ചില പ്രവചനങ്ങൾ

ഷാഹുൽ പാലക്കാട്

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

(ഇസ്‌ലാമിന്റെ തെളിവുകൾ ഫിലോസഫി എന്ത്‌ പറയുന്നു? - 04)

E20: ഉദ്ദേശ്യം

ഒരു വ്യക്തി തന്റെ ഉദ്ദേശ്യങ്ങൾക്ക് വേണ്ടി സ്വയമാണ് ഒരു ഗ്രന്ഥം രചിക്കുന്നതെങ്കിൽ മൂന്ന് കാര്യങ്ങൾ പ്രതീക്ഷിക്കാം:

1. തന്റെ വികാര വിക്ഷോഭങ്ങൾ അതിൽ പ്രകടമാകും.

2. തന്റെ അറിവിന്റെയും ബുദ്ധിയുടെയും പരിമിതി അതിനെ ബാധിക്കും.

3. തന്റെ ഭാഷ അതിൽ പ്രതിധ്വനിക്കും.

പ്രവാചകﷺന്റെ പ്രിയ പത്‌നിയും പിതാമഹനും മക്കളുമെല്ലാം മരിച്ച വേദനയേറിയ എത്രയോ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. പലായനങ്ങളുടെയും യുദ്ധങ്ങളുടെയും അധിക്ഷേപങ്ങളുടെയും സമയമുണ്ടായിട്ടുണ്ട്. എന്നാൽ ഈ വൈകാരികതകളെ ആ സമയത്ത് അവതരിച്ച ക്വുർആൻ സൂക്തങ്ങളിൽ കാണാൻ കഴിയുന്നില്ല. പ്രവാചകന്റെ വ്യക്തിപരമായ പരിമിതിയും ക്വുർആനിൽ കാണുന്നില്ല. വൈരുധ്യമില്ലാതെ പ്രപഞ്ചത്തെമുതൽ നൈതികതയെവരെ നിർവചിക്കാൻ കഴിഞ്ഞതിനാലാണ് ആയിരത്തി നാനൂറ് വർഷങ്ങൾക്ക് ഇപ്പുറവും പ്രായോഗിക ദർശനമായി ഇസ്‌ലാം നിലനിൽക്കുന്നത്. പ്രവാചകന്റെ ഭാഷാപരിമിതി ക്വുർആനിൽ പ്രകടമാകുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങൾ ഇല്ലെന്ന് തെളിയിക്കുന്നുണ്ട്.

Author Discrimination between the Holy Qur’an and Prophet’s Statements, Literary and Linguistic Computing എന്ന പഠനം പ്രവാചകാധ്യാപനങ്ങളിലെ ഭാഷയും ക്വുർആനിന്റെ ശൈലിയും വ്യത്യസ്തങ്ങ ളാണെന്ന് സ്ഥാപിക്കുന്നതാണ്

(Words composed of a single letter are much more frequently used in the Qur’an than in the Hadith. The Qur’an contains approximately twice the number of words with nine and ten letters than the Hadith. This fact shows that the Qur’anic vocabulary contains longer words than the Hadith, words longer than eight letters. - Most importantly, 62 percent of the words from the Hadith are not found in the Qur’an and 83 percent of the Qur’an’s words are not found in the Hadith).

ക്വുർആനിന്റെ ഭാഷ പ്രവാചകന്റെ ഭാഷാ ശൈലിയിൽനിന്നും വ്യത്യസ്തമാണെന്നും ആയതിനാൽ ഇവ രണ്ടും ഒരാളിൽനിന്നല്ലെന്നും ഇത് തെളിയിക്കുന്നു. ഈ പഠനമനുസരിച്ച് ക്വുർആനിക പ്രയോഗ ങ്ങളുടെ 83 ശതമാനം ഹദീസുകളിൽ ഇല്ലാത്തതാണ്. പ്രവാചക സൃഷ്ടിയല്ല ക്വുർആൻ എന്ന് ഇത് സമർഥിക്കുന്നു.

E21: റോമിന്റെ തിരിച്ചുവരവ്

ക്വുർആനിലെ മുപ്പതാം അധ്യായത്തിന്റെ പേര് അൽറൂം (al-rum) എന്നാണ്. അഥവാ റോം ആണ് പ്രധാന വിഷയം. അന്നത്തെ റോമൻ-പേർഷ്യൻ സാമ്രാജ്യങ്ങൾക്കിടയിൽ തുടർച്ചയായി നടന്നിരുന്ന യുദ്ധങ്ങളുടെ സാഹചര്യത്തിൽ നിന്നാണ് (Byzantine-Sassanid War series of 602-628) ഇതിലെ ആദ്യ വചനങ്ങൾ സംസാരിച്ച് തുടങ്ങുന്നത്. ആരംഭത്തിൽ എ.ഡി 613ൽ പേർഷ്യക്ക് മുന്നിൽ റോം പരാജിതരായി. പ്രധാനപ്പെട്ട പല സ്ഥലങ്ങളും പേർഷ്യൻ സൈന്യം പിടിച്ചെടുത്തു. (History of the Byzantine State, Ostrogorsky, pp. 100-101, and History of Persia, Sykes, vol. 1, pp. 483-484. Also see The New Encyclopaedia Britannica, Micropaedia vol. 4, p. 1036).

അബ്രഹാമിക് ഏകദൈവത്വത്തിൽ വിശ്വസിച്ചിരുന്ന റോമിന് മേൽ ബഹുദൈവത്വ വിശ്വാസികളായ പേർഷ്യയുടെ വിജയം രാഷ്ട്രീയമായി അറേബ്യയിലും പ്രതിഫലിച്ചു. ഏകദൈവവിശ്വാസികൾക്ക് മേൽ ബഹുദൈവ വിശ്വാസികളുടെ വിജയമായും അതിന്റെ പേരിൽ അബ്രഹാമിക പാരമ്പര്യമുള്ള ഇസ്‌ലാമിനെ പരിഹസിക്കാനും ഈ അവസരത്തെ ചിലർ ഉപയോഗിച്ചു. വരാൻ പോകുന്ന രാഷ്ട്രീയ അട്ടിമറിയെ സംബന്ധിച്ച കൃത്യമായ പ്രവചനംകൊണ്ടാണ് ഈ അവസ്ഥയോട് ക്വുർആൻ സംവദിച്ചത്. സൂറതുർ റൂമിലെ ആദ്യവചനങ്ങളിൽ ഇങ്ങനെ കാണാം:

“റോമക്കാർ തോൽപിക്കപ്പെട്ടിരിക്കുന്നു. അടുത്തനാട്ടിൽവച്ച്. തങ്ങളുടെ പരാജയത്തിനു ശേഷം അവർ വിജയം നേടുന്നതാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേദിവസം സത്യവിശ്വാസികൾ സന്തുഷ്ടരാകുന്നതാണ്’’ (30:24).

ഈ സംഭവത്തിന് ഒൻപതാം വർഷം എ.ഡി. 622ൽ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ ക്വുർആന്റെ പ്രവചനം പോലെ പേർഷ്യയെ റോം പരാജയപ്പെടുത്തുകയും വിജയികളാവുകയും ചെയ്തു. ചെറിയൊരു സമയത്തിനകം പരാജയപ്പെട്ട ഒരു വിഭാഗം വിജയിച്ച വൻശക്തിയെ കീഴ്‌പെടുത്തുന്നത് ചരിത്രത്തിൽ തന്നെ അപൂർവമാണ്. ആ അപൂർവത സംഭവിക്കാൻ പോകുന്നതായി ഒരു മനുഷ്യന് പ്രവചിക്കാൻ കഴിയുന്നത് ചരിത്രത്തിൽ ഉദാഹരണമില്ലാത്ത മറ്റൊരു അത്ഭുതവും. ക്വുർആൻ ദൈവികമാണ് എന്നതിന് ഇതും ശക്തമായ ഒരു തെളിവാണ്. ചെറിയ സമയത്തിനകം റോം പേർഷ്യയെ പരാജയപ്പെടുത്തിയില്ല എങ്കിൽ ക്വുർആന്റെ പ്രവചനം തെറ്റിയതായി ജനങ്ങൾ മനസ്സിലാക്കുകയും ജനങ്ങളാൽ പ്രവാചകൻ അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു എന്നിരിക്കെ മുഹമ്മദ് നബിﷺ സ്വയമൊരിക്കലും ഇത്തരമൊരു വാദം ഉന്നയിക്കാൻ സാധ്യതയില്ല.

E22: മക്കാവിജയം

“അതല്ല, അവർ പറയുന്നുവോ; ഞങ്ങൾ സംഘടിതരും സ്വയം പ്രതിരോധിക്കാൻ കഴിവുള്ളവരുമാണ് എന്ന്. എന്നാൽ വഴിയെ ആ സംഘം തോൽപിക്കപ്പെടുന്നതാണ്. അവർ പിന്തിരിഞ്ഞോടുകയും ചെയ്യും’’ (ക്വുർആൻ 54:44-45).

പ്രബോധനത്തിന്റെ ആരംഭകാലത്ത് മുസ്‌ലിംകൾ ന്യൂനപക്ഷമായിരുന്നു. ഭൂരിപക്ഷത്താൽ ആ ചെറിയ സംഘം വേട്ടയാടപ്പെട്ടിരുന്നു. ആ സമയത്ത് ക്വുർആൻ നൽകുന്ന പ്രത്യാശാപരമായ പ്രഖ്യാപനമാണ് ശത്രുലോകത്തെ അവർ പരാജയപ്പെടുത്തുമെന്നത്. ശേഷമുണ്ടായ നിരവധി നയതന്ത്ര നീക്കങ്ങൾക്കും പലായനങ്ങൾക്കും സംഘട്ടനങ്ങൾക്കും ശേഷം മുസ്‌ലിം ലോകം ഭുരിപക്ഷത്തെ അതിജയിച്ചതിന് ചരിത്രം സാക്ഷിയാണ്. ഒരു ന്യൂനപക്ഷം ഭൂരിപക്ഷത്തെ പരാജയപ്പെടുത്തുന്നത് അപൂർവമാണ്. അതിന്റെ സംഭവ്യത പ്രവചിക്കുകയും അതുപോലെ സംഭവിക്കുകയും ചെയ്തത് ഇസ് ലാമിന്റെ സത്യത തെളിയിക്കുന്നു.

E23: ലിബറലിസത്തെക്കുറിച്ച്

ഒരു പ്രത്യയശാസ്ത്രത്തിന്റെ നിലവാരമിരിക്കുന്നത് അതിന് ശക്തമായി മനുഷ്യനെയും ലോകത്തെയും വിശദീകരിക്കാൻ കഴിയുന്നുണ്ടോ എന്നതിലാണ്. ആ നിലയ്ക്ക് നിരീക്ഷിക്കുമ്പോൾ ഇസ്‌ലാം ആശയങ്ങളെ മുഴുവൻ രണ്ടായി തിരിക്കുന്നു എന്നു കാണാം. ഒന്ന് മനുഷ്യന് ദൈവത്തിങ്കൽ നിന്ന് അവതീർണമായതാണ്. മറ്റെല്ലാം മനുഷ്യന് അവന്റെ ദേഹേച്ഛകൾക്കനുസരിച്ച് നിർമിച്ചവയാണ് എന്നതാണ് ഇസ്‌ലാമിന്റെ വിശദീകരണം.

“എന്നാൽ സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവർക്കാകുന്നു നാശം...’’ (2:79).

സെക്യുലറിസം, ലിബറലിസം, നാസ്തികത തുടങ്ങിയ വാദങ്ങളുടെ പേരിലും ദേഹേച്ഛകൾക്കനുസരിച്ച ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നു. ദേഹേച്ഛകളെ ദൈവമാക്കി അതിന് കീഴൊതുങ്ങുന്നവർ എന്ന വിഭാഗത്തെ ക്വുർആൻ പരിചയപ്പെടുത്തുന്നു: “എന്നാൽ തന്റെ ദൈവത്തെ തന്റെ തന്നിഷ്ടമാക്കിയവനെ നീ കണ്ടുവോ?...’’ (45:23).

ലിബറൽ തത്ത്വചിന്തകനായ ജോൺ സ്റ്റുവർട്ട് മില്ലിന്റെ ഒരു പ്രശസ്ത വർത്തമാനം ഇങ്ങനെയാണ്: “You have two Lords, one is pain and the other is pleasure.’’

“നിങ്ങൾക്കുള്ളത് രണ്ടു ദൈവങ്ങളാണ്, ഒന്ന് വേദനകളും ദുഃഖങ്ങളും ആണെങ്കിൽ മറ്റൊന്ന് സുഖഭോഗങ്ങളാണ്. അതിനാൽ സുഖാനുഭൂതികളുടെ ആസ്വാദനം അധികരിപ്പിക്കലാകുന്നു മനുഷ്യ ജീവിതങ്ങളുടെ ലക്ഷ്യം.’’

അഥവാ മനുഷ്യൻ അടിസ്ഥാനപരമായി സ്വാർഥനായതുകൊണ്ടുതന്നെ അതിനെ തൃപ്തിപ്പെടുത്തി ജീവിക്കാനാണ് അവന്റെ ജനിതകവും അവനെ പ്രചോദിപ്പിക്കുന്നത്. എന്നാൽ അത്തരമൊരു അവസ്ഥയിൽ മനുഷ്യനും ജന്തുക്കളും തമ്മിൽ വ്യത്യസ്തകളൊന്നുമില്ല. ഈ നിലയ്ക്ക് മനുഷ്യൻ അവന്റെ ദേഹേച്ഛകളുടെ അടിമയാകാതിരിക്കാനാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. ഇവിടെ മനുഷ്യനെ നയിക്കുന്നത് എന്താണ് എന്നു കൃത്യമായി തിരിച്ചറിയാൽ കഴിയുന്നു എന്നതാണ് ഇസ്‌ലാമിന്റെ പ്രസക്തി. അങ്ങനെ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ സാമുഹ്യ പരിണാമം എങ്ങോട്ടായിരിക്കും എന്നുള്ള പ്രവചനവും ഇസ്‌ലാം നടത്തുന്നുണ്ട്. ഇസ്‌ലാമിന്റെ ആദർശത്തിന്റെ ബലത്താൽ ദേഹേച്ഛകൾക്കപ്പുറം അന്യനെ കാണാൻ പരിശീലിപ്പിക്കപ്പെട്ട സമുദായമാണ് പ്രവാചകന്റെത്. അതിനാൽ ഉത്തമ സമുദായം തന്റെതും പിന്നീട് ശേഷമുള്ളവരുടെയും പിന്നെ അതിനെ പിന്തുടർന്നുള്ള സമൂഹവും എന്ന പ്രവാചക വചനം കാണാം. ഈ സാമൂഹ്യ പരിണാമത്തിന്റെ തുടർച്ചയായി അവസാനകാലത്തെ പറയുമ്പോൾ പക്ഷേ, നേരെ വിപരീതമായ ഒരു ലോകക്രമത്തെയും ഇസ്‌ലാം പ്രവചിക്കുന്നു. അഥവാ കൊള്ളയും കൊലയും വ്യഭിചാരവും പലിശയും അധികരിക്കുന്ന, അനർഹരായ വ്യക്തികളുടെ കൈയിൽ അധികാരമെത്തുന്ന മോശപ്പെട്ട കാലമായാണ് അവസാന നാളുകളെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്.

മനുഷ്യൻ ദേഹേച്ഛകളിലേക്ക് ഒതുങ്ങുന്ന കാലമാണിത്. മുസ്‌ലിംകൾ എണ്ണത്തിൽ അധികമായിരിക്കും, എന്നിട്ടും ഈ അവസ്ഥയെത്തും എന്നും പ്രവാചകൻ പറയുന്നത് കാണാം. അതിന്റെ കാരണമായി അദ്ദേഹം വിശദീകരിക്കുന്നത് ഭൗതിക താൽപര്യങ്ങളിലേക്കവർ ചുരുങ്ങും എന്നു തന്നെയാണ്. ഒഴുക്കുവെള്ളത്തിലെ ചവറുകൾ പോലെയായിരിക്കും എന്നുകൂടെ മുസ്‌ലിംകളുടെ ആ അവസ്ഥയെ വിശേഷിപ്പിക്കുന്നു. സമൂഹത്തിന്റെ ഒഴുക്കിനൊത്ത് മുസ്‌ലിം ലോകം വാർക്കപ്പെടുകയെന്ന പ്രതിഭാസം തന്നെയാണല്ലോ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നെറ്റ് ഫ്‌ളിക്‌സും മൂവീസും സീരീസുകളും മാധ്യമങ്ങളും സോഷ്യൽ മീഡിയയും ദേഹേച്ഛകൾക്കനുസരിച്ച് ജീവിച്ചു മരിക്കാൻ പറയുന്നു.

ലിബറൽ ജീവിത വീക്ഷണങ്ങൾ കുഞ്ഞുങ്ങളിൽതന്നെ കുത്തിനിറക്കപ്പെടുന്നു. ആ ഒഴുക്കിനകത്തു തന്നെയാണ് മുസ്‌ലിം ലോകവും. അഥവാ ഇസ്‌ലാമിന് മനുഷ്യ മനഃശാസ്ത്രത്തെ കൃത്യമായും അഡ്രസ്സ് ചെയ്യാന്നുണ്ട് എന്നുമാത്രമല്ല, ഇതനുസരിച്ച് മനുഷ്യലോകത്തിന്റെ പര്യവസാനം എങ്ങോട്ടായിരിക്കുമെന്ന് പ്രവചിക്കുകയും ചെയ്യുന്നു. ആ പ്രവചനത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ദേഹേച്ഛകളെ നാസ്തികവത്കരിച്ച് ലിബറലിസവും ഹെഡോണിസവും ഭരിക്കുന്ന ലോകത്തുതന്നെയാണ് നാമും ഉള്ളതെന്ന കാര്യം വ്യക്തമാകുന്നു. മനുഷ്യനെയും അവന്റെ ഭാവിയെയും ഇസ്‌ലാം കൃത്യമായി വിശദീകരിക്കുന്നു.

E24: ലൈംഗിക അരാജകത്വങ്ങളുടെ വ്യാപനം

“The Hour will not be established until people fornicate with each other in the road just as donkeys fornicate.” ( Ibnu Hibban, Hadith No. 6767).”

“കഴുതകൾ ഇണചേരുന്നതുപോലെ ആളുകൾ വഴിയിൽ അന്യോന്യം ലൈംഗിക വേഴ്ചയിൽ ഏർപെടുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല.’’

വ്യഭിചാരം സാർവത്രികമാവുകയും പരസ്യമായി അതിൽ ഏർപെടുകയും ചെയ്യുന്ന അവസ്ഥ ഒരു ജനതയിൽ സംഭവിച്ചാൽ മുൻഗാമികൾക്കാർക്കും വന്നിട്ടില്ലാത്ത മാരകമായ രോഗങ്ങൾകൊണ്ട് അല്ലാഹു അവരെ പരീക്ഷിക്കാതിരിക്കില്ല എന്ന ആശയമുള്ള നബിവചനവും കാണാൻ സാധിക്കും.

പ്രവാചകൻﷺ ഇത് പറയുന്നത് ലൈംഗിക അരാജകത്വങ്ങൾക്ക് വലിയ സാമൂഹ്യ അംഗീകാരം ഒന്നുമില്ലാത്ത ഒരു ലോകക്രമത്തിലാണ്. പടിഞ്ഞാറ് ക്രൈസ്തവതയും കിഴക്ക് ബുദ്ധ-ഹൈന്ദവ മതങ്ങളും മനുഷ്യനെ ഒട്ടൊക്കെ ലൈംഗിക സദാചാരവാദികളാക്കി നിലനിർത്തിയിരുന്ന കാലത്ത് ഇതിന് മാറ്റം വരുമെന്നും കഴുതകൾ പരസ്യമായി ഇണചേരുന്നപോലെ മനുഷ്യർ ചെയ്യുമെന്നും അന്നുവരെ കേട്ടുകേൾവിയില്ലാത്ത ലൈംഗിക പകർച്ചവ്യാധികൾ അതുമൂലം അവർക്കിടയിൽ വ്യാപിക്കുമെന്നുമാണ്

പ്രവാചക വചനങ്ങളുടെ സാരം. മധ്യകാലത്തിനുശേഷം വേശ്യാലയങ്ങളും വേശ്യാവൃത്തിയും യൂറോപ്പിൽ വ്യാപകമായി. തുടർന്ന് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും എയ്ഡ്‌സ് പോലുള്ള ചികിത്സയില്ലാത്ത മാരക ലൈംഗിക രോഗങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സി.ഡി.സിയുടെ കണക്കുകളനുസരിച്ച് 2014ൽ 1.9 മില്യൺ ലൈംഗിക വ്യാപന രോഗികളായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2019ൽ അത് 2.6 മില്യൺ ആയി ഉയർന്നു എന്നു കാണാം.

E25: ഉയർന്ന ഗോപുരങ്ങൾ

Now, tell me of the Last Hour, asked the man.The Prophet replied: “The one asked knows no more of it than the one asking.” “Then tell me about its signs,” said the man.The Prophet replied, “That you see barefoot, unclothed Bedouins competing in the construction of tall buildings.”(Sunan Ibnu Majah).

നഗ്‌നപാദരായ, വസ്ത്രമില്ലാത്ത നാടോടികളായ അറബികളാണ് ബദവികൾ. അവർ ഉയരമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിൽ പരസ്പരം മത്സരിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് അന്ത്യനാളിന്റെ അടയാളങ്ങളെക്കുറിച്ച് ചോദിച്ച അനുചരനോട് നബി ﷺ പറയുന്നത്.

മധ്യയുഗത്തിലെ, ഇസ്‌ലാമിന്റെ സുവർണ കാലത്തുപോലും ഈ അറബ് വിഭാഗത്തിൽ വിജ്ഞാനമോ പരിഷ്‌കാരമോ എത്തിയിരുന്നില്ല. 1940ൽ ഗവേഷകനായ സർ വിൽഫ്രഡ് തെസിഗർ പ്രകൃതിയിലും ഭാഗ്യത്തിലും മാത്രം വിശ്വസിച്ച് ദിവസങ്ങളെ നീക്കുന്ന ഇവരുടെ ജീവിതത്തെ വിശദീകരിക്കുന്നുണ്ട്. ഈ മരുഭൂവാസികൾ സാമ്പത്തിക ഉന്നതിയിലെത്തുന്ന അവസ്ഥയാണ് ഈ പ്രവാചക വർത്തമാനം എന്നു സുവ്യക്തമാണ്. കാര്യമായ പ്രകൃതി വിഭവങ്ങളൊന്നും നോക്കിയാൽ കാണാത്ത ഈ മരുഭൂമിയിൽനിന്നും ഇവർ ഉയരമുള്ള ഗോപുരങ്ങളെ നിർമിക്കുന്നതിൽ മത്സരിക്കുമെന്ന് കേവല യുക്തിയാൽ പറയുക പ്രയാസമാണ്. എന്നാൽ ആ പ്രവാചക വചനം പുലർന്നത് ഇന്ന് നേർക്കുനേരെ കാണാം.

മിഡിൽ ഈസ്റ്റിലെ ബ്ലാക്ക് ഗോൾഡ് എന്നറിയപ്പെടുന്ന പെട്രോ ളിയത്തിന്റെ കണ്ടെത്തൽ അറബ് ലോകത്തെ സമ്പന്നമാക്കി മാറ്റി. ഇന്ന് ഗൾഫ് മേഖലതന്നെ ഉയരമുള്ള കെട്ടിടങ്ങളാൽ സമ്പന്നമാണ്. ഇങ്ങനെയൊരു മാറ്റമുണ്ടാകുമെന്ന് പ്രവാചകന് കേവല യുക്തിയാൽ മനസ്സിലാക്കാൻ കഴിയില്ലെന്നുറപ്പാണ്.

(തുടരും)