്‌റാമിന് ആറു വർഷത്തെ കാലാവധി നൽകിയിരുന്നുവെന്നും അവൻ വധിക്കപ്പെടുമെന്നും അത് പെരുന്നാൾ പിറ്റേന്ന് ശനിയാഴ്ചയായിരിക്കുമെന്നും വരെ താൻ മുൻകൂട്ടി പറഞ്ഞിരുന്നുവെന്ന് മിർസ അവകാശപ്പെടുന്നുണ്ട്. (പേജ് 282).

ഇതൊന്നും പക്ഷേ, ലേഖ്‌റാമിന്റെ മരണത്തിനു മുമ്പ് മിർസാ ഖാദിയാനി എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അവസാനകാലത്ത് എഴുതിയ ചശ്മയെ മഅ്‌രിഫത്തിൽ പറയുന്നു: “ലേഖ്‌റാം ദുർഭാഷണം കൊണ്ട് മതിയാക്കാതെ തന്റെ മരണം പ്രവചിക്കാൻ എന്നോടാവശ്യപ്പെട്ടു. അവന്റെ തുടരെത്തുടരെയുള്ള നിർബന്ധം മൂലം അല്ലാഹുവിൽനിന്ന് ലഭിച്ച വിവരം ഞാൻ പ്രഖ്യാപിച്ചു; അവൻ ആറ് വർഷത്തിനുള്ളിൽ മരിച്ചുപോകുമെന്ന്. എന്നാൽ അതുകൊണ്ടും മതിയാക്കാതെ ഞാനുമായി ലിഖിത മുബാഹല നടത്തി. പക്ഷേ, അവൻ മുബാഹല നടത്തിയത്, അല്ലാഹുവിന്റെയടുത്ത് അവന്റെ മരണം നിർണയിച്ചു കഴിഞ്ഞ കാലത്തായിരുന്നു’’ (പേജ് അലിഫ്).

ഈ വാക്യത്തിൽനിന്ന് മനസ്സിലാവുക, പ്രവചനം ആദ്യവും മുബാഹല ശേഷവും നടന്നു എന്നാണല്ലോ. യഥാർഥത്തിൽ സംഭവിച്ചതോ?

1886, മിർസ ലേഖ്‌റാമിനെ മുബാഹലക്ക് വെല്ലുവിളിച്ചു.

1888, ലേഖ്‌റാം വെല്ലുവിളി സ്വീകരിച്ച് മുബാഹലാ പ്രാർഥന രേഖപ്പെടുത്തി.

1899, ഒരുവർഷത്തെ കാലാവധി അവസാനിച്ചു.

1893, മിർസ ലേഖ്‌റാമിനെക്കുറിച്ച് പ്രവചനം നടത്തി (കാലാവധി 6 വർഷം).

1897 ലേഖ്‌റാം വധിക്കപ്പെട്ടു.

ലേഖ്‌റാം മരിച്ചത് മുബാഹലയുടെ ഫലമായോ പ്രവചന സാക്ഷാത്കാരമോ എന്ന് വിശ്വാസികൾ അന്വേഷിക്കുക.

മൂന്നു പ്രവചനങ്ങൾ

ഹഖീഖതുൽ വഹ്‌യിൽ നിന്ന്: “ഏതൊക്കെ പ്രവചനങ്ങളിൽനിന്നാണ് അവൻ വധിക്കപ്പെടുമെന്ന് തെളിയുക? അറിഞ്ഞുകൊള്ളുക, അവ മൂന്നാകുന്നു. ഒന്ന്: ബർകാതു ദുആയിൽ, അയാൾ ജീവിച്ചിരിക്കുമ്പോൾ തന്നെ പ്രസിദ്ധീകരിച്ച പ്രവചനത്തിൽ വധിക്കപ്പെടുമെന്ന് സുതരാം വ്യക്തമാകുന്നു. ഇജ്‌ലുൻ ജസദുൻ.... അതായത് ലേഖ്‌റാം സാമിരിയുടെ ജീവനില്ലാത്ത പശുക്കുട്ടിയാകുന്നു. ഒരു ശബ്ദം മാത്രമെ അതിലുള്ളൂ; ആത്മാവില്ല. സാമിരിക്ക് നൽകിയ ശിക്ഷതന്നെ അവനും ലഭിക്കും. സാമിരിയുടെ പശുക്കുട്ടിയെ അടിച്ചുനുറുക്കി കത്തിച്ചശേഷം പുഴയിലൊഴുക്കിയെന്ന് എല്ലാവർക്കുമറിയാം. ഇത്ര വ്യക്തമായി ലേഖ്‌റാമിന്റെ വധം മുൻകൂട്ടി പറഞ്ഞിട്ടുണ്ട്’’(പേജ് 284).

ആയീനയേ കമാലാതെ ഇസ്‌ലാം എന്ന കൃതിയിൽ ‘ഇജ്‌ലുൻ...’ എന്നു തുടങ്ങുന്ന വചനത്തിന്റെ അർഥം മിർസതന്നെ വിവരിച്ചിട്ടുണ്ട്. അവിടെ സാമിരിയെ പറയുന്നേയില്ല. ലേഖ്‌റാം മരിച്ചശേഷം, വഹ് യിന്റെ അർഥത്തിൽ സാമിരി കടന്നുവന്നിരിക്കുന്നു! വധത്തെക്കുറിച്ച് നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് കാണിക്കാനാണ് സാമിരിയെ കൂട്ടുപിടിച്ചത്.

ലേഖ്‌റാമിന്റെ വധത്തെക്കുറിച്ചുള്ള രണ്ടാമത്തെ പ്രവചനം ഒരു ജാഗ്രദ് ദർശനമാണ് (കശ്ഫ്). ബർകാതുദ്ദുആയുടെ അടിക്കുറിപ്പിൽ അത് വിവരിച്ചിട്ടുണ്ട്. “1893 ഏപ്രിൽ 2ന് അതിശക്തനും ഭീകരരൂപിയും മുഖത്തുനിന്ന് രക്തം ഇറ്റുന്നവനുമായ മലക്കിനെപ്പോലെ ഒരാൾ ലേഖ്‌റാം എവിടെ എന്നും വേറൊരാളുടെ പേര് പറഞ്ഞു അയാളെവിടെ എന്നും ചോദിച്ചു. അപ്പോൾ ഞാൻ മനസ്സിലാക്കി, ഇയാൾ ലേഖ്‌റാമിനെയും മറ്റെയാളെയും ശിക്ഷിക്കാൻ നിയുക്തനായവനാണ് എന്ന്’’ (അതേ പുസ്തകം).

ഇവിടെയും ലേഖ്‌റാമിന്റെ മരണമല്ല, അയാളെ ശിക്ഷിക്കാനായി മലക്ക് വന്ന കാര്യമാണ് പറയുന്നത്.

നേരത്തെ പ്രസിദ്ധീകരിച്ച പേർഷ്യൻ കവിതയിലെ വരിയാണ് മൂന്നാമത്തെത്. തദ്കിറയിൽ പ്രസ്തുത വരി മാത്രം വഹ്‌യായി ചേർത്തിട്ടുണ്ട്: “അല്ലയോ വിവരം കെട്ട, വഴിപിഴച്ച ശത്രൂ, നീ മുഹമ്മദിന്റെ വാളുകൊണ്ട് തുണ്ടം തുണ്ടമാക്കപ്പെടും്’’(പേജ് 185).

കവിതയുടെ അർഥം വിവരിച്ചത്, ‘അല്ലയോ ലേഖ്‌റാം’ എന്ന സംബോധനയോടെയാണ്. കവിതയിലെ ഏതു വാക്കിനാണ് പുതുതായി ഈ അർഥം ലഭിച്ചതെന്നറിയില്ല. നേരത്തെ പല പുസ്തകങ്ങളിലും ഈ വരികൾ പകർത്തിയെഴുതിയപ്പോഴൊന്നും ഈ അർഥം ലഭിച്ചിരുന്നില്ല. ‘അലാ, ഏ ദുശ്മനേ നാദാനോ ബേറാഹ്’ എന്നതിനാണ് ‘അല്ലയോ ലേഖ്‌റാം’ എ അർഥം പറഞ്ഞിരിക്കുന്നത്.

ഈ മൂന്നു പ്രവചനങ്ങളും പ്രസിദ്ധീകരിച്ചപ്പോൾ ലേഖ്‌റാം മരിക്കുമെന്ന് എവിടെയും പറഞ്ഞിരുന്നില്ല. അത് തെളിയിക്കാൻ ഒരു ഖാദിയാനിക്കും സാധ്യവുമല്ല.

ദൈവസ്പർശമുള്ള അസ്വാഭാവിക ശിക്ഷകൊണ്ട് മരണം ഉദ്ദേശിച്ചിരുന്നെങ്കിൽ പ്രവചനം പുലർന്നശേഷം ഇസ്‌ലാം സ്വീകരിക്കാൻ ലേഖ്‌റാം ബാക്കിയുണ്ടാകുമോ?

പൊലീസ് റെയ്ഡ്

ലേഖ്‌റാമിന്റെ മരണത്തിന് പിന്നിൽ മിർസായുടെ പ്രവചനമല്ല; കൈകളാണെന്ന് പൊലീസ് സംശയിച്ചു. മിർസാ ബഷീർ അഹ്‌മദ് സീറത്തുൽ മഹ്ദിയിൽ വിവരിക്കുന്നു: “1897 ഏപ്രിൽ 8ന് മസീഹിന്റെ വീടും മറ്റ് സ്ഥാപനങ്ങളും റെയ്ഡ് ചെയ്ത് ചില കത്തുകൾ കണ്ടെടുത്തു. ലേഖ്‌റാമിനെ കൊന്നതിന് അഭിനന്ദനമറിയിച്ചുകൊണ്ട് ഒരു അഹ്‌മദി കത്തെഴുതിയിരൂന്നു. സംഘത്തലവൻ ചോദ്യം ചെയ്തപ്പോൾ ഇതുപോലത്തെ കത്തുകൾ ഒരു സഞ്ചി നിറയെ ഉണ്ടെന്നായിരുന്നു മറുപടി. തുടർന്ന് അദ്ദേഹത്തെയും ചില അനുയായികളെയും ചോദ്യം ചെയ്തു’’ (രിവായത്ത് നമ്പർ 243).

വേണ്ടത്ര തെളിവുകൾ ലഭിക്കാത്തതിനാലോ എന്തോ കേസിന് തുമ്പില്ലാതെപോയി. അതേസമയം ഈ കൊലപാതകത്തിന് മുസ്‌ലിം സമൂഹം വലിയ വില നൽകേണ്ടിവന്നു.

“ലേഖ്‌റാം വധിക്കപ്പെട്ടത് മാർച്ച് 6നായിരുന്നു. അടുത്ത ദിവസം ആര്യസമാജക്കാർ രാജ്യത്ത് ശക്തമായ കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചു. നിരവധി മുസ്‌ലിം കുട്ടികൾ അറുകൊല ചെയ്യപ്പെട്ടു. ഹ്രസത്ത് സാഹിബിനെതിരെയും വധഗൂഢാലോചന നടന്നു’’ (അതേ പുസ്തകം).

ഖാദിയാനി പ്രവാചകന്റെ മകൻ ഖലീഫയിൽനിന്ന് വ്യത്യസ്തമായി മിർസാ ബഷീർ അഹ്‌മദ് ചില അപ്രിയ സത്യങ്ങൾ സീറത്തുൽ മഹ്ദിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ‘പ്രവാചക’നെ തിരിച്ചറിയാനും അദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലാക്കാനും പര്യാപ്തമാണ്.

മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി

മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി ഇസ്‌ലാമിന്റെ സംരക്ഷകനായി ചമഞ്ഞ് ‘ബറാഹീനെ അഹ്‌മദിയ്യ’ ഒന്നാം വാല്യം പ്രസിദ്ധീകരിച്ചപ്പോൾ അതിന് റിവ്യൂ എഴുതുകയും കുറെ പണം സ്വരൂപിച്ചു കൊടുക്കുകയും ചെയ്ത അഹ്‌ലെ ഹദീസ് പണ്ഡിതനായിരുന്നു മുഹമ്മദ് ഹുസൈൻ ബട്ടാലവി. പക്ഷേ, പിന്നീട് പുറത്തിറങ്ങിയ ഖാദിയാനീ ഗ്രന്ഥങ്ങളിൽനിന്ന് മിർസായുടെ യഥാർഥ രോഗത്തെപ്പറ്റി ബോധവാനാവുകയും കടുത്ത വിമർശകനാവുകയും ചെയ്തു അദ്ദേഹം.

ഖാദിയാനി മതം സ്വീകരിക്കും!

മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി തന്റെ അനുയായി ആകുമെന്നായിരുന്നു ഖാദിയാനി പ്രവാചകന്റെ ആദ്യത്തെ പ്രവചനം.

“ശെയ്ഖ് മുഹമ്മദ് ഹുസൈൻ ബട്ടാലവി തന്റെ ദുർമാർഗത്തിൽനിന്ന് തിരിച്ചുവരും. പിന്നീട് അല്ലാഹു അവന്റെ കണ്ണുകൾ തുറക്കും. അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണല്ലോ. ഇത് പോലെ മൂന്നുതവണ അദ്ദേഹത്തെക്കുറിച്ച് എനിക്ക് ഇൽഹാം ലഭിച്ചിട്ടുണ്ട്’’ (പേജ് 247).

‘ഇഅ്ജാസെ അഹ്‌മദി’ എന്ന കൃതിയിലെ ഒരു അറബി കവിതയുടെ ആശയം ഇങ്ങനെയാണ്: “അയാളുടെ വിശ്വാസത്തെപ്പറ്റി എന്റെ പ്രതീക്ഷ നശിച്ചിട്ടില്ല. കാരണം അല്ലാഹു എന്നോട് പറഞ്ഞു: ‘ഹേ മിർസാ, അല്ലാഹു നിന്റെ സ്‌നേഹിതൻ മുഹമ്മദ് ഹുസൈന്റെ വിധി നിനക്ക് വെളിപ്പെടുത്തിത്തരും. വിധിന്യായ ദിനത്തിൽ അവനെ ഞാൻ വിസ്മരിക്കുകയില്ല. എന്റെ കരങ്ങളാൽ അവർ പുനർജനിക്കും. അവന്റെ പാപങ്ങൾ പൊറുക്കപ്പെടും. ഭക്തിയുടെയൂം വിശുദ്ധിയുടെയും പാനപാത്രം അവന് നൽകപ്പെടും. മന്ദമാരുതന്റെ സൗരഭ്യശീതളമായ തഴുകലേറ്റ് അവൻ സുരഭിലമാകും. എന്റെ സ്രഷ്ടാവിന്റെ വചനങ്ങൾ സത്യമാകുന്നു. നിങ്ങളിൽ ജീവിച്ചിരിപ്പുള്ളവർ ഈ വാക്കുകൾ പുലരുന്നതു കാണും’’ (പേജ് 50-51).

1897ലായിരുന്നു ഈ പ്രവചനം. തദ്കിറയിലെ അടിക്കുറിപ്പിൽ ഇങ്ങനെ വായിക്കാം: “വാഗ്ദത്ത മസീഹ് പറഞ്ഞു: ‘യഥാർഥത്തിൽ, മുഹമ്മദ് ഹുസൈൻ വിനയാന്വിതനായിരുന്നു. പക്ഷേ, ഉള്ളിൽ ഒരുതരം സ്വാർഥതയുള്ളതായി കാണാൻ കഴിഞ്ഞു. അതിനാൽ അല്ലാഹു അവനെ ഈ രീതിയിൽ ശുദ്ധീകരിക്കാൻ ആഗ്രഹിച്ചു. ബറാഹീനിൽ ഒരു ഇൽഹാം ഉണ്ട്. അതിൽ ഫിർഔൻ എന്നാണ് അദ്ദേഹത്തിന് പേര് നൽകിയത്. അതുകൊണ്ട് അദ്ദേഹം അവസാനം പറയേണ്ടത് ‘ഇസ്രായേൽ സന്തതികൾ വിശ്വസിച്ചതിൽ ഞാൻ വിശ്വസിച്ചു’ എന്നാണ്.’’

എന്താണ് ഈ അന്തിമ സന്തോഷം അവനു വിധിച്ചിരിക്കുന്നതെന്ന് മസീഹിനോട് ചോദിച്ചു. ‘അല്ലാഹുവിന് മാത്രമേ അറിയൂ. പക്ഷേ, അയാൾ ആത്മാർഥമായി ബറാഹിനെ അഹ്‌മദിയ്യക്ക് അവലോകനം എഴുതി:

“ഒരിക്കൽ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. അനുഗ്രഹത്തിന് വേണ്ടിയായിരുന്നു അത്. എന്റെ ചെരിപ്പ് തുടച്ചുവയ്ക്കുകയും വുദൂഅ് ചെയ്തുതരികയും ചെയ്തിരുന്നു. ഖാദിയാനിൽ വന്ന് താമസിക്കണമെന്ന് അദ്ദേഹം പലതവണ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോൾ സമയമായിട്ടില്ലെന്ന് ഞാൻ പറഞ്ഞു. ഈ ആത്മാർഥതയ്ക്ക് പകരമായി അല്ലാഹു അവന്റെ അന്ത്യം നല്ലതാക്കിയതിൽ അത്ഭുതമുണ്ടോ?’’ (പേജ് 248).

പക്ഷേ, മൗലവി ബട്ടാലവി മിർസയെ വിശ്വസിച്ചില്ലെന്ന് മാത്രമല്ല തന്റെ പ്രസംഗങ്ങളിലും പ്രസിദ്ധീകരണങ്ങളിലും ഖാദിയാനീ മതത്തെ നിശിതമായി വിമർശിക്കുകയും മിർസ കള്ളവാദിയായ ദജ്ജാലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മിർസാ ഗുലാം പതിവുപോലെ ബട്ടാലവിയുടെ തീയതി പ്രഖ്യാപിച്ചു.

മുബാഹലക്ക് തയ്യാറാവുക

തദ്കിറയിൽ നിന്ന്: “1898 നവംബർ 21: ശെയ്ഖ് മുഹമ്മദ് ഹുസൈൻ സാഹിബ് ബട്ടാലവി ഈ വിനീതനെ നിന്ദിക്കാനും അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമുള്ള ഒരവസരവും പാഴാക്കിയില്ല. എന്റെ ചില സുഹൃത്തുക്കൾ ശെയ്ഖ് സാഹിബിനോട് വളരെ സൗമ്യമായും മാന്യമായും പ്രശ്‌നം മുബാഹല ചെയ്തു തീർക്കണമെന്ന് അഭ്യർഥിച്ചു. തർക്കം ഒരു തരത്തിലും തീർപ്പാക്കാൻ പറ്റാതെ വരുമ്പോൾ, അവസാനത്തെ രീതി ദൈവത്തിന്റെ തീരുമാനം തേടലാണ്, അതിനെ മുബാഹല എന്ന് വിളിക്കുന്നു. അതിന് ഒരു വർഷമാണ് കാലാവധി. എന്നാൽ മുഹമ്മദ് ഹുസൈൻ ബട്ടാലവി നല്ല മനസ്സോടെ മുബാഹലക്ക് തയ്യാറാകാതെ, മുഹമ്മദ് ബക്ഷ് ജഅ്ഫർ സട്‌ലിയുടെയും അബുൽ ഹസൻ ടിബറ്റിയുടെയും പേരിൽ വൃത്തികെട്ടതും അധിക്ഷേപകരവുമായ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. ആ പരസ്യം എന്റെ മുന്നിൽ വയ്ക്കുന്നു, അല്ലാഹു ഞാനും മുഹമ്മദ് ഹുസൈനും തമ്മിലുള്ള പ്രശ്‌നം തീരുമാനിക്കട്ടെ. അല്ലാഹുവിനോട് ഞാൻ പ്രാർഥിച്ചു: ‘സർവശക്തനായ നാഥാ, മുഹമ്മദ് ഹുസൈൻ ബട്ടാലവി തന്റെ ഇശാഅത്തുസ്സുന്ന മാസികയിൽ എന്നെ അസത്യവാദി, ദജ്ജാൽ, കറ്റുകെട്ടുന്നവൻ എന്ന് ആവർത്തിച്ച് വിളിക്കുന്നു. അദ്ദേഹവും ജാഫർ സട്‌ലിയും അബുൽ ഹസൻ ടിബറ്റിയും 1898 നവംബർ 10ന് പ്രസിദ്ധീകരിച്ച പരസ്യത്തിൽ എന്നെ നിന്ദിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. നിന്റെ ദൃഷ്ടിയിൽ ഞാൻ നിന്ദ്യനും നുണയനും കറ്റുകെട്ടുന്നവനുമാണെങ്കിൽ നാഥാ! ഡിസംബർ 15മുതൽ ജനുവരി 15വരെ 13 മാസത്തിനുള്ളിൽ എന്നെ നിന്ദ്യനാക്കുകയും അവരുടെ അന്തസ്സും മാന്യതയും വർധിപ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങളുടെ കലഹത്തിന് തീരുമാനം ഉണ്ടാക്കണേ! മറിച്ച് നിന്റെ അടുത്ത് എനിക്ക് വല്ല മാന്യതയും ഉണ്ടെങ്കിൽ വിനീതമായി ഞാൻ പ്രാർഥിക്കുന്നു: അനുഗ്രഹദാതാവായ എന്റെ നാഥാ, ഈ 13 മാസങ്ങൾക്കകം, എന്റെ മാനം കെടുത്താനായി ഈ പരസ്യം പ്രസിദ്ധീകരിച്ച മൂന്നുപേരെയും ലോകർക്ക് മുമ്പിൽ അപമാനിതരും അപഹാസ്യരും ആക്കേണമേ! നിന്റെ ദൃഷ്ടിയിൽ ഇവർ സത്യസന്ധരും ഭക്തരും പരിത്യാഗികളും, ഞാൻ നുണയനും കള്ളം ചമയ്ക്കുന്നവനും ആണെങ്കിൽ ഈ പതിമൂന്ന് മാസങ്ങളിൽ എന്നെ മാനംകെടുത്തി നശിപ്പിച്ചു കളയുക. മറിച്ച് നിന്റെ അടുത്ത് എനിക്ക് അന്തസ്സും ബഹുമാനവും ഉണ്ടെങ്കിൽ, ഈ മൂന്നുപേരെയും നീ അപമാനിതരും അപഹാസ്യരുമാക്കി എന്നതിന്റെ അടയാളം കാണിക്കുക. ആമീൻ.’ ഇതായിരുന്നു ഞാൻ നടത്തിയ പ്രാർഥന. ഇതിന് മറുപടിയായി, ‘പീഡകനെ ഞാൻ അപമാനിക്കുകയും നിന്ദിക്കുകയും ചെയ്യും. അവൻ സ്വന്തം കൈ വെട്ടും’ എന്ന് ഇൽഹാം അവതരിച്ചു. ‘കൈ വെട്ടുക’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, അക്രമി നിയമവിരുദ്ധമായ എഴുത്തിന് ഉപയോഗിച്ച കൈകൾ സ്വയം ദുഃഖത്തിന് നിമിത്തമാവുകയും ഈ കൈകൾ എന്തിന് ഇത് ചെയ്തു എന്ന് ഖേദിക്കുകയും ചെയ്യും എന്നാണ്’’(പേജ് 269-270).

“തുടർന്ന് അറബിയിൽ 13 സൂക്തങ്ങളുള്ള വഹ്‌യ് അവതരിച്ചു. അതിന്റെ ആശയം ഇപ്രകാരമായിരുന്നു: ‘ഈ രണ്ടു കക്ഷികളും, അതായത് വിനീതനും മറ്റു മൂന്നുപേരും രണ്ടു പക്ഷത്തായി അല്ലാഹുവിന്റെ വിധിക്ക് കീഴിലാണ് നിൽക്കുന്നത്. കളവ് പറയുന്നവർ നിന്ദിക്കപ്പെടും. ഇൽഹാമനുസരിച്ചുള്ള ഈ ദിവ്യവിധി നിഷേധികൾക്ക് അടയാളമായിരിക്കും. സത്യവാനെ നിന്ദിക്കാനായി കള്ളം ചമയ്ക്കുന്നവർ അല്ലാഹുവിനാൽ നിന്ദിക്കപ്പെടും. അതോടെ സന്മാർഗത്തിലേക്കുള്ള പാത തുറക്കും... 15.12.1898 മുതൽ പതിമൂന്ന് മാസത്തെ അവധിയുണ്ട്. 14.12.1899 വരെ പശ്ചാത്താപത്തിന്റെയും തിരിച്ചുവരവിന്റെയും കാലാവധിയാണ്’’(പേജ് 271).

കോടതിയിൽ

തന്റെ പ്രവചനം പുലരാൻ വേണ്ട ചില കൈക്രിയകളൊക്കെ മിർസാ ഖാദിയാനി ചെയ്തിരുന്നു. ‘പഠിപ്പിച്ചുവിട്ട പാമ്പും’ ‘ആയുധധാരികളായ മലക്കുകളും’ ഓർമയിലുണ്ടല്ലോ. ഈയാവശ്യാർഥം കലാപരഹിതമായ മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് അദ്ദേഹത്തിന്റെ മതം. മിർസായുടെ മരണ പ്രവചനങ്ങൾക്ക് പാത്രമാവുന്നവർ അസ്വസ്ഥരാവുക സ്വഭാവികമാണ്. പണ്ഡിറ്റ് ലേഖ്‌റാമിന്റെ കാര്യത്തിലാവട്ടെ മിർസായുടെ തന്ത്രം ഫലിച്ചതുമാണ്. ബട്ടാലവി ആയുധം കൈവശം വെക്കാനുള്ള അനുവാദത്തിനും പോലീസ് സംരക്ഷണത്തിനും വേണ്ടി ഗുർദാസ്പൂർ ജില്ലാ കോടതിയിൽ കേസ് ഫയൽ ചെയ്തു. ജില്ലാമജിസ്‌ട്രേറ്റ് ജെ.എം. ഡോവി സാഹെബ് ബഹാദൂർ, മിർസാക്ക് ഷോകോസ് നോട്ടീസയച്ചു. തന്റെ പ്രവചനം കൊല്ലാനുള്ളതല്ലെന്നും നിന്ദ്യമായി മരണപ്പെടുമെന്നാണെന്നും അദ്ദേഹം ബോധിപ്പിച്ചു.

എന്നാൽ, ‘മറ്റുള്ളവർ മരിക്കുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ മേലിൽ പ്രസിദ്ധീകരിക്കുകയില്ല, മൗലവിയെ കള്ളനെന്നും ബത്വാലവിയെന്നും വിളിക്കില്ല’ എന്ന് കോടതി മിർസായോട് കരാർ ഒപ്പിട്ടു വാങ്ങി. മിർസായെ കാഫിറെന്നും ദജ്ജാലെന്നും കാദിയാനിയെന്നും പറയരുതെന്ന് ബട്ടാലവിക്കും നിർദേശം നൽകി.

ബട്ടാല സ്വദേശിയായ മൗലവി മുഹമ്മദ് ഹുസൈനെ ഖാദിയാനി കൃതികളിൽ നിരവധി തവണ ‘ബത്വാലവി’ എന്ന് വിളിച്ചതായി കാണാൻ കഴിയും; കുട്ടികൾ വഴക്കിടുമ്പോൾ പരസ്പരം വിളിക്കുന്നത് പോലെ!

പ്രവചന കാലാവധി കഴിഞ്ഞു. മൗലവി ബട്ടാലവിയും കൂട്ടുകാരും മരിച്ചില്ല. ഖാദിയാനി പതിവുപോലെ ചില ന്യായങ്ങൾ നിരത്തി. 17.12.1899 ന് ചെയ്ത പരസ്യത്തിൽ സുദീർഘമായി ഉപന്യസിക്കുന്നു:

“എന്നെ കാഫിറെന്നും കള്ളവാദിയെന്നും ദജ്ജാലെന്നും പറയില്ലെന്ന് ബട്ടാലവി സാഹിബ് ജില്ലാ മജിസ്‌ട്രേറ്റ് ഡോവിയുടെ മുമ്പാകെ സത്യം ചെയ്തു. അതോടെ നബി തിരുമേനിയുടെ അധ്യാപനമനുസരിച്ച്, എനിക്കെതിരേ പ്രഖ്യാപിച്ച ‘കുഫ്‌റ് ഫത്‌വ’ ഏറ്റുവാങ്ങി സ്വയം കാഫിറായി നിന്ദ്യനായിത്തീർന്നു അദ്ദേഹം. എന്റെ പ്രവചനത്തിന്റെ വിവക്ഷ ഈ നിന്ദ്യതയായിരുന്നു’’ (മജ്മൂഎ ഇശ്തിഹാറാത്, വാല്യം 3, പേജ് 199-200).

പിൽക്കാലത്ത് വീണ്ടും, പുലരാത്ത പ്രവചനങ്ങൾ നടത്താനും കൂടുതൽ നിന്ദ്യനാവാനും വേണ്ടിയാവാം ‘എന്നെ കാലാവധിക്കുള്ളിൽ മരിപ്പിക്കേണമേ’ എന്ന പ്രാർഥനയും ഫലിച്ചില്ല. 1908 മേയ് 26ന് ഖാദിയാനീ പ്രവാചകൻ കോളറ ബാധിച്ച് മരിച്ചപ്പോൾ, ഇശാഅതുസ്സുന്നയിൽ ചരമക്കുറിപ്പ് എഴുതാൻ മുഹമ്മദ് ഹുസൈൻ ബട്ടാലവി ജീവിച്ചിരിപ്പുണ്ടായിരുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ്, 1920 ജനുവരി 29നാണ് മൗലവി ദിവംഗതനായത്.

മൗലവിയുടെ മരണം റിപ്പോർട്ട് ചെയ്ത ഖാദിയാനീ മുഖപത്രം അൽഹകം എഴുതി: “മസീഹിന്റെ ഇൽഹാമീ പ്രവചനമനുസരിച്ച് മൗലവി മുഹമ്മദ് ഹുസൈൻ ബട്ടാലവി നിന്ദ്യനായി മരണപ്പെട്ടിരിക്കുന്നു. മസീഹ് പ്രവചിച്ചു: ‘ഒരാളുടെ മരണത്തെപ്പറ്റി അല്ലാഹു വഹ്‌യ് അറിയിച്ചിരിക്കുന്നു: കൽബ് യമൂതു അലാ കൽബ്.’ ഒരു നായയുടെ (കൽബിന്റെ) തഹജ്ജീ എണ്ണമനുസരിച്ച് 52ാം വയസ്സിലേക്ക് പ്രവേശിക്കുന്നതോടെ മരണപ്പെടും. അവന്റെ പ്രായം ഒരിക്കലും 52ൽ കവിയില്ല. അപകാരം മുഹമ്മദ് ഹുസൈൻ 52ാം വയസ്സിൽത്തന്നെ മരിച്ചു’’ (13.2.1920). കൃത്യമായി അവധിവെച്ച് പേരെടുത്തു പറഞ്ഞ പ്രവചനം ബട്ടാലവിയെപ്പറ്റിയായിരുന്നില്ലെന്നാണ് ഈ പുതിയ വൃത്താന്തം വായിച്ചാൽ തോന്നുക.

(തുടരും)