പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ  

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

(ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 36)

കല്ലുവച്ച നുണ

“1886 ഫെബ്രുവരി 20ലെ പരസ്യത്തിൽ നാല് ആൺമക്കളെപ്പറ്റി സുവാർത്തയറിയിച്ചിരുന്നു. നാലിൽ ഒരാൾ പോലും അന്ന് ജനിച്ചിരുന്നില്ല. അതിൽ വളരെ വ്യക്തമായിത്തന്നെ നാലാമത്തെ കുട്ടിയുടെ പേര് മുബാറക് എന്ന് നിർദേശിച്ചിരുന്നു’’ (തിരിയാഖുൽ ക്വുലൂബ്, പേജ് 42).

വ്യക്തമായ നുണ പറയുകയാണ് ഖാദിയാനീ പ്രവാചകൻ! ആദ്യം ഒരു കുട്ടിയെപ്പറ്റിയുള്ള സുവിശേഷമാണെന്നായിരുന്നു പരസ്യം. പിന്നെ അത് രണ്ടാവുകയും ഇപ്പോഴത് നാലാവുകയും ചെയ്തിരിക്കുന്നു. നാലാമത്തെ കുട്ടിയുടെ പേര് പോലും നിർദേശിച്ചിട്ടുണ്ടത്രെ.

ലാസറേ എഴുന്നേൽക്കൂ!

“ഒരിക്കൽ എന്റെ നാലാമത്തെ മകൻ മുബാറക് അഹ്‌മദ് മരിച്ചതായി ഞാൻ സ്വപ്‌നത്തിൽ കണ്ടു. കുറച്ചു ദിവസങ്ങൾക്കു ശേഷം മുബാറക് അഹ്‌മദ് കടുത്ത പനി ബാധിച്ച് എട്ടു തവണ ബോധരഹിതനായി. അവസാനത്തെ ബോധക്ഷയത്തിൽ അവന് ജീവൻ നഷ്ടപ്പെട്ടതായി തോന്നി. ഞാൻ പ്രാർഥിക്കാൻ തുടങ്ങി. പ്രാർഥനയിൽ മുഴുകിയിരിക്കുമ്പോൾ എല്ലാവരും പറഞ്ഞു; മുബാറക് അഹ്‌മദ് മരിച്ചുവെന്ന്. ഞാൻ അവന്റെ മേൽ കൈവച്ചു, ശ്വാസവും നാഡിമിടിപ്പും ഇല്ല, കണ്ണുകൾ മൃതദേഹത്തിന്റെത് പോലെ.’’

“കൈവച്ചതോടെ അനങ്ങുന്നതായി തോന്നി. ജീവന്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. അപ്പോൾ ഞാൻ ഉച്ചത്തിൽ പറഞ്ഞു: ‘മറ്‌യമിന്റെ പുത്രനായ യേശു മരിച്ചയാളെ ഉയിർപിച്ചെങ്കിൽ, അത് ഇതിനപ്പുറം ഒന്നുമായിരുന്നില്ല. ആത്മാവ് ആകാശത്ത് എത്തുകയും മരണത്തിന്റെ മലക്ക് അത് തിരിച്ചുകൊടുക്കുകയുമായിരുന്നില്ല’’ (പേജ് 339).

ഈസാ നബി(അ) അല്ലാഹുവിന്റെ അനുമതി പ്രകാരം, മരിച്ചവരെ ജീവിപ്പിച്ചതിനെ നിഷേധിക്കുവാൻ മിർസ ഈ അവസരം ഉപയോഗിക്കുകയാണ്.  

“എന്റെ രക്ഷിതാവേ, മരിച്ചവരെ നീ പുനരുജ്ജീവിപ്പിക്കുകയും സ്വർഗത്തിൽനിന്ന് നിന്റെ പാപമോചനവും കാരുണ്യവും ഇറക്കിത്തരികയും ചെയ്യുന്നതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതരിക.  ഈ ഇൽഹാമിൽ, നമുക്ക് ഈ ദുആ ചെയ്യേണ്ടി വരുന്ന ഒരു സന്ദർഭം വരുമെന്നും അത് സ്വീകരിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. അങ്ങനെ ഒരിക്കൽ നമ്മുടെ പയ്യൻ മുബാറക് അഹ്‌മദ് മരിച്ചുവെന്ന് എല്ലാവരും പറഞ്ഞു. നാം എഴുന്നേറ്റു പ്രാർഥിക്കുന്നതിനിടയിൽ കുട്ടിയുടെ മേൽ കൈവച്ചു, കുട്ടി ശ്വസിക്കാൻ തുടങ്ങി. ആത്മീയമായി മരിച്ച ആയിരക്കണക്കിന് ആളുകളെ അല്ലാഹു നമ്മുടെ കൈകളാൽ ഉയിർത്തെഴുന്നേൽപിക്കുമെന്നും ഈ ഇൽഹാമിനെ വ്യാഖ്യാനിക്കാം’’ (പേജ് 339).

“എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ’’ എന്ന് ഇബ്‌റാഹീം നബി(അ) അപേക്ഷിച്ചതായി ക്വുർആനിൽ (2:260) കാണാം. അത് കോപ്പിയടിച്ചിരിക്കുകയാണ് മിർസ. മരിച്ച കുട്ടിയുടെ ശരീരത്തിൽ കൈവച്ചപ്പോൾ കുട്ടി ശ്വസിക്കാൻ തുടങ്ങി എന്നു പറഞ്ഞതിലൂടെ അതിനുള്ള കഴിവ് തനിക്കുണ്ട് എന്ന് അണികളെ ധരിപ്പിക്കുകയാണു ലക്ഷ്യം. എന്നാൽ മുസ്‌ലിംകൾ അത് ചോദ്യം ചെയ്യും. അതുകൊണ്ട് അതിൽനിന്ന് രക്ഷപ്പെടാനായി ‘ആത്മീയമായി മരിച്ച ആയിരക്കണക്കിന് ആളുകളെ അല്ലാഹു നമ്മുടെ കൈകളാൽ ഉയിർത്തെഴുന്നേൽപിക്കുമെന്നും ഈ ഇൽഹാമിനെ വ്യാഖ്യാനിക്കാം’ എന്ന് മുൻകൂട്ടി പറയുകയും ചെയ്തു. പിന്നെ, ഇതൊക്കെ സംഭവിച്ചതാണെന്ന് ‘നേർപഥം’ വായനക്കാർ തെറ്റുധരിക്കരുത്. ‘ഇൽഹാം’ എന്നാണ് മിർസ പറയുന്നത്. അഥവാ മനസ്സിലെ തോന്നലുകൾ! മുഹമ്മദ് നബിﷺയിലൂടെ പ്രവാചകത്വം അവസാനിപ്പിച്ച അല്ലാഹു ഏതായാലും ദിവ്യബോധനമായി ഇങ്ങനെ തോന്നിക്കില്ലെന്നുറപ്പ്.

കാലാവധി കഴിഞ്ഞ്

പ്രവചനത്തിന്റെ അവസാനത്തെ അവധിയായ ഒമ്പതു വർഷം കഴിഞ്ഞ്, അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ‘സർവശ്രേഷ്ഠനായ’ മുബാറക് അഹ്‌മദ് ജനിച്ചത്. ജനിക്കുന്നതിന് മുമ്പുതന്നെ തന്നോട് സംസാരിച്ചതായി മിർസ പുകഴ്ത്തിയ ആ ‘അസാധാരണ സന്തതി’ ഒമ്പതാം വയസ്സിൽതന്നെ മരിച്ചുപോയി. അതോടെ മിർസ പ്രതിരോധത്തിലായി. ഭാവിയിൽ ഉന്നതങ്ങളിലെത്തുമെന്ന് പറഞ്ഞ മകൻ ബാല്യത്തിൽതന്നെ മരിച്ചുപോയാൽ ജനങ്ങളെ എങ്ങനെ അഭിമുഖീകരിക്കും? പക്ഷേ, മിർസാ ഗുലാം എന്ന കൗശലക്കാരൻ പതിവുപോലെ വ്യാഖ്യാന കസർത്തുമായി രംഗത്തു വന്നു. ‘മജ്മൂഏ ഇശ്തിഹാറാതി’ൽ (5.11.1907) അദ്ദേഹം എഴുതിയ വിശദീകരിച്ചൊപ്പിക്കൽ നോക്കുക:

“എന്റെ മകൻ മുബാറക് അഹ്‌മദ് ഒമ്പതാം വയസ്സിൽതന്നെ മരിച്ചതിനെ ചൊല്ലി ശത്രുക്കൾ ആക്ഷേപിക്കുന്നു. എന്നാൽ വർഷങ്ങൾക്കു മുമ്പുതന്നെ അവന്റെ മരണത്തെപ്പറ്റി രണ്ടുതവണ അല്ലാഹു വഹ്‌യറിയിച്ചിരുന്നു. ശത്രുക്കൾ സന്തോഷിക്കുകയും നിന്നെ ആക്ഷേപിക്കുകയും ചെയ്യുമെന്നും എന്നാൽ അവരുടെ ഒടുക്കം ഏറെ നിന്ദ്യമായിരിക്കുമെന്നും അവൻ പറഞ്ഞു. തന്റെ അഹ്‌ലുബൈതിനെ ശക്തമായ പരീക്ഷണങ്ങളിലൂടെ ശുദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വഹ്‌യ് വന്നു...’’

“നബി തിരുമേനിയുടെ ആൺമക്കൾ മരിച്ചപ്പോഴും ശത്രുക്കൾ പറഞ്ഞിരുന്നു, ഇയാൾ അബ്തർ ആയിപ്പോയെന്ന്. ഒടുവിൽ അദ്ദേഹത്തിന്റെ ആത്മീയ സന്തതികളാൽ അറേബ്യ നിറഞ്ഞു. അതേ വിജയം എനിക്കും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു’’ (വാല്യം 3, പേജ് 586-588).

വീണിടത്തു കിടന്ന് ഉരുളുന്ന ഈ പ്രവാചകത്വവാദി തന്നെ മഹാനായ നബിﷺയോട് ഉപമിച്ചത് ശ്രദ്ധിക്കുക. നബിﷺ ഒരിക്കലും തനിക്കു പിറക്കാനിരിക്കുന്ന മക്കളെക്കുറിച്ച് മിർസയെ പോലെ വീമ്പു പറഞ്ഞിട്ടില്ല.  

പാലിക്കാത്ത വാഗ്ദാനങ്ങൾ

മുബാറക് അഹ്‌മദിന്റെ രോഗശമനത്തിനു വേണ്ടി മിർസാ ഖാദിയാനി മനമുരുകി പ്രാർഥിച്ചു. അല്ലാഹു രോഗശമനവും പൂർണാരോഗ്യവും നൽകാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തുവത്രെ. പക്ഷേ, ആ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. മുസ്‌ലിംകൾ വിശ്വസിക്കുന്ന അല്ലാഹു വാഗ്ദാനം ലംഘിക്കുന്നവനല്ല, പാലിക്കുന്നവനാണ്. അക്കാര്യം ക്വുർആൻ ഒന്നിലധകം സ്ഥലങ്ങളിൽ എടുത്തു പറയുന്നുണ്ട്.

തദ്കിറയൽനിന്ന്: “1907 ഓഗസ്റ്റ് 27: മകൻ മിയാൻ മുബാറക് അഹ്‌മദിന് കടുത്ത പനിബാധിച്ചു. ചിലപ്പോൾ ബോധരഹിതനാവുമായിരുന്നു അവൻ. അവനെപ്പറ്റി ഇന്ന് ഇൽഹാം അവതരിച്ചു: ‘സ്വീകരിച്ചിരിക്കുന്നു. ഒമ്പത് ദിവസമായ പനി മാറിയിരിക്കുന്നു.’ അല്ലാഹു മിയാൻ സാഹിബിനെ സുഖപ്പെടുത്തട്ടെ എന്ന പ്രാർഥനയാണ് സ്വീകരിച്ചെന്ന് പറഞ്ഞത്. ഏതു ദിവസമാണ് പനി തുടങ്ങിയതെന്ന് വ്യക്തമായി ഓർത്തില്ല. പക്ഷേ, ദൈവം തന്റെ കൃപയാലും ഔദാര്യത്താലും മിയാന്റെ ആരോഗ്യത്തെക്കുറിച്ചും ഒമ്പതാം ദിവസം പനി വിട്ടതിനെപ്പറ്റിയൂം സന്തോഷവാർത്ത നൽകി. ഒമ്പതാം ദിവസം എന്നത് വ്യക്തമായിട്ടില്ല, ആക്കാൻ കഴിയില്ല. പക്ഷേ, ഗുരുതരമായ പനി ആരംഭിച്ച ദിവസം രോഗത്തിന്റെ തുടക്കമാകുമെന്ന് അറിയുന്നു. അല്ലാഹുവിനാണ് നന്നായി അറിയുക’’ (പേജ് 616-617).

അടിക്കുറിപ്പിൽ വിശദീകരിക്കുന്നു: “കഴിഞ്ഞ ഓഗസ്റ്റിൽ, മുബാറക് അഹ്‌മദിന് ഗുരുതരമായ പനി ബാധിച്ചു. പലപ്പോഴും ബോധക്ഷയം ഉണ്ടാകുകയും താപനില നൂറ്റിഅഞ്ച് ഡിഗ്രിയിലെത്തുകയും മരണഭയം മൂലം നിരാശനായ അവസ്ഥയിലാവുകയും ചെയ്തു. ഈ അവസ്ഥയിലാണ് ഒമ്പത് ദിവസം പനി പിടിച്ചത്. 1907 ആഗസ്ത് 30ന് പനി പൂർണമായും മാറി. മുബാറക് തോട്ടത്തിൽ നടക്കാൻ പോയി. വീണ്ടും കുറച്ചുദിവസം പനിച്ചു. 1907 സെപ്തംബർ 14ന് കുട്ടി പൂർണമായും സുഖം പ്രാപിച്ചു. ഞാൻ പൂർണമായും ആരോഗ്യവാനാണെന്ന് കുട്ടിതന്നെ പറഞ്ഞു. കളിക്കാൻ തുടങ്ങി. പക്ഷേ, സർവശക്തനായ അല്ലാഹുവിന്റെ വാക്കുകൾ പുലരണമല്ലോ. അവന്റെ ജനത്തിന് ഒരു ദിവസം മുമ്പ് അല്ലാഹു അറിയിച്ചിരുന്നു ഈ മകൻ എത്രയും വേഗം അല്ലാഹുവിന്റെ അടുത്തേക്കുതന്നെ ചെന്നു ചേരുമെന്ന്’’(പേജ് 617).

ഈസാനബി(അ) മരിച്ചയാളെ പുനരുജ്ജീവിപ്പിച്ചതുപോലെ തന്റെ കരസ്പർശം കൊണ്ട് മകന്റെ രോഗം സുഖപ്പെട്ടു എന്ന് കാണിക്കാനാണ് തീയതികൾ പരാമർശിച്ചുകൊണ്ടുള്ള ഈ വിശദീകരണം. ആഗസ്റ്റ് 27 മുതൽ സെപ്തംബർ 16 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് പ്രാർഥന സ്വീകരിച്ചതും സുഖമായതും മരിച്ചതും എന്നു പറയുന്നു. എന്നാൽ മരണം അല്ലാഹു നേരത്തെ അറിയിച്ച പ്രകാരമാണെന്ന അവകാശവാദം അപാരമായ തൊലിക്കട്ടിയുടെ നിദർശനമാണ്.’അല്ലാഹുവിന്റെ’ അറിയിപ്പ് എന്തായിരുന്നു?

‘(എ) ഏതാണ്ട് ആഗസ്റ്റ് മാസത്തിൽ താൻ ബഹശ്തി മക്വ‌്‌ബറയിൽ ഒരു ക്വബ്ർ കുഴിപ്പിക്കുന്നതായി ഹസ്രത്ത് സ്വപ്‌നം കണ്ടു.’

‘(ബി) അദ്ദേഹം പറഞ്ഞു: ചിലപ്പോൾ പിതാവിനെ സ്വപ്‌നം കണ്ടാൽ മകനും മകനെ സ്വപ്‌നം കണ്ടാൽ പിതാവും ആയിരിക്കും ഉദ്ദേശ്യം. ഒരിക്കൽ ഞാൻ സ്വപ്‌നത്തിൽ ഇവിടെ (ബഹശ്തി മക്വ‌്‌ബറ) വന്ന് ശവക്കുഴി തോണ്ടുന്നവരോട് പറഞ്ഞു; എന്റെ ക്വബ്ർ മറ്റുള്ളവരിൽനിന്ന് വേറിട്ടായിരിക്കണം. ഇതാ എനിക്കുള്ളത് എന്റെ മകന് നിവൃത്തിയായിരിക്കുന്നു’ (പേജ് 617).

അടിക്കുറിപ്പിൽ, മുബാറക് അഹ്‌മദിന്റെ ക്വബ്ർ മറ്റുള്ള ക്വബറുകളിൽനിന്ന് കുറച്ച് ദൂരെയാണെന്ന് എഴുതിയിരിക്കുന്നു.

‘മിയാൻ മുബാറക് അഹ്‌മദ് വെള്ളം നിറച്ച ഒരു മൺകുടത്തിൽ ഇറങ്ങുന്നതും മുങ്ങിപ്പോകുന്നതും സ്വപ്‌നത്തിൽ കണ്ടു. ഏറെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. മുമ്പോട്ടു പോയപ്പോൾ വേറെ ഒരാൺകുട്ടി ഇരിക്കുന്നത് കണ്ടു’(പേജ് 618). ഇതായിരുന്നുവത്രെ മറ്റൊരു സ്വപ്‌നദർശനം.

1907 സെപ്റ്റംബർ 16നാണ് മുബാറക് അഹ്‌മദ് മരിച്ചത്. പറയപ്പെട്ട രണ്ടു സ്വപ്‌നങ്ങൾ സെപ്റ്റംബർ 17നും വിശദീകരണം സെപ്റ്റംബർ 24 നുമാണ് എന്നാണ് അൽഹകം വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് എന്ന് തദ്കിറയിൽ കാണാം. ഇത്തരം പ്രകടമായ വൈരുധ്യങ്ങളൊന്നും ബുദ്ധി പണയംവച്ച അണികളെ ചിന്തിപ്പിക്കില്ല എന്നതിലാണ് അവരുടെ നേതൃത്വത്തിന്റെ ഏക സമാധാനം.

1907ൽ മുബാറകിന്റെ എട്ടാംവയസ്സിൽ തന്നെ, അവന്റെ വിവാഹം അബ്ദുസ്സത്താർ ഷായുടെ മകൾ മറിയം ബീഗവുമായി നടത്തിയിരുന്നു. പക്ഷേ, ധന്യമാവേണ്ടിയിരുന്ന ആ ജീവിതം വളരെ ചെറുപ്പത്തിലേ പൊലിഞ്ഞുപോയി. ഈ പയ്യന്റെ മരണം നേരത്തെ അറിയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇത്ര ചെറുപ്പത്തിൽ തന്നെ അവന്റെ വിവാഹം നടത്തുമായിരുന്നുവോ? തന്റെ പ്രവചന സാക്ഷാത്കാരമായി മുബാറക് അഹ് മദിനെ തന്നെയായിരുന്നു മിർസാ ഖാദിയാനി കരുതിയിരുന്നത്.

മൂന്നിനെ നാലാക്കുന്നവൻ

1886 ഫെബ്രുവരി 20ലെ പരസ്യത്തിൽ ‘അർഥം പിടികിട്ടിയില്ല’ എന്ന വിശദീകരണത്തോടെ ‘മൂന്നിനെ നാലാക്കുന്നവൻ’ എന്നൊരു ‘ഇൽഹാമീ വാക്യ’മുണ്ടായിരുന്നു. അതിനെപ്പറ്റി പിൽക്കാലത്ത് മിർസാ ഖാദിയാനി ഇങ്ങനെ വ്യക്തമാക്കുകയുണ്ടായി:

“മൂന്ന് ആൺമക്കളെ അല്ലാഹു എനിക്ക് നൽകിയിട്ടുണ്ട്. ഇനി നാലാമതൊരാൾകൂടി മൂന്നിനെ നാലാക്കുന്നവനായി ജനിക്കുമെന്ന് സുവിശേഷം അറിയിക്കപ്പെട്ടിരിക്കുന്നു. ആ കുട്ടിയെ കാത്തിരിക്കുകയാണ് ഞാൻ’’ (സമീമയെ അൻജാമെ ആഥം, പേജ് 15).  

മൂന്നിനെ നാലാക്കുന്ന (സത്യത്തെ കളവാക്കുന്ന എന്നു പാഠഭേദം) മിർസാ സന്തതികളെ പരിചയപ്പെടാം. മിർസാ ബശീർ അഹ്‌മദ് ‘സീറതുൽ മഹ്ദി’യിൽ വിവരിക്കുന്നു:

“ഉമ്മയുടെ നിവേദനം: മൂന്നിനെ നാലാക്കുന്നവനാണ് വാഗ്ദത്ത പുത്രനെന്ന് അല്ലാഹു അറിയിച്ചിരുന്നു. അല്ലാഹുവിന്റെ വാക്കുകൾ എത്ര മഹത്തരമാണെന്ന് മസീഹ് പറയാറുണ്ടായിരുന്നു. നമ്മുടെ ഇപ്പോഴുള്ള എല്ലാ കുട്ടികളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മൂന്നിനെ നാലാക്കുന്നവരാണ്. ആദ്യഭാര്യയിലെ രണ്ടു മക്കളെയും മരണപ്പെട്ട ബശീർ ഒന്നാമനെയും കൂട്ടിയാൽ മഹ്‌മൂദ് അഹ്‌മദ് മൂന്നിനെ നാലാക്കുന്നവനാകുന്നു. മരിച്ച ബശീറിനെ ഒഴിച്ചുനിർത്തി ജീവിച്ചിരിക്കുന്നവരെയെല്ലാം കൂട്ടി നിന്നെയും (ബശീർ അഹ്‌മദ്), ആദ്യഭാര്യയിലെ കുട്ടികളെ ഒഴിവാക്കി മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ബാക്കി ആൺമക്കളെ കണക്കിലെടുത്തുകൊണ്ട് ശരീഫ് അഹ്‌മദിനെയും, എന്റെ ജീവിച്ചിരിക്കുന്ന മക്കളെ മാത്രം എണ്ണിക്കൊണ്ട് മുബാറക് അഹ്‌മദിനെയും ഈ ഇൽഹാമീ വാക്യത്തിന്റെ സാക്ഷാത്കാരമായി മസീഹ് ഗണിച്ചിരുന്നു’’ (ഭാഗം 1, പേജ് 13).

വല്ലാത്ത ജാതി കണക്കുതന്നെ! ഇക്കണക്കിന് മിർസായുടെ മക്കളെ രണ്ടിനെ മൂന്നാക്കുന്നവരും മൂന്നിനെ രണ്ടാക്കുന്നവരുമൊക്കെയായി ഗണിച്ചൊപ്പിക്കാവുന്നതാണ്.

“മുബാറക് അഹ്‌മദിനോട് അതിരറ്റ സ്‌നേഹമായിരുന്നു മസീഹിന്. അവൻ രോഗിയായപ്പോൾ മരുന്നും മറ്റുമായി അടുത്തുതന്നെ അദ്ദേഹം കഴിച്ചുകൂട്ടി. സ്വതവേ ധൈര്യശാലിയായിരുന്ന ഹകീം നൂറുദ്ദീൻ സാഹിബ് പോലും അവന്റെ മരണാസന്ന ഘട്ടത്തിൽ വല്ലാതെ പതറിപ്പോയിരുന്നു. നാഡി പരിശോധിച്ച അദ്ദേഹം കസ്തൂരി കൊണ്ടുവരാൻ പറഞ്ഞു. ആ ശബ്ദം ഇടറിയിരുന്നു. താക്കോലെടുത്ത് മസീഹ് മേശ തുറന്നുകഴിഞ്ഞില്ല. മുബാറക് അന്ത്യശ്വാസം വലിച്ചു. ഹകീം സാഹിബ് ബോധരഹിതനായി നിലംപതിച്ചു. മുബാറകിനോട് മസീഹിനുണ്ടായിരുന്ന സ്‌നേഹാതിരേകവും ഈ മരണം അദ്ദേഹത്തിനേൽപിക്കുന്ന ആഘാതവും ഹകീം സാഹിബിന് നന്നായറിയാമായിരുന്നു. മസീഹാകട്ടെ വികാരക്ഷോഭം കാണിക്കാതെ പേനയും കടലാസുമെടുത്ത് കുറെ കത്തുകളെഴുതി.’’

“അല്ലാഹുവിന്റെ തൃപ്തിയനുസരിച്ച് മുബാറക് അഹ്‌മദ് മരിച്ചു. ക്ഷമയും സഹനവും കൈവെടിയാതിരിക്കുക. അവനെ സംബന്ധിച്ച ചില ഇൽഹാമീ വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്ന്  നാം കരുതി. പക്ഷേ, അല്ലാഹു നിനച്ചത് മറിച്ചായിരുന്നു.’ ബശീറുദ്ദീൻ മഹമൂദ് അഹ്‌മദ് ആ ദിവസത്തെ ഓർത്തെടുത്തുകൊണ്ട് ഖുത്ബയിൽ പറഞ്ഞു’’ (അൽഫസൽ, 17.10.1932).

എങ്ങനെയുണ്ട്? ‘ഇൽഹാമീ വാഗ്ദാനങ്ങൾ പൂർത്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് നാം കരുതി. പക്ഷേ, അല്ലാഹു നിനച്ചത് മറിച്ചായിരുന്നു.’ എന്താണ് ഇപ്പറഞ്ഞതിനർഥം? ഇൽഹാമിലൂടെ അല്ലാഹു നൽകിയ വാഗ്ദാനങ്ങൾ അവൻ പാലിച്ചില്ല എന്ന്, അല്ലാഹു നിനച്ചത് മറ്റൊന്നാണ് എന്ന്! അഥവാ അല്ലാഹു വാക്കു പാലിച്ചില്ല എന്ന്. മിർസക്ക് വഹ്‌യ് നൽകുന്നതും വാഗ്ദാനം നൽകുന്നതും അല്ലാഹുവല്ല എന്നു വ്യക്തമാകാൻ ഇതിൽപരം തെളിവായി മറ്റെന്തു വേണം?