അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങൾ; സലഫുകളുടെ വിശ്വാസത്തിൽ

സ്വലാഹുദ്ദീൻ അൽഹികമി

2023 ജനുവരി 07, 1444 ജുമാദുൽ ഉഖ്റാ 13

അല്ലാഹുവിന്റെ നാമങ്ങളെയും ഗുണവിശേഷണങ്ങളെയും ശരിയായ രീതിയിൽ മനസ്സിലാക്കുകയും അവയിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് അസ്മാഅ് വസ്സ്വിഫാതിലുള്ള വിശ്വാസം എന്നതു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ വ്യതിയാന കക്ഷികളുടെ പിഴച്ച വിശദീകരണങ്ങളുടെ ഫലമായി ഇന്ന് ഏറെ സങ്കീർണമായിരിക്കുകയാണ് ഇക്കാര്യം. മുഹമ്മദ് ഇബ്‌നു ഖലീഫ തമീമി (ഹഫി) പറയുന്നു:

“സച്ചരിതരായ പണ്ഡിതന്മാർക്കും ഇൽമുൽ കലാമിന്റെയും ഫിലോസഫിയുടെയും വക്താക്കൾക്കും ഇടയിൽ നടന്ന ശക്തവും സങ്കീർണവുമായ അഭിപ്രായ ഭിന്നതകളുടെ അനന്തരഫലമായി ഏറ്റവും വഴി പിഴക്കാൻ സാധ്യതയുള്ള മേഖലയായി അസ്മാഅ് വസ്സ്വിഫാതിന്റെ രംഗം കണക്കാക്കപ്പെടുന്നു.’’

അതേസമയം ഇസ്‌ലാമിന്റെ അടിസ്ഥാന സാക്ഷ്യവചനത്തിന്റെ സാക്ഷാത്കാരം പ്രസ്തുത രംഗത്തുള്ള ശരിയായ വിശ്വാസംകൊണ്ടേ സാധ്യമാകൂ. ഇബ്‌നുൽ ക്വയ്യിം (റഹി) പറയുന്നു:

“അല്ലാഹു അല്ലാതെ യാതൊരുവിധ ആരാധ്യനുമില്ല എന്നതിനെ ശരിയായ രീതിയിൽ സത്യപ്പെടുത്തുക എന്നത് അതിന്റെ വിവിധ ഇനങ്ങളെ സത്യപ്പെടുത്തലിനെ അനിവാര്യമാക്കുന്നു. മതത്തിന്റെ അടിസ്ഥാനപരവും അല്ലാത്തതുമായ മുഴുവൻ കാര്യങ്ങളും പ്രസ്തുത വാക്യത്തിന്റെ ശാഖകളിൽ പെട്ടതാണ്. അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അല്ലാഹുവിനെ കണ്ടുമുട്ടും എന്നതിലും വിശ്വസിക്കുന്നതുവരെ ഒരു അടിമയും പ്രസ്തുത വാക്യത്തെ ശരിയായ രീതിയിൽ സത്യപ്പെടുത്തിയിട്ടില്ല. അല്ലാഹുവിന്റെ മഹത്ത്വമേറിയതും പൂർണവുമായ ഗുണ വിശേഷണങ്ങളിൽ വിശ്വസിക്കാത്തവൻ ലോകരുടെ ആരാധ്യൻ അല്ലാഹു ആണെന്ന് വിശ്വസിച്ചിട്ടില്ല.’’

പ്രവാചകന്മാരിലും വേദഗ്രന്ഥങ്ങളിലുമുള്ള വിശ്വാസം പൂർണമാകുന്നതും അവർ മുഖേന അല്ലാഹു അറിയിച്ചുതന്ന അവന്റെ നാമഗുണ വിശേഷണങ്ങളിൽ ശരിയായ രീതിയിൽ വിശ്വസിക്കുമ്പോഴാണ്. കാരണം പ്രവാചകൻ ﷺ  പഠിപ്പിച്ചുതന്ന കാര്യങ്ങളിൽ പെട്ടതാണ് അവ. അതോടൊപ്പംതന്നെ അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസത്തിന്റെ മുഖ്യഘടകവുമാണ് അല്ലാഹുവിനെ സംബന്ധിച്ചുള്ള വിശ്വാസം. സൂറതുൽ ബക്വറയിലെ മൂന്നാം സൂക്തത്തിലെ ‘അദൃശ്യത്തിൽ വിശ്വസിക്കുന്നവർ’ എന്നതിനെ വിശദീകരിക്കവെ ഇമാം സഅദി(റഹി) പറയുന്നു:

“കഴിഞ്ഞതും വരാനിരിക്കുന്നതുമായ, അല്ലാഹു അറിയിച്ചുതന്ന അദൃശ്യകാര്യങ്ങളിലും അന്ത്യനാളിലെ അവസ്ഥകളെ സംബന്ധിച്ചും അല്ലാഹുവിന്റെ വിശേഷങ്ങളെ സംബന്ധിച്ചും അവയുടെ രൂപത്തെ സംബന്ധിച്ച് അല്ലാഹു അറിയിച്ചുതന്നതിലും വിശ്വസിക്കലും ഗൈബിൽ (അദൃശ്യ കാര്യങ്ങളിൽ) വിശ്വസിക്കുന്നതിൽ ഉൾപ്പെടുന്നു. അതിനാൽതന്നെ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ രൂപം ഗ്രഹിക്കാനാവില്ലെങ്കിലും വിശ്വാസികൾ അവയിൽ വിശ്വസിക്കും’’ (തഫ്‌സീറുസ്സഅദി).

അതിനാൽതന്നെ ശരിയായ രൂപത്തിൽ പ്രസ്തുത രംഗത്തെ വിശ്വാസത്തെ ക്രമീകരിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അതിന് മുൻഗാമികളുടെ വിശ്വാസം എപ്രകാരമായിരുന്നു എന്ന് നാം മനസ്സിലാക്കിയേ തീരൂ.

സലഫുകളുടെ നിലപാട്

ഇസ്‌ലാമിലെ എല്ലാ കാര്യങ്ങളിലും എന്നതുപോലെത്തന്നെ അല്ലാഹുവിനെ സംബന്ധിച്ചുള്ള വിശ്വാസരംഗത്തും പ്രമാണങ്ങൾ പഠിപ്പിക്കുന്നതിനനുസൃതമായി വിശ്വസിക്കുക എന്ന നിലപാടായിരുന്നു മുൻഗാമികൾ അനുവർത്തിച്ചുപോന്നത്. പ്രവാചകൻ ﷺ  പഠിപ്പിച്ചു നൽകിയത് ശരിയായ രീതിയിൽ അവർ വിശ്വസിച്ചു. മനുഷ്യബുദ്ധിക്കും ശാസ്ത്രത്തിനും യോജിക്കുന്നുണ്ടോ എന്നവർ പരിശോധിച്ചിരുന്നില്ല. കാരണം ആകാശ ലോകത്തുനിന്ന് ലഭിക്കുന്ന ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നവർ ദൃഢമായി വിശ്വസിച്ചിരുന്നു.

എന്നാൽ സ്വഹാബികളുടെ കാലഘട്ടത്തിന്റെ അന്ത്യദശയിൽ തന്നെ ഇസ്‌ലാമിക ലോകത്ത് അവാന്തര കക്ഷികൾ രൂപപ്പെട്ടു. യുക്തിക്കും ബുദ്ധിക്കും അനുസരിച്ച് പ്രമാണങ്ങളെ മനനവിധേയമാക്കുന്ന രീതി കടന്നുവന്നു. ഖവാരിജിയത്ത്, മുഅ്തസിലിയത്ത് തുടങ്ങിയ വ്യതിയാന കക്ഷികൾ സമൂഹത്തിൽ വേരൂന്നി. വാഗ്‌വൈഭവത്തിന്റെ സഹായത്തോടെ പിഴച്ച വാദഗതികൾ സമൂഹത്തിൽ അവർ പ്രചരിപ്പിച്ചു. അക്കാലഘട്ടം മുതൽക്ക് അസ്മാഅ് വസ്സ്വിഫാതിനെക്കുറിച്ചുള്ള ശരിയായ നിലപാട് എന്താണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ നേരിടേണ്ടിവന്ന എല്ലാ പ്രയാസങ്ങളും അവർ സധൈര്യം നേരിട്ടു. ഇമാം അഹ്‌മദ് ഇബ്‌നു ഹമ്പലിന് മുഅ്തസിലിയാക്കളിൽ നിന്ന് നേരിടേണ്ടിവന്ന പീഡനങ്ങൾ ഉദാഹരണമാണ്. വ്യതിയാന കക്ഷികൾക്ക് പ്രധാനമായും പിഴവ് സംഭവിച്ചത് അല്ലാഹുവിന്റെ നാമഗുണ വിശേഷങ്ങളുമായി ബന്ധപ്പെട്ടതിലായിരുന്നതിനാൽ തന്നെ അക്കാലഘട്ടത്തിൽ വിരചിതമായ ഗ്രന്ഥങ്ങളിൽ പ്രസ്തുത രംഗത്തെ അഹ്‌ലുസ്സുന്നയുടെ നിലപാട് എന്തായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നതായി കാണാൻ സാധിക്കും. അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും സംബന്ധിച്ച് അല്ലാഹുവും റസൂലും പഠിപ്പിച്ചതിൽ യാതൊരുവിധത്തിലും വക്രീകരിക്കാതെ വിശ്വസിക്കുക എന്നതാണ് അഹ്‌ലുസ്സുന്ന സ്വീകരിച്ചുപോന്ന നിലപാട്. ഇമാം ദഹബി (റഹി) ഇമാം ശാഫിഈ(റഹി)യിൽനിന്ന് ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു:

“ക്വുർആനിലും സുന്നത്തിലും വന്നത് പ്രകാരം സ്വിഫാത്തുകളെ അല്ലാഹുവിന് സ്ഥിരപ്പെടുത്തുന്നു. അല്ലാഹുതന്നെ തനിക്ക് തുല്യമായി ഒന്നുമില്ല എന്ന് പറഞ്ഞതു പ്രകാരം നാം അവനെ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നു.’’

അബൂ ഹനീഫ(റഹി) പറയുന്നു: “അല്ലാഹുവിന്റെ വിശേഷണങ്ങൾ സൃഷ്ടികളോട് സമാനമല്ല. അവൻ എല്ലാം അറിയുന്നു. പക്ഷേ, നമ്മുടെ അറിവുപോലെയല്ല. അവന് എല്ലാത്തിനും കഴിവുണ്ട്. പക്ഷേ, നമ്മുടെതിന് സമാനമല്ല. നാം കാണുന്നതുപോലെയല്ലാതെ അവൻ കാണുകയും നമ്മുടെ സംസാരത്തിന് സമാനമായിട്ടല്ലാതെ അവൻ കേൾക്കുകയും സംസാരിക്കുകയും ചെയ്യുന്നു.’’

വീണ്ടും പറയുന്നു: “അല്ലാഹുവിനെ ഒരിക്കലും സൃഷ്ടികളുടെ വിശേഷണങ്ങൾകൊണ്ട് വിശേഷിപ്പിക്കരുത്.’’

ഇമാം ദാറുഖുത്‌നി വലീദുബ്‌നു മുസ്‌ലിമിൽനിന്ന് ഉദ്ധരിക്കുന്നു: “ഞാൻ ഇമാം മാലികിനോടും സൗരിയോടും നസാഇയോടും ലൈസ് ബിൻ സഅ്ദിനോടും സ്വിഫാത്തുമായി ബന്ധപ്പെട്ട് വന്ന വചനങ്ങളെ സംബന്ധിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു: “അവയെ വന്നത് പ്രകാരം മനസ്സിലാക്കുക’ ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ‘അല്ലാഹുവിനെ സംബന്ധിച്ച് അവൻ ക്വുർആനിൽ വിശേഷിപ്പിച്ചതും പ്രവാചകൻ അവനെ വിശേഷിപ്പിച്ചതുമായവയെ യാതൊരു തരത്തിലുള്ള മാറ്റംവരുത്തലോ നിഷേധിക്കലോ രൂപം പറയലോ സാദൃശ്യപ്പെടുത്തലോ കൂടാതെ വിശ്വസിക്കൽ അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ഭാഗമാണ്.’’

പ്രസ്തുത ആശയം മറ്റു പണ്ഡിതന്മാരിൽനിന്നും ഉദ്ധരിക്കപ്പെട്ടതായി കാണാം. സൂറതുൽ അഅ്‌റാഫിലെ 54ാം വചനം വിശദീകരിക്കുമ്പോൾ ഇബ്‌നു കസീർ (റഹി) ഉദ്ധരിക്കുന്നു: “ഇമാം ബുഖാരിയുടെ ഗുരുനാഥനായ നുഐം ഇബ്‌നു ഹമ്മാദ് പറയുന്നു: ‘ആരെങ്കിലും അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ അല്ലാഹു സ്വയം വിശേഷിപ്പിച്ച വിശേഷണങ്ങളെ നിഷേധിക്കുകയോ ചെയ്താൽ കാഫിറായിത്തീരും. അല്ലാഹു സ്വയം വിശേഷിപ്പിച്ച കാര്യങ്ങളിലോ റസൂൽ വിശേഷിപ്പിച്ചവയിലോ യാതൊരുവിധത്തിലുമുള്ള സദൃശ്യപ്പെടുത്തലും ഇല്ല. പ്രസ്തുത വിഷയത്തിൽ വന്ന ആയത്തുകളിലും സ്വഹീഹായ ഹദീസുകളിലും അല്ലാഹുവിന് യോജിക്കുന്ന വിധത്തിൽ വിശ്വസിക്കുകയും ന്യൂനതകളിൽ നിന്ന് പരിശുദ്ധപെടുത്തുകയും ചെയ്താൽ അവൻ സന്മാർഗത്തിലാണ്’’ (ഇബ്‌നു കസീർ 2/205).

ചുരുക്കത്തിൽ പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതിനനുസരിച്ച് അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലെ വിശ്വാസത്തെ സ്ഥിരപ്പെടുത്തുക എന്നതാണ് നാം സ്വീകരിക്കേണ്ടത് എന്ന് വ്യക്തം.

കേരളത്തിലെ സലഫി പണ്ഡിതന്മാരും ഈ നിലപാടുതന്നെയാണ് സ്വീകരിച്ചുപോന്നത്. സൂറതുശ്ശൂറയുടെ 11ാമത്തെ വചനം വിവരിക്കവെ അമാനി മൗലവി(റഹി) എഴുതുന്നു:

“ഇസ്‌ലാമിക വിശ്വാസത്തിൽ മൗലിക പ്രധാനമായ ഒരു തത്ത്വമാണ് അവനെപ്പോലെ ഒരു വസ്തുവും ഇല്ല എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ ഉൽകൃഷ്ട ഗുണങ്ങളിൽ ആകട്ടെ പ്രവർത്തനങ്ങളിൽ ആകട്ടെ അധികാര അവകാശങ്ങളിലാകട്ടെ അവനെപ്പോലെ, അവനു തുല്യമായോ കിടയൊത്തോ യാതൊന്നും തന്നെയില്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോട് തുല്യതയോ സമത്വമോ കൽപിക്കുന്നതിനാണ് ശിർക്ക് (പങ്കുചേർക്കൽ അഥവാ ബഹുദൈവവിശ്വാസം) എന്നു പറയുന്നത്. അതുകൊണ്ടുതന്നെ സൃഷ്ടികളെ സംബന്ധിച്ച് ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ ക്രിയാ വിശേഷണങ്ങളോ അല്ലാഹുവിനോട് ബന്ധപ്പെടുത്തിക്കൊണ്ട് ക്വുർആനിലോ ഹദീസിലോ ഉപയോഗിച്ച് കണ്ടാൽതന്നെയും അത് ഭാഷയുടെയും വാച്യാർഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും ഉദ്ദേശത്തിലും യഥാർഥത്തിലും അവ വ്യത്യസ്തമായിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്’’ (തഫ്‌സീറു അമാനി).

എ.പി.അബദുൽ ഖാദിർ മൗലവി(റഹി) ഒരു ചോദ്യത്തിന് മറുപടിയായി പറയുന്നത് കാണുക:

“അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുന്നതിൽ രണ്ടുരീതി സ്വീകരിക്കപ്പെട്ടു വരുന്നു. പൂർവിക സജ്ജനങ്ങളുടെയും എക്കാലത്തെയും മുസ്‌ലിം സാധാരണക്കാരുടെയും രീതിയാണ് ഒന്ന്. പിൽക്കാല പണ്ഡിതന്മാരിൽ ഒരു വിഭാഗത്തിന്റെ രീതിയാണ് മറ്റൊന്ന്.

അൽമനാർ ലേഖനത്തിൽ പറഞ്ഞപോലെ അല്ലാഹുവിനെയും അവന്റെ നാമങ്ങളെയും സ്വിഫത്തുകളെയും എന്നുവേണ്ട വിശ്വാസങ്ങളെ പറ്റിയെല്ലാംതന്നെ വിശുദ്ധ ക്വുർആനിലും സ്വഹീഹായ ഹദീസുകളിലും വന്നപോലെ സ്വന്തം നിലയ്ക്കുള്ള വ്യാഖ്യാനങ്ങൾ ഒന്നും നൽകാതെ അവയുടെ അവതരണ അവസരത്തിൽ അറിയപ്പെട്ടിരുന്ന അർഥത്തിൽ തന്നെ സ്വീകരിച്ചു വിശ്വസിക്കുക എന്നതാണ് ഒന്നാമത്തെ രീതി. അത്തരം ആയത്തുകൾ, ഹദീസുകൾ എന്നിവയിൽ പലതിനും ദുർവ്യാഖ്യാനങ്ങൾ നൽകി അതിൽപടി വിശ്വസിക്കുക എന്നതാണ് രണ്ടാമത്തെ രീതി.

ആദ്യം പറഞ്ഞ രീതിയാണ് ആദ്യത്തെ മൂന്ന് തലമുറകളും നബി ﷺ യും സ്വഹാബികളും താബിഈങ്ങളും സ്വീകരിച്ചുവന്നത്. അന്നും അതിനുശേഷമുള്ള മുസ്‌ലിം സജ്ജനങ്ങളും അങ്ങനെ തന്നെ. അവർക്ക് വ്യാഖ്യാനങ്ങളിലൊന്നും വലിയ പിടിപാടോ താൽപര്യമോ ഇല്ല’’ (ചോദ്യവും മറുപടിയും, 1/69-70).

ചുരുക്കത്തിൽ സച്ചരിതരായ മുൻഗാമികൾ വിശ്വസിച്ച രീതിയിലാണ് നാമും അല്ലാഹുവിെൻറ അത്യുന്നതനാമങ്ങളെയും ഉൽകൃഷ്ട വിശേഷണങ്ങളെയും സ്ഥിരപ്പെടുത്തേണ്ടത്. അതല്ലാതെ കേവല യുക്തിയുടെയും ബുദ്ധിയുടെയും അടിസ്ഥാനത്തിലല്ല. വ്യതിചലനത്തിലേക്കുള്ള വാതായാനങ്ങളെ നാം കരുതിയിരിക്കുകയും വേണം. കാരണം അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും ശരിയായ രീതിയിൽ വിശ്വസിക്കാത്തവരെ ശക്തമായ ഭാഷയിൽ അല്ലാഹു താക്കീത് ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു:

“അല്ലാഹുവിന് ഏറ്റവും നല്ല നാമങ്ങളുണ്ട്. അതുകൊണ്ട് നിങ്ങൾ അവനോട് പ്രാർഥിച്ചുകൊള്ളുക. അവന്റെ നാമങ്ങളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടേക്കുക. അവർ ചെയ്തുവരുന്നതിന്റെ ഫലം അവർക്ക് വഴിയെ നൽകപ്പെടും’’ (7:180).

അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും കൃത്രിമം കാണിക്കുക എന്നതിന്റെ വിവക്ഷ ഇമാം സഅദി വിവരിക്കുന്നു:

“ഇൽഹാദിന്റെ ശരിയായ വിവക്ഷ യഥാർഥ രൂപത്തിൽനിന്ന് വ്യതിചലിക്കുക എന്നതാണ്. അത് ബഹുദൈവാരാധകർ തങ്ങളുടെ ആരാധ്യൻമാർക്ക് പേര് നൽകിയതുപോലെ അർഹരല്ലാത്തവർക്ക് (അല്ലാഹുവിന് പുറമെയുള്ളവർക്ക്) നാമകരണം നടത്തിയോ അവയുടെ അർഥങ്ങളെ നിരാകരിച്ചു കൊണ്ടോ അവയിൽ മാറ്റത്തിരുത്തലുകൾ നടത്തി അല്ലാഹുവും റസൂലും ഉദ്ദേശിക്കാത്ത അർഥം നൽകിക്കൊണ്ടോ മറ്റുള്ളവരോട് അല്ലാഹുവിന്റെ നാമവിശേഷണങ്ങളെ സാദൃശ്യപ്പെടുത്തിക്കൊണ്ടോ ആകും’’ (തഫ്‌സീറുസ്സഅദി 180). അതുകൊണ്ട് ഈ രംഗത്ത് സച്ചരിതരുടെ പാതയിൽ തന്നെ ഉറച്ചുനിൽക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.