അല്ലാഹു എവിടെ?

ഉമ്മു മിസ്‌യാൽ, മൊറയൂർ

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

സത്യവിശ്വാസികളുടെ പ്രധാ ന വിശേഷണമായി സൂറത്തുൽ ബക്വറയുടെ തുടക്കത്തിൽ  അല്ലാഹു  പറയുന്നത് ‘അവർ അദൃശ്യകാര്യങ്ങളിൽ വിശ്വസിക്കുന്നവരാണ്’ എന്നാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ കാര്യങ്ങളായ ഈമാൻ കാര്യങ്ങൾ മുഴുവനും അദ്യശ്യകാര്യങ്ങളാണ്. അതിൽ ഒന്നാമതായി പറഞ്ഞത് അല്ലാഹുവിലുളള വിശ്വാസമാണല്ലോ. അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ കാതലായവശമാണ് അല്ലാഹു എവിടെ എന്നത്. അല്ലാഹു അവന്റെ സൃഷ്ടികളുടെയെല്ലാം മുകളിലാണെന്ന വിശ്വാസം ഒരാളുടെ വിശ്വാസത്തിന്റെ ദൃഢതയുടെ സൂചകമാണ്. അല്ലാഹു ഉപരിയിലാണ് എന്നുള്ളത് ക്വുർആനിലും ഹദീസിലും സ്ഥിരപ്പെട്ട കാര്യമാണ്.

ഏഴ് ആകാശങ്ങൾ

ഒരു മനുഷ്യന്റെ മുകളിലുള്ളതെല്ലാം അവന്റെ ആകാശമായി ഗണിക്കപ്പെടുന്നു എന്ന് പണ്ഡിതന്മാർ പറഞ്ഞതായി കാണാം. അല്ലാഹു പറയുന്നു: “നിങ്ങൾ കണ്ടില്ലേ; എങ്ങനെയാണ് അല്ലാഹു അടുക്കുകളായിട്ട് ഏഴ് ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത് എന്ന്’’(നൂഹ് 15).

വിശുദ്ധ ക്വുർആനിൽ സ്ഥിരപ്പെട്ട കാര്യമാണ് ഏഴ് ആകാശങ്ങൾ ഉണ്ട് എന്നത്. വാനലോകത്ത് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും മിൽകീവേകളുമെല്ലാം ഒന്നാം ആകാശത്തിനുള്ളിലാണ്. സൂറത്തുൽ മുൽകിലെ അഞ്ചാം വചനത്തിൽ അല്ലാഹു പറയുന്നു: “ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു...’’

ഒന്നാം ആകാശവും രണ്ടാം ആകാശവും തമ്മിലുള്ള അകലത്തെക്കുറിച്ച് നബി ﷺ പറഞ്ഞു: “അടുത്ത് നിൽക്കുന്ന ആകാശവും അതിനടുത്ത് നിൽക്കുന്ന ആകാശവും തമ്മിലുള്ള ദുര വ്യത്യാസം അഞ്ഞൂറ് വർഷമാണ്.’’ ഇങ്ങനെ ഓരോ ആകാശവും തമ്മിലുള്ളത് 500 വർഷത്തെ സഞ്ചാര ദൂരമാണ്. ഓരോ ആകാശത്തിനും കവാടങ്ങളും പ്രത്യേകം കാവൽക്കാരുമുണ്ട്. നബി ﷺ യുടെ മിഅ്‌റാജിനെക്കുറിച്ചുള്ള ഹദീസിൽ ഇക്കാര്യം കാണാവുന്നതാണ്. ഒന്നാം ആകാശത്തിന്റെ കവാടത്തിൽ ജിബ്‌രീലും നബി ﷺ യും എത്തിയപ്പോൾ കാവൽ നിൽക്കുന്ന മലക്കുകൾ ജിബ്‌രീലിനോട്; ആരാണ്, ക്ഷണിക്കപ്പെട്ടതാണോ എന്നെല്ലാം ചോദിച്ചതായി കാണാം.(ബുഖാരി)

ഈ ഏഴ് ആകാശങ്ങൾക്കപ്പുറം വെള്ളമാണ്. അല്ലാഹുവിന്റെ അർശ് ഈ വെള്ളത്തിന് മുകളിലാണ്. അല്ലാഹു പറയുന്നു: “ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്റെ അർശ് (സിംഹാസനം) വെള്ളത്തിൻമേലായിരുന്നു. നിങ്ങളിൽ ആരാണ് കർമംകൊണ്ട് ഏറ്റവും നല്ലവൻ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്. ‘തീർച്ചയായും നിങ്ങൾ മരണത്തിനുശേഷം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരാണ്’എന്ന് നീ പറഞ്ഞാൽ അവിശ്വസിച്ചവർ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല’’(ഹൂദ് 7).

വാനങ്ങൾക്കപ്പുറം ശക്തമയ വെള്ളത്തെ സൃഷ്ടിച്ച അല്ലാഹു ഏറെ പരിശുദ്ധൻ തന്നെ! അവൻ ഉദ്ദേശിക്കുന്ന വേളയിൽ ഈ വെള്ളത്തെ അവൻ ഉപയോഗിക്കാറുണ്ട്. നൂഹ് നബി(അ)യുടെ ജനതയെ നശിപ്പിച്ചതിനെ കുറിച്ച് അല്ലാഹുവിന്റെ പരാമർശം ഇപ്രകാരമാണ്: “അപ്പോൾ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്റെ കവാടങ്ങൾ നാം തുറന്നു’’ (അർ ക്വമർ 11).

സപ്തവാനങ്ങൾക്കപ്പുറത്ത് ജലത്തിന്റെ വലിയ സാന്നിധ്യമുണ്ട് എന്ന് പ്രമാണങ്ങൾ പഠിപ്പിക്കുന്നു. ഈ വെള്ളത്തിന്റെ ഉപരിയിലാണ് അല്ലാഹുവിന്റെ വിശുദ്ധ അർശ് നിലകൊള്ളുന്നത്. അല്ലാഹുവുമായി ഏറ്റവും അടുത്തു നിൽക്കുന്ന അവന്റെ സൃഷ്ടി അർശാണ്. ഈ അർശിൽ അവൻ ഇസ്തിവാഅ് ചെയ്തിരിക്കുന്നു. അല്ലാഹുവിന് മുകളിൽ മറ്റൊന്നുമില്ല എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അവൻ ഏറ്റവും ഉന്നതനാണ്. അവന്റെ ‘അൽഅലിയ്യ്’ എന്ന നാമത്തിന്റെ പൊരുൾ ഇതാണ്. സർവസൃഷ്ടികളെക്കാളും വലിയവനാണ് അല്ലാഹു. നമസ്‌കാരത്തിലും മറ്റും ‘അല്ലാഹു അക്ബർ’ എന്ന് പറയുമ്പോൾ ഇക്കാര്യങ്ങളാണ് നാം ഓർക്കേണ്ടത്. മനുഷ്യർ എത്രമേൽ നിസ്സാരന്മാരാണ് എന്ന് അല്ലാഹു അക്ബർ എന്ന വാചകം നമ്മെ അറിയിക്കുന്നുണ്ട്. ഒരു വിശ്വാസിയെ സബന്ധിച്ചിടത്തോളം അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് അതീവ പ്രാധാന്യമുള്ളതാണ്. ഈ അറിവിന്റെ അടിസ്ഥത്തിലാണ് അവന്റെ വിശ്വാസവും കർമങ്ങളും ശരിയാവുന്നത്.