പരിഷ്‌കർത്താവോ മസീഹോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2023 മാർച്ച് 18, 1444 ശഅ്ബാൻ 25

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര ‘തദ്കിറ’യിലൂടെ ഒരു യാത്ര)

‘ഞാൻ കാലത്തിന്റെ പരിഷ്‌കർത്താവ്’

‘അല്ലാഹുവിൽനിന്നു ലഭിച്ച അറിയിപ്പ്’ പ്രകാരമാണത്രെ, 1885 മാർച്ചിൽ മിർസ ഒരു പരസ്യം ചെയ്തു: “ഈ ഗ്രന്ഥകാരന് ലഭിച്ച ജ്ഞാനമനുസരിച്ച് ഈ കാലത്തിന്റെ പരിഷ്‌കർത്താവാകുന്നു (മുജദ്ദിദെ വക്ത്) ഞാൻ. ആത്മീയമായി മസീഹ് ഇബ്‌നു മറിയമിന്റെ പൂർണതയുമായി സമരസപ്പെട്ട ആളും ചില പ്രത്യേക അമ്പിയാമുർസലുകളുടെ മാതൃകയിലുള്ളവനുമാകുന്നു. പ്രവാചക ശ്രേഷ്ഠൻ മുഹമ്മദി ﷺ നോടുള്ള അനുസരണത്തിന്റെ അനുഗ്രഹത്താൽ നേരത്തെ കഴിഞ്ഞുപോയ വൻകിടക്കാരായ ഔലിയാക്കളെക്കാൾ എനിക്ക് ശ്രേഷ്ഠത നൽകപ്പെട്ടിരിക്കുന്നു. എന്റെ കാലടികൾ പിൻപറ്റുക എന്നത് രക്ഷയും ഭാഗ്യവും അനുഗ്രഹവും നേടാൻ നിമിത്തമായിത്തീരും. എനിക്കെതിരെ പ്രവർത്തിക്കുന്നത് അകൽച്ചക്കും അഭാവത്തിനും കാരണമായിത്തീരും’’ (പേജ്:99).

1885 മാർച്ച് 8ന് പ്രസിദ്ധീകരിച്ച ഒരു കത്തുകൂടി വായിക്കുക: “ഈ വിനീതൻ സർവശക്തനും പ്രതാപശാലിയുമായ ഹസ്രത്തിനാൽ നിയുക്തനാകുന്നു; ഇസ്രായേലീ നാസരീ മസീഹിനെപ്പോലെ പൂർണമായും ദാരിദ്ര്യവും പാവത്തരവും ലാളിത്യവും വിനയവും വിധേയത്വവും ആയി മനുഷ്യന്റെ പരിഷ്‌കരണത്തിന് വേണ്ടി. ഈ കാലത്ത് ഉദ്ദേശ്യപൂർത്തീകരണാർഥം, ഉർദുവിന് പുറമെ ഇംഗ്ലീഷിലും തയ്യാറാക്കി ഓരോ കോപ്പി പാതിരിമാർ, ബ്രാഹ്‌മണർ, ആര്യന്മാർ, പ്രകൃതിവാദികൾ, മൗലവിമാർ എന്നിവർക്കെല്ലാം അയക്കുകയാണ്.’’

“ഇതെന്റെ ചിന്തയിലും ഇജ്തിഹാദിലും ഉരുവംകൊണ്ട കാര്യമല്ല. അല്ലാഹുവിന്റെ അനുവാദത്തോടെയാണ് ഇത് അയക്കുന്നത്. ഈ കത്ത് ലഭിക്കുകയും സത്യം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവരെപ്പറ്റി ഒരു പ്രവചനമെന്ന നിലയ്ക്ക് എനിക്ക് ലഭിച്ച സുവാർത്ത, അവർ മറുപടി പറയാനാകാതെ തീർത്തും പരാജയപ്പെടുമെന്നാണ്’’ (പേജ്:99,100).

എങ്ങനെ വ്യാഖ്യാനിച്ചാലും ന്യായീകരിച്ചാലും ഇവിടെ അദ്ദേഹം പ്രഖ്യാപിക്കുന്നത് ‘കാലത്തിന്റെ പരിഷ്‌കർത്താവ്’ എന്ന നിയോഗമാണ്. മുജദ്ദിദുമാരെ വിശ്വസിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നില്ല. പലരുടെയും മരണശേഷമാണ് അവർ കാലത്തിന്റെ പരിഷ്‌കർത്താക്കൾ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. മുഹമ്മദ് നബി ﷺ ക്ക് ശേഷം നിരവധി മുജദ്ദിദുമാർ ലോകത്തു വന്നിരിക്കെ ഇദ്ദേഹത്തിന്റെ ‘ദൗത്യ’ത്തിന് പ്രത്യേകതയൊന്നുമില്ല. ഈസാ നബി(അ)യുടെയും മറ്റുചില പ്രവാചകന്മാരുടെയും സാദൃശ്യം ഉണ്ടെന്ന് മാത്രമെ ഇദ്ദേഹം ആദ്യം വാദിച്ചിട്ടുള്ളൂ.

വാദത്തിന് തടസ്സം അനാരോഗ്യം!

ഇനിയുള്ള കുറെ പേജുകളിൽ നേരത്തെ സൂചിപ്പിച്ച കല്യാണവുമായും അതിൽ ജനിക്കുമെന്ന് പ്രവചിക്കപ്പെട്ട വാഗ്ദത്ത പുത്രനുമായും ബന്ധപ്പെട്ട ‘വഹ്‌യുകളും’ ദർശനങ്ങളുമാണ് വിവരിക്കുന്നത്. ഈസാ(അ)യുടെ പുനരാഗമനത്തിൽ വിശ്വസിക്കുന്ന മുസ്‌ലിം സമൂഹത്തോട്, പകരക്കാരനായി വന്ന മിർസാ ഖാദിയാനിക്ക് അക്കാര്യം പറയാൻ സാധിച്ചില്ല. അല്ലെങ്കിൽ അദ്ദേഹം സ്വയം ആ കാര്യം അറിഞ്ഞിരുന്നില്ല എന്നും കരുതാം! വല്ലാത്തൊരു അവസ്ഥ തന്നെ!

“1889ൽ ഒരിക്കൽ അലിഗഢിൽ ചെന്നപ്പോൾ മൗലവി മുഹമ്മദ് ഇസ്മായിൽ എന്നോട് വഅദ് പറയാൻ ആവശ്യപ്പെട്ടു. ഞാനത് ആവേശപൂർവം സ്വീകരിച്ചുവെങ്കിലും അല്ലാഹു തടസ്സം നിന്നു. അനാവശ്യമായ വാചാടോപം ശരീര പ്രയാസം ഏറ്റുവാങ്ങുമെന്നതിനാൽ വേണ്ടെന്നായിരുന്നു ദൈവനിശ്ചയം. മുമ്പൊരിക്കൽ കഴിഞ്ഞുപോയ നബിമാരിൽ ഒരാളെ കശ്ഫിൽ കണ്ടപ്പോഴും ബൗദ്ധികാധ്വാനം കൂടുതലായി ചെയ്തു രോഗിയായി പോകുമെന്ന ആശങ്ക പങ്കുവച്ചിരുന്നു’’ (പേജ്:136).

ചുരുക്കത്തിൽ, അല്ലാഹുവും മുൻ പ്രവാചകന്മാരും ആരോഗ്യത്തെ സംബന്ധിച്ച് ആശങ്കയറിയിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തതിനാൽ മിർസാക്ക് തന്റെ ദൗത്യം യഥാസമയം ജനങ്ങളെ അറിയിക്കാനായില്ല! ഒടുവിൽ 1890 ഡിസംബറിൽ അദ്ദേഹം ഉള്ള ആരോഗ്യം വച്ചുകൊണ്ട് തന്നെ ജനങ്ങളോട് ചോദിച്ചു:

“അല്ലാഹു അതിവിദഗ്ധനായ ഒരു ഭിഷഗ്വരനോട് സാമ്യപ്പെടുത്തി മിശിഹയായി അയക്കുകയും നിങ്ങൾക്ക് നന്മ മാത്രം ബോധനം ചെയ്യുകയും ചെയ്യുന്ന ഈ മസീഹിനെ വിശ്വസിക്കുന്ന കാര്യത്തിൽ എന്ത് സംശയമാണ് ബാക്കിയുള്ളത്?’’ (പേജ്:136).

“പ്രാർഥിച്ചും ‘ഇൽഹാമീ മരുന്നുകൾ’ നൽകിയും രോഗം സുഖപ്പെടുത്തുന്ന ഒരു ഡോക്ടറെയല്ല ലോകം പ്രതീക്ഷിക്കുന്നത്, മറിച്ച് ദജ്ജാലിനെ കൊല്ലുകയും കുരിശ് വിശ്വാസത്തെ ലോകത്തുനിന്ന് നിർമാർജനം ചെയ്യുകയും ചെയ്യുന്ന ഒരു ധീരനായ മസീഹിനെയാണ്’’ എന്ന് വേണമെങ്കിൽ മറുപടി പറയാം.

ഏതായാലും അടുത്ത വർഷം ഫെബ്രുവരി 11ന് പ്രഖ്യാപനം വന്നു: “പ്രതാപശാലിയായ അല്ലാഹുവിന്റെ വഹ്‌യും ഇൽഹാമും അനുസരിച്ച് ഞാൻ സദൃശമസീഹാണെന്ന വാദം ഉന്നയിച്ചിരിക്കുന്നു. നേരത്തെ ക്വുർആനിലും നബി ﷺ യുടെ ഹദീസുകളിലും ഈ വിവരം അറിയിക്കുകയും വാഗ്ദാനം നൽകുകയും ചെയ്തിട്ടുണ്ട്’’ (പേജ്: 138).

ഏതോ ഒരു അബ്ദുൽ ജബ്ബാർ മൗലവിക്ക് എഴുതിയ കത്തിലാണ് ഈ വിവരമുള്ളത്. പിൽക്കാലത്ത് ലാഹോരികൾ പരസ്യങ്ങളുടെ സമാഹാരത്തിൽ കൊടുത്തത് തദ്കിറയിൽ ചേർത്തപ്പോഴാണ് ഇങ്ങനെയൊരു നിയോഗത്തെപ്പറ്റി ‘ക്വുർആനിലും ഹദീസിലും ഉണ്ടെന്ന(?)’ കാര്യം ലോകം അറിയുന്നത്!

ദമാസ്‌കസിന്റെ നിഴൽ

‘ദമാസ്‌കസിലല്ലേ മസീഹ് ഇറങ്ങുക? അങ്ങനെയാണല്ലോ സ്വഹീഹ് മുസ്‌ലിമിലെ ഹദീസിലുള്ളത്.’ഖാദിയാനി മസീഹിനോട് ആരോ സംശയം പ്രകടിപ്പിച്ചു.

‘എന്നോട് അല്ലാഹു വെളിപ്പെടുത്തിയത് പ്രകാരം, ദമാസ്‌കസിലെ പോലെ യസീദിയൻ സ്വഭാവമുള്ള, യസീദീ പ്രേതങ്ങളെപ്പോലുള്ളവർ അധിവസിക്കുന്ന സ്ഥലമാണ് ഉർദേശിക്കുന്നത്. പണ്ട് ഇൻജീൽ അവതരിപ്പിച്ചിരുന്ന മസീഹല്ല വാഗ്ദത്ത മസീഹ് എന്ന പോലെ ആ ദമാസ്‌കസല്ല ഈ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നീതിയുടെയും വിശ്വാസത്തിന്റെയും ഹെഡ് ക്വാർട്ടേഴ്‌സ് ആയിരിക്കും. മിക്ക നബിമാരും വന്നത് അക്രമികളുടെ നാട്ടിലാണല്ലോ’’ (പേജ്:141).

യഥാർഥ മസീഹ് യഥാസ്ഥാനത്തുതന്നെ വന്നിറങ്ങുമെന്ന് വിശ്വസിക്കുന്നവരെ ഈ സാദൃശ്യസിദ്ധാന്തം അലോസരപ്പെടുത്തേണ്ടതില്ല. ഈസാ നബി(അ) ലോകത്തേക്കു വന്ന് ദൗത്യനിർവഹണത്തിന് ശേഷം സ്വാഭാവികമായി മരിച്ച് മസ്ജിദുന്നബവിയിലെ പ്രവാചകന്റെ ക്വബ്‌റിനടുത്ത് മറവുചെയ്യപ്പെടുമെന്നാണ് ഹദീസുകളിൽ ഉള്ളത്. എന്നാൽ മസീഹ് വാദി മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി കണ്ട ഒരു സ്വപ്ന ദർശനത്തിൽ, വിശുദ്ധറൗദയിൽ ചെന്നപ്പോൾ ക്വബ്‌റിൽനിന്ന് പുറത്തു വന്ന ഒരാൾ പ്രവാചകന്റെ ക്വബ്‌റിനടുത്ത് ഒരു സ്ഥലം കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞത്രെ; ‘നിന്റെ ക്വബ്‌റിന്റെ സ്ഥലമാണിത്.’ തുടർന്നെഴുതുന്നു: “ഞാൻ സ്വയം ഈ സ്വപ്നത്തിന് വ്യാഖ്യാനം മനസ്സിലാക്കുന്നത്, ഒരു വ്യക്തി മരിച്ചതിനുശേഷം ആത്മീയതലത്തിൽ ഒരു വിശുദ്ധന്റെ സാമീപ്യം നേടുമെന്നാണ്. അല്ലാതെ മൃതദേഹങ്ങൾ അടുത്ത് വയ്ക്കും എന്നല്ല’’ (പേജ്: 147).

സ്വപ്നത്തിലല്ലാതെ റൗദാശരീഫ് സന്ദർശിക്കാൻ പോലും ഭാഗ്യം ലഭിക്കാത്ത ഒരാൾക്ക് ഇങ്ങനെയൊക്കെ ഇജ്തിഹാദ് ചെയ്യാനല്ലേ പറ്റൂ!

ഇങ്ങനെ മുന്നോട്ടു പോയാൽ ഈസാനബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ഗുരുതരമായ സാദൃശ്യസിദ്ധാന്തം അവതരിപ്പിച്ചുകൊണ്ടാണ് മിർസാ ഖാദിയാനി മസീഹാകുന്നത് എന്ന് കാണാൻ കഴിയും. നേരത്തെ ഒരു പുസ്തകത്തിൽ ഇക്കാര്യം വിശദീകരിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല.

ആനന്ദലബ്ധിക്കിനി എന്തുവേണം!

വിശുദ്ധ ക്വുർആനിന്റെ അധ്യാപനത്തിനും മുസ്‌ലിംകളുടെ ഏകണ്ഠമായ വിശ്വാസത്തിനും വിരുദ്ധമായി, ഈസാനബി(അ) കുരിശിലേറ്റപ്പെട്ടുവെങ്കിലും മരിക്കാതെ രക്ഷപ്പെട്ട് ഇന്ത്യയിലെ കശ്മീരിലേക്ക് ഒളിച്ചോടി എന്നും അവിടെ ആരോരുമറിയാതെ ജീവിച്ച് 120ാം വയസ്സിൽ മരിച്ചുവെന്നുമാണ് മിർസാ ഖാദിയാനിയുടെ അധ്യാപനം. ശ്രീനഗറിനടുത്ത് കാനിഹാറിലെ യൂസാ ആസഫിന്റെ മക്വ‌്ബറ ഈസാനബിയുടെതാണെന്നും യൂസാ ആസഫ് ഈസാനബിയുടെ മറ്റൊരു പേരാണെന്നും സമർഥിക്കാൻ വേണ്ടി എഴുതിയതാണ് ‘മസീഹ് ഹിന്ദുസ്ഥാൻ മേം’ (ഈശോമിശിഹാ ഇന്ത്യയിൽ) എന്ന കൃതി. ഇതിന് പക്ഷേ, വേദഗ്രന്ഥങ്ങളുടെയോ ചരിത്ര രേഖകളുടെയോ പിന്തുണയില്ല. അതിലേറെ വിസ്മയപ്പെടുത്തുന്ന കാര്യമാണ്, ഇത് സംബന്ധിച്ച് ഒരു വഹ്‌യും ദർശനവും ‘തദ്കിറ’യിൽ ഇല്ല എന്നത്. ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ മിർസയെ നിയോഗിച്ച ‘ദൈവം മൗനംപാലിച്ചു’വെന്ന് സാരം!

എന്നാൽ ഇതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ‘തദ്കിറ’യിലെ ടിപ്പണിയിൽ കൊടുത്ത, ഖാദിയാനിയുടെ പള്ളിയിലെ ഇമാമും ഖത്വീബുമായിരുന്ന മൗലവി അബ്ദുൽ കരീമിന്റെ ഒരു കുറിപ്പിൽ നിന്നു മനസ്സിലാക്കാം.

‘ഈയാഴ്ച ഏറെ കൗതുകമുണർത്തുന്നതും അത്ഭുതകരവുമായ ഒരു സംഭവം ഉണ്ടായി. ഹുസൂറിന് ഒരു കത്ത് ലഭിച്ചു. ‘കാബൂളിനടുത്ത ജലാലാബാദിൽ യൂസ് ആസഫ് നബിയുടെ ഒരു മണ്ഡപമുണ്ട്. അതിന്റെ പേരിൽ സർക്കാരിന്റെ ജാഗീറായി ഭൂമിയുമുണ്ട്. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് സിറിയയിൽ നിന്ന് വന്നതാണ് ഈ നബിയെന്ന് അവിടെ പ്രസിദ്ധമാണ്’ എന്ന് ‘ഉറച്ച തെളിവുകൾ’ സഹിതം അതിൽ വിശദീകരിച്ചിരിക്കുന്നു.

“കത്ത് വായിച്ച മസീഹ് ആനന്ദാതിരേകത്താൽ മതിമറന്നു. അദ്ദേഹം പറഞ്ഞു: ‘സർവശക്തനായ അല്ലാഹുവാണെ, ആരെങ്കിലും എനിക്ക് കോടിക്കണക്കിന് രൂപ തന്നാൽ പോലും ഞാൻ ഇത്ര സന്തോഷിക്കില്ല. അത്രയേറെ ഈ കത്ത് എന്നെ സന്തോഷിപ്പിച്ചിരിക്കുന്നു.’ അല്ലാഹുവിന്റെ ജ്ഞാനവും കഴിവും നോക്കുക. ദുഹ്‌റിന്റെ സമയത്ത് ഈ സ്വപ്നത്തിന്റെ ശരിയായ പുലർച്ച സംഭവിക്കുകയും ചെയ്തു’’ (പേജ് 280)

ആരാണ് കത്തെഴുതിയത് എന്ന് പോലും ഇവിടെ പറയുന്നില്ല. ആരോ എഴുതിയത് വായിച്ചു സന്തോഷത്താൽ മതിമറക്കുകയാണ് ഖാദിയാനികളുടെ പ്രവാചകൻ. എല്ലാം അനുയായികൾക്ക് വിശ്വസിക്കാതെ തരമില്ലല്ലോ.

ഇത് ഏത് സ്വപ്നത്തിന്റെ പുലർച്ചയായിരുന്നു എന്നുകൂടി നാം അറിയണം. ബ്രിട്ടീഷ് മഹാറാണി പ്രവാചകന്റെ വീട്ടിൽ എഴുന്നള്ളുകയും രണ്ടുദിവസം ‘പള്ളിയുറങ്ങുകയും’ ചെയ്ത ‘മഹത്തായ സ്വപ്നത്തിന്റെ’ സാക്ഷാത്കാരമാണത്രേ ഇത്! കാബൂളിലെ മണ്ഡപവുമായി ഇതിന് എന്ത് ബന്ധമാണെന്ന് അനുയായികൾ തന്നെ വിശദീകരിക്കട്ടെ.

ഈസാനബി(അ)യെ കാണുന്നു!

താൻ യഥാർഥ ഈസാനബി(അ)യെ സ്വപ്നത്തിലും ജാഗ്രദ് ദർശനത്തിലും പലപ്പോഴും കണ്ടിട്ടുണ്ടെന്ന് മിർസ വിശദീകരിക്കുന്നു. നിങ്ങൾക്ക് അദ്ദേഹത്തെ കാണണമെങ്കിൽ അതിനുള്ള സൂത്രവും പറയുന്നുണ്ട്: “എത്രയോ തവണ ഞാൻ ഈസായെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. ഏറെ പ്രാവശ്യം ജാഗ്രദ് ദർശനത്തിലും ഞങ്ങൾ സന്ധിക്കുകയും ഒപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ സമുദായം അകപ്പെട്ട ദുരവസ്ഥയെപ്പറ്റി സംസാരിച്ചു. അദ്ദേഹം അസഹ്യത പ്രകടിപ്പിച്ചു. അല്ലാഹുവിന്റെ മഹത്ത്വം പ്രകീർത്തിച്ചു, അവന്റെ സ്‌തോത്രവും വിശുദ്ധിയും വാഴ്ത്തി. പിന്നീട് നിലത്തേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: ‘ഞാൻ മണ്ണിൽ നിന്നാണ്; ഈ ആരോപണങ്ങളിൽ നിന്നെല്ലാം വിമുക്തനും.’ അദ്ദേഹത്തെ വളരെ വിനയാന്വിതനും മൃദുലമനസ്‌കനുമായാണ് ഞാൻ കണ്ടിട്ടുള്ളത്’’ (പേജ്: 205, 206).

“ഒരു കശ്ഫിൽ ഞാൻ അദ്ദേഹത്തോട് തന്റെ യഥാർഥ വാദവും അധ്യാപനവും എന്താണെന്ന് ആരാഞ്ഞു. സത്വരശ്രദ്ധ പതിയേണ്ട വലിയൊരു കാര്യമാണത്. വിശ്വാസികളുടെ പാപസുരക്ഷ, ത്രിയേകത്വം, ദൈവപുത്രൻ എന്നിവ യേശു മിശിഹാ വളരെയേറെ വെറുക്കുന്നതും തന്റെ പേരിൽ ആരോപിക്കപ്പെട്ട ഏറ്റവും കൊടിയ ആരോപണവുമായാണ് മനസ്സിലാക്കുന്നത്’’ (പേജ്: 206).

‘വരൂ, നിങ്ങൾക്കും കാണാം ഈസായെ!’

“തെളിവൊന്നും ഇല്ലാത്ത വെറും വാക്കുകളല്ല ഇത്. ഏതെങ്കിലും സത്യാന്വേഷി സദുദ്ദേശ്യത്തോടെ ഒരു നിശ്ചിതകാലം എന്നോടൊപ്പം സഹവസിച്ചാൽ, അയാൾ മസീഹിനെ കാണണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ ശ്രദ്ധയും പ്രാർഥനയും കാരണമായി നിശ്ചയമായും അദ്ദേഹത്തെ കാണുവാനും സംസാരിക്കുവാനും കഴിയും. വേണമെങ്കിൽ അദ്ദേഹത്തോട് സാക്ഷ്യവും ചോദിച്ചറിയാം. കാരണം യേശു മസീഹിന്റെ ആത്മാവാണ് അവതാരം(ബുറൂസ്) എന്ന നിലയിൽ എന്നിൽ കുടികൊള്ളുന്നത്’’ (പേജ്: 206).

ഈ അവസാനം പറഞ്ഞ സംഗതി കൊള്ളാമായിരുന്നു. പക്ഷേ, അവതാരവും മരിച്ചുപോയല്ലോ! അദ്ദേഹത്തിന്റെ പ്രതിനിധികൾക്ക് ഇതിനാവുമോ? ‘അല്ലാഹുവിൽനിന്ന് ഇപ്പോഴും നിരന്തരമായി വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കുന്നു’ എന്ന് അവകാശപ്പെടുന്ന ഖലീഫമാരുടെ സഹവാസം മതിയാവുമോ? എങ്കിൽ നമുക്ക് ഈസാ നബിയോട് സാക്ഷ്യം ചോദിക്കുന്നതിനു പകരം എല്ലാ കാര്യങ്ങളും നേരിട്ടന്വേഷിക്കാൻ മരിച്ചുപോയ സദൃശമസീഹിനെത്തന്നെ ഒന്ന് കാണാമായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചറിയാമായിരുന്നു. ലാഹോരികൾ പറയുന്നതുപോലെ നുബുവ്വത്ത് വാദം ഖാദിയാനി വിഭാഗത്തിന്റെ ആരോപണം മാത്രമായിരുന്നോ, അതല്ല മുസ്‌ലിംകൾ പറയുന്നപോലെ മുസൈലിമതുൽ കദ്ദാബിന്റെ സഹോദരനായിരുന്നുവോ അയാൾ? അതോടെ എല്ലാ തർക്കങ്ങൾക്കും പരിഹാരമാകുമായിരുന്നു!